മുസ്‌ലിങ്ങളും അമുസ്‌ലിങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന സമസ്യയാണ് ബഹുഭാര്യത്വം.ആധുനികവും പൗരാണികവുമായ ഇസ്‌ലാമിക പണ്ഡിതര്‍ക്കിടയില്‍ ഇതിന്റെ പ്രായോഗികരീതിയുമായി ബന്ധപ്പെട്ട് ശക്തമായസംവാദങ്ങള്‍ നടന്നിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ക്രിമിനല്‍ റിസര്‍ച്ചിന്റെ സെന്‍സസനുസരിച്ച് മുപ്പത് വയസ്സ് തികഞ്ഞ മുപ്പത്‌ലക്ഷം അവിവാഹിതരായ ഈജിപ്ഷ്യന്‍ സ്ത്രീകളനുഭവിക്കുന്ന പ്രതിസന്ധിക്കുള്ള പ്രധാനപരിഹാരമായി നിരീക്ഷകര്‍ മുന്നോട്ട് വെക്കുന്നത് ബഹുഭാര്യത്വമാണ്. അതേ സമയംതന്നെ ഫെമിനിസ്റ്റുകളും ഇടത് മതേതരവാദികളും ഇസ്‌ലാമികനിയമങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണവുമായി രംഗത്തുണ്ട്.
തുണീഷ്യയില്‍ നിലവിലെ നിയമമനുസരിച്ച് രണ്ടാംവിവാഹം കുറ്റകൃത്യമാകുന്നു. ഈയിടെ രസകരമായ പത്രവാര്‍ത്ത ശ്രദ്ധയില്‍പെടുകയുണ്ടായി. ഒരാളുടെ കൂടെയുള്ള അപരസ്ത്രീയെ രണ്ടാം ഭാര്യയെന്ന പേരില്‍ പിടികൂടി കോടതിയില്‍ ഏല്‍പിച്ചു. എന്നാല്‍ അവള്‍ എന്റെ ഗേള്‍ ഫ്രണ്ടാണെന്ന വിശദീകരണത്താല്‍ കോടതി അവരെ നിരപരാധിയായി പ്രഖ്യാപിക്കുകയുണ്ടായി!.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം വിവാഹം കഴിക്കണമെങ്കില്‍ ഒന്നാം ഭാര്യയുടെ അനുമതിപത്രം വേണമെന്ന 1983ലെ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ധാരാളം സ്ത്രീകള്‍ രംഗത്തുവന്നിരിക്കുന്നു. കാരണം ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്ന അധിക പേരും മതനിയമങ്ങള്‍ക്ക് വിരുദ്ധമായിക്കൊണ്ട് ഗേള്‍ ഫ്രണ്ടുകളും കാമുകിമാരുമായിമായി ജീവിക്കുന്നവരാണ്. ചില മുസ്‌ലിംരാഷ്ട്രങ്ങളില്‍ ഇതിന് ശക്തമായ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു. ചില നിയന്ത്രണങ്ങള്‍ കുറ്റകൃത്യങ്ങളുടെ പദവിയില്‍ വരെ എത്തിനില്‍ക്കുന്നതാണ്. ബഹുഭാര്യത്വം നിരോധിക്കുക വഴി മിക്ക പശ്ചാത്യരാജ്യങ്ങളും അനേകം പ്രതിസന്ധികള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ വര്‍ദ്ധിച്ചുവരുന്ന വ്യഭിചാരവും അധാര്‍മികതയും എല്ലാ സീമകളും ലംഘിച്ചിരിക്കുന്നതിനാല്‍ ഈ നിയമങ്ങളില്‍ ഭേദഗതിവരുത്താന്‍ അവര്‍ മുറവിളികൂട്ടിക്കൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് ചരിത്രകാരനായ ജോസ്താന്‍ ലോബോന്‍ പറയുന്നു: ‘കുടുംബഭദ്രതയും ധാര്‍മികനിലവാരവും ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ പൗരസ്ത്യരാജ്യങ്ങളിലുള്ള ബഹുഭാര്യത്വവ്യവസ്ഥ അനുകരണീയമാണ്. യൂറോപ്പില്‍ അനുഭവഭേദ്യമാകാത്ത ആദരണീയതയും സുരക്ഷിതത്വവും ഈ വ്യവസ്ഥ സ്ത്രീകള്‍ക്ക് പ്രദാനം ചെയ്യുന്നു. നിയമാനുസൃതമായ സുരതക്ഷിതബന്ധങ്ങളാണ് അത് പ്രോല്‍സാഹിപ്പിക്കുന്നത്. എന്ത് കൊണ്ടാണ് യൂറോപ്യര്‍ ബഹുഭാര്യത്വത്തിന് നിയമാനുസൃതം നല്‍കാത്തത്? എന്റെ അഭിപ്രായത്തില്‍ നിലവില്‍ ബഹുഭാര്യത്വമാണ് ഏറ്റവും അഭികാമ്യമായ വ്യവസ്ഥ.’
ബഹുഭാര്യത്വത്തിനുള്ള നിബന്ധനകള്‍
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് മുഹമ്മദ് ഹുസൈന്‍ ഈസ പറയുന്നു: ‘ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ നിരവധിസമൂഹങ്ങളില്‍ ബഹുഭാര്യത്വവ്യവസ്ഥ നിലനിന്നിരുന്നു. പക്ഷെ അതിന് നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. ഇസ്‌ലാം അതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ചെയ്തത്. ഗൈലാനുസ്സഖഫി ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന് പത്ത് ഭാര്യമാരുണ്ടായിരുന്നു. നബി(സ)അദ്ദേഹത്തോട് പറഞ്ഞു’അതില്‍ നാലെണ്ണം മാത്രം നിലനിര്‍ത്തുക’. പക്ഷെ പ്രവാചകന്‍(സ)ഒമ്പത് ഭാര്യമാരെ സ്വീകരിച്ചിരുന്നത് ജീവിതകാലത്ത് അദ്ദേഹത്തിന്റെ പ്രബോധനാവശ്യാര്‍ത്ഥവും വിയോഗശേഷം മുസ്‌ലിം സമൂഹം അവരെ അവലംബിക്കാനുമായിരുന്നു.’
ഇസ്‌ലാം ബഹുഭാര്യത്വത്തിന് പ്രധാനമായും നിശ്ചയിച്ച നിബന്ധന ഭാര്യമാര്‍ക്കിടയില്‍ നീതിപാലിക്കുക എന്നതാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചെലവ് തുടങ്ങിയവയെല്ലാം നീതിപൂര്‍വ്വകമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ആ്ത്മവിശ്വാസമുള്ളവര്‍ക്കാണ് ഇത് അനുവദിച്ചത്. ‘നീതിപുലര്‍ത്താന്‍ കഴിയുകയില്ല എന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (ഖുര്‍ആന്‍:4:3) നബി(സ)പറഞ്ഞു ‘ഒരാള്‍ രണ്ട് യുവതികളെ വിവാഹം കഴിക്കുകയും പിന്നീട് ഒരാളിലേക്ക് മാത്രം ചായുകയും ചെയ്യുകയാണെങ്കില്‍ പരലോകത്ത് ഒരുഭാഗം വലിച്ചിഴച്ചു അവനെ കൊണ്ടുവരപ്പെടും.’ ചായല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് അവകാശങ്ങള്‍ നിര്‍വ്വഹിക്കുന്നതിലുള്ള അനീതിയാണ്, മറിച്ച് മാനസികമായ ചെറിയ വ്യതിയാനങ്ങളല്ല. അവിടെ പൂര്‍ണനീതി അസാധ്യമാണ് ‘നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്ല്യനീതി പാലിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്‍ നിങ്ങള്‍ ഒരാളിലേക്ക് പൂര്‍ണമായി തിരിയരുത്.'(ഖുര്‍ആന്‍ :4:129). ഇതിനാല്‍ നബി(സ)ഭാര്യമാര്‍ക്കിടയില്‍ നീതിപൂര്‍വ്വകമായിരുന്നു എല്ലാം വിഭജിച്ചത്.
ബഹുഭാര്യത്വം അനുവദനീയമാക്കിയതിലെ യുക്തി
പ്രകൃതിപരമായി തന്നെ ചില സ്ത്രീകള്‍ക്ക് വന്ധ്യതയായിരിക്കും. സന്താനലബ്ദി എല്ലാവരുടെയും അഭിലാഷമാണ്. മറ്റുചിലര്‍ നിത്യരോഗികളായിരിക്കും. ഇത്തരം സന്ദര്‍ഭത്തില്‍മറ്റൊരു പത്‌നിയെ സ്വീകരിച്ചുകൊണ്ട് ഇവര്‍ക്ക് സംരക്ഷണം നല്‍കലാണ് ഇരുവര്‍ക്കും കരണീയമായിട്ടുള്ളത്. ചില അടിയന്തരാവസ്ഥകളില്‍ യുദ്ധം മുഖേനയോ മറ്റോ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും പുരുഷന്‍മാരുടെ എണ്ണം കുറയുകയും ചെയ്യുക. അത്തരം സന്ദര്‍ഭങ്ങളില്‍ അരാചകത്വവും അധാര്‍മികതയും വ്യഭിചാരവും വ്യാപകമാവാനും കുടുംബഭദ്രത തകരാനുമുള്ള സാധ്യതകൂടുതലാണ്. ഈ സാഹചര്യങ്ങളിലും മറ്റെല്ലാ കാലത്തേക്കുമുള്ള സമസ്യകള്‍ക്കും ദൈവികമായ പരിഹാരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
സ്ത്രീയുടെ അനുവാദം
രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ അനുവാദം നിര്‍ബന്ധമുണ്ടോ?
ശൈഖ് മുഹമ്മദ് ഹുസൈന്‍ പറയുന്നു.അലി(റ) ഫാത്തിമ (റ)ക്ക് പുറമെ അബൂജഹ്‌ലിന്റെ മകളെയും വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ നബി(സ) വിമുഖത പ്രകടിപ്പിച്ചു. കാരണം നബി(സ)യുടെ മകളെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവിന്റെ മകളെയും ഒരാളുടെ കീഴില്‍ വരുന്നത് പ്രവാചകന്‍ തൃപ്തിപ്പെട്ടില്ല. എന്നാല്‍ അലി(റ), ഫാത്തിമ(റ)യുടെ വിയോഗാനന്തരം രണ്ടുഭാര്യമാരെ ഒരേസമയം സ്വീകരിച്ചിരുന്നതായി കാണാം. ഈ ചരിത്രത്തില്‍ നിന്നും അനുവാദം ലഭിച്ചതിനു ശേഷം മാത്രമേ അലി(റ)മറ്റുള്ളവരെ വിവാഹം ചെയ്തതെന്ന് മനസ്സിലാക്കാം. പക്ഷെ ഈ അനുവാദംതേടല്‍ നിര്‍ബന്ധഘടകമല്ല, മറിച്ച് സദ്ഭാവനയുടെ ഭാഗമാണ്. ചുരുക്കത്തില്‍ ആദ്യ ഇണയുടെ അനുവാദത്തോടെയും അറിവോടെയും മറ്റുള്ളവരെ സ്വീകരിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.
വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്