Current Date

Search
Close this search box.
Search
Close this search box.

കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

the Prophet

‘പലതരം പൂക്കളുള്ള ഒരു പൂക്കുടന്ന പോലെ’ എന്നാണു മുത്ത് നബി (സ്വ)യുടെ സ്വഭാവ വൈശിഷ്ട്യത്തെ കുറിച്ച് വിഖ്യാത ഇന്ത്യൻ പണ്ഡിതൻ സയ്യിദ് സുലൈമാൻ നദ്‌വി രേഖപ്പെടുത്തിയത്. അതിന്റെ ഭംഗിയും സുഗന്ധവും ആരെയും ആകർഷിക്കും. നമുക്ക് ആ കുടുംബ ജീവിതത്തിലെ ഒരു ഇതൾ ഇറുത്തെടുത്താലോ?

അന്നൊരിക്കൽ മുത്ത് നബി (സ്വ) യോട് ശിഷ്യനായ അംറുബ്നുൽ ആസ്വ്(റ) ഒരു ചോദ്യം ചോദിച്ചു. ആൾക്കൂട്ടത്തിൽ വെച്ചായിരുന്നു ആ ചോദ്യം. “അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് ഈ ദുനിയാവിൽ ഏറ്റവും സ്നേഹം ആരെയാണ്?” അത് ആരെയും കുഴപ്പിക്കുന്നൊരു ചോദ്യമാണ്. എന്നാൽ നബി തിരുമേനി ഒട്ടുമാലോചിക്കാതെ ഉടൻ മറുപടി പറഞ്ഞു. “എനിക്ക് ഈ ദുനിയാവിൽ ഏറ്റവും സ്നേഹം എന്റെ ആയിഷയോടാണ്”. ആൾക്കൂട്ടത്തെ നോക്കി പരസ്യമായി തന്നെയായിരുന്നു ആ പറച്ചിൽ. വീണ്ടും അദ്ദേഹം ചോദിച്ചു, “പിന്നെ ആരെയാണ് റസൂലേ അങ്ങേക്ക് ഇഷ്ടം?” അതിനും ഉടൻ വന്നു മറുപടി- “ആയിഷയുടെ വാപ്പയെ, സിദ്ദിഖുൽ അക്ബറിനെ”. സത്യത്തിൽ ആ രണ്ടു മറുപടിയും ഒന്ന് തന്നെയല്ലേ? ആദ്യം ആയിഷയെ, പിന്നെ ആയിഷയെ തനിക്ക് ലഭിക്കാൻ നിമിത്തമായ അബൂബക്കറിനെ. ഖദീജ ബീവിയുടെ വിയോഗത്തിനു ശേഷമായിരുന്നു റസൂലുല്ലാഹി ഇങ്ങനെ മറുപടി പറഞ്ഞത്.

സ്നേഹം പ്രകടിപ്പിക്കാൻ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് തുറന്നു പറയാൻ ദമ്പതികൾ മറന്നു പോവുന്ന ഈ കാലത്തു ഈ സ്നേഹപ്രകടനത്തിനു ഏറെ മൂല്യമുണ്ട്. ജീവിതത്തിന്റെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ദാമ്പത്യത്തെ ചില ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമാക്കി മാറ്റുകയാണ്. അവിടെയാണ് സ്നേഹം വരണ്ടു പോവുന്നത്.
ഭക്ഷണം എടുത്തു വെച്ചോ? വെച്ചു.
ഡ്രസ്സ് ഇസ്തിരിയിട്ടോ? ഇട്ടു.
ഓഫീസിലേക്കു പോവുന്നില്ലേ? പോകണം.
ആത്മാവില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായിട്ട് ജീവിതം തിരക്ക് പിടിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്.

ഒരിക്കൽ നല്ല നേരത്തു ആയിഷ(റ) നബിയോട് ഒരു ചോദ്യം ചോദിച്ചു.
“റസൂലേ, അങ്ങേക്ക് എന്നോട് സ്നേഹമാണോ?”
“ഇതെന്ത് ചോദ്യമാണ് ആയിഷ?”
“എങ്കിൽ എനിക്കൊരു കാര്യം അറിയണം. എന്നോടുള്ള സ്നേഹത്തെ താങ്കൾ എങ്ങനെയാണ് വാക്കുകളിൽ ആവിഷ്കരിക്കുക?”
പുഞ്ചിരിയോടെ മുത്ത് നബി (സ്വ) പറഞ്ഞു: “നിന്നോടുള്ള സ്നേഹം വലിക്കുന്തോറും മുറുകുന്ന ഒരു കെട്ട് പോലെയാണ് ആയിഷാ. അത് വലത്തോട്ട് വലിച്ചാലും ഇടത്തോട്ട് വലിച്ചാലും പിന്നെയും പിന്നെയും മുറുകിക്കൊണ്ടിരിക്കും. നീ ഇഷ്ടം പ്രകടിപ്പിച്ചാലും അനിഷ്ടം കാണിച്ചാലും അത് മുറുകുക തന്നെയാണ്”.
എന്തൊരു മറുപടിയാണല്ലേ! ഇടയ്ക്കിടെ ആയിഷ ബീവി ചോദിക്കുമായിരുന്നത്രെ, ‘റസൂലേ ആ കെട്ട് ഇപ്പൊ എങ്ങനെയുണ്ട്?’ റസൂൽ പറയും, ‘ആയിഷാ അത് മുറുകിക്കൊണ്ടേയിരിക്കുകയാണ്,. അപ്പോൾ അവിടെ സ്നേഹത്തിന്റെ മുത്തുകൾ ചിന്നിച്ചിതറും.

Also read: ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

മറ്റൊരിക്കൽ നബി (സ) ആയിഷ ബീവിയോട് പറഞ്ഞു. “നീ എന്നോട് സ്നേഹവും സ്നേഹക്കുറവും പ്രകടിപ്പിക്കുന്നതെങ്ങനെയാണെന്ന് ഞാൻ നന്നായി തിരിച്ചറിയുന്നുണ്ട്. എന്നോട് സ്നേഹം തോന്നുമ്പോൾ നീ പടച്ചവനെ വിളിക്കുന്നത് മുഹമ്മദിന്റെ രക്ഷിതാവേ എന്നാണ്. എന്നോട് പരിഭവമുള്ളപ്പോൾ നീ വിളിക്കുന്നത് ഇബ്‌റാഹീമിന്റെ റബ്ബേ എന്നും”. റസൂലേ അങ്ങ് എന്റെ ഓരോ വാക്കും ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന് ആയിഷ ബീവി അത്ഭുതപ്പെട്ടു . എന്നിട്ട് മഹതി കൂട്ടിച്ചേർത്തു, “ആ കുറവ് വാക്കിൽ മാത്രമേ ഉള്ളൂ, ഖൽബിൽ ഒരു കുറവുമില്ല”.

ആയിഷ ബീവിയും റസൂലും തമ്മിലെ ഓട്ടമത്സരം പ്രസിദ്ധമാണല്ലോ. രണ്ടു പ്രാവശ്യം മത്സരം നടത്തി. ഒരിക്കൽ ആയിഷ ജയിച്ചു. അടുത്തതിൽ റസൂലും. മത്സരം സമനിലയിൽ സമാപിച്ചു. ജീവിതത്തിൽ ഒരാൾ മുമ്പിലും മറ്റെയാൾ പിന്നിലും ആവരുത്. നെഞ്ച് വിരിച്ചു കൈ കോർത്ത് പിടിച്ചു ഒന്നിച്ചാണ് നേരിടേണ്ടത് എന്ന പ്രണയമുള്ള ഒരു ആശയമുണ്ട് ആ സമനിലയിൽ.

ഒരു നാൾ സുബഹി കഴിഞ്ഞ് പള്ളിയിൽ നിന്ന് തിരിച്ചെത്തിയ മുത്തുനബി ചോദിച്ചു, ‘ആയിഷാ എന്താ കഴിക്കാൻ’? ‘ഒന്നുമില്ലല്ലോ റസൂലേ’. ‘എങ്കിൽ എനിക്കിന്ന് സുന്നത്തു നോമ്പാണ്’. ഒരു പരീക്ഷണത്തെ പുണ്യകരമായ കർമമാക്കി മാറ്റുന്ന രസതന്ത്രമുണ്ട് അതിൽ. മറ്റു ചിലപ്പോൾ ഇതേ ചോദ്യത്തിന് ഉണക്കറൊട്ടി മാത്രമുണ്ടെന്ന് ആയിഷ ബീവി മറുപടി പറയും. എങ്കിൽ ആ റൊട്ടിയും അല്പം ഉപ്പുവെള്ളവും എടുത്തോളൂ എന്ന് പറയും തിരുമേനി. അത് കഴിക്കുമ്പോൾ ബീവിയെ നോക്കികൊണ്ട്‌ റസൂലുല്ലാഹി പറയുമത്രെ, “ഉപ്പിനെന്തൊരു രുചിയാണ്!”. എന്നിട്ടു രണ്ടുപേരും ചിരിക്കും. ആ ചിരിയിൽ സ്നേഹത്തിന്റെ രുചിക്കൂട്ട് ആവോളമുണ്ടായിരുന്നു.

Also read: Also read: ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

ആയിഷ ബീവി വെള്ളം കുടിക്കുമ്പോൾ അതെ പാത്രം വാങ്ങി ആയിഷ ചുണ്ടു വെച്ച അതെ സ്ഥലത്തു ചുണ്ടു വെച്ചു വെള്ളം കുടിക്കുമായിരുന്നു നബി (സ്വ) . സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. യാചകന്റെ ഭാണ്ഡത്തിലെ കറ പുരണ്ട നാണയത്തുട്ടുകൾ പോലെ അവകാശികൾക്ക്‌ പ്രയോജനപ്പെടാതെ പോവാനുള്ളതല്ല അത്. ഇത്തരം ചില നിമിഷങ്ങളുണ്ടായാൽ മാത്രം പോരെ അരനൂറ്റാണ്ടോളം നീണ്ടു നിൽക്കുന്ന ദാമ്പത്യത്തെ നിത്യ വസന്തമാക്കാൻ? ഒന്ന് ശ്രമിച്ചാൽ നമുക്കും സ്നേഹത്തിന്റെ പ്രവാചകരാവാൻ സാധിക്കും.

വിശുദ്ധ ഖുർആൻ പറയുന്നു. “നിശ്ചയമായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്‌. അല്ലാഹുവിനെയും അന്ത്യനാളിനെയും ഏറെ പ്രതീക്ഷിക്കുന്നവർക്കും അല്ലാഹുവിനെ ധാരാളമായി ഓർക്കുന്നവർക്കും”

Related Articles