Current Date

Search
Close this search box.
Search
Close this search box.

സൂഫിസത്തിന്റെ യാഥാര്‍ത്ഥ്യം

sufism.jpg

സൂഫിസം എന്നത് എല്ലാ മതദര്‍ശനങ്ങളിലും വിവിധരൂപങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ആശയമാണ്. ആത്മീയതയിലേക്ക് ആണ്ടിറങ്ങുകയും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കലുമാണത്. അക്കാര്യത്തില്‍ ചില മതങ്ങള്‍ മറ്റുള്ളവയുമായി ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ആത്മീയ വശത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ആത്മീയമായ ഔന്നിത്യം പ്രാപിക്കുന്നതിന് ശരീരത്തെ പീഢിപ്പിക്കുകയും ചെയ്യുന്ന ധാരാളം ജനങ്ങളുണ്ട്. ക്രിസ്ത്യാനിസത്തിലെ പൗരോഹിത്യത്തിലും നമുക്കിത് കാണാവുന്നത്. ഇത്തരത്തിലുള്ള വിവിധ വിഭാഗങ്ങള്‍ എല്ലാ സമൂഹങ്ങളിലും ദര്‍ശിക്കാം.

ജീവിതത്തില്‍ ആത്മീയ തലത്തിലും ബൗദ്ധിക-ഭൗതികതലങ്ങളിലുമെല്ലാമുള്ള സന്തുലനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഇസ്‌ലാമിന്റെ കാഴ്ച്ചപാടിലെ മനുഷ്യന്‍ ശരീരവും മനസ്സും ബുദ്ധിയും കൂടിച്ചേര്‍ന്നവനാണ്. അവ ഓരോന്നിനോടുമുള്ള ബാധ്യതകള്‍ ഒരു മുസ്‌ലിം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രവാചകാനുചരര്‍ അവയില്‍ ചിലതില്‍ അതിരുവിട്ടപ്പോള്‍ നബി(സ) അവരെ ആക്ഷേപിച്ചിട്ടുണ്ട്. അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ആസ്വിന്റെ സംഭവം ഇതിനുദാഹരണമാണ്. അദ്ദേഹം എന്നും നോമ്പെടുക്കുകയും രാത്രിമുഴുവന്‍ നമസ്‌കരിക്കുകയും കുടുംബജീവിതം ഉപേക്ഷിക്കുകയും ചെയ്തു. അപ്പോള്‍ നബിതിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ‘സ്വന്തത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കുടുംബത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ശരീരത്തോടും നിനക്ക് ബാധ്യതയുണ്ട്. അവരോടുള്ള ഉത്തരവാദിത്തങ്ങള്‍ നീ നിര്‍വ്വഹിക്കണം.’
നബി(സ)യുടെ ആരാധനാ കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രവാചക പത്‌നിമാരുടെ അടുത്തെത്തിയ മൂന്ന് പേരുടെ കഥ സുവിദിതമാണല്ലോ. അതെല്ലാം അന്വേഷിച്ച അവര്‍ പരസ്പരം പറഞ്ഞു: നമ്മളും നബി(സ)യും എവിടെയാണ് നില്‍ക്കുന്നത്. അദ്ദേഹത്തിന് കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുത്തു കൊടുക്കപ്പെട്ടിരിക്കുന്നു. അവരില്‍ ഒരാള്‍ പറഞ്ഞു: ‘ഞാന്‍ ഇനിമുതല്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിക്കും’ രണ്ടാമത്തെയാള്‍ പറഞ്ഞു: ‘ഞാന്‍ ഇനി രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിക്കും, ഉറങ്ങുകയേയില്ല.’ മൂന്നാമത്തെയാള്‍ പറഞ്ഞു: ‘ഞാന്‍ വിവാഹം കഴിക്കുകയില്ല.’ നബി(സ) ഇതറിഞ്ഞപ്പോള്‍ അവരോട് പറഞ്ഞു: ‘നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും നന്നായി അറിയുന്നവനും ഏറ്റവും സൂക്ഷ്മത പാലിക്കുന്നവനും ഞാനാണ്. എന്നാല്‍ ഞാന്‍ നമസ്‌കരിക്കാറുണ്ട് ഉറങ്ങാറുമുണ്ട്. നോമ്പെടുക്കാറുണ്ട് എടുക്കാതിരിക്കാറുമുണ്ട്. സ്ത്രീകളെ വിവാഹവും ചെയ്തിട്ടുണ്ട്. എന്റെ ചര്യ പിന്‍പറ്റാത്തവന്‍ എന്നില്‍ പെട്ടവനല്ല.’
ജീവിതത്തിന്റെ എല്ലാ മേഖലകള്‍ക്കും തുല്യ പരിഗണനല്‍കി സന്തുലിതത്വം നിലനിര്‍ത്തുകയാണ് ഇസ്‌ലാം. എന്നാല്‍ ആത്മീയവും ബുദ്ധിപരവുമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടാണ് സൂഫിസം രൂപപ്പെട്ടത്.
സമ്പത്തിലും ജീവിത സൗകര്യങ്ങളിലും ഉണ്ടായ പുരോഗതി ഒരു വിഭാഗം ആളുകളെ ആഢംബരത്തിലേക്ക് നയിച്ചു. ഭൗതിക ഭ്രമം വര്‍ദ്ധിക്കുന്നതിന് അത് കാരണമാവുകയും ചെയ്തു. അതേസമയം ബുദ്ധിപരമായ മേഖലയിലും തീവ്രത ഉടലെടുത്തു. ‘ഈമാന്‍’ എന്നത് തത്വ-ദൈവ-തര്‍ക്കശാസ്ത്രങ്ങളുടെ പര്യായമായി മാറി. മനുഷ്യന്റെ ആത്മീയദാഹം അവസാനിക്കാത്തതാണ്. ‘ഫിഖ്ഹ്’ ദീനിന്റെ ബാഹ്യരൂപവും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനവുമായി മാറി. ഹൃദയത്തില്‍ സ്വാധീനം ചെലുത്താത്ത ചൈതന്യം നഷ്ടപ്പെട്ടവയായി ആരാധനാ കര്‍മ്മങ്ങള്‍. ദൈവശാസ്ത്ര കാരന്‍മാര്‍ക്കും കര്‍മ്മശാസ്ത്രകാരന്‍മാര്‍ക്കും നികത്താനാവാത്ത പ്രസ്തുത വിടവു നികത്തുന്നതിനാണ് സൂഫികള്‍ പ്രത്യക്ഷപ്പെട്ടത്. ജനങ്ങളില്‍ അധികപേരും ആത്മീയതക്കായി ദാഹിച്ചു. ബാഹ്യ വിശുദ്ധിയേക്കാള്‍ ആന്തരിക വിശുദ്ധിക്ക് പ്രാധാന്യവും മനസ്സിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയും നല്‍കിയ സൂഫികള്‍ക്ക് മാത്രമേ അവരുടെ ദാഹം ശമിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ അവര്‍ ആത്മീയവും സ്വഭാവപരവുമായ ശിക്ഷണങ്ങളില്‍ വ്യാപൃതരായി. അവരുടെ എല്ലാ ചിന്തയും പ്രാധാന്യവും പ്രവര്‍ത്തനവും അതിനായി ചെലവഴിച്ചു.
ഖുര്‍ആനെയും പ്രവാചകചര്യയെയും മുറുകെ പിടിക്കുന്നവരായിരുന്നു ആദ്യകാല സൂഫികള്‍. ശരീഅത്ത് വിധികള്‍ പാലിക്കുന്നവരും ചിന്തയെയും സ്വഭാവത്തെയും ബാധിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അകറ്റി നിര്‍ത്തിയവരുമായിരുന്നു അവര്‍. സൂഫികള്‍ മുഖാന്തരം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നു. അനേകം കുറ്റവാളികള്‍ അവര്‍കാരണം പശ്ചാത്തപിച്ചു മടങ്ങി. അവര്‍ ധാരാളം വിജ്ഞാനങ്ങളും ആത്മീയാനുഭവങ്ങളും ഉണ്ടാക്കിയെടുത്തുവെന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല.
ചില ആളുകള്‍ ഇതില്‍ അതിരുകവിയുകയും നേരായമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും തുടങ്ങി. അവരില്‍ അനിസ്‌ലാമികമായ ചിന്തകളും ഉടലെടുത്തു. ചിലര്‍ ഹദീസ് നിവേദകരെ വരെ ആക്ഷേപിക്കുന്നതായി കാണാം. ഇന്നയിന്ന വ്യക്തിയില്‍ നിന്ന് നിവേദനം ചെയ്യുന്നു എന്നതിന് പകരം അവര്‍ പറയുന്നത് എന്റെ നാഥനില്‍ നിന്ന് എന്റെ ഹൃദയം പറയുന്നു എന്നായിരിക്കും. അല്ലെങ്കില്‍ മൃതിയടഞ്ഞവരില്‍ നിന്നും മൃതിയടഞ്ഞവരാണ് അറിവ് സ്വീകരിക്കുന്നത് എന്ന് വരെ വിശേഷിപ്പിക്കുന്നു. മരിക്കാത്ത എന്നെന്നും ജീവിക്കുന്നവനില്‍ നിന്നും അറിവ് സ്വീകരിക്കുന്നവരാണെന്നതാണ് അവരുടെ വാദം. ആകാശലോകത്തു നിന്നും നേരിട്ടാണ് അവര്‍ അറിവ് നേടുന്നതെന്നാണ്പറയുന്നുത്. ഇത്തരത്തിലുള്ള തീവ്രത ശിക്ഷണത്തിലും ശിഷ്യനെ തളര്‍ത്തുന്ന രീതിയിലുള്ളതുമാണ്. കുളിപ്പിക്കുന്നവന്റെ മുന്നിലുള്ള മയ്യിത്തിനെ പോലെയാണ് ഗുരുവിന്റെ മുമ്പിലുള്ള ശിഷ്യനെ കാണുന്നത്. എന്തുകൊണ്ട് എന്നവന്‍ ചോദിച്ചാല്‍ അവന്‍ വിജയിക്കുകയില്ല, ഗുരുവിന്റെ അഭിപ്രായത്തോട് വിയോജിച്ചാല്‍ അവന്‍ പുറത്താക്കപ്പെടുകയും ചെയ്യും. ഇത്തരം നിലപാടുകള്‍ ധാരാളം മുസ്‌ലിങ്ങളെ നശിപ്പിച്ചു.
അല്ലാഹുവിനുള്ള അനുസരണം പോലുള്ള പ്രശോഭിതമായ വശങ്ങള്‍ നമുക്ക് സൂഫിസത്തില്‍ നിന്ന് സ്വീകരിക്കാവുന്നതാണ്. മനുഷ്യര്‍ക്കിടയിലെ പരസ്പര സ്‌നേഹം, സ്വന്തത്തിന്റെ അപര്യാപ്തതകള്‍ മനസിലാക്കല്‍, പിശാചിന്റെ സ്വാധീനവും അതിനുള്ള ചികിത്സയും ഹൃദയങ്ങളെ ലോലമാക്കുന്നതും പരലോകത്തെ ഓര്‍മ്മിപ്പിക്കുന്നതുമായ കാര്യങ്ങളെല്ലാം അത്തരത്തില്‍ ഉള്ളതാണ്. ഇമാം ഗസ്സാലിയെ പോലുള്ള സൂഫികളില്‍ നിന്ന് നമുക്കത് മനസിലാക്കാവുന്നതാണ്. അവരുടെ വഴികേടുകളില്‍ നിന്ന് വിട്ടുനില്‍ക്കാനദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അവയെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലദ്ദേഹം തുലനം ചെയ്തു. അറിവും പരിചയവും ഉള്ളവര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യമാണത്. അതുകൊണ്ട് സാധാരണക്കാരായ മുസ്‌ലിങ്ങള്‍ അവരുടെ അറിവിന് ആധാരമാക്കേണ്ടത് ഖുര്‍ആനെയും പ്രവാചകചര്യയെയും അടിസ്ഥാനമാക്കി മധ്യമ നിലപാട് സ്വീകരിച്ച പണ്ഡിതന്‍മാരെയാണ് എന്നാണ് എന്റെ ഉപദേശം.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles