Current Date

Search
Close this search box.
Search
Close this search box.

പ്രതികാരം പരിഹാരമല്ല

heart.jpg

അയാളുടെ വാട്‌സ്അപ് മെസ്സേജുകളിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക് അക്കൗണ്ടുകളിലൂടെയും അവളെ ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു. ആയിടക്കാണ് അവളെ അയാളോടൊപ്പം കാറില്‍ കണ്ടത്. മറ്റൊരിക്കല്‍ റെസ്റ്റോറന്റില്‍ വെച്ചും ഞാന്‍ കണ്ടു. വലിയൊരു മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമായിരിക്കാം ഞാന്‍ കണ്ടത്.

വളരെ ശാന്തമായി തന്നെ ഞാന്‍ അദ്ദേഹത്തോട് തുറന്നു സംസാരിച്ചു. സംസ്‌കരണത്തിന് വളരെയധികം ശ്രമിച്ചെങ്കിലും നല്ല പ്രതികരണം എനിക്കദ്ദേഹത്തില്‍ നിന്ന് കിട്ടിയില്ല. അയാള്‍ വഴികേടില്‍ തന്നെ തുടര്‍ന്നു. എന്റെ അഭിമാനത്തിനും സ്ത്രീത്വത്തിനും മുറിവേല്‍ക്കുന്നതായിട്ടാണത് എനിക്കനുഭവപ്പെട്ടത്. എന്നെ വളരെയേറെ അദ്ദേഹം അവഗണിച്ചു. എന്റെ സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പ്രതികാരം ചെയ്യാന്‍ പിശാച് എന്നെ പ്രലോഭിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് എന്റെ കാര്യത്തില്‍ യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. അതൊന്നും കാര്യമാക്കാതെ ഞാന്‍ ജോലിക്കു പോകും മടങ്ങി വരും, അയാള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങും, അദ്ദേഹത്തോട് കാര്യങ്ങള്‍ തുറന്ന് പറയും, സല്ലപിക്കാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കും. എന്നാല്‍ അതൊന്നും അയാളില്‍ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും എന്നെ വെട്ടികളഞ്ഞിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ജീവിതത്തില്‍ വന്ന വിടവ് നികത്തുന്നതിന് മറ്റൊരു പുരുഷനെ കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.

ഒരു ദിവസം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ എന്റെ ശ്രദ്ധയെ വല്ലാതെ ആകര്‍ഷിച്ചു. എന്നേക്കാള്‍ അഞ്ചു വയസ്സ് കുറവ് തോന്നിക്കുന്ന അവനില്‍ എന്തോ ഒരു ആകര്‍ഷണീയത എന്നിലുണ്ടായി.

ഏതാനും ആഴ്ച്ചകള്‍ പിന്നിട്ടു. അതേ യുവാവിനെ ഞാന്‍ പിന്നെയും കണ്ടു. അവന്‍ എന്നോട് സലാം പറഞ്ഞതോടെ അവനെ കുറിച്ചുള്ള ചിന്തയും അധികരിച്ചു. അവനെ പരിചയപ്പെടാന്‍ പിശാച് എന്നില്‍ പ്രേരണയുണ്ടാക്കി. അപ്പോഴേക്കും അവന്‍ പേരും സ്ഥലവും എല്ലാം പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയിരുന്നു. എന്ത് സഹായത്തിനും വിളിക്കാന്‍ മടിക്കേണ്ടെന്ന് പറഞ്ഞ് അവന്റെ നമ്പറും തന്നു. അവനോടുള്ള ആകര്‍ഷണവും തെറ്റിലകപ്പെടുമോ എന്ന ഭയവും കൂടികലര്‍ന്ന ഒരു സമ്മിശ്ര വികാരമായിരുന്നു അപ്പോള്‍ എന്നില്‍. എനിക്ക് നിഷേധിക്കപ്പെട്ട വൈകാരികതയുടെ മാത്രം പേരില്‍ എന്തിന് അവനോട് വൈകാരികമായി പെരുമാറണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. തെറ്റിലകപ്പെടാതിരിക്കാന്‍ വളരെയധികം ആത്മനിയന്ത്രണം പാലിച്ചു. എന്നാല്‍ ആ ബന്ധം വളരുകയാണുണ്ടായത്. എന്റെ ഭര്‍ത്താവ് എന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്, എന്റെ ജീവിതം ആസ്വദിക്കാന്‍ എനിക്കും അവകാശമുണ്ട്. ഭര്‍ത്താവ് ചെയ്യുന്നത് പോലെ ഞാനും ചെയ്യും, എന്നോട് കാണിച്ച തെറ്റിനും, എന്റെ ആത്മാഭിമാനത്തിനും സ്ത്രീത്വത്തിനും ഏല്‍പിച്ച മുറിവിനും പ്രതികാരമാണിത് എന്ന് പറയുന്ന അവസ്ഥയില്‍ എന്റെ മനസ്സ് എത്തിയിരിക്കുന്നു.

ഈ സഹോദരിയുടെ കത്തിന് മറുപടി നല്‍കുന്നതിന് മുമ്പ് വിവാഹ ബന്ധത്തെയും അതിന്റെ പവിത്രതയെയും കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പറയാനാഗ്രഹിക്കുകയാണ്. അത് അവള്‍ക്കും അവളുടെ ഭര്‍ത്താവിനും മാത്രമല്ല, മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുള്ളതാണ്. ശേഷം അവളുടെ മാത്രം പ്രശ്‌നത്തിലേക്ക് കടക്കാം.

ജീവിതത്തിലെ വളരെ പവിത്രമായ ബന്ധവും, ശക്തമായ കരാറുമാണ് വിവാഹം. അനുരാഗത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ആഴത്തിലുള്ള ബന്ധമാണത്. അതിലൂടെ രൂപപ്പെടുന്ന കുടുംബമാണ് സമൂഹത്തിന്റെ ആണിക്കല്ല്. അതിന്റെ സംസ്‌കൃതിയാണ് സമൂഹത്തിന്റെ സംസ്‌കൃതി. അതിനേല്‍ക്കുന്ന ക്ഷതങ്ങള്‍ സമൂഹത്തിന്റെയും ക്ഷതങ്ങളാണ്.

കുടുംബത്തിന് രണ്ട് അടിസ്ഥാന സ്തംഭങ്ങളാണുള്ളത്. അവയെ ചേര്‍്ത്തു വെക്കുന്ന ബന്ധമാണ് ദാമ്പത്യം. കൂറും, വിശുദ്ധിയും, പരസ്പര അനുകമ്പയും, ലാളനയും യോജിപ്പും ഐക്യവും സല്‍പെരുമാറ്റവും ആത്മാര്‍ത്ഥതയും വിശ്വസ്തതയും എല്ലാമാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് തൂണുകള്‍ക്ക്, അല്ലെങ്കില്‍ ഏതെങ്കിലും ഒന്നിന് ഉണ്ടാകുന്ന വിള്ളല്‍ കുടുംബമാകുന്ന കെട്ടിടത്തിന്റെ ഓരോ കല്ലിനെയും ഇളക്കും. അത് സമൂഹത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ കേവലം സ്ത്രീ പുരുഷന്മാരുടെ ഒത്തുചേരലായിട്ടല്ല ശരീഅത്ത് അതിനെ കാണുന്നത്. ‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും  അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍  നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.’ (30 : 21)

കുടുംബത്തിന്റെ രണ്ട് സ്തംഭങ്ങളെയും തകര്‍ത്തു കളയുന്ന ഏറ്റവും അപകടകാരിയായ ഭൂകമ്പമാണ് ദാമ്പത്യത്തിലെ വഞ്ചന. കുടുംബത്തിന്റെ തകര്‍ച്ചയിലേക്കാണത് നയിക്കുക. കുട്ടികള്‍ പെരുവഴിയിലാവുന്നതിനും പലപ്പോഴും വഴിപിഴക്കുന്നതിനും അത് കാരണമാകുന്നു. അത് കുടുംബാംഗങ്ങളിലുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും കുറിച്ച് പറയേണ്ടതില്ല. അതുകൊണ്ടാണ് നല്ല ഇണയെ തെരെഞ്ഞെടുക്കാന്‍ പുരുഷനോട് കല്‍പിക്കുന്നത്. പ്രവാചകന്‍(സ) പറഞ്ഞു: ‘നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം.’ അപ്രകാരം പെണ്‍വീട്ടുകാരോടും നല്ല ഇണയെ തെരെഞ്ഞെടുക്കാന്‍ കല്‍പിക്കുന്നുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ‘ദീനും സല്‍സ്വഭാവവും ഉള്ളവര്‍ നിങ്ങളോട് വിവാഹാന്വേഷണം നടത്തിയാല്‍ അവന് വിവാഹം ചെയ്ത് കൊടുക്കുക. നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കുഴപ്പങ്ങള്‍ക്കും വ്യാപകമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.’ (തിര്‍മിദി)

ദമ്പതികള്‍ക്കിടയിലെ പെരുമാറ്റം സത്യസന്ധതയുടെയും വിശ്വസ്ഥതയുടെയും അടിസ്ഥാനത്തിലായിരിക്കണം. അതിന് വേണ്ടിയാണ് പങ്കാളിയെ തെരെഞ്ഞെടുക്കുന്നത് തൃപ്തിയോടെയായിരിക്കണമെന്ന് ശരീഅത്ത് അനുശാസിക്കുന്നത്. ഒരാളെ വിവാഹം ചെയ്യാന്‍ പുരുഷനോ സ്ത്രീയോ നിര്‍ബന്ധിക്കപ്പെടരുത്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘പുനര്‍വിവാഹിതയാവുന്നവളോട് ചോദിച്ചിട്ടല്ലാതെ അവളെ വിവാഹം ചെയ്തു കൊടുക്കരുത്, കന്യകയോട് സമ്മതം ചോദിച്ചിട്ടുമല്ലാതെ വിവാഹം ചെയ്ത് കൊടുക്കരുത്.’

നല്ല ഇസ്‌ലാമിക അന്തരീക്ഷത്തില്‍ വളര്‍ന്ന ദീനീനിഷ്ഠയും ദൈവഭയവുമുള്ള ഒരു വിശ്വാസിനിക്ക് ഒരിക്കലും തന്റെ ഭര്‍ത്താവിനെ വഞ്ചിക്കാനാവില്ല. അവളിലുള്ള ശുദ്ധമായ പ്രകൃതം എപ്പോഴും സുസ്ഥിരമായ ദാമ്പത്യ-കുടുംബ ജീവിതത്തിന് പ്രേരിപ്പിച്ച് കൊണ്ടിരിക്കും. മാതൃത്വവും അതിന്റെ വാത്സല്ല്യവുമായിരിക്കും അവളെ വലയം ചെയ്തിരിക്കുക. ഗര്‍ഭകാലം, മുലകുടി, കുട്ടികളുടെ പരിപാലനം തുടങ്ങിയവയില്‍ ശ്രദ്ധിച്ചായിരിക്കും അവളുടെ ജീവിതം മുന്നോട്ടു പോവുക. ഇത്തരം വികാരങ്ങളെല്ലാം നിര്‍ഭയത്വത്തോടു കൂടിയുള്ള ഒരു ജീവിതത്തിന് എപ്പോഴും പ്രേരണ നല്‍കികൊണ്ടിരിക്കും.

സദ്‌വൃത്തയായ സ്ത്രീയുടെ വികാരങ്ങളെല്ലാം തന്റെ ഇണയെ മാത്രം കേന്ദ്രീകരിച്ചായിരിക്കും. അവനില്‍ എപ്പോഴും വിശ്വാസവും തൃപ്തിയുമായിരിക്കും അവള്‍ക്ക്. അവനേക്കാള്‍ എത്രയോ ശ്രേഷ്ഠരായവരെ കണ്ടുമുട്ടിയാലും മറ്റാരെയും അവള്‍ ഇഷ്ടപ്പെടുകയില്ല. ഇത് വെറുതെ യാതൊരു അടിസ്ഥാനവുമില്ലാതെ ഞാന്‍ നടത്തുന്ന പ്രസ്ഥാവനയോ അഭിപ്രായ പ്രകടനമോ അല്ല. സാമൂഹികവും മാനസികവുമായ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള കാര്യമാണത്. ഭാര്യമാരെ വഞ്ചിക്കുന്ന പുരുഷന്‍മാരുടെ തോത് ഭര്‍ത്താക്കന്‍മാരെ വഞ്ചിക്കുന്ന സ്ത്രീകളേക്കാള്‍ എത്രയോ ഉയര്‍ന്നതാണെന്ന് അത്തരം വൈജ്ഞാനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുരുഷമേധാവിത്വ സാമൂഹിക ഘടനയായിരിക്കാം ഒരു പക്ഷേ അതിന് കാരണം. അതില്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ പുരുഷന് ലഭിക്കുന്നു. ഭര്‍ത്താവിന്റെ വഞ്ചനയെ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ രൂക്ഷമായി ഭാര്യയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വഞ്ചനയെ സമൂഹം കൈകാര്യം ചെയ്യുന്നു. പുരുഷ പ്രകൃതത്തില്‍ നിന്ന് വിഭിന്നമായി ഒറ്റ പുരുഷനില്‍ മാത്രം പരിമിതപ്പെടുന്നത് സ്ത്രീ പ്രകൃതത്തിന്റെ ഭാഗമാണ്. ഒന്നിലധികം ഇണകളെ ഒരേ സമയം സ്വീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് പുരുഷ പ്രകൃതി. അതുകൊണ്ടാണ് ശരീഅത്ത് പുരുഷന് ഒന്നിലധികം വിവാഹത്തിന് അനുവാദം നല്‍കുന്നത്. എന്നാല്‍ ഒറ്റ പുരുഷനെ മാത്രം അംഗീരിക്കുന്ന മാനസികാവസ്ഥിയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സ്ത്രീ വഞ്ചനയിലേക്ക് ചായുന്നതിന്റെ തുടക്കം മിക്കപ്പോഴും പുരുഷനില്‍ നിന്നാണ് ഉണ്ടാവുന്നത്. അവന്‍ തുടക്കമിടുന്ന വഞ്ചനയില്‍ അവള്‍ കൂടി പങ്കാളിയാവുകയാണ് പലപ്പോഴും സംഭവിക്കുന്നത്. സ്ത്രീയുടെ പ്രകൃതത്തിന്റെ ഭാഗമാണ് അവളുടെ ലജ്ജ. തന്റെ ഭര്‍ത്താവിനെ ശാരീരികമായി വഞ്ചിക്കുന്നതില്‍ നിന്നും അതവളെ തടഞ്ഞ് നിര്‍ത്തുന്നു. ഉള്ളില്‍ വൈകാരിക ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കിലും തെറ്റില്‍ അകപ്പെടാതിരിക്കാന്‍ അവള്‍ പരമാവധി സൂക്ഷമത പാലിക്കും. ശാരീരിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുരുഷപ്രകൃതം. എന്നാല്‍ വൈകാരിക വശത്തിനാണ് സ്ത്രീകള്‍ എപ്പോഴും പരിഗണന നല്‍കുക. അത്തരത്തിലുള്ള പെരുമാറ്റങ്ങളാണ് അവള്‍ ആഗ്രഹിക്കുക.

ഇങ്ങനെയൊക്കെയായിട്ടും സ്ത്രീകള്‍ വഞ്ചന കാണിക്കുന്നതിന്റെ പ്രേരകങ്ങളെ കുറിച്ചുള്ള പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. വ്യത്യസ്ത പ്രകൃതക്കാരായ സ്ത്രീകളെയും അവരുടെ സ്വഭാവത്തെയും അപഗ്രഥിച്ചു കൊണ്ട് ഡോ. മുഹമ്മദ് മഹ്ദി ഒരു പഠനം നടത്തിയിട്ടുണ്ട്. അവളുടെ വഞ്ചനക്ക് പിന്നിലെ പ്രേരകങ്ങള്‍ എന്തൊക്കെയാണെന്നും അതിന്റെ സ്വഭാവം എങ്ങിനെയായിരിക്കുമെന്നുമെല്ലാം അദ്ദേഹം വിവരിക്കുന്നു. തെറ്റിനെ ന്യായീകരിക്കുന്നതിന് വേണ്ടിയല്ല ഇത് പറയുന്നത്.

വഞ്ചനയുടെ രീതികളും പ്രേരകങ്ങളും
വഞ്ചന വ്യത്യസ്ത തരത്തിലുണ്ടെന്നും അതിന് ചില പ്രേരകങ്ങളുണ്ടെന്നും മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇനി ചോദ്യം ഉന്നയിച്ചിരിക്കുന്ന സഹോദരിയിലേക്ക് വരാം. അവളില്‍ നിന്നുണ്ടായ വഞ്ചനയെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഒരു ചികിത്സ നല്‍കുന്നതിന് മാനസികമായ അപഗ്രഥനം നടത്തുക മാത്രമാണ് ചെയ്യുന്നത്. മൂന്ന് പ്രധാന പ്രേരകങ്ങളാണ് അവളെ അതിന് പ്രേരിപ്പിക്കുന്നത്. അവയെ കുറിച്ച് നമുക്ക് ചുരുക്കി വിവരിക്കാം.

1) പ്രതികാരം: ഭര്‍ത്താവ് ഭാര്യയെ അക്രമപരമായി അവഗണിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണിത്. അവളെ അവഗണിക്കുകയും അവളുടെ വൈകാരിക ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ വിശ്വാസവും മനസ്സും ദുര്‍ബലമായ സ്ത്രീകള്‍ ഈ സ്വഭാവത്തിലേക്ക് പ്രവേശിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് പ്രതികാരമാണെന്ന ന്യായീകരണവും അവള്‍ക്കുണ്ടാവും. സഹോദരി ഉന്നയിച്ചതു പോലെ എന്റെ സ്ത്രീത്വത്തെയും ആത്മാഭിമാനത്തെയും മുറിവേല്‍പ്പിക്കുന്നവനാണവന്‍ എന്നൊക്കെ അവര്‍ പറഞ്ഞേക്കും. എന്നാല്‍ ഈ സ്വഭാവം ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ക്ക് യാതൊരു വിധ പരിഗണനയും നല്‍കാത്തതിന്റെ ഫലമാണിത് സംഭവിക്കുന്നത്. ഇത് സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാത്രമല്ല ഭാര്യയോട് പ്രതികാരം ചെയ്യാനിറങ്ങി തിരിക്കുന്നു പുരുഷന്‍മാരുമുണ്ട്.
2) ഒളിച്ചോട്ടം : മടുപ്പ്, നിരാശ, ഭര്‍ത്താവിന്റെ അവഗണന തുടങ്ങിയവയുടെ ഫലമാണിത്. ആ അന്തരീക്ഷത്തില്‍ നിന്ന് തന്നെ രക്ഷപ്പെടാന്‍ അവള്‍ ശ്രമിക്കുന്നു. താന്‍ അനുഭവിക്കുന്ന വൈകാരിക ശ്യൂന്യത ഇല്ലാതാക്കാന്‍ മറ്റൊരു പുരുഷനിലേക്ക് അവള്‍ ഒളിച്ചോടുന്നു. ദുര്‍ബലമായ വിശ്വാസത്തിന്റെ ഫലമായിട്ടാണ് ഇതും സംഭവിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തും സമൂഹം അംഗീകരിക്കാത്ത ഈ പ്രവര്‍ത്തനത്തിന്റെ ഫലമെന്തായിരിക്കുമെന്നവള്‍ ആലോചിക്കുന്നില്ല.
3) സ്‌നേഹം നിഷേധിക്കുന്നതിന്റെ ഫലമായിട്ടുണ്ടാവുന്ന വഞ്ചന: വീടുകളില്‍ സ്‌നേഹവും വാത്സല്യവും നിഷേധിക്കപ്പെടുമ്പോള്‍ അതിന്റെ ആവശ്യകത അവരെ അലട്ടി കൊണ്ടിരിക്കും. പിന്നെ അത് നല്‍കുന്ന ആരുണ്ടെന്നായിരിക്കും അവരുടെ അന്വേഷണം.

അവസാനമായി സഹോദരിയോട് പറയാനുള്ളത് നിന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നീ ക്ഷമിക്കുക. ഒരു ദിവസം അദ്ദേഹം മടങ്ങിവരും. പ്രത്യേകിച്ചും അഞ്ചുവര്‍ഷം നിങ്ങള്‍ സന്തോഷത്തോടെ ജീവിച്ച സാഹചര്യത്തില്‍. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തോടൊപ്പം അവളെ കാറിലും റെസ്റ്റോറന്റിലും കണ്ടുവെന്ന് പറഞ്ഞു. ഒരു വിരിപ്പില്‍ അവരെ കാണാതിരുന്നത് അല്ലാഹു നിങ്ങളോടും കുട്ടികളോടും ഭര്‍ത്താവിനോടും കാണിച്ച ദയയായിരിക്കാം. ഭര്‍ത്താവിനെ മടക്കി കൊണ്ടുവരാനുള്ള നിന്റെ ശ്രമങ്ങളില്‍ നിരാശയായവരുത്, പുതിയ ഒരു ജീവിതത്തിന് ശ്രമിക്കുക. ഒഴിവു സമയങ്ങള്‍ വിശ്വാസം ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവൃത്തികളില്‍ മുഴുകുക. മക്കളുടെ കാര്യം ചിന്തിച്ചെങ്കിലും നീ സഹനം പാലിക്കുക. നാശത്തിലേക്ക് നീ നിന്നെ വലിച്ചെറിയരുത്. അവനെ വഞ്ചിക്കുന്നതിലൂടെ നിനക്ക് ആശ്വാസം കിട്ടുമെന്ന് നീ ഒരിക്കും വിചാരിക്കേണ്ടതില്ല. ഖേദവും കുറ്റബോധവും മാത്രമായിരിക്കും അത് നിനക്ക് സമ്മാനിക്കുക. അല്ലാഹു നമ്മോട് പൊറുത്തു തരണമെന്ന് ആഗ്രഹിക്കുന്ന നാം ഒരിക്കലും ചിന്തിക്കേണ്ടത് പ്രതികാരത്തെ കുറിച്ചല്ല. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് ഭര്‍ത്താവിന്റെയും വീടിന്റെയും നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്യുക. നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ ഒരിക്കലും നിരാശരാവരുത് എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: ‘സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.’ (അസ്സുമര്‍ : 53)

വിവ : നസീഫ്‌

Related Articles