Current Date

Search
Close this search box.
Search
Close this search box.

ബാബരിയുമായി ബന്ധമില്ലാത്ത കഥകൾ

അബ്ബാസി ഖലീഫ മഅ്മൂൻ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഹിംസിലെ ന്യായധിപനെ കുറിച്ച് ഒരു മനുഷ്യനോട് ചോദിക്കുകയുണ്ടായി. ആ മനുഷ്യൻ മറുപടി പറഞ്ഞു: അല്ലയോ അമീറുൽ മുഅ്മിനീൻ ഞങ്ങളുടെ ന്യായാധിപന് കാര്യങ്ങൾ ഒട്ടും മനസ്സിലാവുകയില്ല.വല്ലതും മനസ്സിലായാൽ തന്നെ തല കീഴായാണ് മനസ്സിലാക്കുക. ഇത് കേട്ടപ്പോൾ ഖലീഫ ചോദിച്ചു. അത് എങ്ങനെയാണ് സംഭവിക്കുക?എനിക്ക് മനസ്സിലായില്ല.താങ്കൾ വിശദീകരിക്കുക.

ആ മനുഷ്യൻ ഒരു ഉദാഹരണം പറഞ്ഞു.ഒരു പരാതിക്കാരൻ ന്യായാധിപന്റെ അടുത്തു ചെന്ന് ബോധിപ്പിച്ചു. ഇന്ന വ്യക്തി എനിക്ക് 24 ദീനാർ കടമായി വാങ്ങിയത് തിരിച്ചു തരാൻ ഉണ്ട്.എന്നാൽ അയാൾ അത് നൽകുന്നില്ല. നിശ്ചയിച്ച അവധി കഴിഞ്ഞിരിക്കുന്നു. ന്യായാധിപൻ കുറ്റാരോപിതനെ വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. ഈ മനുഷ്യന് താങ്കൾ 24 ദീനാർ കൊടുക്കാനുണ്ടോ? ആ മനുഷ്യൻ പറഞ്ഞു. അതെ ഞാൻ കൊടുക്കാനുണ്ട്. എന്നാൽ എന്നെ ശിക്ഷിക്കുന്നതിന് മുൻപ് എനിക്ക് പറയാനുള്ളത് ദയവായി കേൾക്കണം. എനിക്ക് ഒരു കഴുതയുണ്ട്. ആ കഴുതയിൽ നിന്ന് ഒരു ദിവസം എനിക്ക് ലഭിക്കുന്ന വരുമാനം 4 ദീനാർ ആണ്. അതിൽ ഒന്ന് എന്റെ കഴുതക്ക് വേണ്ടി ചെലവഴിക്കുന്നു. ഒന്ന് എനിക്ക് വേണ്ടിയും മാറ്റിവെക്കുന്നു.ബാക്കി 2 ദീനാർ അദ്ദേഹത്തിന് കൊടുക്കാനുള്ള വകയിലേക്ക് മാറ്റി വെക്കുന്നു. എന്നാൽ കൊടുക്കാനുള്ളത് പൂർത്തിയാവണമെങ്കിൽ 12 ദിവസം കാത്തിരിക്കണം. അതു കൊണ്ട് താങ്കൾ അത്രേം ദിവസം അയാളെ ജയിലിലടക്കുക. കാരണം ദീനാർ പൂർത്തിയവുമ്പോൾ ഞാൻ ഇദ്ദേഹത്തെ തിരഞ്ഞു നടക്കേണ്ടി വരും. താങ്കൾ ഇദ്ദേഹത്തെ പിടിച്ചുവെക്കുകയാണെങ്കിൽ അന്നേ ദിവസം അദ്ദേഹം ഉള്ള സ്ഥലത്തേക്ക് പെട്ടെന്ന് ദീനറുമായി വരാൻ എനിക്ക് സാധിക്കും.
അങ്ങനെ ന്യായാധിപൻ പരാതിക്കാരനെ ജയിലിലടക്കുകയും കുറ്റാരോപിതനെ വെറുതെ വിടുകയും ചെയ്തു.

അടുത്ത കഥ നസറുദ്ദീൻ ഹോജയുടേതാണ്. അദ്ദേഹം ന്യായാധിപന്റെ സദസ്സിൽ ഇരിക്കുമായിരുന്നു. ന്യായാധിപന്റെ വിശ്വാസം താനൊരു കവിയാണെന്നായിരുന്നു. മറ്റുള്ളവർ അയാളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ന്യായാധിപൻ സദസ്സിൽ ഒരു കവിത ചൊല്ലി. ഹോജ ഒഴികെയുള്ളവർ ആ കവിതയെ വാനോളം പുകഴ്ത്തി. അതിലെ സാഹിത്യത്തെയും ഉള്ളടക്കത്തെയും കുറിച്ച് അവർ പരസ്പരം സംസാരിച്ചു. എന്നാൽ ഹോജ മാത്രം ഒന്നും പറഞ്ഞില്ല. ന്യായാധിപൻ ഹോജയോട് ചോദിച്ചു: താങ്കൾ എന്താണ് ഒന്നും പറയാത്തത്. കവിത ഇഷ്ടപെട്ടില്ലേ. ഹോജ പറഞ്ഞു: ആ കവിതക്ക് യാതൊരു സാഹിത്യ ഭംഗിയും ഇല്ല. കവിത എന്നുപോലും അതിനെ പറ്റി പറയാൻ കഴിയില്ല..ഇതു കേട്ട ന്യായാധിപന് കോപം വരികയും അദ്ദേഹത്തെ ഒരു മാസം കുതിരാലയത്തിൽ കെട്ടിയിട്ടു. ഒരു മാസത്തിന് ശേഷം മോചിതനായി വീണ്ടും ഹോജ ന്യായാധിപന്റെ സദസ്സിൽ വന്നു. ന്യായാധിപൻ വീണ്ടും കവിത ചൊല്ലാൻ തുടങ്ങി. ചൊല്ലി തുടങ്ങിയപ്പോഴേക്കും ഹോജ സദസ്സിൽ നിന്ന് പോകാൻ തുടങ്ങി. ന്യായാധിപൻ ചോദിച്ചു : ഹോജ താങ്കൾ എങ്ങോട്ടാണ് പോകുന്നത്. ഹോജ മറുപടി പറഞ്ഞു: കുതിരാലയത്തിലേക്ക്.

മൂന്നത്തേത് ഒരു ചരിത്ര ശകലമാണ്. പ്രസിദ്ധ ഗ്രീക്ക് ചരിത്രകാരനായ ഹൊറഡോട്ടസ് കുറിച്ചു വെച്ച ഒരു പേർഷ്യൻ സംഭവമാണ്. പേർഷ്യയിൽ സിസാമ്നസ് എന്ന ഒരു ന്യായാധിപൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതേകത കുറ്റാരോപിതരിൽ നിന്ന് പണം വാങ്ങി അവർക്കനുകൂലമായി വിധിക്കുക എന്നതാണ്. ഒരു വിഷയത്തിൽ ഭീകരമായ വിധിയാണ് സിസാമ്നസ് കൈക്കൊണ്ടത്. അതിനെതിരെ സമൂഹം ഇളകിമറിഞ്ഞു. അവർ രാജാവിനോട് ന്യായാധിപനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജാവിന് കാര്യം മനസ്സിലായി. സിസാമ്നസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിക്കാൻ രാജാവ് കൽപ്പിച്ചു.ആടിന്റെ തൊലി ഉരിയുന്നത് പോലെ അയാളുടെ തൊലി ഉരിയപ്പെട്ടു. തൊലി ഉരിയുന്ന ചിത്രം വളരെ മനോഹരമായി ചിത്രകാരനായ ജോറാഡ് ഡേവിഡ് വരച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ഉരിയപ്പെട്ട തൊലി ന്യായാധിപന്റെ ഇരിപ്പിടത്തിൽ വിരിച്ചു എന്നിട്ട് രാജാവ് പറഞ്ഞു : ഇനി ഈ കസേരയിൽ ഇരിക്കുന്നവർ സിസാമ്നസിന് ലഭിച്ച ശിക്ഷയെപ്പറ്റി ബോധമുള്ളവരായിരിക്കണം എന്നാണ് എന്റെ ആഗ്രഹം.

ഈ മൂന്ന് കഥകളും അതിലെ കഥാപാത്രങ്ങളും നിലവിലെ സഹചര്യവുമായോ വല്ല വ്യവസ്ഥയുമായോ എന്തെങ്കിലും സാമ്യം തോന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്. ഈ കഥകൾ വഴി തെറ്റിയ വിധികളും കോടതികളുമായി ബന്ധപ്പെട്ടതാണ്.
ഒന്നാമത്തെ കഥയിൽ പരാതിക്കാരൻ ശിക്ഷിക്കപ്പെടുന്നു. കുറ്റാരോപിതൻ വളരെ മനോഹരമായി രക്ഷപ്പെടുന്നു. രണ്ടാമത്തേതിൽ ന്യായാധിപന്റെ കവിതയെ ബഹുമാനിക്കത്തിന്റെ പേരിൽ കുതിരലയത്തിൽ കിടക്കേണ്ടി വന്ന ജുഹായുടെ കഥയാണ്. മാത്രമല്ല ആ കവിതയെ അതിരുവിട്ട് പ്രശംസിച്ച ഒരു സമൂഹവും അതിൽ പരാമര്ശിക്കപ്പെടുന്നു. മൂന്നാമത്തേത് കുറ്റവാളികൾക്ക് അനുകൂലമായി വിധി പറയുന്ന ന്യായധിപനെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന സംഭവമാണ്.

കോടതി ജനങ്ങളുടെ അഭയ കേന്ദ്രമാണ്. ദുര്ബലരുടെ  നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയ കേന്ദ്രം.
അതു കൊണ്ടു തന്നെ കോടതി മാനിക്കേണ്ടത് കണക്കുകളെയല്ല മറിച്ച് അവകാശം നിഷേധിക്കപ്പെട്ടവരുടെ ദുർബലരുടെ വികാരങ്ങളെയാണ്. പ്രശ്നം ആരാധനാലായങ്ങളുമായി ബന്ധപ്പെട്ടുവരുമ്പോൾ കോടതി കണക്കുകൾ പരിഗണിക്കാൻ പാടില്ല. നമാസ്ക്കാരിക്കാൻ ഇടമില്ലാത്തതിന്റെ പേരിലല്ല കോടതിപ്പടികൾ ജനങ്ങൾ ചവിട്ടുന്നത്. സ്ഥലമോ അതുപോലുള്ളതോ അല്ല പ്രശ്നം , മറിച്ച് വിശ്വാസ പരമാണ്. ഒരു വിശ്വാസിയെ സംബന്ധിചിടത്തോളം മസ്ജിദ് എന്നത് അവന്റെ വികാരമാണ്, വിശ്വാസമാണ്. ഒരു വൈകാരിക ബന്ധമാണ് വിശ്വാസിക്ക് പള്ളിയോടുള്ളത്. റസൂൽ (സ) പറയുന്നു: رجل قلبه معلق بالمساجد
പള്ളിയുമായി ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്ന വിശ്വാസിക്ക് പരലോകത്ത് അർഷിന്റെ തണലാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നത്തെ സ്ഥലപരമായോ സംഖ്യാപരമായോ പരിഗണിക്കുന്നത് ശെരിയല്ല.ഇനി കണക്കെടുപ്പിലൂടെയോ അളന്നെടുക്കുകയോ ആണെങ്കിൽ കണക്കേടുക്കേണ്ടത് അവിടെ ചെയ്തിട്ടുള്ള സുജൂദുകളുടെയും കണ്ണീരുകളുടെയും പ്രാർത്ഥനകളുടെയും നിമിഷങ്ങളാണ് എടുക്കേണ്ടത്. വിശ്വാസിക്ക് നമസ്ക്കരിക്കാൻ പള്ളി വേണമെന്നില്ല. വിശ്വാസിയുടെ നമസ്കാരത്തെ കുറിച്ചു റസൂൽ (സ) പറഞ്ഞത് :  قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” جُعِلَتْ لِيَ الْأَرْضُمَسْجِدًا وَطَهُورًا، أَيْنَمَا أَدْرَكَ رَجُلٌ مِنْ أُمَّتِي الصَّلَاةَ صَلَّى ഭൂമി മുഴുവനും ശുദ്ധിയായ പള്ളിയാക്കപ്പെട്ടിരിക്കുന്നു.എന്റെ സമുദായത്തിൽ പെട്ട ആർക്കും എവിടെ വെച്ചാണോ നമസ്കാരം കടന്നു വരുന്നത് അവിടെ വെച്ചു നമസ്കാരിക്കാനുള്ള അനുവാദമുണ്ട്. എന്നു റസൂൽ പറയുന്നു.
ഒരു വിശ്വാസിക്ക് നമസ്കരിക്കാൻ 5 ഏക്കർ പോയിട്ട് 5 ഇഞ്ച് പോലും വേണ്ട. ഫറോവയുടെ കാലത്ത് നമസ്ക്കാരിക്കാൻ
പള്ളികളുണ്ടായിരുന്നില്ല. ഖിബ്‌ലയിലേക്ക് തിരിയാൻ പോലും അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും ഈജിപ്തിലെ വിശ്വാസികൾ നമസ്കാരം കൈവിട്ടിരുന്നില്ല എന്നു ഖുർആൻ പരാമർശിക്കുന്നുണ്ട്.
{وَأَوْحَيْنَا إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّآ لِقَوْمِكُمَا بِمِصْرَ بُيُوتًا وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ ۗ وَبَشِّرِ الْمُؤْمِنِينَ} [يونس
( 87 )   മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൌകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകള്‍ ഖിബ് ലയാക്കുകയും, നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.

ഫറോവയുടെ കാലത്ത് മാത്രമല്ല അബു ജഹലിന്റെ കാലത്തും വിശ്വാസികൾ നമസ്ക്കരിച്ചിരുന്നു. മക്കയുടെ കുന്നിൻ പുറങ്ങളിൽ മക്കയുടെ താഴ് വാരങ്ങളിൽ പരസ്പരം കാവലാളായി നിന്നു കൊണ്ട് നമാസ്ക്കാരിച്ചിരുന്നതിന്റെ ചരിത്രം ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ശത്രുക്കൾ വിശ്വാസികൾക്ക് നേരെ പാഞ്ഞു വന്നപ്പോഴും ബദറിന്റെ രണാങ്കണത്തിൽ റസൂൽ (സ) യുടെ നേതൃത്വത്തിൽ വിശ്വാസികൾ പരസ്പരം സംരക്ഷിച്ചുകൊണ്ട് സുജൂദുകൾ മാറി മാറി ചെയ്തതിന്റെ ചരിത്രം ഖുർആൻ വിവരിക്കുന്നുണ്ട് {وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ } [النساء : 102] നബിയേ,നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ.

വിശ്വാസികളുടെ നമസ്കാരം ഏതാനും ചില കണക്കുകളുമായി ബന്ധപ്പെട്ടതല്ല. നമസ്കരിക്കാൻ സ്ഥലമില്ലാത്തത്തിന്റെ പേരിൽ ആരും ദുഃഖിക്കേണ്ടതില്ല… അതിന്റെ പേരിൽ ആരും വിശ്വാസികളുടെ നേരെ സഹതാപത്തോടെ നോക്കുകയും വേണ്ട .കാരണം ഭൂമിയുള്ളിടത്തോളം കാലം നമസ്കാരം നിർവഹിച്ചു കൊണ്ടേയിരിക്കും. അത് ആർക്കും തടയാനാവില്ല. റസൂൽ (സ) അരുൾ ചെയ്തിരിക്കുന്നു:
لَتُنْقَضَنَّ عُرَى الْإِسْلَامِ عُرْوَةً عُرْوَةً، فَكُلَّمَا انْتَقَضَتْ عُرْوَةٌ تَشَبَّثَ النَّاسُ بِالَّتِي تَلِيهَا، وَأَوَّلُهُنَّ نَقْضًا الْحُكْمُ، وَآخِرُهُنَّ الصَّلَاةُ
ഇസ്ലാമിലെ കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞു വീഴും. ആദ്യം വീഴുന്നത് അധികാരം ആയിരിക്കും. അവസാനത്തേത് നമസ്‌കാരവും . ഭൂമി നിലനിൽക്കുന്ന കാലത്തോളം നമസ്കാരവും നില നിൽക്കുമെന്ന് പ്രവാചകൻ(സ) പഠിപ്പിക്കുന്നു. ഈ നസ്ക്കാരത്തെ കുറിച്ചാണ് നാളെ അല്ലാഹുവിന്റെ കോടതിയിൽ ആദ്യം വിചാരണ ചെയ്യുക എന്നു കൂടി പ്രവാചകൻ പഠിപ്പിക്കുന്നു. ” إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ ഖിയമത് നാളിൽ അടിമയുടെ കർമങ്ങളിൽ ആദ്യം ചോദ്യം ചെയ്യപ്പെടുക അവന്റെ നമസ്കരത്തെ കുറിച്ചായിരിക്കും. അവസാനം വരെ നിലനിൽക്കുന്ന ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കർമം ആയതു കൊണ്ടാണ് ഫറോവമാരുടെ കാലത്തും അബു ജഹലുമാരുടെ കാലത്തും വിശ്വാസികൾ മുറ തെറ്റാതെ നസ്ക്കരിച്ചുപോന്നത്.  പ്രശ്‌നം നീതിയുടെയും അവകാശ ലംഘനത്തിന്റെതുമാണ്. ഇത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണ്. പക്ഷെ അസത്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിധികൾ വന്നിട്ടും വിശ്വാസികൾ എന്തുകൊണ്ട് സംയമനം പാലിക്കുന്നു എന്നു ചോദിച്ചാൽ അത് ഭരണകൂടത്തെ ഭയന്നിട്ടല്ല. വിധിയിൽ സംതൃപത്രരാണെന്നതിന്റെ അടയാളവുമല്ല. മറിച്ച് നാളെ പരലോകത്ത് അല്ലാഹുവിന്റെ കോടതി മുന്നിൽ കണ്ടുകൊണ്ടാണ് അവർ സംയമനം പാലിക്കുന്നതും മുറ തെറ്റാതെ നമസ്കാരം നിർവഹിക്കുന്നതും.

واستعينوا بالصبر والصلاة وإنها لكبيرة الا على الخاشعين  നമസ്കാരം അസ്വസ്ഥപെടുത്തുന്നത് നാളത്തെ കോടതിയെ മുന്നിൽ കണ്ടു കൊണ്ട് മാത്രമാണ്. ഭൂമിയിലെ ഖാദിമാർ തെറ്റായ രീതിയിൽ വധിക്കുകയാണെകിൽ നാളെ ആകാശത്തെ ഖാദി അവരുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതായിരിക്കും അത് അവർക്ക് നാശമായാണ് ഭവിക്കുക. {وَإِذَا الرُّسُلُ أُقِّتَتْ}  ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍ {لِأَيِّ يَوْمٍ أُجِّلَتْ (12) ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
لِيَوْمِ الْفَصْلِ  13)  തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌. നാലായിരം അടി കുഴിച്ചിട്ടും കണ്ടെടുക്കാൻ പറ്റാത്ത അവശിഷ്ടങ്ങൾ നാൽപതിനായിരം അടി കുഴിച്ചെങ്കിലും കണ്ടെടുക്കാൻ പറ്റുന്ന ദൈവത്തിന്റെ കോടതി.
وَمَا أَدْرَاكَ مَا يَوْمُ الْفَص14) ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (15)}  അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം
[المرسلات :11-15]

ചരിത്രത്തെ വക്രീകരിച്ചു കൊണ്ട് കളവ് പറഞ്ഞു കൊണ്ട് നേടിയെടുത്ത വിധികളുടെ മേൽ ദൈവത്തിന്റെ വിധി വരാനിരിക്കുന്നു എന്നു വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. വിധികളോട് സംയമനം പാലിക്കണം.അതോടൊപ്പം തന്നെ വിധിയിൽ സംതൃപ്തരാണ് എന്ന രീതിയിൽ അതിനോട് പ്രതികരിക്കാൻ പാടുള്ളതുമല്ല. വളരെ സുപ്രസിദ്ധമായ ഒരു ചരിത്രമുണ്ട്.ഉസ്മാനി കാലത്ത് നടന്ന ഒരു സംഭവം. അക്കാലത്ത് ന്യായാധിപൻ മാരായിരുന്നു ഭരണം നടത്തിയിരുന്നത്.അവർക്കെതിരെ ജനങ്ങൾ ഒന്നും മിണ്ടാൻ പാടില്ലായിരുന്നു. ജനങ്ങൾക്ക് അവരോട് വല്ലാത്ത ബഹുമാനം ആയിരുന്നു.അങ്ങനെയല്ല അവർ ബഹുമാനം നടിക്കുകയായിരുന്നു. അവരിൽ ഒരു ന്യായാധിപന് ഒരു കഴുത ഉണ്ടായിരുന്നു. ആ കഴുതപ്പുറത്തായിരുന്നു ന്യായാധിപൻ സഞ്ചരിച്ചു കൊണ്ടിരുന്നത്. പക്ഷേ നിരന്തര യാത്രകൾ മൂലം ആ കഴുത ചത്തുപോയി. ന്യായാധിപന് അതു വലിയ നഷ്ടമായി തോന്നി. ജനങ്ങളാകട്ടെ ആ കഴുതയുടെ മരണം ഒരു വൻ ദുഃഖമായി കൊണ്ടാടി .അതിനു വേണ്ടി അവർ ഒരു സംഘത്തെ നിശ്ചയിക്കുകയും ന്യായാധിപന്റെ അടുക്കൽ വന്നു കഴുതയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ നേതാവ് ആ കഴുതയുടെ ഗുണങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അതിന്റെ സവിശേഷതകൾ.അതിന്റെ വിയോഗം കൊണ്ടുണ്ടാവുന്ന രാഷ്ട്രീയപരമായ നഷ്ടങ്ങൾ. ജനങ്ങൾ എല്ലാവരും ആ കഴുതയുടെ വിയോഗത്തിൽ കണ്ണീർ പൊഴിച്ചു.അവസാനം ഒരു ഉന്തുവണ്ടിയിൽ വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ ആ കഴുതയെ സംസ്കരിച്ചു. സംസ്കരണ വേളയിൽ രാഷ്ട്രത്തിലെ സാംസ്കാരിക നേതാക്കളും സാഹിത്യകാരന്മാരും എന്നു വേണ്ട എല്ലാവരും ഒന്നിച്ചു നിന്നു. കടകൾ അടിച്ചിട്ടും സ്കൂളുകൾക്ക് അവധി കൊടുത്തും ജനങ്ങൾ എല്ലാം ദുഃഖത്തെ സൂചിപ്പിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞും സംസ്കരണത്തിൽ പങ്കാളികളായി. രാഷ്ട്രത്തിൽ എങ്ങും ശാന്തത.. ഇതെല്ലാം കണ്ടു പരിഭ്രാന്തനായ ഒരു മനുഷ്യൻ ചോദിച്ചു. ഒരു കഴുതയല്ലേ ചത്തത്. എന്തിനാണ് നിങ്ങൾ ഇത്രമാത്രം ആദരവ് കാണിക്കുന്നത്.ആരോ പറഞ്ഞുവത്രെ. إنها حمارة القاضي و حمارة القاضي عزيزة
അതു വെറും കഴുതയല്ല. ന്യായാധിപന്റെ കഴുതയാണ്. ന്യായാധിപൻ ആദരവ് അർഹിക്കുന്നത് പോലെ അദ്ദേഹത്തിന്റെ കഴുതയും ആദരവ് അർഹിക്കുന്നുണ്ട്.  ഉസ്മാനി കാലത്തെ ജനങ്ങൾ ഇപ്രകാരം ചെയ്തതുപോലെ ആധുനിക സമൂഹത്തിലെ ജനങ്ങൾ
إنها حماقة القاضي و حماقة القاضي عزيزة ന്യായാധിപന്റെ അടുത്ത് നിന്ന് വരുന്ന എന്തെല്ലാം വിഢിത്തങ്ങൾ ഉണ്ടോ, അവ വരുന്നത് ന്യായാധിപനിൽ നിന്നായത് കൊണ്ട് അത് ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് .ഞങ്ങൾ തൃപ്തി പ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു നടക്കുന്നു. നമ്മുടെ കോടതി മുറികൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. കിസ്‌റായിലെ രാജാവ് ചെയ്തത് പോലെ സിസാമ്നസിന്റെ വേല ചെയ്യുന്ന എല്ലാവരുടെയും തൊലികൾ ഉരിയപ്പെടേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് ആ ഡച്ചു ചിത്രകാരൻ ചെയ്ത തൊലി ഉരിയുന്ന ചിത്രമെങ്കിലും നമ്മുടെ കോടതി മുറികളിൽ സ്ഥാപിക്കപ്പെടേണ്ടതുണ്ട്.

നിരാലംബരുടെ കണ്ണുനീർ ഇനിയും വീഴാതിരിക്കാൻ. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കാൻ. കോടതിയെ ആദരിക്കുന്നു..നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്നു. ഉസ്മാനി കാലത്തെ ന്യായാധിപന്റെ കഴുതയെ ആദരിക്കുന്നത് പോലെ ഞങ്ങൾ ആദരിക്കുകയില്ല. ഹോജയുടെ കാലത്തെ ന്യായാധിപന്റെ കവിതയെ ഞങ്ങൾ പുകഴ്ത്തുകയില്ല. നേരെ മറിച്ച് വിധിയുടെ മാനദണ്ഡങ്ങൾ എന്താണ്. സത്യത്തിന്റെയോ അസത്യത്തിന്റെയോ അടിസ്ഥാനത്തിലാണോ എന്നു മനസ്സിലാക്കിയിട്ടാണ് അതിനോടുള്ള സമീപനം നാം സ്വീകരിക്കേണ്ടത്. നമ്മൾ കോടതിയെ ബഹുമാനിക്കുന്നു. അതിന്റെ വിധികളെ മാനിക്കുന്നു. ഏതൊരു ദുർബലന്റെയും അവസാനത്തെ അത്താണിയായ കോടതിയിലുള്ള വിശ്വാസം നിലവിലെ സാഹചര്യത്തിൽ വേദനിപ്പിക്കുന്നുണ്ട് എന്നത് ഖേദകരം തന്നെ.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles