Current Date

Search
Close this search box.
Search
Close this search box.

ഇണകളോടുള്ള സഹവര്‍ത്തിത്വം: പ്രവാചക മാതൃക

penguin.jpg

നബി തിരുമേനി(സ)യും ഭാര്യമാരും തമ്മിലുള്ള ബന്ധം

മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലായിരുന്നു പ്രവാചകന്‍ (സ)യുടെ ഉന്നതമായ പെരുമാറ്റഗുണങ്ങള്.ഭാര്യമാരോടും, കുട്ടികളോടുമുള്ള ഇടപഴകലുകളില്‍ ശ്രേഷ്ടകരമായ രീതി അദ്ദേഹം സമര്‍പ്പിച്ചു. അനുയായികളോടുള്ള പെരുമാറ്റവും വ്യത്യസ്തമായിരുന്നില്ല. ഓരോ അനുചരന്റെയും ഹൃദയം സ്പര്‍ശിക്കുമാറ് അവര്‍ക്കനുയോജ്യമായ ശൈലികളും രീതികളുമാണ് അദ്ദേഹം അവലംബിച്ചത്. അത് കൊണ്ട് തന്നെ അവര്‍ തങ്ങളെക്കാളും അഗാധമായി പ്രവാചകനെ സ്‌നേഹിച്ചു. ഇപ്രകാരം തന്നെയായിരുന്നു തിരുമേനി (സ) തന്റെ സൈന്യത്തോടും സഹവര്‍ത്തിച്ചിരുന്നത്. ഉന്നതമായ മൂല്യങ്ങള്‍ ഹൃദയത്തില്‍ നിക്ഷേപിച്ച അധ്യാപകനും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം. മനുഷ്യ ചരിത്രത്തിന് ചിരപരിചിതമായ എല്ലാ മൂല്യങ്ങള്‍ക്കും മുകളിലായിരുന്നു അവ.

മനുഷ്യനെ ആണും പെണ്ണുമായി അല്ലാഹു സൃഷ്ടിച്ചു. അവരെ ഇണകളാക്കി സംവിധാനിച്ചത് അവന്റെ മഹത്തായ ദൃഷ്ട്ാന്തങ്ങളില്‍ ഒന്നായിരുന്നു. അല്ലാഹു തന്നെ പറയുന്നു. ‘നിങ്ങള്‍ക്ക് ശാന്തത ലഭിക്കാന്‍ നിങ്ങളില്‍ നിന്നുള്ള ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ കരുണയും സ്‌നേഹവും പ്രദാനം ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ചിന്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയായും ദൃഷ്ടാന്തമുണ്ട്.’
വിശുദ്ധ ഖുര്‍ആന്റെ ഈ ആശയത്തിന്റെ പ്രായോഗിക രൂപമായിരുന്നു നബി തിരുമേനിയുടെ ദാമ്പത്യ ജീവിതം. അതിനാലാണ് തന്റെ അനുചരര്‍ക്ക് സ്ത്രീയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ധാരാളമായി നല്‍കിയത്. സ്‌നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഏറ്റവും ഉന്നത സ്വഭാവഗുണങ്ങള്‍ അവരുമായ ഇടപാടുകളില്‍ പുലര്‍ത്തണമെന്ന് അദ്ദേഹം അവര്‍ക്ക് പഠിപ്പിച്ചു. ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍, കുടുംബത്തോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനാണ്.’

നബി തിരുമേനി(സ)യും ഭാര്യമാരും തമ്മിലുള്ള ബന്ധം

നബി തിരുമേനിയുടെ കുടുംബ ജീവിതത്തില്‍ വളരെ മനോഹരവും ഹൃദയസ്പൃക്കുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. പ്രവാചകന്‍ അവരെ ആശ്വസിപ്പിക്കുകയും, വേവലാതി മനസ്സിലാക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഗൃഹങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഉദാത്തമായ മാതൃക അദ്ദേഹം സമര്‍പ്പിച്ചു. അനസ്(റ) നിവേദനം ചെയ്യുന്നു. ഹഫ്‌സ(റ) തന്നെ ജൂത പുത്രി എന്ന് വിളിച്ചതായി സ്വഫിയ്യ(റ) അറിയുകയുണ്ടായി. നബി തിരുമേനി(സ) വന്നപ്പോള്‍ സ്വഫിയ്യ കരയുകയായിരുന്നു. കാര്യമന്വേഷിച്ചറിഞ്ഞ അദ്ദേഹം അവരോട് പറഞ്ഞു. ‘നീ ഒരു പ്രവാചകന്റെ മകളാണ് (പരമ്പരയില്‍പെട്ടവളാണ്), നിന്റെ പിതൃവ്യനും പ്രവാചകനായിരുന്നു, നീ ഒരു പ്രവാചകന്റെ സംരക്ഷണത്തിലാണ്, പിന്നെ എന്ത് കൊണ്ട് നിനക്ക് അവളുടെ മേല്‍ അഭിമാനം കാണിച്ചുകൂടാ.’ പിന്നീട് ഹഫ്‌സയോട് പറഞ്ഞു. ‘അല്ലയോ ഹഫ്‌സാ, നീ അല്ലാഹുവിനെ സൂക്ഷിക്കുക’.
ഒരു ഭര്‍ത്താവ് എന്ന നിലയിലുള്ള പ്രവാചകന്റെ ശീലങ്ങള്‍ ആഇശ(റ) വിശദീകരിക്കുന്നു. ‘നബി തിരുമേനി സ്വയം തന്നെ ചെരുപ്പ് നന്നാക്കുകയും വസ്ത്രം തുന്നുകയും ചെയ്തിരുന്നു’. കാരുണ്യത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും നിര്‍ഗളിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. മറ്റ് മനുഷ്യരെപ്പോലെ ഭാര്യമാരെ സഹായിക്കുന്നതിലും പിന്തുണക്കുന്നതിലും അദ്ദേഹത്തിന് യാതൊരു വിമ്മിഷ്ടവുമുണ്ടായിരുന്നില്ല.
ഒരേ പാത്രത്തില്‍ നിന്നായിരുന്നു പ്രവാചകന്‍ അവരോട് കൂടെ ഭക്ഷണം കഴിച്ചിരുന്നത്. ആഇശ(റ) പറയുന്നു. ‘ഞാന്‍ വെള്ളം കുടിച്ചതിന് ശേഷം ഗ്ലാസ് പ്രവാചകന് നല്‍കും. ഞാന്‍ വായ വെച്ചിടത്ത് തന്നെ വായ വെച്ച് പ്രവാചകന്‍ വെള്ളം കുടിക്കും. ഞാന്‍ മാംസമെടുത്ത് കടിക്കും. അതേസ്ഥലത്ത് തന്നെ പ്രവാചകനും കടിക്കും.’
സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി അവരുടെ കൂടെ ഉല്ലാസത്തിന് വേണ്ടി ഉലാത്താറുണ്ടായിരുന്നു. ഇമാം ബുഖാരി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘രാത്രിയായാല്‍ പ്രവാചകന്‍ ആഇശ(റ)വിന്റെ കൂടെ സംസാരിച്ച് നടക്കാറുണ്ടായിരുന്നു.’
അദ്ദേഹം ഇടക്കിടെ ഭാര്യമാരെ പ്രശംസിക്കാറുണ്ടായിരുന്നു. ആഇശ (റ)യെ പുകഴ്ത്തിക്കൊണ്ട് ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു. ‘ആയിശയും മറ്റ് സ്ത്രീകളും തമ്മിലുള്ള വ്യത്യാസം സാധാരണ ഭക്ഷണവും പാല്‍പായസവും പോലെയാണ്’.
തന്റെ ഭാര്യമാരോടുള്ള കരുണയും ദയയും അദ്ദേഹം മറച്ച് വെച്ചില്ല. സൈനബി(റ)നെ സന്ദര്‍ശിച്ച അദ്ദേഹം രണ്ട് തൂണുകള്‍ക്കിടയില്‍ തൂക്കിയിട്ട കയര്‍ എന്തിനാണെന്നന്വേഷിച്ചു ‘ഇത് സൈനബിന്റെ കയറാണ്. ക്ഷീണിച്ചാല്‍ പിടിക്കാനുള്ളതാണ്’. നബി തിരുമേനി പറഞ്ഞു. ‘അങ്ങനെയല്ല, നിങ്ങളത് അഴിക്കുക. ഊര്‍ജ്ജസ്വലതയോടെയാണ് നമസ്‌കരിക്കേണ്ടത്. ക്ഷീണിച്ചാല്‍ അവര്‍ ഇരിക്കട്ടെ.’
ഭാര്യമാരുടെ വീഴ്ചകള്‍ സഹിക്കുവാനും പൊറുക്കുവാനും അദ്ദേഹം തയ്യാറായിരുന്നു. ഒരിക്കല്‍ നബി തിരുമേനിയെ സന്ദര്‍ശിക്കാനെത്തിയ അബൂ ബകര്‍(റ) വീടിനുള്ളില്‍ നിന്നും ആയിശ ഉച്ചത്തില്‍ കയര്‍ക്കുന്നതായി കേട്ടു. കോപിഷ്ഠനായ അദ്ദേഹം അവരെ അടിക്കുന്നതിന് വേണ്ടി വന്നു. ‘നബി തിരുമേനിക്ക് മേല്‍ ഉച്ചത്തില്‍ സംസാരിക്കുകയോ?’ പ്രവാചകന്‍(സ) അദ്ദേഹത്തെ തടഞ്ഞു. അബൂ ബകര്‍(റ) ദേഷ്യത്തോടെ പോയതിന് ശേഷം റസൂല്‍ പറഞ്ഞു. ‘ഞാന്‍ നിന്നെ ഒരാളില്‍ നിന്നും രക്ഷപ്പെടുത്തിയില്ലേ?’ പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വന്ന അദ്ദേഹം പ്രവാചകനും ആയിശയും സന്തോഷത്തോടെ ജീവിക്കുന്നതായി കണ്ടു.
ഭര്‍ത്താവിന്റെ മേലുള്ള ഭാര്യമാരുടെ ആത്മരോഷത്തെയും പ്രവാചകന്‍ വളരെ കൃത്യമായി പരിഹരിച്ചു. എല്ലാ ഭാര്യമാരെയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്തു. നബി തിരുമേനി(സ) ധാരാളമായി ഖദീജ(റ)യെ കുറിച്ച് പറയാറുണ്ടായിരുന്നത് ആഇശ(റ)യെ ചൊടിപ്പിച്ചു. ആഇശ(റ)യെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവര്‍ മരണപ്പെട്ടിട്ടുണ്ടായിരുന്നു. അവര്‍ തന്നെ ഇതിനെ കുറിച്ച് പറയുന്നു. ‘ഖദീജ(റ)യേക്കാള്‍ മറ്റൊരു ഭാര്യയുടെ വിഷയത്തിലും എനിക്ക് നബി തിരുമേനിയോട് രോഷം തോന്നിയിട്ടില്ല. ഞാന്‍ അവരെ കണ്ടിട്ട് പോലുമില്ല. പക്ഷെ അദ്ദേഹം അവരെ കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. ചിലപ്പോള്‍ ആടറുത്ത് അതിന്റെ മാംസം അവരുടെ കൂട്ടുകാരികള്‍ക്ക് കൊടുക്കുമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ‘ദുന്‍യാവില്‍ ആകെ ഒരു ഖദീജ മാത്രമല്ല ഉള്ളത്’. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘അവള്‍ ബുദ്ധിമതിയും മഹതിയുമായിരുന്നു. എനിക്ക് അവരില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു’.
തന്റെ ഭാര്യമാരില്‍ നിന്നും ചിലപ്പോള്‍ പ്രയാസങ്ങള്‍ സഹിക്കേണ്ടി വന്നിരുന്ന പ്രവാചകന്‍ ഒരിക്കല്‍ പോലും അവരെ തല്ലുമായിരുന്നില്ല. നബി തിരുമേനി ഒരു സ്ത്രീയെയും തല്ലിയിട്ടില്ല എന്ന് ആഇശ(റ) പറയുന്നു. എന്ത് കാരണത്താലായാലും അവര്‍ കരഞ്ഞാല്‍ പ്രവാചകന്‍ ആശ്വസിപ്പിക്കുമായിരുന്നു. ‘സ്വഫിയ്യ(റ) നബിയുടെ കൂടെ ഒരു യാത്ര പുറപ്പെട്ടു. അവര്‍ പിന്നില്‍ വളരെ മെല്ലെയായിരുന്നു നടന്നിരുന്നത്. പ്രവാചകന്‍ നോക്കിയപ്പോള്‍ അവര്‍ കരയുന്നതാണ് കണ്ടത്. സ്വഫിയ പറഞ്ഞുവത്രെ ‘എന്നെ മെല്ലെ നടക്കുന്ന ഒട്ടകപ്പുറത്താണല്ലോ താങ്കള്‍ കയറ്റിയത്’. അപ്പോള്‍ പ്രവാചകന്‍ അവരെ ആശ്വസിപ്പിക്കുകയും കണ്ണീര്‍ തുടക്കുകയും ചെയ്തു.
ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ പല സംഭവങ്ങളിലും പ്രവാചകന്‍(സ) ഭാര്യമാരെ പങ്കെടുപ്പിക്കുകയുണ്ടായി. ഹുദൈബിയയിലെ സംഭവം പ്രശസ്തമാണല്ലോ. നബി തിരുമേനി അനുചരന്‍മാരോട് ബലിയര്‍പ്പിക്കാന്‍ കല്‍പിച്ചെങ്കിലും ഉടമ്പടിയില്‍ അതൃപ്തരായിരുന്ന അവരത് അനുസരിച്ചില്ല. ദുഖത്തോടെ പ്രവാചകന്‍ തന്റെ കൂടാരത്തില്‍ ചെന്ന് അവിടെയുണ്ടായിരുന്ന പത്‌നി ഉമ്മു സലമയോട് കാര്യമവതരിപ്പിച്ചു. അവര്‍ പറഞ്ഞു. ‘താങ്ങള്‍ ആരോടും ഒന്നും ഉരിയാടാതെ സ്വയം തന്നെ ബലിയര്‍പ്പണവും തലമുണ്ഡനവും നിര്‍വഹിക്കുക.’ പ്രവാചകന്‍ അപ്രകാരം ചെയ്തു. ഇത് കണ്ട സഹാബാക്കള്‍ പ്രവാചകനെ അനുകരിച്ചു. അവര്‍ പരസ്പരം തലമുണ്ഡനം നടത്തുകയുമുണ്ടായി. ഈ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ നബി തിരുമേനി പത്‌നി ഉമ്മു സലമയുടെ അഭിപ്രായമാണ് സ്വീകരിച്ചത്. മുസ്‌ലിം സമൂഹത്തിന് മുഴുവനായും പുണ്യകരമായ ഈ തീരുമാനം അവരുടെ ഭാഗത്ത് നിന്നാണ് രൂപപ്പെട്ടത്.
തന്റെ പത്‌നിമാര്‍ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും പ്രവാചകന്‍ നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരുവനും മനസ്സിലാവുന്നതാണ്. എത്ര നല്ല ഭര്‍ത്താവായിരുന്നു മുഹമ്മദ് പ്രവാചകന്‍!

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles