Knowledge

റുവാണ്ടന്‍ വംശഹത്യയുടെ പിന്നാമ്പുറം

വംശഹത്യകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ അടക്കം പറച്ചിലുകള്‍ മതിയാക്കി മുറവിളി കൂട്ടലുകള്‍ കലശലാക്കിയ കാലമാണിത്. പെട്ടെന്ന് ഏതെങ്കിലും ഒരര്‍ദ്ധ രാത്രി കൂട്ടക്കൊലകള്‍ക്ക് ആഹ്വാനം നടത്തുന്ന രീതിയല്ല വംശഹത്യക്കാര്‍ അവലംബിക്കുന്നത്. പതിറ്റാണ്ടുകളുടെ അടക്കം പറച്ചിലുകളും ചെവിയിലൂത്തും നടത്തിയ ശേഷം അവസരം ഒത്തു വരുമ്പോള്‍ മാത്രം ചാടി വീഴുന്ന കലാരൂപമാണ് വംശഹത്യകള്‍. മാനവ രാശി കണ്ട ഏറ്റവും അന്ധമായ പ്രവര്‍ത്തിയാണ് കൂട്ടക്കൊലകള്‍. ഒന്നും ഒട്ടും ഓര്‍ക്കാതെയുള്ള ഒരു തീക്കളി. പതിറ്റാണ്ടുകള്‍ ഹോംവര്‍ക് ചെയ്തു സാധിച്ചെടുക്കുന്ന കൃത്യമാണെങ്കിലും നിര്‍വഹിച്ചു കഴിയുമ്പോള്‍ വേട്ടക്കാര്‍ക്കും ഇരകള്‍ക്കും ഒരു പോലെ നാശം വിതക്കുന്ന അബദ്ധമായി അത് മാറുന്നു.

ലോകത്ത് കൂട്ടഹത്യകള്‍ അരങ്ങേറിയ എല്ലാ രാജ്യങ്ങളിലും ഇതായിരുന്നു സ്ഥിതി. കര്‍ട്ടന്‍ താഴുമ്പോള്‍ എല്ലാവരും വാവിട്ടടിക്കുന്ന അനുഭവം. ജര്‍മനിയുടെ പാഠം വളരെ പ്രസിദ്ധമാണ്. എല്ലാം കൈവിട്ടു എന്നുറപ്പിച്ച ഹിറ്റ്‌ലര്‍ 1945 മെയ് ഒന്നിന് സ്വയം വെടിയുതിര്‍ത്തു ജീവിതം അവസാനിപ്പിച്ചു. ഇതൊരു ഹിറ്റ്‌ലറുടെ മാത്രം കഥയല്ല. മനുഷ്യ ചരിത്രത്തില്‍ സംഭവിച്ച മനുഷ്യരുടെ സകല ക്രൂര വിനോദങ്ങളുടെയും പര്യവസാനം ഇപ്രകാരമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യയാമത്തില്‍ പോലും വംശഹത്യകള്‍ സംഭവിച്ചു. ഉദാഹരണം റുവാണ്ട. വംശനാശവും ഉന്മൂലനവും ലക്ഷ്യം വെക്കുന്നവര്‍ക്ക് ഒരു വലിയ പാഠമാണ് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട. 1884ല്‍ ബെര്‍ലിന്‍ കോണ്‍ഫറന്‍സ് കരാര്‍ പ്രകാരം കറുത്തവരുടെ ഭൂഖണ്ഡമായ ആഫ്രിക്കയെ അമേരിക്കയും പതിമൂന്നു യൂറോപ്പ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് പങ്കിട്ടെടുത്തു. കരാര്‍ പ്രകാരം മധ്യ കിഴക്കന്‍ രാജ്യമായ റുവാണ്ടയുടെ ഭരണം ജര്‍മനിക്കാണ് ലഭിച്ചത്. 1894ല്‍ ഭരണം തുടങ്ങിയ ജര്‍മനി 1916ല്‍ റുവാണ്ടയുടെ അധീശത്വം ബെല്‍ജിയത്തിനു കൈമാറി. ബെല്‍ജിയം അനുവര്‍ത്തിച്ച നയങ്ങള്‍ റുവാണ്ടയെ ഇരുണ്ട യുഗത്തിലേക്ക് നയിച്ചു. ഏറെക്കുറെ സമാധാനപരമായി കഴിഞ്ഞിരുന്ന ജനതയുടെ ഹൃദയത്തില്‍ വംശീയതയുടെ വിത്തുകള്‍ പാകി മുളപ്പിച്ച് റുവാണ്ടയെ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും ഹീനമായ വംശഹത്യയിലേക്ക് നയിക്കുന്നതില്‍ ബെല്‍ജിയത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. റുവാണ്ട,ഉറുണ്ടി പ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന ഭൂരിപക്ഷ വിഭാഗമായ ഹുടുവും (85 ശതമനം) രണ്ടാമത്തെ വിഭാഗമായ ടുട്‌സിയും (14 ശതമാനം) തമ്മില്‍ കാര്യമായ വൈജാത്യങ്ങളുണ്ടായിരുന്നില്ല. ഇരുകൂട്ടര്‍ക്കും വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇറക്കിയും ഹുട്ടു വംശക്കാരെ വധിക്കുന്നതിന് കത്തോലിക്ക സഭയുടെ മതവിധി സംഘടിപ്പിച്ചും പ്രചരിപ്പിച്ചും ബെല്‍ജിയക്കാര്‍ ഇരു ഗ്രൂപ്പുകളെയും തമ്മിലടിപ്പിച്ചു.

1962-ല്‍ റുവാണ്ട എന്ന സ്വതന്ത്ര രാജ്യം പിറക്കുമ്പോള്‍ ഭൂരിപക്ഷ വിഭാഗമായ ഹുടു വംശജര്‍ ഭരണം കൈയ്യേല്‍ക്കുന്ന വിധം ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി മാറി. 1994-ല്‍ അജ്ഞാതര്‍ റുവാണ്ടന്‍ വിമാനം വെടിവച്ച് തകര്‍ത്തു. വിമാനത്തിലുണ്ടായിരുന്ന റുവാണ്ടന്‍ പ്രസിഡന്റും ബെറുണ്ടി പ്രസിഡന്റും കൊല്ലപ്പെട്ടു. ഹുടു തീവ്രവാദികള്‍ കൊലപാതകത്തിന്റെ കുറ്റം ന്യൂനപക്ഷക്കാരായ ടുട്‌സികളില്‍ ആരോപിച്ചു. പിറ്റേന്ന് രാവിലെ മുതല്‍ റുവാണ്ടന്‍ റേഡിയോയിലൂടെ വംശഹത്യക്കുള്ള ആഹ്വാനം പ്രക്ഷേപണം ചെയ്തു തുടങ്ങി.

അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന ഹുഡു വംശജര്‍, ടുട്‌സികളെ വെട്ടിയും കുത്തിയും കൊന്നൊടുക്കി. കത്തിയും വാളുമായിരുന്നു പ്രധാന ആയുധങ്ങള്‍. ടുട്‌സി വംശം നശിക്കുന്നതിന് കുട്ടികളെ കൊന്നൊടുക്കണം എന്ന് റേഡിയോയിലൂടെ പരോക്ഷമായി നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം ശരാശരി എണ്ണായിരം പേരെയാണ് കൊന്നു തള്ളിക്കൊണ്ടിരുന്നത്.

വംശഹത്യയുടെ നൂറു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു ലക്ഷം ടുട്‌സികളും മിതവാദികളായ ഹുടുവംശജരും കൊല ചെയ്യപ്പെട്ടു. രണ്ടര ലക്ഷം സ്ത്രീകള്‍ ബാലാത്സംഗം ചെയ്യപ്പെട്ടു. പള്ളികളില്‍ അഭയം തേടിയ ആയിരങ്ങളെ വെട്ടിയും കുത്തിയും കൊന്നൊടുക്കി. 1994 ല്‍ നടന്ന ഈ ക്രൂരകൃത്യത്തിനു 2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പു പറഞ്ഞിരുന്നു.നിസ്സഹായരായ ഗ്രാമീണര് ക്രൂരമായി കൊല ചെയ്യപ്പെടുമ്പോള്‍ അതിനെ വംശഹത്യ എന്ന പേരില് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അമേരിക്ക വിലക്കി. റുവാണ്ട അതിന്റെ വിധി നേരിടട്ടെ എന്ന് യു എന് തീരുമിനിച്ചു. കലാപം പക്ഷെ ഇരു കൂട്ടര്‍ക്കും ഉണങ്ങാത്ത മുറിവുകള്‍ മാത്രമാണ് സമ്മാനിച്ചത്. കൊന്നതും കൊല്ലിച്ചതും ഒന്നും ഒരു പ്രശ്‌നവും പരിഹരിച്ചില്ല. ആര്‍ എന്തിനു വേണ്ടി ആര്‍ക്ക് വേണ്ടി കൊന്നു എന്ന ചോദ്യം മാത്രം ബാക്കിയായി.

ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന റുവാണ്ട ഇന്ന് വികസത്തിന്റെ പാതയിലാണ്. വംശഹത്യ നടന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം നൂതനമായ ഒരു സമാധാന ദൗത്യം റുവാണ്ടയില്‍ നടന്നു കൊണ്ടിരിക്കുന്നു. തങ്ങളുടെ കുടുംബങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മുന്നിട്ടിറങ്ങിവരെ വിവാഹം കഴിക്കാന്‍ ടുട്‌സി സ്ത്രീകള് തയ്യാറായി. വംശീയ വൈര്യത്തില്‍ അന്ധരായിപ്പോയ ഗൃഹനാഥന്മാര്‍ കുറ്റബോധത്തോടെ കുടുംബത്തെ സ്‌നേഹിച്ച് മക്കളെ വളര്‍ത്തുന്നു. വംശീയ വിഷം അടുത്ത തലമുറയിലേക്ക് പകരാതെ, ഹുടു ആരെന്നും ടുട്‌സി ആരെന്നും തിരിച്ചറിയാനാകാതെ കുട്ടികള്‍ തെരുവില്‍ വളരുന്നു.

എട്ടു ലക്ഷം മനുഷ്യരെ കൊലക്ക് കൊടുത്ത ശേഷം മുഖത്തോടു മുഖം നോക്കിയ റുവാണ്ടക്കാര്‍ക്ക് മുന്നില്‍ സത്യം വെളിവായി. ആരും ഒന്നും നേടിയില്ല. വീണ്ടും ഒന്നായി മാറാനുള്ള അഭിനിവേശത്തിലാണ് ഇന്നവര്‍. മതം,ഭാഷ തുടങ്ങി വ്യത്യാസങ്ങളെ ഒന്നിനെയും തുടച്ചു നീക്കാന്‍ സാധ്യമല്ല, ഒന്നിച്ചു ജീവിക്കുകയാണ് പ്രധാനമെന്ന മഹാത്മാ ഗാന്ധിയുടെ പ്രബോധനം ഇവിടെ പ്രസക്തമാവുന്നു. വ്യത്യാസങ്ങളെ അല്‍പമെങ്കിലും ചികിത്സിക്കാന്‍ സാധിക്കുന്ന മരുന്ന് അഹിംസയാണെന്നും ഗാന്ധി പഠിപ്പിച്ചു.

Facebook Comments
Related Articles
Show More
Close
Close