Knowledge

ഉസ്മാന്‍ (റ)വിന്‍റെ കൊലപാതകം: പഠിക്കല്‍ എന്ത് കൊണ്ട് അനിവാര്യമാകുന്നു?

പല പൂര്‍വ്വിക പണ്ഡിതന്മാരും സ്വഹാബികള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നതിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് അവസാനിപ്പിക്കാനും അവരുടെ ബഹുമാനവും സംതൃപ്തിയും കാരണമായി അവരുടെ കാര്യം നീതിമാനായ പടച്ചവനിലേക്ക് ഏല്‍പ്പിക്കാനും കല്‍പ്പിക്കുകയുണ്ടായി. അവര്‍ മുജ്തഹിദീങ്ങളും പ്രതിഫലാര്‍ഹരുമാണ്, ആയതിനാല്‍ അവരെക്കുറിച്ച് ചികഞ്ഞന്വേഷിക്കല്‍ ശരീഅത് പ്രകാരം അവരെ വെല്ലുവിളിക്കുന്നതിന് സമാനമാണെന്ന വിശ്വാസമാണ് അങ്ങനെയൊരു കല്‍പ്പനയിലേക്ക് പണ്ഡിതന്മാരെ പ്രേരിപ്പിച്ചത്. അതില്‍, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ)വിൽ നിന്ന് ഉദ്ധരിക്കപ്പെട്ട സംഭവം ശ്രദ്ധേയമാണ്. സ്വിഫീനിലെ ജനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: ” അത് ദൈവം എന്‍റെ കൈകളില്‍ നിന്ന് ശുദ്ധീകരിച്ച രക്തമാണ്. അതിനാല്‍ എന്‍റെ നാവ് അതില്‍ തട്ടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റൊരാളോട് ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: ‘ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.’ (ബഖറ 134)

ഈ നിരോധനം ന്യായമാണ്. കാരണം അവരെ ആക്ഷേപിച്ചാല്‍ ദൈവകോപത്തിലേക്ക് നയിക്കുമെന്ന ഭയമാണ് ഈ നിരോധനത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, ഈ കാരണം നീങ്ങിയാല്‍ പ്രകടമായി അതില്‍ തെറ്റൊന്നുമില്ലെന്ന് തോന്നുന്നു. അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നതിന്‍റെ വിശദാംശങ്ങള്‍ സംസാരിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നതിന്‍റെ താത്പര്യം അവരെ ഒരു നിലക്കും ആക്ഷേപിക്കുന്നതിന് ഇടവരുത്തുന്നില്ലെങ്കില്‍ അത് പഠിക്കുന്നതില്‍ തെറ്റൊന്നുമില്ല. അതിന്‍റെ കാരണങ്ങള്‍, ഉദ്ദേശങ്ങള്‍, കൃത്യമായ വിശദാംശങ്ങള്‍, ഫലങ്ങള്‍ സ്വഹാബികള്‍ക്കിടയില്‍ അതുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ അന്വേഷണങ്ങള്‍ നടക്കണം. ഇസ്ലാമിക ചരിത്രത്തിലെ ആ നിര്‍ണ്ണായക കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ച് ഇബ്നു കസീര്‍, ത്വബ് രി പോലുള്ള പണ്ഡിതന്മാര്‍ സവിസ്തരം എഴുതിയിട്ടുണ്ട്. അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ വിശദീകരിക്കുന്നിടത്ത് തങ്ങള്‍ക്ക് കിട്ടിയ തെളിവുകള്‍ ആശ്രയിച്ച് ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്നവരും രണ്ട് പക്ഷം ചേര്‍ന്നവരും ഉണ്ട്. പക്ഷെ, പലപ്പോഴും സത്യവും അസത്യവും തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കാനാവാത്ത വിധം കൂടിക്കലര്‍ന്നു.

Also read: വിജയകരമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം

ഇസ്ലാമിന്‍റെ തുടക്കകാലത്ത് നടന്ന ഈ പ്രശ്നങ്ങളുടെ കാരണങ്ങള്‍ അറിയുന്നതിലേക്ക് അറിവന്വേഷകരെ ക്ഷണിക്കുന്നതിന് അതിന്‍റേതായ കാരണങ്ങളുണ്ട്.
സ്വഹാബികളും അനുയായികളും തമ്മിലുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട സമകാലീന സാഹിത്യത്തെ മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു.

1) പാശ്ചാത്യചിന്തയുടെ അളവ്കോല്‍ വെച്ച് ചര്‍ച്ചചെയ്യപ്പെട്ടവ:
ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് അജ്ഞരായവരോ വെറുക്കുന്നവരോ ആയതുകൊണ്ട് തന്നെ അതില്‍ മനോഹരമായതൊന്നും തന്നെ ദൃശ്യമല്ല. അപ്രകാരം, അവര്‍ ഇസ്ലാമിന്‍റെ ശത്രുക്കളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ സ്വഹാബികളെയും അനുയായികളെയും വെല്ലുവിളിക്കാന്‍ തുടങ്ങി. അവര്‍ തര്‍ക്കസംഭവങ്ങളുടെ വിശദാംശങ്ങള്‍ പഠിക്കുകയും ഇസ്ലാമിനെ അതിന്‍റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ പ്രഹരിക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സംഭവങ്ങളെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റി അവരുടെ ദൈവത്തോടുള്ള ആത്മാര്‍ഥതയേയും സ്നേഹത്തെയും ചോദ്യം ചെയ്യുകയും കേവലം നേതൃസ്ഥാനം കൊതിക്കുന്നവരാക്കി ചിത്രീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ രക്തമൊലിപ്പിക്കലും ജീവന്‍ ഹനിക്കുന്നതും അപരന്‍റെ സമ്പാദ്യം മോഷ്ടിക്കുന്നതുമൊക്കെ അനുവദനീയമാക്കിയവരാക്കി അവരെ മാറ്റി.

ത്വാഹാ ഹുസൈന്‍ തന്‍റെ അല്‍ ഫിത്നതുല്‍ കുബ്റാ എന്ന ഗ്രന്ഥത്തില്‍ മുസ്ലിംകളുടെ മനസ്സില്‍ വലിയ പരീക്ഷണമായി ഭവിച്ച സംഭവമാണിതെന്ന് നിരീക്ഷിക്കുന്നുണ്ട്. സ്വഹാബികളുടെ ഈ സംഭവം ഓര്‍ത്ത് ത്വാഹാ ഹുസൈന്‍ വിലപിക്കാറുണ്ടായിരുന്നു. അവരുടെ ഉദ്ദേശ്യങ്ങളെ ചിലപ്പോഴെങ്കിലും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഇസ്ലാമിന്‍റെ ശത്രുക്കളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഇത് സഹായകമായിട്ടുണ്ട്. ത്വാഹാഹുസൈനിന്‍റെ ഈ ഒരു രീതിയെ പലരും സ്വാധീനിച്ചിട്ടുണ്ട്. അത്വബ് രി , ഇബ്നു അസാകിര്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ പരാമര്‍ശിച്ച ചരിത്രവിവരണങ്ങള്‍ ആശ്രയിച്ചുകൊണ്ടാണ് പലരും എഴുതിയത്. എന്നാല്‍ സത്യവും അസത്യവും തമ്മില്‍ പരസ്പരം തിരിച്ചറിയാന്‍ പറ്റാത്തവിധം അവിടിവിടങ്ങളിലായി ഇടകലര്‍ന്നിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തെ ബോധപൂര്‍വ്വം വ്രണപ്പെടുത്തി അബു മഖ്നാഫ്, നാസര്‍ ബിന്‍ മുസാഹിം അല്‍ മന്‍കാരി തുടങ്ങിയവരെപ്പോലുള്ളവര്‍ രചിച്ച നോവലുകളും എഴുത്തുകളുമൊക്കെയാണ് അത്തരക്കാരെ സ്വാധീനിച്ചത്.

Also read: മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ

പ്രോഫസര്‍ മുഹിബ്ബ് അല്‍ ദീന്‍ അല്‍ ഖതീബ് അല്‍ അവാസ്വിം മിനല്‍ ഖവാസ്വിം എന്ന ഗ്രന്ഥത്തിന്‍റെ വിശദീകരണത്തില്‍ അമവിയ്യ ഭരണകാലത്തിന് ശേഷമാണ് വിശാലമായ ചരിത്രാഖ്യാനങ്ങള്‍ ആരംഭിച്ചതെന്നും ചരിത്രത്തിലെ തിളക്കമുള്ള പേജുകള്‍ കറുപ്പിക്കുന്നതിലും വിശേഷപ്രധാനമായ പല സംഭവങ്ങള്‍ മറപ്പിക്കുന്നതിലും ചില വൈകല്യ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. അല്‍ ഖത്തീബ് ചേര്‍ത്തുവെച്ച ഈ വിശദീകരണം ഇബ്നു അറബിയില്‍ നിന്ന് കിതാബുല്‍ അവാസ്വിം സ്വീകരിച്ചവര്‍ക്കൊക്കെ കാണാവുന്നതാണ്. മനുഷ്യരാശി ദര്‍ശിച്ച ഏറ്റവും ഉത്തമ നൂറ്റാണ്ടിലെ ജനതയെ ആക്ഷേപിക്കാനും കുറ്റം പറയാനും ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കാനും ശ്രമകരമായ ദൗത്യം നടത്തുക വഴി ചില എഴുത്തുകാര്‍ ആയിരക്കണക്കിന് പേജുകളുള്ള പുസ്തകങ്ങള്‍ പുറത്തിറക്കുകയുണ്ടായി. അത്തരക്കാര്‍ പൂര്‍ണ്ണമായോ ഭാഗികമായോ പങ്കെടുത്ത ചരിത്രരചനകളില്‍ നിന്നുള്ള വിഭവങ്ങളാണ് ഇസ്ലാമിക ചരിത്രമെന്ന ലേബലില്‍ ഇന്നിപ്പോള്‍ നമുക്ക് മുന്നിലുള്ളത്. പൂര്‍വ്വികരായ പണ്ഡിതന്മാര്‍ ‘ളലാലാത്’ ല്‍ നിന്ന് സൂക്ഷിക്കണമെന്ന പദാവലി ഉപയോഗിച്ചത് ഓറിയന്‍റിലിസ്റ്റുകളില്‍ നിന്നും മറ്റുമുള്ള ഇത്തരം എഴുത്തുകളെക്കുറിച്ചാണ്. ആത്മീയമായി ദുര്‍ബലരായവര്‍ പടിഞ്ഞാറിനെ മാതൃകായി കാണുകയും ഈ അവസരം ചൂഷണം ചെയ്ത് കൊണ്ട് ഓറിയന്‍റിലിസ്റ്റുകള്‍ അവരുടെ ആശയങ്ങള്‍ ഇസ്ലാമിന്‍റെ യഥാര്‍ഥ ആശയങ്ങളാണെന്ന വ്യാജേനെ ഹൃദയാന്തരങ്ങളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയുണ്ടായി. അത് മുസ്ലിം ആദര്‍ശങ്ങളിലും സംസ്ക്കാരത്തിലും സാരമായി സ്വാധീനം ചെലുത്തുകയുണ്ടായി. സ്ത്യത്തില്‍ നിന്നും വ്യതിചലിച്ചതാണ് എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം. ഓറിയന്‍റിലിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങളെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങള്‍ അനിവാര്യമാണ്. ഇബ്നു ഹസ്മിന്‍റെ കാലഘട്ടം മുതല്‍ തന്നെ ശത്രുക്കള്‍ ഇസ്ലാമിനെതിരെ സംശയങ്ങളും നുണകളും അപവാദങ്ങളും പ്രചരിപ്പിച്ച് ലക്ഷ്യം നേടുന്നുണ്ട്.

2) സമകാലികരായ പണ്ഡിതരുടെ ചില രചനകള്‍:
മൊത്തത്തില്‍ ഇത് ഉപകാരപ്രദമാണ്. പക്ഷെ ചില സംഭവങ്ങള്‍ ഉദ്ധരിക്കുന്നതില്‍ അവര്‍ സ്വീകരിച്ച ആഖ്യാന ശൈലി അവരുടെ കാലശേഷം വന്നവര്‍ അത് വ്യാഖ്യാനം ചെയ്യുന്നതില്‍ നിലപാടുകള്‍ വ്യതിചലിച്ചുപോകുന്നതിലേക്ക് നയിക്കുകയുണ്ടായി.
അബുല്‍ അഅലാ മൗദൂദിയുടെ (അല്‍ ഖിലാഫതു വല്‍ മുല്‍ക്ക്) മുഹമ്മദ് അബൂ സഹ്റയുടെ (താരീഖുല്‍ ഉമമില്‍ ഇസ്ലാമിയ്യ, ഇമാം സൈദ്ബ്നു അലി ) ഈ ഗ്രന്ഥങ്ങളൊക്കെത്തന്നെ വലിയ തോതിലുള്ള തെറ്റിദ്ധാരണകള്‍ക്ക് വിധേയമാക്കപ്പെട്ട കിതാബുകളാണ്. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് കൃത്യമായ ജ്ഞാനമില്ലാത്തവര്‍ ഇത്തരം ഗ്രന്ഥങ്ങളെ സ്വാഹാബികളെ ആക്ഷേപിക്കുന്നവയായി തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ചിലര്‍ ഇമാമുകളെക്കുറിച്ചുള്ള വിവരണങ്ങളില്‍ അവരുടേതായ നിഗമനങ്ങളും വിശകലനങ്ങളും കെട്ടിപ്പടുത്ത് ശിയാ ആശയങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി.

3) ചരിത്രപരമായ വിശകലനത്തില്‍ നിഷ്പക്ഷമായ രചനകള്‍ (അല്‍ ജുര്‍ഹു വ ത്ത്അദീല്‍) ഹദീസുകളുടേയും ശരീഅത്തിന്‍റെയും അടിസ്ഥാനത്തില്‍ നല്ലതിനേയും ചീത്തയേയും വേര്‍തിരിക്കുക എന്നതായിരുന്നു അത്തരം രചനകളുടെ പ്രധാന ലക്ഷ്യം. അസത്യത്തെ പൂര്‍ണ്ണമായും പുറം തള്ളിക്കൊണ്ടുള്ള അത്തരം രചനകള്‍ അഭിനന്ദനാര്‍ഹമാണ്. ഒപ്പം, സ്വഹാബികളുടെ വിശ്വാസതയേയോ സത്യസന്ധതയേയോ രചനകള്‍ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. ഉമവി ഭരണകൂട ചരിത്രവുമായി ബന്ധപ്പെട്ട് ഡോ.യൂസഫ് അല്‍ ആഷ് നടത്തിയ രചന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അബൂബക്കര്‍ ഇബ്നില്‍ അറബിയുടെ കിതാബുല്‍ അവാസ്വിം മിനല്‍ ഖവാസ്വിം എന്ന ഗ്രന്ഥത്തിന് മുഹിബ്ബുദ്ധീന്‍ അല്‍ ഖതീബ് എഴുതിയ അനുബന്ധം, സ്വാദിഖ് അര്‍ജൂന്‍, ഡോ.സൂലൈമാന്‍ ബിന്‍ ഹംദ്, മുഹമ്മദ് അംഹസൂന്‍, ഡോ.അക്റം അല്‍ ഉമരി(ഖിലാഫതുര്‍റാശിദ), ഉസ്മാന്‍ അല്‍ ഖമീസ്, ഡോ.മുഹമ്മദ് ഹസന്‍ ശര്‍റാബ് തുടങ്ങിയവരുടെ രചനകള്‍ മേല്‍ സമീപനം സ്വീകരിക്കുകയും ചരിത്രരചനാരീതിയില്‍ വന്ന പിഴവുകളെ എടുത്തുകാട്ടുകയും ചെയ്യുന്നവയാണ്.

Also read: മാൽക്കം എക്സ് ; ആത്മീയ ഉണർവിന്റെ രാഷ്ട്രീയ രൂപം

ഇസ്ലാമിക ചരിത്രം ആധികാരികമായി പഠിക്കുകയും സന്ദര്‍ഭത്തോട് യോജിച്ച വായനകള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സംഭവങ്ങളുടെ സന്തുലിതാവസ്ഥ നമുക്ക് ബോധ്യപ്പെടുന്നത്. ആഴത്തിലുള്ള അന്വേഷണങ്ങളിലൂടെ ന്യൂനതയെ ന്യൂനതയായും യോഗ്യതയെ യോഗ്യതയായും പഠിക്കാന്‍ നമുക്ക് സാധിക്കണം. ഇബ്നു തൈമിയ്യ പറയുന്നുണ്ട്: നിങ്ങളുടെ അടുത്ത് ഒരു പുത്തന്‍വാദി പ്രത്യക്ഷപ്പെട്ടാല്‍ ഒറ്റയടിക്ക് ആക്ഷേപിക്കുന്നതിന് പകരം നിതീയുക്തമായി തെളിവുകള്‍ നിരത്തി അവന്‍റെ വാദങ്ങളെ അസാധുവാക്കേണ്ടതാണ്. അതേസമയം, ഇമാം ദഹബി ഈ വിഷയത്തില്‍ മറ്റൊരു പക്ഷക്കാരനാണ്. അദ്ദേഹം പറയുന്നു: സ്വഹാബികളെക്കുറിച്ചുള്ള സംഭവങ്ങള്‍ വക്രീകരിച്ച് വന്ന അസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ കരിച്ചുകളയാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അത്തരം രചനകളോട് സഹിഷ്ണുതാപരമായി ഇടപെട്ടത്കൊണ്ടാണ് പച്ചക്കള്ളങ്ങള്‍ പുസ്തകങ്ങളിലൂടെയും മറ്റുമായി വീണ്ടും വീണ്ടും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ നൂണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല പണ്ഡിതന്മാരെ വരെ സ്വാധീനിക്കുകയുണ്ടായി. സ്വഹാബികളോടുള്ള സ്നേഹത്തിനും ആദരവിനും ഇത് സാരമായി ബോധിക്കുന്നുണ്ടെന്നത് സത്യമാണ്.

സ്വഹാബികളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ കരിച്ചുകളയണമെന്ന അല്‍ ദഹാബിയുടെ വീക്ഷണം വലിയ ഊര്‍ജ്ജം നല്‍കുന്നതാണെങ്കിലും അത് പ്രായോഗികമായി സാധ്യമല്ല. അത്രമേല്‍ ആ പുസ്തകങ്ങള്‍ പല പ്രസിദ്ധീകരണ ശാലകള്‍ അച്ചടിക്കുകയും വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തലമുറയെ ചരിത്രം കൃത്യമായി പഠിപ്പിക്കുകയും ഇത്തരം സംഭവങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴി. സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ച അസ്വാരസ്യങ്ങളുടെ ചരിത്രത്തിന്‍റെ ഒരു വശം മാത്രം വായിക്കുന്നവര്‍ സ്വഹാബികള്‍ക്കിടയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ബോധ്യത്തിലേക്കെത്തുകയും അത് കപടവിശ്വാസത്തിലേക്കും വിശ്വാസവ്യതിചലനത്തിലേക്കും നയിക്കുന്ന പ്രേരകമായി മാറുമെന്നതും ഏറെ ഗൗരവത്തോടെ നാം കാണണം. ആഭ്യന്തര ബലഹീനതകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ഗൂഢാലോചനകള്‍ വിജയിക്കുമായിരുന്നില്ല എന്നത് വസ്തുതയാണ്. അതിനാല്‍ സ്വഹാബികളുടെ യുഗത്തെക്കുറിച്ചും പശ്ചാത്തലങ്ങളെക്കുറിച്ചും പഠിക്കുന്നത് ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ബലഹീനതകള്‍ അറിയുന്നതിനും അതില്‍ നിന്ന് വന്ന രോഗത്തിന്‍റെ വ്യാപ്തി നിര്‍ണ്ണയിക്കുന്നതിനും സഹായകമാവും. ഉസ്മാന്‍ (റ)വിന്‍റെ കൊലപാതകാനന്തരം ഇസ്ലാമിക ലോകത്ത് നടന്ന സംഭവങ്ങള്‍ ആഴത്തിലുള്ളതും ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടതുമാണ്. പ്രത്യേകിച്ച് വര്‍ത്തമാന കാലത്ത് രാഷ്ട്രവും രാഷ്ട്രീയവും മതവുമെല്ലാം വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുമ്പോള്‍ ഈ അന്വേഷണങ്ങള്‍ ഏറെ പ്രസക്തമാണ്.

വിവ. അബ്ദുല്ലത്തീഫ് പാലത്തുങ്കര

Facebook Comments
Related Articles

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.
Close
Close