Current Date

Search
Close this search box.
Search
Close this search box.

സ്ത്രീധനം ഭരണഘടനാ വിരുദ്ധം

സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമാർജന ദിനവും സ്ത്രീധനവിരുദ്ധ ദിനവും തൊട്ടടുത്ത ദിവസങ്ങളിലായത് (നവം 25, 26) ആകസ്മികമാവും. ദേശീയ നിയമദിനവും ഭരണഘടനാ ദിനവും ഒരേദിവസമായത് (നവം 26 ) പക്ഷേ ബോധപൂർവ്വമാവും. സ്ത്രീ എന്നും നിന്ദ്യന്മാർക്ക് ശരീരമാത്രയാണ്. അവളിലെ ദേഹത്തേയും ദേഹിയേയും ഒരുപോലെ ആദരിക്കേണ്ടതുണ്ട്.മാന്യനായവനേ മഹിളയെ ആദരിക്കാൻ കഴിയൂ എന്ന് അറബി ഭാഷയിൽ ഒരു ചൊല്ലുണ്ട്. തന്റെ ഇണയെ നല്ല പാതിയായും കൺകുളിർമയായുമെല്ലാം കാണാൻ കഴിയുക ആ മാന്യതയുടെ ഭാഗമായാവണം നാം മനസ്സിലാക്കേണ്ടത്.

THE DOWRY PROHIBITION ACT, 1961, (Act No. 28 of 1961) 1961 ലെ സ്ത്രീധന നിരോധന ആക്റ്റിൽ 28-ാം വകുപ്പായി രേഖപ്പെടുത്തിയിരിക്കുന്ന സംഗതികൾ വായിച്ചാൽ തന്നെ നാട്ടിൽ നടക്കുന്ന അച്ചാരങ്ങളും സ്നേഹസമ്മാനങ്ങളുമെല്ലാം സ്ത്രീധനത്തിന്റെ നിർവചനത്തെ മറികടക്കാനുള്ള പുരുഷ കേന്ദ്രീകൃത തന്ത്രങ്ങളാണെന്ന് ബോധ്യപ്പെടും.സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ് എന്നാണ് IPC .

കല്യാണ നിശ്ചയ വേളയിലെ ആലങ്കാരിക പ്രയോഗങ്ങളിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശൽ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു അനീതിയിലധിഷ്ഠിതമായ നാട്ടാചാരമെന്നോ മാമൂലെന്നോ അല്ലാതെ ഇസ്ലാമിൽ അതിന് ഒരു പരിഗണനയുമില്ല. “ലാ ദററ വലാ ദിറാറ ” എന്ന പ്രമാണം തന്നെ മതി ഇത്തരം അച്ചാരങ്ങളും ആചാരങ്ങളും അനിസ്ലാമികമാണെന്ന് ഉറപ്പിച്ച് പറയാൻ . പ്രയാസമുണ്ടാക്കുന്നതോ അതിന് വഴിവെക്കുന്നതുമെല്ലാം നിഷിദ്ധമാണെന്നാണ് ഉപരിസൂചിത ഹദീസിന്റെയർഥം. ഇസ്ലാമിലെ കർമശാസ്ത്ര നിദാനങ്ങൾക്ക് അടിസ്ഥാനമായ ആ തത്വത്തെ ഉറുഫ് , ആദത്ത് എന്നീ സംജ്ഞകളിലൂടെ ഒളിച്ചുകടത്തുന്ന രീതി ചില മത വേഷധാരികളിൽ നിന്നു പോലും കാണാം.

Also read: വ്യക്തിത്വവും ശുചിത്വപരിപാലനവും

സ്വന്തം മക്കൾക്ക് പിതാവോ രക്ഷിതാവോ നൽകുന്ന സമ്മാനമായി അതിനെ ചിത്രീകരിക്കുകയും തിരുനബി ഫാത്ത്വിമ ബീവിക്കു ഇങ്ങനെ ചില വസ്തുക്കൾ ദാനമായി നൽകിയിരുന്നുവെന്ന് ന്യായീകരിക്കുക കൂടി ചിലർ ചെയ്യുന്നു.സ്വന്തമായി തനിക്കൊന്നുമില്ലെന്ന് പറഞ്ഞ സ്വന്തം എളാപ്പയുടെ പുത്രൻ തന്റെ പുതിയാപ്ല ആയപ്പോൾ മഹ്റ് നൽകാൻ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു നബി (സ) നിർദ്ദേശം നല്കിയത്. ഒഴിഞ്ഞ മടിശ്ശീലയുമായി തലചായ്ക്കാൻ ഇടമില്ലാതെ ഒരു വിവാഹത്തിനുമുതിരാൻ മടിച്ച അലി(റ)ക്ക് തിരുനബി തന്റെ മുറിയോട് ചേർന്ന് ഒരു കൊച്ചുവീടും ഗൃഹോപകരണങ്ങളും സംഘടിപ്പിച്ചുവെന്നത് നബി നല്കിയ സ്ത്രീധനമായി വരെ ആ ചിലർ ചിത്രീകരിക്കുന്നു. അലി(റ)യുടെ കൂട്ടുകാരായ ചില സ്വഹാബികളാണ് അതിന് ഫണ്ടൊരുക്കിയത് എന്നവർ വിസ്മരിക്കുന്നു. അവർ തന്നെയാണ് ആ വീട് നിർമാണവും നടത്തിയത്.
ഇന്നു പുരുഷൻമാർ വിവാഹത്തിന് ഡിമാന്റ്െ ചെയ്തു വസൂലാക്കുന്ന ക്രൂരമായ സ്ത്രീധനമെന്ന നാട്ടാചാരത്തിന് ഈ സംഭവമാണ് പൊതുവെ തെളിവായി ഉദ്ധരിക്കൽ . സച്ചരിതരായ പുരുഷൻമാരെ തങ്ങളുടെ പെൺകുട്ടികൾക്കു തേടിപ്പിടിക്കുന്ന മാതാപിതാക്കൾ മകളുടേയും കുടുംബത്തിന്റെയും ജീവിത സൌകര്യത്തിന് നൽകുന്ന സഹകരണവും അനുകമ്പയും സ്ത്രീധനമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇന്നും ഇത്തരത്തിലുളള സംഭവങ്ങൾ ധാരാളം നടക്കുകയും മൗലവികമായി “നായീ”കരിക്കുകയും ചെയ്ത് വരുന്നു.

അംഗവൈകല്യമുളളവരും സൗന്ദര്യം കുറഞ്ഞവരുമായ പെൺകുട്ടികൾക്ക് തങ്ങളുടെ കുടുംബ മഹിമക്കും ജീവിത ചുറ്റുപാടിനും അനുയോജ്യമായ വരനെ ലഭിക്കാൻ പ്രയാസം നേരിടുന്ന സന്ദർഭത്തിൽ താരതമ്യേന മെച്ചപ്പെട്ട വരനെ കണ്ടെത്തി സ്ത്രീധനം കൊടുത്ത് പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത് കച്ചവടമുറപ്പിക്കുകയും ചെയ്യുന്നത് ഇന്ന് നിത്യസംഭവമാണ്. പാമ്പു കൊത്തി മരണം, ആത്മഹത്യ , സിലിണ്ടർ പൊട്ടി മരണങ്ങൾ എന്ന് തുടങ്ങി നാം കേൾക്കാൻ വെറുക്കുന്ന ട്രാജഡികളാണ് ഇത്തരം ഇടപാടുകൾ നിരന്തരം സമ്മാനിക്കുന്നത്. ഇതൊന്നും മതപരമായി നിഷിദ്ധമാണെന്ന് പറയാൻ പക്ഷെ, മനുഷ്യപ്പറ്റുള്ള മുഫ്തിമാർ വേണം. പാവം പെൺകുട്ടികളെ ആത്മഹത്യാ മുനമ്പിൽ കൊണ്ട് തള്ളുന്ന വിധത്തിൽ സ്ത്രീധനം പറഞ്ഞ് , പലപ്പോഴും ഡിമാന്റ് ചെയ്ത് , ചിലപ്പോൾ വധുഗൃഹത്തിലെ എല്ലാവരും ഒരുമിച്ച് പരലോകത്തേക്ക് കടന്നുകളയുന്ന സംഭവങ്ങളുമുണ്ട്. അഥവാ സ്ത്രീധനം പുരുഷന്റെ ചൂഷണോപാധിയും പെൺകുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും അന്തകനുമായിതീരുകയാണ്. വിവാഹ നിശ്ചയത്തിനെത്തുന്ന കാരണവൻമാരും ബന്ധപ്പെട്ടവരും മത പണ്ഡിതരും ഈ തിന്മക്ക് സാക്ഷിയാകാനും പങ്ക് പറ്റാനും മുതിരാതെ ഇത്തരം പരിപാടികളിൽ സ്വയം വിട്ടുനിന്നാൽ തന്നെ അറുതിവരുത്താവുന്ന ഒരു സംഭവമാണിത്. സ്ത്രീധനം വിവാഹത്തിന്റെ മുഖ്യ ലക്ഷ്യവും മാനദണ്ഡവുമായി മാറിയ സാഹചര്യത്തിൽ സമൂഹത്തെ അറ്റമില്ലാത്ത കണ്ണീർക്കയത്തിലാഴ്ത്തുന്ന സാമൂഹിക തിൻമയാണിന്നത്തെ സ്ത്രീധന സമ്പ്രദായമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ഫാത്വിമ ബീവിക്കു കൊടുത്ത വീട്ടുപാത്രങ്ങളുടെ വിശേഷണങ്ങൾ പറഞ്ഞ് നാട്ടാചാരങ്ങളെ വെള്ളയടിക്കുന്ന ശുഭ്ര തോന്നാസ്യ ഫത് വകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കേണ്ട കാലമവസാനിച്ചു. സമുദായത്തിനകത്ത് നിന്നുതന്നെ ക്രമപ്രവൃദ്ധമായ പദ്ധതികളിലൂടെ നിരന്തര ബോധവൽക്കരണ സംരംഭങ്ങളുണ്ടാകണം, സമുദായ സംഘടനകളും പണ്ഡിതൻമാരും പദ്ധതികളാവിഷ്കരിക്കുകയും മഹല്ലു ജമാഅത്തുകളും വ്യക്തികളും കക്ഷി ഭേദമന്യേ അത് നടപ്പിലാക്കാൻ സമഗ്ര പ്ലാനുകൾ തയ്യാറാക്കുകയും വേണം. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി സ്ത്രീധനം വാങ്ങരുതെന്നും അത്തരം വിവാഹങ്ങളിൽ മഹല്ലുകൾ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്നതിന് മതപരമായ ഒരു വിലക്കുമില്ലല്ലോ?!

Also read: ‘എർതുറുൽ’ മുസ്‌ലിം ഭാവനയെ പുനരുജ്ജീവിപ്പിച്ച വിധം

സമ്പത്ത് മാനദണ്ഡമാക്കുന്ന പതിവ് ഇസ്ലാമിക സമൂഹത്തിൽ എവിടെ നിന്നോ കയറിപ്പറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തിലോ പ്രമാണങ്ങളിലോ യാതൊരു പിന്തുണയും ഇതിനില്ല എന്നതാണ് വാസ്തവം. സ്ത്രീയുടെ സമ്പത്തിലും സൗന്ദര്യത്തിലും തറവാടിത്തത്തിലും കണ്ണുനട്ടുള്ള വിവാഹാന്വേഷണങ്ങളും ബന്ധങ്ങളുമെല്ലാം ചൂഷണവ്യവസ്ഥിയുടെ അവശിഷ്ടങ്ങളാണ്. ഗതി മണ്ണുകപ്പലാവുമെന്ന് (തരിബത് യദാക) നബി (സ) ആശങ്കിച്ച ഘടകങ്ങളാണവ മൂന്നും .

പുരുഷനെ തിരഞ്ഞെടുക്കുന്നതിലും ഇസ്ലാമിക മുൻഗണനാ ക്രമം ദീൻ മാത്രമാവണം. ഇല്ലെങ്കിൽ  തിരുനബിയുടെ രണ്ടാമത്തെ ആശങ്കയായ ഫിത്നയും ഫസാദും (പരീക്ഷണവും നാശവും ) നമ്മെ വിടാതെ പിടികൂടും. നബിയോ സ്വഹാബികളോ തങ്ങളുടെ മക്കൾക്ക് പണമുള്ളവരെ തേടിനടന്നിട്ടില്ല. വിവാഹം കഴിക്കുന്നവർക്ക് ഇത്ര സമ്പത്ത് വേണമെന്ന നിബന്ധന ആരും നിശ്ചയിച്ചിട്ടില്ല. എല്ലാ നന്മകളും അവഗണിച്ച് സമ്പത്തിന്റെ പിന്നാലെ പോകുന്നവരും കല്യാണരംഗത്തെ കാലിച്ചന്തയാക്കുന്നവരുമാണ് ഇന്നത്തെ പ്രശ്നക്കാർ . ഇത്തരം കച്ചവടമുറപ്പിക്കാനാണ് പ്രൊഫഷണൽ ബ്രോക്കർമാർക്കും സാമ്പത്തിക കണ്ണുള്ള മഹല്ലുകൾക്കും താല്പര്യം.

ദരിദ്രനായ അലി (റ) യെ തന്റെ പുന്നാരമകൾ ഫാത്വിമാക്ക് ഭർത്താവായി തിരഞ്ഞെടുക്കുമ്പോൾ തിരുനബിയുടെ മനസ്സിൽ സാമ്പത്തിക ചിന്തയോ ഭാവിയെ കുറിച്ച ആശങ്കകളോ ഉണ്ടായിരുന്നില്ല എന്ന് നാം സൂചിപ്പിച്ചു.ഹസ്റത് ബിലാൽ(റ), നീഗ്രോവംശജനായ അടിമയായിരുന്നു , സുഹൈബ് (റ) റോമൻ വംശജനും. ചരിത്രത്തിൽ അവരിരുവരും ഖുറൈശി കുലത്തിൽ ചെന്നു വിവാഹാന്വേഷണം നടത്തുകയാണ്. അപരിചിതരായ ഈ സുഹൃത്തുക്കളെ കുറിച്ച് വീട്ടുകാർ അന്വേഷിച്ചു. നിങ്ങൾ ആരാണ്?
ബിലാൽ(റ) പറഞ്ഞു: ” ഞാൻ ബിലാൽ, ഇത് എന്റെ സഹോദരൻ സുഹൈബും. ഞങ്ങൾ ദുർമാർഗികളായിരുന്നു. ഞങ്ങളെ അല്ലാഹു ഹിദായത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. ഞങ്ങളെ അല്ലാഹു സ്വതന്ത്രരാക്കി. ഞങ്ങൾ അവശരായിരുന്നു. ഞങ്ങളെ അല്ലാഹു ഐശ്വര്യവാന്മാരാക്കി. നിങ്ങൾ ഞങ്ങൾക്ക് മക്കളെ വിവാഹം ചെയ്ത് തരുകയാണെങ്കിൽ നന്നായി. അല്ലാഹുവിന് സ്തുതി. അൽ ഹംദുലില്ലാഹ്. ഇല്ലെങ്കിൽ പ്രശ്നമൊന്നുമില്ല. അല്ലാഹു പരിശുദ്ധൻ, സുബ്ഹാനല്ലാഹ്” .
ആ തറവാടികൾ പക്ഷേ പ്രവാചകാനുയായികളായിരുന്നു. അവർ
പ്രതികരിച്ചു : ” ഞങ്ങൾ തയ്യാറാണ്. നിങ്ങൾക്ക് നമ്മുടെ മക്കളെ വിവാഹം ചെയ്തുതരാം” . കുലീനരായ മക്കയിലെ ആ അറബി കുടുംബക്കാർ തങ്ങളുടെ പെൺകുട്ടികളെ നിർദ്ധനരും മുമ്പ് അടിമകളുമായിരുന്ന ബിലാലിനും സുഹൈബിനും വിവാഹം ചെയ്തുകൊടുത്തു എന്നാണ് ആ ചരിത്രം .

Also read: കാലത്തെ അതിജീവിച്ച ഭാഷ

താബിഈ ആയ സഈദ്ബ്നു മുസ്വയ്യബ് (റഹ്) മഹാപണ്ഡിതനായിരുന്നു. ലളിത ജീവിതത്തിന്റെ ഉടമ.തന്റെ പുത്രിക്ക് വിവാഹാന്വേഷണവുമായി രാജകുമാരന്മാർ വരെ വന്നു. ഭരണാധികാരിയായ അബ്ദുൽ മലിക്ക് ബിൻ മർവാൻ നേരിട്ടു തന്നെ അവൾക്ക് വിവാഹാന്വേഷണം നടത്തി. അബ്ദുൽ മലിക്കിനോട് സഈദ് പറഞ്ഞു: ” ഇല്ല. അവൾക്കു മറ്റൊരുത്തൻ സമയമാവുമ്പോൾ ഭർത്താവായി വരും ”
ആ വിവാഹം പിന്നീട് നടന്നത് തികച്ചും ആകസ്മികമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത മാംഗല്യം. സഈദിന്റെ മരുമകൻ ഇബ്നു അബീ വദാഅ തന്നെ വിശദീകരിക്കട്ടെ : ഞാൻ സഈദ്ബ്നു മുസയ്യബിന്റെ ശിഷ്യനായിരുന്നു. കുറേ ദിവസം ഞാൻ ക്ലാസിൽ പോവാതായി . പിന്നീട് ചെന്നപ്പോൾ എന്നോട് ഗുരു ചോദിച്ചു :നീ എവിടെയായിരുന്നു ?

ഞാൻ പറഞ്ഞു: “എന്റെ ഭാര്യക്ക് അസുഖമായി കിടക്കുകയായിരുന്നു , അവൾ മരിച്ചു. ഞാൻ ആ വിഷയകമായി താമസിച്ചു പോയതാണ്. ”
ഗുരു : ” എന്തേ നമ്മളോടൊന്നും അറിയിച്ചില്ല. ജനാസയിൽ പങ്കെടുക്കാമായിരുന്നല്ലോ ” ?
ഞാൻ ഒന്നും പ്രതികരിക്കാതെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഗുരു ചോദിച്ചു: ” പുതിയ വിവാഹം വല്ലതും തീരുമാനിച്ചോ?”
ഞാൻ പറഞ്ഞു: ” അങ്ങേക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ, എനിക്കാരാണിനി വിവാഹം ചെയ്തു തരിക?. എന്റെ കയ്യിൽ രണ്ടോ മൂന്നോ ദിർഹമാണുള്ളത്”

ഗുരു: “ഞാൻ തന്നെ. ഞാൻ നിക്കാഹ് ചെയ്തു തരാം എന്റെ മകളെ , ഇൻശാ അല്ലാഹ്”
ഞാൻ ചോദിച്ചു: ” താങ്കൾ അതിനു തയ്യാറാണോ. അങ്ങനെ ചെയ്യാൻ താങ്കൾക്കാവുമോ?”
ഗുരു: “അതെ തീർച്ചയായും ” .
താമസിച്ചില്ല ,അദ്ദേഹം ആ സദസ്സിൽ വെച്ചു മറ്റു ശിഷ്യന്മാരുടെ മുന്നിൽ വെച്ച് തന്നെ മകളെ എനിക്ക് വിവാഹം ചെയ്തു തരികയും ചെയ്തു. എന്റെ കൈവശമുള്ള രണ്ടു ദിർഹം മഹ്റായി നിശ്ചയിക്കുകയും ചെയ്തു.

ഇസ്ലാമിക വിവാഹത്തിന്റെ ലാളിത്യത്തിന് ഉദാഹരണമാണ് മുകളിൽ ഉദ്ധരിച്ച സംഭവങ്ങൾ. ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ് കൂടുതൽ അനുഗ്രഹീതമെന്ന് നബി പഠിപ്പിച്ചിട്ടുള്ള സമുദായത്തിലാണ് പക്ഷേ ബിരിയാണി നോവൽ നടക്കുന്നതെന്ന് നമുക്കറിയാം.
ഇസ്ലാമിൽ പുരുഷൻ സ്ത്രീക്ക് നൽകുന്ന നിർബന്ധമായ വിവാഹ മൂല്യമാണ് മഹ്ർ. അത് തന്നെ വിലപേശലില്ലാതെ വളരെ കുറഞ്ഞത് മാത്രം നൽകി വിവാഹം ലളിതമാക്കണമെന്നാണു ശരീഅത്തിന്റെ നിർദ്ദേശമെന്നിരിക്കെ മതത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത സ്ത്രീധനമെന്ന നാട്ടാചാരത്തിനും മറ്റു മാമൂലുകൾക്കും വേണ്ടി വാശിപിടിക്കുകയും വിലപേശുകയും ചെയ്യുന്ന വിവാഹങ്ങൾ അഭിശപ്തങ്ങളാണ്.
സ്ത്രീ തന്നെയാണ് ധനം . അല്ലാത്ത സ്ത്രീധനം കേവലം ദാനമായി ഗണിച്ചു കൂടാ. കാരണം, 1. അത് ചോദിച്ചു വാങ്ങുന്നതാണ്. 2. മുൻ തീരുമാന പ്രകാരം തുക നിശ്ചയിക്കുന്നതാണ്. 3. വിവാഹബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ തിരിച്ചുനൽകേണ്ടതുമാണ്. അതുകൊണ്ടു തന്നെ സ്ത്രീധനം ദാനമായി ഒരിക്കലും പരിഗണിച്ചു കൂടാ. സമൂഹം അങ്ങനെ പരിഗണിക്കുന്നുമില്ല.

Also read: അടിസ്ഥാനം നീതിയാണ്

ഇനി അതൊരു കടമാണെന്നു പറയാനും നിർവ്വാഹമില്ല. ഭർത്താവ് ഭാര്യയിൽ നിന്നോ ഭാര്യാപിതാവിൽ നിന്നോ നിശ്ചിത അവധിക്കു തരാമെന്നു പറഞ്ഞല്ല സ്ത്രീധനം വാങ്ങുന്നത്. കടം തിരിച്ചടക്കൽ നിർബന്ധമാണ്. ചോദിച്ചവന്ന് കടം കൊടുക്കൽ സുന്നത്തുമാണ്.
തകരാറൊന്നുമില്ലാതെ തുടരുന്ന ബന്ധങ്ങളിൽ സ്ത്രീധനം ചർച്ചയാവാറില്ല. വായ്പയുടെ കാര്യവും ഇതുതന്നെ. ഉപയോഗിച്ചു തീരുന്ന വസ്തുക്കൾ വായ്പ കൊടുക്കാൻ പാടില്ല. വായ്പ വാങ്ങിയ വസ്തു തന്നെ തിരിച്ചു കൊടുക്കണമെന്നാണ് നിയമം. അഥവാ വായ്പ വസ്തുവിൽ ഉപയോഗമല്ലാതെ ക്രയവിക്രയാധികാരമോ അവകാശമോ വാങ്ങുന്നവനില്ല. കടം ഉടമാവകാശമാണ്. തുല്യസംഖ്യയോ വസ്തുവോ തിരിച്ചടക്കണമെന്നാണ് ഫിഖ്ഹ്. ആയതിനാൽ സ്ത്രീധനം കടമായോ വായ്പയായോ മുസ്ലിം സമൂഹത്തിൽ എവിടെയും പരിഗണിക്കുന്നില്ലെന്നത് യാഥാർത്ഥ്യമാണ്.

പണമോ മറ്റോ ലഭിക്കുന്നതിനു വേണ്ടി ദാതാവിന് ഈടു നൽകയാണ് പണയം. പണം തിരിച്ചു നൽകുമ്പോൾ യാതൊരു ഏറ്റക്കുറച്ചിലും ഇല്ലാതെ ഈടു തിരിച്ചു നൽകുന്നു. സ്ത്രീധനം ഭർത്താവിനു നൽകുന്ന ഈടും ഭർത്താവൊരു പണയപ്പണ്ടവുമായി പരിഗണിച്ചാൽ പോലും പണയ വസ്തുവിന്റെ ഉപഭോഗം നിഷിദ്ധമാണല്ലോ?! സ്ത്രീധനത്തെ പാർട്ട്ണർഷിപ്പോ ഡെപ്പോസിറ്റോ ആയും പരിഗണിച്ചു കൂടാ. പാർട്ട്ണർഷിപ്പ് ബിസിനസ്സിന്റെ നിയമങ്ങളൊന്നും പാലിക്കപ്പെടുകയോ ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്തതു കൊണ്ട് ആ ഇനത്തിലുമല്ല അത്. ഭർത്താവിന്റെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്ത അമാനത്തോ നിക്ഷേപ മുതലോ ആണെന്നും പറഞ്ഞുകൂടാ. അമാനത്ത് മുതൽ ഡിമാന്റ് ചെയ്തു വാങ്ങാറില്ല. കക്ഷി എപ്പോൾ ആവശ്യപ്പെട്ടാലും തിരിച്ചു നൽകണം. അമാനത്തു മുതലിന്റെ ഏതു നിലക്കുള്ള ഉപയോഗവും നിയമവിരുദ്ധമാണ്. അമാനത്തു മുതൽ നഷ്ടപ്പെട്ടാൽ സൂക്ഷിപ്പുകാരൻ ഉത്തരവാദിയുമല്ല. സ്ത്രീധനത്തിൽ ഈ വിഷയങ്ങളൊന്നും പരിഗണനീയമല്ല. അതു ഡിമാന്റു ചെയ്തു വാങ്ങുന്നതാണ്. ഭാര്യ സാധാരണ ഗതിയിൽ തിരിച്ചു ചോദിക്കാറില്ല. ചോദിച്ചാൽ തന്നെ കൊടുക്കാറുമില്ല. കൊടുക്കാൻ വല്ലവരും തയ്യാറാവുകയാണെങ്കിൽ അതു വിവാഹ മോചനത്തിനു വഴി ഒരുക്കുകയും ചെയ്യുകയാണ് പതിവ്. ഇസ്ലാമിൽ ചെലവിന്റെ പൂർണ്ണ ഉത്തരവാദിത്തം ഭർത്താവിനാണ്.

ഇസ്ലാമിക ശരീഅത്തിൽ ഇത്തരം ഒരു ഇടപാടിനെ കുറിച്ച് ചർച്ചയില്ല. ആ ഇടപാടിന് നിയമ പ്രാബല്യവുമില്ല. ഡിമാന്റ് ചെയ്തു തുക നിശ്ചയിച്ച് സമയ ബന്ധിതമായി ഈടാക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഇടപാട്. അല്ലെങ്കിൽ പിണങ്ങി പിരിയുമ്പോൾ മാത്രം തിരിച്ചടക്കുന്ന ഒരു ഇടപാട്-ഈ ഇടപാട് സാമ്പത്തിക നിയമപ്രകാരം അസാധുവാണ്. അസാധുവായ ഇടപാടിന് നിയമ സംരക്ഷണം ലഭിക്കുകയില്ല. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ പണം നഷ്ടപ്പെട്ടാൽ അത് തിരിച്ച് പിടിക്കാൻ കോടതിക്ക് വകുപ്പില്ല , ഇസ്ലാമിലേതായാലുമില്ല.മറ്റു സാമ്പത്തിക നിയമങ്ങളുടെ വെളിച്ചത്തിലും സ്ത്രീധനം ഫാസിദായ (അസാധു) ഇടപാടാണ്. ഫാസിദായ ഇടപാടിന് സാക്ഷി നിൽക്കാനോ അതിന്റെ ഇടനിലക്കാരനാകാനോ പാടില്ല.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

പ്രയോഗിക തലത്തിൽ സൂക്ഷിപ്പു മുതലിന്റെ ഗണത്തിലാണ് സ്ത്രീധനത്തെ പൊതുവെ പെടുത്തിവരാറുളളത്. സ്ത്രീക്കവകാശപ്പെട്ട ധനം ഭർത്താവിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുന്നു. വാഹനം , വസ്തു, മുതൽ എന്നിവയായി ഭർത്താവിന് അതിന്റെ ക്രയവിക്രയാധികാരവും നൽകുന്നു. സാധാരണ ഗതിയിൽ ഭർത്താവിന് പൊരുത്തപ്പെട്ടു കൊടുക്കുകയും പിണങ്ങിപ്പിരിയുമ്പോൾ കണക്ക് പറഞ്ഞ്, ചിലപ്പോൾ ഗുണ്ടകളെ ഇറക്കിയും , തിരിച്ച് വാങ്ങുന്നു. ഇങ്ങനെ ഒരു ഇടപാട് കർമശാസ്ത്രത്തിലില്ലാത്തതുകൊണ്ട് സ്ത്രീധനം അന്യസംസ്കാരങ്ങളിൽ നിന്ന് മുസ്ലിം സമുദായത്തിലേക്ക് കടന്നു കയറിയ ഒരു ദുരാചാരമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.

(നവം: 25 സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമാർജന ദിനം
നവം : 26 സ്ത്രീധന വിരുദ്ധ / ദേശീയ നിയമ-ഭരണ ഘടനാ ദിനം )

Related Articles