Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഇലാഹ് ?

തൗഹീദിന്റെ വചനമാണ് ലാ ഇലാഹ ഇല്ലല്ലാഹ് വാക്യം. വിശുദ്ധ ഖുർആനിലെ രണ്ട് ആയത്തുകൾ നെഞ്ചിടിപ്പോടെയല്ലാതെ കേൾക്കാൻ ഒരു വിശ്വാസിക്ക് സാധിക്കില്ല. അതിൽ ഒന്ന് ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشۡرِكۡ بِٱللَّهِ فَقَدِ ٱفۡتَرَىٰٓ إِثۡمًا عَظِيمًا (അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.)

രണ്ടാമത്തെ ആയത്ത്, അല്ലാഹു പറയുന്നു: إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٖ
(അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.”)

ജീവിതത്തിന്റെ എല്ലാ ഇടങ്ങളിൽ നിന്നും എല്ലാത്തരം ഇലാഹുകളെയും ഒഴിവാക്കി അല്ലാഹുവിനെ മാത്രം ഇലാഹായി സ്വീകരിക്കുന്നതിനെയാണ് തൗഹീദ് എന്ന് പറയുന്നത്. അല്ലാഹുവിനോട് നമ്മൾ ചെയ്യേണ്ട ഏറ്റവും മൗലികമായ ബാധ്യതയും അതാണ്. നമ്മുടെ ജീവിതത്തിൽ നിന്ന് അല്ലാഹു ഒഴിവാക്കണം എന്ന് പറഞ്ഞ ഇലാഹുമാർ ആരാണ്?. ഇലാഹ് ആരാണ് എന്ന് അറിയുമ്പോഴേ അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനം കൊടുത്തിട്ടുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കൂ. ഭാഷയിലെ പദങ്ങൾക്കുള്ള ഒരു പ്രത്യേകത അത് സ്ഥലകാലങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകും എന്നതാണ്. മുൻ കാലങ്ങളിൽ ഉപയോഗിച്ച ചില വാക്കുകൾ ഇന്ന് ഉപയോഗിക്കുമ്പോൾ നേരെ വിപരീത അർത്ഥമാകും ലഭിക്കുക. ഇമാം ഗസ്സാലി പറയുന്നു: “ഇസ്‍ലാമുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള പദങ്ങൾ അല്ലാഹുവും റസൂലും സ്വഹാബികളും പഠിപ്പിച്ച രീതിയിലല്ല പിൽക്കാലത്ത് മനസിലാക്കിയിട്ടുള്ളത്. ഒരുപാട് അർത്ഥ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ”
ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ ഇഹ്യാ ഉലൂമിദ്ധീനിൽ 5 പദങ്ങൾ എണ്ണി പറയുന്നുണ്ട്. അതിൽ ഒന്നാണ് ഹിക്മത്ത് എന്ന പദം. രണ്ടാളുകൾ ഒരുമിച്ച് ബിസിനസ്സ് ചെയ്യാൻ തീരുമാനിച്ചു. ഒരാൾ മറ്റെയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ അയാളെ കുറിച്ച് കേട്ട അഭിപ്രായം അയാൾ അൽപം ഹിക്മത്ത് ഉപയോഗിക്കുന്ന ആളാണ് എന്നാണ്. ഇവിടെ ഹിക്മത്ത് എന്നതിന് തന്ത്രം, കുതന്ത്രം എന്ന അർത്ഥമാണ് ഉപയോഗിച്ചത്. എന്നാൽ അല്ലാഹു പ്രവാചകന്മാർക്ക് അവതരിപ്പിച്ചു നൽകിയ മഹത്തായ ജ്ഞാനമാണ് ഹിക്മത്ത് എന്ന് വിശുദ്ധ ഖുർആനിൽ കാണാം. പിൽക്കാലത്ത് തന്ത്രം, കുതന്ത്രം എന്ന അർത്ഥമാണ് ഹിക്മത്തിന് ഉപയോഗിച്ചത്. ശരിയായ അർത്ഥം പ്രായോഗിക ജ്ഞാനം എന്നാണ്. ഇതുപോലെ തന്നെയാണ് ഫിഖ്ഹ് എന്ന പദവും. ഒരാൾക്ക് ഫിഖ്ഹ് അറിയാം എന്ന് പറഞ്ഞാൽ വിശുദ്ധ ഖുർആനും സുന്നത്തും അർത്ഥമാക്കുന്നത് മനുഷ്യന്റെ ജീവിതത്തിൽ കർമവുമായി ബന്ധപ്പെട്ട ഇസ്‌ലാമികമായ വിധി എന്നാണ്. എന്നാൽ പിൽക്കാലത്ത് അത് മാറി മാറി വന്ന് വെറും ആരാധനാ കാര്യങ്ങളായി ചുരുങ്ങിപ്പോയി.

ഇതുപോലെ മുസ്‌ലിം സമൂഹം അർത്ഥം ചുരുക്കി കളഞ്ഞ ഒന്നാണ് ഇലാഹ് എന്ന പദം. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ എന്താണോ റസൂൽ (സ്വ)യും സ്വഹാബികളും മനസിൽ കരുതിയിരുന്ന ആശയം അത് ഇന്ന് മുസ്‌ലിം സമൂഹത്തിൽ ഇല്ല. നേരെ വിപരീതമായ പല ആശയങ്ങളുമാണ് കടന്ന് വന്നിട്ടുള്ളത്. അറബി ഭാഷയിൽ അലിഹ എന്ന പദത്തിൽ നിന്നാണ് ഇലാഹ് എന്ന പദം ഉണ്ടായിട്ടുള്ളത്. ഒരുപാട് അർത്ഥങ്ങൾ ഈ പദത്തിനുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ട മൂന്ന് അർത്ഥങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
1. ഒരു ഒട്ടകവും അതിന്റെ കുഞ്ഞും കൂടി മരുഭൂമിയിൽ മേഞ്ഞ് നടക്കുകയാണ്. ഇടക്ക് വെച്ച് കുഞ്ഞും തള്ളയും പരസ്പരം വഴി തെറ്റിപ്പോയി. തള്ളയെ കാണാതെ കുഞ്ഞ് ഒട്ടകം ആകെ പരിഭ്രമിച്ച് നടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചപ്പുറത്തു നിന്ന് തള്ളയുടെ ശബ്ദം കേൾക്കുന്ന കുഞ്ഞ് ഓടിച്ചെന്ന് തള്ളയുടെ ചുമരിൽ ചാരി ആശ്വാസം കണ്ടെത്തുന്നു. ഇതിനെ വിശദീകരിക്കാൻ ഒരു അറബി ഉപയോഗിച്ച പദം അലിഹ എന്നാണ്. പേടിച്ചരണ്ട ഒട്ടക കുഞ്ഞ് മനശാന്തിയും സമാധാനവും കിട്ടാനായി അതിന്റെ തള്ളയിലേക്ക് അഭയം തേടി ചേർന്ന് നിന്നു. ഇതാണ് ഇലാഹ്. അപകട ഘട്ടങ്ങളിൽ പേടിച്ചരണ്ട സാഹചര്യമുണ്ടാകുമ്പോൾ ആരാണോ അഭയം നൽകുന്നത് അവനാണ് ഇലാഹ്.

2. ഒരു മനുഷ്യൻ വല്ലാത്ത കഷ്ടപ്പാടും ജീവിത ബുദ്ധിമുട്ടും നേരിടുന്നു. അയാൾക്ക് ഒരു സഹായവും ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ തന്റെ സുഹൃത്തിനെ തേടി പോകുന്നു. ആവശ്യങ്ങൾ പറഞ്ഞാൽ സഹായിക്കും എന്ന് കരുതിയാണ് പോകുന്നത്. അതിനും അലിഹ എന്നാണ് ഉപയോഗിക്കുക. ആവശ്യമുള്ളപ്പോൾ ആരാണോ സഹായം ചെയ്ത് തരുന്നത് അവനാണ് ഇലാഹ്.

3. ഒരാൾക്ക് ടെൻഷൻ അനുഭവപ്പെടുന്നു. അയാളുടെ സുഹൃത്ത് അയാളെ കണ്ടപ്പോൾ ചോദിച്ചു: എന്താണ് ഇത്ര ടെൻഷൻ, പ്രയാസം ?
സുഹൃത്തിനോട് അയാൾ കാര്യം എന്താണെന്ന് പറഞ്ഞപ്പോൾ അയാളെ ചേർത്ത് പിടിച്ച് തലോടി സമാധാനിപ്പിച്ചു. ഇതിനും അലിഹ എന്നാണ് പറയുക. ألهت إلى فلان أي سكنت إليه. ഇതാണ് ഇലാഹ് എന്ന് പറഞ്ഞാൽ.

ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നവൻ, ആവശ്യങ്ങൾ തേടാൻ അവകാശപ്പെട്ടവൻ, അപകടഘട്ടങ്ങളിൽ അഭയം നൽകുന്നവർ, വിഷമങ്ങളും പ്രയാസങ്ങളും മാറ്റി മനസിന് ശാന്തിയും സമാധാനവും നൽകുന്നവൻ. ഇതാണ് ഇലാഹ്. ഇതിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുപറയുന്നത്.
മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങളും ഒരു മനുഷ്യന് ചെയ്ത് കൊടുക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ആയതിനാൽ അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്. ? ഇങ്ങനെ ഒരാൾ ചോദിച്ചാൽ അത് വളരെ ന്യായമായ ഒരു ചോദമ്യമാണ്. അതിന് മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം. സൂറത്തുൽ ഫാത്തിഹയിൽ ഒരു പ്രാർത്ഥനയുണ്ട്. അല്ലാഹു പറയുന്നു: إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ “നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.”
(-Sura Al-Fatihah, Ayah 5)

അല്ലാഹു പറയുന്ന ഒരു കാര്യം, കാര്യ കാരണ ബന്ധങ്ങൾക്ക് അധീതമായി മറഞ്ഞ വഴിയിലൂടെ ഒരാളെ സഹായിക്കാനോ മനഃശാന്തി നൽകാനോ വിഷമങ്ങളും പ്രായസങ്ങളും നീക്കാനോ അല്ലാഹുവിന് മാത്രമേ കഴിയൂ എന്ന് നമ്മൾ വിശ്വസിക്കലാണ് ലാ ഇലാഹ ഇല്ലല്ലാഹ്. ദൗർഭാഗ്യവശാൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റിനോട് ഒരു നീതിയും പുലർത്താത്ത ധാരാളം ആളുകൾ മുസ്‌ലിം ഉമ്മത്തിൽ ഉണ്ട്. മരിച്ചവരും ജീവിച്ചിരുക്കന്നവർക്കും സമമല്ല എന്ന് അല്ലാഹു പറഞ്ഞിരിക്കെ നമ്മളിൽ നിന്ന് മരണപ്പെട്ടുപോയ ഒരാളെ വിളിച്ച് നമ്മൾ പ്രാർത്ഥിച്ചാലോ അയാളോട് സഹായം ആവശ്യപ്പെട്ടാലോ അയാൾക്ക് സവിശേഷമായ വല്ല കഴിവും ഉണ്ടെന്ന് വിശ്വസിച്ചാലോ അത് കാര്യ കാരണ ബന്ധത്തിന് അധീതമാണ്. അതിനാൽ തന്നെ അത് ശിർക്കാണ്. അല്ലാഹു പറയുന്നു: وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ
“ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല”.

നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമുക്കിടയിൽ ഒരു മാധ്യമവും ഉണ്ടാകാൻ പാടില്ല. അല്ലാഹു പറയുന്നു: وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ
“എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ ‎പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു ‎പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ‎ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ ‎വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ‎ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം”

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു കൊണ്ടരിക്കെ മുസ്‌ലിം ഉമ്മത്തിലെ ബഹുഭൂരിഭാഗം ആളുകളും അതിനോട് കാണിക്കുന്ന അനീതിയെ കുറിച്ചു കൂടിയാണ് ഈ ആയത്ത് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നത് നമ്മൾ അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകും എന്നാണ്. മുസ്‌ലിം സമുദായത്തിലെ ചിലർ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതായി നമുക്ക് കാണാം. അവരോട് അതേ പറ്റി ചോദിച്ചാൽ അവർ ഞങ്ങൾ മരിച്ചു പോയവരെയും മഹാത്മാക്കളെയും വിളിച്ചു പ്രാർത്ഥിക്കുന്നത് അവരെ ഇലാഹായി കണ്ടതു കൊണ്ടല്ല. മറിച്ച് അവർ ശുപാർശകർ ആണെന്ന് പറയും. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ആളുകളെ തെറ്റിക്കാൻ വളരെ ദുർബലമായ വാദങ്ങളാണ് അവർ നിരത്തുന്നത്. അല്ലാഹുവും നബി (സ്വ)യും അഭിസംബോധന ചെയ്ത മക്കയിലെ മുശ്റിക്കുകൾ ഒരിക്കലും അല്ലാഹുവിനെ തള്ളി പറഞ്ഞിരുന്നില്ല. അല്ലാഹു പറയുന്നു: وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ
“ആകാശഭൂമികളെ സൃഷ്ടിച്ചതും സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിത്തന്നതും ആരെന്ന് നീ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും “അല്ലാഹുവാണെ”ന്ന്. എന്നിട്ടും എങ്ങനെയാണ് അവര്‍ക്ക് വ്യതിയാനം സംഭവിക്കുന്നത്?”

എന്നാൽ അവർ ലാത്തസ് ഉസ്സ, മനാത്ത തുടങ്ങിയ മഹാന്മാരെ വിളിച്ചു പ്രാർത്ഥിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഇന്ന് മുസ്‌ലിം സമുദായത്തിൽ മഹാന്മാരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ പറയുന്ന അതേ ന്യായം തന്നെയാണ് അന്ന് മക്കയിലെ മുശ്റിക്കുകൾ പറഞ്ഞത്. അല്ലാഹു പറയുന്നു: أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ
“അറിയുക: കളങ്കമറ്റ കീഴ്‌വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: “ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്.”

ഇത് തന്നെയാണ് ഇന്നും ആൾക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ “അവര്‍ അല്ലാഹുവിന് പുറമെ, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: “ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്.”

പ്രാർത്ഥനകൾ കേൾക്കുന്നവനും സഹായം നൽകുന്നതും അഭയം നൽകുന്നതും അല്ലാഹുവാണ് എന്ന് നമുക്ക് ബോധ്യപ്പെടണം. അല്ലാഹുവിനെയല്ലാതെ മറ്റു ആളുകളെ വിളിച്ച് പ്രാർത്ഥിക്കുന്നവർ പറയുന്ന മറ്റൊരു ന്യായം ആരെയാണോ വിളിച്ചു പ്രാർത്ഥിക്കുന്നത് അവർ ഇലാഹണ് എന്ന് ഞങ്ങൾ വിശ്വാസിക്കുന്നില്ല എന്നാണ്.
എന്നാൽ ഇതിന് ഖുർആൻ പറയുന്ന മറുപടി ഇപ്രകാരമാണ്. അല്ലാഹു പറയുന്നു:
وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا “അവര്‍ അല്ലാഹുവെക്കൂടാതെ നിരവധി മൂര്‍ത്തികളെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവ തങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്”.

വിശ്വസിച്ചിരിക്കുന്നു എന്നല്ല, എന്നാൽ ഇലാഹായി സ്വീകരിച്ചിരിക്കുന്നു, സങ്കല്പിച്ചിരിക്കുന്നു എന്നാണ് അല്ലാഹു പറയുന്നത്. ശിർക്ക് സംഭവിക്കാൻ അല്ലാഹു അല്ലാത്തവരെ ഇലാഹായി വിശ്വസിക്കേണ്ടത് പോലുമില്ല, ഇലാഹായി സങ്കല്പിച്ചാലും മതി. അതിന് ഒരു ഉദാഹരണം അല്ലാഹു പറയുന്നു.
1. أَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ “തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ?” ഒരാൾ അല്ലാഹുവിന്റെ നിയമത്തിന് വിരുദ്ധമായി തന്റെ സ്വന്തം ഇശ്ചകളെയും താല്പര്യങ്ങളെയും ആഗ്രഹങ്ങളെയുമാണ് പ്രധാന്യമായി കാണുന്നതെങ്കിൽ അതിനെയാണ് ഒരുവൻ സ്വന്തത്തെ ഇലാഹായി സ്വീകരിച്ചു എന്ന് പറയുന്നത്. ഈ ആയത്തിന്റെ സംബന്ധിച്ച് വളരെ വ്യക്തമായ വിശദീകരണം റസൂൽ (സ്വ) നൽകുന്നുണ്ട്. ഒരിക്കൽ സ്വഹാബികളെ വിളിച്ചു കൂട്ടിയിട്ട് റസൂൽ (സ്വ) ഇപ്രകാരം പറഞ്ഞു: “മസീഹു ദജ്ജാലിനെക്കാൾ അപകടകാരിയായ ഒരാളെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെ ? സ്വഹാബികൾ പറഞ്ഞു: തീർച്ചയായും താങ്കൾ പറഞ്ഞു തരണം. റസൂൽ പറഞ്ഞു: അത് മറഞ്ഞ ശിർക്കാണ്.”

വളരെ നിസാരമായി നമ്മൾ കാണേണ്ട സംഗതിയല്ല ഇത്. അല്ലാഹു പറയുന്നു:
فَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ
فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡكَرِيمِ
وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ “നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?” എന്നാല്‍ അല്ലാഹു അത്യുന്നതനാണ്. അവനാണ് യഥാര്‍ഥ രാജാവ്. അവനല്ലാതെ ദൈവമില്ല. മഹത്തായ സിംഹാസനത്തിന്നുടമയാണവന്‍. ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല.”

തയ്യാറാക്കിയത്: മുഷ്താഖ് ഫസൽ

Related Articles