Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹത്തിന്റെ രണ്ട് ആള്‍ രൂപങ്ങള്‍

couple8.jpg

ഭാര്യയും ഭര്‍ത്താവും സ്‌നേഹത്തിന്ന് കൈകാലുകള്‍ വെച്ചവര്‍ എന്ന് വിശേഷിപ്പിക്കപ്പെടണം. ആ രീതിയില്‍ ജീവിക്കുമ്പോഴേ മറ്റുള്ളവരില്‍ നിന്ന് അങ്ങനെയൊരഭിപ്രായം വരികയുള്ളൂ. സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ ഒന്നും പ്രയോഗിച്ചില്ലെങ്കിലും തന്റെ ഇണ സ്‌നേഹമുള്ള വ്യക്തിയാണ് എന്ന് ഇരുവര്‍ക്കും അനുഭവപ്പെട്ടെന്ന് വരും. അത് സമീപനങ്ങളിലൂടെയാണ്.
ഷര്‍ട്ട് ഇസ്തിരിയിടുന്നത് ഭാരമായി കാണുന്ന എത്രയോ പുരുഷന്‍മാരുണ്ട്. ഭാര്യയാണ് അത് വീഴ്ച്ചവരാതെ ഭംഗിയായി തേച്ചുവെക്കാറ് എന്ന് സങ്കല്‍പ്പിക്കുക. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ വളരെ അവശയായാണ് അവള്‍ കാണപ്പെട്ടത്. ഇതു മനസ്സിലാക്കി ഭര്‍ത്താവ് ഷര്‍ട്ട് ഇസ്തിരിയിട്ടു. ‘ചായ കുറച്ചു കഴിഞ്ഞുമതി. നീ അല്‍പ്പം കിടന്നോ’ എന്നു പറഞ്ഞു കൊണ്ടാണ് അയാള്‍ ഷര്‍ട്ട് തേക്കാന്‍ പോയത്. കുറച്ചു കഴിഞ്ഞ് ബൈക്ക് എടുത്ത് പുറത്തു പോവുന്നു. കടയില്‍ നിന്ന് പ്രാതല്‍ കൊണ്ടുവരുന്നു. ഇങ്ങനെ അവശത മനസ്സിലാക്കി പെരുമാറുന്നവനാണ് തന്റെ ഭര്‍ത്താവ് എന്ന് അനുഭവപ്പെട്ടാല്‍ അധികം സംസാരിക്കാത്ത ആളാണെങ്കിലും അയാളെ അവള്‍ നന്നായി സ്‌നേഹിക്കും. ഇതേ അനുഭവം ഭാര്യയില്‍ നിന്ന് ഭര്‍ത്താവിന്നുമുണ്ടാകണം.
ഭര്‍ത്താവിന്ന് അവിചാരിതമായി സാമ്പത്തിക തകര്‍ച്ചയുണ്ടാകുമ്പോള്‍ ഭാര്യ തന്റെ ധര്‍മ്മം നിര്‍വഹിക്കേണ്ടതെങ്ങനെ എന്ന് ചിന്തിക്കണം. ഒന്ന്, ചെലവ് ചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ഭര്‍ത്താവിന്റെ മുന്നില്‍ അവതരിപ്പിക്കുക. രണ്ട്, പുതിയ വരുമാനം കണ്ടെത്താനുള്ള ഭാരം കുറഞ്ഞ കാര്യങ്ങള്‍ തനിക്കു ചെയ്യാന്‍ കഴിയുമെങ്കില്‍ അതും അവതരിപ്പിക്കുക. എല്ലാത്തിനുമുപരി ഭാര്യ എന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നല്‍ അദ്ദേഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയണം. ഭര്‍ത്താവ് സാമ്പത്തിക തകര്‍ച്ചയിലായതിനാല്‍ ഭാര്യ നിരാശപ്പെടുകയും അത് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുരുത്. അവള്‍ പ്രസന്നവദനയും ശുഭവിശ്വാസിനിയുമായി സ്വാന്തനത്തിന്റെ കിളിമൊഴി ഒഴുക്കി ഭര്‍ത്താവിന്നു കരുത്തു പകരണം. വീട്ടിലെത്തിയാല്‍ മനഃശാന്തി ലഭിക്കും എന്ന തോന്നല്‍ കുടുംബനാഥനുണ്ടാകണം. പുരുഷന്‍മാരില്‍ ചിലര്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മദ്യപാനികളാകാറുണ്ട്. കാരണം, മനഃശാന്തിക്കു ദാഹിക്കുന്ന അവസ്ഥയില്‍ വീട്ടില്‍ നിന്ന് അതു ലഭിക്കുന്നില്ല എന്നതാണ്. അതു ഭാര്യ ശ്രദ്ധിക്കണം.
നമ്മുടെ വാക്കുകള്‍ പൊള്ളയാകുന്നുവെന്ന് അപരന് തോന്നിയാല്‍ ബന്ധം അകലും. മനസ്സില്‍ നിന്ന് ഉറവയെന്നോണം ഒഴുകി വന്ന് ചുണ്ടുകളിലൂടെ പുറത്തു വരുന്ന സ്‌നേഹം നിറഞ്ഞ, കരുണ വഴിയുന്ന തരത്തിലാവണം അത്. ഒരു നല്ല വാക്കുകൊണ്ട് ഒരു സാമ്രാജ്യം കെട്ടപ്പടുക്കാന്‍ കഴിഞ്ഞെന്നു വരും. പ്രയോഗിക്കേണ്ട അവസരത്തില്‍ അതു പ്രയോഗിക്കാതിരുന്നാല്‍ സാമ്രാജ്യം നഷ്ടപ്പെടുകയും ചെയ്യും.
ഇണകളില്‍ ആര്‍ക്ക് അസ്വസ്ഥതയുണ്ടായാലും അവരിരുവരും ചെറിയ മക്കളുണ്ടെങ്കില്‍ അവരോടൊപ്പം കുറച്ചു നേരം ചെലവഴിക്കുക- കളിപ്പാട്ടങ്ങള്‍ ആവശ്യപ്പെടുന്ന കുട്ടികള്‍ തന്നെയാണ് ഏറ്റവും നല്ല കളിപ്പാട്ടങ്ങള്‍, അവരുടെ ശുദ്ധ മനസ്സുകള്‍ അനുഭവിച്ചറിയേണ്ടതു തന്നെ. പ്രായം കൂടിയവരാണ് ഭാര്യഭര്‍ത്താക്കളെങ്കില്‍ പേരക്കുട്ടികളോടൊത്ത് അല്‍പ സമയം ചെലവഴിക്കുക. പാചക കലയില്‍ എന്നും പരീക്ഷണം നടത്തി പുതിയ പലഹാരങ്ങളും കറികളും ഉണ്ടാക്കുന്ന സ്ത്രീകളുണ്ടല്ലോ- അവര്‍ പുതിയ വസ്തുക്കളൊന്നും കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്, നിലവിലുള്ളത് ചേരുവകള്‍ മാറ്റി പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ സ്‌നേഹ പ്രകടനത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം ദാമ്പത്യമാര്‍ക്കറ്റില്‍ ഇറക്കാന്‍ കഴിയുമോ എന്ന പരീക്ഷണം ഭാര്യയും ഭര്‍ത്താവും നടത്തിക്കൊണ്ടിരിക്കണം, ഏതു പ്രായത്തിലും.
 

Related Articles