Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും മാനുഷിക വികാരങ്ങളും

smily.jpg

ഇസ്‌ലാമിന്റെ അടിസ്ഥാനമാണ് ഉല്‍കൃഷ്ഠ സ്വഭാവഗുണങ്ങള്‍. മുഹമ്മദ് നബി(സ)യുടെ നിയോഗത്തിന്റെ പ്രധാന ലക്ഷ്യവും അതു തന്നെയായിരുന്നു. ഉത്തമ സ്വഭാവത്തിനുടമ എന്ന് ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ വെറുപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല ഇസ്‌ലാം ഉദ്ദേശിക്കുന്നത്. ആളുകളുടെ വികാരങ്ങളെ പരിഗണിക്കുന്നവനായിരിക്കണം വിശ്വാസി. ജീവിക്കുന്ന ഹൃദയത്തിനുടമയായ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപാടുകളിലുമത് പ്രതിഫലിക്കുകയും ചെയ്യും. ജനങ്ങളുടെ വികാര വിചാരങ്ങളെ പരിഗണിക്കാനായി ഇസ്‌ലാം ചില അടിസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

1. സംസാരത്തില്‍ മാന്യത പുലര്‍ത്തുക: സംസാരത്തില്‍ സൗമ്യതയും നൈര്‍മല്യവും കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നബി(സ)യോട് കല്‍പ്പിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അവിടത്തെ അനുയായികള്‍ പിരിഞ്ഞു പോകുമെന്ന മുന്നറിയിപ്പും നല്‍കുന്നു. ആളുകളോട് നല്ലതു പറയാനാണ് നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്. ശാപവാക്കുകള്‍, കുത്തുവാക്ക്, അശ്ലീലം തുടങ്ങിയവയൊന്നും വിശ്വാസിക്ക് ഭൂഷണമല്ല എന്നാണ് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

നല്ല സംസാരത്തിന്റെ ഉദാത്തമായ മാതൃകയാണ് നബി(സ) കാണിച്ചു തരുന്നത്. ഒരിക്കല്‍ നബി(സ) വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു വിഭാഗത്തെ കുറിച്ച് പറഞ്ഞു. ആ സദസിലുണ്ടായിരുന്ന ഉകാശ(റ) ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ടു. നീ അവരില്‍ പെട്ടവനാണെന്ന മറുപടി കൊടുത്തപ്പോള്‍ സദസില്‍ നിന്നു മറ്റൊരാള്‍ കൂടി അതേ ആവശ്യം ഉന്നയിച്ചു. ഉകാശ നിന്നെ മുന്‍കടന്നിരിക്കുന്നു എന്ന മറുപടിയാണദ്ദേഹത്തിന് നബി(സ) നല്‍കിയത്.
പ്രസ്തുത സംഭവത്തെ കുറിച്ച് ഖാദി ഇയാദ് പറുയന്നുണ്ട്. ‘പ്രവാചകനോട് രണ്ടാമത് ആവശ്യം ഉന്നയിച്ചയാള്‍ ആ പദവിക്ക് യോഗ്യനായിരുന്നില്ല. ഉകാശക്കുണ്ടായിരുന്ന സ്വഭാവഗുണങ്ങള്‍ അയാളില്‍ ഇല്ലായിരുന്നു. അദ്ദേഹം മുനാഫിഖായിരുന്നു എന്നും അഭിപ്രായമുണ്ട്. നീ അതിന് അര്‍ഹനല്ലെന്ന് അദ്ദേഹത്തിന് പറയാമായിരുന്നിട്ടും നബിതിരുമേനി അരോചകമായതും മടുപ്പുളവാക്കുന്നതുമായ വാക്കുകള്‍ ഉപയോഗിച്ചില്ല. അത്തരത്തില്‍ പറയാതിരുന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ മഹത്വം.’ ചോദ്യകര്‍ത്താവിന് പ്രതികൂലമായ മറുപടിയാണെങ്കിലും അവരെ വേദനിപ്പിക്കാത്ത ശൈലിയായിരുന്നു പ്രവാചകന്‍ ഉപയോഗിച്ചത്.
2. വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക: മറ്റുള്ളവരെ കുറിച്ച് വിധിപുറപ്പെടുവിക്കാനുള്ള ധൃതി വെറുക്കപ്പെട്ട കാര്യമാണ്. അത്തരക്കാര്‍ തെറ്റിലകപ്പെടുകയും മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തുകയുമാണ് ചെയ്യുന്നത്. തെറ്റുചെയ്തവരോട് വിട്ടുവീഴ്ച്ച കാണിക്കാനാവശ്യപ്പെടുന്ന ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്ന് വളരെ വിദൂരമാണത്. അതുകൊണ്ടു തന്നെ ഈ സ്വഭാവം വിശ്വാസിയിലുണ്ടായിരിക്കരുത്.
പ്രവാചക ജീവിതത്തില്‍ ഇതിന് വളരെയേറെ മാതൃകകളുണ്ട്. ഒരിക്കല്‍ നബി(സ) അലി(റ), സുബൈര്‍(റ), മിഖ്ദാദ്(റ) എന്നീ സഹാബിമാരെ ചാരപ്രവര്‍ത്തനം നടത്തിയ ഒരു സ്ത്രീയുടെ അടുത്തേക്ക് അയച്ചു. അവരുടെ അടുത്ത് നിന്നും ആ കത്ത് വാങ്ങിവരാന്‍ അവരോട് ആവശ്യപ്പെട്ടു. കത്ത് കൊടുക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുടിക്കെട്ടില്‍ നിന്ന് അതെടുത്തു കൊടുത്തു. അവര്‍ അത് പ്രവാചക സന്നിധിയിലെത്തിച്ചു. ഹാതിബ് ബ്‌നു അബീ ബല്‍ത മുശ്‌രിക്കുകള്‍ക്കെഴുതിയതായിരുന്നു അത്. പ്രവാചകനെ കുറിച്ച ചില വിവരങ്ങളായിരുന്നു അതിലെ ഉള്ളടക്കം. അതെന്താണെന്ന് റസൂല്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ, എന്റെ കാര്യത്തില്‍ അങ്ങ് ധൃതി കാണിക്കരുത്. ഖുറൈശികളില്‍ പെട്ടവനല്ലെങ്കിലും അവരോട് ചേര്‍ന്ന് ജീവിക്കുന്നവനാണ് ഞാന്‍. താങ്കളോടൊപ്പം ഹിജ്‌റ ചെയ്ത ആളുകള്‍ക്ക് മക്കയില്‍ അവരുടെ കുടുംബങ്ങളെയും സമ്പത്തും സംരക്ഷിക്കാന്‍ അവരുടെ ബന്ധുക്കളുണ്ട്. അവരോട് നല്ലനിലയില്‍ വര്‍ത്തിച്ച് എന്റെ ബന്ധുക്കളുടെ സംരക്ഷണം ഉദ്ദേശിച്ചാണ് അപ്രകാരം ചെയ്തത്. നിഷേധമോ മതപരിത്യാഗമോ കാരണമല്ല.’ അപ്പോള്‍ അതിനോട് നബി(സ) പ്രതികരിച്ചത് ‘താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു’ എന്നായിരുന്നു. ഉമര്‍(റ) അദ്ദേഹത്തെ വധിക്കുന്നതിനായി വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, അദ്ദേഹം ബദ്‌റില്‍ പങ്കെടുത്തയാളാണ്. അല്ലാഹു ബദറില്‍ പങ്കെടുത്തവരോട് നിങ്ങള്‍ ഇഷ്ടമുള്ളത് പ്രവര്‍ത്തിച്ചു കൊള്ളുക, നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് പറഞ്ഞാലോ.’
നബി(സ) മക്ക ജയിച്ചടക്കുന്നതിനായി വരുന്നുണ്ടെന്ന വാര്‍ത്ത ശത്രുക്കളെ അറിയിക്കുകയാണ് ഹാതിബ് ചെയ്യാന്‍ ശ്രമിച്ചത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും വഞ്ചിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ചെയ്തത് തെറ്റുതന്നെയായിരുന്നു. എന്നിട്ടുപോലും പ്രവാചകന്‍ അതിനോട് പ്രതികരിച്ചത് ഉന്നതമായ മാതൃകയിലാണ്. അദ്ദേഹത്തോട് പരുഷമായി പെരുമാറുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല.
ഒരിക്കല്‍ ഒരു ഗ്രാമീണവാസി പള്ളിയില്‍ മൂത്രമൊഴിച്ചു. അതു കണ്ട ആളുകള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്യാനൊരുങ്ങിയപ്പോള്‍, അദ്ദേഹത്തെ വെറുതെ വിട്ട് ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് അവിടം വൃത്തിയാക്കാനാണ പ്രവാചകന്‍ അവരോട് കല്‍പ്പിച്ചത്. ആളുകള്‍ക്ക് പ്രയാസമുണ്ടാക്കാനല്ല അവര്‍ക്ക് സൗകര്യമൊരുക്കാനാണ് നിങ്ങളെ അയച്ചിരിക്കുന്നതെന്ന് അവരോട് പറയുകയും ചെയ്തു. മൂത്രമൊഴിക്കാനാരംഭിച്ച അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയാണ് നബി(സ) ചെയ്തത്. പിന്നീട് ആ സ്ഥലം വൃത്തിയാക്കാനാണ് അനുയായികളോട് കല്‍പ്പിച്ചത്. അതിനു ശേഷം പ്രവാചകന്‍ അയാളെ വിളിച്ച് പറഞ്ഞു: ‘മാലിന്യവും വൃത്തികേടുകളും പള്ളികള്‍ക്ക് ചേര്‍ന്നതല്ല. നമസ്‌കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് അവ.’
മുആവിയത് ബിന്‍ ഹകം അദ്ദേഹത്തിന്റെ തന്നെ ഒരു അനുഭവം വിവരിക്കുന്നുണ്ട്. നമസ്‌കാരത്തില്‍ ഒരാള്‍ തുമ്മിയപ്പോള്‍ അദ്ദേഹം ‘അല്‍ഹംദു ലില്ലാഹ്’ എന്നു പറഞ്ഞു. അതിന്റെ പേരില്‍ ആളുകള്‍ ആക്ഷേപാര്‍ത്ഥത്തില്‍ നോക്കുകയും തുടയില്‍ അടിച്ചു നിശബ്ദനാക്കുകയും ചെയ്തു. നമസ്‌കാര ശേഷം പ്രവാചകന്‍ പറഞ്ഞു: ‘നമസ്‌കാരത്തില്‍ സംസാരിക്കാന്‍ പാടില്ല. അത് തസ്ബിഹും തക്ബീറും ഖുര്‍ആന്‍ പാരായണവുമാണ്.’ നബി(സ)യേക്കാള്‍ നല്ല ഒരു അധ്യാപകനെ മുമ്പോ ശേഷമോ കണ്ടിട്ടില്ല. എന്നെ വെറുക്കുകയോ അടിക്കുകയോ ആക്ഷേപിക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല എന്ന് മുആവിയ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സമാനാര്‍ത്ഥമുള്ള വേറെയും ഹദീസുകളുണ്ട്.

3.ഗുണകാംക്ഷയുടെ രീതിശാസ്ത്രം മനസിലാക്കുകവിശ്വാസിയുടെ സവിശേഷതയായാണ് ഗുണകാംക്ഷയെ ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുള്ളത്. ഒരു മുസ്‌ലിം തന്റെ സഹോദരന്റെ കണ്ണാടിയായിരിക്കണം. അവനില്‍ വല്ല നന്മയും കണ്ടാല്‍ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുയും വേണം. തുടര്‍ന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രചോദനമേകുകയും ചെയ്യണം. അവനില്‍ വല്ല പിഴവോ തെറ്റോ കണ്ടാല്‍ അതിനെ തടയുകയും വേണം.

ഉപദേശിക്കപ്പെടുന്നവനില്‍ തിരുത്തപ്പെടേണ്ട ന്യൂനതയോ കുഴപ്പമോ ഉണ്ടായിരിക്കും. ശാന്തവും ഏകാന്തവുമായ അന്തരീക്ഷത്തിലല്ലാതെ ഒരു വ്യക്തിയും അത് അംഗീകരിക്കുകയില്ല. വളരെ രഹസ്യമായി നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഉപദേശം ഫലം ചെയ്യുകയുള്ളൂ. ഉപദേശിക്കുന്നവന്‍ തന്റെ സഹോദരനെതിരെ പിശാചിനെ സഹായിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്റെ സഹോദരനെ ഉപദേശിക്കുന്നവന്‍ പിശാചിനെ സഹായിക്കുകയാണ് ചെയ്യുന്നത്. അവനിലേക്കുള്ള നന്മയുടെ വാതിലുകള്‍ അടക്കുകയും പിശാചിനെ ഉണര്‍ത്തുകയും മാത്രമായിരിക്കും അതിന്റെ പരിണിതി. അത്തരം ഉപദേശങ്ങള്‍ സ്വീകരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഒരാള്‍ തന്റെ സഹോദരനെ ഉപദേശിക്കുന്നത് പ്രകടമായ രീതിയിലായിരിക്കരുത.്; സൂചനയിലൂടെയായിരിക്കണം. കുറ്റപ്പെടുത്തി കൊണ്ടാവരുത്; ശരിപ്പെടുത്തിക്കൊണ്ടായിരിക്കണം. ഇമാം ശാഫിഈ പറഞ്ഞു: ‘രഹസ്യമായി തന്റെ സഹോദരനെ ഉപദേശിച്ചവന്‍ അവനെ ഗുണകാംക്ഷിക്കുകയും അലങ്കരിക്കുയും ചെയ്തിരിക്കുന്നു. പരസ്യമായി ഉപദേശിക്കുന്നവന്‍ വഷളാക്കുകയും വികൃതമാക്കുകയും ചെയ്തിരിക്കുന്നു.’
4. വീഴ്ചകള്‍ക്കു പിന്നാലെ പോകാതിരിക്കുക: മനുഷ്യരെന്ന നിലക്ക് ആളുകള്‍ക്ക് സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ അവഗണിക്കുന്നത് മാനുഷിക വികാരങ്ങളെ പരിഗണിക്കുന്നതിന്റെ ഭാഗമാണ്. നബി(സ) തന്റെ ഭാര്യമാരില്‍ ചിലരോട് പറഞ്ഞ രഹസ്യം മറ്റുചിലര്‍ ചുഴിഞ്ഞന്വേഷിക്കാന്‍ ശ്രമിച്ചതിനെ ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്.
5. സംസാരത്തില്‍ മര്യാദ പുലര്‍ത്തുക: രഹസ്യം പറയുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുതെന്ന് ഖുര്‍ആന്‍ നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ആളുകളുള്ള അവസരത്തില്‍ രണ്ടാളുകള്‍ മാത്രം രഹസ്യം പറയുന്നത് വിലക്കിയ പ്രവാചകന്റെ അനുയായികളാണ് നാമെന്നത് മറക്കരുത്. മൂന്നാമത്തെ ആളിന് തന്നെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണോ എന്ന് തെറ്റിദ്ധാരണക്കാനാണത് കാരണമാവുക.
6. അനുവാദം വാങ്ങല്‍: അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം ഖുര്‍ആന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ‘അന്യ വീട്ടില്‍ ആരെയും കണ്ടില്ലെങ്കിലും സമ്മതം കിട്ടുന്നതുവരെ പ്രവേശിക്കരുത്. നിങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടാല്‍ അവിടെ നിന്ന് മടങ്ങണം. അതാണ് നിങ്ങള്‍ക്കേറെ ഉചിതമായ സംസ്‌കാരം.’ മൂന്നുതവണ അനുവാദം ചോദിച്ചിട്ടും അനുവാദം കിട്ടിയില്ലെങ്കില്‍ മടങ്ങണമെന്ന് റസൂല്‍(സ) പറഞ്ഞത് ഇതിന്റെ വ്യാഖ്യാനമാണ്. മൂന്നുതവണ അനുവാദം ചോദിച്ചിട്ടും ലഭിക്കാത്ത സ്ഥലത്ത് ഒരാള്‍ പ്രവേശിക്കുന്നുവെങ്കില്‍ മാനുഷിക വികാരങ്ങള്‍ തീരെ പരിഗണിക്കാത്തവനായിട്ടേ അവനെ മനസിലാക്കാനാവൂ.
7. മരിച്ചവരെ ആക്ഷേപിക്കരുത്: മരിച്ചവരെ ആക്ഷേപിക്കുന്നത് ഇസ്‌ലാം വിലക്കിയതാണ്. അവരെ സ്‌നേഹിക്കുന്ന ഏവരെയുമത് വേദനിപ്പിക്കും. ‘മരിച്ചവരെ നിങ്ങള്‍ ചീത്തപറയരുത്. അവര്‍ പ്രവര്‍ത്തിച്ചതിലേക്ക് അവര്‍ എത്തിയിരിക്കുന്നു.’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
8. ദുര്‍ബലരുടെയും രോഗികളുടെയും വികാരങ്ങള്‍ പരിഗണിക്കുക: എല്ലാ മനുഷ്യരുടെയും വികാരങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്. രോഗികളുടെയും ദുര്‍ബലരുടെയും ആവശ്യക്കാരുടെയും വികാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്.
മുആദ്(റ) ഒരിക്കല്‍ ഇശാഅ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സൂറത്തുല്‍ ബഖറ പാരായണം ചെയ്തു തുടങ്ങിയ നമസ്‌കാരം വളരെ ദീര്‍ഘിച്ചു. പിന്തുടര്‍ന്നിരുന്നവരില്‍ ഒരാള്‍ മാറി ഒറ്റക്ക് നമസ്‌കരിച്ചു. അവിടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തോട് ‘താങ്കള്‍ മുനാഫിഖായോ?’ എന്നു ചോദിച്ചു. അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ ചെന്നു മുആദ്(റ)നെ കുറിച്ച് പരാതി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘മുആദ്, താങ്കള്‍ പ്രശ്‌നക്കാരനാവുകയാണോ?’ രോഗികളും ദുര്‍ബലരായവരും നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലുണ്ടാകും. അവരെ പരിഗണിച്ചാണ് നമസ്‌കാരം ലഘൂകരിക്കണമെന്ന് പ്രവാചകന്‍ കല്‍പ്പിച്ചത്.
ആളുകളുടെ വികാരങ്ങളെ പരിഗണിക്കുമ്പോള്‍ സ്‌നേഹവും ഇണക്കവും വര്‍ദ്ധിക്കുന്നതിനത് കാരണമാകും. നമ്മുടെ വികാരങ്ങളെ പരിഗണിച്ച ഒരാളുടെ നിലപാടിനെ നാമൊരിക്കലും മറക്കുകയില്ല. ഒരു വിശ്വാസി എപ്പോഴും സഹജീവികളുടെ വികാര വിചാരങ്ങള്‍ പരിഗണിക്കുന്നവനായിരിക്കും.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles