Speeches

അറഫയുടെ മഹത്വം

അല്ലാഹു ഉദ്ദേശിച്ചവ സൃഷ്‌ടിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു.ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അല്ലാഹുവിന്റെ പടപ്പുകളാണ്.അതിൽ നന്മകൾക്കും സൽകർമങ്ങൾക്കുമായി വിശിഷ്‌ട സമയങ്ങളെയും അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.പ്രസ്തുത സമയങ്ങളിൽ അവന്റെ അനുഗ്രഹങ്ങളുടെ പേമാരി വർഷം ഉണ്ടാവുകയും നന്മകൾ മുഴച്ചുകാണുകയും തിന്മകൾ പൊറുക്കപ്പെടുകയും ചെയ്യുന്നു.അപ്രകാരം ഏറെ മഹത്വവും പ്രതിഫലവും ഉള്ള ദിവസങ്ങളാണ് ദുൽഹിജ്ജയിലെ ആദ്യ പത്ത് നാളുകൾ.നബി(സ്വ)പറഞ്ഞു: സൽകർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയം ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളിലെതാണ്(ബുഖാരി,ഇബ്നു അബ്ബാസ്).അപ്പോൾ സ്വഹാബത്ത് ചോദിച്ചു:അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാളും പ്രിയമാണോ…? നബി(സ്വ) മറുപടി പറഞ്ഞു : അതെ,ശരീരവും സമ്പത്തും യുദ്ധത്തിൽ നശിച്ചവർ ഒഴികെ.

ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളിൽ ഒമ്പതാം ദിനമായ അറഫ ദിനമാണ് വർഷത്തിലെ ഏറ്റവും മഹത്തായ ദിവസം.അറഫ ദിനത്തിലാണ് വിശുദ്ധ ദീനിനെ അല്ലാഹു പൂർത്തീകരിച്ചത്.ജൂത വിശ്വാസിയായ ഒരാൾ ഉമർ(റ)വിനോട്‌ പറയുകയുണ്ടായി,ഒരു പ്രത്യേക ദിവസത്തെ പ്രതിപാദിക്കുന്ന ഖുർആനിലെ സൂക്തം ജൂതന്മാരിലായിരുന്നു ഇറങ്ങിയതെങ്കിൽ ആ ദിവസം ഞങ്ങൾ ആഘോഷ ദിനമാക്കുമായിരുന്നു.ഉമർ(റ)ചോദിച്ചു:ആ സൂക്തം ഏതാണ്…?അദ്ദേഹം മറുപടി പറഞ്ഞു:”ഇന്ന് നാം നിങ്ങളുടെ മതത്തെ പൂർത്തിയാക്കിയിരിക്കുന്നു”എന്നു തുടങ്ങുന്ന സൂക്തമാണ്,ഉടൻ ഉമർ(റ)പ്രതിവചിച്ചു:ആ ദിവസത്തെ എനിക്ക് നന്നായി അറിയാം,ഒരു വെള്ളിയാഴ്ച്ച ദിവസം നബി(സ്വ)അറഫയിൽ നിൽക്കുന്ന വേളയിലായിരുന്നു പ്രസ്തുത സൂക്തം ഇറങ്ങിയത്(മുസ്‌ലിം).അറഫ ദിവസത്തിൽ പാപ മോചനവും നരക മോചനവും ഉണ്ടാവുന്നതാണ്,ആകാശത്തിലുള്ളവർ അറഫയിൽ നിൽക്കുന്നവരിൽ അഭിമാനിക്കുകയും ചെയ്യുമത്രെ.ആയിഷ(റ) പറയുന്നു:നബി(സ്വ)പറഞ്ഞു,അല്ലാഹു ഏറ്റവും കൂടുതൽ നരക മോചനം നടത്തുന്നത് അറഫ ദിനത്തിലാണ്,അന്ന് അടിമകളോട് അവൻ അത്യധികം അടുക്കുകയും മലക്കുകൾ അവരിൽ അഭിമാനിക്കുന്നതുമാണ്.
ശേഷം എന്റെ അടിമകൾക്ക് എന്താണ് വേണ്ടതെന്ന് അല്ലാഹു ചോദിക്കുകയും അഭിമാനത്തോടെ മലക്കുകളോട് പറയുകയും ചെയ്യും.., നോക്കൂ നിങ്ങൾ…ഭൂമിയുടെ നാനാ ഭാഗങ്ങളിൽ നിന്നും എന്റെ അടിമകൾ എന്നിലേക്ക് വന്നിരിക്കുന്നു,നിങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് ഞാൻ പറയുന്നു,അവർക്ക് ഞാൻ പൊറുത്തു കൊടുത്തിരിക്കുന്നു(ഹാകിം-മുവത്വ).അറഫ ദിവസം അസ്തമയ സമയം അടുത്തപ്പോൾ ബിലാൽ(റ)വിനോടായ് നബി(സ്വ)പറഞ്ഞു:ജനങ്ങളോട് എന്നിലേക്ക് ശ്രദ്ധിക്കുവാൻ പറയൂ..,ഉടൻ ബിലാൽ(റ) ജനങ്ങളോട് അത്‌ ആഹ്വാനം ചെയ്യുകയും അവർ നബി തങ്ങളിലേക്ക് തിരിയുകയും ചെയ്തു.ശേഷം നബി(സ്വ)അവരോട് പറയുകയുണ്ടായി,പ്രിയ ജനങ്ങളേ..,ജിബ്‌രീൽ(അ)എന്റെയടുക്കൽ വരികയും,അല്ലാഹുവിന്റ സലാം നിങ്ങളോട് പറയുകയും ചെയ്തു.ശേഷം കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്തിരിക്കുന്നുവെന്ന് അറിയിച്ചു.അപ്പോൾ ഉമർ(റ)ചോദിച്ചു:നബിയേ,ഈ മഹത്വം അങ്ങയുടെ സാന്നിധ്യത്തിൽ മാത്രമാണോ..!?നബി(സ്വ)മറുപടി പറഞ്ഞു:അല്ല..ഉമർ..,നിങ്ങൾക്കും നിങ്ങൾക്ക് ശേഷം വരാനിരിക്കുന്നവർക്കുമുള്ളതാണ്.ഉടൻ ഉമർ(റ)പറഞ്ഞു:അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര മാത്രം അധികരിച്ചതും മനോഹരവുമാണ്.പ്രിയരേ…പിശാച് ഏറ്റവും കൂടുതൽ നിന്ദ്യമാവുന്നതും അറഫ ദിനത്തിലാണ്.അല്ലാഹുവിന്റെ അമിതമായ അനുഗ്രഹ വർഷവും പാപ മോചനവും കാണുന്നത് കൊണ്ടാണ് പിശാച് ഇത്രത്തോളം അസ്വസ്ഥതനാവുന്നത്.

Also read: കൊറോണ കാലത്തെ ഹജ്ജും അറഫയും

അറഫ ദിവസത്തിന്റെ മഹത്വത്തെ അല്ലാഹു അറഫയിൽ നിൽക്കാൻ ഭാഗ്യം ലഭിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയില്ല,പകരം പ്രസ്തുത ദിവസത്തിന്റെ മഹത്വത്തിന് ലോകത്തെ മുഴുവൻ സത്യവിശ്വാസികളും പാത്രീപൂതരാവുന്നതാണ്,അത്‌ കൊണ്ട് ധാരാളം തസ്ബീഹിലും തഹ്‌മീദിലും തഹ്ലീലിലും മറ്റു സൽകർമങ്ങളിലുമായി നിങ്ങൾ അറഫ ദിവസത്തെ പ്രയോജനപ്പെടുത്തുകയും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുക.

നബി(സ്വ)പറഞ്ഞു:ഏറ്റവും ഉത്തമമായ പ്രാർത്ഥന അറഫ ദിനത്തിലേതാണ്,ഞാനും മുൻകഴിഞ്ഞ പ്രവാചകരും അറഫ ദിനത്തിൽ ധാരാളമായി ഉരിയാടിയിരുന്നത് “ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീഖ ലഹു….ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ”എന്ന വചനമാണ്(തിർമുദി).
ദുൽഹിജ്ജ മാസത്തിലെ തക്ബീറുകൾ രണ്ട് വിധമാണ്,ആദ്യത്തേത് ദുൽ ഹിജ്ജ ഒന്ന് മുതൽ തുടങ്ങേണ്ട നിരുപാധികമായ തക്ബീറാണ്.ദുൽഹിജ്ജ പിറന്നാൽ അബ്ദുല്ലാഹി ബ്നു ഉമർ(റ),അബൂ ഹുറൈറ(റ)എന്നിവർ അങ്ങാടികളിൽ തക്ബീർ ധ്വനികൾ മുഴക്കുകയും അവരോടൊപ്പം ബാക്കിയുള്ളവരും അതിൽ പങ്കുചേരുമായിരുന്നു.എന്നാൽ സമയ ബന്ധിതമായ രണ്ടാമത്തെ തക്ബീർ അറഫ ദിവസത്തെ സുബ്ഹിയോടെ ആരംഭിക്കുകയും അയ്യാമു തശ്‌രീഖിന്റെ അവസാന ദിവസം സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതുമാണ്.അലി(റ), അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ)എന്നിവർ ഈ തക്ബീർ പ്രാവർത്തികമാക്കിയിരുന്നു.

Also read: ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍: പത്ത് വ്യതിരിക്തകള്‍

അറഫ ദിവസം വ്രതം അനുഷ്ഠിക്കൽ പ്രത്യേക സുന്നത്താണ്.നബി(സ്വ) പറയുകയുണ്ടായി:അറഫ ദിവസത്തെ
വ്രത അനുഷ്ടാനം കഴിഞ്ഞു പോയതും വരാനുള്ളതുമായ പാപങ്ങളെ പൊറുപ്പിക്കുന്നതാണ്(മുസ്‌ലിം).ഹജ്ജ് കർമ്മത്തിൽ ഏർപ്പെടാത്തവർക്കാണ് ഈ സുവർണ്ണ അവസരം അല്ലാഹു നൽകുന്നത്.അറഫയുടെ രാവിൽ നീയ്യത്ത് വെച്ച് നോമ്പ് അനുഷ്ടിച്ചവർക്കെല്ലാം നോമ്പിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.പക്ഷെ,ഇവിടെ നാം ആലോചിക്കേണ്ട മറ്റൊരു വിഷയം അറഫ നോമ്പിലൂടെ അല്ലാഹു ചെറുദോഷങ്ങളും വൻദോഷങ്ങളും ഒരുപോലെ പൊറുക്കുമോ എന്നതാണ്.അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും പ്രവിശാലമാണ്,അവൻ ഉദ്ദേശിച്ചവർക്ക് ചെറുദോഷങ്ങളും വൻദോഷങ്ങളും പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം.എന്നാൽ ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായത്തിൽ അറഫ നോമ്പ് ചെറുദോഷങ്ങളെ മാത്രമാണ് മായ്ച്ചു കളയുക,വൻദോഷങ്ങൾ പൊറുക്കപ്പെടണമെങ്കിൽ തൗബ അനിവാര്യമാണ്.അന്യായമായി കൈവശം വെച്ച അന്യന്റെ മുതലുകൾ അവർക്ക് തിരിച്ചു നൽകുകയും മാപ്പ് ചോദിക്കുകയും വേണം.അപരന്റെ ബാധ്യതകൾ നിറവേറ്റാത്തന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതല്ല.അല്ലാഹു പറയുന്നു:നിങ്ങൾ വൻദോഷങ്ങളെ ദൂരീകരിച്ചാൽ നിങ്ങളുടെ ചെറുദോഷങ്ങൾ പൊറുത്തു നൽകുകയും മാന്യമായ പ്രവേശനത്തിന് നിങ്ങൾക്ക് നാം അവസരം നൽകുന്നതുമാണ്.നബി(സ്വ) പറയുന്നു:അഞ്ചു നേരത്തെ നമസ്കാരങ്ങൾക്കിടയിലെയും ഒരു ജുമുഅയുടെയും അടുത്ത ജുമുഅയുടെയും ഇടയിലെയും ഒരു റമളാനിനും അടുത്ത റമളാനിനും ഇടയിലെയും സമയങ്ങളിലെ വൻദോഷങ്ങൾ ദൂരീകരിച്ചവരുടെ ചെറുദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്.(മുസ്‌ലിം).നമസ്കാരങ്ങൾക്കും വിശുദ്ധ റമളാനിലെ വ്രത അനുഷ്ടാനങ്ങൾക്കുമൊന്നും വൻദോഷങ്ങളെ പൊറുപ്പിക്കാൻ സാധ്യമല്ല,ആത്മാർത്ഥമായ തൗബയിലൂടെ മാത്രമേ വൻദോഷങ്ങൾ മായ്ക്കാൻ സാധിക്കുകയുള്ളൂ.ശുദ്ധമായ തൗബയുടെ നിബന്ധനകളിൽ ഒന്നാമത്തെത് തൗബയിൽ അല്ലാഹുവിന്റെ പ്രീതി മാത്രം കാംഷിക്കുക എന്നതാണ്.ചെയ്തുപോയ തിന്മയോർത്ത് അതിയായി ഖേദിക്കുകയാണ് രണ്ടാമത്തെ നിബന്ധനയായ തൗബയുടെ കാതലായ വശം.മൂന്നാമതായി തിന്മ ഉപേക്ഷിക്കുക.നാലാമതായി വേണ്ടത് ഭാവിയിൽ ധാരാളം സൽകർമങ്ങൾ ചെയ്യാനും തിന്മകൾ ഉപേക്ഷിക്കാനുമുള്ള ദൃഢ നിഷ്ച്ചയമാണ്.എന്നാൽ സൃഷ്ടികളുമായി ബന്ധപ്പെട്ട ബാധ്യതകൾ അവരുമായി പരിഹരിക്കാതെ തൗബ സ്വീകരിക്കുന്നതല്ല.നബി(സ്വ)പറയുന്നു:എന്റെ സമുദായത്തിലെ പാപ്പരർ അന്ത്യ നാളിൽ ധാരാളം സൽകർമങ്ങളുമായി വരികയും അവയെല്ലാം ദുനിയാവിലെ ബാധ്യതകൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ മറ്റുളളവർക്ക് നൽകി നരകത്തിലേക്ക് പതിക്കേണ്ടി വരുന്നവരാണ്.

അത്‌കൊണ്ട് അന്യായമായ ഇടപാടുകളെ നിങ്ങൾ സൂക്ഷിക്കുക,അപരനെ വേദനിപ്പിക്കാതിരിക്കുക,ദരിദ്രരെയും ബലഹീനരെയും ചൂഷണം ചെയ്യാതിരിക്കുക.ആവശ്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുവാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് തണൽ വിരിക്കുവാനും നാം തയ്യാറാവുക.ലോകം മുഴുവനും ഭീമമായ പരീക്ഷണത്തിൽ അകപ്പെട്ട ഈ സാഹചര്യത്തിൽ സത്യസന്ധവും ശുദ്ധവുമായ തൗബയിലൂടെ അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുവാൻ പരിശ്രമിക്കുക.

കേട്ടെഴുത്ത്- ശാഹിദ് കടമേരി

Facebook Comments
Related Articles
Close
Close