Current Date

Search
Close this search box.
Search
Close this search box.

പരീക്ഷണങ്ങളിലെ ആത്മീയതയും ഇസ്‌ലാമും

പകർച്ചവ്യാധികൾ, പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള സംഗതികളെ വിശുദ്ധ ഖുർആനിൽ പ്രധാനമായും മനുഷ്യർക്കുള്ള പരീക്ഷണമായാണ് അവതരിപ്പിക്കുന്നത്. أَوَلَا یَرَوۡنَ أَنَّهُمۡ یُفۡتَنُونَ فِی كُلِّ عَامࣲ مَّرَّةً أَوۡ مَرَّتَیۡنِ ثُمَّ لَا یَتُوبُونَ وَلَا هُمۡ یَذَّكَّرُونَ “അവർ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവർ കാണുന്നില്ലേ? എന്നിട്ടും അവർ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.” – (വിശുദ്ധ ഖുർആൻ – 9:126)
ഇസ്‌ലാമിന്റെ കഴ്ചപ്പാടിൽ ഇത്തരം പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പോലെയുള്ളവ രണ്ട് തരത്തിലാണ് സംഭവിക്കുക. ഒന്ന്, മനുഷ്യർക്കുള്ള പരീക്ഷണം എന്ന നിലയിൽ. രണ്ട്, ഭൂമിയിൽ മനുഷ്യന്റെ പ്രവർത്തനവും പ്രകൃതിയോടുള്ള സമീപനവുംമൂലം അത്തരം കാര്യങ്ങൾ സംഭവിക്കും. ظَهَرَ ٱلۡفَسَادُ فِی ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَیۡدِی ٱلنَّاسِ لِیُذِیقَهُم بَعۡضَ ٱلَّذِی عَمِلُوا۟ لَعَلَّهُمۡ یَرۡجِعُونَ
“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിൻറെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്‌. അവർ ഒരു വേള മടങ്ങിയേക്കാം.” – (വിശുദ്ധ ഖുർആൻ – 30:41)

ഇതിൽ രണ്ടിലുമടങ്ങിയ  പൊതുവായ കാര്യം പ്രകൃതിപരമായും മനുഷ്യ കർമങ്ങളുടെ ഫലമായും ഉണ്ടാകുന്ന പരീക്ഷണങ്ങൾ മനുഷ്യർക്ക് സ്വയം നവീകരണത്തിന്റയും തിരുത്തലിന്റെയും അവസരം തുറന്നു കൊടുക്കുന്നു എന്നതാണ്. ഇതിനെല്ലാം പുറമെ അപൂർവമായി മൂന്നാമത് ഒരു കാര്യം സംഭവിക്കും. അത് അധാർമികമായ ജീവിത സഞ്ചാരത്തിനെതിരെയുള്ള ശിക്ഷ എന്ന അർഥത്തിലാണ്. أَفَلَمۡ یَسِیرُوا۟ فِی ٱلۡأَرۡضِ فَیَنظُرُوا۟ كَیۡفَ كَانَ عَـٰقِبَةُ ٱلَّذِینَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَیۡهِمۡۖ وَلِلۡكَـٰفِرِینَ أَمۡثَـٰلُهَا “അവർ ഭൂമിയിൽ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കിൽ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകർത്തു കളഞ്ഞു. ഈ സത്യനിഷേധികൾക്കുമുണ്ട് അതു പോലെയുള്ളവ. (ശിക്ഷകൾ)” – (വിശുദ്ധ ഖുർആൻ – 47:10).

Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം

അല്ലാഹുവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് രണ്ട് സംഗതികൾ സവിശേഷമായി മനസിലാക്കണം. ഒന്ന്, ഒരു സമൂഹത്തിൽ മുസ്‌ലിഹുകൾ (സൽപ്രവർത്തികൾ ചെയ്യുന്നവർ) ഉണ്ടെങ്കിൽ അല്ലാഹു ആ നാടിനെ നശിപ്പിക്കില്ല وَمَا كَانَ رَبُّكَ لِیُهۡلِكَ ٱلۡقُرَىٰ بِظُلۡمࣲ وَأَهۡلُهَا مُصۡلِحُونَ
“നാട്ടുകാർ സൽപ്രവൃത്തികൾ ചെയ്യുന്നവരായിരിക്കെ നിൻറെ രക്ഷിതാവ് അന്യായമായി രാജ്യങ്ങൾ നശിപ്പിക്കുന്നതല്ല” – (വിശുദ്ധ ഖുർആൻ – 11:117).  രണ്ട്, ഒരു പ്രത്യേക വിഭാഗം ചെയ്യുന്ന അതിക്രമങ്ങൾ കാരണം അവർ മാത്രമാകില്ല ശിക്ഷിക്കപ്പെടുക وَٱتَّقُوا۟ فِتۡنَةࣰ لَّا تُصِیبَنَّ ٱلَّذِینَ ظَلَمُوا۟ مِنكُمۡ خَاۤصَّةࣰۖ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ شَدِیدُ ٱلۡعِقَابِ “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽ നിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക” – (വിശുദ്ധ ഖുർആൻ – 8:25).

പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പോലെയുള്ള പരീക്ഷണങ്ങൾ വ്യക്തിയിൽ ഉത്പാദിപ്പിക്കുന്ന സവിശേഷമായ മാനസിക തലം ഭീതിയുടെതാണ്. ഇത് തന്നെയാണ് കോവിഡ് കാലത്തും കാണാൻ കഴിയുന്നത്. പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഭീതിയെ ഖൗഫ് (خوف) എന്നാണ് ഖുർആൻ വിശേശിപ്പിച്ചത് (വിശുദ്ധ ഖുർആൻ – 2:155). ഭാവിയെ മുൻനിർത്തിയുള്ള ആലോചനകളിലാണ് ഖൗഫ് രൂപപ്പെടുന്നത്. ജീവൻ, ജീവിതം, സമ്പത്ത്, മരണം തുടങ്ങിയ ഭൗതികമായ വ്യവഹാരങ്ങളെ കുറിച്ചുള്ള ചിന്തകളിലാണ് ഖൗഫ് ഉണ്ടാകുന്നത്. എന്നാൽ മുകളിൽ പറഞ്ഞ നവീകരണവും തിരിത്തലുകളും ഖൗഫിൽ നിന്ന് ഖുശൂഇലേക്കുള്ള (ഭയഭക്തി) മനുഷ്യന്റെ ആത്മീയ സഞ്ചാരമാണ്. കോവിഡിന് അപ്പുറവും ജീവിതമുണ്ടെന്ന സത്യവും ചിന്തയും ഇത്തരം ആത്മീയ സഞ്ചാരങ്ങൾക്ക് കാരണമാകും. രോഗം പകരാതിരിക്കാനുള്ള സാഹചര്യങ്ങൾ (അകലം, അണുനശീകരണം, മറ്റ് മുൻകരുതലുകൾ) ഉറപ്പാക്കി രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനും വിശ്വാസികൾക്ക് കഴിയണം. അർഹമായ ആദരവുകളോടെ മതവിധികളുടെ അടിസ്ഥാനത്തിൽ തന്നെ മൃതദേഹങ്ങൾ സംസ്‌കരിക്കപ്പെടണം. കേവലം ഭൗതികമായ ഭീതി വിശ്വാസിയെ ഇത്തരം കടമകളിൽ നിന്ന് തടയാൻ പാടില്ല.

ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഒരു പരിധിവരെ പല അസുഖങ്ങൾ ബാധിക്കുന്നതിൽ നിന്ന്  തടയും. ഇത് രണ്ടും ആത്മീയതയുടെ ഒരു ഭാഗം കൂടിയാണ്.

Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

“വൃത്തി/ശുചിത്വം ഈമാനിന്റെ പകുതിയാണ്” എന്നും “ജനങ്ങളിൽ അധികപേരും രണ്ട് അനുഗ്രളിൽ അശ്രദ്ധരാണ് ആരോഗ്യവും ഒഴിവ്‌ സമയവുമാണത്” എന്നും റസൂൽ (സ്വ) പറഞ്ഞതായി കാണാം. ആരോഗ്യമുള്ള സാമൂഹ്യ സഹചര്യം സൃഷ്ടിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണ്. അത് ശാരീരികാരോഗ്യം മാത്രമല്ല, മനസികാരോഗ്യത്തിന്റെ സംരക്ഷണവും ശരീഅത്തിന്റെ ഭാഗവുമാണ്. മഖാസ്വിദു ശരീഅഃ (ശരീഅത്തിന്റെ ലക്ഷ്യങ്ങൾ) യിൽ ഒന്നാമതായി എണ്ണുന്നത് ജീവന്റെ സംരക്ഷണമാണ് (حفظ النفس). ജീവന്റെ സംരക്ഷണം എന്ന ലക്ഷ്യത്തിൽ ഉൾച്ചേർന്നിട്ടുള്ളതാണ് ആരോഗ്യത്തിന്റെ സംരക്ഷണം. മൂന്നാമതായി എണ്ണുന്നത് ബുദ്ധിയുടെ സംരക്ഷണമാണ് (حفظ العقل). ഇസ്‌ലാമിലെ കർമ്മ പ്രധാനമായ ബാധ്യതകളായ നമസ്കാരം, വ്രതം, ഹജ്ജ്, വിവാഹം തുടങ്ങിയവ കൃത്യമായി നിർവഹിക്കണമെങ്കിൽ ശാരീരികാരോഗ്യവും മാനസികാരോഗ്യവും പ്രധാന ഘടകങ്ങളാണ്. അതിനാൽ തന്നെ ആരോഗ്യമുള്ള ജീവിത-സാമൂഹ്യ സാഹചര്യങ്ങൾ രൂപപ്പെടുത്തുക എന്നത് ഇസ്‌ലാമിക പ്രവർത്തനമാണ്.

Related Articles