Current Date

Search
Close this search box.
Search
Close this search box.

വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

താങ്കൾക്ക് ഏത് നിറമാണ് ഇഷ്ടം? ഏത് രുചിയാണ്? ഏത് സ്വരമാണ്? നിറങ്ങളിൽ ഏതോ ഒന്ന് താങ്കളുടെ മനസ്സിൽ ഉണ്ട്, ഒരു ഇഷ്ടനിറം. വെളുപ്പോ, കറുപ്പോ, ചുവപ്പോ, നീലയോ. എങ്കിൽ മറ്റു നിറങ്ങളെ താങ്കൾ എന്ത് ചെയ്യും? മായ്ച്ചു കളയാനാവുമോ? എല്ലാത്തിനും ഒരേ നിറമാണെങ്കിൽ ഈ ലോകം എത്ര വിരസമായിരിക്കും! മഞ്ഞക്കണ്ണട വെച്ച പോലെ എല്ലാം മഞ്ഞിച്ചിരിക്കും. ഏഴു നിറങ്ങൾ, ഏഴു സ്വരങ്ങൾ, ഏഴു സമുദ്രങ്ങൾ,ഏഴ് ആകാശങ്ങൾ- എല്ലാം വൈവിധ്യപൂര്ണമാണ്.

ഇവിടെയാണ് ഖുർആനിന്റെ പ്രപഞ്ച നിരീക്ഷണം പ്രസക്തമാവുന്നത്. നിറങ്ങളുടെ വൈവിധ്യങ്ങളെ പറ്റി പലയിടത്തും ഖുർആൻ വാചാലമാവുന്നത് കാണാം. മനുഷ്യരിലേയും കന്നുകാലികളിലെയും ഇതരജീവികളിലെയും കായ്കനികളിലെയും വർണ വൈവിധ്യങ്ങൾ ഖുർആൻ എത്ര സുന്ദരമായാണ് ആവിഷ്കരിക്കുന്നത്!. വീടുകൾ അലങ്കരിക്കാനായി നാം ഉപയോഗിക്കുന്ന ഗ്രാനൈറ്റിനിന്റെയും മാർബിളിന്റെയും പല നിറങ്ങളെ ഖുർആൻ തൊട്ടു കാട്ടുന്നുണ്ട്. തൂവെള്ളയും ചുവപ്പും കാക്കക്കറുപ്പും കലർന്ന വർണ വിസ്മയങ്ങൾ.തേനീച്ച തേൻ ശേഖരിക്കുന്ന പൂക്കളുടെ നിറങ്ങൾക്കനുസരിച്ചു തേനിനുമുണ്ട് പല നിറങ്ങൾ. പടരുന്നതും അല്ലാത്തതുമായ കായ്കനികൾ, ഈത്തപ്പഴങ്ങൾ, കാർഷിക വിളകൾ, ഓരോന്നിന്റെയും പേര് കേൾക്കുമ്പോഴേക്കും നമ്മുടെ നാവിൻ തുമ്പിലെ രസമുകുളങ്ങൾ ഉണരുന്നു.

രുചി വൈവിധ്യങ്ങളോടൊപ്പം മനുഷ്യരിലെ ഭാഷാവൈവിധ്യങ്ങളും ഖുർആനിലെ പഠന വിഷയമാണ്. ‘ആറു നാട്ടിൽ നൂറു ഭാഷ’ എന്നൊരു ചൊല്ലുണ്ടല്ലോ. കേരളത്തിൽ തന്നെ മലയാള ഭാഷക്ക് എത്രയെത്ര ശൈലി ഭേദങ്ങളാണുള്ളത്. ഒമ്പത് ഇടങ്ങളിൽ ആവർത്തിക്കുന്ന ഈ ഖുർആനിക വിശകലനങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശമെന്താണ്? ബഹുസ്വരത ഈ പ്രപഞ്ചത്തിന്റെ പ്രകൃതിയാണ്, വൈവിധ്യങ്ങൾ ഒരു പ്രകൃതി സത്യവും.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

വിശ്വാസ സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചും ഖുർആൻ ഇങ്ങനെ പരാമർശിക്കുന്നുണ്ട്. “നിന്റെ നാഥൻ ഇച്ഛിച്ചിരുന്നുവെങ്കിൽ അവൻ മുഴുവൻ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ അവർ വൈവിധ്യങ്ങൾ ഉള്ളവരായി തന്നെ തുടരും. നിന്റെ നാഥൻ അനുഗ്രഹിച്ചവരൊഴികെ.”(ഹൂദ് 118 ) അല്ലലാഹു മുഴുവൻ മനുഷ്യർക്കും നൽകിയ സ്വാതന്ത്ര്യത്തെയും വിവേചന ബോധത്തെയും പ്രയോജനപ്പെടുത്തി ദൈവിക ദീനിന്റെ ശുദ്ധ പ്രകൃതം സ്വീകരിച്ചവരാണ് നാഥൻ അനുഗ്രഹിച്ചവർ. അല്ലാത്തവരോ? ഇഹ- പര ലോകങ്ങളിൽ നഷ്ടം സഹിക്കേണ്ടിവരും എന്ന് ഖുർആൻ ഉണർത്തുന്നു.

ബഹുമത സമൂഹത്തിലെ മുസ്ലിം എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? സാഹചര്യങ്ങളിൽ പെട്ട് പോവുമ്പോൾ എന്ത് ചെയ്യണമെന്ന അടവ് നയമല്ല ഈ വിഷയത്തിൽ ഇസ്ലാമിനുള്ളത്. മറിച്ചു കൃത്യവും പ്രമാണബദ്ധവുമായ നിലപാട് തന്നെയാണ്. ഇസ്ലാം ചടുലവും സങ്കീർണവുമായ ബഹുസ്വര സമൂഹത്തെ നയിച്ചു വിജയം വരിച്ച ഒരു ആദർശ പ്രസ്ഥാനമാണല്ലോ. മദീനയിലെത്തിയ നബി (സ) അവിടുത്തെ ഇതര മത-മതേതര വിഭാഗങ്ങളെയെല്ലാം ചേർത്ത് പിടിച്ചു. ഇസ്ലാമിക രാഷ്ട്രത്തോട് അവരെ കോർത്തിണക്കിക്കൊണ്ട് ഒരു കരാറുണ്ടാക്കി. ആ കരാറിലെ ആദ്യവാചകം എന്താണെന്നറിയാമോ? -“നാം ഒരൊറ്റ ജനതയാണ്” എന്നതായിരുന്നു.

ബഹുസ്വരതയെ ഉൾക്കൊള്ളുക എന്നാൽ എന്താണ്? സ്വന്തം ആദർശവും അസ്തിത്വവും തനിമയും നിലനിർത്തിക്കൊണ്ട് തന്നെ അവരെയും അംഗീകരിക്കാനുള്ള വിശാല മനസ്സാണത്. മതസൗഹാർദ്ദം പറഞ്ഞു ഇതര മതസ്ഥരുടെ വേഷം കെട്ടി സെൽഫിയെടുക്കാൻ അല്ല. അവരുടെ സംസ്കാരം, കടമെടുത്തു സ്വന്തം, സാംസ്കാരിക തനിമയെ വലിച്ചെറിയലുമല്ല. പകരം വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെ പരസ്പരം മാനുഷിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനുള്ള കവാടങ്ങൾ മുട്ടിത്തുറക്കലാണത്. അതിര്വരമ്പുകൾക്കപ്പുറത്തു മനുഷ്യന്റെ സുഖദുഃഖങ്ങളിൽ, സന്തോഷ സങ്കടവേളകളിൽ ചേർന്ന് നിൽക്കലാണത്. വിശേഷ വേളകൾക്ക് ആരാധനയുടെയും ആഘോഷത്തിന്റെയും മാനങ്ങളുണ്ടല്ലോ. ആരാധനകൾ വിശ്വാസികൾ നിർവഹിക്കട്ടെ. സന്തോഷ വേളകൾ എല്ലാവരുടേതുമാവട്ടെ.

Also read: ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

ഇതര മതസ്തരോടുള്ള സമീപനങ്ങളിൽ ഇസ്ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടുകൾ കൃത്യമായി പഠിച്ചാൽ മാത്രമേ ഈ വിഷയത്തിലെ അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കപ്പെടുകയുള്ളൂ. അവരോടുള്ള അഭിസംബോധന ശൈലി, അഭിവാദ്യം, ആരാധനാലയങ്ങളിൽ പ്രവേശിക്കൽ, ആഘോഷ വേളകളിൽ ഇടപെടലുകൾ എന്നതെല്ലാം നാം നിരൂപണ മനസ്സോടു കൂടി പഠന വിധേയമാക്കേണ്ടതുണ്ട്. ലോകം ഏറ്റുമുട്ടൽ ശൈലിയിൽ നിന്ന് സംവാദ ശൈലിയിലേക്ക് മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകൾ അടഞ്ഞു പോയ മനസ്സുകളുടെ വാതിലുകൾ തള്ളി തുറന്നു കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും എല്ലാവരും ഇട കലർന്ന ഒരു പൂവാടിയിലെ വർണ വൈവിധ്യമുള്ള പൂക്കൾ പോലെ പരസ്പരം സുഗന്ധവും ഫലങ്ങളും പങ്കുവെക്കുന്ന ഒരു ലോകക്രമം നമുക്കും സ്വപ്നം കണ്ടുകൂടെ? ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സഹിഷ്ണുതയും നില നിൽക്കുന്ന ഒരു ലോകം. തുറന്നുവെക്കൂ കിളിവാതിലുകൾ, ശുദ്ധ പ്രകൃതിയുടെ കാറ്റും വെളിച്ചവും മനസ്സകങ്ങളിൽ കയറിയിറങ്ങട്ടെ.

Related Articles