Current Date

Search
Close this search box.
Search
Close this search box.

അറിവും കഴിവും ഒരുപോലെ പ്രധാനമാണ്

പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് നാം സ്വായത്തമാക്കുന്ന വിവരങ്ങളെയാണ് പൊതുവിൽ അറിവ് അല്ലെങ്കിൽ വിജ്ഞാനം (knowledge) എന്നു വിളിക്കുന്നത്. കാഴ്ച, കേൾവി, വായന, സ്പർശനം എന്നിവയൊക്കെ വിജ്ഞാന ശേഖരണത്തിലുള്ള മാധ്യമങ്ങളായി വർത്തിക്കാം. വസ്തുതാപരമായ വിവരങ്ങളും സൈദ്ധാന്തിക ആശയങ്ങളുമാണ് വിജ്ഞാനത്തിന്റെ പരിധിയിൽ വരുന്നത്. അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും സ്വയം പഠന-നിരീക്ഷണങ്ങളിലൂടെ സ്വന്തമാക്കാനും സാധിക്കുന്നതാണ്.

എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ വിജ്ഞാനത്തെ പ്രയോഗവൽക്കരിക്കാനുള്ള ശേഷിയെയാണ് കഴിവ് അല്ലെങ്കിൽ വൈദഗ്ധ്യം (skill) എന്നു പറയുന്നത്. പരിശീലനത്തിലൂടെയാണ് കഴിവുകൾ വികസിപ്പിക്കാൻ സാധിക്കുക, അതിനായി പഞ്ചേന്ദ്രിയങ്ങൾ വഴിയുള്ള വിജ്ഞാനത്തിന്റെ സ്വാംശീകരണവും ഉൽപാദനവും ഒരുപോലെ നടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, സാമൂഹ്യമായ കഴിവുകൾ (social skills) ജനങ്ങളുടെ കൂടെ സഹവസിച്ചും അവരെ നിരീക്ഷിച്ചും അവരെ കേട്ടും അവരോട് സംസാരിച്ചും മാത്രമേ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂ. ധാരാളമായി പിഴവുകൾ വരുത്തിയും അത് തിരുത്തിയും മാത്രമേ കഴിവുകൾക്ക് മൂർച്ച കൂട്ടാനാകൂ എന്നത് തർക്കമില്ലാത്ത കാര്യമാണ്.

Also read: ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍

ലളിതമായി പറഞ്ഞാൽ, വിജ്ഞാനം സൈദ്ധാന്തികമാണ്, കഴിവുകളാകട്ടെ പ്രായോഗികവുമാണ്. ഒരു കായിക വിനോദത്തിന്റെ എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കുക, കളിക്കാരെ കുറിച്ചും ടീമുകളെ കുറിച്ചും അവബോധമുണ്ടാവുക, സ്ഥിതിവിവര കണക്കുകൾ പഠിച്ചു വെക്കുക എന്നതൊക്കെ ആ കായികയിനത്തിൽ നിങ്ങൾക്ക് അറിവുണ്ട് എന്ന് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. അത് കളത്തിൽ അവതരിപ്പിക്കുന്നതിൽ നിങ്ങൾ വിദഗ്ധനാണ് എന്ന് അതിന് അർത്ഥമില്ല. ഒരു കായികയിനത്തിൽ അഗ്രഗണ്യനാവണമെങ്കിൽ അത് കളിക്കണം, അതിന്റെ സാങ്കേതികതകൾ പയറ്റിത്തെളിയണം, ധാരാളം കളിയനുഭവങ്ങൾ സ്വന്തമാക്കണം. ഒരു കായികയിനത്തിൽ കഴിവ് തെളിയിക്കണമെങ്കിൽ അതിലെ ടീമുകളെ കുറിച്ചും കളിക്കാരെ കുറിച്ചും അഗാധമായി അറിവുണ്ടാവുക എന്നത് നിർബന്ധമുള്ള കാര്യമല്ല, കളിനിയമങ്ങളാവട്ടെ കളിക്കുമ്പോൾ മനസ്സിലാവുകയും ചെയ്യും.

തൊഴിലിന്റെ കാര്യത്തിലും ഇതേ തത്വം ബാധകമാണ്. ഒരാൾക്ക് ഒരു വിഷയത്തിൽ അഗാധമായി അറിവുണ്ടെന്ന് കരുതി ആ അറിവ് പ്രായോഗിക മേഖലകളിൽ ഉപയോഗപ്പെടുത്തുള്ള കഴിവ് ഉണ്ടായിക്കൊള്ളണമെന്നില്ല. കേവലമായ വിജ്ഞാന സമ്പാദനം കഴിവുകളെ പരിപോഷിപ്പിക്കുകയില്ല. ഉദാഹരണത്തിന് ഒരു ഏറോസ്പേസ് എഞ്ചിനീയർ വൈമാനിക ശാസ്ത്രത്തെ കുറിച്ചും വൈമാനിക സിദ്ധാന്തങ്ങളെ കുറിച്ചും വിപുലമായി പഠിച്ച വ്യക്തിയായിരിക്കും, എന്നാൽ അദ്ദേഹം അതേ ശാസ്ത്ര തത്വങ്ങളൊക്കെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനം പറത്തുന്നതിൽ നിപുണനാവണമെന്നില്ല. അതേസമയം, ഒരു പൈലറ്റിനാവട്ടെ വൈമാനിക ശാസ്ത്രത്തിലും തത്വങ്ങളിലും പരിമിതമായ അറിവ് മാത്രമേ ആവശ്യമുള്ളൂ ഒരു വിമാനം പറത്താൻ. ഈ അറിവാകട്ടെ ഒരു പൈലറ്റ് എന്ന നിലക്കുള്ള അയാളുടെ അനുഭവങ്ങൾ വർധിക്കുന്നതനുസരിച്ച് വികസിക്കുകയും ചെയ്യും.

Also read: ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത

കഴിവുകൾ എങ്ങനെ വികസിപ്പിക്കാം?
വ്യക്തികളിൽ നിന്ന് ഒരു നിർണിത മേഖലയിൽ മെച്ചപ്പെട്ട പ്രകടനം നാം ആഗ്രഹിക്കുന്നുവെങ്കിൽ ആ വിഷയത്തിൽ പ്രഭാഷണങ്ങളല്ല അവർക്കാവശ്യം, ചിട്ടയായ പരിശീലനമാണ്. കുറേ പ്രസന്റേഷനുകളോ പ്രഭാഷണങ്ങളോ അവർക്ക് മുമ്പിൽ അവതരിപ്പിച്ചാൽ അവർക്ക് അക്കാര്യത്തിൽ അറിവ് വർധിക്കാൻ ഇടയാക്കിയേക്കും എന്നല്ലാതെ പ്രായോഗികമായി ആ വിഷയത്തെ സമീപിക്കുന്നതിൽ അവർ പരാജയപ്പെട്ടു പോകും. തൊഴിലിടങ്ങളിലെ ട്രെയിനിങ് പ്രോഗ്രാമുകൾ ഒരു പരാജയമായി ഭവിക്കുന്നതും തൊഴിലാളികളെ കേവലം വിജ്ഞരാക്കി മാറ്റുന്നു എന്നതിനാലാണ്. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിടാനുള്ള പ്രായോഗിക പരിശീലനങ്ങൾ അവർക്ക് ലഭിക്കാതെ പോകുന്നു.

ഒരു മേഖലയിലുള്ള പ്രായോഗിക കഴിവുകൾ വികസിപ്പിക്കാൻ നാം ഉദ്ദേശിക്കുന്നുവെങ്കിൽ അതിന്റെ സൈദ്ധാന്തികതകളിൽ മാത്രം ഊന്നുന്നതിന് പകരം കൂടുതൽ ശ്രദ്ധ പ്രായോഗിക രീതികളിലാണ് നൽകേണ്ടത്. നീന്തൽ പഠിക്കണമെങ്കിൽ സ്വാഭാവികമായും എന്താണ് നീന്തലെന്നും എങ്ങനെ നീന്തണമെന്നുമുള്ള അറിവ് മനസ്സിലുണ്ടായിരിക്കണം എന്നതിൽ സംശയമില്ല, എന്നാൽ ആ അറിവ് വെള്ളത്തിൽ നടപ്പിലാക്കാൻ സാധിച്ചാൽ മാത്രമേ നീന്തൽ പഠിച്ചു എന്നു പറയാൻ കഴിയുകയുള്ളൂ. ചിട്ടയായ പരിശീലനം മാത്രമാണ് കഴിവുകൾ വികസിപ്പിക്കാനുള്ള ഏക വഴി. അതിന് പുസ്തകങ്ങൾ മാത്രം വായിച്ചതുകൊണ്ടോ അറിഞ്ഞതു കൊണ്ടോ കാര്യമില്ല, തുടർച്ചയായി പരിശീലിക്കുകയും വേണം.

വിവ: അനസ് പടന്ന

Related Articles