Current Date

Search
Close this search box.
Search
Close this search box.

ഇസ്റാഈലിനെ ന്യായീകരിക്കുന്നവർ അറിയണം

രണ്ടാം ലോക യുദ്ധമുണ്ടായപ്പോൾ (1939 -1946) ജർമൻ നാസികളുടെ മർദനത്തിനിരയായ ജൂതർ ഫിലസ്തീനിലേക്ക് ഒഴുകുകയും സായുധ സംഘങ്ങളുണ്ടാക്കി മുസ്ലിംകളെ ഭീതിപ്പെടുത്തി സ്വഗൃഹങ്ങളിൽനിന്ന് ഓടിക്കുകയും ചെയ്തു. 1948 ഏപ്രിൽ 19-ന് ദൈർ യാസീൻ എന്ന അറബ് ഗ്രാമം ആക്രമിച്ച് നിരായുധരായ ഗ്രാമീണരെ വരിയായി നിറുത്തി വെടിവെച്ചുകൊന്ന് ജഡങ്ങൾ വികൃതമാക്കി കിണറ്റിൽ തള്ളുകയും സ്ത്രീകളെ നഗ്നകളാക്കി നടത്തുകയും ചെയ്ത സംഭവം ജൂതഭീകരതയുടെ ബീഭത്സ ചിത്രം വരച്ചുകാട്ടുന്നുണ്ട്.

ആംഗലേയ ചരിത്രകാരനായ ടോയൻബിയുടെ 12 വാല്യമുള്ള എ സ്റ്റഡി ഓഫ് ഹിസ്റ്ററിയിൽ പറയുന്നു: “ഈ മനുഷ്യക്കശാപ്പുകൾ നിഷ്ഠൂരതയിലും കിരാതത്വത്തിലും നാസികൾ ചെയ്തതിനെക്കാൾ ഒട്ടും കുറവായിരുന്നില്ല. ഇവർക്കെതിരെ ബ്രിട്ടീഷ് അധികാരികൾ ചെറുവിരൽ അനക്കിയില്ലെന്നു മാത്രമല്ല, നാടുവിടാൻ അറബികളെ പ്രേരിപ്പിക്കുകയും ചെയ്തു.“ ഫിലസ്തീൻ ദുരന്തത്തിനു നേരെ കണ്ണടക്കുകയും നിസ്സംഗത പാലിക്കുകയും ചെയ്ത ബ്രിട്ടൻ കുറ്റവിചാരണ അർഹിക്കുന്നുവെന്നാണ് ഇതേപ്പറ്റി ടോയൻബി രേഖപ്പെടുത്തുന്നത്. ഇങ്ങനെ 1917-നും 48-നുമിടക്കുള്ള കാലയളവിൽ ഒരു ദേശം മാത്രമല്ല, രാഷ്ട്രം തന്നെ വെട്ടിപ്പിടിക്കാൻ ബ്രിട്ടന്റെ തണലിൽ ജൂതർക്ക് സാധിച്ചു.

മറ്റൊരു ആംഗലേയ സാഹിത്യകാരൻ എച്ച്.ജി. വെൽസ് പറയുന്നു: “ചുരുങ്ങിയത് 2000 ആണ്ടു മുതൽ ഇല്ലാതിരുന്ന ജൂതരാഷ്ട്രത്തിന്റെ പുനഃസ്ഥാപനം ശരിയാണെങ്കിൽ 1000 കൊല്ലം കൂടി പിറകോട്ടുപോയി ‘കൻആൻ (അറബി) രാഷ്ട്രം പുനഃസ്ഥാപിക്കലല്ലേ, കൂടുതൽ ശരി? ജൂതരിൽനിന്ന് ഭിന്നമായി ഫിലസ്തീനിൽ കൻആനികളുടെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് താനും. സയണിസ്റ്റ് വാദം അംഗീ കരിച്ചാൽ ബാബിലോണിയക്കാർ, ഈജിപ്തുകാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമക്കാർ എന്നിവരുടെ പൗത്രന്മാർക്ക് പുണ്യഭൂമിയിൽ അവകാശം നൽകേണ്ടിവരും. കാരണം, ഇവരെല്ലാം മുൻഗാമികളായ ഇസ്റാഈല്യരെക്കാൾ ദീർഘകാലം ഫിലസ്തീനിൽ അധിവസിച്ചവരാണ്. ഈ വീക്ഷണ പ്രകാരം ബാബിലോണിയക്കാരുടെയും അസീറിയക്കാരുടെയും പൗത്രന്മാരായ ഇറാഖുകാർ ഫിലസ്തീനിൽ അവകാശം സ്ഥാപിക്കാൻ ജൂതരെക്കാൾ അർഹരാണെന്ന് വരും. കാരണം, ഇവരുടെ പിതാമഹന്മാർ ജൂത അധിനിവേശത്തിന് മുമ്പും പിമ്പും ഫലസ്തീൻ ഭരിച്ചിട്ടുണ്ടെന്നു മാത്രമല്ല, ഇവരുടെ രക്തം ഹിബ്രുകളുടെ കാലത്ത് ഫിലസ്തീന്റെ ഗണ്യഭാഗം ഭരിച്ച്, അലഞ്ഞുതിരിഞ്ഞ 10-ലധികം ഗോത്രങ്ങളുടെ രക്തവുമായി കലരുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ഇറാഖികളും ഫലസ്തീൻ അറബികളും തമ്മിലുള്ള രക്തം, ഭാഷ, സംസ്കാരം, മതം എന്നീ ബന്ധങ്ങളും പരിഗണനീയമാണ്.

അപഹരിക്കാനും ഖുദ്സിന്റെ ഉടമത്വം അവകാശപ്പെടാനും ഇസ്റാഈൽ ഉന്നയിക്കുന്ന അതേ ന്യായ പ്രകാരം അമേരിക്കൻ ഐക്യനാടുകളുടെ വലിയൊരു ഭാഗം വീണ്ടെടുക്കാൻ മെക്സികോക്ക് അവകാശം നൽകിയേ തീരൂ. മെക്സിക്കോ അവകാശപ്പെടാൻ സ്പെയിനിനും അധികാരമുണ്ട്. അറബികൾക്ക് സ്പെയിൻ അവകാശപ്പെടാം. അമേരിക്കൻ ഐക്യനാടുകളുടെ ഭരണം ഇന്ത്യക്കാരെ ഏൽപിക്കേണ്ടതായും വരും.
ആയിരമോ രണ്ടായിരമോ മൂവായിരമോ കൊല്ലം മുമ്പ് ഒരു രാജ്യത്ത് നിവസിച്ച സമൂഹങ്ങളെല്ലാം അതിന് അവകാശവാദം ഉന്നയിക്കാൻ തുടങ്ങിയാൽ ലോകം അറ്റമില്ലാത്ത മത്സരങ്ങളുടെ തീച്ചുളയായി മാറുകയേയുള്ളൂ…

(ഇസ്ലാമിക വിജ്ഞാനകോശത്തിലെ ഇസ്റാഈൽ എന്ന ലേഖന ത്തിൽനിന്ന്)

Related Articles