Knowledge

ജുമുഅ മിമ്പറുകള്‍; പണ്ഡിതന്മാരെ നേരിട്ട് അനുഭവിക്കാനുള്ള അവസരം

മുസ്‌ലിം സമൂഹത്തിനല്ലാതെ മറ്റൊരു സമൂഹത്തിനും ഈ സൗഭാഗ്യം ലഭിക്കുകയില്ല. ജുമുഅ ഖുത്വുബകളിലൂടെ വര്‍ഷത്തില്‍ എത്ര പ്രാവശ്യമാണ് ഓരോ മുസ്‌ലിമിനും പണ്ഡിതന്മാരെ നേരിട്ട് അനുഭവിക്കാന്‍ അവസരം ലഭിക്കുന്നത്! വര്‍ഷത്തില്‍ അമ്പതിലേറെ പ്രാവശ്യം മുസ്‌ലിമായ ഓരോ വ്യക്തിക്കും പണ്ഡിതന്മാരുടെ സാന്നിധ്യവും സാമിപ്യവും അനുഭവിക്കാന്‍ കഴിയുന്നു. ഈ അവസരത്തെ മുസ്‌ലിം സമുദായത്തിന്റെ നന്മക്കും, സംസ്‌കരണത്തിനും, വിജയത്തിനുമായി ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതാണ്. എന്നാല്‍, നിലവിലെ ഇസ്‌ലാമിന്റെ അവസ്ഥ എന്താണ് പ്രകടമാക്കുന്നത്? ഇക്കാര്യത്തില്‍ കൂടുതല്‍ പഠനവും ചിന്തയും ആവശ്യമാണ്. മൗറിറ്റാനിയ മുതല്‍ ഇന്തോനേഷ്യ വരെയുള്ള അധിക ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ഖുത്വുബ പാഴാകുന്ന സമ്പത്ത് മാത്രമാണ്. മന:പൂര്‍വമാണെങ്കിലും അല്ലെങ്കിലും ശരിയായ രീതിയലല്ല ജുമുഅ ഖുത്വുബകള്‍ നിര്‍വഹിക്കപ്പെടുന്നത്. ശരിയായ രീതിയില്‍ ഖുത്വുബ സ്വീകരിക്കപ്പെടുന്നതിന് രണ്ട് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒന്ന്, നല്ല ഉദ്ദേശശുദ്ധി- ഇതിനെ ഇഖ്‌ലാസ് എന്ന് നമുക്ക് വിളിക്കാം. രണ്ട്, ശരീഅത്തിനോട് യോജിച്ച ശരിയായ പ്രവര്‍ത്തനം. ഇവയില്‍ ഒന്നിന് ഭംഗം വന്നാല്‍ ഖുത്വുബ പൂര്‍ണമല്ലാതാവുകയോ, സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നതായിരിക്കും.

ജുമുഅ ഖുത്വുബ അധിക പേര്‍ക്കും ഉപകാരപ്രദമാകുന്നില്ല എന്നതാണ് വാസ്തവം. സമ്പത്ത് പാഴാക്കുന്നതിന് അത് മാത്രമാണോ ഉപകരിക്കുന്നത്? ആഴ്ചയില്‍ പള്ളിയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നത് ഖുത്വുബ ഉപകാരപ്രദമല്ലെന്നതിനെ പ്രകടമാക്കുന്നു. ടി.വിയിലും പത്രത്തിലും വലിയ പരസ്യങ്ങളൊന്നും കൊടുക്കാതെ, പ്രോത്സാഹനമായി ദിര്‍ഹമോ ദീനാറോ നല്‍കാതെ ആഴ്ചയിലെ ജുമുഅക്ക് വലിയ അര്‍ഥത്തില്‍ ആളുകള്‍ ഉണ്ടാവേണ്ടതുണ്ട്. അല്ലാഹുവിന്റെ വിളിക്ക് ഉത്തരമായി, എല്ലാവരും നേരത്തെ പള്ളിയിലെത്തുകയും, പ്രതീക്ഷയോടെ പള്ളി വിട്ട് പോവുകയും, അവരുടെ ദുന്‍യാവിന്റെ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ പാലിക്കുകയും (സ്വന്തത്തെ സംസ്‌കരിക്കുക, അവരുടെ അവസ്ഥകളെയും, സ്വഭാവങ്ങളെയും, ചിന്തകളെയും ശരിയാക്കുക) ചെയ്യുക എന്നതാണ് ജുമുഅ ഖുത്വുബകള്‍ നിര്‍വഹിക്കേണ്ട ദൗത്യം. പക്ഷേ, ഖുത്വുബക്ക് പങ്കാളികളായവര്‍ വന്നതുപോലെ തിരിച്ചുപോകുന്നു! ഈയൊരു നഷ്ടം ഒരു നിലക്കും ന്യായീകരക്കാനാവില്ല.

പ്രബോധകനും പ്രസിദ്ധ ഖത്വീബുമായ ശൈഖ് അലി ത്വന്‍ത്വാവി പറയുന്നു; ഒരിക്കല്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ അവരുടെ നേതാവിനെ സന്ദര്‍ശിച്ച്, ധാര്‍മികത നശിക്കുന്നതിനെ കുറിച്ചും തെറ്റുകള്‍ വ്യാപിക്കുന്നതിനെ കുറിച്ചും പരാതി പറഞ്ഞു. അപ്പോള്‍ നേതാവ് അവരോട് പറഞ്ഞു: നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എല്ലാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള മിമ്പറുകള്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കെയാണ് എന്റെടുക്കലേക്ക് നിങ്ങള്‍ വന്നിരിക്കുന്നത്! ഇത് രണ്ട് കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുകയാണ്. ത്വന്‍ത്വാവിയുടെ വാക്കുകള്‍ തര്‍ക്കമറ്റ സത്യമാണ് എന്നും, ജനങ്ങളെ സന്മാര്‍ഗ വഴിയിലേക്ക് നയിക്കുന്നതില്‍ തടയിടുന്നവര്‍ക്കുമുള്ള ഉപദേശമാണിതെന്നുമാണ്. ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളുടെ കയ്യിലാണ് ഈ മിമ്പറുകളെങ്കില്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. എന്നാല്‍, ആ മിമ്പറുകള്‍ നമുക്കിടയില്‍ പ്രത്യേകിച്ച് ഒന്നും നിര്‍വഹിക്കാതെ നില്‍ക്കുകയാണ്!

എവിടെയാണ് പ്രശ്‌നം എന്നതാണ് നാം പഠനവിധേയമാക്കേണ്ടത്? വിജ്ഞാനത്തിലോ, പ്രമാണത്തെ സമീപിക്കുന്നതിലോ, ഖുത്വുബ നിര്‍വഹിക്കന്നതിനുള്ള കഴിവ് ഇല്ലാതിരിക്കുന്നതിലോ ഉള്ള ഖത്വീബിന്റെ പ്രശ്‌നമാണെങ്കില്‍, പ്രവാചക മിമ്പര്‍ എന്തിനാണ് ഇവര്‍ക്ക് അനുവദിച്ചുനല്‍കുന്നത്്? ഇനി, അനിവാര്യതയാണ് അത് സൃഷ്ടിക്കുന്നതെങ്കില്‍ അനുവദനീയവുമാണ്. ധാരാളം മസ്ജിദുകളും കുറഞ്ഞ ഖത്വീബുമാരുമാണ് ഉള്ളത് എന്ന വാദം ശിരയായിരിക്കെ, മസ്ജിദുകള്‍ അവരെ ഏറ്റെടുക്കുകയും, പരിശീലിപ്പിക്കുകയും, ഖുത്വുബ നര്‍വഹിക്കുന്നതിന് പ്രാപ്തമാക്കുകയുമാണ് ചെയ്യേണ്ടത്. വിജ്ഞാനത്തിനും, തയാറെടുപ്പിനും വ്യത്യസ്തമായ അവസരങ്ങളുള്ള കാലത്ത് ഖുത്വുബ നിര്‍വഹിക്കുന്നവരെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാലത്തോട് സംവിദിക്കുന്ന നല്ല ഖത്വീബ് കുറയുന്നു എന്നത്.

ഇസ്‌ലാമിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ വേദനിപ്പിക്കുന്നതാണ്. രാഷ്ട്രീയ വിഷയങ്ങള്‍ കൊണ്ടോ, ഭരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ഖുത്വുബ നിര്‍വഹിക്കാന്‍ കഴിവുള്ള ഖത്വീബുമാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരിക്കുന്നു. എന്നാല്‍, ആ കുറഞ്ഞ വിഭാഗം, പ്രവാചകനും അനുചരന്മാരും ക്ഷണിച്ചതുപോലെ സമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കുന്നു. നല്ല വസ്ത്രം ധരിച്ചും, ഗാംഭീര്യത്തിലും, നിലനില്‍ക്കുന്ന വിഷയത്തെ നന്നായി അവതരിപ്പിക്കുകയും ചെയ്ത് ജനമനസ്സുകളെ അവര്‍ കീഴടക്കുന്നു. ഖുത്വുബക്ക് സന്നിഹിതരായവര്‍ ഖുത്വുബ മനസ്സിരുത്തി കേട്ടതിന് ശേഷം പുറത്തുപോവുകയും, ഖുത്വുബയില്‍ കേട്ടത് അവരെ സ്വാധീനിക്കുകയും, അത് സമൂഹത്തില്‍ വ്യാപിപിക്കണമെന്ന ഉദ്ദേശം ശ്രോതാക്കള്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഖത്വീബുമാര്‍ അധികമില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ഖത്വീബുമാര്‍ക്ക് മുന്നില്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഔദ്യോഗിക വൃന്ദങ്ങളോട് പോരാടികൊണ്ട് മുന്നോട്ടുപോവുക എന്നതാണ് അതിലൊന്ന്. മറ്റൊന്ന് പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ഖുത്വുബ നര്‍വഹിക്കുകയാണ്.

അവലംബം: islamonline.net
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Close
Close