Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങള്‍ക്കുള്ള വിജയകരമായ ശിക്ഷണത്തിന്റെ അടിസ്ഥാനങ്ങള്‍

ബാല്യം മുതല്‍ തന്നെ സന്താനങ്ങള്‍ക്ക് ആവശ്യമായ ശിക്ഷണവും പരിപാലനവും നല്‍കുന്നവനാണ് യുക്തിമാന്‍. വലുതാകുമ്പോള്‍ അവരില്‍ നിന്ന് അതിന്റെ ഫലം പ്രതീക്ഷിച്ചു കൊണ്ടാണത് ചെയ്യുന്നത്. സന്താന പരിപാലനത്തില്‍ വിജയിച്ച ധാരാളം മാതാപിതാക്കളുടെ ഉദാഹരണങ്ങളുണ്ട്. അവയില്‍ ഏറ്റവും മികച്ചതാണ് ലുഖ്മാനുല്‍ ഹകീം തന്റെ മകന് നല്‍കുന്ന ഉപദേശങ്ങള്‍. അല്ലാഹുതന്നെ യുക്തിമാനെന്ന് വിശേഷിപ്പിച്ച ഒരാളുടെ ഉപദേശങ്ങളാണവ എന്നത് അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ ഇന്നും പാരായണം ചെയ്യുന്ന വിശുദ്ധഗ്രന്ഥത്തില്‍ ആ ഉപദേശങ്ങള്‍ നിലനില്‍ക്കുന്നു.

പ്രസ്തുത സൂക്തങ്ങളുടെ വിശദീകരണമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിശദീകരണങ്ങള്‍ തന്നെ ധാരാളമാണ്. ഈ ഉപദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ചില തത്വങ്ങളുടെ വിശദീകരണമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പ്രസ്തുത അടിസ്ഥാനങ്ങള്‍ പാരമ്പര്യമായ കൈമാറി വന്ന കേവല ഉപദേശ നിര്‍ദേശങ്ങളല്ല. ചെറുപ്പത്തില്‍ തുടങ്ങി വലുതാകുമ്പോള്‍ ഫലം കൊയ്യാനുതകും വിധം ശരിയായ അടിത്തറകളില്‍ രൂപപ്പെടുത്തിയിട്ടുള്ള തത്വങ്ങളാണവ. വളരെയധികം മാറ്റങ്ങളും പുരോഗതിയും ഉണ്ടായിട്ടുള്ള കാലമാണിത്. സന്താനങ്ങള്‍ക്ക് അവര്‍ ജീവിക്കുന്ന കാലത്തിനനുഗുണമായ ഉപദേശനിര്‍ദേശങ്ങള്‍ ലഭിക്കേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിച്ചിരിക്കുകയാണ്. അല്ലാഹുവിന്റെ പ്രതിനിധികളെന്ന ഉത്തരവാദിത്ത നിര്‍വഹണത്തിനവരെ പ്രാപ്തരാക്കുന്നതിനാണത്. രക്ഷിതാക്കള്‍ ലുഖ്മാന്റെ ഉപദേശങ്ങളുടെ യുക്തി മനസിലാക്കി സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസൃതമായി പ്രയോഗവല്‍ക്കരിക്കുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിലെത്താനാവൂ. ഒരു വസ്തു അതിന്റെ യഥാസ്ഥാനത്ത് വെക്കുന്നതിനാണ് യുക്തിയെന്നു പറയുന്നത്. പ്രസ്തുത തത്വങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.

1. ലുഖ്മാന്‍ തന്റെ മകനെ ഉപദേശിച്ചതിന്റെ വിശദ രൂപം വിശുദ്ധ ഖുര്‍ആനിലുണ്ട്. അതില്‍ പ്രയോഗിക്കപ്പെട്ടത് നൈരന്തര്യത്തെയും ആവര്‍ത്തനത്തെയും കുറിക്കുന്ന വര്‍ത്തമാന ക്രിയയാണ്. അതായത് ലുഖ്മാന്‍ തന്റെ മകനെ ആവശ്യാനുസരണം ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് സാരം. അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

2. വളരെ യുക്തിപൂര്‍വമാണ് ലുഖ്മാന്റെ ഉപദേശങ്ങള്‍. തന്നിഷ്ടപ്രകാരം പറയുന്ന ചില കാര്യങ്ങളല്ല അവ, മറിച്ച് തികഞ്ഞ അറിവോടും പരിചയത്തോടും കൂടിയ ഉപദേശങ്ങളാണ്. അല്ലാഹു പറയുന്നു: ‘നാം ലുഖ്മാന് തത്വജ്ഞാനം നല്‍കി’. ലുഖ്മാന്റെ ഉപദേശത്തെ കുറിച്ച് പറയുന്നതിന് മുമ്പ് അല്ലാഹു അദ്ദേഹത്തിന്റെ യുക്തിയെയാണ് പ്രതിപാദിക്കുന്നത്. ശിക്ഷണത്തിന്റെ കളരിയില്‍ ഇറങ്ങുന്ന രക്ഷിതാക്കള്‍ക്കും ഇത് ബാധകമാണ്. വിജയകരമായ ശിക്ഷണം എന്താണെന്ന് മനസിലാക്കുകയാണതിന് ആദ്യമായി ചെയ്യേണ്ടത്. നാം ജീവിക്കുന്ന ഈ കാലത്ത് അതിന് നിരവധി മാര്‍ഗങ്ങളുണ്ട്.

3. വിവിധവും ആകര്‍ഷകവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. പരുക്കന്‍ കല്‍പനകള്‍ ശരിയായ ശിക്ഷണത്തിനനുയോജ്യമല്ല. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മക്കള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാവുന്ന രൂപത്തില്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. തിന്മ ചെയ്യരുതെന്ന് പറയുമ്പോള്‍ അതിന്റെ ദോഷങ്ങളും നന്മ കല്‍പ്പിക്കുമ്പോള്‍ അതിന്റെ ശ്രേഷ്ഠതയും അവര്‍ക്ക് വ്യക്തമാക്കി കൊടുക്കണം. അവര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങളെല്ലാം പരലോകജീവിതത്തോടും അതിലെ രക്ഷാ-ശിക്ഷകളോടും ദൈവപ്രീതിയോടും ബന്ധിപ്പിച്ചായിരിക്കണം ചെയ്യേണ്ടത്.

കാര്യകാരണങ്ങള്‍ വിവരിച്ചു കൊടുക്കുന്നതിന് ലുഖ്മാന്റെ ഉപദേശത്തില്‍ നമുക്ക് മാതൃകയുണ്ട്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നു പറയുമ്പോള്‍ അതിന്റെ കാരണംകൂടി വിശദീകരിക്കുന്നു. ‘ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്’ വളരെയധികം പ്രയാസം സഹിച്ച് മാതാവ് അവനെ ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും രണ്ടുവര്‍ഷം മുലയൂട്ടുകയും ചെയ്തു. ഇത്രയധികം നന്മകള്‍ ചെയ്ത മാതാവിന് തിരിച്ച് നന്മചെയ്യാന്‍ കല്‍പ്പിക്കുമ്പോള്‍ അത് തള്ളിക്കളയാനാവില്ല.

ശിര്‍ക് ചെയ്യരുതെന്ന് മകനെ ഉപദേശിക്കുമ്പോള്‍ അതിന്റെ അപകടത്തെയും ബോധ്യപ്പെടുത്തുന്നു. ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.’ അപ്രകാരം അനാവശ്യമായി ശബ്ദമുയര്‍ത്തരുതെന്ന് പറയുമ്പോള്‍ അതിന്റെ ഹീനതയും വ്യക്തമാക്കുന്നു. ‘നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.’
നന്മകല്‍പ്പിക്കാന്‍ പറയുമ്പോള്‍ അതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതും കാണാം. നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനും പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കാനും ഉപദേശിക്കുമ്പോള്‍ അതെല്ലാം ദൃഢനിശ്ചയക്കാരുടെ വിശേഷണമാണെന്നു കൂടി പറയുന്നു. ‘സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ദൃഢമായ തീരുമാനങ്ങളില്‍ പെട്ടതത്രെ അത്.’
അല്ലാഹുവിനോടും മാതാപിതാക്കളോടും നന്മചെയ്യാന്‍ ഉപദേശിക്കുന്നിടത്ത് പരലോകവുമായിട്ടതിനെ ബന്ധിപ്പിക്കുന്നു കാണാം. അല്ലാഹു പറയുന്നു ‘എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.’

എല്ലാ കാര്യങ്ങളും അല്ലാഹു വീക്ഷിക്കുകയും വിചാരണചെയ്യുകയും ചെയ്യുമെന്നും മകനെ ബോധ്യപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ഉപദേശത്തില്‍ കാണാവുന്നതാണ്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് പറയുന്നതോടൊപ്പം അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ അവര്‍ നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ അല്ലാഹു എപ്പോഴും നീരീക്ഷിക്കുന്നുവെന്ന് മകന് വിവരിച്ച് കൊടുക്കുന്നതും കാണാം. ‘നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്. എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’

അഹങ്കാരം ഉപേക്ഷിക്കണമെന്ന നിര്‍ദേശം അദ്ദേഹം നല്‍കുമ്പോള്‍ അല്ലാഹുവിന്റെ തൃപ്തിയുമായതിനെ ചേര്‍ത്തുവെക്കുന്നു. ‘നീ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.’

നല്ല ഉപദേശങ്ങള്‍ നല്‍കുന്നതിന് മുമ്പ് നല്ല മാതൃകളാണ് കാണിക്കേണ്ടത്. ഒരു കാര്യം പറയുന്നതിന് മുമ്പ് ജീവിതത്തിലത് കാണിച്ചു കൊടുക്കണം. സന്താനങ്ങളെ നന്നാക്കുന്നതിന് മുമ്പ് സ്വയം നന്നാവണം. ലുഖ്മാന്റെ കഥയില്‍ ഉപദേശങ്ങള്‍ക്ക് മുഖവുരയായി രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട്.

ഒന്നാമതായി അദ്ദേഹത്തിന്റെ യുക്തിയെപറ്റിയാണ് പറയുന്നത്. വൈജ്ഞാനിക സമ്പാദനം മാത്രമല്ല കഴിവനുസരിച്ച് അതിന്റെ പ്രായോഗവല്‍കരണവും യുക്തിയുടെ ഭാഗമാണ്.

രണ്ടാമതായി ലുഖ്മാന്‍ മകനെ ഉപദേശിക്കുന്നതിന് മുമ്പ് അല്ലാഹു ലുഖ്മാനെ ഉപദേശിക്കുന്നു. അല്ലാഹുവിന് നന്ദികാണിക്കണമെന്നു മകനെ ഉപദേശിക്കുന്നതിന് മുമ്പ് അത് സ്വയം ചെയ്യാനാണ് അല്ലാഹു പറയുന്നത്. ‘ലുഖ്മാന് നാം തത്വജ്ഞാനം നല്‍കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര്‍ നന്ദികാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്.’ താന്‍ ഉപദേശിക്കുന്ന കാര്യങ്ങളില്‍ സ്വയം മാതൃകയായാല്‍ മാത്രമേ അവ കൂടുതല്‍ സ്വീകാര്യമാവുകയുള്ളൂ. ആയിരം ആളുകള്‍ക്കിടയില്‍ ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ് ആയിരം ആളുകള്‍ ഒരാളോട് പറയുന്ന വാക്കിനേക്കാള്‍ ഉത്തമം എന്നു പറയാറുണ്ട്.

ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മുന്‍ഗണനാ ക്രമം പാലിക്കുക. കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടവക്ക് മുന്‍ഗണനയും അല്ലാത്തവക്ക് അര്‍ഹമായ സ്ഥാനവും നല്‍കണം. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കലും അവനുമാത്രം വഴിപ്പെടലുമാണ് മാതാപിതാക്കള്‍ക്കുള്ള അനുസരണത്തേക്കാന്‍ മുന്‍ഗണനാര്‍ഹമായത്. മാതാപിതാക്കളോട് നന്ദികാണിക്കുന്നതിനേക്കാള്‍ മുന്‍ഗണന കല്‍പ്പിക്കേണ്ടത് അല്ലാഹുവിനോട് നന്ദി കാണിക്കാനാണ്. അപ്രകാരം സമൂഹത്തെ സംസ്‌കരിക്കുന്നതിനേക്കാള്‍ മുന്‍ഗണന സ്വന്തത്തെ സംസ്‌കരിക്കുന്നതിനാണ്. അതിനാലാണ് നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനും പറയുന്നതിന് മുമ്പ് നമസ്‌കരിക്കാന്‍ കല്‍പ്പിച്ചത്.
മോശപ്പെട്ട കാര്യങ്ങള്‍ വിലക്കുക മാത്രമല്ല, നല്ല ഗുണങ്ങള്‍ വളര്‍ത്തുക കൂടി ചെയ്യുന്നതാണ് യഥാര്‍ഥ ശിക്ഷണമെന്ന് ലുഖ്മാനിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുകയാണ്. അദ്ദേഹം ശിര്‍ക്, അഹങ്കാരം പോലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയുക മാത്രമല്ല, മാതാപിതാക്കളെ അനുസരിക്കല്‍, നമസ്‌കാരം, സാമൂഹ്യസംസ്‌കരണം പോലുള്ള ശ്രേഷ്ഠഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും കല്‍പിക്കുന്നു.

രോഗം നിര്‍ണ്ണയിക്കുക മാത്രമല്ല അതിനുള്ള മരുന്നു കൂടി നിര്‍ദേശിക്കുന്നതാണ് ലുഖ്മാന്റെ ഉപദേശങ്ങള്‍. പൊങ്ങച്ചം എന്ന രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങളെയാണദ്ദേഹം കൈകാര്യം ചെയ്യുന്നത്. ‘നീ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ ശേഷം അഹങ്കാരം എന്ന രോഗത്തിനുള്ള ചികിത്സ കൂടി അദ്ദേഹം വിവരിച്ചു തരുന്നു. ‘നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക.’ വിനയാന്വിതനാവാനുള്ള മാര്‍ഗങ്ങളാണ് നടത്തത്തില്‍ മിതത്വം പാലിക്കുന്നതും ശബ്ദം താഴ്ത്തുന്നതും.

വിശദീകരണത്തിനായി അനുയോജ്യമായ വിവരണങ്ങളും ഉപമകളും കൊണ്ടാണ് ലുഖ്മാന്‍ തന്റെ ഉപദേശങ്ങള്‍ നടത്തുന്നത്. ലുഖ്മാന്‍ തന്റെ മകന് വിവിധ തലങ്ങളില്‍ നിന്നു കൊണ്ട് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. ഇടക്കിടെ പല ഉദാഹരണങ്ങളും വ്യംഗ്യാര്‍ഥങ്ങളും ഉപമകളും അദ്ദേഹം ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സൂചിപ്പിക്കുന്നു.

സന്താനങ്ങള്‍ക്ക് ആവശ്യമായ എല്ലാം ഉള്‍ക്കൊള്ളുന്നവയാണിവ. അവരുടെ വ്യക്തി കുടുംബ സാമൂഹിക ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്നവയാണവ. അല്ലാഹുവിനോടുളള കടപ്പാടിനോടൊപ്പം ജനങ്ങളോടുള്ള ഉത്തരവാദിത്തവുമത് പഠിപ്പിക്കുന്നു.
രക്ഷിതാവിന് മക്കളോടുള്ള സ്‌നേഹത്തില്‍ നിന്നും അവന്‍ നന്നാവണമെന്ന അതിയായ ആഗ്രഹത്തില്‍ നിന്നുമുണ്ടാവുന്നതാണീ ഉപദേശങ്ങള്‍. ലുഖ്മാന്‍ മകന്റെ പേരു വിളിക്കുന്നതിന് പകരം ‘കുഞ്ഞുമോനേ’ എന്നാണദ്ദേഹം വിളിക്കുന്നത്. ഓരോ ഉപദേശത്തിനും ഈ വിളിയുടെ ആവര്‍ത്തനവും കാണാം. സ്‌നേഹവും വാത്സല്യവും ചൊരിഞ്ഞൊഴുകുന്ന ആ വിളി ഹൃദയങ്ങളെ ചേര്‍ത്തു വെക്കുന്നതും അവക്കിടയിലെ അകലം കുറക്കുന്നതുമാണ്. ഇപ്രകാരം വിളിച്ചു പറയുന്ന കാര്യം തന്റെ ഇഹ-പര വിജയത്തിനാണെന്ന് മനസിലാക്കാന്‍ അവന് പ്രയാസമുണ്ടാകില്ല.

സന്താനപരിപാലനത്തിന് രക്ഷിതാക്കള്‍ക്ക് ഒരു ഭരണഘടനയായി സ്വീകരിക്കാവുന്ന ഉപദേശങ്ങളാണ് ഖുര്‍ആന്‍ ലുഖ്മാനിലൂടെ നമുക്ക് വിവരിച്ചു തരുന്നത്. രക്ഷിതാക്കള്‍ ഇതിനെ എത്രത്തോളം പാലിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് അതിന്റെ ഫലം കാണുക. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന വിഭാഗമാണ് സന്താനങ്ങളെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ‘മനുഷ്യന്‍ മരിച്ചാല്‍ മൂന്നുകാര്യങ്ങളൊഴികെ മറ്റെല്ലാം നിലക്കുന്നു. നിലച്ചുപോകാത്ത ദാനധര്‍മ്മം, പ്രയോജനകരമായ അറിവ്, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സല്‍കര്‍മികളായ സന്താനങ്ങള്‍.’ മറ്റൊരിക്കല്‍ റസൂല്‍(സ) പറഞ്ഞു:’ഒരു പിതാവും സല്‍പെരുമാറ്റത്തേക്കാള്‍ ഉത്തമമായ ഒരു ചെരുപ്പ് തന്റെ മകനെ അണിയിച്ചിട്ടില്ല.’ ഒരു പിതാവിന് തന്റെ മകന് നല്‍കാവുന്ന ഏറ്റവും ഉത്തമമായ കാര്യം ശരിയായ ശിക്ഷണം നല്‍കലാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

( കടപ്പാട് )

Related Articles