Current Date

Search
Close this search box.
Search
Close this search box.

ഉമ്മമാരുടെ അവകാശങ്ങള്‍

അല്ലാഹുവും അവന്റെ ദൂതനും മനുഷ്യരോട് ചെയ്ത നന്മ കഴിഞ്ഞാല്‍ ഏറ്റവും അധികം നന്മ പ്രവര്‍ത്തിച്ചത് മാതാവാണ്. അക്കാരണത്താലാണ് അല്ലാഹുവിന് നന്ദികാണിക്കണമെന്നു പറഞ്ഞതിനോട് ചേര്‍ത്ത് തന്നെ മാതാപിതാക്കളോട് നന്ദികാണിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയും ചെയുതുവെന്നതിനാല്‍ പിതാവിനേക്കാള്‍ മാതാവിന് മുന്‍ഗണയും നല്‍കപ്പെട്ടിരിക്കുന്നു. മക്കള്‍ക്ക് അവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മാതാക്കള്‍ക്ക് നന്മ ചെയ്യാന്‍ സന്താനങ്ങള്‍ നിരന്തരമായി ശ്രമിക്കേണ്ടതുണ്ട്. എങ്കിലേ ഇഹ-പരലോകങ്ങളിലെ നന്മയും അല്ലാഹുവിന്റെ തൃപ്തിയും നേടാനാവുകയുള്ളൂ.

മാതാക്കളോട് ഉന്നതമായ സ്വഭാവവൈശിഷ്ഠ്യത്തോടെ വര്‍ത്തിക്കുകയെന്നത് സന്താനങ്ങളുടെ പ്രഥമ കടമയാണ്. പ്രയോജനകരമായ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതും ദ്രോഹകരമായതിനെയെല്ലാം തടയുന്നതുമായ ‘ഇഹ്‌സാന്‍’ എന്ന അറബി പദമാണ് ഖുര്‍ആന്‍ അതിനായി ഉപയോഗിച്ചിരിക്കുന്നത്. ‘നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് ഇഹ്‌സാനോടെ വര്‍ത്തിക്കുക.’ മറ്റൊരിടത്ത് അല്ലാഹുവിന്റെ വസിയ്യത്തായി പറയുന്നു: ‘മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു.’ (അല്‍ അന്‍കബൂത്: 8) നല്ല സഹവാസമാണ് ഇവിടെ ഉദ്ദേശക്കുന്നത്. മറ്റാരെക്കാളും അതിന് അര്‍ഹതയുള്ളത് അവരാണ്. ഏറ്റവും അധികം നന്മ ചെയ്യേണ്ടത് ആര്‍ക്കാണെന്നു ചോദിച്ച സഹാബിയുടെ ചോദ്യത്തിന് പ്രവാചകന്‍ നല്‍കിയ മറുപടി വളരെ പ്രസിദ്ധമാണ്. നിന്റെ മാതാവിന് എന്ന് മൂന്നു തവണ ആവര്‍ത്തിച്ചതിന് ശേഷമാണ് പിതാവിനെ പറഞ്ഞിട്ടുള്ളത്.

മാതാവിന് നന്മ ചെയ്യുന്നത് എല്ലാ അവസ്ഥയിലും ബാധകമായ കാര്യമാണ്. ആരോഗ്യമുള്ളപ്പോഴും രോഗമുള്ളപ്പോഴും അത് ചെയ്യേണ്ടതുണ്ട്. അവരുടെ യുവത്വത്തിലും വാര്‍ദ്ധക്യത്തിലും ശക്തിയുളളപ്പോഴും ദൗര്‍ബല്യത്തിലും അതുണ്ടായിരിക്കണം. അവര്‍ അടുത്താണെങ്കിലും ദൂരെയാണെങ്കിലും അവരോട് നന്മ ചെയ്യേണ്ടതുണ്ട്. ഓരോ ഘട്ടത്തിലും അതിന് അനുയോജ്യമായ രൂപത്തിലാണത് നിര്‍വ്വഹിക്കേണ്ടത്. ഉമ്മയുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും നല്ല സഹവാസം നിലനിര്‍ത്തേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങളെ പരിഗണിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിക്കരുത്.

ഉമ്മയോടൊപ്പം ഇരിക്കുമ്പോള്‍ പത്രത്താളുകളിലോ മൊബൈലിലിലോ കമ്പ്യൂട്ടറിലോ വ്യാപൃതനാവുന്നത് സല്‍പെരുമാറ്റത്തില്‍ പെട്ടതല്ല. മറ്റ് സദസ്സുകളില്‍ അത് അപമര്യാദയായിട്ടാണല്ലോ അത് വിലയിരുത്തപ്പെടുക. എന്നാല്‍ ഉമ്മയോടത് ചെയ്യുന്നത് മാതൃനിന്ദയായിരിക്കും. അവരുടെ സദസിനോടുള്ള അവഗണനയും അവരുടെ സംസാരത്തെ അപമാനിക്കലുമാണത്. ഒരിക്കല്‍ ഇബ്‌നു സീരീന്‍ തന്റെ ഉമ്മയോടൊപ്പം ഇരിക്കുമ്പോള്‍ ഒരാള്‍ അവിടേക്ക് പ്രവേശിച്ചു. അയാള്‍ ചോദിച്ചു : ‘എന്താണ് ഇദ്ദേഹമിങ്ങനെ ആവലാതിപ്പെടുന്നത്?’ അത് ആവലാതിയല്ല, ഉമ്മയോടൊപ്പമായിരിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെയാണ് ഇരിക്കാറ് എന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞുകൊടുത്തു. അപേക്ഷ സമര്‍പ്പിക്കാന്‍ ഭരണാധികാരിയുടെ മുന്നില്‍ നില്‍ക്കുന്നത് പോലെയാണ് അദ്ദേഹം ഉമ്മയുടെ മുമ്പില്‍ നിന്നിരുന്നതെന്ന് പറയപ്പെടുന്നു. ഉമ്മയോടുള്ള ആദരവും ബഹുമാനവും കാരണമായിരുന്നു അത്.

അവര്‍ ദേഷ്യപ്പെട്ടാലും ചീത്തപറഞ്ഞാലും വളരെ സഹനത്തോടെയും ക്ഷമയോടെയും പെരുമാറുന്നതും നല്ലസഹവാസത്തിന്റെ ഭാഗമാണ്. അവരെ തൃപ്തിപ്പെടുത്തുന്നതിന് അങ്ങനെയാണവന്‍ ചെയ്യേണ്ടത്. ആളുകളുടെ ഇടയില്‍ വെച്ചാണ് നിന്ദിക്കുന്നതെങ്കില്‍ പോലും അത് തന്റെ ഉമ്മയാണ്. അവരുടെ ദേഷ്യപ്പെടല്‍ ഇഹത്തിലും പരത്തിലും നന്മ മാത്രമേ വരുത്തുകയുള്ളൂ.

ഉമ്മക്ക് സേവനം ചെയ്യുന്നതും അവരുടെ ഗുണത്തിനായി വര്‍ത്തിക്കുന്നതും സല്‍പെരുമാറ്റം തന്നെ. പ്രത്യേകിച്ചും അവര്‍ അവശതയും വാര്‍ദ്ധക്യവും പ്രാപിക്കുമ്പോള്‍. ഗുഹയിലകപ്പെട്ട ആളുകള്‍ അവര്‍ ചെയ്ത സല്‍പ്രവര്‍ത്തനം മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. അതിലൂടെയാണവര്‍ ഗുഹയിലൂടെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടതും. അവരില്‍ ഒരാള്‍ മാതാപിതാക്കളോട് അങ്ങേയറ്റം നന്മയോടെ വര്‍ത്തിക്കുന്നവനായിരുന്നു. ഒരു ദിവസം അദ്ദേഹം പാലുമായെത്തിയപ്പോള്‍ അവര്‍ ഉറങ്ങിയിരുന്നു. അവര്‍ ഉണരുന്നതും കാത്ത് അദ്ദേഹം ഇരുന്നു.

ഉമ്മമാരെ സേവിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നവരായിരുന്നു പൂര്‍വ്വസൂരികള്‍. അബൂഹുറൈ(റ) തന്റെ അന്ധയായ ഉമ്മയെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് എടുത്ത് കൊണ്ടുപോകാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ‘ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, ഹാരിസഃ ബിന്‍ നുഅ്മാന്‍(റ) എന്നിവരെക്കാള്‍ കൂടുതലായി ഉമ്മമാരോട് നന്മ ചെയ്ത മറ്റാരും പ്രവാചകാനുചരരില്‍ ഉണ്ടായിരുന്നില്ല. ഹാരിസഃ ഉമ്മയുടെ മുടി വൃത്തിയാക്കികൊടുക്കുകയും ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഇമാം ഇബ്‌നു ഹനഫിയ്യ തന്റെ ഉമ്മയുടെ തല താളിതേച്ച് കഴുകുകയും ചീകുകയും ചായം കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് സുഫ്‌യാന്‍ സൗരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹസന്‍ ബിന്‍ അലി ഉമ്മക്ക് നന്നായി നന്മ ചെയ്തിരുന്ന ആളായിരുന്നു. പക്ഷേ അദ്ദേഹം ഉമ്മയൊടൊപ്പം ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുമ്പോള്‍ ഉമ്മ കഴിക്കാനുദ്ദേശിച്ചത് ഏതാണെന്ന് അറിയാന്‍ കഴിയില്ല. അങ്ങനെ അത് കഴിക്കുന്നതിലൂടെ മാതൃനിന്ദയെന്ന കുറ്റം ചെയ്യുമല്ലോ എന്നു ഭയന്നായിരുന്നു ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതില്‍ നിന്നദ്ദേഹത്തെ വിലക്കിയിരുന്നത് എന്നായിരുന്നു അതിന്റെ കാരണത്തെ കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്.

നല്ലസഹവാസത്തിന്റെ ഭാഗമാണ് അവരെ സന്തോഷിപ്പിക്കുന്നതിനായി സാധനങ്ങള്‍ നല്‍കുന്നതും. എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കാന്‍ പ്രയാസമാണെങ്കിലും അതിന് ശ്രമിക്കേണ്ടതുണ്ട്. അതിന് വേണ്ടി അവന്‍ കടംവാങ്ങുകയാണെങ്കില്‍ അത് വളരെ പുണ്യകരമാണ്. ഇബ്‌നു സിരീന്‍ പറയുന്നു: ‘ഞാന്‍ ആയിരം ദിര്‍ഹം വിലയുള്ള ഈത്തപ്പന മുറിച്ച് അതിന്റെ പൊങ്ങ് തുരന്നെടുത്തു. രണ്ട് ദിര്‍ഹം വിലയുള്ള പൊങ്ങിന് വേണ്ടി ഇത്ര വിലയുള്ള ഈത്തപ്പന തുരന്നതെന്തിനാണെന്ന് എന്നോട് ഒരാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: എന്റെ ഉമ്മ അത് ആവശ്യപ്പെട്ടതുകൊണ്ടാണത്. അവര്‍ ഇതിനേക്കാള്‍ കൂടുതല്‍ ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ ചെയ്യുക തന്നെ ചെയ്യും.’

യാത്രയോ ജോലിയോ ആവശ്യാര്‍ത്ഥം ഉമ്മയില്‍ നിന്ന് മാറിതാമസിക്കുന്നത് അവരെ മറക്കുന്നതിനും അവരോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതിനും കാരണമാവരുത്. അവര്‍ താമസിക്കുന്നത് സഹോദരനോടൊപ്പമാണെന്നതോ, ഉപ്പയോടൊപ്പമാണെന്നതോ അതില്‍ നിന്ന് ഒഴിവാകാനുള്ള ന്യായീകരണമല്ല. ദൂരസ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ അവരെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൊടുക്കുകയും വേണം. അവര്‍ക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുകയും വേണം. മരണം അവരോടുള്ള നന്മകള്‍ അവസാനിപ്പിക്കുന്നതിനുള്ള കാരണമല്ല.

മാതാക്കളെ അവഗണിക്കുന്ന പ്രവണത വളരെ വര്‍ദ്ധിച്ചിരിക്കുകയാണിന്ന്. അവരെക്കാള്‍ ഭാര്യക്കും മക്കള്‍ക്കുമാണ് പരിഗണന നല്‍കുന്നത്. പൊതുവെ ഉമ്മമാര്‍ ഉപ്പമാരെക്കാള്‍ ദുര്‍ബലരായിരിക്കും. പിതാവിനോട് ചെയ്യാന്‍ ധൈര്യപ്പെടാത്തത് സന്താനങ്ങള്‍ മാതാവിനോട് ചെയ്യാന്‍ ധൈര്യം കാണിക്കുന്നു. അതുകൊണ്ടു തന്നെയാണ് അവരെ പ്രത്യേകമായി പ്രവാചകന്‍ എടുത്തു പറഞ്ഞിട്ടുള്ളത്. ‘മാതാക്കളെ വെറുപ്പിക്കുന്നത് അല്ലാഹു വിരോധിച്ചിരിക്കുന്നു.’ വന്‍കുറ്റങ്ങളുടെ കൂട്ടത്തിലാണ് പണ്ഢിതന്‍മാര്‍ അതിനെ എണ്ണിയിട്ടുള്ളത്. ഐശ്ചിക നമസ്‌കാരത്തിലാണ് ഉമ്മ വിളിക്കുന്നതെങ്കില്‍ പോലും അതിന് മറുപടി നല്‍കണമെന്നു പറഞ്ഞ പണ്ഢിതന്‍മാരുണ്ട്. ഒരാള്‍ തന്റെ ഫോണില്‍ സംസാരിക്കെ ഉമ്മ വിളിക്കുമ്പോള്‍ അതിന് മറുപടി നല്‍കാതിരിക്കുന്നത് എത്ര ഗൗരവമുള്ള തെറ്റാണെന്ന് നാം ഇതില്‍ നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്. പ്രായമേറുമ്പോള്‍ മാതാക്കള്‍ അവരുടെ ആവശ്യങ്ങള്‍ പറയാന്‍ ലജ്ജിക്കുകയെന്നത് സാധാരണ സംഭവിക്കാറുള്ളതാണ്. അപ്പോള്‍ കണ്ടറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്.
( കടപ്പാട് )

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles