Current Date

Search
Close this search box.
Search
Close this search box.

”ഗസ്സയിൽ ശത്രുവിനെ കാത്തിരിക്കുന്നത് പുതിയ നരകം”

തൂഫാനുൽ അഖ്സയുടെ 224 ാം ദിനത്തിൽ അബൂ ഉബൈദ നടത്തിയ പ്രഭാഷണം

“നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്കാവില്ല- കുറെ ശല്യപ്പെടുത്താനല്ലാതെ. നിങ്ങളോട് യുദ്ധം ചെയ്യേണ്ടിവന്നാല്‍, അവര്‍ പിന്തിരിഞ്ഞ് ഓടിക്കളയും. അങ്ങനെ എങ്ങും ആശ്രയം കിട്ടാത്ത നിസ്സഹായരായിത്തീരുന്നു. എവിടെ കാണപ്പെട്ടാലും അവരില്‍ ഹീനത മുദ്രിതമായിട്ടുണ്ടായിരിക്കും. അല്ലാഹുവില്‍നിന്നോ മനുഷ്യരില്‍നിന്നോ അവര്‍ക്ക് വല്ല അവലംബവും ലഭിച്ചിട്ടുണ്ടെങ്കില്‍ അതു സംഗതി വേറെ.അവര്‍ അല്ലാഹുവിന്റെ കോപത്തില്‍ വീണുപോയിരിക്കുന്നു. ദീനതയാലും ഗതികേടിനാലും അവര്‍ കീഴടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിനാലത്രെ ഇതൊക്കെയുമുണ്ടായത്. ഇത് അവരുടെ ധിക്കാരത്തിന്റെയും അക്രമത്തിന്റെയും ഫലമാകുന്നു.”(ആലു ഇംറാൻ: 111، 112)

ഒക്ടോബർ 7 എന്ന അഭിമാന ദിനത്തിന് 32 ആഴ്ചകൾ പിന്നിടുകയാണ്. പ്രതാപികളായ ഗസ്സയിലെ ജനതയും അവിടുത്തെ ചെറുത്തുനിൽപ്പ് മുന്നേറ്റങ്ങളും ക്രൂരതയുടെ ഏറ്റവും കൊടിയ അക്രമണങ്ങളെ ഉജ്ജ്വലമായി നേരിട്ട് കൊണ്ടിരിക്കുന്നു. ലോകത്തിൻ്റെ കൺമുമ്പിൽ ഞങ്ങളുടെ ജനതയ്ക്കു നേരെ രാപ്പകൽ ഭേദമന്യേ നാസി ഭരണകൂടശത്രു നടത്തിയ ക്രൂരമായ വംശഹത്യയുടെ കാലയളവ് കൂടിയാണിത്.

ഏതൊരു നിയമവ്യവസ്ഥയും നിന്ദ്യമായി കാണുന്ന മാനവവിരുദ്ധമായ എല്ലാ യുദ്ധക്കുറ്റങ്ങളും അതിൻ്റെ ഏറ്റവും ഹീനമായ രൂപത്തിൽ ചെയ്തുതീർക്കുകയാണ് സയണിസം ചെയ്യുന്നത്. എന്നിട്ടോ, പൗരന്മാർക്കു നേരേ നടത്തുന്ന ഇത്തരം ക്രൂരതകൾ തങ്ങളുടെ വലിയ സൈനികനേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഗസ്സയിലെ ജനതയുടെ ആത്മവീര്യം തകർക്കാനും അവിടുത്തെ ധീരമായ ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനും സ്വപ്നം കണ്ടു നേരത്തെ തന്നെ ശത്രു സ്വീകരിച്ചു പോരുന്ന തന്ത്രമാണ് ഇതൊക്കെ. വെറും കിനാവ് മാത്രമാണ് അത് എന്നു മാത്രമേ പറയാനുള്ളൂ. എന്തെങ്കിലും നേടിയെടുക്കാൻ മോഹിച്ച് ഇവിടെ വരുമ്പോഴൊക്കെയും നിങ്ങൾക്ക് ഞങ്ങളെ കണ്ടുമുട്ടേണ്ടിവരുമെന്ന കാര്യം എത്ര തവണയായി ഞങ്ങൾ പറയുന്നതാണ്. അതല്ലേ, ദിനേന എന്നപോലെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കനത്ത നാശനഷ്ടങ്ങൾ പിണഞ്ഞുനിൽക്കുന്ന ശത്രു, ഗസ്സയുടെ തെക്കുള്ള റഫയിലും സൈതൂനിലും വടക്ക് ജബാലിയയിലും കരയാക്രമണം നടത്താനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ട് 10 ദിവസങ്ങളായി. ഏഴിലധികം മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ ഗസ്സയിലെ സകലതും നശിപ്പിച്ചതിനാൽ, ഇനി പറയത്തക്ക ചെറുത്തുനിൽപ്പ് ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ശത്രു കരുതിയത്. ലക്ഷ്യങ്ങൾ എളുപ്പമാകുമല്ലോ എന്ന ധാരണയിൽ അവർ ചെന്നു കയറിയത് അവരെ കാത്തിരുന്ന പുതിയൊരു നരകത്തിലേക്ക് ആയിരുന്നു. ഈ യുദ്ധത്തിൻ്റെ ഒന്നാം ദിനത്തിൽ ശത്രുസൈന്യം കണ്ട ഞങ്ങളുടെ പോരാട്ടത്തിന്റെ അതേ പ്രഹരശേഷി, അല്ല അതിനേക്കാൾ മാരകമായ ചെറുത്തുനിൽപ്പാണ് അവർക്ക് നേരിടേണ്ടിവന്നത്. കിഴക്കൻ റഫയിലും സൈത്തൂനിലും ശത്രു സൈന്യ തലവന്മാരുടെ തല പിഴുതെടുത്ത് കൊണ്ടുള്ള ഞങ്ങളുടെ പോരാളികളുടെ മുന്നേറ്റം അവർക്ക് പുതിയ അനുഭവമായിരുന്നു. നിലവിൽ ജബാലിയ ക്യാമ്പിലും നഗരത്തിലും ഈ പോരാട്ടത്തിന്റെ രുചി നന്നായി അവർ അറിഞ്ഞു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ മാത്രം വാഹനങ്ങളും ടാങ്കുകളുമടങ്ങുന്ന ശത്രുവിന്റെ നൂറോളം സയണിസ്റ്റ് കേന്ദ്രങ്ങൾ തകർക്കാൻ ഞങ്ങൾക്ക് സാധിച്ചു. സൈനിക പ്രവേശം നടത്തിയ എല്ലാ മേഖലകളിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഡസൻകണക്കിന് കണക്കാക്കിയ ശത്രുസൈന്യം ഇപ്പോൾ സൈനികരെ പുറത്തെടുക്കുന്നത് നിർത്തിയ മട്ടാണ്. യുദ്ധത്തിൻറെ ചെറിയ ഭാഗം മാത്രമാണ് അവർ പുറത്തു പറയുന്നത്. പുറത്തുവിടുന്നതിലും എത്രയോ അധികമാണ് ശത്രുവിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ആൻ്റി- പേഴ്സൺ/ ടാങ്ക്‌ മിസൈലുകളുടെ ഉപയോഗം, പലയിടങ്ങളിലായി മൈനുകൾ സ്ഥാപിക്കൽ, തുരങ്കങ്ങളിൽ കെണിയൊരുക്കൽ, സ്നൈപ്പർ അറ്റാക്ക്, പോയൻ്റ് ബ്ലാങ്ക് അറ്റാക്ക്, ഹ്രസ്വദൂര മിസൈലുകൾ വെച്ചുള്ള അറ്റാക്ക്, സൈനിക വ്യൂഹങ്ങൾക്കു നേരെയുള്ള നേരിട്ടും അല്ലാതെയുമുള്ള ബോംബിംങ് എന്നിങ്ങനെ വിവിധയിനം മുറകളിലൂടെ ശത്രുവിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം കൂടുതൽ മുന്നേറുകയാണ്.

സയണിസ്റ്റ് ശത്രുവിൻ്റെ ഈ അക്രമപരാക്രമണങ്ങളും ഉപരോധവും പട്ടിണിക്കിടലും മറ്റേതൊരു വലിയ രാജ്യത്തിനു മീതേയായിരുന്നു വന്നെതെങ്കില്‍ ഇതിനകം നിസ്സംശയം അവ തകർന്നു പോയേനെ. എന്നാൽ ഞങ്ങളുടെ ധീരരായ പോരാളികളുടെ ചെറുത്തുനിൽപ്പും അതിനു പിറകിൽ ഐതിഹാസികമായി നിലയുറപ്പിച്ച ഒരു ജനതയുമാണിത്. അല്ലാഹുവിൻറെ അപാരമായ പിന്തുണയോടെയും സഹായത്തോടെയും ശത്രുവിന് മുമ്പിൽ ഉജ്ജ്വലമായ പോരാട്ടം തീർക്കുന്ന പോരാളികൾ അല്ലാഹുവിൻ്റെ ഈ വചനത്തെ ഭൂമിയിൽ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത് ”വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. (പ്രവാചകാ, )നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത് ” (അൽ അൻഫാൽ- 17)

പരിമിതമായ ഭൗതികസംവിധാനങ്ങളാണെങ്കിലും അചഞ്ചലമായ ഈമാനിക കരുത്തും ആകാശത്തോളം പോന്ന മനോവീര്യവുമായാണ് അവർ പോരാട്ട മുഖത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മറുവശത്താകട്ടെ, യുദ്ധ കുറ്റവാളികളും ധാർഷ്ഠ്യരുമായ ഒരുപറ്റം ക്രിമിനലുകളും. സൈനിക ബലത്തിൽ വമ്പിച്ച വേർതിരിവ് ഉണ്ടെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. എങ്കിലും വർധിച്ച നാശനഷ്ടങ്ങളല്ലാതെ ഇതിലൂടെ ഒന്നുമവർക്ക് നേടാനാവില്ല എന്ന് ഞങ്ങൾ തീർത്ത് പറയുന്നു. കൊല്ലപ്പെട്ടും, പരിക്കേറ്റും, മാനസികമോ ശാരീരികമോ ആയ വിംകലാംഗത ഏറ്റുവാങ്ങിയും, പദവികളിൽ നിന്ന് രാജിവെച്ചുമല്ലാതെ ഇതില്‍ നിന്നൊന്നും സയണിസ്റ്റ് സേനയ്ക്ക് രക്ഷപ്പെടാനാവില്ല.

ലോകത്ത് നാശവും തീവ്രവാദവും എക്കാലത്തും വിതയ്ക്കുന്ന യു.എസിൻ്റെ സൈനിക സഹായ ട്രക്കുകൾ ശത്രു പക്ഷത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രസ്തുത അമേരിക്കൻ ആയുധങ്ങളുടെ ബലത്തിൽ ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെയും പൗരന്മാരുടെയും കൊലപാതകത്തിൻ്റെ കണക്ക് മാത്രമാണ് സയണിസ്റ്റ്കൾക്കായി ഈ യുദ്ധം ബാക്കിയാക്കുക. ”അവർ തങ്ങളുടെ ധനം ചെലവാക്കിക്കൊണ്ടിരിക്കുകയാകുന്നു. ഇനിയും അവര്‍ ചെലവാക്കിക്കൊണ്ടേയിരിക്കും. ഒടുവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കുതന്നെ നെടുംഖേദത്തിനു നിമിത്തമാകും. പിന്നീടവര്‍ പരാജിതരാവുകയും ചെയ്യും. അവസാനം, ഈ ധിക്കാരികള്‍ നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടും. ” (അൽ അൻഫാൽ – 36)

തൂഫാനുൽ അഖ്സയുടെയും ഞങ്ങളുടെ ജനതയ്ക്ക് മേലുള്ള യുദ്ധത്തിന്റെയും 224 ദിനങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ ശഹീദ് ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സിനു വേണ്ടി ചില കാര്യങ്ങൾ ഞങ്ങൾ വ്യക്തമാക്കുകയാണ്.

ഒന്നാമതായി, ഗസ്സയുടെ മണ്ണിൽ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കനത്തതും സുദീർഘവുമായ യുദ്ധമുഖത്തെ വിവിധയിനം പോരാട്ടമുറകൾ, ഈ യുദ്ധത്തിന്റെ ഒന്നാമത്തെ ദിവസം മുതൽ ഞങ്ങൾ പറയുന്ന കാര്യത്തെയാണ് കാണിക്കുന്നത്. അത് മറ്റൊന്നുമല്ല, അല്ലാഹുവിൻറെ സഹായത്തോടെ ശത്രുവിനെതിരിൽ ഉറച്ചു നിന്ന് ദീർഘനാൾ പോരാടാനുള്ള ഞങ്ങളുടെ കഴിവാണ്. ഈ യുദ്ധം പൂർണമായും അവസാനിക്കും വരെ അതെത്ര നീണ്ടാലും, ശത്രുവിന് മുമ്പിൽ കനത്ത സമ്മർദ്ദശക്തിയായി യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ്.

ഇതിങ്ങനെ പറയുന്നത്, ഞങ്ങൾ വമ്പിച്ച സൈനിക ശക്തി ആയതുകൊണ്ടൊന്നുമല്ല. മറിച്ച് ഞങ്ങളാണ് ഈ നാടിൻ്റെ അവകാശികൾ എന്നതുകൊണ്ടാണത്. ഞങ്ങളാണ് ഗസ്സ. ഈ ഭൂമിയും അവിടുത്തെ വായുവും ഈ കടലും മണലും ആകാശവുമെല്ലാം ഞങ്ങളുടേതാണ്. അതിനാല്‍ എല്ലാക്കാലവും ഞങ്ങൾ ഓർമ്മപ്പെടുത്തുന്നതു പോലെ ഗസ്സയുടെ മണ്ണ് അധിനിവേശത്തിൻ്റെ ശവപ്പമ്പായിരിക്കും. ചരിത്രത്തിലൂടനീളം സകല കയ്യേറ്റക്കാരുടെയും നിലയില്ലാ കയമായി വർത്തിച്ച ഈ ഇടത്തിൽ നിങ്ങൾക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്.

രണ്ട്, ഈ കരയുദ്ധത്തിൽ ശത്രുപക്ഷത്തിന് ഏറ്റ അതികഠിനമായ സൈനിക പരാജയവും തടവുകാരെ മോചിപ്പിക്കാനുള്ള സൈനിക സമ്മർദ്ദം എന്ന് വിളിക്കപ്പെടുന്ന കളവുമൊക്കെ ശത്രു തടവുകാരെ അജ്ഞാതമായ സ്ഥലത്തേക്ക് പുറന്തള്ളപ്പെടാനുള്ളതിൻ്റെ തുടക്കമാണ്. എല്ലാവിധ വ്യക്തതയോടെയും തുടർച്ചയായി ഞങ്ങൾ അറിയിച്ചുകൊണ്ടിരുന്ന ഒന്നാണ് തടവുകാരുടെ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യം. സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായി അവരിൽ പലരും കൊല്ലപ്പെട്ടതിന്റെയും ഗുരുതരമായ അവസ്ഥയിലായതിന്റെയും വിവരങ്ങൾ ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഞങ്ങൾ ഇത് പറയുന്നത് സയണിസ്റ്റ് ഗവൺമെൻ്റിൻ്റെ നുണകൾക്കും വഞ്ചനകൾക്കും പകരം നിഷേധിക്കാനാകാത്ത വസ്തുതകൾ വെച്ച് തടവുകാരുടെ കുടുംബങ്ങളെയും പൊതുജനങ്ങളെയും ഇക്കാര്യം ബോധിപ്പിക്കുന്നതിനാണ്. ബന്ദികളുമായി ബന്ധപ്പെട്ട മറ്റു വസ്തുതകൾ പിന്നീട് വെളിപ്പെടുമ്പോൾ, ഞങ്ങൾ എത്ര തവണ മുന്നറിയിപ്പ് നൽകിയെന്ന് അവർക്ക് എണ്ണേണ്ടിവരും എന്നു മാത്രം. പരാജയപ്പെടുന്ന ഒരു യുദ്ധത്തിൽ രാഷ്ട്രീയ ലാഭത്തിനായി സ്വന്തം ബന്ദികളെ ബലി കഴിക്കുന്ന നെതന്യാഹുവിൻ്റെ നിന്ദ്യമായ നിലപാടിൻ്റെ വില ഉടൻതന്നെ കാണാം.

മൂന്ന്, ഞങ്ങളുടെ ജനതയുടെ ധീരമുജാഹിദുകളെ ഞങ്ങൾ അഭിവാദ്യം ചെയ്യുകയാണ്. സയണിസ്റ്റ് ശത്രുവിൻ്റെ വേട്ടയിൽ തളരാതെ നാടിനും പുണ്യഭൂമിക്കായും പോരാടുന്ന അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിലെ സഹോദരങ്ങൾ, ഈ നിർണായക ഭൂമികയിൽ നിന്ന് ചരിത്രത്തിൻ്റെ യഥാർത്ഥ ചേരിയിൽ നിലയുറപ്പിച്ച് പോരാടുന്ന മറ്റ് വിവിധ പോരാട്ട സംഘങ്ങൾ, വടക്കൻ ഗസ്സയിലെ ശത്രുപാളയത്തിൽ തുടർച്ചയായ അറ്റാക്കുകളുമായി പോരാട്ട വേദിയിലുള്ള ലബനാനിലെ ഇസ്ലാമിക ചെറുത്തുനിൽപ്പ്, അജയ്യരായ യമൻ ജനതയിൽ നിന്നും ഞങ്ങളുടെ ‘അൻസാറുല്ലാഹ്’ സഹോദരന്മാർ എന്നിവർക്ക് ഒരിക്കൽ കൂടി ഞങ്ങൾ അഭിവാദ്യമർപ്പിക്കുകയാണ്. തങ്ങൾക്കെതിരിൽ ലോക വൻശകതികളുടെ കനത്ത ഭീഷണികൾക്കിടയിലും ഗസ്സൻ ജനതയ്ക്കായുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആക്രമണത്തിന്റെ പുതിയ ഘട്ടപ്രവർത്തനങ്ങളാണ് യമനിൽ നിന്നും വരുന്നത്. അതുപോലെ തങ്ങളുടെ പക്കലുള്ളതെല്ലാം വെച്ച് ആവുംവിധം ഗസ്സയ്ക്കായി ഐക്യദാർഢ്യപ്പെടുന്ന ഇറാക്കിലെ ഇസ്ലാമിക ചെറുത്തുനിൽപ്പിനെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

ഒപ്പം, അധിനിവേശ ശത്രുവിൻ്റെ ക്രൂരതക്കെതിരിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി നിലയുറപ്പിച്ച് ഞങ്ങളുടെ ജനതയുടെ നീതിക്കായി അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലെയും ആഫ്രിക്കയിലും തുടങ്ങി ലോകത്തിൻ്റെ നാനാ തുറകളിലുള്ള വിവിധ പൗരസമൂഹങ്ങൾ. അധിനിവേശത്തിൻ്റെ നീച മുഖത്തെ അനാവരണം ചെയ്യുന്ന സമാനതകളില്ലാത്ത ഈ ഐക്യദാർഢ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും, ലോകത്തിൻ്റെ ബോധമണ്ഡലത്തിൽ ‘തൂഫാനുൽ അഖ്സ’ ഉണ്ടാക്കിയ പ്രകമ്പനത്തിൻ്റെ തുടർച്ചയാണ്. അല്ലാഹുവിൻ്റെ സഹായത്താൽ അതിൻ്റെ സ്ട്രാറ്റജിക്കലായ അനുരണനങ്ങൾ ഇനിയുമുണ്ടാകും.

അവസാനമായി, ഞങ്ങളുടെ പോരാളികൾ നടത്തുന്ന ധീരകൃത്യങ്ങളും അതിനു പിന്നിൽ അടിയുറപ്പിച്ച് ഈ ജനത സാക്ഷ്യപ്പെടുത്തുന്ന സമർപ്പണ മനോഭാവവും വരും തലമുറകൾക്കുള്ള വാഴ്ത്തുപാട്ടായി നിലകൊള്ളും. ജനതതികൾക്കുള്ള പാഠപുസ്തകമായി അവ അടയാളപ്പെടുത്തപ്പെടും. ഓ വിജയിച്ച സമൂഹമേ, കൊടിയ പീഡനങ്ങൾക്കിടയിലും നിങ്ങൾ പുലർത്തുന്ന ഈ സ്ഥൈര്യവും ത്യാഗവും പ്രവാചകൻ അരുളിയ സന്തോഷ വാർത്തയുടെ സാക്ഷാത്ക്കാരമാണെന്നറിയുക. നിങ്ങളുടെ സഹനത്തിൻ്റെ ഫലം വിജയമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹുവിനായി നിങ്ങൾ നൽകിയ ആത്മാവും പുണ്യരക്തവുമെല്ലാം ഉജ്വലമായ പകരമായി തിരികെ വരും. അത് ശത്രുവിൻ്റെ നിന്ദ്യതയും നമ്മുടെ തുറവിയുമാണ്. രക്ഷിതാവിൻ്റെ വാഗ്ദാനത്തിൽ സന്തോഷവാന്മാരായി നിലകൊള്ളുക.”നമ്മുടെ നിയുക്ത ദാസന്മാരോടു നാം നേരത്തേ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു; എന്തെന്നാല്‍, നിശ്ചയമായും അവര്‍ സഹായിക്കപ്പെടും. നമ്മുടെ സൈന്യംതന്നെ ജയിക്കയും ചെയ്യും.”(അസ്സ്വാഫാത്ത്: 171 – 173)

 

വിവ: ബിലാല്‍ നജീബ്

Related Articles