Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് വിധിയും ഹുദൈബിയാ സന്ധിയും

നിശ്ചയമായും നിനക്കു  നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.  നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും. ( إِنَّا فَتَحۡنَا لَكَ فَتۡحࣰا مُّبِینࣰا ۝ لِّیَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَیُتِمَّ نِعۡمَتَهُۥ عَلَیۡكَ وَیَهۡدِیَكَ صِرَ ٰ⁠طࣰا مُّسۡتَقِیمࣰ )

സൂറത്തുൽ ഫതഹ് 1- 2 ) മുഫസ്സിറുകളുടെ അഭിപ്രായത്തിൽ ഈ ആയത്ത് അവതരിക്കുന്നത് ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തിലാണ് .

നബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് വന്നതിനുശേഷം ബദർ ഉഹ്ദ് യുദ്ധങ്ങൾക്ക് ശേഷം ഹിജ്റ ആറിനാണ് ചരിത്രപ്രധാനമായ ഹുദൈബിയ സന്ധി അരങ്ങേറുന്നത്.
ഇതിന്റെ പശ്ചാത്തലം നബി(സ) യുടെ സ്വപ്നമാണ്. മക്കയിൽ ചെന്ന് ഉംറയും നിർവ്വഹിച്ച് തല മുണ്ഡനം ചെയ്ത് മടങ്ങുന്നതായാണ് നബി(സ) സ്വപ്നം കണ്ടത്. പക്ഷേ മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പോകുക എന്നത് നബി(സ)യെയും അനുയായികളെയും സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യം ആയിരുന്നു. യഥാർത്ഥത്തിൽ അതിൽ യാതൊരു  പ്രയാസവും ഉണ്ടാകേണ്ടിരുന്നില്ല. കാരണം മുശ്‌രിക്കുകളുടെ നിയമമനുസരിച്ച് പവിത്രമായ മാസങ്ങളിൽ ആരെങ്കിലും ഉംറ ചെയ്യുവാൻ മക്കയിൽ വന്നാൽ എത്ര ശത്രുത ഉള്ളവൻ ആണെങ്കിൽ പോലും ഉപദ്രവിക്കാതെ വെറുതെ വിടുക എന്നതായിരുന്നു. അത് സ്വന്തം വാപ്പയെ കൊന്നവൻ ആണെങ്കിലും ശരി. ഇതനുസരിച്ച് നബിയും കൂട്ടരും ഉംറ നിർവഹിക്കാൻ മക്കയിൽ വന്നാൽ അവരെ തടയാനോ ആക്രമിക്കാനോ അനുവാദമില്ലാത്തതാണ്. എന്നാൽ അവരുടെ ഈ നിയമം സ്വയം തന്നെ ലംഘിച്ചുകൊണ്ട് ഇസ്‌ലാമിനെയും നബിയേയും അനുയായികളെയും ഉംറ നിർവഹിക്കാൻ മക്കയിലേക്ക് വരുന്നതിനെ തടയാൻ തീരുമാനിച്ചത് നബിയെയും കൂട്ടരെയും സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. നബി (സ)യുടെ സ്വഭാവം ഒരു കാര്യം തീരുമാനിച്ചാൽ അത് ചെയ്യുക എന്നതാണ് ബാക്കിയുള്ളത് വരുന്നിടത്ത് വെച്ച് കാണാം എന്നതും. അങ്ങനെ നബി ഉംറ നിർവഹണം പ്രഖ്യാപിച്ചു. നബിയോടൊപ്പം 1400 അനുയായികളും അവർക്ക് ബലിയറുക്കാൻ ആവശ്യമായ മൃഗങ്ങളുമായി മക്കയിലേക്ക് പുറപ്പെട്ടു.

നബിയും അനുയായികളും മക്കയിലേക്ക് വരുന്നു എന്നറിഞ്ഞ മുശ്‌രിക്കുകളുടെ മനസ്സിൽ ഭയം ഉടലെടുക്കാൻ തുടങ്ങി. അവർക്ക് ബദർ ഉഹ്ദ് യുദ്ധങ്ങൾ ഉദാഹരണമായി മുന്നിൽ ഉണ്ട്. ഉഹ്ദിൽ നേരിയ ഒരു പരാജയം ഏറ്റു എങ്കിലും മുസ്ലീങ്ങൾ ശക്തരാണ് എന്ന കാര്യം അവർക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഹറമിൽ എത്തുന്നതിനുമുമ്പ് അവർ മുസ്‌ലിംകളുടെ അടുത്തേക്ക് ദൂതന്മാരെ അയക്കുവാൻ തുടങ്ങി. ദൂതൻമാരോട് റസൂൽ പറഞ്ഞു ഞങ്ങൾ യുദ്ധം ഒന്നും ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ ഉദ്ദേശം ഉംറ നിർവഹിക്കുക എന്നതാണ്. ഇത് നിയോഗിക്കപ്പെട്ട ദൂതൻ മുശ്‌രിക്കുകളുടെ അടുത്തുപോയി പറഞ്ഞു. എന്നാൽ അവർ അത് ഉൾക്കൊള്ളാതെ ഒരു ദൂതനെ കൂടി അവരുടെ അടുത്തേക്ക് പറഞ്ഞയച്ചു. ഈ സന്ദർഭത്തിലും നബിയും കൂട്ടരും അതേ മറുപടി തന്നെ ആവർത്തിച്ചു. എന്നാൽ ആ ദൂതൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു “നിങ്ങൾ ഖുറൈശികളോട് ആണ് യുദ്ധം ചെയ്യാൻ പോകുന്നത് എന്ന് അറിയാമല്ലോ അവരോട് നിങ്ങൾ യുദ്ധംചെയ്തു ഒരിക്കലും വിജയിക്കുകയില്ല അത് നിങ്ങളുടെ ഓർമയിൽ ഇരിക്കട്ടെ” ഈ കാലഘട്ടത്തിൽ ഫാഷിസ്റ്റുകൾ നടത്തുന്ന തരത്തിലുള്ള മാനസികപരമായ യുദ്ധം ആണ് അന്ന് ആ ദൂതനും നടത്തിയത്. അങ്ങനെ ധാരാളം ചർച്ചകൾ മുസ്ലിംകളും മുശ്‌രിക്കുകളുടെ തമ്മിൽ നടന്നു. അതിനിടയിൽ ഉസ്മാൻ(റ)നെ ദൂതനായി അവരുടെ അടുത്തേക്ക് പറഞ്ഞയച്ചു. അപ്പോഴാണ് ഉസ്മാൻ(റ) കൊല്ലപ്പെട്ടു എന്ന വാർത്ത അവരുടെ ഇടയിൽ പരക്കുന്നത്. അങ്ങനെ നടന്നിട്ടുണ്ട് എങ്കിൽ യാതൊരു മടിയും കൂടാതെ തങ്ങൾ യുദ്ധത്തിന് പുറപ്പെടും എന്ന ഒരു ബൈഅത്ത് സ്വഹാബാക്കൾ റസൂലിന് ചെയ്തു. യഥാർത്ഥത്തിൽ ഉസ്മാൻ(റ) കൊല്ലപ്പെട്ടിരുന്നില്ല.

അങ്ങനെ നിരന്തരമായ ചർച്ചകൾക്കൊടുവിൽ മുശ്‌രിക്കുകൾ ഒരു നിർദ്ദേശം വെച്ചു. ഈ വർഷം മുസ്ലിമീങ്ങൾ ഉംറ നിർവഹിക്കാൻ പാടുള്ളതല്ല. അടുത്ത വർഷം അവർക്ക് ഉംറ നിർവഹിക്കാം എന്നതായിരുന്നു. ആ നിർദേശം  നബി സ്വീകരിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഒരു കരാറിൽ ഏർപ്പെടാം എന്ന് റസൂൽ സമ്മതിക്കുകയും ചെയ്തു. ആ കരാറിൽ മറ്റു നിർദേശങ്ങളും ഉണ്ടായിരുന്നു. അതെല്ലാം പ്രത്യക്ഷത്തിൽ മുസ്ലീംകൾക്ക് എതിരുമായിരുന്നു. ഉംറ നിർവ്വഹിക്കുന്നത് സ്വപ്നം കണ്ട മുസ്ലീംകൾ ഉംറ നിർവ്വഹിക്കാതെ തിരിച്ചു പോകണം. ബലിയറുക്കാനായി കൊണ്ടുവന്ന മൃഗങ്ങളെ അവിടെ വെച്ച് തന്നെ അറുക്കണം. അടുത്ത വർഷം വന്ന് ഉംറ നിർവഹിക്കാം ആരും തടയുകയില്ല. ഇതു കൂടാതെ മറ്റു നിർദേശങ്ങളും ഉണ്ടായിരുന്നു. ഈ കരാർ ഉംറയുമായി മാത്രം ബന്ധമുള്ള ഒന്നായിരുന്നില്ല. മറിച്ച് പൊതുവായുള്ള പല കാര്യങ്ങളും ഉൾകൊള്ളുന്ന 10 വർഷത്തേക്കുള്ള സമാധാനക്കരാറായിരുന്നു. അങ്ങേയറ്റം അപകടകരമായ മറ്റൊരു നിർദേശം എന്നത് മക്കയിൽ നിന്ന് മുശ്‌രിക്കുകളായ ആരെങ്കിലും ഇസ്ലാം സ്വീകരിച്ച് മദീനയിൽ വന്നാൽ സ്വീകരിക്കാതെ തിരിച്ചയക്കണം. എന്നാൽ മദീനയിൽ നിന്ന് ആരെങ്കിലും മക്കയിലേക്ക് വന്നാൽ തിരിച്ചയക്കേണ്ടതില്ല എന്നതായിരുന്നു.

ഇത്തരത്തിൽ പ്രത്യക്ഷത്തിൽ ഇസ്ലാമിനും മുസ്ലിമുകൾക്കും അപകടകരമായ പല നിർദേശങ്ങളും അതിൽ ഉണ്ടായിരുന്നു. അതെല്ലാം റസൂൽ(സ) അംഗീകരിക്കുകയും ചെയ്തു. ശേഷം കരാർ എഴുതുവാൻ വേണ്ടി അലി(റ) നെ വിളിച്ചു. അദ്ദേഹം ബിസ്മില്ലാഹിർറഹ്മാനി റഹീം എന്നെഴുതി. എന്നാൽ ഇത് മുശ്‌രിക്കുകൾ സമ്മതിച്ചില്ല. അല്ലാഹ് എന്നെഴുതാം പക്ഷേ റഹ്മാൻ റഹീം എന്നെഴുതാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാൽ അലി(റ) യും മറ്റു സ്വഹാബാക്കളും അത് സമ്മതിച്ചില്ല. എന്നാൽ നബി അത് മായ്ക്കാൻ പറഞ്ഞു. അവർ പറഞ്ഞുبسمك اللهم എന്നെഴുതിയാൽ മതി. നബി (സ) അപ്രകാരം എഴുതാൻ അലിയോട് പറഞ്ഞു. ശേഷം റസൂലുല്ലാഹ് എന്നെഴുതി. അതിനെയും മുശ്‌രിക്കുകൾ എതിർത്തു. റസൂലുള്ളാഹ് എന്നെഴുതാൻ സമ്മതിക്കില്ല വേണമെങ്കിൽ  മുഹമ്മദ് ബിൻ അബ്ദുല്ലാഹ് എന്ന് എഴുതാം. അല്ലാഹുവിൻറെ റസൂൽ അവരുടെ ഈ നിർദ്ദേശവും അംഗീകരിച്ചു. അത്തരത്തിൽ മുശ്‌രിക്കുകളുടെ എല്ലാ നിർദ്ദേശവും പാലിച്ചുകൊണ്ട് എഴുതിയ കരാറാണ് ഹുദൈബിയ സന്ധി.

ഇത് സ്വഹാബിമാർക്കെല്ലാം മനസ്സിൽ പ്രയാസമുണ്ടാക്കി. ഉമർ അബൂബക്കറിൻറെ അടുത്തേക്ക് ഓടിച്ചെന്നു. എന്നിട്ട് ചോദിച്ചു “എന്താണ് ഇവിടെ നടക്കുന്നത് നമ്മൾ മദീനയിൽ നിന്ന് പുറപ്പെട്ടത് നബിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ്. ഇത് നബി തന്നെയല്ലേ:. അബൂബക്കർ പറഞ്ഞു “അതെ”. വീണ്ടും ഉമർ ചോദിച്ചു “നമ്മൾ മുസ്‌ലിംകൾ അല്ലേ?”. അബൂബക്കർ വീണ്ടും പറഞ്ഞു “അതെ”. ഉമർ ചോദിച്ചു “പിന്നെ എന്താണ് നബി ഇങ്ങനെ ചെയ്യുന്നത്?” .അബൂബക്കർ പറഞ്ഞു “മുഹമ്മദ് നബി ഇത് ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാൻ അംഗീകരിക്കുന്നു എനിക്ക് അതിൽ ഒരു സംശയവുമില്ല”. ശേഷം ഉമർ റസൂലിന്റെ അടുക്കലേക്ക് ചെന്നു. അബൂബക്കറിനോട് ചോദിച്ച അതേ ചോദ്യങ്ങൾ റസൂലിനോട് ചോദിച്ചു. റസൂലും അത് ശരിവെക്കുകയും ചെയ്തു. ഉമർ ചോദിച്ചു “എന്നിട്ട് എന്തിനാണ് നമ്മൾ ഇത്തരത്തിലുള്ള ഒരു അപമാനം ഏറ്റുവാങ്ങുന്നത്?”. അല്ലാഹുവിൻറെ റസൂൽ മറുപടി പറഞ്ഞു “ഞാൻ ഇതാണ് തീരുമാനിച്ചിട്ടുള്ളത് ഇതാണ് നമുക്ക് നല്ലത്”. എന്നാൽ ഉമറിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കരാറൊപ്പിട്ടതിനുശേഷം റസൂൽ തൻറെ അനുയായികളോട് പറഞ്ഞുقومو وانهرو (നിങ്ങൾ നിങ്ങളുടെ ബലിമൃഗങ്ങളെ അറുക്കുക) എന്നാൽ എല്ലാ സ്വഹാബാക്കളും അതിന് തയ്യാറാകാതെ നിരാസം പ്രകടിപ്പിച്ചു. ഇത് കണ്ട് റസൂൽ വീണ്ടും ബലി അറുക്കാൻ അനുയായികളെ പ്രേരിപ്പിച്ചു. എന്നാൽ അവർ അറുക്കാൻ തയ്യാറായില്ല. അല്ലാഹുവിൻറെ റസൂൽ വിഷമിച്ചു കൊണ്ട് തൻറെ കൂടാരത്തിലേക്ക് തിരിച്ചുപോയി. ആ യാത്രയിൽ ഒപ്പമുണ്ടായിരുന്ന പത്നിയായ ഉമ്മുസലമ(റ)യോട് കാര്യങ്ങൾ പറഞ്ഞു. ഉമ്മുസലമ(റ) വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നു. റസൂൽ ഉമ്മുസലമയോട് പറഞ്ഞു “ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ പറഞ്ഞിട്ട് എൻറെ അനുയായികൾ ബലി അറുക്കുവാൻ തയ്യാറാകുന്നില്ല”. ഉമ്മു സലമ പറഞ്ഞു “അല്ലയോ റസൂലേ താങ്കൾ ബലിയർപ്പിക്കുക താങ്കളുടെ അനുയായികൾ അതുകണ്ടു പിന്തുടർന്നു കൊള്ളും”. ഭാര്യമാരുമായിയുള്ള ജീവിതത്തിലെ പല ചർച്ചകളും അത്യന്താപേക്ഷിതമാണ്  എന്ന് പഠിപ്പിക്കുന്ന ഒരു സംഭവം കൂടിയാണിത്. പല ഭാര്യമാരും ഉമ്മുസലമയെ പോലെയാണ് അവരുടെ പ്രാധാന്യമേറുന്ന പല നിർദ്ദേശങ്ങളും നമ്മുടെ ഭാര്യമാരുടെ കയ്യിൽ നിന്ന് നമുക്ക് ലഭിക്കാം. ഇവിടെ അല്ലാഹുവിൻറെ റസൂൽ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ്  ഉമ്മുസലമയുടെ ഈ വിലപ്പെട്ട നിർദ്ദേശം ലഭിക്കുന്നത്. ഇതുകേട്ട റസൂൽ സ്വയം തന്നെ ബലിയറുത്തപ്പോൾ യാതൊരു മടിയും കൂടാതെ അനുയായികളും അദ്ദേഹത്തെ പിന്തുടർന്നു.

അങ്ങിനെ എല്ലാം കഴിഞ്ഞ് തിരിച്ചു മദീനയിലേക്ക്  മടങ്ങുന്ന സന്ദർഭത്തിലാണ്  സൂറത്തുൽ ഫതഹ് ആദ്യത്തെ രണ്ടു വചനങ്ങൾ അള്ളാഹു അവൻറെ ദൂതന് നൽകുന്നത്. നിശ്ചയമായും അള്ളാഹു നിങ്ങൾക്ക് ഈ കരാർ മുഖേനെ വ്യക്തമായ ഒരു വിജയം നൽകിയിരിക്കുന്നു.
നബിയും അസ്വസ്ഥനായിരുന്നു. ഈ ഒരു സൂക്തം അവതരിച്ചപ്പോൾ അപ്പോൾ നബി പറഞ്ഞു “എനിക്ക് ഈ പ്രപഞ്ചത്തിലുള്ളത് മുഴുവനും ലഭിച്ചാലും കിട്ടാത്ത സന്തോഷമാണ് ഈ ആയത്ത് അവതരിച്ചപ്പോൾ എനിക്ക് കിട്ടിയത്”. ഈ ആയത്ത് അവതരിക്കുന്നത് ബദർ ഉഹ്ദ് യുദ്ധ അവസരങ്ങളിൽ അല്ല മറിച്ച് മുസ്‌ലിംകൾ ഒരു കരാറിൽ ഏർപ്പെടുകയും അത് തങ്ങൾക്ക് അപമാനകരവും നിന്ദ്യവും ആണെന്നും മുസ്ലീങ്ങൾക്ക് ആ കരാർ പ്രതികൂലമായാണ് ഭാവിയിൽ ബാധിക്കാൻ പോകുന്നത് എന്നും തോന്നിക്കുന്ന ഈ അവസരത്തിലാണ് ഈ ആയത്ത് അവതരിക്കുന്നത്. ഈ കരാറിൽ ഏർപ്പെടുന്ന അവസരത്തിലാണ് അബു ജൻധൽ എന്ന സ്വഹാബി മക്കയിൽ നിന്നും ഓടി നബിയുടെ അടുക്കലേക്ക് വരുന്നത്. അദ്ദേഹത്തിൻറെ കൈകാലുകളിൽ ചങ്ങലകൾ ഉണ്ടായിരുന്നു .അല്ലാഹുവിൻറെ ആദർശം സ്വീകരിച്ചു എന്ന കാരണത്താൽ അദ്ദേഹത്തിൻറെ പിതാവ് അദ്ദേഹത്തെ വീട്ടിൽ ബന്ധനസ്ഥനാക്കിരിക്കുകയായിരുന്നു. ഈ തടവറ ഭേദിച്ചുകൊണ്ട് അദ്ദേഹം നബി കരാറിൽ ഏർപെടുന്ന വേളയിൽ നബിയുടെ അടുക്കലേക്ക് ഓടി എത്തുകയാണ്. നബി തന്നെ സ്വീകരിക്കും എന്ന് കരുതിയാണ് അബു ജൻധൽ നബിയുടെയും അനുയായികളുടെയും ഇടയിലേക്ക് ഓടിവരുന്നത്. ഇത് കണ്ടപ്പോൾ  മുശ്‌രിക്കുകളിലെ പ്രമാണിമാർ നബിയോട് പറഞ്ഞു “മുഹമ്മദ് നാം കരാറിൽ എത്തിയിരിക്കുന്നു കരാർപ്രകാരം തിരിച്ചു മക്കയിലേക്ക് അയക്കേണ്ടതാണ്”. ഉടനെ നബി അബു ജൻധലിന്നോട് പറഞ്ഞു “അബൂ ജൻദൽ താങ്കൾ തിരിച്ചുപോകണം”. അങ്ങനെ അബു ജൻധലിനെ മക്കയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോവുകയാണ് ആണ്. പോകുന്ന വേളയിൽ അബു ജൻധൽ മുസ്‌ലിംകളോട് ചോദിക്കുകയാണ് “അല്ലയോ മുസ്ലിംകളെ നിങ്ങൾ എന്നെ ഇവരുടെ അടുക്കലേക്ക് വീണ്ടും അയക്കുകയാണോ?” നബി അബു ജൻധലിനോട് വിളിച്ചു പറഞ്ഞു “അള്ളാഹു നിങ്ങൾക്ക് ഒരു രക്ഷാമാർഗ്ഗം കാണിച്ചു തരും. ഞാൻ ഈ കരാറിൽ ഒപ്പിട്ടു കരാർ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്”. ഇത്തരത്തിൽ പ്രത്യക്ഷത്തിൽ ഞങ്ങൾക്ക് പ്രതികൂലമാണ് എന്ന് മുസ്ലിംകൾക്ക് തോന്നിയ ഈ കരാറിനെ അള്ളാഹു മഹത്തായ വിജയമാക്കി പ്രഖ്യാപിക്കുകയാണ്.

ഈ ഒരു സന്ദർഭം ഞാൻ ഇവിടെ വിവരിച്ചത് ഒരു സമൂഹം എന്ന അർത്ഥത്തിൽ അല്ലെങ്കിൽ ഒരു വ്യക്തി എന്ന അർത്ഥത്തിൽ പ്രത്യക്ഷത്തിൽ തിരിച്ചടികളാണ് എന്ന് തോന്നിക്കുന്ന പല സന്ദർഭങ്ങളും ഉണ്ടാകാം. അതിനുള്ള ഒരു ഉദാഹരണമാണ് ബാബരി മസ്ജിദ് വിധി എന്നുള്ളത്. നൂറ്റാണ്ടുകളായി നമുക്ക് ഉണ്ടായിരുന്ന അള്ളാഹുവിന്റെ പള്ളി നമുക്ക് നഷ്ടപ്പെട്ടു എന്നുള്ളത് ഒരു നഷ്ടം തന്നെയാണ്. പക്ഷേ അത് മുസ്ലിം സമുദായത്തിലെ പരാജയമാണ് എന്ന് പറയുന്നതിൽ ഒരു ന്യായീകരണവുമില്ല.
( وَعَسَىٰۤ أَن تَكۡرَهُوا۟ شَیۡـࣰٔا وَهُوَ خَیۡرࣱ لَّكُمۡۖ وَعَسَىٰۤ أَن تُحِبُّوا۟ شَیۡـࣰٔا وَهُوَ شَرࣱّ لَّكُمۡۚ)
എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. (2:216)
( فَإِن كَرِهۡتُمُوهُنَّ فَعَسَىٰۤ أَن تَكۡرَهُوا۟ شَیۡـࣰٔا وَیَجۡعَلَ ٱللَّهُ فِیهِ خَیۡرࣰا كَثِیرࣰا)
നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.
സൂറത്തുന്നിസാഅ 19
നമ്മൾ നല്ലത് എന്ന് കരുതുന്ന പല കാര്യങ്ങളും ചിലപ്പോൾ  നമുക്ക് ദോഷകരം ആയിരിക്കും ദോഷകരം എന്ന് കരുതുന്ന പലതും നമുക്ക് നന്മയും ആകാൻ സാധ്യതയുണ്ട്. നമ്മൾ വെറുക്കുന്ന പല കാര്യങ്ങളിലും അള്ളാഹു ധാരാളം നന്മകൾ കരുതിവെച്ചിട്ടുണ്ടാകാം. ഇങ്ങനെയൊക്കെ സൂചിപ്പിക്കുന്ന സൂക്തങ്ങൾ ഖുർആനിലുണ്ട് . നമുക്കല്ല അറിയുന്നത് അല്ലാഹുവിനാണ് എല്ലാം അറിയാവുന്നത്. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നമ്മൾ ഇഷ്ടപ്പെടുന്ന പലതും നമുക്ക് കിട്ടാതെ പോയേക്കാം, അത് കിട്ടാത്തതിൽ നമ്മൾ ചിലപ്പോൾ വിഷമിച്ചേക്കാം, എന്നാൽ ആ കാര്യം കിട്ടിയാൽ നമ്മൾ അതിലും വലിയ പ്രശ്നത്തിൽ അകപ്പെടും എന്നുള്ളത് അല്ലാഹുവിന്നാണ് അറിയുന്നത്. നിങ്ങൾ വിചാരിക്കാത്തത് വിചാരിക്കുകയും അറിയാത്തത് അറിയുകയും ചെയ്യുന്ന എല്ലാം അറിയുന്ന ഒരു നാഥൻ നിങ്ങൾക്ക് മുകളിൽ ഉണ്ട് എന്നുള്ള ഒരു വിശ്വാസം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായമെന്ന നിലയ്ക്കും നമുക്ക് ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ബാബറി മസ്ജിദ് സംഭവം എന്നുള്ളത് ഹുദൈബിയ സന്ധി പോലെ ഒരു മഹത്തായ വിജയം ആണ്.

അതിലൊന്ന് മുസ്ലിംകൾ പള്ളി നിർമ്മിച്ചിട്ടുള്ളത് അമ്പലം തകർത്തിട്ടല്ല എന്നുള്ളതാണ്. ഇത് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു കാര്യമാണ്. ഇസ്ലാമിൻറെ നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ ഒരു ക്ഷേത്രമോ ഒരു ചർച്ചോ ജൂത ദേവാലയോ തകർത്തുകൊണ്ട് യാതൊരു ബോധവും ഇല്ലാത്ത ഒരുത്തനും മുസ്ലിം പള്ളി പണിതു എന്നതിന് യാതൊരു തെളിവും കാണുകയില്ല. കാരണം ഈ ദീൻ പഠിപ്പിക്കുന്നത് അതാണ്. മറ്റു മതങ്ങളുടെ ദേവാലയങ്ങളെ ആദരിക്കണം സംരക്ഷിക്കണമെന്നുള്ളത് ഈ ദീനിൻറെ നിർദ്ദേശമാണ് . യുദ്ധത്തിനു പോകുന്ന സേനാനായകൻമാരെ വിളിച്ചുകൊണ്ട് അമ്പലങ്ങളിലും ചർച്ചകളിലും ദേവാലയങ്ങളിലും മഠങ്ങളിലും ആരാധിച്ചു കൊണ്ടിരിക്കുന്നവരെ ആക്രമിക്കുകയോ ദേവാലയങ്ങളെ തകർക്കുകയോ ചെയ്യരുത് എന്ന് ഉപദേശിക്കുന്ന പ്രവാചകന്റെയും ഖലീഫമാരുടെയും ദിനാണിത്.
ഉമറിൻറെ കാലത്ത് ബൈത്തുൽ മുഖദ്ദസ് മുസ്ലിംകൾ കീഴടക്കിയപ്പോൾ താക്കോൽ കൈമാറുവാൻ വേണ്ടി ഖലീഫ തന്നെ നേരിട്ട് വരണം എന്നുള്ള ക്രൈസ്തവ പാതിരിമാരുടെ നിർദ്ദേശപ്രകാരം ഖലീഫ ഉമർ ബൈത്തുൽ മുഖദ്ദസിലേക്ക് വന്നു. അങ്ങനെ ഉമ്മറിനെ അവിടുത്തെ ക്രൈസ്തവ പാതിരിമാർ അവരുടെ ദേവാലയങ്ങളും ചർച്ചകളും കാണിച്ചു കൊടുക്കുകയായിരുന്നു. ഒരു ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ നമസ്കാരത്തിനുള്ള സമയമായി. ഈ വിവരം പാതിരിമാരെ അറിയിച്ചപ്പോൾ അവർ പറഞ്ഞു താങ്കൾക്ക് ഈ ദേവാലയത്തിൽ നമസ്കരിക്കാം. ഇതുകേട്ട ഉമർ അതിന് മുതിർന്നില്ല. അതിൻറെ കാരണം അത് ക്രൈസ്തവ ദേവാലയമായി എന്നുള്ളതല്ല മറിച്ച് ഭാവിയിൽ ഈ ദേവാലയം ഉമർ നമസ്കരിച്ച ദേവാലയമാണ് എന്നുള്ള കാരണത്താൽ ഒരു അവിവേകിയും ഈ ദേവാലയം നശിപ്പിച്ച് അവിടെ പള്ളി നിർമ്മിക്കരുത് എന്നുള്ള നീതിമാനായ ഉമറിൻറെ ദീർഘവീക്ഷണത്താലാണ്. ഇതാണ് ഇസ്ലാമിൻറെ മര്യാദ.

ബാബരി മസ്ജിദ് വിഷയത്തിൽ പള്ളി നിർമ്മിച്ചത് ക്ഷേത്രം തകർത്തിട്ടാണ് എന്നുള്ള പ്രചരണത്തെ സുപ്രീംകോടതി തെറ്റായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ധാരാളം അത്ഭുതങ്ങൾ ബാബരി മസ്ജിദ് വിഷയത്തിന്റെ വിധിയിൽ ഓരോ പേജും മറിച്ചു നോക്കുയാണെങ്കിൽ നമുക്ക് കാണുവാൻ കഴിയും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് 1947ലാണ്. അന്ന് അവിടെ ക്ഷേത്രം ആയിരുന്നില്ല മറിച്ച് പള്ളിയായിരുന്നു നിലവിലുണ്ടായിരുന്നത് എന്നുള്ളത് ഈ വിധിയുടെ സുപ്രധാനമായ മറ്റൊരു ഭാഗമാണ്. സാധാരണ ഒരു രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അന്ന് അവിടെ നിലവിലുണ്ടായിരുന്നത് എന്താണോ അത് അപ്രകാരം തന്നെ നിലനിർത്തുകയാണ് ചെയ്യാറുള്ളത്. അതുതന്നെയാണ് നമ്മുടെ രാജ്യവും ചെയ്തിട്ടുള്ളത്. ഇതിനു ശേഷം 1949 ലാണ് പള്ളിയുടെ അകത്ത് അന്യായമായി വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത്. ഈ ഒരു പ്രവർത്തിയും തെറ്റാണെന്നാണ് സുപ്രീംകോടതി വിധിക്കുന്നത്. ഇത് വായിക്കുന്ന ഏതൊരു മനുഷ്യനും ഇത് ശുദ്ധ തോന്നിവാസം ആണെന്നും അക്രമം ആണെന്നും അനീതി ആണെന്നു മനസ്സിലാകും. ശേഷം കോടതി പറയുന്നത് 1992 ബാബരി മസ്ജിദ് തകർത്തത് തികച്ചും കുറ്റകൃത്യമാണ് എന്നുള്ളതാണ്. ഇങ്ങനെയൊക്കെ പറഞ്ഞതിനുശേഷം കോടതി വിധിക്കുന്നത് തികച്ചും വൈരുദ്ധ്യമായി കൊണ്ട് തന്നെയാണ്. ചെയ്ത കാര്യങ്ങളെല്ലാം അനീതിയാണ് കുറ്റകൃത്യവും ആണ് എന്ന് അംഗീകരിച്ചതിനു ശേഷം കോടതി ആ സ്ഥലം ക്ഷേത്രനിർമ്മാണത്തിന് വേണ്ടി വിട്ടുകൊടുക്കുകയാണ് എന്നാണ് നമുക്ക് അവസാന വിധിയായി കാണാൻ കഴിയുന്നത്. ഇതിനുശേഷം കോടതി പറയുന്നത് മുസ്ലിംകൾക്ക് നഷ്ടപരിഹാരമായി ആയി 5 ഏക്കർ സ്ഥലം  നൽകണമെന്നതാണ്. ഒരു കൂട്ടർക്ക്  നഷ്ടം സംഭവിച്ചു എന്നതിനുള്ള പരിഹാരം ആണല്ലോ നഷ്ടപരിഹാരം നൽകുക എന്നുള്ളത്. അതായത് മുസ്‌ലിംകൾക്ക് നഷ്ടം സംഭവിച്ചു. അവർക്ക് നീതി ലഭിച്ചിട്ടില്ല. ആ നഷ്ടത്തിനുള്ള പരിഹാരമായി കൊണ്ടാണ് അവർക്ക് അഞ്ച് ഏക്കർ സ്ഥലം പകരമായി നൽകുക എന്ന കോടതി വിധിയെ നമുക്ക് കാണാൻ കഴിയുന്നത്.

അതുകൊണ്ടുതന്നെ ഈ ബാബരി മസ്ജിദ് വിധിയെ സംബന്ധിച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മുസ്ലിം സമുദായത്തിന് ചരിത്രത്തിൽ ഒരു അപമാനം അല്ലെങ്കിൽ ദുരന്തം എന്നതിനുപകരം ഇനിയുള്ള കുതിപ്പിന് ഊർജ്ജം നൽകുന്നതിനുള്ള കാരണമായി മാറും എന്നതാണ്. ഹുദൈബിയാ സന്ധി ഇസ്ലാമിൻറെ വിജയത്തിന് കാരണമായത് പോലെ. ഹുദൈബിയ സന്ധിയിൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കരാറാണ് പത്തുവർഷത്തേക്ക് യുദ്ധം ചെയ്യുകയില്ല എന്നുള്ളത്. യുദ്ധം എന്നുള്ളത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യപ്പെടുക അക്രമകാരികൾക്കാണ്. സമാധാനത്തിന്റെ ദർശനമായ ഇസ്ലാമിന് യുദ്ധരഹിതമായ കാലമാണ് പ്രയോജനപ്പെടുന്നത്. ലോകത്തുള്ള സകല തെമ്മാടിത്തരത്തിനും ആവശ്യം സംഘർഷം ഉണ്ടാക്കുക എന്നുള്ളതാണ്. കാരണം സംഘഷത്തിലൂടെ ആണ് അവരുടെ വളർച്ച  കാണുന്നത്. സംഘർഷം ഇല്ലാതെ അതിന് വളരാൻ സാധിക്കുകയില്ല. നമ്മുടെ രാജ്യത്തിലെ ഒരു കൂട്ടർക്ക് അവരുടെ കൈയിൽനിന്ന് ആയുധം വീണു കഴിഞ്ഞു. 1980ൽ ഈ രാജ്യത്ത് ഫാസിസ്റ്റ് പാർട്ടി ഉണ്ടായതു മുതൽ അവരുടെ മുഖ്യ അജണ്ട ആയിരുന്നു ബാബരി മസ്ജിദ്. അത് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെ പ്രധാന വാൾ താഴെ വീണു കഴിഞ്ഞിരിക്കുന്നു. ഇനി അവർ മറ്റ് പലതും കൊണ്ടു വന്നേക്കാം എന്നാലും അവരുടെ പ്രധാന ആയുധം ഇവിടെ തകർന്നു വീഴുകയാണ്.
ഹുദൈബിയ സന്ധി സംബന്ധിച്ച് പ്രവാചകൻ സമ്മതിക്കുന്ന കരാർ പത്ത് വർഷത്തേക്ക് യുദ്ധം ഇല്ല എന്നുള്ളതാണ്. ഇസ്ലാമിനെ സംബന്ധിച്ച് സമാധാനപൂർണമായ കാലം ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. പല ഇസ്ലാം വിരോധികളും പറഞ്ഞ് വരുന്നത് ഇസ്ലാം വാളുകൊണ്ട് വളർന്നു എന്നാണ്. എന്നാൽ അല്ലാഹു പറയുന്നു
( كُلَّمَاۤ أَوۡقَدُوا۟ نَارࣰا لِّلۡحَرۡبِ أَطۡفَأَهَا ٱللَّهُۚ وَیَسۡعَوۡنَ فِی ٱلۡأَرۡضِ فَسَادࣰاۚ وَٱللَّهُ لَا یُحِبُّ ٱلۡمُفۡسِدِینَ)
അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
(മാഇദ 64)

അള്ളാഹു ആഗ്രഹിക്കുന്നത് ഭൂമിയിൽ യുദ്ധം ഇല്ലാതാക്കുക എന്നതാണ്. യുദ്ധത്തിലൂടെ സകല ശത്രുക്കളെയും ഇല്ലാതാക്കുക എന്നുള്ളതല്ല. ഇസ്ലാമിൻറെ വളർച്ചയ്ക്ക് ഏറ്റവും  അനുയോജ്യമായ സന്ദർഭം യുദ്ധരഹിതമായ സന്ദർഭമാണ്. അതുകൊണ്ടാണ് ഹുദൈബിയ സന്ധി സംബന്ധിച്ച് അല്ലാഹു മഹത്തായ വിജയം എന്ന് പറയുന്നത്. ഇതിനെ പണ്ഡിതന്മാരും ചരിത്രകാരന്മാരും ശരി വെക്കുന്നുമുണ്ട്. ഹിജ്റ ആറാം വർഷം നബിയുടെ പരാജയപ്പെട്ട ഉംറക്ക് കൂടെയുണ്ടായിരുന്നത് 1400 അനുയായികളാണ്. എന്നാൽ രണ്ടു വർഷത്തിനു ശേഷം ഹിജ്റ എട്ടിൽ മക്ക കീഴടക്കുന്നത് 10000 പേരേയും കൊണ്ടാണ്. ഹുദൈബിയാ സന്ധി കാരണം സമാധാനം നിലവിൽ വന്നു, മദീനയിൽ നിന്ന് മക്കയിലേക്കുള്ള മുസ്‌ലിംകളുടെ വരവ് അധികരിച്ചു. മുസ്ലിംകളുടെ ആധിക്യം കാരണം മുശ്‌രിക്കുകൾ തന്നെ നബിയോട് പറഞ്ഞു ഇനി മക്കയിലേക്ക് മുസ്ലീങ്ങളെ അയക്കേണ്ടതില്ല. ഇസ്ലാമിലേക്കുള്ള ആളുകളുടെ വരവ് വർദ്ധിച്ചു മക്കയിൽ നിന്നും മദീനയിൽ നിന്നും ധാരാളം ആളുകൾ ഇസ്ലാം സ്വീകരിക്കാൻ തുടങ്ങി. മക്കാവിജയത്തിനുള്ള കാരണം ഹുദൈബിയ സന്ധിയാണ്. 10 കൊല്ലത്തേക്കുള്ള  ഉടമ്പടി മുശ്‌രിക്കുകൾ തന്നെ ലംഘിച്ചു. അതിനാൽ  നബി പതിനായിരത്തോളം വരുന്ന സൈന്യവുമായി മക്കയിലേക്ക് മാർച്ച് ചെയ്തു. അങ്ങനെ മക്കാവിജയത്തിനുള്ള മൂലകാരണമായി ഹുദൈബിയ സന്ധി മാറി എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.

ഇത്തരത്തിൽ ബാബരി മസ്ജിദ് വിഷയത്തിലെ സുപ്രീം കോടതി വിധി അന്യായമാണ് എന്നുള്ളത്  മുസ്ലിങ്ങൾ മാത്രമല്ല ഉന്നയിക്കുന്നത്. മറിച്ച് ലോകത്തിലെ പല മീഡിയകളും ഉത്തരവാദിത്തപ്പെട്ട പല ഉന്നത മേധാവികളും സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസുമാരുമെല്ലാം ഈ വിധിയെ അന്യായം എന്ന് പ്രതിപാദിക്കുന്നു.
ഈ വിധിയിൽ ആഹ്ലാദിച്ചവർ ഈ വിധി സമ്മർദ്ദം ചെലുത്തി വാങ്ങിച്ചെടുത്തവർ മാത്രമാണ്. ഉഹ്ദ് യുദ്ധത്തെ സംബന്ധിച്ച് പരാജയപ്പെട്ടവർ  പരാജയപ്പെടാത്തവരെ പോലെയും പരാജയപ്പെടാത്തവർ പരാജയപ്പെട്ടവരുടെ പോലെയും ആയി തീർന്നു എന്ന് ശഹീദ് സയ്യിദ് ഖുതുബ് പറഞ്ഞതുപോലെ. വിധിയിൽ സന്തോഷിക്കുമ്പോഴും അവർ അവർക്ക് യഥാർത്ഥമായി സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം അവരുടെ മനസ്സാക്ഷി അതിനു സമ്മതിക്കുന്നില്ല. ഇത് സ്വാഭാവിക നീതി അല്ല എന്ന് അവർക്ക് തന്നെ കൃത്യമായ ബോധ്യമുണ്ട്. അവർക്ക് ഈ ഒരു ബോധത്തോടെ മാത്രമേ ഇനി ജീവിക്കാൻ കഴിയുകയുള്ളൂ.
നേരെമറിച്ച് ലോകത്തിന് മുഴുവൻ ബോധ്യമായ ഒരു കാര്യമാണ് ഇവിടെ ഒരു സമൂഹം നീതി ലഭിക്കാതെ ജീവിക്കുന്നു എന്നുള്ളത്. തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല എന്നറിഞ്ഞിട്ടും ആത്മസംയമനം പാലിച്ചു കൊണ്ട് ജീവിക്കുന്നു എന്നുള്ളത്. അത്തരത്തിൽ ഈ ഒരു വിധി നമുക്ക് പ്രത്യക്ഷത്തിൽ ദോഷകരമാണ് എന്ന് തോന്നുമെങ്കിലും  ഇതു നമുക്ക് വളരെയേറെ വിജയം പകരുന്ന ഒന്നാണ് എന്ന് മനസ്സിലാക്കാൻ കഴിയും.

എന്നാൽ മറുവശത്ത് സമാധാനം എന്നതിൻറെ പേരിൽ നമ്മൾ ഒരിക്കലും നിന്ദ്യത ബാധിക്കുന്നവർ ആകരുത്. ഖുർആൻ പറയുന്നത് മുസ്ലിം സമുദായത്തിന് ഒരിക്കൽ നിന്ദ്യത ബാധിക്കും എന്നാണ്. അതായത് തങ്ങൾ ദുർബലരാണ്, ന്യൂനപക്ഷമാണ്, തങ്ങൾക്ക് ഒന്നും സാധിക്കില്ല എന്നുള്ള മാനസികപരമായ ദൗർബല്യത്തിന്ന് നിന്നു കൊടുക്കും എന്നതാണ് ഇവിടെ ഉദ്ദേശം. ഇത് ഒരിക്കലും ഇസ്ലാം അനുവദിക്കുന്നില്ല ഹുദൈബിയ സന്ധി അംഗീകരിച്ചുകൊണ്ട് കരാറിൽ ഒപ്പിടുമ്പോൾ പോലും തലയെടുപ്പോടെ കൂടിയാണ് ഒപ്പിടുന്നത്. ഈ തലയെടുപ്പ് അല്ലെങ്കിൽ ഈ ആത്മവിശ്വാസം ഉയർന്നുവരുന്നത് പരാജയത്തിൽ നിന്നല്ല മറിച്ച് നാളെയുടെ ജേതാക്കളാണ് എന്നുള്ള പ്രതീക്ഷയിൽ നിന്നാണ്. ഒരിക്കലും പരാജിതരായി കൊണ്ട് കരാറിൽ ഒപ്പിടരുത് എന്ന് അല്ലാഹു പറയുന്നുണ്ട്.
(فَلَا تَهِنُوا۟ وَتَدۡعُوۤا۟ إِلَى ٱلسَّلۡمِ)
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്.

ഒരിക്കലും സമാധാനം വരേണ്ടത് കീഴൊതുങ്ങലിലൂടെയല്ല. സമാധാനം നിലവിൽ വരേണ്ടത് അത് ശക്തിയാർജ്ജിക്കുന്നതിലൂടെയാണ്. ഈ രാജ്യത്തെ 20 മില്യൻ വരുന്ന മുസ്‌ലിം സമുദായം ശക്തിയാർജിച്ച സമുദായമാണ്. കേവലം പേര് വെട്ടിമാറ്റിയാൽ മാറ്റപ്പെടുന്ന ഒരു സമുദായം അല്ല.  ലോകത്ത് 150 കോടി വരുന്ന ഒരു സമുദായത്തിൻറെ ഭാഗമാണ് ഈ സമുദായം. ഈ സമുദായം മരിക്കാത്ത സമുദായമാണ് അല്ലാഹുവിൻറെ ദർശനം ഉൾക്കൊള്ളുന്ന ഖുർആനിനെ കൊണ്ടുനടക്കുന്ന ഈ സമുദായത്തെ ഒരാൾക്കും കൊല്ലാൻ കഴിയില്ല, നശിപ്പിക്കാൻ കഴിയില്ല, പേര് വെട്ടാൻ കഴിയില്ല, ആട്ടി പുറത്താക്കാൻ കഴിയില്ല. ഇതിനുവേണ്ടി ഇറങ്ങി പുറപ്പെട്ട ആളുകൾ നാളെ ഓരോന്നോരോന്നായി പരാജയപ്പെടുന്നത് കാണാൻ കഴിയും. തീർച്ചയായും അതിനെ ചില സൂചനകൾ രാജ്യത്ത് കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്ന് ജയിക്കുന്നവർ നാളെ വിജയിക്കണമെന്നില്ല. നമ്മളൊരിക്കലും ഭയചകിതരാവുകയോ പേടിത്തൊണ്ടന്മാരാകുകയോ പരാജയ മനസ്സുമായി ജീവിക്കേണ്ടവരോ അല്ല. മറിച്ച് ആത്മാഭിമാനത്തോടെയും ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടും ഈമാനോടുംകൂടി മുന്നോട്ടു പോകേണ്ടവരാണ്. നമ്മുടെ സമുദായം കരാറിനു വേണ്ടി മാത്രം ചോദിച്ചു നടക്കുന്നവർ ആവരുത്.
( وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن یَتِرَكُمۡ أَعۡمَـٰلَكُمۡ)
നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.

തയ്യാറാക്കിയത്- നഈഫ്.എം

Related Articles