Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമൂഹത്തിന്റെ പൊതുബോധം

muslims.jpg

ചിന്തകളിലും ധാരണകളിലും വ്യതിരിക്തമായതു പോലെ മുസ്‌ലിം സമൂഹം അവരുടെ മനോഭാവങ്ങളാലും വികാരങ്ങളാലും വേറിട്ടുനില്‍ക്കുന്നവരാണ്.വര്‍ഗ്ഗവിദ്വേഷം ചില സമൂഹങ്ങളെ നയിക്കുമ്പോള്‍ മറ്റു ചില സമൂഹങ്ങളെ വര്‍ണ്ണവിവേചനവും ദേശീയതയുമാണ് നയിക്കുന്നത്. സൗഹൃദവും ശത്രുതയും പ്രകടിപ്പിക്കുന്നതിലും സമൂഹങ്ങള്‍ക്കിടയില്‍ ഈ ഏറ്റവിത്യാസം പ്രകടമാണ്. സ്‌നേഹം, കോപം, പക, ഇഷ്ടം തുടങ്ങിയ വികാരങ്ങളിലും ഈ വ്യത്യാസം കാണാവുന്നതാണ്. മുസ്‌ലിം സമൂഹത്തിന്റെ പ്രതിബദ്ധത ഇസ്‌ലാമിനോടും അതിന്റെ സഹായികളോടുമാണ്. ശത്രുത ഇസ്‌ലാമിന്റെ ശത്രുക്കളോടും അവരുടെ സഖ്യകക്ഷികളോടും. അല്ലാഹുവിനെയും അവന്റെ ദൂതനെയും മിത്രങ്ങളായി സ്വീകരിക്കുന്നവര്‍ക്ക് അവന്റെ ശത്രുക്കളെ മിത്രങ്ങളായി കാണാനാവില്ല.

പരസ്പര സ്‌നേഹവും സാഹോദര്യവും കൊണ്ടാണ് ഇസ്‌ലാമിക സമൂഹം വ്യതിരിക്തമാവുന്നത്. ലോകത്തിന്റെ ഏതു കോണിലുള്ള മുസ്‌ലിമിനെയും ദേശ-ഭാഷാ-വര്‍ഗ വിത്യാസമില്ലാതെ കാണാന്‍ മറ്റൊരു മുസ്‌ലിമിന് സാധിക്കും. വിശ്വാസം എന്ന അനുഗ്രഹത്തോട് അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള അനുഗ്രഹമാണ് ഈ സാഹോദര്യം. ‘അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക: നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.’ (ആലുഇംറാന്‍:103) മറ്റൊരിടത്ത് നബി(സ)യെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു: ‘സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ.’ (അല്‍ അന്‍ഫാല്‍:63)
ഇസ്‌ലാമിക സമൂഹത്തില്‍ ജാതി വിത്യാസങ്ങള്‍ക്കോ വര്‍ണ്ണവിവേചനങ്ങള്‍ക്കോ സാധ്യതയില്ല. ചിലദേശക്കാര്‍ക്ക് മറ്റു ചിലദേശക്കാരെക്കാള്‍ ശ്രേഷ്ഠതയോ നികൃഷ്ടതയോ ഇല്ല. വിവിധ വര്‍ണ്ണക്കാരെയും ദേശക്കാരെയും നിറക്കാരെയും ചേര്‍ത്തുവെച്ചിരുന്ന ഇടമായിരുന്നു മദീനയിലെ നബി(സ)യുടെ പള്ളി. സാഹോദര്യമല്ലാത്ത ഒരു വികാരവും അവര്‍ക്കിടയിലുണ്ടായിരുന്നില്ല. പേര്‍ഷ്യക്കാരായ സൂഹൈബും സല്‍മാനും അബ്‌സീനിയക്കാരനായ ബിലാലും അവര്‍ക്കിടയിലുണ്ടായിരുന്നു. അബ്ദുറഹ്മാനു ബിന്‍ ഔഫിനെയും ഉസ്മാനുബിന്‍ അഫ്ഫാനെയും പോലെുള്ള ധനികരും അമ്മാറിനെയും അബൂദര്‍റിനെയും പോലുള്ള ദരിദ്രരും ആ സദസിലുണ്ടായിരുന്നു. നഗരവാസികളും ഗ്രാമീണരും അക്ഷരമറിയുന്നവനും അറിയാത്തവനും കറുത്തവനും വെളുത്തവനുമെല്ലാം അവിടെ ഉണ്ടായിരുന്നു. അവരെല്ലാം ഖുര്‍ആന്റെ കൊടിക്കീഴില്‍ അണിനിരന്ന ഇസ്‌ലാമിലെ സഹോദരന്‍മാരായിരുന്നു.
പ്രസ്തുത സാഹോദര്യം ഇസ്‌ലാമിന്റെ ഉപഘടകമല്ല. അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വവും പോലെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണത്. ഈമാനിന്റെ തേട്ടമാണതെന്ന് അല്ലാഹു തന്നെ പറയുന്നു: ‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക.’ (അല്‍ ഹുജുറാത്: 10) എല്ലാ നമസ്‌കാരാനന്തരവും നബി(സ) പ്രാര്‍ഥിച്ചിരുന്ന ഒരു പ്രാര്‍ത്ഥന ഇമാം അഹ്മദും അബൂദാവൂദും ഉദ്ദരിക്കുന്നു: ‘ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, നീ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നതിന് ഞാന്‍ സാക്ഷിയാണ്. ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസഥനുമായ അല്ലാഹുവേ, മുഹമ്മദ് നിന്റെ അടിമയും ദൂതനുമാണെന്നതിന് ഞാന്‍ സാക്ഷിയാണ്. ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും നാഥനും ഉടമസ്ഥനുമായ അല്ലാഹുവേ, എല്ലാ അടിമകളും സഹോദരന്‍മാരാണെന്നതിന് ഞാന്‍ സാക്ഷിയാണ്.’ എല്ലാ അടിമകളും സഹോദരന്‍മാരാണെന്ന, പ്രത്യേകിച്ചും മുസ്‌ലിംകള്‍ പരസ്പരം സഹോദരന്‍മാരെന്ന് കുറിക്കുന്നതാണ് ഇസ്‌ലാമിന്റെ സാഹോദര്യം.
വിശ്വാസം സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള നിബന്ധനയാണ്. സ്‌നേഹവും സാഹോദര്യവും ആ വിശ്വാസത്തിന്റെ നിബന്ധനയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, വിശ്വാസികളാവുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നത് വരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല’
‘തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ നിങ്ങളാരും വിശ്വാസികളാവുകയില്ല’ മറ്റൊരു ഹദീസില്‍ ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബന്ധം സഹോദരബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് സാഹോദര്യം മാത്രമാണ്. വംശീയതയെ അതിന്റെ എല്ലാ തലങ്ങളിലും എതിര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. ഗോത്രത്തിന്റെയോ വര്‍ഗത്തിന്റെയോ നിറത്തിന്റേയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു പക്ഷപാതിത്വവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി(സ) പറഞ്ഞു: ‘വംശീയതയിലേക്ക് ക്ഷണിക്കുന്നവനും അതിനായി പോരാടുന്നവനും അതിനായി മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല’. വളരെ പ്രസിദ്ധമായ ഒരു ഹദീസിലൂടെ മുസ്‌ലിംകള്‍ പരസ്പരമുള്ള സ്‌നേഹത്തെയും സാഹോദര്യത്തെയും നബി(സ) ചിത്രീകരിച്ചിട്ടുണ്ട്. ‘പരസ്പര സ്‌നേഹത്തിലും അനുകമ്പയിലും കാരുണ്യത്തിലും ഒരു ശരീരം പോലെയാണ് മുസ്‌ലിങ്ങള്‍. ഒരവയവയവത്തിന് വല്ല പ്രയാസവും വന്നാല്‍ പനിച്ചും ഉറക്കമിളച്ചും മുഴുവന്‍ ശരീരവും അതിനോട് താദാത്മ്യം പ്രകടിപ്പിക്കുന്നു’. സ്വന്തത്തിന് വേണ്ടി ജീവിക്കുന്ന, മറ്റുള്ളവരുടെ വേദനകളിലും ദുഖങ്ങളിലും പങ്ക് ചേരാത്ത വ്യക്തകള്‍ ഇസ്‌ലാമിക സമൂഹത്തിന് അന്യമാണ്. ശക്തന്‍ ദുര്‍ബലരോട് അന്യായം പ്രവര്‍ത്തിക്കുകയും, ധനികന്‍ ദരിദ്രരോട് അനുകമ്പ കാണിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹത്തെയും മുസ്‌ലിം സമൂഹമെന്നു പറയാനാവില്ല.

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി

Related Articles