Current Date

Search
Close this search box.
Search
Close this search box.

യുക്തിയും ചിന്തയും നല്‍കുന്ന വിശ്വാസം

ഏതൊരുവനും സ്വതന്ത്രമായി തോന്നുന്ന വിശ്വാസ-ആചാര-പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിക്കാനുളള അനുവാദം ഏകദൈവ വിശ്വാസം വകവെച്ചു നല്‍കുന്നു. ഫ്രഞ്ച് ദാര്‍ശനികനായിരുന്ന റോഗര്‍ ഗരോഡി ഏകത്വത്തെ ഇപ്രകാരത്തിലാണ് നിരീക്ഷിച്ചത്. ഇത് വിശുദ്ധ ഖുര്‍ആന്‍ അദ്ദഹര്‍ അധ്യായത്തിലെ മൂന്നാമത്തെ സൂക്തത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ‘തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുളളവനാകുന്നു (വിശ്വസിക്കുന്നു). അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു (നിഷേധിയാകുന്നു)’. എതൊരുവനും സ്വയം ചിന്തിച്ച് കണ്ടെത്താന്‍ കഴിയുന്ന വഴിയാണ് ഏകദൈവ വിശ്വാസം. ഈ ഏകദൈവ വിശ്വാസ കാഴ്ചപ്പാട് ഓരോരുത്തര്‍ക്കും ചിന്തിക്കുവാനുളള സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുന്നു. വിശ്വാസിയാവുന്നതും അവിശ്വാസിയാവുന്നതും ഓരോരുത്തര്‍ അവരുടെ ചിന്തയും യുക്തിയും ഉപയോഗിച്ചുകൊണ്ടാണ്. കേവല വിശ്വാസവാദത്തിനിവിടെ പ്രസക്തിയില്ലെങ്കിലും, ഇച്ഛകള്‍ വ്യക്തികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ചുരിക്കി പറഞ്ഞാല്‍, ഇസ്‌ലാമിന്റെ ഏകത്വ കാഴ്ചപ്പാട് എതൊരാള്‍ക്കും ചിന്തിക്കുവാനുളള അവസരം നല്‍കുകയും തുടര്‍ന്ന് വിശ്വാസിയാകുവാനും ആകാതരിക്കുവാനുമുളള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. 1980-കളുടെ തുടക്കത്തിലുളള ഇസ്‌ലാമികാശ്ലേഷണം പരിശോധിക്കുമ്പോള്‍, 1980-ല്‍ ഇസ്‌ലാമിലേക്ക് വന്ന അമേരിക്കന്‍ വംശജനും നിരീശ്വരവാദ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ജെഫ്രി ലാംങിനെയും, ജര്‍മന്‍ നയതന്ത്രജ്ഞനായിരുന്ന മുറാദ് ഹോഫ്മാനെയും, 1982-ല്‍ ഫ്രഞ്ച് ദാര്‍ശനികനായിരുന്ന റോഗര്‍ ഗരോഡിയെയും കാണാന്‍ സാധിക്കുന്നു. ഇസ്‌ലാമിലേക്ക് വന്ന ഈ ആധുനിക ചിന്തകരെ വായിക്കുമ്പോള്‍ ഇതൊരു പുതിയ പ്രവണതയാണെന്ന ധരിക്കുന്നത് സംഗതമല്ല. മറിച്ച്, പഴയകാലത്തും പുതിയകാലത്തും വിശ്വാസത്തിന്റെ തുടര്‍ച്ചക്ക് കാരണമായിട്ടുളള യുക്തിയുടെയും, ചിന്തയുടെയും, ബുദ്ധിയുടെയും പ്രയോഗവത്കരണമാണ് ഇതിന്റെയെല്ലാം അടിത്തറ നിര്‍ണയിക്കുന്നത്.

ചരിത്രത്തില്‍ ‘വുഫൂദ് വര്‍ഷം’ (പ്രതിനിധിസംഘങ്ങളുടെ വര്‍ഷം) അടയാളപ്പെടുത്തുന്ന വലിയൊരു ചരിത്ര വസ്തുതയുണ്ട്. ഹിജ്‌റ ഒമ്പതാം വര്‍ഷം വ്യത്യസ്തങ്ങളായ പ്രതിനിധി ഗോത്രസംഘങ്ങള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് ഇസ്‌ലാം ആശ്ലേഷണത്തോടെയാണിത് സംഭവിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഈ സന്ദര്‍ഭത്തെ സംബന്ധിച്ച് പറയുന്നു: ‘അഅ്‌റാബുകള്‍ പറയുന്നു: ഞങ്ങള്‍ മുഅ്മിനുകളായിരുക്കുന്നു എന്ന്. നീ (പ്രവാചകന്‍) പറയുക: നിങ്ങള്‍ മുഅ്മിനുകളായിട്ടില്ല. എന്നാല്‍, നിങ്ങള്‍ പറഞ്ഞുകൊള്ളുക: മുസ്‌ലിങ്ങളായിരിക്കുന്നു എന്ന് ‘ (അല്‍ഹുജറാത്ത്: 13). ഗ്രാമന്തരങ്ങളില്‍ താമസിക്കുന്നവരാണ് ‘അഅ്‌റാബുകള്‍’ എന്ന് തഫ്‌സീറുകള്‍ അഭിപ്രായപ്പെടുന്നുവെങ്കിലും, അറിവില്ലാത്ത സാധാരണക്കാര്‍ എന്നതാണ് അതിന്റെ ശരിയായ ഉദ്ദേശം. തുടര്‍ന്ന് വരുന്ന സൂക്തത്തില്‍നിന്ന് അത് വ്യക്തമാണ്. ‘അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു വിശ്വാസികള്‍’. കേവല വിശ്വാസമെന്നല്ല, ബുദ്ധികൊണ്ട് മനസ്സിലാക്കി സംശയലേശമന്യേ വിശ്വസിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. അഥവാ, ചിന്തയിലൂടെ സംശയം രൂപമെടുക്കുകയും അത് വിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് പുറമേയുളള കാഴ്ചകളിലേക്ക് നോക്കുവാന്‍ ആവശ്യപ്പെടുന്നുണ്ട്. അത് ബുദ്ധിയോടുളള സംസാരമാണ്. അങ്ങനെ ബുദ്ധി ഉപയോഗിച്ച് കണ്ടത്തേണ്ട ശരിയായ വിശ്വാസത്തിന് വേണ്ടിയാണത്. ‘നബിയേ പറയുക, ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുളളതെന്ന് നിങ്ങള്‍ നോക്കുവിന്‍’ (യൂനുസ്: 101). അഥവാ, ബുദ്ധി ഉപയോഗിച്ച് ദൈവത്തെ കണ്ടെത്താനുളള ആഹ്വാനമാണ് ഏകദൈവ വിശ്വാസം വിളംബരം ചെയ്യുന്നത്. ഇത് മന:സമാധാനം കണ്ടെത്താനുളള മാര്‍ഗവുമാണ്.

വിശ്വാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അവസാനിപ്പിക്കേണ്ടി വരുന്ന ഒന്നല്ല ബുദ്ധി. ബുദ്ധി ഉപയോഗിക്കുക എന്നത് വിശ്വാസിത്തിന് കൂടുതല്‍ ശക്തിപകരാന്‍ സഹായകമാണ്. വിശ്വാസിയായതിന് ശേഷവും അത്തരത്തില്‍ ബുദ്ധി ഉപയോഗിച്ച പ്രവാചകനാണ് ഇബ്രാഹീം പ്രവാചകന്‍. അവശ്വാസികളെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതും അതേ ബുദ്ധി ഉപയോഗിച്ചുകൊണ്ടാണ്. ‘ഒരിക്കല്‍ ഇബ്രാഹീം പ്രവാചകന്‍ പറഞ്ഞു: എന്റെ നാഥാ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് കാണിച്ചുതരിക. അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലയോ? ഇബ്രാഹീം പറഞ്ഞു: തീര്‍ച്ചയായും വിശ്വസിച്ചിരിക്കുന്നു. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു’ (അല്‍ബഖറ: 260). ഇബ്രാഹീം നബിയുടെ ചോദ്യം, വിശ്വാസ നൈരന്തര്യം ചിന്തയിലൂടെയാണെന്നാണ് കുറിക്കുന്നത്. അത് മനസ്സിന് സമാധാനം നല്‍കുകയും വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. സമാന രീതിയില്‍ മൂസാ പ്രവാചകനെ നമുക്ക് കാണാന്‍ കഴിയുന്നു. അല്ലാഹുവില്‍ നിന്ന് തൗറാത്ത് ഏറ്റുവാങ്ങാന്‍ ത്വൂര്‍ പര്‍വതത്തിലെത്തുകയും അല്ലാഹുവിനോട് സംസാരിക്കുകയും ചെയ്ത് മൂസാ പ്രവാചകന്‍ അല്ലാഹുവിനെ കാണുവാനുളള ആഗ്രഹം പ്രകടപ്പിച്ചു. ‘നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, നിന്നെ എനിക്കൊന്നു കാണിച്ചുതന്നാലും. ഞാന്‍ നിന്നെയൊന്ന് കണ്ടുകൊളളട്ടെ. അവന്‍ അരുളി: നിനക്ക് എന്നെ കാണാന്‍ കഴിയില്ല ‘ (അല്‍അഅ്‌റാഫ്: 143). വിശ്വാസം കൈകൊണ്ട ശേഷവും മൂസാ പ്രവാചകന്‍ വിശ്വാസ വഴിയിലൂടെ കൂടുതല്‍ കൂടുതല്‍ മുന്നേറികൊണ്ടിരിക്കുന്നതിന്റെ സാക്ഷ്യമാണിത്. വിശ്വാസിയാകുവാനും, വിശ്വാസിയായി കഴിഞ്ഞാലും ബുദ്ധിയും ചിന്തയും ഉപയോഗിക്കുക അനിവാര്യമാണ്. ചിന്തയുടെയും യുക്തിയുടെയും നൈരന്തര്യമാണ് വിശ്വാസത്തെ ബലപ്പെടുത്തുന്നതും സ്ഥിരപ്പെടുത്തുന്നതും. ഈ സൂക്തത്തിലൂടെ അല്ലാഹുവിനെ കാണാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കപ്പെടുമ്പോള്‍ പോലും, അത് ചിന്തയെയു യുക്തിയെയും തള്ളിക്കളയുന്നില്ല. മറിച്ച്, ദൈവത്തിന് മുന്നിലെ മുനുഷ്യന്റെ നിസാരഭാവത്തെ പ്രകടമാക്കുകയാണ് ചെയ്യുന്നത്.

അതോടൊപ്പം, ഇതുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാന വിഷയമെന്നത്, പിശാചന്റെ പ്രേരണയില്‍ വശംവദനാകാതെ ബുദ്ധി ഉപയോഗിച്ചും ചിന്തിച്ചും വിശ്വാസത്തില്‍ നിലകൊള്ളമെന്നതാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: ഒരു കൂട്ടം അനുചരന്മാര്‍ പ്രവാചകന്റെ അടുക്കല്‍ വന്നു പറഞ്ഞു: പുറത്തുപറയാന്‍ പ്രയാസമുളളത് ഞങ്ങള്‍ മനസ്സില്‍ കാണുന്നു. പ്രവാചകന്‍ ചോദിച്ചു: നിങ്ങള്‍ അങ്ങനെ കാണുന്നുണ്ടോ? അവര്‍ പറഞ്ഞു: തീര്‍ച്ചയായും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അതാണ് ശരിയായ വിശ്വാസം. ഇത് വിശദമാക്കുന്നത് മനുഷ്യന് പിശാചിന്റെ പ്രേരണ മൂലം മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ്. അത് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാച് വഴിതെറ്റുക്കുന്നതിന് വേണ്ടി മനസ്സിലിട്ടു കൊടുക്കുന്നതാണ്. ഇത് വിശ്വാസത്തിന്റെ അടയാളമാണെന്നാണ് പ്രവാചകന്‍(സ) പറയുന്നത്. അഥവാ, വിശ്വാസമുളളവരിലാണ് പിശാച് ഇത്തരം വശീകരണമന്ത്രവുമായി വരുന്നതും, കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും. പക്ഷേ, വിശ്വാസി അത്തരം സന്ദര്‍ഭത്തില്‍ അവന്‍ കണ്ടെത്തിയ പരിശുദ്ധ വശ്വാസിത്തിനാല്‍ ആ പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കുന്നതായിരിക്കും. ഇത് മറ്റു ഹദീസുകളിലും കാണാവുന്നതാണ്. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: പ്രവാചകന്‍ ‘വസ്വാസി’നെ (മനസ്സിന്റെ തോന്നലുകള്‍, പിശാച് തോന്നിപ്പിക്കുന്നത്) കുറിച്ച് ചോദിക്കപ്പെട്ടു. പ്രവാചകന്‍ പറഞ്ഞു: അതാണ് പരിശുദ്ധമായ വിശ്വാസം. അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ഇങ്ങനെ പറയപ്പെടുന്നതുവരെ ആളുകള്‍ ചോദിചുകൊണ്ടേയിരിക്കും; അല്ലാഹു എല്ലാം സൃഷിടിച്ചു. അപ്പോള്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാര്? അങ്ങനെ നിങ്ങള്‍ കാണുകയാണെങ്കില്‍ പറയണം: ഞാന്‍ അല്ലാഹുവില്‍ വശ്വസിച്ചിരിക്കുന്നു എന്ന്. അബൂഹുറൈറ (റ)വില്‍നിന്ന് നവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങളിലേക്ക്് ശൈത്താന്‍ വന്നുകൊണ്ട് പറയും: ഇത് സൃഷ്ടച്ചതാരാണ്, അത് സൃഷിടിച്ചതാരാണ്? അവസാനം ദൈവത്തെ സൃഷ്ടിച്ചതാരാണ് എന്ന് ചോദ്യത്തിലെത്തും. അങ്ങനെയാണെങ്കില്‍, നിങ്ങള്‍ അല്ലാഹുവിനോട് ശരണം തേടുക, അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. ഈ ഹദീസിലൂടെ വിശദമാക്കപ്പെടുന്ന ആശയം പരസ്പരം കൂട്ടിവെച്ച് വായിക്കേണ്ടതാണ്. വഴിപിഴപ്പിക്കുന്നതിന് വേണ്ടി ശപഥം ചെയ്തിറങ്ങിയ പിശാച് മനുഷ്യരുടെ മനസ്സുകളില്‍ ചില തോന്നലുകള്‍ ഇട്ടുകൊടുക്കും. അതിന് വശംവദരാവാതെ ചിന്തിച്ചും ബുദ്ധിയും യുക്തിയും പ്രയോഗിച്ചും, വിശ്വാസത്തില്‍ തന്നെ അടിയുറച്ച് നില്‍ക്കേണ്ടവനാണ് വിശ്വാസി എന്നതാണ് ഈ ഹദീസുകളിലൂടെ മനസ്സിലാക്കപ്പെടേണ്ടത്. പിശാച് തോന്നിപ്പിക്കുന്ന അബദ്ധ ധാരണകള്‍ ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് ഉചിതമല്ലെന്നും, അവയില്‍ നിന്ന് വിട്ടുനില്‍ക്കുണമെന്നും വിശ്വാസികളോടാവിശ്യപ്പെടുകയാണിത്.

Related Articles