Knowledge

സ്റ്റാൻലി ലെയ്ൻ പൂളിന്റെ എഴുത്തുകളിലെ പ്രവാചകൻ

വളരെ മുമ്പ് തന്നെ ഓറിയൻറലിസ്റ്റ് പഠിതാക്കൾക്ക് ഇടയിൽ പ്രവാചക ചരിത്രത്തിന് വലിയ പ്രാധാന്യം നൽകപ്പെട്ടിരുന്നു. അതിനുവേണ്ടി അവർ സീറത്തു ഇബ്നു ഹിഷാം പോലുള്ള എണ്ണമറ്റ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയുണ്ടായി.

അതോടൊപ്പം ധാരാളം ഗ്രന്ഥങ്ങളും ഇസ്ലാമിലെ പ്രവാചകനെ കുറിച്ച് എഴുതപ്പെട്ടു, അവരിൽ പ്രധാനികളാണ് ഗോൾഡ് സിഹർ, മോണ്ട് ഗോമറി വാട്ട്, സ്റ്റാൻലി ലെയ്ൻ-പൂൾ തുടങ്ങിയവർ. ഓറിയന്റലിസ്റ്റ് രചനകളുടെ സമൃദ്ധി ഇസ്ലാമിന്റെ പ്രവാചകനെക്കുറിച്ചുള്ള പാശ്ചാത്യ ബോധം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പ്രമുഖ ഓറിയൻറലിസ്റ്റ് ചരിത്രകാരനായ സ്റ്റാൻലി പൂളിന്റെ പ്രവാചക ചരിത്രരചനയിലുള്ള സമീപനം വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. പ്രവാചക ജീവചരിത്രം കൈകാര്യം ചെയ്യുന്നതിലുള്ള ഓറിയൻറലിസ്റ്റ് വായനയുടെ പ്രശ്നങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

ഇരുപതാം നൂറ്റാണ്ടിലെ ഓറിയൻറലിസ്റ്റുകളിൽ പ്രധാനിയായാണ് ബ്രിട്ടീഷുകാരനായ സ്റ്റാൻലി പൂൾ ഗണിക്കപ്പെടുന്നത്. ഇസ്‌ലാമിനെയും അറബികളെയും കുറിച്ചുള്ള ധാരാളം രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ചുള്ള സ്റ്റാൻലി പൂളിന്റെ പഠനം അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദശകങ്ങൾക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചത്.

അമിത ലൈംഗികാസക്തി ഉള്ളത് മൂലമാണ് പ്രവാചകൻ നിരവധി വിവാഹം കഴിച്ചത് എന്ന ഗോൾഡ് സിഹ്റിനെ പോലെയുള്ള ആദ്യകാല ഓറിയന്റലിസ്റ്റ് സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പക്ഷപാതിത്വം ഇല്ലാതെയുള്ള ഒരു മധ്യമ നിലപാടാണ് ഈ പഠനത്തിൽ അദ്ദേഹം സ്വീകരിച്ചത്. തന്നോട് ശത്രുത പുലർത്തിവന്നവരോട് സഹിഷ്ണുതാപരമായാണ് പ്രവാചകൻ പെരുമാറിയത് എന്നും, രക്തച്ചൊരിച്ചിൽ കൂടാതെ മക്ക ജയിച്ചടക്കിയതിനെ കുറിച്ചും പൂൾ തന്റെ രചനയിൽ പറയുന്നു. 18 വർഷത്തോളം തന്നോടും അനുയായികളോടും ശത്രുത പുലർത്തിയവർക്കും യുദ്ധം ചെയ്തവർക്കും പൊതുമാപ്പ് നൽകി കൊണ്ട് പ്രതികാരം തൻറെ പ്രകൃതമല്ല എന്ന് തെളിയിച്ചു കൊണ്ടാണ് പ്രവാചകൻ മക്കയിലേക്ക് പ്രവേശിച്ചത്.

പൂൾ അദ്ദേഹത്തിൻറെ പഠനത്തിൽ പ്രധാനമായും ഓറിയൻറലിസ്റ്റ് വാർപ്പുമാതൃകകളെ സംബോധന ചെയ്യുന്നതിൽ താത്പര്യം കാണിക്കുന്നു. ഓറിയൻറലിസ്റ്റുകളുടെ ഇടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട പ്രവാചകൻ അമിതലൈംഗികാസക്തിയുള്ള ആളാണ്, ഇസ്ലാം പ്രചരിച്ചത് വാള് കൊണ്ടാണ്, നബിക്ക് ദൈവിക വെളിപാട് യഥാർത്ഥത്തിൽ ലഭിച്ചിട്ടുണ്ടോ എന്നീ ആരോപണങ്ങളും അദ്ദേഹം പരിശോധിക്കുന്നു.

ഇസ്‌ലാമിനെ കൈകാര്യം ചെയ്യുന്നതിൽ നീതിപൂർവ്വകമായ മധ്യമ നിലപാടാണ് സ്റ്റാൻലി പൂൾ സ്വീകരിക്കുന്നതെങ്കിലും പരമ്പരാഗത ഓറിയൻറലിസ്റ്റ് വായനളെ തിരുത്തികുറിക്കുവാൻ പൂർണ്ണമായി അദ്ദേഹത്തിന് സാധിച്ചില്ല എന്ന് വേണം കരുതാൻ. എന്നാൽ അതിൻറെ ആധിക്യം കുറക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.

ലൈംഗികാസക്തിയുടെ വിഷയത്തിൽ പരിഗണിക്കേണ്ട ഒരു വസ്തുതയാണ് ഉഷ്ണ മേഖലാ രാജ്യങ്ങളിലെ പുരുഷന്മാരുടെ വികാരങ്ങൾ ശൈത്യ മേഖലയിൽ ഉള്ള പുരുഷന്മാരുടെ വികാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നത്. ഉഷ്ണേമേഖലാ വാസികളിൽ അത് താരതമ്യേന കൂടുതലായിരിക്കാം. എന്നാൽ ഇത് പ്രവാചകൻ അമിത ലൈംഗികാസക്തി ഉള്ള ആളാണ് എന്നതിന് ന്യായീകരണമല്ല. അദ്ദേഹത്തിൻറെ ഭക്ഷണത്തിലും ഉറക്കത്തിലും രാത്രി നമസ്കാരത്തിലും ഉള്ള ലാളിത്യം അദ്ദേഹത്തെ ഒരു സന്യാസിയെ പോലെ തോന്നിച്ചിരുന്നു. അദ്ദേഹത്തിൻറെ വിവാഹങ്ങളിൽ അധികവും മാനുഷിക പരിഗണന എന്ന നിലക്കുള്ളതായിരുന്നു. ഭർത്താക്കന്മാർ യുദ്ധത്തിൽ വധിക്കപ്പെട്ട സ്ത്രീകളെ സംരക്ഷിക്കുക അല്ലെങ്കിൽ വ്യത്യസ്ത ഗോത്രവർഗ്ഗങ്ങളെ അടുപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായോ ആണ് പ്രവാചകന്റെ വിവാഹങ്ങളിൽ അധികവും എന്ന് പൂൾ നിരീക്ഷിക്കുന്നു.

ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത്, പ്രവാചകന്റെ അക്രമണോത്സുകത എന്നിവയാണ് മറ്റൊരു ചർച്ച. എന്തുകൊണ്ടാണ് ഇസ്ലാം പെട്ടെന്ന് വ്യാപിച്ചത് എന്ന ചോദ്യത്തിനെ തോമസ് കാർലൈനിന്റെ “ആദ്യം നിങ്ങൾ നിങ്ങളുടെ ആശയം പ്രചരിപ്പിക്കണം” എന്ന സിദ്ധാന്തത്തിലേക്ക് ചേർത്തുകൊണ്ടാണ് സ്റ്റാൻലി പൂൾ വിശദീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾ കീഴടക്കിയ ശേഷം രണ്ടാമത്തെ ഘട്ടത്തിലാണ് പ്രവാചകൻ സായുധ മുന്നേറ്റത്തിലേക്ക് നീങ്ങിയത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്നിരുന്നാലും നൂറ്റാണ്ടുകളോളം നിലനിന്ന ഇസ്ലാമിൻറെ വ്യാപനത്തിന് അദ്ദേഹം വിശദീകരണങ്ങളൊന്നും തന്നെ നൽകുന്നില്ല. പൂൾ പറയുന്നത് പോലെ, “എത്രത്തോളമെന്നാൽ ഇസ്ലാം പ്രവേശിച്ച നാടുകളിൽ നിന്ന് ഒന്നും തന്നെ അത് വിട്ടുപോയിട്ടില്ല – സ്പെയിൻ ഒഴികെ, അവിടെ നിന്ന് ഇസ്ലാം ബലമായി നീക്കപ്പെടുകയായിരുന്നു. ഭൂമിയിലെ ഒരു വലിയ ഭൂരിപക്ഷം മനുഷ്യർക്കും ഇടയിലുള്ള ഈ മതത്തിന്റെ സ്വാധീനത്തിനും നില നിൽപ്പിനും പിന്നിൽ എന്തോ ഒരു രഹസ്യമുണ്ട് “. അതെന്താണെന്ന് വ്യക്തമാക്കുകയോ ഇസ്ലാമിക വിശ്വാസത്തിലേക്ക് അതിനെ ബന്ധപ്പെടുത്തുകയോ പൂൾ ചെയ്യുന്നില്ല.

എന്നാൽ പ്രവാചകത്വത്തിന്റെ വിഷയത്തിൽ മുൻകാല ഓറിയന്റലിസ്റ്റുകളുടെ അഭിപ്രായത്തിൽ നിന്ന് വിരുദ്ധമല്ല സ്റ്റാൻലി പൂളിന്റെയും അഭിപ്രായം. പൂൾ എഴുതന്നത് പ്രകാരം “മുഹമ്മദ് വഹ്‌യ് നൽകപ്പെട്ട ദൈവ ദൂതൻ ആണെന്ന് സ്വയം ഉറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ദൈവിക സങ്കൽപ്പം ഒരു വഹ്‌യ് ആയിരുന്നില്ല, നേരേ മറിച്ച് സെമറ്റിക് മതങ്ങളിൽ ദൈവത്തെ കുറിച്ച് ഉണ്ടായിരുന്ന, എല്ലാ കാര്യങ്ങളും അറിയുന്ന എല്ലാറ്റിനും കഴിവുള്ള, ജനങ്ങളോട് അല്പംപോലും അക്രമം ചെയ്യാത്ത, അവൻറെ കാരുണ്യം അവൻറെ വിശേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ, അതേ ദൈവിക സങ്കൽപ്പം തന്നെയായിരുന്നു. അതുകൊണ്ടാണ് ത്രിയേകത്വ വിശ്വാസം അവതരിപ്പിച്ച ക്രിസ്തുമതം പരാജയപ്പെട്ടതും ഏകദൈവ സങ്കൽപം പ്രബോധനം ചെയ്ത പ്രവാചകൻ മുഹമ്മദിന് പൗരസ്ത്യദേശത്തെ എല്ലാ വലിയ സമൂഹങ്ങൾക്കിടയിൽ നിന്നും അംഗീകാരം ലഭിച്ചതും.”

മൊഴിമാറ്റം: മുബഷിർ മാട്ടൂൽ
കടപ്പാട്: Islam Online

Facebook Comments
Related Articles
Show More
Close
Close