Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ വിജയിയായ മാതാവും പിതാവുമാണോ?

angry.jpg

ജോലിയും വിനോദവും തമ്മിലുള്ള വ്യത്യാസം എന്താണ്? പലപ്പോഴും പലകാരണങ്ങളാല്‍ നിര്‍ബന്ധിതരായിട്ടായിരിക്കും നിങ്ങള്‍ ജോലി ചെയ്യുന്നത്. ജോലി പൂര്‍ണമായും ചെയ്ത് തീര്‍ത്തിട്ടുണ്ടാകുമെങ്കിലും ഒട്ടും താല്‍പര്യമില്ലാതെയും തൃപ്തിയില്ലാതെയുമായിരിക്കും നിങ്ങളത് ചെയ്തിട്ടുണ്ടാവുക. എന്നാല്‍ ചില ജോലികള്‍ നിങ്ങള്‍ പൂര്‍ണമായും ചെയ്ത് തീര്‍ക്കും, കാരണം അത് ചെയ്തു തീര്‍ക്കുമ്പോഴായിരിക്കും നിങ്ങളുടെ മനസ്സിന് സന്തോഷം ലഭിക്കുക. സന്തോഷം എന്നു പറയുന്നത് മാനസികമായ ഒരു അനുഭവമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ശോഭ നിറക്കുകയും നിങ്ങളുടെ ഓരോ ദിവസങ്ങളും ആനന്ദകരമാക്കുകയും ചെയ്യുന്നു.

മക്കളോടുള്ള നമ്മുടെ ബന്ധം പ്രകൃത്യാലുള്ളതാണ്. അവരുടെ ആദ്യ കരച്ചില്‍ കേട്ടതുമുതല്‍, ലോലമായ ഇളം വിരലുകള്‍ കൊണ്ടുള്ള ആദ്യ സ്പര്‍ശമേറ്റതു മുതല്‍, പിറന്നയുടന്‍ അവരുടെ ചെവിയില്‍ ബാങ്ക് കൊടുത്തത് മുതല്‍ തുടങ്ങിയതാണ് അവരോടുള്ള നമ്മുടെ ബന്ധം. മക്കള്‍ പതുക്കെ പതുക്കെ വളരുന്നതോടൊപ്പം അവരോടുള്ള നമ്മുടെ ഉത്തരവാദിത്വവും കൂടി വരികയാണ്.

മകന്‍/മകള്‍ വലുതാകുന്നതോടൊപ്പം ഉപ്പയെന്ന നിലയില്‍ അല്ലെങ്കില്‍ ഉമ്മയെന്ന നിലയില്‍ അവരോടൊപ്പമുള്ള നമ്മുടെ ജീവിതവും തുടങ്ങുകയായി. അതോടൊപ്പം വിജയിയായ മാതാവ് ആരെന്നും പിതാവ് ആരെന്നും തീരുമാനിക്കുന്ന പരീക്ഷണത്തില്‍ കൂടിയായിരിക്കും നമ്മള്‍. ഇവിടെ നമ്മള്‍ പരാജയപ്പെടാന്‍ പാടില്ല. കാരണം നമ്മള്‍ പരാജയപ്പെട്ടാല്‍ അതിന്റെ നഷ്ടം സംഭവിക്കുന്നത് നമ്മുടെ മക്കള്‍ക്കാണ്.

വീട്ടിലേക്ക് വരുന്നത് നിസാരമായി നിനക്കപ്പെടുന്നുവെങ്കില്‍, അല്ലെങ്കില്‍ വീട്ടിലുള്ള സന്ദര്‍ഭത്തിലെല്ലാം മക്കളില്‍ നിന്നും മാറി മുറിയില്‍ തനിച്ചിരിക്കുന്നവനാണെങ്കില്‍, അല്ലെങ്കില്‍ വീട്ടുകാരോട് ഒരക്ഷരം ഉരിയാടാതെ എല്ലാ സന്ദര്‍ഭത്തിലും ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നവനാണ് നീയെങ്കില്‍, പിതൃത്വം/മാതൃത്വം എന്ന ഉത്തരവാദിത്വത്തെ ആസ്വദിക്കുന്നതിന് പകരം അതിനെ കേവലം ജോലി എന്നര്‍ഥത്തിലാണ് നീ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. പിന്നെങ്ങനെ നിന്റെ ജീവിതത്തില്‍ ആനന്ദം തുടികൊള്ളും? എങ്ങനെ നിന്റെ ജീവിതത്തില്‍ ശോഭ നിറയും? പിന്നെങ്ങനെ നിന്റെ വീട്ടില്‍ സന്തോഷം തത്തിക്കളിക്കും?

വീടും കുടുംബവും മക്കളും ആനന്ദം നല്‍കുന്നതായിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്വം ഒരു ജോലി എന്ന നിലയിലല്ലാതെ ആസ്വാദ്യജനകമായി നിര്‍വഹിക്കാന്‍ നമ്മള്‍ സന്നദ്ധമാകുമ്പോഴാണ് കുടുംബ ജീവിതം വിജയകരവും ഊഷ്മളവുമാകുന്നത്. കുടുംബ ജീവിതം ആനന്ദം നിറഞ്ഞതാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

1. മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുക. ചെറുതെങ്കിലും അവരുടെ ചിന്താലോകത്തെ കുറിച്ച് മനസ്സിലാക്കുക, അവരോടൊപ്പം സ്വപ്‌നം കാണണമെങ്കില്‍ ആദ്യം നീ നിന്റെ കണ്ണുകളടക്കണം. സാന്ദര്‍ഭികമല്ലെങ്കിലും അവരുടെ കൊച്ചുകൊച്ചു ചിന്തകളെ ഒരിക്കലും അവഗണിക്കരുത്, മറിച്ച് അവരുടെ വര്‍ത്തമാനങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്ന് അവര്‍ക്ക് തോന്നണം. സദാ സമയവും അവരുടെ സംരക്ഷകനായി അവരോടൊപ്പമുണ്ടാകുക.

2. മക്കളൊടൊപ്പം കളിക്കണം. നിന്റെ ഉള്ളിലെ കുട്ടിത്തം നീ പുറത്തെടുക്കണം, എന്നിട്ട് മക്കളുടെ കളിതമാശകളിലും യാത്രകളിലും അവരിലിലൊരാളായി നീയും പങ്കെടുക്കുക, മണലില്‍ പുരകെട്ടുവാന്‍ നീയും പങ്കുചേരുക. കളി വീട്ടുമുറ്റത്തോ റൂമിനകത്തോ മാത്രമായി പരിമിതപ്പെടുത്തുന്നത് എന്തിന്? വലിയവരോട് സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്നതോടൊപ്പം കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുക. അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവരുടെ ഏറ്റവും അടുത്ത സുഹൃത്തും സഹകാരിയുമായി നീ മാറുക.

3. വീട് നിന്റെ രാജ്യമാണ്, അത് യുദ്ധക്കളമല്ല. നീയാണ് അവിടത്തെ രാജാവ്. വീട്ടില്‍ നീ ഒരു സേനാധിപനോ സ്വേഛാധികാരിയായ ഭരണാധികാരിയോ ആകരുത്. നീ സ്‌നേഹത്തോടെ പെരുമാറുമ്പോള്‍ കുടുംബാംഗങ്ങളില്‍ നിനക്ക് സ്‌നേഹവും ആദരവും ലഭിക്കും. എന്നാല്‍ ഒരു സ്വേഛാധിപതിയെ പോലെ അല്ലെങ്കില്‍ സേനാധിപനെ പോലെ പെരുമാറിയാല്‍ കിട്ടുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ കുടുംബാംഗങ്ങള്‍ നിന്നെ ധിക്കരിക്കുകയും നിനക്കെതിരെ രംഗത്ത് വരികയും ചെയ്യും.

4. കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം വെച്ചു വിളിമ്പി കൊടുക്കുക, നിന്റെ മറ്റു കഴിവുകളും അവര്‍ക്ക് കാണിച്ചു കൊടുക്കു. വ്യത്യസ്ത താല്‍പര്യങ്ങളും ചിന്തകളുമുള്ള മനുഷ്യനാണ് നിങ്ങള്‍, നിങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം മക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അവരെ നിന്നിലേക്കടുപ്പിക്കുക. മക്കളുടെ മുമ്പില്‍ നിന്റെ ആദരണീയ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ മക്കള്‍ക്ക് കല്‍പ്പനകളും ശാസനുകളും നല്‍കുന്ന ആളായി ചമയാതിരിക്കുക.

5. മക്കളെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുക. പരസ്പര ബന്ധത്തില്‍ മാന്ത്രികവും അനിര്‍വചനീയവുമായ സ്വാധീനം ചെലുത്താന്‍ ഇതിന് സാധിക്കും. മക്കളുമായുള്ള സല്ലാപമാണ് അവരുമായി അടുത്ത ബന്ധം നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയെന്ന് മനസ്സിലാക്കുക.

6. ഒത്തൊരുമിച്ചുള്ള ജീവിതം. കൂടിയിരുന്ന് ചര്‍ച്ച നടത്താനുള്ള വേദിയാണ് കുടുംബം. വീട്ടുകാരെല്ലാവരും ഒരുമിച്ചിരുന്ന് പരസ്പരം കേള്‍ക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക. മക്കള്‍ക്ക് നിന്നോടുള്ള ആദരവും സ്‌നേഹവും വര്‍ധിക്കാന്‍ ഇത് ഇടയാക്കും.

7. പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍ കാര്യഗൗരവത്തോടെ ഉറച്ച നിലപാടെടുക്കുന്നത് മക്കള്‍ക്ക് താങ്കളിലുള്ള വിശ്വാസവും സുരക്ഷിതത്വബോധവും വര്‍ധിപ്പിക്കാന്‍ ഇടയാക്കും. കാര്യങ്ങളുടെ നാനാവശങ്ങള്‍ പരിഗണിച്ച് ബുദ്ധിപൂര്‍വവും ഉറച്ചതുമായ നിലപാടെടുക്കുക. അതോടൊപ്പം മക്കള്‍ക്ക് നിന്നോടുള്ള മതിപ്പും സ്‌നേഹവും വിശ്വാസവും നഷ്ടപ്പെടുത്താത്ത വിധം അവരോട് കാരുണ്യത്തോടെ വര്‍ത്തിക്കുകയും ചെയ്യുക.

8. മക്കളുടെ കൂട്ടുകാരെ പരിചയപ്പെടുകയും അവരുടെ കുടുംബങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക. നിന്റെ വീട്ടില്‍ അവരുടെ സൗഹൃദം വളരുന്നതിനുള്ള മണ്ണ് ഒരുക്കി കൊടുക്കുകയും ദൂരെ നിന്ന് അവരെ നിരീക്ഷിക്കുകയും നിന്റെ സ്‌നേഹം അവരില്‍ ചൊരിയുകയും ചെയ്യുക. അങ്ങനെ ഒരു ചെറിയ സമൂഹത്തെ നിന്റെ വീട്ടിന്‍ നിന്നുതന്നെ രൂപപ്പെടുത്തുക.

9. ജീവിതം കൂടുതല്‍ സന്തോഷകരമാവാന്‍ കൂടുതല്‍ ആസൂത്രണങ്ങളും ആവശ്യമാണ്. വീട്ടുകാര്യങ്ങളില്‍ ഇടപെടാന്‍ മക്കള്‍ക്കും അവസരം നല്‍കുക. ഓരോരുത്തര്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ വീതംവെച്ചു നല്‍കി കുടുംബത്തിന്റെ മുന്നോട്ട് പോക്കില്‍ എല്ലാവര്‍ക്കും പങ്ക് നല്‍കുക.

10. കുടുംബത്തിനു വേണ്ടി ജീവിക്കുമ്പോള്‍ സ്വന്തത്തെ മറക്കരുത്. നിന്റെ ആരോഗ്യത്തെയും കൂട്ടുകാരെയും ജീവിത പങ്കാളിയെയും നിന്റെ മറ്റു താല്‍പര്യങ്ങളെയും കുടുംബത്തിന് വേണ്ടി ബലികഴിക്കരുത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതോടൊപ്പം സ്വന്തം ശരീരത്തെയും സംരക്ഷിക്കുക. എല്ലാ കാര്യങ്ങളിലും മിതമായ നിലപാട് പിന്തുടരുക.

11. കുടുംബത്തിന്റെ സംരക്ഷണം ഒരു ജോലിയായി കാണുന്നവനില്‍ നിന്ന് അത് ആസ്വദിക്കുന്ന തരത്തിലേക്ക് മാറാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. അതുവരെ ക്ഷമിക്കുക. തുടക്കം എപ്പോഴും പ്രയാസകരമായിരിക്കും. പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം വിജയകരമായ ഒടുക്കവും ആനന്ദവും പ്രദാനം ചെയ്യും.

പ്രവാചകന്റെ (സ) വചനം എപ്പോഴും ഓര്‍ക്കുക : ‘കുടുംബാംഗങ്ങളോട് നന്നായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍, നിങ്ങളില്‍ കുടംബത്തോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവന്‍ ഞാനാണ്’.

വിവ : ജലീസ് കോഡൂര്‍

Related Articles