Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഭൗതിക വിജ്ഞാനീയങ്ങളില്‍ നാം മികച്ചുനില്‍ക്കണം

Knowledge.jpg

മതവിദ്യാഭ്യാസം മാത്രം സ്വാംശീകരിക്കണമെന്ന് ഇസ്‌ലാം മുസ്‌ലിംകളോട് കല്‍പിക്കുന്നില്ല. മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസം കൂടി ആര്‍ജിക്കണമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ദീന്‍കൊണ്ട് മാത്രം ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും കൂടി സമഞ്ജസമായി സമ്മേളിച്ച ദര്‍ശനമാണ് ഇസ്‌ലാം. ഹജ്ജിനായി എത്തുന്ന വ്യത്യസ്ത വിഭാഗം ആളുകളുടെ ചിത്രം ഖുര്‍ആന്‍ നമുക്ക് വരച്ചുകാണിച്ചു തന്നിട്ടുണ്ട്: ‘ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം തരേണമേ.’ അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല. മറ്റുചിലര്‍ പ്രാര്‍ഥിക്കുന്നു: ‘ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ഈ ലോകത്ത് നന്മ നല്‍കേണമേ, പരലോകത്തും നന്മ നല്‍കേണമേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.'(അല്‍ബഖറ 200-201). പാരത്രിക വിജയത്തിനായി മാത്രം പ്രാര്‍ഥിക്കുന്നവരെ പറ്റി ഖുര്‍ആന്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഐഹികവും പാരത്രികവുമായ നന്മകളെയും ഉള്‍ക്കൊള്ളുക എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. സജ്ജനങ്ങള്‍ക്കുള്ള ഐഹികവും പാരത്രികവുമായ പ്രതിഫലത്തെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ‘ അതിനാല്‍ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി; കൂടുതല്‍ മെച്ചമായ പാരത്രിക ഫലവും. സല്‍ക്കര്‍മികളെ അല്ലാഹു സ്‌നേഹിക്കുന്നു.'(ആലുഇംറാന്‍ 148) . ഇതില്‍ നിന്നും മുസ്‌ലിംകള്‍ ഭൗതിക വിജ്ഞാനീയങ്ങളില്‍ അറിവും അവഗാഹം നേടിയെടുക്കല്‍ അനിവാര്യമാണെന്ന് നമുക്ക് മനസ്സിലാക്കാം. മാത്രമല്ല ഇസ്‌ലാമിക നാഗരികതകളുടെ പ്രശോഭിത കാലത്തുള്ളത് പോലെ വ്യത്യസ്ത മേഖലകളില്‍ പഠന മനനങ്ങള്‍ നടത്തുകയും പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് നാന്ദികുറിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ പൂര്‍വീക വിജ്ഞാനീയങ്ങള്‍ തര്‍ജ്ജുമ ചെയ്യുകയും അതില്‍ വ്യുല്‍പത്തി നേടുകയും അവയെ  നിരൂപണ വിധേയമാക്കുകയും അതില്‍ തങ്ങളുടേതായ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി കാണാം. ആള്‍ജിബ്ര കണ്ടെത്തുകയും അതിനെ കണക്കിലേക്ക് ചേര്‍ക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്.
ഗോളശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി , ഭൂമി ശാസ്ത്രം, സമുദ്രശാസ്ത്രം, കലണ്ടര്‍, വൈദ്യശാസ്ത്രം, അനാട്ടമി, തത്വശാസ്ത്രം തുടങ്ങിയവയിലെല്ലാം മുസ്‌ലിംകള്‍ക്ക് ശ്രദ്ദേയമായ സംഭാവനകള്‍ ഉണ്ടായിരുന്നു. ഈ വിജ്ഞാനീയങ്ങള്‍ പഠിക്കലും അതില്‍ അവഗാഹം നേടലും മുസ്‌ലിംകളുടെ പൊതു ബാധ്യതയാണ്. ഇവ പഠിക്കുന്നതില്‍ മിതത്വം പാലിക്കുക, അവഗാഹം നേടുന്നത് അനഭിലഷണീയമാണ് എന്ന ഇമാം ഗസ്സാലിയുടെ അഭിപ്രായം ശരിയല്ല, ഒരു പക്ഷെ അദ്ദേഹത്തിന്റെ കാലത്തെ സവിശേഷമായ സാഹചരചര്യങ്ങളും പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അദ്ദേഹത്തിന് അത്തരം സമീപനം സ്വീകരിക്കേണ്ടി വന്നിട്ടുണ്ടാവാം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിലൂടെയല്ലാതെ മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കാന്‍ നമുക്ക് സാധ്യമല്ല. പുതിയത് കണ്ടെത്താനും ചക്രവാളം വികസിപ്പിക്കാനുമാണ് കാലഘട്ടം നമ്മോട് താല്‍പര്യപ്പെടുന്നത്. ജര്‍മനിയുടെ തകര്‍ച്ചക്ക് ശേഷം ലോകത്തിലെ രണ്ട് വന്‍കിട രാഷ്ട്രങ്ങള്‍ തമ്മില്‍ നടന്ന കടുത്ത മത്സരത്തിന് നാം സാക്ഷിയായിട്ടുണ്ട്. അമേരിക്ക നേതൃത്വം നല്‍കുന്ന പശ്ചാത്യരാഷ്ട്രങ്ങളും സോവിയേറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള പൗരസ്ത്യരും തമ്മിലായിരുന്നു അത്. ആണവ പദ്ധതികളടക്കമുള്ള ശാസ്ത്രീയ കണ്ടെത്തലിലും ആ മത്സരം അരങ്ങേറുകയുണ്ടായി.
എന്നാല്‍ ഇസ്‌ലാമിക ലോകം ഈ മത്സരത്തിനുള്ള ശേഷി ഇതുവരെ നേടിയെടുത്തിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ പരസ്പരം കലഹിക്കാന്‍ വേണ്ടി അവരുടെ ആയുധങ്ങള്‍ വാങ്ങുന്ന കേവല മാര്‍ക്കറ്റുകളായി പരിണമിക്കുകയാണുണ്ടായത്.
ഭൗതിക വിജ്ഞാനീയങ്ങളില്‍ വിളങ്ങി നിന്ന ഉന്നതരായ ഇസ്‌ലാമിക വ്യക്തിത്വങ്ങളുടെ പേരുകള്‍ നമുക്കറിയാം. ആഗോള ശാസ്ത്രത്തിന്റെയും ചിന്തയുടെയും മണ്ഡലത്തില്‍ അതിന് അതിന്റെതായ വിലയും നിലയുമുണ്ട്. കിന്ദി, ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റുഷ്ദ്, റാസി, സഹ്‌റാവി, ഇബ്‌നുന്നഫീസ്, ഖവാരിസ്മി, ഇബ്‌നു ഹിബ്ബാന്‍, അല്‍ബിറൂനി, ഫഖ്‌റുദ്ദീന്‍ റാസി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. പിന്നീട് നാം വീണ്ടും പുറകോട്ട് തന്നെ സഞ്ചരിച്ചു. നാം നിദ്രയിലാണ്ടു; അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു, നാം അലസതയിലാണ്ടു; അവര്‍ ചലനശേഷി വീണ്ടെടുത്തു, നാം പിന്നാക്കം പോയി; അവര്‍ മുന്നേറി, ഒട്ടകങ്ങളെ ക്ഷീണിപ്പിച്ച് ദുര്‍ബലരാക്കിയ ശേഷം നാം അതില്‍ യാത്രയാരംഭിച്ചു; അവര്‍ വേഗതയുള്ള കാറുകളിലും ട്രൈനുകളിലും വിമാനങ്ങളിലും റോക്കറ്റുകളിലുമായി കുതിച്ചു മുന്നേറി…ഇന്നുവരെ നാം ഈ അവസ്ഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇന്നുനാം ഉണര്‍ച്ചയുടെ ഘട്ടത്തിലാണ്. എന്നാല്‍ നമ്മുടെ മുമ്പിലും പിന്നിലുമെല്ലാം ഇതിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ സ്വീകരിച്ചുവരുന്നു. നാം പരസ്പരം പോരടിക്കുന്നു, നിരര്‍ഥകമായ സംവാദങ്ങളില്‍ കാലം കഴിക്കുന്നു, സ്വീകരിക്കപ്പെടാത്ത പ്രാര്‍ഥനകളും പ്രതിഫലാര്‍ഹമല്ലാത്ത കര്‍മങ്ങളുമായാണ് നാം മുന്നോട്ട് പോകുന്നത്. അല്ലാഹുവിനെ ഭയക്കാതെ ഹൃദയങ്ങളും എത്രകിട്ടിയാലും നിറയാത്ത വയറുകളുമാണ് നമുക്കുള്ളത്.
തീര്‍ച്ചയായും നാം അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരാകേണ്ടതുണ്ട്. നാം ജനങ്ങള്‍ക്കുവേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ്, നാം ജനങ്ങള്‍ക്ക് സാക്ഷികളായിത്തീരണം. എല്ലാ ശേഷികളും നേടിയെടുക്കണമെന്ന അല്ലാഹുവിന്റെ കല്‍പനക്ക് ഉത്തരം നല്‍കാന്‍ നമുക്ക് സാധിക്കണം. ‘അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. ‘ (അല്‍ അന്‍ഫാല്‍ 60). നമ്മുടെ ശത്രുക്കളെ അതിജയിക്കാനാവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ശേഷി നാം നേടിയെടുക്കണം. സജ്ജരായ മനുഷ്യശേഷിയും ഭൗതികശേഷിയും നാം നേടിയെടുക്കണം. അതിനാല്‍ തന്നെ ഭൗതിക വിജ്ഞാനീയങ്ങളില്‍ നാം മികച്ചു നില്‍ക്കണം. അല്ലാഹു നമുക്ക് വിധിച്ച പ്രതാപം അപ്പോഴാണ് വീണ്ടെടുക്കാന്‍ സാധിക്കുക. ‘ . എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.’ (അല്‍മുനാഫിഖൂന്‍ 8)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles