Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങളുടെ അവകാശം ഖുര്‍ആനില്‍

ഖുര്‍ആനില്‍ അനേകം സ്ഥലത്ത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത് കാണാം. സന്താനങ്ങള്‍ ഇഹലോകത്തെ അലങ്കാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നതാണ് ഖുര്‍ആനിക കാഴ്ചപ്പാട്. ഖുര്‍ആന്‍ പറയുന്നു:’സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്.’ (18:46) അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായി ലഭിക്കുന്ന സന്താനങ്ങള്‍ ആണാണോ പെണ്ണാണോ എന്ന് നിര്‍ണ്ണയിക്കുന്നത് അവന്‍ തന്നെയാണ്. ‘ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.’ (42:49-50)

സന്താനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ഖുര്‍ആന്‍ വാദിക്കുന്നു. ഖുര്‍ആന്‍ അവതരിക്കുന്ന ഘട്ടത്തില്‍ അറേബ്യയില്‍ പെണ്‍ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ ദുരന്തത്തിനിരയായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഇപ്രകാരം ശബ്ദമുയര്‍ത്തുന്നു. ‘കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടികളോട് ചോദിക്കപ്പെടും. അവരെന്ത് അപരാധത്തിന്റെ പേരിലാണ് കുഴിച്ചു മൂടപ്പെട്ടതെന്ന്.’ (81:8-9)

അല്ലാഹു പറയുന്നു: ‘അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കുണ്ടായ അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! (16:58-59) ‘നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം.’ (6:151)

ശിശുഹത്യയും ഭ്രൂണഹത്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രസ്തുത ഖുര്‍ആനിക വചനം ഏറെ പ്രസക്തമാവുന്നു. കുട്ടി പിറന്നതിന് ശേഷമുള്ള അവകാശങ്ങളെ കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം ഉണര്‍ത്തുന്നു. ‘മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുട്ടി തന്റേതാണെന്ന കാരണത്താല്‍ പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്’. (2:233)

സന്താനങ്ങള്‍ക്ക് സത്യസന്ദേശങ്ങള്‍ അഭ്യസിപ്പിക്കുകയും ധാര്‍മ്മിക ശിക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നതും രക്ഷിതാക്കള്‍ നിര്‍വ്വഹിക്കേണ്ടതാണ്. ലുഖ്മാന്‍(അ) ന്റെ ഉപദേശവാക്യങ്ങളിലൂടെ അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ‘എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച.’
മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.

‘എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.’ നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്.
‘എന്റെ കുഞ്ഞുമോനേ, നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നന്മ കല്‍പിക്കുക. തിന്മ വിലക്കുക. വിപത്തു വന്നാല്‍, ക്ഷമിക്കുക. ഇവയെല്ലാം ഉറപ്പായും ഊന്നിപ്പറയപ്പെട്ട കാര്യങ്ങളാണ്.
‘നീ ജനങ്ങളുടെ നേരെ മുഖം കോട്ടരുത്. പൊങ്ങച്ചത്തോടെ ഭൂമിയില്‍ നടക്കരുത്. അഹന്ത നടിച്ചും പൊങ്ങച്ചം കാണിച്ചും നടക്കുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.
‘നീ നിന്റെ നടത്തത്തില്‍ മിതത്വം പുലര്‍ത്തുക. ശബ്ദത്തില്‍ ഒതുക്കം പാലിക്കുക. തീര്‍ച്ചയായും ഒച്ചകളിലേറ്റം അരോചകം കഴുതയുടെ ശബ്ദം തന്നെ!’ (31:13 -19)
ഖുര്‍ആനിലെ ഈ വാക്യങ്ങളെ കൂടാതെ ഏറ്റവും നല്ല പേര് നല്‍കല്‍ മുതല്‍ അനന്തരാവകാശം വരെയുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം സന്താനങ്ങളുടെ അവകാശമായി നിശ്ചയിച്ചിട്ടുണ്ട്.

( കടപ്പാട് )

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

Related Articles