Knowledge

അറബി ഭാഷയും സാമൂഹിക നിര്‍മ്മിതിയില്‍ അതിനുള്ള പ്രാധാന്യവും

ഗദ്യത്തിലും പദ്യത്തിലുമടക്കം സാഹിത്യത്തിലും ഭാഷാ ചാതുര്യത്തിലും അറബി ഭാഷ അതിന്റെ ഉത്തുംഗതിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇസ്‌ലാം കടന്നു വരുന്നത്. കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമേറിയ ഭാഷയായിരുന്നു അതെങ്കിലും ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ഭാഷ അതായിരിക്കണമെന്നതിനാല്‍ അല്ലാഹു അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം അതിനെ പരിശുദ്ധമാക്കി. അല്ലാഹു പറയുന്നു: നിശ്ചയം, ഈ ഖുര്‍ആന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത് തന്നെയാണ്. അങ്ങയുടെ ഹൃദയത്തില്‍ ജിബ്‌രീല്‍ അതുമായി ഇറങ്ങിയിരിക്കുന്നു. സ്ഫുടമായ അറബി ഭാഷയില്‍ താക്കീതു നല്‍കുന്നവരില്‍ താങ്കള്‍ ആയിരിക്കാന്‍ വേണ്ടിയാണത്രേ അത്(അല്‍ശുഅറാഅ്: 192195), അങ്ങനെ, മക്കക്കാരെയും അതിനു ചുറ്റുമുള്ളവരെയും താക്കീത് ചെയ്യാനും സംശയരഹിതമായ സംഗമനാളിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാനും വേണ്ടി താങ്കള്‍ക്ക് നാം അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ ദിവ്യ സന്ദേശമായി നല്‍കിയിരിക്കുകയാണ്(അല്‍ശൂറാ: 7). തെരഞ്ഞെടുക്കപ്പെട്ട ഈയൊരു ഭാഷയുമായാണ് പ്രവാചകന്‍ മുഹമ്മദ് (സ്വ) തന്റെ റബ്ബിന്റെ ദൂതുമായി കടന്നുവരുന്നത്. മാലോകര്‍ക്ക് കാരുണ്യമാവാനും സര്‍വ്വ ജനങ്ങളിലേക്കും അവതരിക്കപ്പെട്ടവനാകുവാന്‍ വേണ്ടിയും പ്രവാചകന്  അല്ലാഹു ജവാമിഉല്‍ കലിം(ചുരങ്ങിയ വാക്കുകള്‍ കൊണ്ട് തന്നെ ഒരുപാട് അര്‍ത്ഥം ലഭിക്കുന്ന സംസാര ശൈലി) അനുഗ്രഹമായി നല്‍കി.

അക്കാരണത്താല്‍ തന്നെ അറബി ഭാഷ അതിന്റെ സ്വീകാര്യതയുടെ സര്‍വ്വ സീമകളെയും അതിജയിച്ചു. ഇസ്‌ലാം അറബി ഭാഷ സ്വീകരിച്ചതോടെ സര്‍വ്വ ജനങ്ങളിലേക്കുമുള്ള ഇസ്‌ലാമിക ശരീഅത്തിന്റെയും വിശ്വാസ സംബന്ധിയായ കാര്യങ്ങളുടെയും മറ്റു സംവേദനങ്ങളുടെയും ഭാഷയായി അത് മാറി. വ്യത്യസ്ത ഭാഷകള്‍ ആശയ വിനിമയോപാതിയായ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കപ്പെടാതിരുന്നിട്ടും ഇസ്‌ലാം വ്യാപിച്ചിടത്തേക്കെല്ലാം ഇസ്‌ലാമിനോട് കൂടെ അറബി ഭാഷയും സഞ്ചരിച്ചു. സിറിയ, ഇറാഖ്, ഫ്രാന്‍സിലെ ട്രാന്‍സോക്‌സിയാന, ഇന്ത്യ, സിന്ദ് തുടങ്ങി മലായ് ആര്‍ച്ചിപലാഗോ വരെയുള്ള ഏഷ്യയുടെ പ്രവിശാലമായ ഇടങ്ങളിലേക്കും ഈജിപ്ത്, സൗത്ത് ആഫ്രിക്ക, നോര്‍ത്ത് ആഫ്രിക്ക, മധ്യാഫ്രിക്ക, സുഡാന്‍, തുടങ്ങി ആഫ്രിക്കന്‍ തീരങ്ങള്‍ വരേക്കും ഇസ്‌ലാമിനോടൊപ്പം അറബി ഭാഷയും കടന്നു ചെന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍ ബൈസന്റൈനുമായും സ്‌പെയ്‌നില്‍ ഗോഥികളുമായുള്ള ഇസ്‌ലാമിക സംഘട്ടനത്തിന്റെ പ്രാരംഭ കാലങ്ങളില്‍ തന്നെ യുറോപ്യന്‍ ഭാഷകള്‍ അറബി ഭാഷയെ സ്വാദീനിച്ചിട്ടുണ്ട്. കാലങ്ങളോളം നീണ്ടു നിന്ന കൂരിശു യുദ്ധങ്ങളും പടിഞ്ഞാറില്‍ സപെയ്ന്‍, സിസിലി, തെക്കന്‍ ഇറ്റലി, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സംസ്‌കാരങ്ങളുമായി ഇസ്‌ലാമിക സംസ്‌കാരം ഇടപഴകിയതും ഇതിന് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍.

ഭാഷാ സംഘട്ടനങ്ങളില്‍ ഇതര ഭാഷകളെക്കാളും അറബി ഭാഷക്കുള്ള സ്വാധീനത്തെക്കുറിച്ച് ഓറിയന്റലിസ്റ്റുകളിലെ മോഡേണ്‍ ഗവേഷകര്‍ ഒരുപാട് രചനകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, മറ്റു ഭാഷകളെക്കാളെല്ലാം പദങ്ങളാലും പ്രയോഗങ്ങളാലും സമ്പന്നമാണ് അറബി ഭാഷയെന്ന് അതിന്റെ സ്വാധീനത്തിന്റെ ആനുപാതികം വ്യക്തമാക്കലോടു കൂടെ അവരെല്ലാം തന്നെ സമ്മതിക്കുന്നുണ്ട്. ഉദാഹരണമായി ഗവേഷകരുടെ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്:  പൗരസ്ത്യ ഭാഷകള്‍ക്കിടയിലെ അറബി ഭാഷയുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ ആനുപാതികം രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാന്‍സില്‍(60- 67 %), തുര്‍ക്കിയില്‍(30- 65 %), ജോര്‍ദാനില്‍(41-95 %), താജ്കിസ്ഥാനില്‍(39-46 %), അഫ്ഗാനിസ്ഥാനില്‍(56-99%) എന്നീ ആനുപാതികമാണ് അതിന് കണക്കാക്കാനാകുന്നത്. ഈയൊരു രീതിയില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ വ്യപിച്ച് കിടക്കുന്ന സര്‍വ്വ ഭാഷകള്‍ക്കിടയിലും അറബി ഭാഷക്ക് ലഭിക്കുന്ന ആഴമേറിയ സ്വാധീനത്തെക്കുറിച്ചും ഓറിയന്റലിസ്റ്റുകള്‍ പഠന വിധേയമാക്കുന്നുണ്ട്. ഇതിന് വഴിയൊരുക്കിയ ഒരുപാട് കാരണങ്ങള്‍ അവര്‍ എണ്ണിപ്പറയുന്നുണ്ട്. അതിലേറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കാരണം അത് ഇസ്‌ലാം അവരുടെ മതമായി എന്നുള്ളതാണ്. എങ്ങനെയൊക്കെ ആയിരുന്നാലും അറബി ഭാഷ അതിന്റെ അമാനുഷിക കഴിവിനെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. കാരണം, ചക്രവാളങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന ഖുര്‍ആനിന്റെ അമാനുഷിക അധ്യായങ്ങളെ ചുമക്കുന്നത് അറബി പദങ്ങളാണ്.

അറബി ഭാഷയുടെ സ്ഥാനവും സവിശേഷതകളും
അറബി ഭാഷയുടെ സ്ഥാനവും അതിന്റെ വ്യാപനത്തിനും ഔന്നിത്യത്തിനും കാരണമായ അടിസ്ഥാന വിശേഷണങ്ങളും പ്രത്യേകതകളും ചില കാര്യങ്ങളില്‍ മാത്രം ഒതുക്കാനാകില്ല. എന്നാലും അതില്‍ നിന്ന് ചിലത് ഇവിടെ വിവരിക്കാം:

1- ഇസ്‌ലാമിക ശരീഅത്തുമായും വിശ്വാസ കാര്യങ്ങളുമായുള്ള അറബി ഭാഷയുടെ ബന്ധം അത് മുസ്‌ലിം സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്നായി ആ ഭാഷയെ ആക്കിത്തീര്‍ത്തിട്ടുണ്ട്. കാരണം, ഇസ്‌ലാമിലെ ഫര്‍ളായ ആരാധനാ കര്‍മ്മങ്ങള്‍ക്ക് അറബി ഭാഷ നിര്‍ബന്ധമായണ്. അത് പോലെത്തന്നെ ബാങ്ക്, ഇഖാമത്ത്, ഖുര്‍ആന്‍ പാരായണം, ഹജ്ജ് കര്‍മ്മം തുടങ്ങിയ കാര്യങ്ങളൊക്കെത്തന്നെയും അറബിയിലായിരക്കണമെന്ന് നിസ്‌കര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രാധാന്യമേറിയ ഒരു ഭാഷയായി തീര്‍ന്നത്. ചില പണ്ഡിതന്മാര്‍ അറബി ഭാഷയെക്കുറിച്ച് ആഴമേറിയ പഠനം നടത്തുകയും നഹ്‌വ്, സ്വര്‍ഫ്, അര്‍ത്ഥ വ്യത്യാസങ്ങള്‍, കവിതയുടെ അളവ്, അക്ഷരങ്ങളുടെ രൂപങ്ങള്‍, എഴുത്ത് രീതികള്‍ തുടങ്ങിയവയില്‍ പ്രത്യേകമായി നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. മാത്രമല്ല, അറബ് നാടുകളിലും അല്ലാത്തിടങ്ങളിലുമുള്ള ഭാഷാ പണ്ഡിതന്മാര്‍ ഇത്തരം കാര്യങ്ങളില്‍ ആധികാരികമായ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. പന്നീട് ബസ്വറയിലും കൂഫയിലും ഇതിനായ് പ്രത്യേക സ്ഥാപനങ്ങളും നിലവില്‍ വന്നു. അങ്ങനെയാണ് പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പ് തന്നെ ആദ്യ ഭാഷാ നിഘണ്ടുവും കവിതയുടെ നിയമങ്ങളും രീതികളും വിശദീകരിക്കുന്ന ആദ്യ ഗ്രന്ഥവും അറബി ഭാഷാ വ്യാകരണത്തില്‍ സുപ്രസിദ്ധ ഗ്രന്ഥങ്ങളും വിരചിതമാകുന്നത്. മുഅ്ജമുല്‍ ഐന്‍, കിതാബുല്‍ അറൂള്(അല്‍ഖലീലു ബ്‌നു അഹ്മദില്‍ ഫറാഹീദി), അല്‍കിതാബ്(ഇമാം സീബവയ്ഹി) എന്നിവ അതില്‍ പെട്ടതാണ്.

2 – അബ്ദുല്‍ മലിക് ബ്‌നു മര്‍വാന്റെ കാലത്ത് തുടക്കം കുറിച്ച അറബി വല്‍കരണ പ്രസ്ഥാനമാണ്(ഹര്‍കത്തു തഅ്‌രീബ്) മറ്റൊന്ന്. അദ്ദേഹമാണ് ആദ്യമായി അറബി നാണയം അടിച്ചിറക്കുന്നത്. ജോലി ആവശ്യങ്ങള്‍ക്കും ഗ്രന്ഥ രചനക്കുമുള്ള ഔദ്യോഗിക ഭാഷയായി പരിഗണക്കപ്പെട്ടിരുന്ന ആഫ്രിക്കന്‍, പേര്‍ഷ്യന്‍, കോപ്റ്റിക് ഭാഷകളും അക്ഷരങ്ങളും ഒഴിവാക്കി അറബി ഭാഷയെയും ചിഹ്നങ്ങളെയും ഔദ്യോഗിക ഭാഷയായി അദ്ദേഹം പ്രഖ്യാപിച്ചു. അറബി ഭാഷയുടെ സംസ്ഥാപനത്തിനും വ്യാപനത്തിനും സഹായകമായ പദ്ധതികളില്‍ പെട്ടതാണ് പരിഭാഷ പ്രസ്ഥാനം(ഹര്‍കത്തു തര്‍ജമ). ഖലീഫ മഅ്മൂനിന്റെ കാലത്ത് അത് അതിന്റെ ഔന്നിത്യം പ്രാപിക്കുകയും ചെയ്തു.

3- അറബി ഭാഷയുടെ മാത്രം പ്രത്യേകതകള്‍. സര്‍വ്വപ്രധാനമായ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമെന്നോണം അറബി ഇസ്‌ലാമിന്റെ വ്യാപനവുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. അതൊരിക്കലും കൈയേറ്റക്കാരായ കൊളോണിയല്‍ ശക്തികളുടെയോ ചൂഷകരായ ഭരണാധികാരികളുടെയോ ഭാഷയായിട്ടില്ല. അത് പ്രകൃതിയുടെ ഭാഷയാണ്, ബുദ്ധിയുടെയും ഹൃദയത്തിന്റെയും ഭാഷയാണ്, ലൗകികതയുടെയും അലൗകികതയുടെയും ഭാഷയാണ്, നീതിയുടെയും കാരുണ്യത്തിന്റെയും സമത്വത്തിന്റെയും ഭാഷയാണ്. അതിനെല്ലാം പുറമെ മറ്റു ഭാഷകളെക്കുറിച്ച് ഗ്രന്ഥകാരന്മാരും ഗവേഷകരും എഴുതിയ ഗ്രന്ഥങ്ങളെയെല്ലാം അതുല്യമായ പല പ്രത്യേകതകളാലും അറബി ഭാഷ കവച്ചുവെക്കുന്നതാണ്. ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളില്‍ പെട്ടതാണ് താഴെ പറയുന്ന കാര്യങ്ങള്‍:

1-  പരിപൂര്‍ണ്ണ അക്ഷരങ്ങളും ശബ്ദാവിലകളും അടങ്ങിയ ഭാഷയാണ് അറബി. അതിന്റെ വീഴ്ചയായി കാണക്കാക്കാവുന്ന അക്ഷരങ്ങളുടെ കുറവോ ഭംഗി നഷ്ടപ്പെടുത്താനുതകുന്ന അക്ഷരങ്ങളുടെ ആധിക്യമോ അതിനില്ല.
ചില ഓറിയന്റലിസ്റ്റുകള്‍ ഈ പ്രത്യേകതയെ എടുത്ത് പറയുന്നുണ്ട്. റെനോണ്‍ പറയുന്നു: മരൂഭൂ മധ്യേയുള്ള യാത്രാ സംഘത്തിനടുത്തു പോലും അറബ് ഭാഷയാണ് പരിപൂര്‍ണ്ണതയുടെ ഉത്തുംഗതിയിലെത്തിയ ഭാഷയെന്നത് നമ്മെ അല്‍ഭുതപ്പെടുത്തും. ഘടന സൗന്ദര്യം, സസൂക്ഷ്മ ആശയം, സമൃധമായ പദങ്ങള്‍ എന്നിവയാല്‍ അറബി ഭാഷയുടെ ആളുകള്‍ സമുന്നതരായിരിക്കുന്നു.

2 – ഒരു സംസാരോപാധി എന്നതിലേക്ക് അറബി ഭാഷയെ ഒരിക്കലും ചുരുട്ടി വെക്കാനാകില്ല. സാംസ്‌കാരികവും വസ്തുനിഷ്ഠവും നിയമാനുരൂപവും വിദ്യാസംബന്ധിയായതുമായ സംവേദന മാര്‍ഗമാണെന്നതാണ് ഇതര ഭാഷകളില്‍ നിന്നും അതിനെ വേറിട്ടതാക്കുന്നത്.

രത്‌നച്ചുരുക്കം: ഏതൊരു സമൂഹത്തെയും മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാന്‍ സഹായിക്കുന്ന അടയാളമാണ് ഭാഷ. മുസ്‌ലിം സമൂഹത്തിന്റെ അടയാളമാണ് അറബി ഭാഷ. ഇസ്‌ലാമിനെ അതിന്റെ ഉന്നതിയിലേക്കെത്തിച്ചത് ഈ ഭാഷയാണ്. അതിന്റെ വെളിച്ചത്തിലാണ് മുസ്‌ലിം ചരിത്രങ്ങള്‍ സഞ്ചരിച്ച് കൊണ്ടേയിരുന്നത്.
ഇബ്‌നു തൈമിയ്യ പറഞ്ഞു: അറബി ഭാഷയുമായുള്ള സഹവാസം ബുദ്ധിയിലും സ്വഭാവത്തിലും ദീനിലും ശക്തമായ സ്വാധീനമുണ്ടാക്കും. മുസ്‌ലിം ഉമ്മത്തിന്റെ തുടക്കക്കാരായ സ്വഹാബത്തിനോടും താബിഉകളോടും അത് നമ്മെ സദൃശ്യരാക്കിത്തീര്‍ക്കും. അവരോട് സാദൃശ്യമുള്ളവരാവാന്‍ നാം ശ്രമിക്കുന്നത് നമ്മുടെ ബുദ്ധി വര്‍ദ്ധിക്കാനും സ്വഭാവം നന്നാകാനം സഹായിക്കും.

അവലംബം.mugtama.com

Facebook Comments
Related Articles
Show More
Close
Close