Speeches

ബ്രൂട്ടസ് താങ്കളും…

യൂദാസ് സ്കറിയോത്ത.. ക്രൈസ്തവ ചരിത്രത്തിലെ വില്ലൻ പരിവേഷമണിഞ്ഞു നടക്കുന്ന, ലോകത്തിലെ അറിയപ്പെട്ട വഞ്ചകരിൽ ഒരാൾ. മസീഹിന്റെ അവസാന 3 വർഷം മസീഹിന്റെ ശിഷ്യനായി അഭിനയിക്കുകയും മസീഹിന്റെ കൂടെ പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വത്തെ തിരിച്ചറിയുകയും അതിനു ശേഷം അദ്ദേഹത്തെ വഞ്ചിക്കുകയും ചെയ്ത മനുഷ്യൻ. മസീഹിന്റെ ഉപദേശങ്ങൾ കേൾക്കുകയും ദൈവിക ദൃഷ്ടാന്തങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുകയും ലോക ചരിത്രം സാക്ഷിയായിട്ടില്ലാത്ത അത്ഭുതങ്ങൾ അനുഭവിച്ചറിഞ്ഞതിനു ശേഷം മസീഹിനെ വഞ്ചിച്ച ചരിത്രമാണ് യൂദാസിന്റേത്.ഒരു രാത്രി നീണ്ട ആരാധനയ്ക്ക് ശേഷം മസീഹ് തന്റെ 12 ശിഷ്യൻമാരെ തെരഞ്ഞെടുത്തപ്പോൾ ആ 12ൽ ഒരാളായി യൂദാസും ഉണ്ടായിരുന്നു. ഖജനാവിന്റെ കാവലായി നിയമിച്ചതും യൂദാസിനെ ആയിരുന്നു. ഇത്രത്തോളം വിശ്വാസ്യത മസീഹിന് യൂദാസിനോടുണ്ടായിരുന്നു. തന്റെ വിശ്വാസ്യതയെക്കാൾ സ്നേഹത്തെക്കാൾ പരിഗണന ധനത്തിന് നൽകി എന്നതായിരുന്നു യൂദാസിന്റെ പ്രശ്നം. പണം മോഷ്ടിച്ചു എന്നു മാത്രമല്ല ജീവിതത്തിൽ ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണ് യൂദാസ് ഈസ നബിയോട് ചെയ്തത്. ജൂത പുരോഹിതന്മാരിൽ നിന്ന് 30 വെള്ളി കാശ് വാങ്ങി പകരം ഈസ നബിയെ ഒറ്റു കൊടുക്കുന്ന നീചമായ പണി ചെയ്തതും യൂദാസ് ആയിരുന്നു. ആ സമയത്തു ഈസ നബിയെ അണച്ചു കെട്ടിപിടിക്കുകയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ചുംബനത്തെ ഈസാ നബിയെ ശത്രുക്കൾക്ക് അടയാളപ്പെടുത്തി കൊടുക്കുന്നതിന് ഉപയോഗിച്ചതും യൂദാസ് ആയിരുന്നു.അതിനു ശേഷം ഈസാ പ്രവാചകൻ ബന്ധിയായതിനു ശേഷം പ്രവാചകൻ ചോദിക്കുന്നുണ്ട്. അല്ലയോ യൂദാസ്, ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ മറ്റൊരാൾക്ക് ഒറ്റുകൊടുക്കുന്നത്.

ഇതു ചരിത്രത്തിലെ ഏറ്റവും വലിയ കൊടുംചതികളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.വഞ്ചന ഒരു നല്ല അനുഭവമല്ല. അതു ശരീരത്തിനല്ല മുറിവേൽപ്പിക്കുന്നത് മറിച്ച് മനസ്സിനെയാണ്. ആ മുറിവാണ് ഭയാനകം. ചിലപ്പോൾ അത് കറുത്ത മുഖമായി നമ്മെ അഭിമുഖീകരിക്കും.മറ്റു ചിലപ്പോൾ യൂദാസിനെ പോലെ സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ മുഖവുമായി കടന്നു വരും. വൃത്തികെട്ട നാറ്റമാണ് അതിന്റേത്.അത് രണ്ട് സുഹൃത്തുക്കൾകിടയിലാണെങ്കിലും രണ്ട് സമൂഹങ്ങൾക്കിടയിലാണെങ്കിലും രണ്ട് രാഷ്ട്രങ്ങൾക്കിടയിലാണെങ്കിലും.മനുഷ്യന് മോശപ്പെട്ട കുറെ സ്വഭാവങ്ങൾ ഉണ്ട്.കളവ് ഒരു മോശപ്പെട്ട സ്വഭാവമാണ്.മോഷണവും അസൂയയും എല്ലാം മോശമാണ്. എന്നാൽ അതിൽ നിന്നെല്ലാം വഞ്ചനയെ വേർതിരിക്കുന്ന ഒരു ഘടകമുണ്ട്. മുൻ പറഞ്ഞവ ഇഷ്ടമില്ലാത്തവരോട് സ്വീകരിക്കുന്ന ആയുധങ്ങൾ ആണ്. എന്നാൽ വഞ്ചന എന്നത് നാം സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആളുകളിൽ നിന്നാണ് അത് സംഭവിക്കുന്നത് എന്നുള്ളത് കൊണ്ടുതന്നെ അതിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടുന്നതാണ്. അതുകൊണ്ടാണ് നമ്മെ കുറിച്ച് ഒരാൾ കളവ് പറയുന്നുണ്ട് എന്നതിനേക്കാൾ വേദന നാം വിശ്വസിക്കുന്നവർ നമ്മെ വഞ്ചിച്ചു എന്നു അറിയുമ്പോഴാണ്. മസീഹ് കാലുകഴുകി കൊടുത്തവൻ ആയിരുന്നു യൂദാസ്. യൂദാസിനെ സംബന്ധിച്ചിടത്തോളം അയാൾ മസീഹിന്റെ പ്രിയ ശിഷ്യൻ മാത്രമായിരുന്നില്ല അങ്ങേയറ്റത്തെ പരിഗണന നൽകികൊണ്ട് കൂടെ നിർത്തിയിരുന്ന ഒരാൾ കൂടിയായിരുന്നു. ചതിവ് പറ്റി എന്നറിഞ്ഞപ്പോൾ ഈസാ പ്രവാചകൻ അനുഭവിച്ച വേദന എത്രയായിരിക്കും.
وظلم ذوى القربى أشد مضاضة
على النفس من وقع الحسام المهند
നമുക്ക് പ്രിയപ്പെട്ട ആളുകൾ നമ്മോട് ചെയ്യുന്ന വഞ്ചന അതിന്റെ ആഴം കഠിനമായ മൂർച്ചയുള്ള വാൾകൊണ്ട് ഏൽക്കുന്ന മുറിവിനെക്കാൾ വേദനാജനകം എന്നാണ് കവി പാടുന്നത്. വഞ്ചനക്ക് പ്രത്യേകമായ അടിസ്ഥാനമോ ദേശമോ ഒന്നും തന്നെയില്ല.അതിനെ ന്യായീകരിക്കുവാൻ കഴിയുന്ന വാക്കുകളുമില്ല. വഞ്ചന ദുര്ബലന്റെ ആയുധമാണ്.ദുർബലനോ പിന്നിൽ നിന്ന് കുത്തുന്നവനും. ശക്തൻ തന്റെ പ്രതിയോഗിയെ നേരിടുന്നത് മുന്നിൽ നിന്നും. അല്ലാഹു മനുഷ്യനെ ആദരവോടുകൂടിയാണ് സൃഷ്ടിച്ചത്. ആദരവ് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. വിശുദ്ധ ഖുർആൻ പറയുന്നു:
ولقد كرمنا بني آدم നാം മനുഷ്യനെ സൃഷ്ടിച്ചത് ആദരവോടെയാണ്. ഇത് ലോകത്തുള്ള എല്ലാ മനുഷ്യർക്കും ബാധകമാണ്. ചില മനുഷ്യർ തങ്ങളെ സ്വയം ഇകഴ്ത്താറുണ്ട്. സമൂഹത്തിൽ തങ്ങൾക്കുള്ള നിലയും വിലയും തകർക്കാറുണ്ട് വിശുദ്ധ ഖുർആന്റെ ഭാഷയിൽ.
وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ

ഇങ്ങനെ സ്വയം നശിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യർ, അവരുടെ ആദരവും ബഹുമാനവും അല്ലാഹു തന്നെ എടുത്തു കളയും എന്നു മനസ്സിലാക്കാം. മനുഷ്യന് അല്ലാഹു നൽകിയ കറാമത്ത് എങ്ങനെയെല്ലാം അയാൾക്ക് നശിപ്പിക്കാം എന്നതിന്റെ ഉദാഹരണം. ഇബ്നു ഹിഷാം തന്റെ സീറ നബവിയ്യ എന്ന ഗ്രന്ഥത്തിൽ രചിക്കുന്നുണ്ട്.
രാജാവായ അബ്റഹത് കഅബ പൊളിക്കാൻ വരികയാണ്. കഅബയിലേക്കുള്ള വഴിക്കാണിക്കാൻ ആരെയും അയാൾ കണ്ടെത്തുന്നില്ല. എന്നല്ല ചോദിക്കപ്പെട്ടവരൊക്കെ മറുപടി പറഞ്ഞത് കഅബ പൊളിക്കാൻ ഞങ്ങൾ കൂട്ടു നിൽക്കുകയില്ല. ഒരു പാട് പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു നോക്കി. ആരും അതിനും വഴങ്ങിയില്ല. ആരും തന്റെ വഴിക്ക് വരുന്നില്ല എന്നു കണ്ടപ്പോൾ അയാൾ അവരെ ഭീഷണിപ്പെടുത്തി. അതിന്റെ പേരിൽ ധാരാളം ആളുകൾ കൊലചെയ്യപ്പെട്ടു. അങ്ങനെ നിരാശനായി നിൽക്കെ അബുറുഗാൽ എന്ന മനുഷ്യൻ അയാളുടെ മുന്നിൽ വന്നിട്ട് പറഞ്ഞു: എനിക് കുറച്ചു പണം തന്നാൽ മതി. കഅബായിലേക്കുള്ള വഴി ഞാൻ കാണിച്ചു തരാം. ചരിത്രത്തിലെ ഏറ്റവും വലിയ ചതിയന്റെ കുപ്പായം ധരിച്ചവരിൽ ഒരാളായി ഈ മനുഷ്യനെയും നാം മനസ്സിലാക്കണം. ആനകലഹത്തിനു ശേഷം ഹജ്ജ് ചെയ്തു മടങ്ങുന്നവർ അബു റുഗാലിന്റെ ഖബറിനെ കല്ലെറിയുമായിരുന്നു എന്നു ചരിത്രം പറയുന്നു.

ജനങ്ങൾ അബു റുഗാലിന്റെ ഖബറിനെ കല്ലെറിയുന്നത് പോലെ ഞാൻ നിന്നെയും കല്ലെറിയും എന്ന് കവി പാടുന്നു. ഇത്തരത്തിൽ വഞ്ചനയുടെ പ്രതീകമായി അബു റുഗാൽ അറിയപ്പെട്ടു. വഞ്ചനയുടെ പേരായി തന്നെ ഇത് അറിയപ്പെട്ടു.ആരെങ്കിലും വഞ്ചന കാണിച്ചാൽ അവനെ അബു രുഗാൾ എന്നു ജനങ്ങൾ വിളിച്ചു. അല്ലാഹു നൽകിയ കറാമത് വഞ്ചനയിലൂടെ നശിപ്പിച്ച ആ മനുഷ്യൻ വഞ്ചനയുടെ പ്രതീകമായി മാറി എന്നതാണ് സത്യം.
നബി പറയുന്നു: മനുഷ്യന് അല്ലാഹു നൽകിയ കറാമത്തിനെ അയാൾ വഞ്ചനയിലൂടെ നശിപ്പിക്കുകയാണെങ്കിൽ അയാളുടെ നിലവാരം താഴുന്നു . മറ്റൊരു മുറിവുകളും അയാളെ വേദനിപ്പിക്കുകയില്ല. മസീഹിന്റെ യൂദാസും അബ്റഹത്തിന്റെ അബു റുഗാലും യോജിക്കുന്ന ഘടകം അവർ രണ്ടു പേരും വഞ്ചനയിലേർപെട്ടത് ഏതാനും ചില വെള്ളി കാശിനു വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കാം. വ്യക്തിപരമായ താൽപ്പര്യങ്ങളായിരുന്നു യഥാർത്ഥത്തിൽ അവരെ വഞ്ചനക്ക് പ്രേരിപ്പിച്ചത്. അബു റുഗാളിന്റെയും യൂദാസിന്റെയും ചരിത്രത്തിന് ഈ കാലത്ത് വളരെയധികം പ്രസക്തിയുണ്ട്. വഞ്ചനയുടെ വിവിധ തരം രൂപങ്ങളാണ് ഇക്കാലത്ത് കാണപ്പെടുന്നത്. വ്യക്തികൾക്കിടയിൽ സമൂഹങ്ങൾക്കിടയിൽ സംഘടനകൾക്കിടയിൽ രാഷ്ട്രങ്ങൾക്കിടയിൽ വ്യത്യസ്ത രൂപത്തിൽ വഞ്ചനയെ കാണാൻ സാധിക്കുന്നു. ഖുർആൻ പറയുന്നു: {يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ} [الأنفال : 27]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്‌.

നമ്മുടെ ഇസ്ലാമിനോടുള്ള ബാധ്യത എന്നത് നമ്മുടെ കയ്യിൽ ഏല്പിക്കപ്പെട്ട അമാനത് ആണ്. അതിനെ ഒറ്റിക്കൊടുക്കാൻ പാടില്ല. അതിനെ നഷ്ടപ്പെടുത്തി കളയരുത് എന്നാണ് വിശുദ്ധ ഖുർആന്റെ ആഹ്വാനം. മുസ്ലിങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് എഴുന്നേറ്റ് നിൽക്കുന്ന നേതാക്കൾ പണ്ഡിതർ ഭരണാധികാരികൾ എന്നിവർക്കുള്ള താക്കീത് ആണ് ഈ വചനം മുന്നോട്ട് വെക്കുന്ന ആശയം. ഇസ്ലാമിന്റെ ചരിത്രത്തിൽ കണ്ണോടിച്ചു നോക്കുമ്പോൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കാൻ സാധ്യമല്ല എന്നു പ്രഖ്യാപിക്കുന്ന ഒരു സമൂഹത്തെയാണ് നാം കാണുക. ഉസ്മാനി ഖിലാഫത്തിന്റെ കാലത്ത് അതിനുള്ള ഒരു ഉദാഹരണം കാണാം. ഉസ്മാനി ഖിലാഫത് തകരുന്ന സന്ദർഭം. മദീനയിൽ അവർക്കൊരു ഗവർണർ ഉണ്ടായിരുന്നു . അയാളുടെ പേര് ഫഖ്‌റുദ്ധീൻ ബാഷ എന്നായിരുന്നു. ഉസ്മാനി സാമ്രാജ്യത്തെ സഖ്യ ശക്തികൾ വീതിച്ചെടുത്തുകൊണ്ടിരുമ്പോൾ റസൂൽ (സ) മദീനയുടെ സംരക്ഷകനായിരുന്നു അയാൾ.തന്റെ കൂടെയുള്ള ചെറിയ സൈന്യത്തെ അയാൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അന്നേരം അവർക്ക് വേണ്ടുന്ന ഭക്ഷണമോ വെള്ളമോ വേണ്ടത്ര ഇല്ലായിരുന്നു. സൈനികർക്കിടയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പ്രയാസകരമായ അവസ്‌ഥ. പുറത്തുനിന്നും സഹായം എത്തുന്നില്ല. തന്റെ ചെറിയ സൈന്യവുമായി ഫഖ്‌റുദ്ധീൻ ബാഷ പിടിച്ചു നിന്നു. ആ സമയത്താണ് ഉസ്മാനി ഖിലാഫത്തിന്റെ കേന്ദ്രമായ ഇസ്താംബുളിൽ നിന്നും സന്ദേശം ലഭിക്കുന്നത്. കഷ്ടപ്പെട്ട് പ്രതിരോധിക്കേണ്ടതില്ല എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കീഴടങ്ങാം.. എന്നാൽ അദ്ദേഹം അതിന് ചെവി കൊടുത്തില്ല. എന്നു മാത്രമല്ല ആ കത്തിന് മറുപടിയായി അദ്ദേഹം എഴുതി هذه ليست كأي مدينة حتى انصحب مهنا أو استسلم
മദീന മറ്റു പട്ടണങ്ങൾ പോലെയല്ല. നിങ്ങൾ അവയെ വിട്ടു കളഞ്ഞത് പോലെ ഞാൻ ഈ മദീനയെ വിട്ടുകളയില്ല. إنها مدينة رسول الله ഇത് എന്റെ പ്രവാചകന്റെ പട്ടണമാണ്. അതു കൊണ്ട് എന്റെ ജീവൻ നിലനിൽക്കുന്ന കാലത്തോളം ഞാൻ ഇത് വിട്ടുകളയുകയില്ല എന്നു അദ്ദേഹം മറുപടി എഴുതി. ധീരോചിതമായ മറുപടി. ഒടുവിൽ ഉസ്മാനി ഖലീഫയുടെ നേരിട്ടുള്ള സന്ദേശം വന്നു. കീഴടങ്ങുക. അദ്ദേഹം നേരെ പ്രവാചകന്റെ പള്ളിയിൽ പോയി റസൂലിന്റെ ഖബറിന്റെ അരികെ ചെന്നു. കരഞ്ഞുകൊണ്ട് പറഞ്ഞു. والله يا رسول الله ، لن اخونك
അല്ലാഹുവാണ് സത്യം . അല്ലാഹുവിന്റെ ദൂതരെ ഒരിക്കലും ഞാൻ അങ്ങനെ വഞ്ചിക്കുകയില്ല. ഉസ്മാനി ഖലീഫ വന്നു കീഴടങ്ങാൻ പറഞ്ഞാലും എന്റെ ജീവൻ ഉള്ളിടത്തോളം ഞാൻ അങ്ങയെ ഒറ്റു കൊടുക്കുകയില്ല. എന്നു പറഞ്ഞു കൊണ്ട് ഫഖ്‌റുദ്ധീൻ അവിടെ തന്നെ നിലയുറപ്പിക്കുന്നതാണ് ചരിത്രം. മറ്റു പട്ടണങ്ങൾ കീഴടക്കപ്പെട്ടു. പലരും കൊല്ലപ്പെടുകയും ചെയ്തു. ആക്രമണം അടുത്തെത്തി എന്നറിഞ്ഞപ്പോൾ അദ്ദേഹം കൂടെയുള്ളവരോട് പറഞ്ഞു: നിങ്ങൾക്ക് ഇവിടെ നിന്ന് പോകാം.ആരും നിങ്ങളെ തടയില്ല. ഞാൻ ഇവിടെ തന്നെ നിൽക്കും. എന്നാൽ കൂടെയുള്ളവർക്ക് അദ്ദേഹത്തെ വിട്ടുപോകാൻ മനസ്സനുവദിച്ചില്ല. അവർ പൊട്ടിക്കരഞ്ഞു. അവസാനം അവർ അദ്ദേഹം ഇരുന്നിരുന്ന വിരിപ്പോടെ അദ്ദേഹത്തെ പൊക്കികൊണ്ടു പോയി എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. യൂദാസിന്റെയും അബു റുഗാളിന്റെയും ചരിത്രത്തിനിടയിൽ ഫഖ്‌റുദ്ധീൻ ബാഷയെ പോലുള്ളവരുടെ ചരിത്രവും ഇസ്ലാമിൽ ഉണ്ട് എന്ന് തിരിച്ചറിയുക. ഇന്നത്തെ സാഹചര്യത്തിൽ മുസ്ലിം നേതാക്കളിൽ പലരും ഫഖ്‌റുദ്ധീൻ ബാഷയുടെ ചരിത്രത്തെ വിസ്മരിച്ചു കൊണ്ട് അബു റുഗാലിന്റെ ചരിത്രത്തെ പിൻപറ്റുന്നു. ഇന്നത്തെ സാഹചര്യത്തെ സംബന്ധിചിടത്തോളം അബു റുഗാലും യൂദാസും കഴിഞ്ഞു പോയവർ അല്ല.മറിച്ച് ഇന്നും അവർ ജീവിച്ചുകൊണ്ടിരിക്കുന്നു. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ആളുകളിൽ യൂദാസിനേയും അബു റുഗാലിനെയും കാണാൻ സാധിക്കുന്നു. അറബ് ലോകത്തെ മുസ്‌ലിം സമുദായത്തെ നയിക്കുന്ന നേതാക്കൾ സ്വീകരിക്കുന്ന മാർഗം യൂദാസിന്റെയാണോ അതല്ല ഫഖ്‌റുദ്ധീൻ ബാഷയുടേതാണോ എന്നു കൃത്യമായി മനസ്സിലാക്കാൻ കഴിയും . ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അത് ബാബരിയാണെങ്കിലും മുസ്ലിം തീവ്രവാദമാണെങ്കിലും പശുവിന്റെ പേരിലുള്ള കൊലയാണെങ്കിലും ഈ പ്രശ്നങ്ങളിലെല്ലാം പരിശോധിക്കുമ്പോൾ യൂദാസിന്റെയും അബു റുഗാലിന്റെയും മുഖങ്ങൾ കാണാൻ സാധിക്കും.

ഒരു ചരിത്രം കൂടി. ജൂലിയസ് സീസർ,അദ്ദേഹത്തിന്റെ ഭരണത്താണ് റോം ഒരു സാമ്രാജ്യമായി മാറിയത്. ധാരാളം വിജയങ്ങൾ അദ്ദേഹം നേടി. അദ്ദേഹം റോം ഭരിച്ചു കൊണ്ടിരിക്കുമ്പോൾ കൂടെയുണ്ടായിരുന്നവർ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ കൊലയിൽ ഓരോരുത്തർക്കും പങ്കുണ്ടാവണം. ഓരോ ആളും ഒരു കുത്ത് കുത്തണം. കാരണം നാളെ ലോകം ഈ കൊലച്ചതി അറിയുമ്പോൾ അതിൽ എല്ലാവർക്കും പങ്കുണ്ട് എന്നറിയണം. അങ്ങനെ ഓരോരുത്തരും കുത്തി തുടങ്ങി. അവസാനം കുത്താനായി കടന്നു വന്നത് ബ്രൂട്ടസ് ബിൻ മർക്കോസ് ആയിരുന്നു. ബ്രൂട്ടസ് എന്നാൽ സീസർ സ്വന്തം മകനെ പോലെ വളർത്തിയെടുത്ത മനുഷ്യൻ. എല്ലാവിധ സഹായങ്ങളും നൽകി വളർത്തി കൊണ്ടു വന്ന മനുഷ്യൻ. അവസാനത്തെ കുത്തേറ്റ് തിരിഞ്ഞു നോക്കിയ സീസർ ചോദിച്ചുവത്രെ: “you too my son”. എന്റെ മകനെ നീയും എന്നെ കൊന്നോ. നീയും എന്നെ ചതിച്ചു കളഞ്ഞോ. ബ്രൂട്ടസ് ന്യായീകരിച്ചു കൊണ്ട് മറുപടി പറഞ്ഞു: അങ്ങനെയല്ല പിതാവേ. എനിക്ക് താങ്കളോട് സ്നേഹമുണ്ട്. എന്നാൽ നിങ്ങളോടുള്ള സ്നേഹത്തെക്കാൾ വലുത് റോമാ സാമ്രാജ്യത്തിനൊടുള്ള സ്നേഹമാണ്. ഇതെന്റെ വ്യക്തിപരമായ താൽപര്യമാണ്. അതു കൊണ്ടാണ് ഞാൻ താങ്കളെ കുത്തിയത്. യൂദാസിന്റെ ചുംബനം. അബു റുഗാലിന്റെ പ്രവർത്തനവും എല്ലാം ആധുനിക കാലത്തേക്ക് വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ശത്രുക്കൾക്ക് മുസ്ലിം ഉമ്മത്തിലേക്ക് വഴികാണിച്ചു കൊടുക്കുന്ന അബു റുഗാൽമാർ നമുക്കിടയിലുണ്ട്. ആലിംഗനം ചെയ്തു കൊണ്ട് ചുംബിച്ചു കൊണ്ട് ഒറ്റു കൊടുക്കുന്ന യൂദാസ്‌മാർ നമുക്കിടയിലുണ്ട്. എല്ലാത്തിനും കൂടെ നിന്ന് സഹകരിച്ചതിനു ശേഷം പിന്നിൽ നിന്ന് കുത്തുന്ന ബ്രൂട്ടസ് മാരും നമുക്കിടയിലുണ്ട് എന്നു തിരിച്ചറിയുക. ഇവിടെ വഞ്ചിക്കപ്പെടുന്നത് വ്യക്തികളെയല്ല. വഞ്ചിക്കപ്പെടുന്നത് സമൂഹമോ സംഘടനയോ അല്ല.മറിച്ച് വിശുദ്ധ ഖുർആൻ പറഞ്ഞതു പോലെ അല്ലാഹുവിനെയും അവന്റെ ദൂതനെയുമാണ് എന്ന് മനസ്സിലാക്കുക. ഈ വഞ്ചന അല്ലാഹു പൊറുക്കുകയില്ല. മുൻ പറഞ്ഞ പ്രവർത്തനങ്ങളുടെ പിൻഗാമിയാണ് ഇക്കാലത്തെ വഞ്ചന. വഞ്ചന കൊണ്ട് പിടിച്ചു നിൽക്കാം എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ വഞ്ചന എന്നതിന്റെ പ്രതീകമായി അബു റുഗാൽ എന്നുവിളിക്കുമെന്ന് കാലം തെളിയിച്ചു. അങ്ങനെ കാലം മാറുമ്പോൾ വഞ്ചനയുടെ പ്രതീകമായി പേരുകൾ മാറി മാറി വരും എന്നതിനെ നാം സൂക്ഷിക്കുക.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Facebook Comments

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker