Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യം : മൂസായും ഹാറൂനും

desert.jpg

അല്ലാഹു ത്വാഹ അദ്ധ്യായത്തില്‍ വിവരിക്കുന്നു ‘മൂസാ ബോധിപ്പിച്ചു: ‘നാഥാ, എന്റെ ഹൃദയത്തെ വിശാലമാക്കിത്തരേണമേ, എന്റെ ദൗത്യം എളുപ്പമാക്കേണമേ, എന്റെ വാക്ക് ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ എന്റെ നാവിന്റെ കുരുക്ക് അഴിച്ചു തരേണമേ, എന്റെ കുടുംബത്തില്‍ നിന്നും ഒരുവനെ, സഹോദരനായ ഹാറൂനെ എന്റെ മന്ത്രിയായി നിശ്ചയിച്ചു തരേണമേ, അവന്‍ മുഖേന എന്റെ കരങ്ങള്‍ക്ക് കരുത്തു പകരേണമേ, അവനെ എന്റെ ദൗത്യത്തില്‍ പങ്കാളിയാക്കേണമേ, ഞങ്ങള്‍ നിന്നെ നല്ലവണ്ണം വാഴ്ത്തുവാന്‍, നിന്നെ കുറിച്ച് ധാരാളം പറയാനും. നീ സദാ ഞങ്ങളെ കണ്ടുകൊണ്ടിരിക്കുന്നവനല്ലോ!’
‘എന്റെ കുടുംബത്തില്‍ നിന്നും ഒരുവനെ, എന്റെ മന്ത്രിയായി നിശ്ചയിച്ചു തരേണമേ,’ എന്നത് മൂസാ നബിയെ സഹായിക്കാനും കാര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനും അദ്ദേഹത്തിന്റെ കുടുബത്തില്‍ നിന്ന് തന്നെ ഒരു മന്ത്രിയെ നാഥനോട് ആവശ്യപ്പെട്ടത്. തീര്‍ച്ചയായും പുണ്യത്തിന്റെ കാര്യത്തില്‍ പരമപ്രധാനമായ ഒരധ്യായമാണ് ഇത്. അടുത്ത കുടുംബങ്ങളോടാണ് ജനങ്ങളില്‍ പുണ്യം ചെയ്യാന്‍ ഏറ്റവും ബാധ്യതപ്പെട്ടത്. പിന്നീട് അക്കാര്യം ‘സഹോദരനായ ഹാറൂനെ…’ അവന്‍ മുഖേന എന്റെ കരങ്ങള്‍ക്ക് കരുത്തു പകരേണമേ, എന്ന് പ്രത്യേകം പറഞ്ഞ് കൊണ്ട് നിര്‍ണയിക്കുകയും ചെയ്തു. ‘അവന്‍ മുഖേന എന്റെ കരങ്ങള്‍ക്ക് കരുത്തു പകരേണമേ,’ അഥവാ പ്രവാചകത്വ പ്രബോധനമാര്‍ഗത്തിലുള്ള സഹകരണമാണ് ഉദ്ദേശം. അല്ലാഹു പ്രസ്തുത അര്‍ഥന കേട്ടു കൊണ്ട് പറഞ്ഞു: ‘മൂസാ! നീ ആവശ്യപ്പെട്ടത് തന്നുകഴിഞ്ഞിരിക്കുന്നു.’ (ത്വാഹ:35)
‘നാം നിന്റെ സഹോദരന്‍ മുഖേന നിന്റെ കരം ബലപ്പെടുത്താം. അവര്‍ക്കു ദ്രോഹിക്കാനാവാത്തവണ്ണം നിങ്ങളെ പ്രബലരാക്കുകയും ചെയ്യാം. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ സഹായത്താല്‍ വിജയം നിങ്ങള്‍ക്കും അനുയായികള്‍ക്കും തന്നെയായിരിക്കും.'(ഖസസ്:35)
അപ്രകാരം ഹാറൂന്‍(അ) പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും നന്മയിലും ഭക്തിയിലും സഹകരിക്കുകയും ചെയ്തു.
സംശയമില്ല, അനേകം ഇരട്ടി പ്രതിഫലത്തിന് ഹേതുവാകുന്ന പുണ്യകര്‍മ്മത്തില്‍ പങ്കാളിയാവുന്നതും ഉദ്ദേശിക്കുന്നവ സാധിച്ചെടുക്കുവാനും തീവ്രമായ യത്‌നം ആവശ്യമാണ്. ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു ശുപാര്‍ശയായിരുന്നു ഇത്. ഈ വചനം സൂചിപ്പിക്കുന്ന മറ്റൊരു കാര്യം സാഹോദര്യബന്ധങ്ങള്‍ക്കിടയില്‍ സ്‌നേഹവും കൂട്ടായപ്രവര്‍ത്തനവും സഹകരണവും അനിവാര്യമാണെന്ന സന്ദേശമാണ്. ഒരു തത്വ ജ്ഞാനിയോട് ചോദിക്കുകയുണ്ടായി. താങ്കള്‍ക്ക് ഏറ്റവും ഇഷ്ടം സഹോദരനെയാണോ സുഹൃത്തിനെയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘സഹോദരന്‍ സുഹൃത്തായിത്തീരുന്ന ഘട്ടത്തില്‍’
ഈ തത്വജ്ഞാനിയുടെ മറുപടിയിലൂടെ സഹോദരന്‍ സുഹൃത്തായിവേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കപ്പെടുന്നു. ആളുകള്‍ക്കിടയില്‍ ഉണ്ടാകേണ്ടതും മഹത്തരവുമായ കൂട്ടുകെട്ടുകള്‍ സാഹോദര്യബന്ധത്തിന്റെ ഔപചാരികതയില്‍ ഒതുങ്ങരുതെന്ന് ഇത് വ്യക്തമാക്കുന്നു. സഹോദരന്‍മാര്‍ക്കിടയിലുള്ള ബന്ധത്തില്‍ വീഴ്ചകള്‍ പ്രകടമാവുന്നത് സാധാരണമാണ്. അതിനെ ലക്ഷ്യംവെക്കുന്ന എഴുത്തുകളും കുറവാണ്. സാഹോദര്യബന്ധം ഇന്ന് ചില ഔപചാരികതകളില്‍ ഒതുങ്ങിയിരിക്കുകയാണ്. ചില പ്രതീകങ്ങളില്‍ പെട്ട പ്രതീകമായി അതും മാറിയിരിക്കുന്നു. പലപ്പോഴും പലരും പരസ്പരം നിന്ദിക്കുന്നു. വേണ്ട പരിഗണനയോ ആദരവോ നല്‍കുന്നില്ല. അത്തരം സാഹചര്യത്തിലാണ് സാഹോദര്യം നഷ്ടത്തിലാവുന്നത്. ജീവിതത്തിലെ പരസ്പര സഹകരണവും പ്രതിഫലവുമാണ് അതിലൂടെ നഷ്ടപ്പെടുന്നത്. ശക്തമായ ബന്ധത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ സന്തോഷവും നന്മയും അവനില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനും കാരണമാവുന്നു.
സഹോദരന്‍മാര്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് സ്‌നേഹം, വിശുദ്ധി, പരിണിതഫലങ്ങളെ വിശകലനം ചെയ്യല്‍, മുതിര്‍ന്നവരോട് ആദരവ്, കുട്ടികളോട് കരുണ, ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം വകവെച്ചു നല്‍കല്‍, ആലസ്യവും അവശതയും ബാധിച്ചവരെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുവരല്‍ എന്നിവയെല്ലാം. കുടുംബത്തിലും വ്യക്തിതലത്തിലും വീഴ്ചകള്‍ പരിഹരിച്ച് ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്.
ഒരു വ്യക്തിക്ക് വല്ല പ്രശസ്തിയോ അറിവോ സമ്പത്തോ ലഭിച്ചാല്‍ അതുകൊണ്ടവന്‍ നന്മ ചെയ്യണം. അപ്പോള്‍ അവന്‍ തന്റെ സഹോദരന്‍മാരുടെ ഓഹരി മറക്കരുത്. അവരെ സാഹായിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ തടസ്സം നില്‍ക്കാതിരിക്കുകയും വേണം. മാതാപിതാക്കളെ പരിചരിക്കുക പോലുള്ള ഉത്തരവാദിത്വങ്ങളില്‍ അവരുമായി സഹകരിക്കേണ്ടതുണ്ട്. സഹോദരന്‍മാര്‍ക്കിടയില്‍ ആത്മാര്‍ത്ഥത വ്യാപിപ്പിക്കുന്നതിന് സഹായകമായ ഒന്നാണ് അനന്തരസ്വത്ത് വീതിക്കുന്നത് വേഗത്തിലാക്കല്‍. ഓരോരുത്തര്‍ക്കും അവരുടെ ഓഹരി ലഭിക്കുന്നതിനും പ്രശ്‌നങ്ങളെയും ഊഹങ്ങളെയും മുളയിലേ നുള്ളിക്കളയുന്നതിനും വേണ്ടിയാണത്. കൂട്ടുത്തരവാദിത്വമുള്ള കാര്യങ്ങളില്‍ വളരെയധികം ഐക്യത്തിനും ആത്മാര്‍ഥതക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. സഹകരിച്ച് ചെയ്യുന്ന കച്ചവടം പോലുള്ള കാര്യങ്ങളില്‍ അതിന് വളരെയധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അവര്‍ക്കിടയില്‍ സ്‌നേഹവും കൂടിയാലോചനയും സത്യന്ധതയും വിശ്വസ്ഥതയും സദ്‌വിചാരവും ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.

ഈ മാര്‍ഗം മുറുകെപിടിച്ചാല്‍ അവര്‍ക്കിടയില്‍ കാരുണ്യമിറങ്ങുകയും, ഐക്യത്തിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യും. സാഹോദര്യം നിലനിര്‍ത്തുന്നതിനും ചില ഗുണങ്ങള്‍ അനിവാര്യമാണ്. വിനയം, സരളത, വിട്ടുവീഴ്ച, ന്യൂനതകള്‍ മറക്കല്‍, ഉപകാരങ്ങള്‍ എടുത്തുപറയാതിരിക്കല്‍, സാഹചര്യം പരിഗണിച്ച് വര്‍ത്തിക്കല്‍, പരുഷമായ ശകാരം ഉപേക്ഷിക്കല്‍, അനര്‍ത്ഥങ്ങളായ തര്‍ക്കങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയെല്ലാം അതില്‍ പെട്ടതാണ്. സഹോദരന്‍ തന്റെ തന്നെ ഭാഗമാണെന്ന് മനസിലാക്കിയായിരിക്കണം അവരോട് പെരുമാറേണ്ടത്. സഹോദരന്‍മാരോട് ശത്രുതവെച്ചു പുലര്‍ത്തുന്നത് നാശവും പരീക്ഷണവുമാണ്. അതില്‍ ലാഭം നേടുന്നവനും വിജയിക്കുന്നവനും യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിച്ചവനും പരാജിതനും ആണ്. പിതൃസഹോദരന്‍മാരെ ആദരിക്കാനും ബഹുമാനിക്കാനും സന്താനങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഉദാത്തമായ സാഹോദര്യത്തിന്റെ മാതൃകയാണത് വരച്ചു കാട്ടുന്നത്. ‘സഹോദരനായ ഹാറൂനെ എന്റെ മന്ത്രിയായി നിശ്ചയിച്ചു തരേണമേ, അവന്‍ മുഖേന എന്റെ കരങ്ങള്‍ക്ക് കരുത്തു പകരേണമേ,’ എന്നതില്‍ നിന്നുമുള്ള അധ്യാപനങ്ങളാണിത്.

വിവ.അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles