Current Date

Search
Close this search box.
Search
Close this search box.

ആറ് ദുശ്ശീലങ്ങൾ

ആത്മസംസ്കരണം എന്നത് പറയാനും എഴുതാനും, ഉപദേശിക്കാനും ഒട്ടും പ്രയാസമുണ്ടാവാറില്ല. പക്ഷേ ജീവിതത്തിലേക്ക് എത്തിക്കുവാനാണ് പ്രയാസം. ധീരമായ തീരുമാനങ്ങളോടെ കണിശമായ ഇച്ഛാശക്തിയോടെ ലക്ഷ്യത്തിലേക്ക് പരിശ്രമിക്കുക എന്നതുതന്നെയാണ് ഏക വഴി. തർബിയത്തും തസ്ക്കിയതും മറ്റെല്ലാ ദീനി പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കാരണം മരണത്തിനപ്പുറം അല്ലാഹുവിൻറെ കോടതിയിൽ ഹാജരാക്കപ്പെട്ടുമ്പോൾ ഒരു ചോദ്യം ഉയരും: ” നിനക്ക് സാധ്യമായ പ്രബോധന പ്രവർത്തനങ്ങൾ നീ നിർവഹിച്ചോ?”എന്ന്, ദീനീ പ്രബോധന മേഖലയിൽ പരമാവധി പരിശ്രമങ്ങൾ നടത്തിയിട്ടും അതിലേക്ക് ആളുകൾ എത്തിയില്ല എന്നുള്ളത് ഒരു കുറ്റമോ അപരാധമോ ആവുന്നില്ല . മഹാനായ നൂഹ് (അ) 950 കൊല്ലം ദൈവത്തിന്റെ സത്യ മാർഗത്തിലേക്ക് ആളുകളെ ക്ഷണിച്ചു. പക്ഷേ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കിട്ടിയത്. അതിൽ നുഹ് നബി(അ) കുറ്റക്കാരൻ ആവുന്നില്ല. ദീനി പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം നമ്മൾ പരിശ്രമിച്ചോ എന്നുള്ളതാണ് നാം അഭിമുഖികരിക്കേണ്ട ചോദ്യം.

പക്ഷേ’ തർബിയത്ത് ‘ നെ സംബന്ധിച്ചിടത്തോളം അതിൽ നീ പരിശ്രമിച്ചോ എന്നുള്ളതല്ല മറിച്ച് നീ നേടിയോ എന്നുള്ളതാണ് ചോദ്യം . ആത്മസംസ്കരണം എന്നത് നാം സ്വയം നേടിയെടുക്കേണ്ടതാണ് . മഹാത്മാ ഗാന്ധി പറയുന്നുണ്ട്: “എന്റെ ജീവിതത്തിൽ മൂന്ന് ശത്രുക്കളുണ്ട്. ഒന്ന്, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾ, എനിക്ക് നേരിടാൻ എളുപ്പമുള്ളതും അവരെയാണ്. രണ്ടാമത്തെ ശത്രു എന്നത് ഇന്ത്യൻ ജനതയാണ്. അവരെ നേരിടാൻ കുറച്ചു പ്രയാസകരമാണ് പക്ഷെ എങ്കിലും അതിജയിക്കാൻ ആവുന്നതാണ്. മൂന്നാമത്തെ ശത്രു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഞാൻ തന്നെ. ഈ മൂന്നാമത്തെ ശത്രുവിനെ നേരിടലാണ് എനിക്ക് ഏറ്റവും ദുഷ്കരം” .

ആത്മസംസ്കരണം എന്നത് നിസ്സാരമായ ഒന്നായി കാണേണ്ടതില്ല. പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമ്മളോട് പറഞ്ഞത് നിങ്ങൾ സ്വയം മാറ്റത്തിന് സന്നദ്ധം ആകുമ്പോൾ മാത്രമാണ് നിങ്ങളെ അള്ളാഹു മാറ്റുക എന്നുള്ളതാണ്. പരിശുദ്ധ ഖുർആനിലെ പതിമൂന്നാം സൂറത്തിൽ പതിനൊന്നാം ആയത്തിൽ അല്ലാഹു പറയുന്നു “ഒരു ജനത അവരുടെ അവസ്ഥകളെയും ശീലങ്ങളെയും സ്വഭാവങ്ങളെയും മനോ ഭാവങ്ങളെയും മാറ്റി തിരിച്ചെത്തുന്നതുവരെ അല്ലാഹു അവരെ മാറ്റുകയില്ല തീർച്ച”. അതുകൊണ്ടുതന്നെ നാം സ്വയം സന്നദ്ധം ആകുമ്പോൾ മാത്രമേ അല്ലാഹുവിൻറെ സുന്നത്ത് അനുസരിച്ച് നമുക്ക് മുന്നോട്ടു പോവാൻ സാധിക്കൂ. കാലപ്പഴക്കംകൊണ്ട് കുറേ ശീലങ്ങൾ നമ്മുടെ കൂടെ കൂടിയിട്ടുണ്ടാവാം . “ഹന്ത പഴകിയ ശീലം പോലൊരു ബന്ധനം ഉണ്ടോ ഈ കാലത്ത്” എന്ന ഒരു കവി പാടുന്നുണ്ട്.

ജീവിതത്തിൽ എപ്പോഴോ കൂടെ കൂടിയ ദുശ്ശീലങ്ങളും പേറി നടക്കുന്നതോടൊപ്പം തന്നെ ദീനി പ്രവർത്തനങ്ങളും നാം ചെയ്യുന്നുണ്ട്. പക്ഷേ ദുശ്ശീലങ്ങളെ വലിച്ചെറിയാൻ നമുക്ക് കഴിയുന്നില്ല. ഈയൊരു അവസ്ഥയിൽ നിരന്തരമായ ആത്മപരിശോധനയാണ് ഒരു വിശ്വാസിക്ക് ഉണ്ടാവേണ്ടത്. പ്രവാചകൻ നബി (സ) പറയുന്നു ബുദ്ധിമാനായ മനുഷ്യൻ എന്നാൽ സ്വന്തത്തെ കീഴടക്കുകയും നാളെ വരാനിരിക്കുന്ന പരലോകത്തെ മുൻനിർത്തി പ്രവർത്തികൾ ചെയ്യുന്നവനുമാണ്. അമിതാവേശത്തോടുകൂടി സാമൂഹിക രംഗത്തേക്ക് ഇറങ്ങിയ ഒരു ചെറുപ്പക്കാരനോട് മഹാനായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) കൊടുക്കുന്ന ഉപദേശം ഇങ്ങനെ: സ്വന്തം ശരീരത്തിൽ നിന്ന് തന്നെ ആരംഭിക്കുക. സ്വന്തം വ്യക്തിത്വത്തിൽ നിന്ന് തന്നെയാണ്  തുടങ്ങേണ്ടത്. അപ്പോൾ’ മുഅമിന് ‘ എന്ന നിലയ്ക്ക് ‘മുജാഹിദീൻ ‘എന്ന നിലയ്ക്ക് തനിക്ക് യോജിക്കാത്ത ഒരുപാട് ദുശീലങ്ങൾ ഉണ്ടെന്ന് ബോധ്യമാകും. അങ്ങനെ പ്രാർത്ഥനാപൂർവ്വം അതിനെയെല്ലാം മറികടക്കാൻ ഉള്ള ശ്രമവും സ്വയം നടത്തിക്കൊണ്ടിരിക്കും. ഒരിക്കൽ മഹാനായ ഒരു ശില്പിയോട് ഒരാൾ ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്ര മനോഹരമായ ശില്പം കൊത്തി എടുക്കുന്നത്. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ഞാൻ കല്ലിൽ നിന്ന് ശില്പങ്ങൾ കൊത്തി ഉണ്ടാക്കാറില്ല. ഉദ്ദേശിക്കുന്ന രൂപത്തിനു വേണ്ടാത്ത ഭാഗങ്ങൾ കല്ലിൽ നിന്ന് മുറിച്ചുകളയുകയാണ് ചെയ്യുന്നത്.

പരിശുദ്ധ ഖുർആനിലൂടെ അള്ളാഹു വിശ്വാസികളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് വാക്മയ ചിത്രങ്ങൾ വരച്ചു കാട്ടുന്നുണ്ട്. സൂറത്തുൽ ബഖറയുടെ തുടക്കത്തിൽ ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ എന്നു പറഞ്ഞതിനുശേഷം ‘മുത്തക്കീ’ങ്ങളുടെ സ്വഭാവസവിശേഷത പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. സൂറത്തുൽ മുഅമിനൂൻ ആരംഭിക്കുന്നത് തന്നെ അത്തരത്തിലുള്ള വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടാണ്. സൂറത്തുൽ ഫുർഖാന്റെ അവസാനത്തിൽ അല്ലാഹുവിൻറെ ഏറ്റവും പ്രിയപ്പെട്ട ദാസന്റെയും ദാസിയുടെയും പ്രത്യേകതകൾ ഒരുപാട് വിവരിക്കുന്നു. ശരീരഭാഷയെയും, നടപ്പ് രീതിയെയും, സംസാരശൈലിയെയും വരെ അള്ളാഹു അവിടെ വിശദീകരിക്കുന്നു. ഇങ്ങനെ വിശദീകരിച്ചതാണ് ഒരു മുഅ:മിനിന്റെ പേഴ്സണാലിറ്റി. അതിന് ചേരാത്ത എന്തെങ്കിലുമൊന്ന് ജീവിതത്തിൽ ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യേണ്ടതാണ്. അതാണ് നമ്മുടെ തർബിയത്തിന്റെ പ്രധാനപ്പെട്ട കർത്തവ്യം.

സൂറത്തുൽ ഹുജറാത്തിൽ  إِنَّمَا الْمُؤْمِنُونَ إِخْوَةٌ എന്നു പറഞ്ഞതിനുശേഷം ആ ഒരു വിഭാഗത്തിനെ തകർക്കുന്ന ആറ് ദുശ്ശീലങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞു വെക്കുന്നുണ്ട്. ആറു കാര്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ നിങ്ങൾക്കിടയിൽസാഹോദര്യം ഉണ്ടാവുകയുള്ളൂ എന്നാതാണ് അതിൻറെ പാഠം. ആദ്യമായി പറയുന്നത് പരിഹാസം പാടില്ല എന്നുള്ളതാണ്. അല്ലാഹു ഇതിനോട് ഉപമിച്ചിരിക്കുന്നത് കുഫ്രി നെയും പണ മുതലാളിത്ത തോട്ടമാണ്. പരിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായത്തിലൂടെ അല്ലാഹു പറയുന്നുണ്ട്. ഈ ലോകം എന്നുള്ളത് നിഷേധികളെ സംബന്ധിച്ചിടത്തോളം അലങ്കരിക്കപ്പെട്ടതാണ് അവരുടെ സ്വഭാവം എന്നുള്ളത് വിശ്വാസികളെ കളിയാക്കി കൊണ്ടിരിക്കുക എന്നതുമാണ് . ഖുർആൻ പറയുന്നു. لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ പക്ഷേ അന്ത്യനാളിൽ പരിഹസിക്കപ്പെട്ടുന്നവർ പരിഹസിക്കുന്നവരെക്കാളുംസ്ഥാനം മുകളിൽ ആയിരിക്കും. കിബ്റിന്റെ ആരംഭം ഇബിലീസിൽ നിന്നാണ്. ആദം നബിയെ സുജൂദ് ചെയ്യാൻ ഇബ് ലീ സിനോട് കല്പിച്ചപ്പോൾ പറഞ്ഞത് ഞാനവനെക്കാളും വലിയവനാണല്ലോ എന്നാണ്. ‘ ഇവരെക്കാൾ മുമ്പൻ ഞാൻ ആണല്ലോ’ ‘അവനേക്കാൾ യോഗ്യൻ ഞാൻ ആണല്ലോ ‘ അതുകൊണ്ട് എനിക്ക് അവനെ അംഗീകരിക്കാൻ കഴിയില്ല ഇതിൽനിന്നാണ് പരിഹാസം പൊട്ടിപ്പുറപ്പെടുന്നത്. ‘കിബ്ർ ‘ ഉള്ളവരെ പറ്റി അല്ലാഹു വ്യക്തമായി ഖുർആനിൽ പറയുന്നുണ്ട്. അത്തരക്കാർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് . അല്ലാഹു വ്യക്തമാക്കുന്നത് എങ്ങനെ : ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാൻ പറ്റാത്ത കാലത്തോളം ഇത്തക്കാരും കടക്കുകയില്ല. ഞാൻ കേമനാണെന്ന് ചിന്തിക്കുമ്പോഴാണ് മറ്റുള്ളവരെ പരിഹസിക്കാനുള്ള മനസ്സ് നമ്മളിൽ രൂപപ്പെടുന്നത്. നൂഹ് നബിയുടെ കാലത്ത് അള്ളാഹു തീരുമാനമെടുക്കുകയാണ്, പ്രവാജകന് മുമ്പിലുള്ള നിഷേധികളായ സമൂഹത്തെ നശിപ്പിച്ചു കളയാൻ. അങ്ങനെ അല്ലാഹു നൂഹ് നബിയോട് കല്പ്പിച്ചു “നിങ്ങൾ ഒരു കപ്പൽ ഉണ്ടാക്കുക”. മരുഭൂമിയിൽ കപ്പലുണ്ടാക്കി കൊണ്ടിരുന്ന നൂഹ് നബിയുടെ അരികിലൂടെ അള്ളാഹു നശിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ആളുകൾ സംഘം സംഘമായി നടന്നു പോകാറുണ്ട്. അവരിലെ നിഷേധി പ്രമാണിമാർ ഓരോ തവണയും കടന്നുപോകുമ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ സംഘത്തെയും കളിയാക്കുന്നുമുണ്ട് . നൂഹ് നബി അപ്പോൾ പറയുന്നുണ്ട് നിങ്ങൾ ഞങ്ങളെ ഇപ്പോൾ കളിയാക്കുന്നുണ്ടല്ലോ അതുപോലെ ഞങ്ങൾ നിങ്ങളെ കളിയാക്കുന്ന ഒരു ദിവസവും വരാനുണ്ട്. ഖുർആനിലെ 104 ആം അധ്യായത്തിലൂടെ അല്ലാഹു പറയുന്നുണ്ട് അത്തരക്കാരെ ‘ഹുതമ’യിൽ എറിയപ്പെടും. ‘എറിയപ്പെടും’ എന്നുള്ളതിന് അള്ളാഹു ഉപയോഗിച്ചിരിക്കുന്ന പദം ‘ لَيُنْبَذَنَّ’ എന്നുള്ളതാണ്. നിസ്സാരമായി വലിച്ചെറിയുന്ന തിനാണ് ഇത്തരത്തിലുള്ള പദം ഇവിടെ ഉപയോഗിച്ചത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അല്ലാഹു സൃഷ്ടിച്ച ഒന്നിന്റെ ശാരീരിക വൈകല്യത്തെ നോക്കിയാണ് നിങ്ങൾ പരിഹസിക്കുന്നതെങ്കിൽ നോക്കുക: മേശയെ നോക്കിയാണ് നിങ്ങൾ പരിഹസിക്കുന്നതെങ്കിൽ ആ പരിഹാസം ചെന്നെത്തുന്നത് അത് സൃഷ്ടിച്ച ആശാരിയിലേക്കാണ്. അതായത് അള്ളാഹു സൃഷ്ടിച്ച ഒന്നിനെ നോക്കി നമ്മൾ പരിഹസിച്ചാൽ ആ പരിഹാസം ചെന്നെത്തുന്നത് അള്ളാഹുവിലേക്കാണ്. അതിനാൽ തന്നെ പരിഹാസം എന്ന ദുസ്വഭാവം ജീവിതത്തിൽ നിന്ന് നാം വർജിക്കേണ്ടതുണ്ട്. അല്ലാഹുവിൻറെ തൗഫീക്കോട് കൂടി മാത്രമേ ദുർഗുണങ്ങളെ നമ്മുടെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റുക സാധ്യമാകൂ.കണ്ണാടി നോക്കി മുടി ചീകുമ്പോൾ ”ഈ ശരീരത്തെ സുന്ദരമായി സംവിധാനിച്ച അല്ലാഹുവേ അതുപോലെതന്നെ നീയെന്റെ സ്വഭാവത്തെയും സുന്ദരമാക്കി തരേണമേ” എന്ന് പ്രാർത്ഥിക്കണം. “അയാൾ ഒരു ദീനി പ്രവർത്തകൻ ആണ് പക്ഷേ ആളുകളെ കളിയാക്കുന്നവനാണ്” എന്ന മേൽവിലാസം നാം ഉണ്ടാക്കാതിരിക്കുക.

രണ്ടാമതായി അല്ലാഹു പറയുന്നത് നിങ്ങൾ പരസ്പരം കുത്തി പറയാതിരിക്കുക എന്നുള്ളതാണ്. കാരണം നിങ്ങൾ ഉച്ചരിക്കുന്നത് എല്ലാം രണ്ട് മലക്കുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ ഒരു ഈമാൻ മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടതുണ്ട്. ഇമാം അഹ്മദ് ബ്നു ഹമ്പൽ മരണശയ്യയിൽ കിടക്കുകയാണ് രോഗത്തിന്റെ കാഠിന്യം കൊണ്ട് ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിൽനിന്ന് നരക്കം അനുഭവപ്പെടുന്നു.പക്ഷേ ആ നരക്കം അദ്ദേഹം നിയന്ത്രിക്കുന്നു. അദ്ദേഹം കാരണം പറയുന്നത് ഞാനിങ്ങനെ നരക്കം ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലും അല്ലാഹു എനിക്ക് നൽകിയ അനുഗ്രഹത്തോടുള്ള നന്ദി കേടായി പോകുമോ എന്നുള്ള ഉള്ള ഭയം എന്നിൽ രൂപ പ്പെടുന്നു എന്നതാണ്. തമാശയ്ക്ക് പോലും പറയരുത് എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. ഉദാഹരണമായി ആയിഷ(റ) പ്രവാചകനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പ്രവാചകൻറെ മറ്റൊരു ഭാര്യയെക്കുറിച്ച് ഒരു വാക്ക് പറഞ്ഞു. ആ പൊക്കം കുറഞ്ഞ അവളെക്കുറിച്ചാണോ അങ്ങ് പറഞ്ഞത് എന്ന ഒരു ചെറിയ വർത്തമാനം ആണ് ആയിഷ പറഞ്ഞത്. പക്ഷേ പ്രവാചകൻ പറയുന്നുണ്ട് ഇപ്പോൾ പറഞ്ഞ വാക്ക് ഒരു കടലിൽ കലക്കിയാൽ ആ കടൽ കലങ്ങിപോകും അതിനാൽ ഇത്തരത്തിലുള്ള വർത്തമാനങ്ങൾ ഒഴിവാക്കണം ആയിഷാ എന്നാണ് .

മൂന്നാമതായി അല്ലാഹു പറയുന്നു നിങ്ങൾ ചീത്ത പേരുകൾ കൊണ്ട് പരസ്പരം സംബോധന ചെയ്യരുത്.നിസ്കാരത്തിലെ രൂപം പോലും പഠിപ്പിക്കാത്ത ഖുർആൻ ഇതിനെക്കുറിച്ച് പിന്നീട് വിശദീകരിച്ചു പറയുന്നുണ്ട്. തുടർന്നു ചോദിക്കുന്നുണ്ട് ഇസ്ലാം എന്ന മാർഗ്ഗത്തിലേക്ക് വന്നതിനുശേഷം നിങ്ങൾ ഇങ്ങനെ പിന്തുടരുന്നത് എത്ര ഭീകരമാണ് എന്ന്.

നാലാമതായി അല്ലാഹു പറയുന്നത് തെറ്റിലേക്ക് ചെന്നെത്തിക്കുന്ന ഊഹങ്ങൾ നിങ്ങൾ ഉപേക്ഷിക്കണമെന്നാണ്. തെളിവില്ലാത്ത അനുമാനങ്ങളും നിഗമനങ്ങളും തെറ്റാവാനും ശരിയാകാനും സാധ്യതയുള്ളടത്ത് ഒരാളെക്കുറിച്ച് തെറ്റായി ഊഹിക്കുക. അത്തരത്തിലുള്ള ഊഹങ്ങൾ പാപങ്ങളാണ് എന്നാണ് അല്ലാഹു പറയുന്നത്. അതുപോലെ തന്നെ നന്മ ക്ഷണിച്ചുവരുത്തുന്ന ഊഹങ്ങളും ഉണ്ട്. അത് അല്ലാഹുവിനെക്കുറിച്ചും അവന്റെ റസൂലിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചുമുള്ള സൽഭാവനകൾ ആണ്‌.

അഞ്ചാമത്തെ ഹറാം എന്നുള്ളത് ചൂഴ്ന്ന് നോട്ടം എന്നതാണ്. പക്ഷേ ഏതൊക്കെ ഏതൊക്കെയോ അർത്ഥത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു .റസൂൽ ( സ) പറയുന്നു നിങ്ങളുടെ ഈമാൻ നന്നാവുന്നതിനുള്ള ഒരു അടയാളം ഞാൻ പറഞ്ഞുതരാം അത് അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്നതാണ്. തഫ്സീറിന്റെ ഉലമാക്കൾ പറയുന്നു അനുവദനീയം ആയ സന്ദർഭത്തിൽ അല്ലാതെ ചാര പണി എടുക്കുന്ന ഒരു വിഭാഗത്തെ ഉണ്ടാക്കുന്നത് ഇസ്ലാമിക ഭരണകൂടത്തിൽ പോലും അനുവാദനീയം ആവുന്നില്ല.

ആറാമതായി അള്ളാഹു ഉണർത്തുന്നത് പരദൂക്ഷണം പറയാൻ പാടില്ല എന്നാണ്. നിർബന്ധിത നമസ്കാരങ്ങൾ കൃത്യമായി നിർവഹിക്കുന്നു, ദീനി പ്രവർത്തനങ്ങൾ നടത്തുന്നു , തഹജ്ജുദ് നമസ്ക്കരിക്കുന്നു എന്നിട്ടും പരദൂഷണം കൊണ്ട് നടക്കുന്നു.  ഇങ്ങനെ കൊണ്ട് നടക്കുമ്പോൾ പരിശുദ്ധ ഖുർആൻ ഹൃദയം തുളക്കുന്ന ചോദ്യം ചോദിക്കുന്നു . മരിച്ചു കിടക്കുന്ന സ്വന്തം സഹോദരന്റെ ശരീരം തിന്നുന്ന നരഭോജി ആയി നീ മാറുകയാണോ എന്ന്. പറയുന്നവന് മാത്രമല്ല കേൾക്കുന്നവനും കുറ്റം ഉണ്ടെന്ന് റസൂൽ (സ )പഠിപ്പിക്കുന്നു. പറച്ചിലിൽ നിന്ന് അവനെ തടയുകയാണ് ചെയ്യേടത്. ഇതെല്ലാം വിശദീകരിച്ചതിന് ശേഷം അല്ലഹു പറയുന്നു وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ ഇത്രയൊക്കെ ചെയ്തതിന് ശേഷവും തൗബ ചെയ്തു മടങ്ങാത്തവർ ആണ് അക്രമകാരികൾ എന്ന് .

 

തയ്യാറാക്കിയത്: ഹാശിം ഈരാറ്റുപേട്ട

Related Articles