Knowledge

മദീനയിലെ പ്രവാചകനെ ഓര്‍ക്കുമ്പോള്‍

2012ല്‍ പ്രവാചകന്‍ ജീവിച്ച കാലത്തെ വരച്ചുകാണിക്കുന്ന ഒരു മ്യൂസിയം വിശുദ്ധ മക്കയില്‍ തുറന്നിരുന്നു. ‘പ്രവാകരെ, അങ്ങേക്ക് സമാധാനം’ എന്ന തലക്കെട്ടില്‍ രൂപകല്‍പന ചെയ്ത മ്യൂസിയത്തില്‍ അക്കാലത്തെ മക്കക്കാരുടെ വീടുകളും, ഏകദേശം 1500 ഓളംവരുന്ന ചരിത്ര ശേഷിപ്പുകളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിനു മുന്നില്‍ പ്രവാചകനും അനുചരന്മാരും ജീവച്ച കാലത്തെ പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, ശേഖരങ്ങള്‍ തുടങ്ങിയവ ഒരു മ്യൂസിയത്തിലൂടെ ദൃശ്യവത്കരിക്കുകയായിരുന്നു. കഴിഞ്ഞ കാലത്തെ, ജീവിക്കുന്ന കാലത്തില്‍ നേരില്‍ കാണാനുളള അവസരമാണ് ചരിത്രം ദൃശ്യവത്കരിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്. ഒരു കാലം യാഥാര്‍ഥ്യമായി മുന്നില്‍നില്‍ക്കുമ്പോള്‍, ആ കാലഘട്ടത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന ലോകത്തിന്റെ ഭാഗമായി തീരുന്നു. പ്രവാചകനെ കുറിച്ചും ഇസ്‌ലാമിന്റെ സന്ദേശത്തെ കുറിച്ചും അവബോധമുണ്ടാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയെന്ന തീരുമാനമാണ് മ്യൂസിയമെന്ന ആവിഷ്‌കാരത്തിലേക്ക് എത്തിച്ചതെന്ന് ഈ പദ്ധതിയുടെ സൂത്രധാരന്‍ നാസിര്‍ മുസ്ഫിര്‍ അസ്സഹ്‌റാനി വ്യക്തമാക്കിയിരുന്നു. മുസ്‌ലിമായി ജീവിക്കുകയും ഇസ്‌ലാമിനെ നമ്മിലൂടെ മറ്റുള്ളവര്‍ക്ക് അനുഭവിക്കാനും കഴിയണമെന്നതാണ് വിശ്വാസി ജീവതത്തെ സാര്‍ഥകമാക്കുന്നത്. ‘ഇപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി’ (അല്‍ബഖറ: 143).

മുസ്‌ലിമായി എങ്ങനെയാണ് ജീവിക്കുക? ആധുനിക കാലത്തെ മുസ്‌ലിംകള്‍ നേരിടുന്ന സങ്കീര്‍ണമായ ചോദ്യമാണിത്. ഈ ചോദ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന മറുപടി; അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും അനുസരിക്കുക എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’ (അല്‍അഹ്‌സാബ്: 21). ആയിശ (റ)വിനോട് പ്രവാചകന്റെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞത്; ഖുര്‍ആനായിരുന്നു പ്രവാചകന്റെ സ്വഭാവമെന്നാണ്. പ്രവാചകനെ അനുസരിക്കാനുളള കാരണം പ്രവാചകന്റെ മഹത്തായ ജീവിത മാതൃക തന്നെയാണ്. ഈ ജീവിത മാതൃക പൂര്‍ണമായി മനസ്സിലാക്കുന്നതില്‍ അബദ്ധം സംഭവിക്കുന്നവര്‍ക്കും, എന്താണോ തനിക്ക് യോജിച്ചുവരുന്നത് അത് സ്വീകരിക്കുന്നവര്‍ക്കുമാണ് മുസ്‌ലിമായി താന്‍ എങ്ങനെ ജീവിക്കണമെന്നത് പ്രശ്‌നമായി വരുന്നത്. ഇവിടെ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, പ്രവാചക മാതൃക പൂര്‍ണമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. രണ്ട്, ഇച്ഛകളെ വെടിഞ്ഞ് ഇസ്‌ലാമില്‍ പൂര്‍ണമായി പ്രവേശിക്കുക.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനാണ് മൊഹ്‌യുദ്ധീന്‍ നടുക്കണ്ടയില്‍ എന്ന എം.എന്‍ കാരശ്ശേരി. എം.എന്‍ കാരശ്ശേരി മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുഹമ്മദ് നബിയെ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ, അദ്ദേഹം ഇഷ്ടപ്പെടുന്നത് പ്രവാചകന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തെ മാത്രമാണ്. ആയുധമെടുക്കാത്ത, യുദ്ധത്തിലേര്‍പ്പെടാത്ത മക്കാ കാലഘട്ടത്തിലെ മുഹമ്മദ് നബിയെയാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോഴാണ് മദീനയിലെ പ്രവാചകന്‍ മുഹമ്മദിന് (സ) എന്തായിരുന്നു സംഭവിച്ചതെന്ന് ആലോചിക്കേണ്ടി വരുന്നത്! പ്രവാചക ജീവതത്തെ വായിക്കുമ്പോള്‍ അതില്‍ പ്രധാനമായും രണ്ട് ഘട്ടമാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. അത് ഹിജ്‌റയെന്ന അതിജീവന യാത്രയിലൂടെ സംഭവിക്കുന്ന ചരിത്രത്തിന്റെ നിര്‍ണായക സന്ധിയാണ്. ഒന്ന്: മക്കാ കാലഘട്ടം, ഹിറാ ഗുഹയില്‍ ധ്യാനനിരതനാവുകയും പിന്നീട് സമൂഹത്തിലേക്ക് ഇറങ്ങിവരികുയും സമൂഹത്തിന് ധാര്‍മിക മൂല്യങ്ങള്‍ നിര്‍വചിച്ചുകൊടുക്കുകയും ചെയ്ത പ്രവാചക കാലം. രണ്ട്: മദീന കാലഘട്ടം, ആത്മീയമായ കരുത്ത് നേടികൊടുത്ത് സാമൂഹിക സാംസ്‌കാരിക ഇടപെടലുകള്‍ പൂര്‍ണാര്‍ഥത്തില്‍ സാധ്യമാക്കിയ കാലം. ഈ രണ്ട് കാലഘട്ടവും കൂടിചേരുമ്പോഴുണ്ടാകുന്ന, ധാര്‍മിക മൂല്യാടിസ്ഥാനത്തിലുളള സാമൂഹിക സാംസ്‌കാരിക ഇടപെടല്‍ ക്ഷേമരാഷ്ട്രമെന്ന യാഥാര്‍ഥ്യമാണ് ചരിത്രത്തില്‍ സാക്ഷാത്കരിച്ചത്. ഇതുകൊണ്ടായിരിക്കുമോ വിമര്‍ശകര്‍ക്ക് മദീനയിലെ പ്രവാചകന്‍ മുഹമ്മദിനെ (സ) ഉള്‍കൊള്ളാന്‍ കഴിയാത്തത്!

പ്രവാചകനെ പൂര്‍ണമായ വായിക്കാന്‍ കഴിയുമ്പോഴാണ് പ്രവാചക മാതൃക ജീവതത്തിലേക്ക് പകര്‍ത്താന്‍ കഴുയുന്നത്. നേതാവെന്ന നിലയില്‍ പ്രവാചകനിലെ മാതൃക കണ്ടെത്താന്‍ കഴിയും. അബൂത്വല്‍ഹ (റ) നിവേദനം ചെയ്യുന്നു: ‘പ്രവാചകന്റെ അടുക്കലേക്ക് വിശന്നു വലഞ്ഞ് പരാതിയുമായി അനുചരന്മാര്‍ കടന്നുവന്നു. വയറ്റില്‍ കെട്ടിയ കല്ല് അവര്‍ പ്രവാചകനെ കാണിച്ചു. എന്നാല്‍, പ്രവാചകന്‍ വയറ്റില്‍ രണ്ട് കല്ലുകളായിരുന്നു കെട്ടിവെച്ചിരുന്നത്’. അണികളെ കൊണ്ട് പണിയെടുപ്പിക്കുന്ന നേതാവല്ല, അണികള്‍ പട്ടിണി കിടക്കുമ്പോള്‍ അവരോടൊപ്പം നില്‍ക്കുകയാണ് പ്രവാചകന്‍ ചെയ്തത്. കുട്ടികകളെ താലോലിക്കുന്ന പിതാവിനെ- പ്രവാചകന്‍ മുഹമ്മദിനെയും (സ) കാണാന്‍ കഴിയും. അബൂഹുറൈറ (റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ഹസനെ (റ) ചുംബിക്കുകയായിരുന്നു. പ്രവാചകന്റെ കൂടെ അഖ്‌റഅ് ബിന്‍ ഹാബിസ് തമീമിയും (റ) ഇരുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അഖ്‌റഅ് പറഞ്ഞു: പ്രവാചകരെ, എനിക്ക് പത്ത് കുട്ടികളുണ്ട്. അവരില്‍ ആരെയും ഞാന്‍ ഇതുവരെ ചുംബിച്ചിട്ടില്ല! പ്രവാചകന്‍ അദ്ദേഹത്തെ നോക്കി പറഞ്ഞു: കരുണ കാണിക്കാത്തവന് കരുണ ലഭിക്കുകയില്ല. കുഞ്ഞുങ്ങളെ സ്‌നേഹിക്കുവാനും താലോലിക്കുവാനും പഠിപ്പിക്കുന്ന പ്രവാചകന്‍ മുഹമ്മദിനെ ഇവിടെ കാണാന്‍ കഴിയുന്നു. കുടംബത്തിലും രാഷ്ട്രത്തിലും അതുല്യ മാതൃക കാഴ്ചവെച്ച പ്രവാചക ജീവതം നമ്മുടെ ജീവതത്തിലേക്ക് പകര്‍ത്തുമ്പോഴാണ് പ്രവാചകനെ അനുസരിക്കണമെന്ന ദൈവിക കല്‍പന പ്രാവര്‍ത്തികമാകുന്നത്.

Facebook Comments
Related Articles
Show More

Check Also

Close
Close
Close