Current Date

Search
Close this search box.
Search
Close this search box.

വേദനകൾ വെളിച്ചമാകട്ടെ

പരിശുദ്ധ ഖുർആനിലെ സൂറത്തുൽ അഹ്സാബ് ( 33:21) ൽ അല്ലാഹു പറയുന്നു: ” لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا ” (വാസ്തവത്തില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ വിശിഷ്ടമായ മാതൃകയുണ്ടായിരുന്നു;അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്‍ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്)[الأحزاب : 21]

ഇതിൽ أسوة حسنة (വിശിഷ്ട മാതൃക)എന്നത് ജീവിതത്തിലെ ആരാധനാകാര്യങ്ങളിൽ മാത്രമാണ് എന്ന് പലപ്പോഴും നമ്മൾ തെറ്റിദ്ധരിച്ചുപോകുന്നുണ്ട്. ഒരുപക്ഷേ, സൈദ്ധാന്തികമായി അങ്ങനെയൊക്കെ പറയുമ്പോഴും എഴുതുമ്പോഴും പ്രായോഗികമായ നമ്മുടെ നിത്യജീവിതത്തിന്റെ മേഖലകളിലെത്തുമ്പോൾ ഈ أسوة حسنة എന്നത് നമ്മുടെ ആത്മീയ, ആരാധനാ മേഖലകളിൽ പരിമിതപ്പെട്ടു പോകുന്നില്ലേ എന്നത് ഗൗരവത്തിൽ സമുദായം ആത്മപരിശോധന നടത്തേണ്ടതുണ്ട്. യഥാർത്ഥത്തിൽ അങ്ങനെയുള്ള ഒരു സങ്കൽപമല്ല പ്രമാണങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. മൂന്നാളുകൾ പ്രവാചക പത്നിമാരുടെ വീടുകളിൽ ചെന്ന് റസൂലിന്റെ ആരാധനകളെ സംബന്ധിച്ച് സംശയങ്ങൾ ചോദിക്കുകയാണ്. പ്രവാചക ജീവിതത്തിന്റെ ശൈലി വിശദീകരിച്ചു കൊടുത്തപ്പോൾ, ഇത് തങ്ങളിൽ വളരെ കുറഞ്ഞു പോയല്ലോ എന്ന് അവർക്കു തോന്നി. റസൂലിന് അല്ലാഹു നേരത്തേ മഗ്ഫിറത്ത് നൽകിയതാണ്; പക്ഷേ, നമുക്കത് പോര എന്ന് തോന്നിയ അവർ ചില പ്രതിജ്ഞകളെടുക്കുന്നു. ഒന്നാമൻ പറഞ്ഞു: ഇനി രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങുകയേ ഇല്ല;പൂർണമായും നിന്ന് നമസ്ക്കരിക്കും. രണ്ടാമൻ പറഞ്ഞു: ഞാനിനി വർഷം മുഴുവൻ നിരന്തരമായി നോമ്പെടുക്കുകയാണ്;മുറിക്കുകയേ ഇല്ല. മൂന്നാമൻ പറഞ്ഞു: ഞാൻ സ്ത്രീകളുമായി ബന്ധം പുലർത്തുകയോ കുടുംബ ജീവിതം നയിക്കുകയോ ഇല്ല. നബി(സ) ഈ സംഭവം അറിഞ്ഞപ്പോൾ അവരുടെ അടുത്തുചെന്ന് ചോദിച്ചു: നിങ്ങളാണോ ഇങ്ങനെയൊക്കെ തീരുമാനമെടുത്തത്? നിങ്ങളിൽ ഏറ്റവും ഭക്തൻ ഞാനാണ്. എന്നാൽ ,ഞാൻ നോമ്പെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. രാത്രിയിൽ നിന്ന് നമസ്ക്കരിക്കാറുണ്ട്;ഉറങ്ങാറുമുണ്ട്.ഞാൻ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്.കുടുംബ ജീവിതം നയിക്കുന്നവനാണ്. ശേഷം പറഞ്ഞു: ” فمن رغب عن سنتي فليس مني ”
(എന്റെ ചര്യയെ ആരെങ്കിലും അവഗണിച്ചാൽ അവൻ എന്നിൽപ്പെട്ടവനല്ല)

ആരാധനാ ജീവിതവും കുടുംബ ജീവിതവും സാമൂഹിക ജീവിതവുമെല്ലാം പ്രവാചകചര്യകളെ അനുകരിക്കേണ്ടതും അനുധാവനം ചെയ്യേണ്ടതുമായ മേഖലകളാണ് എന്ന കാര്യമാണ് ഓർമപ്പെടുത്തുന്നത്. പ്രവാചകന്റെ വിശിഷ്ട മാതൃക ജീവിതത്തിന്റെ ഏതെങ്കിലുമൊരു മേഖലയിൽ പരിമിതമല്ല; മുഴുവൻ ജീവിതമേഖലകളിലും പിന്തുടരപ്പെടേണ്ടതാണത്.

അതിലേറ്റവും പ്രധാനമായ ഒരു മേഖല ആളുകളോടുള്ള പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും രംഗമാണ്. ഈ മേഖലയിൽ റസൂൽ ( സ ) ഉയർത്തിപ്പിടിച്ച സ്വഭാവ ഗുണങ്ങൾ നമുക്കുണ്ടോ എന്ന് ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. നമ്മൾ ഒരു മനുഷ്യനോട് ഇടപഴകുമ്പോൾ അടിസ്ഥാനപരമായി അയാളുടെ മനുഷ്യത്വത്തെ ബഹുമാനിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതോ നമുക്കു വേണ്ടി തേഞ്ഞു തീരുന്ന സോപ്പുപോലെ അയാളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന വെറും പ്രയോജനവാദത്തിലൂടെ മാത്രം നോക്കിക്കാണുന്ന സമീപനമാണോ?

ഒരാളെ അയാളുടെ  പ്രസ്ഥാനമേതെന്ന് നോക്കിയല്ല, തറവാടു നോക്കിയല്ല, അയാളുടെ മനുഷ്യത്വം നോക്കിത്തന്നെയാണ് ബഹുമാനിക്കേണ്ടത്. അതാണ്”ولقد كرمنا بني آدم “എന്നതിന്റെ താൽപര്യം. ബനൂ ആദമിനെ (മനുഷ്യനെ) അല്ലാഹു ആദരിച്ചിട്ടുണ്ടെങ്കിൽ അതിനെ നമുക്ക് അനാദരിക്കാൻ അവകാശമില്ലാത്തതു കൊണ്ട് സഹമനുഷ്യരെ ആദരവോടെ നോക്കിക്കാണാൻ നമുക്ക് സാധിക്കേണ്ടതാണ്.പരിശുദ്ധ ഖുർആൻ പരിശോധിച്ചാൽ ഇത്തരത്തിലുള്ള മനുഷ്യത്വത്തിന്റെ, മാനവികതയുടെ ഉജജ്വലമായ സംസ്ക്കാരമാണ്, ജീവിതത്തിന്റെ രീതിശാസ്ത്രമാണ് അത് പരിചയപ്പെടുത്തുന്നത് എന്ന് ബോധ്യമാകും.

ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ (സ)ന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളുമായി സഈദ് ബ്നു ഹിശാം (റ) പ്രവാചകന്റെ വീട്ടിലെത്തി,പ്രവാചക പത്നി ഉമ്മുൽ മുഅമിനീൻ ആഇശ(റ)യോട് ചോദിക്കുകയാണ്: എന്തായിരുന്നു അവിടുത്തെ സ്വഭാവം? ആഇശ(റ) പറഞ്ഞു: ‘ഖുർആൻ തന്നെയായിരുന്നു അവിടുത്തെ സ്വഭാവം’. ആ ഉത്തരത്തിൽ തൃപ്തിവരാത്തതു കൊണ്ട് അദ്ദേഹം ആ ചോദ്യം വീണ്ടും ചോദിച്ചു. അദ്ദേഹത്തിന്റെ ജീവിതം പരിശുദ്ധ ഖുർആൻ തന്നെയായിരുന്നു എന്ന് ആവർത്തിച്ച് മറുപടി പറഞ്ഞു കൊണ്ട് സൂറത്തുൽ മുഅമിനീനിലെ ആദ്യത്തെ പത്ത് ആയത്തുകൾ ആഇശ(റ) ഓതികേൾപ്പിച്ചു. അഥവാ, ജീവിതത്തിന്റെ സമസ്ത മേഖലകളിലും, വിശേഷിച്ചും മനുഷ്യരോടുള്ള ബന്ധങ്ങളിൽ ഈ താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കാനും أسوة حسنةയെ പിന്തുടരാനും നമുക്ക് സാധിക്കണം. അല്ലാഹു, പ്രവാചകന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് പ്രയോഗിച്ച ചില പദങ്ങൾ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. കൊതിപ്പിക്കുന്ന വാക്കുകളിലും പ്രയോഗങ്ങളിലുമാണത് ചിത്രീകരിച്ചത്.അല്ലാഹു പറയുന്നു: {وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ} [القلم : 4]
(നിസ്സംശയം, നീ മഹത്തായ സ്വഭാവങ്ങളുള്ളവനാകുന്നു)
മറ്റൊരിടത്ത് കാണാം: {فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ…[آل عمران : 159]
(പ്രവാചകാ, നീ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിന ഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ… )

വേറൊരു ഭാഗത്ത് അസാധാരണമായ ഒരു ശൈലിയിൽ ഇങ്ങനെ പറയുന്നു:
بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ} [التوبة : 128] (സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നു) മറ്റൊരിടത്ത് അഞ്ച് വാക്കുകൾ പ്രവാചകന്റെ വ്യക്തിത്വത്തെയും നിയോഗത്തെയും കുറിക്കാൻ ഉപയോഗിച്ചു: {يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا.وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا
[الأحزاب : 45،46 ] (അല്ലയോ പ്രവാചകാ, സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു.)

പ്രവാചകന്റെ സ്വഭാവത്തെ കുറിക്കുന്ന പ്രയോഗങ്ങളുടെ ആന്തരാർത്ഥങ്ങളിലാണ് ഈ സമുദായവും പുലരേണ്ടത് എന്ന വലിയ പാഠമാണ് പരിശുദ്ധ ഖുർആൻ നമുക്ക് പകർന്നു നൽകുന്നത്. തിരക്കുപിടിച്ച ജീവിതത്തിലും പ്രവാചകന്റെ കൂടെ ജീവിച്ച സമകാലികരും പ്രവാചക പത്നിമാരും പരിചയപ്പെടുത്തുന്നത് വീട്ടിൽ ചെന്നാൽ സ്വന്തം കാര്യങ്ങൾ സ്വയം തന്നെ ചെയ്യുന്ന, ആടിനെ കറക്കുന്ന, വസ്ത്രം വൃത്തിയാക്കുന്ന, ചെരുപ്പ് തുടക്കുന്ന, അടുക്കളപ്പണികളിൽ പോലും സഹായിക്കുന്ന പ്രവാചകനെയാണ്.

‘നീണ്ട 10 വർഷക്കാലം പ്രവാചകന് സേവനമനുഷ്ഠിച്ച ഭൃത്യനാണ് ഞാൻ. ഒരിക്കലും ‘ഛെ’ എന്ന വാക്കു പോലും പ്രവാചകൻ പറഞ്ഞിട്ടില്ല’എന്ന് പറയുന്നത് അനസ് ബ്നു മാലിക് (റ)വാണ്. മക്കയിലൊരാൾക്കും പ്രവാചകന്റെ സ്വഭാവ വൈശിഷ്ട്യത്തിൽ സംശയമുണ്ടായിരുന്നില്ല. കൊടിയ ശത്രുക്കൾ പോലും പറയാറുണ്ടായിരുന്നത് ‘ഞങ്ങളെതിർക്കുന്നത് മുഹമ്മദേ, നീ കൊണ്ടുവന്ന ദർശനത്തെയാണ്, അല്ലാതെ നിന്റെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ അല്ല’ എന്നാണ്.’ അൽ അമീൻ’ (വിശ്വസ്തൻ ) എന്നാണ് പ്രവാചകൻ അറിയപ്പെട്ടിരുന്നതു തന്നെ. ഹിജ്റയുടെ സന്ദർഭത്തിൽ തന്റെ വിരിപ്പിൽ അലി ഇബ്നു അബീത്വാലിബി(റ)നെ ഉറക്കിക്കിടത്തി പോകുമ്പോൾ പ്രവാചകൻ ചില കിഴികൾ എടുത്തു കൊടുത്തത് ചരിത്രം രേഖപ്പെടുത്തിയതാണ്. മക്കയിലെ ശത്രുക്കളുൾപ്പെടെയുള്ളവർ സൂക്ഷിക്കാനേൽപിച്ച സ്വർണ മുതലുകളും ദിർഹമുകളുമായിരുന്നു അതിൽ.ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാൻ ഏൽപിച്ചുകൊണ്ടാണ് പ്രവാചകൻ പോയത് എന്നോർക്കണം.

ഒരിക്കൽ ഒരു ശത്രു അദ്ദേഹത്തെ നേരിടാനായി പ്രവാചകന്റെ വാൾ തൂക്കിയിട്ടിരിക്കുന്ന മരച്ചില്ലയിൽ നിന്ന് അത് ഊരിയെടുത്തു കൊണ്ട് പ്രവാചകനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആ വാൾ കൈക്കലാക്കിക്കൊണ്ട് പ്രവാചകൻ അയാളോട് സംസാരിക്കുന്ന രംഗമുണ്ട്.അയാളെ പ്രവാചകൻ വെറുതെ വിടുകയാണ് ചെയ്തത്.’ഈ സമൂഹത്തിലെ ഏറ്റവും വിശിഷ്ടനായ മനുഷ്യന്റെ സമീപത്തുനിന്നാണ് ഞാനിങ്ങോട്ട് വരുന്നത് ‘ എന്നാണദ്ദേഹം നാട്ടുകാരോട് പറഞ്ഞത്. ശത്രുവിനോട് അങ്ങനെ പറയിക്കാൻമാത്രം ഉജ്ജ്വലമായ, സൗമ്യമായ പെരുമാറ്റമായിരുന്നു പ്രവാചകന്റേത് എന്നാണ് ഖുർആനും സുന്നത്തും നമുക്ക് പറഞ്ഞു തരുന്നത്. ഈ സ്വഭാവം സ്വീകരിക്കാൻ മുസൽമാനേ നിനക്ക് സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ് കാലഘട്ടം നമ്മോട് ചോദിക്കുന്നത്.

ഒരു പച്ചമനുഷ്യന്റെ ജീവിതമെന്ന നിലക്ക് ആ ജീവിതം ഗൗരവത്തിൽ പഠനവിധേയമാക്കുമ്പോൾ, മഹാന്മാർ ചൂണ്ടിക്കാണിച്ച അതിശയം ,പ്രവാചക ജീവിതത്തിൽ വേദനകൾ വെളിച്ചമായി മാറി എന്ന നിരീക്ഷണമാണ്. ഉപ്പയില്ലാതെ അനാഥത്വത്തിലാണ് ജനിച്ചു വീഴുന്നത്. ആറാം വയസ്സിൽ ഉമ്മയെയും നഷ്ടമായി;ഇരട്ട അനാഥത്വം അനുഭവിക്കുന്നു. പിന്നെ സംരക്ഷിച്ചിരുന്ന അബ്ദുൽ മുത്തലിബ് രണ്ടു വർഷം കഴിഞ്ഞ് മരണപ്പെടുന്നു.ഇങ്ങനെ അനാഥത്വത്തിനുമേൽ അനാഥത്വം അനുഭവിച്ചാണ് പ്രവാചകൻ വളർന്നത്. മക്കളും മരണപ്പെട്ടു പോയി.ഇബ്റാഹീം എന്ന മകൻ മരിക്കുമ്പോൾ മകന്റെ മയ്യിത്ത് മടിയിൽ വെച്ച് കരയുന്ന പ്രവാചകനെ ചരിത്രത്തിൽ നമുക്ക് കാണാനാകും.ആറാമത്തെ വയസ്സിൽ മാതാവ് മരിക്കുമ്പോൾ മരുഭൂമിയുടെ ഓരത്ത് കണ്ണുനീർ നിറഞ്ഞ പ്രവാചകനെ നമ്മൾ കാണുന്നു.عام الحزن (ദു:ഖ വർഷം) എന്നറിയപ്പെട്ട പ്രിയതമയായ ഖദീജ അല്ലാഹുവിലേക്ക് യാത്രയായവർഷത്തിലും വേദന അനുഭവിക്കുകയാണ്.ഇതിനെല്ലാം പുറമേ ശത്രുക്കളിൽ നിന്ന് അനുഭവിക്കേണ്ടിവന്ന മർദനപീഢനങ്ങളുടെ വ്യഥകൾ. ഇതെല്ലാം മഹാന്മാർ വിശകലനം ചെയ്തു. വേദനകളെല്ലാം ആ ജീവിതത്തിന്റെ വെളിച്ചമായി മാറുകയാണ് ചെയ്തത്. ആ പ്രവാചകനാണ് ഏറ്റവും വലിയ അനാഥസംരക്ഷകനായി മാറിയത്, ഏറ്റവും വലിയ വിധവാ സംരക്ഷകനായത്, മനുഷ്യാവകാശങ്ങൾ പ്രയോഗത്തിൽ നടപ്പിലാക്കിയത്, അടിമത്തമില്ലാതാക്കിയത്, സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുത്തത്, പൊതുരംഗത്ത് ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചത്, എല്ലാ സംഘങ്ങളെയും കൂട്ടിനിർത്തിക്കൊണ്ട് മദീനാ ചാർട്ടർ എന്ന ഭരണഘടനയുണ്ടാക്കി ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെ സുന്ദരമായി മുന്നോട്ടു നയിക്കാമെന്ന പാഠം ലോകത്തിനാദ്യമായി പകർന്നു നൽകിയത്…

പ്രവാചകനെ നിരന്തരം അനുസ്മരിച്ചു കൊണ്ടിരിക്കുന്ന മുസ് ലിം സമുദായത്തിന്, പ്രവാചകന്റെ أسوة നെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വീകരിച്ചു കൊണ്ട് എല്ലാ മേഖലകളിലും നമ്മളനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളെ ജീവിതത്തിൽ വെളിച്ചമാക്കി മാറ്റാനാണ് സാധിക്കേണ്ടത്.

 

തയ്യാറാക്കിയത്- ഇഖ്ബാൽ മുള്ളുങ്ങൽ

Related Articles