Current Date

Search
Close this search box.
Search
Close this search box.

തെറ്റുകൾ തിരിച്ചറിയുക, അംഗീകരിക്കുക, തിരുത്തുക

അറേബ്യൻ ചരിത്രത്തിലൂടെ നാം കണ്ണോടികുമ്പോൾ കുപ്രസിദ്ധനായ ഒരു മോഷ്ടാവിനെ കുറിച്ചു കാണാൻ കഴിയും. അൽ ഉഹൈമിർ അസ്സഅദി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒട്ടക മോഷണത്തിൽ വളരെ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. കൂടാതെ വഴിയാത്രക്കാരെ കൊള്ളയടിച്ചും അതിന്റെ പേരിൽ അഹങ്കരിച്ചും നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കി ഭയം ജനിപ്പിച്ചുമാണ് അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്. ഈ മോഷ്ടാവിന് ഒരു പ്രത്യേകത ഉണ്ട്. മറ്റു മോഷ്ടാക്കളിൽ നിന്നു ഭിന്നമായി മോഷണം ഒരു കുറ്റമാണെന്നോ അതിന്റെ പേരിൽ കുറ്റബോധം ഉണ്ടാവേണ്ടതുണ്ടെന്നോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. മറിച്ചു തന്റെ മോഷണത്തെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കവിതയിൽ അദ്ദേഹം പറയുന്നത്: എന്റെ കയ്യിൽ ഒട്ടകത്തെ കെട്ടുന്ന കയറുണ്ട്. ആ കയറുമായി ഞാൻ സഞ്ചരിക്കുകയാണ്. അതിന്റെ ഒരു തലയിൽ ഒട്ടകം ഇല്ലായെങ്കിൽ അത് അല്ലാഹുവിനാണല്ലോ നാണക്കേട്. നാട്ടിൽ എത്രയെത്ര ഒട്ടകങ്ങൾ ഉണ്ട്. എന്നിട്ട് ആ ഒട്ടകങ്ങളെയൊന്നും ഞാൻ എടുക്കാതെ ഒരു ഒട്ടകമില്ലാത്ത കയറുമായി സഞ്ചരിക്കുക എന്നത് എനിക്കല്ല നാണക്കേട് ഉണ്ടാക്കുന്നത് അത് അല്ലാഹുവിന് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. അതു കൊണ്ടാണ് ഞാൻ മോഷ്ടിക്കുന്നത് എന്നിങ്ങനെ വളരെ മനോഹരമായാണ് ഉഹൈമിർ അസ്സഅദി ന്യായീകരിച്ചിരിക്കുന്നത്. ഈ സംഭവുമായി മനുഷ്യരുടെ ജീവിതത്തിന് അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ പ്രകൃതിയിൽ പെട്ടതാണ് തെറ്റു ചെയ്യുക എന്നത്. എന്നാൽ ചെയ്ത തെറ്റിനെ അംഗീകരിക്കാതെ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ധാരാളമായി മനുഷ്യർക്കിടയിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ്. ഉഹൈമിർ അസ്സഅദി എന്നുള്ളത് ആ ഒരു പ്രവണതയുടെ തുടക്കമാണെങ്കിൽ അദ്ദേഹത്തിന്റെ പല മുഖങ്ങളും സമൂഹത്തിൽ കാണാൻ സാധിക്കും. ഇവിടെ പ്രശനം തെറ്റിനെ ന്യായീകരിക്കലാണ്.

ഒരു മനുഷ്യന്റെ വിജയത്തിന്റെ അടിസ്ഥാനം അവൻ ചെയ്ത തെറ്റുകളെ അംഗീകരിക്കുക എന്നതാണ്. വിശുദ്ധ ഖുർആൻ ആദമിന്റെയും ഇബ്‌ലീസിന്റെയും സംഭവം നമുക്ക് വിവരിച്ചു തരുന്നുണ്ട്. ആ ചരിത്രത്തിൽ സൂചിപ്പിക്കുന്ന വ്യക്തമായ കാര്യം, രണ്ടു പേർക്കും തെറ്റ് സംഭവിച്ചു. ആദം നബി (അ) അല്ലാഹു വിലക്കിയ കനി ഭക്ഷിച്ചു. ഇബ്‌ലീസിനെ സംബന്ധിച്ചിടത്തോളം ആദമിനു വേണ്ടി അല്ലാഹുവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ കല്പിച്ചതിനെ ഇബ്‌ലീസ് വിസമ്മതിച്ചു. എന്നാൽ ആദമിനെയും ഇബ്‌ലീസിനെയും തമ്മിൽ വേർതിരിക്കുന്ന സുപ്രധാനമായ കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. ഖുർആൻ പറയുന്നു :
وَعَصَىٰ آدَمُ رَبَّهُ فَغَوَىٰ} {ثُمَّ اجْتَبَاهُ رَبُّهُ فَتَابَ عَلَيْهِ وَهَدَىٰ} [طه : 122 (ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു). ആദം (അ)ക്ക് തന്റെ തെറ്റു മനസ്സിലായപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പശ്ചാത്തപിച്ചു. എന്നാൽ ഇബ്‌ലീസ് താൻ ചെയ്ത തെറ്റിനെ സംബന്ധിച്ചു പശ്ചാത്താപ വിവശനായില്ല.. എന്നു മാത്രമല്ല , അതിനോടുള്ള അവന്റെ പ്രതികരണം വളരെ മോശമായിരുന്നു.. {قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ} [ص : 76] (അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു). ആദമിന് മുന്നിൽ സുജൂദ് ചെയ്തില്ല എന്നു തെറ്റ് അംഗീകരിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കുകയാണ് ഇബ്‌ലീസ് ചെയ്തത്.
വിശുദ്ധ ഖുർആൻ തെറ്റുമായി ബന്ധപ്പെട്ട് രണ്ടു പ്രയോഗങ്ങൾ നടത്തുന്നുണ്ട്.
1- مخطأ  അറിയാതെ തെറ്റു ചെയ്യുകയും അതിനെ കുറിച്ചു ബോധ്യം വന്നാൽ ആ തെറ്റ് തിരുത്തുകയും ചെയ്യലാണ്.
2- خاطء  തെറ്റു ചെയ്യുകയും ആ തെറ്റിനെ ന്യായീകരിച്ചു കൊണ്ട് അതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുക എന്നതാണ്.

അതു കൊണ്ടാണ് വിശുദ്ധ ഖുർആൻ നരകത്തിലെ ഭക്ഷണത്തെ കുറിച്ചു പറഞ്ഞപ്പോൾ:
ولا طعام إلا من غسلين ، لا يأكله الا الخاطؤون (തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.) എന്ന് പ്രയോഗിച്ചത്. അതായത്, തെറ്റു ചെയ്യുകയും അതിനെ ന്യായീകരിച്ചു കൊണ്ട് അതിൽ തന്നെ ഉറച്ചു നിൽക്കുകയും അതിനെ ആവർത്തിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം.

തെറ്റുകളുടെ ന്യായീകരണത്തെ കുറിച്ചു ഖുർആൻ പരാമർശിക്കുമ്പോൾ കപട വിശ്വസികളെയാണ് ഉദാഹരണമായി ചൂണ്ടി കാണിക്കാറുള്ളത്. അവർ എപ്പോഴും പ്രവാചകന്റെ അടുക്കൽ വന്നു കൊണ്ട് ന്യായീകരിച്ചു കൊണ്ടേയിരിക്കും.

അടിസ്ഥാനപരമായി ഒരു മനുഷ്യൻ മനസ്സിലാക്കേണ്ടത് , الإعتراف بالخطأ فضيلة.  തെറ്റ് അംഗീകരിക്കുക എന്നത് ഒരു മഹാ മനസ്സിന്റെ സ്വാഭാവമാണ്. മൂസ (അ) നോട് ഫറോവ ചോദിക്കുന്ന ഒരു ചോദ്യം. നീയല്ലേ ഇന്ന ഇന്ന കാര്യങ്ങൾ ഒക്കെ ചെയ്തത്. ആ മനുഷ്യനെ കൊന്നത് നീയല്ലേ. ഉടൻ തന്നെ ഒട്ടും ചിന്തിക്കാതെ മൂസ (അ) മറുപടി പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ ഞാൻ വഴിതെറ്റിയവൻ തന്നെയാണ്. തനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് മൂസ നബി (അ) തുറന്ന് സമ്മതിക്കുകയാണ് ചെയ്തത്. ചെയ്ത തെറ്റുകളെ അംഗീകരിക്കുക, അതിൽ ഉറച്ചു നില്കാതിരിക്കുക, അതിനെ തിരുത്തുവാൻ ശ്രമിക്കുക എന്നൊക്കെയുള്ളത് തെറ്റുകളിൽ നിന്ന് മുക്തി നേടുക എന്നതിന്റെ ആദ്യ പടിയാണ്. الخطأ الأول هو الأخير  എന്തെങ്കിലും വിഷയത്തിൽ നമ്മിൽ നിന്ന് വന്നു പോകുന്ന വീഴ്ച അത് ആ വിഷയത്തിലുള്ള നമ്മുടെ അവസാനത്തെ വീഴ്ച്ചയായി കാണുക. അതായിരിക്കണം മനുഷ്യന്റെ നിലപാട് എന്ന് മനസ്സിലാക്കുക. തെറ്റുകൾ തിരിച്ചറിയുക. അംഗീകരിക്കുക, തിരുത്തുക , അപ്പോഴാണ് ഉന്നതമായ ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തുവാൻ കഴിയുകയുള്ളു.

തയ്യാറാക്കിയത് : ഹാഫിസ് ബഷീർ.

Related Articles