Knowledge

വൈജ്ഞാനിക നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് -2

സഞ്ചാരിയായ ഇബ്‌നു ബതൂത തന്റെ യാത്രാനുഭവങ്ങളില്‍ പരാമര്‍ശിക്കുന്നത് ഇപ്രകരമാണ്. അദ്ദേഹം ദമസ്‌കസിലെ അമവി മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ അക്കാലത്ത് അവിടെയുണ്ടായിരുന്ന ധാരാളം ഹദീസ് പണ്ഡിതകളെക്കുറിച്ച് കേള്‍ക്കാനിടയായി. സൈനബ് ബിന്‍ത് അഹ്മദ് ബിന്‍ അബ്ദുര്‍റഹീം അവരില്‍ ഒരാളായിരുന്നു. ഹദീസ് വിജ്ഞാനത്തില്‍ അടിയുറച്ച പണ്ഡിതയായിരുന്നു അവര്‍. ആഇശ ബിന്‍ത് മുഹമ്മദ് ബിന്‍ മുസലിം എന്ന മഹതിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ വൈജ്ഞാനിക സദസ്സ് തന്നെയുണ്ടായിരുന്നു. നൂല്‍ നൂല്‍ക്കലായിരുന്നു അവരുടെ ഉപജീവന മാര്‍ഗം അവരില്‍ നിന്ന് ഇബ്‌നു ബത്വൂത ഏതാനും ഗ്രന്ഥങ്ങള്‍ പഠിച്ചെടുത്തുവത്രെ.

ഹദീസ് നിവേദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചവരും അവരിലുണ്ടായിരുന്നു. സൈനബ് ബിന്‍ത് സുലൈമാന്‍ ബിന്‍ ഇബ്‌റാഹീം അവരിലൊരാളാണ്. അവരില്‍ നിന്ന് തഖിയ്യുദ്ധീന്‍ ബിന്‍ സുബുകി വിജ്ഞാനമാര്‍ജ്ജിച്ചിട്ടുണ്ട്. ചില വലിയ പണ്ഡിതന്മാര്‍ക്ക് ഹദീസ് നിവേദനം ചെയ്യാന്‍ ഇജാസത്ത്(നിവേദനം) നല്‍കിയത് പോലും പല മഹതികളായിരുന്നു. സൈനബ് ബിന്‍ത് അബ്ദുല്ലാഹ് ആയിരുന്നു ഇബ്‌നു ഹജര്‍ അസ്ഖലാനിക്ക് ഇജാസത്ത് നല്‍കിയത്. ഹദീസ് നിവേദനത്തില്‍ പ്രബലമായ പരമ്പരയുള്ള ആഇശ ബിന്‍ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ ഹാദിയില്‍ നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ നിന്ന് മറ്റുപലരും ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇബ്‌നു ഹജര്‍ തന്റെ ‘അല്‍മുഅ്ജം അല്‍മുഅസ്സിസ് ലില്‍മുഅ്ജം അല്‍ മുഫഹ്‌രിസ്’ എന്ന ഗ്രന്ഥത്തില്‍ താന്‍ വിജ്ഞാനം നുകര്‍ന്ന പണ്ഡിതകളെ പരിചയപ്പെടുത്തുന്നുണ്ട്. അവരില്‍ ചിലരോടൊത്ത് ശൈഖുകളില്‍ നിന്ന് ഹദീസ് കേട്ടതും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആഇശ ബിന്‍ത് അബ്ദില്ലാഹ് ഒരു ഗ്രന്ഥകാരി കൂടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന് മുമ്പ് ഇമാം ദഹബി താന്‍ വിജ്ഞാനമെടുത്ത പ്രഗല്‍ഭ പണ്ഡിതകളെ ‘മുഅ്ജം ശുയൂഖിദ്ദഹബി’ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പ്രമുഖ കര്‍മശാസ്ത്ര വിശാരദനായ ഇബ്‌നു ഹസം അന്‍ദലുസിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരുപാട് പണ്ഡിതകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അവരായിരുന്നു അദ്ദേഹത്തിന് ഖുര്‍ആനും, എഴുത്തും വായനയും, കവിതയും പഠിപ്പിച്ചിരുന്നത്. അദ്ദേഹം തന്റെ അനുഭവം വിശദീകരിക്കുന്നത് ഇപ്രകാരമാണ്. ‘ഞാന്‍ സ്ത്രീകളുടെ മടിയില്‍ വളര്‍ന്നവനാണ്. അവരുടെ കൈകളിലൂടെയാണ് ഞാന്‍ സംസ്‌കരിക്കപ്പെട്ടത്. യുവത്വത്തിന്റെ ഘട്ടത്തിലെത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ പുരുഷന്മാരോട് സഹവസിക്കാന്‍ തുടങ്ങിയത്. അവരെന്നെ ഖുര്‍ആന്‍ പഠിപ്പിക്കുകയും, കവിതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അവരെനിക്ക് എഴുത്തും പഠിപ്പിച്ചു.’

കര്‍മശാസ്ത്രത്തിലും ഫത്‌വയിലും മഹത്തായ സ്ഥാനമാണ് ഫാത്തിമ ബിന്‍ത് മുഹമ്മദ് സമര്‍ഖന്ദിക്കുള്ളത്. ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും, അധ്യാപനം നിര്‍വഹിക്കുകയും ചെയ്തു അവര്‍. നീതിമാനായ രാജാവ് നൂറുദ്ദീന്‍ മഹ്മൂദ് രാഷ്ട്രത്തിന്റെ ചില ആഭ്യന്തര കാര്യങ്ങളില്‍ അവരുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന അവരുടെ ഭര്‍ത്താവ് കാസാനി തന്നെ അലട്ടുന്ന കര്‍മശാസ്്ത്ര പ്രശ്‌നങ്ങളില്‍ അവരുടെ അഭിപ്രായത്തിലേക്കായിരുന്നു മടങ്ങിയിരുന്നത്. അവര്‍ ഫത്‌വ നല്‍കുകയും ഭര്‍ത്താവ് ആ ഫത്‌വകളെ മാനിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെയും, പിതാവിന്റെയും അവരുടെയും അംഗീകാര മുദ്ര പതിപ്പിച്ചതിന് ശേഷമായിരുന്നു ഫാത്തിമയില്‍ നിന്ന് ഫത്‌വകള്‍ പുറത്ത് വന്നിരുന്നത്. സഖാവി തന്റെ ബൃഹത്തായ ഗ്രന്ഥത്തില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ഹദീസ് വിജ്ഞാനത്തിലും, കര്‍മശാസ്ത്രത്തിലും പ്രസിദ്ധരായി ആയിരത്തിലധികം സ്ത്രീകളെ പരിചയപ്പെടുത്തുന്നുണ്ട്.

ഇമാം ജലാലുദ്ധീന്‍ സുയൂതിയെ വൈജ്ഞാനികമായി വളര്‍ത്തിയെടുക്കുന്നതിന് പിന്നിലും പണ്ഡിതകളായ സ്ത്രീകളുടെ പങ്കുണ്ട്. തന്റെ മുസ്‌നദില്‍ ലഖബ് ചേര്‍ത്ത ഉമ്മു ഹാനിഅ് ബിന്‍ത് ഹുവറൈനിയില്‍ നിന്നും അദ്ദേഹം വിജ്ഞാനം സ്വീകരിച്ചിട്ടുണ്ട്. അറബി വ്യാകരണത്തില്‍ അഗ്രഗണ്യയായിരുന്നു അവര്‍. ഉമ്മുല്‍ ഫദ്ല്‍ ബിന്‍ത് മുഹമ്മദ് അല്‍മഖ്ദസി, ഖദീജ ബിന്‍ത് അബുല്‍ ഹസന്‍ മഖ്ന്‍, നിഷ്‌വാന്‍ ബിന്‍ത് അബ്ദുല്ലാ കനാനി, ഹാജിര്‍ ബിന്‍ത് മുഹമ്മദ് മിസ്‌രിയ, അമതുല്‍ ഖാലിക് ബിന്‍ത് അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ക്ക് കീഴിലും അദ്ദേഹം പഠിച്ചിട്ടുണ്ട്.

അക്കാലത്ത് സാഹിത്യത്തിലും പാണ്ഡിത്യത്തിലും പ്രസിദ്ധയായിരുന്നു ആഇശ ബാഊനിയ്യ എന്ന മഹതി. അവള്‍ പ്രഗല്‍ഭ കവിയും, സുഫിയുമായിരുന്നു. അവളുടെ കാലത്തെ സാഹിത്യകാരുമായി സൂഫി കവിതകള്‍ പങ്കുവെക്കാറുണ്ടായിരുന്നു അവര്‍. അവരെക്കുറിച്ച് ഗസിയ്യ് പറയുന്നത് ഇപ്രകാരമാണ് ‘ദമസ്‌കസുകാരിയായിരുന്ന സൂഫി പണ്ഡിതയായിരുന്നു കാലഘട്ടത്തിലെ അപൂര്‍വ പ്രതിഭാസമായിരുന്നു. വിജ്ഞാനം, സാഹിത്യം, കവിത, മതബോധം തുടങ്ങിയവ കൊണ്ട് ശ്രേഷ്ഠയായിരുന്നു അവര്‍.’

അവരില്‍ ചിലര്‍ അക്കാലത്തെ ‘ശൈഖ’് പദവി കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഉദാഹരണമായി ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന സൈനുല്‍ അറബ് ബിന്‍ത് അബ്ദുര്‍റഹ്മാന്‍ റിബാത് സഖ്‌ലാതൂനിയുടെയും, ശേഷം റിബാതുല്‍ ഹറമൈനിയുടെയും ശൈഖ് ചുമതലയേറ്റടുത്തിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ പ്രശോഭിത കാലഘട്ടത്തില്‍ മാത്രമല്ല, ദുരന്തകാലത്തും വൈജ്ഞാനിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ രംഗത്തുണ്ടായിരുന്നു. ക്രൈസ്തവ ആക്രമണത്തില്‍ മുസ്‌ലിം സ്‌പെയിന്‍ തകര്‍ന്നപ്പോള്‍ മുസ്‌ലിംകള്‍ക്ക് നേരെ കഠിനമായ പീഢനങ്ങളാണ് അഴിച്ചുവിട്ടിരുന്നത്. ആക്രമണം ഭയന്ന് ചില മുസ്‌ലിംകള്‍ പുറമെ ക്രിസ്ത്യാനിയായി ജീവിക്കുക കൂടി ചെയ്തിരുന്നു അക്കാലത്ത്. പ്രസ്തുത കാലഘട്ടത്തിലും ചില സ്ത്രീകള്‍ വൈജ്ഞാനിക സംഭാവനകളുമായി രംഗത്ത് വന്നിരുന്നു. ഇസ്‌ലാമിക ശരീഅത്തില്‍ അടിസ്ഥാന ഉറവിടമായി അറിയപ്പെട്ടിരുന്ന രണ്ട് മഹിളാരത്‌നങ്ങള്‍ അക്കാലത്ത് അവിടെയുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിന് കീഴിലായിരുന്നു ധാരാളം പ്രബോധകരും, പണ്ഡിതന്മാരും രംഗത്ത് വന്നത്. മുസ്‌ലിമ അബ്ദയും മുസ്‌ലിമ ആബിലയുമായിരുന്നു അവര്‍ രണ്ട്‌പേരും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

വൈജ്ഞാനിക നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് -1

Facebook Comments
Related Articles
Show More
Close
Close