Current Date

Search
Close this search box.
Search
Close this search box.

പ്രവര്‍ത്തനങ്ങൾ സ്വീകരിക്കപ്പെടുന്നതിന്റെ രഹസ്യം?

വാക്കിനെയും, പ്രവര്‍ത്തനത്തെയും അല്ലെങ്കില്‍ പുസ്തകത്തെയും ജനങ്ങളുടെ അടുക്കല്‍ മറ്റുള്ളതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യയോഗ്യമാക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് ചില പുസ്തകങ്ങളും, ഇജ്തിഹാദുകളും (ഗവേഷണങ്ങളും) ഒരു കാലത്ത് അവഗണിക്കപ്പെടുകയും, പില്‍ക്കാലത്ത് അവ പ്രസിദ്ധമാവുകയും, ജനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത്? കര്‍മപരമായതും, പ്രബോധനപരമായതും, സേവനപരമായതുമായ പദ്ധതികള്‍ക്ക് ഒരുപാട് പണ്ഡിതന്മാരും, പ്രബോധകരും, പരിഷ്‌കര്‍ത്താക്കളും, നന്മ മാര്‍ഗത്തിലെ പ്രവര്‍ത്തകരും, വിചക്ഷണന്മാരുമെല്ലാം തുടക്കം കുറിക്കുകയും, അവുരടെ ജീവിതം അതിനായി മാറ്റിവെക്കുകയും ചെയ്യുന്നു. എന്നാല്‍, അത് ഇനിയും പൂര്‍ത്തീകരിക്കേണ്ടതായി വരുമ്പോള്‍ അല്ലെങ്കില്‍, അതിന്റെ പൂര്‍ണതയിലെത്തുന്നതിന് വേണ്ടി അല്ലാഹു അതിനെ കൃത്യപ്പെടുത്തുന്നതിനും, പരിഷ്‌കരിക്കുന്നതിനും, പൂര്‍ത്തീകരിക്കുന്നതിനും സംവിധാനമൊരുക്കുകയും ചെയ്യുന്നു. അപ്രകാരം, അതിന്റെ ലക്ഷ്യ പൂര്‍ത്തീകരണം സാധ്യമാകുന്നു. എന്താണ് ഇതിനുള്ള കാരണമെന്നതാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്ന വിഷയം.

ശരിയായ ഉദ്ദേശവും, ഉദ്ദേശത്തിലെ പരിശുദ്ധിയും കൃത്യതയും പണ്ഡിതന്മാരുടെ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നതിലും, നൂറ്റാണ്ടുകളോളം ആ വിജ്ഞാനം ഉപയോഗപ്പെടുത്തുന്നതിലും അത്ഭുതകരമായ സ്വാധീനമാണ് ചെലുത്തുന്നത്. ഇമാം ഇബ്‌നുല്‍ ഖയ്യിമിനെ ഒരുപാട് സ്വാധീനച്ച പണ്ഡിനാണ് അഹ്‌ലു സുന്നയുടെ പണ്ഡിതനായ ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍. ഫത്‌വയുടെ രീതിശാസ്ത്രത്തെ സംബന്ധിച്ച് ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ ഗ്രന്ഥമായ ‘ഇഅ്‌ലാമുല്‍ മുവഖീഈനില്‍’ ഇമാം അഹ്മദ് ബിന്‍ ഹമ്പലിന്റെ വിജ്ഞാന പ്രചരണത്തിന്റെ രഹസ്യം വ്യക്തമാക്കുന്നു; ‘പുസ്തകങ്ങള്‍ രചിക്കുന്നതില്‍ ശക്തമായ അനിഷ്ടമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഹദീസുകളില്‍ സൂക്ഷമ പഠനം നടത്തുന്നതാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. തന്റെ വാക്കുകള്‍ എഴുതപ്പെടുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാര്യത്തില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ നല്ല ഉദ്ദേശവും, തീരുമാനവും അറിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാക്കുകളും, ഫത്‌വകളും മുപ്പതില്‍ കൂടുതല്‍ ഗ്രന്ഥങ്ങളിലായി എഴുതപ്പെട്ടു. അദ്ദേഹത്തിന്റെ ഫത്‌വകളും, മുന്നില്‍ വന്ന വിഷയങ്ങളും ഉദ്ധരിക്കപ്പെടുകയും, നൂറ്റാണ്ടുകളോളം കൈമാറ്റപ്പെടുകയും ചെയ്തു.’

Also read: നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?

ഒരു വ്യക്തി വൈജ്ഞാനികമോ, പ്രബോധനപരമോ, സേവനപരമോ, പരിഷ്‌കരണപരമോ ആയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും, തുടര്‍ന്ന് അത് സാക്ഷാത്കരിക്കുന്നതിന് മുമ്പ് അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹു ആ മനുഷ്യന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഒരുവനെ നിയോഗിക്കുന്നു. രചനയിലെ തനതായ ശൈലിയും മൂല്യമേറിയ ചിന്തയും, മുന്നില്‍വരുന്ന വിഷയങ്ങളില്‍ സ്വീകരിക്കുന്ന സമീപനവുമാണ് പണ്ഡിതന്മാരുടെ രചനകള്‍ പ്രചരിക്കുന്നതിനും, സ്വീകരിക്കപ്പെടുന്നതിനുമുള്ള സുപ്രധാനമായ കാരണം. ഗുരുക്കന്മാരുടെ വിജ്ഞാനത്തെ പ്രചരിപ്പിക്കുകയും, ക്രോഡീകരിക്കുകയും ചെയ്യുന്ന ശിക്ഷന്മാരുടെ പങ്കിന് പുറമെയാണിത്. ഒരുപക്ഷേ, മണ്‍മറഞ്ഞുപോയ ഓരോ പണ്ഡിതന്മാരെ സംബന്ധിച്ചും സ്വതന്ത്ര പഠനം അര്‍ഹിക്കുന്നുണ്ട്. പണ്ഡിതന്റെ നിഷ്‌കളങ്കതയും, അല്ലാഹുവുമായുള്ള ഉറ്റ ബന്ധവുമാണ് അവരിലേക്ക് നമ്മെ അടുപ്പിക്കുന്നത്. പ്രത്യേകിച്ച്, നമ്മള്‍ നിലകൊള്ളുന്ന പാശ്ചാത്യ പരിസരത്തില്‍ അവരെ കൂടുതല്‍ മനസ്സിലാക്കുകയെന്നത് അനിവാര്യമായി തീരുന്നു.

സത്യസന്ധമായ സമീപനത്തിലൂടെയും, അല്ലാഹുവുമായുള്ള ഉറ്റ ബന്ധത്തിലൂടെയും വലിയ സ്ഥാനം നേടിയെടുത്തവരാണ് നമ്മുടെ പണ്ഡിതര്‍. നിങ്ങള്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍, പര്‍വത സമാനരായ നേതൃത്വങ്ങളുടെ സഹവാസം വിജ്ഞാനപരമായും, സ്വഭാവപരമായും നിങ്ങളുടെ മനസ്സിനെ പ്രചോദിപ്പിക്കുകയും, ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്. നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുകയെന്നതാണ് പ്രസിദ്ധി നേടിതരുന്നതിന്റെയും, ആളുകള്‍ പരക്കെ ഉപയോഗപ്പെടുത്തുന്നതിന്റെയും അടിസ്ഥാനം. അവര്‍ സമൂഹത്തിന് പ്രയോജനപ്രദമാകുന്ന വിജ്ഞാന മാര്‍ഗത്തില്‍ ആയുസ്സ് ചെലവഴിച്ചവരാണ്. അല്ലാമ അബ്ദുല്‍ഫത്താഹ് അബൂഗുദയുടെ രണ്ട് പുസ്തകങ്ങള്‍- ‘ഖീമത്തുസ്സമാന്‍ ഇന്‍ദല്‍ ഉലമാഅ്’, സഫഹാതു മിന്‍ സ്വബറില്‍ ഉലമാഅ് അലാ ശദാഇദില്‍ ഇല്‍മി വ തഹ്‌സീല്‍’ ആര് വായിക്കുന്നുവോ അവന്‍ പണ്ഡിതര്‍ സമുദായത്തിനായി അനുഭവിക്കേണ്ടി വന്ന ത്യാഗവും, പരിശ്രമവും തിരിച്ചറിയുന്നു. കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയെന്നതല്ലാതെ, അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കുകയെന്നതല്ലാതെ മറ്റൊരു പരിഗണനയും അവര്‍ക്ക് ഇതില്‍ ഉണ്ടായിരുന്നില്ല.

Also read: സ്രെബ്രിനിക്ക കൂട്ടക്കൊലക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍

ഇമാം ശാഫിഈയുടെ വാക്കുകള്‍ ആശ്ചര്യമുളവാക്കുന്നതാണ്; ‘ഈ വിജ്ഞാനം ആളുകളിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിന്റെ ഗ്രന്ഥകരാന്‍ അറിയപ്പെടാതിരിക്കാനും.’ എന്തൊരു സൂക്ഷമതയാണിത്! പ്രസിദ്ധ ഹദീസ് പണ്ഡിതനായ അബ്ദുറഹ്മാന്‍ ബിന്‍ മഹ്ദി ആവശ്യപ്പെട്ടതിനനുസരിച്ച് അദ്ദേഹത്തിന് മറുപടി നല്‍കുകയെന്ന അടിസ്ഥാനത്തിലാണ് ഇമാം ശാഫിഈ ‘അര്‍രിസാല’ എന്ന ഗ്രന്ഥം രിചിക്കുന്നത്. ഉസ്വൂലുല്‍ ഫിഖ്ഹ്- കര്‍മശാസ്ത്ര അടിസ്ഥാന ശാസ്ത്രം ഉള്‍കൊള്ളുന്ന ആദ്യത്തെ ഗ്രന്ഥമായി പരിഗണിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ഡോ. അബ്ദുല്‍ കരീം ബക്കാറിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍, ഒരുപക്ഷേ, തങ്ങളുടെ വിജ്ഞാന ശേഖരങ്ങള്‍ ലോകതലത്തില്‍ വ്യാപിക്കുകയും, വിശ്വാസികള്‍ പിമ്പറ്റുന്ന ലോകവ്യാപകമായ മദ്ഹബായി മാറുകയും ചെയ്തത് മദ്ഹബിന്റെ നാല് ഇമാമുമാരായ ഇമാം അബൂഹനീഫയും, ഇമാം മാലിക്കും, ഇമാം ശാഫിഈയും, ഇമാം അഹ്മദ് ബിന്‍ ഹമ്പലും അറിയുമ്പോള്‍ ഖിയാമത്ത് നാളില്‍ അവര്‍ അത്ഭുതപ്പെടുന്നതായിരിക്കും. അബ്ബാസി ഖലീഫ അബൂ ജഅ്ഫര്‍ മന്‍സൂര്‍ കിതാബ് ‘മുവത്വ’യെ സമൂഹത്തിന്റെ പ്രധാന അവലംബമാക്കുന്നതിനുള്ള തീരുമാനത്തെ ഇമാം മാലിക്ക് നിരസിക്കുകയാണ് ചെയ്തത്. ഇമാം മാലിക്ക് പറഞ്ഞു: ‘അല്ലയോ അമീറുല്‍ മുഅ്മിനീന്‍ അപ്രകാരം ചെയ്യരുത്. തീര്‍ച്ചയായും, ഒരുപാട് അഭിപ്രായങ്ങള്‍ ജനങ്ങളെ മുന്‍കടന്നുപോയിട്ടുണ്ട്. അവര്‍ ഉദ്ധരണികള്‍ ഉദ്ധരിക്കുന്നു. ഓരോ സമൂഹവും അവര്‍ക്ക് മുമ്പ് കടന്നുപോയത് സ്വീകരിക്കുന്നു. അതിനാല്‍ ജനങ്ങളെ വെറുതെ വിടുക, ഓരോ നാട്ടുകാരും അവര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ.’ അല്ലാഹുവാണ് സത്യം! ഇത് അവരുടെ സത്യസന്ധതയുടെയും, പാണ്ഡിത്യത്തിന്റെയും, മുസ്‌ലിം സമൂഹത്തിന്റെ ഐക്യം നിലനില്‍ക്കാനുള്ള ആഗ്രഹത്തിന്റെയും പ്രകടഭാവമാണ്. അതുകൊണ്ട് തന്നെ, അല്ലാഹു കിതാബ് മുവത്വക്ക് സ്വീകാര്യത നല്‍കി.

(തുടരും)

വിവ: അര്‍ശദ് കാരക്കാട്

Related Articles