Jumu'a Khutba

കാവല്‍ക്കാര്‍ ഇല്ലാത്ത നമ്മുടെ കോട്ടകള്‍

മനസ്സ് എന്ന ഒരു മഹാ പ്രതിഭാസം ഓരോ മനുഷ്യനിലും ഉണ്ട്. മനുഷ്യരാശിക്ക് വല്ലാതെ ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ പോയ എന്നാല്‍ ജീവിതത്തില്‍ അത്രത്തോളം മര്‍മപ്രധാനമായ, കേന്ദ്ര പ്രധാനമായ ഒന്നാണ് മനസ്സ് എന്ന് പറയുന്ന അത്ഭുതപ്രതിഭാസം. വാസ്തവത്തില്‍ പ്രവാചകന്മാരെല്ലാം മാനുഷന്റ മനസിനെ ആണ് കേന്ദ്രീകരിച്ചത്. പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ തസ്‌കിയത് എന്ന ഉത്തരവാദിത്വത്തിന്റെ ഉന്നം തന്നെ മനസ്സ് എന്ന കേന്ദ്രത്തെ സാംസ്‌കാരിക്കലായിരുന്നു . മനസ്സു നന്നാവുന്നതിലൂടെ കുടുംബത്തിന്റെ , രാഷ്ട്രത്തിന്റെ , സമൂഹത്തിന്റെ സംസ്‌കരണമാണ് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന അമ്പിയാ മുര്‍സലീങ്ങളെ അല്ലാഹു ഏല്‍പ്പിച്ച ദൗത്യം. അതുകൊണ്ടുതന്നെ ഈ വിഷയത്തെ അവഗണിക്കുക സാധ്യമല്ല. അല്ലാഹുവിന്റെ റസൂല്‍ (സ )പറയുന്നു ‘ മനുഷ്യനില്‍ ഒരു മാംസ കഷ്ണം ഉണ്ട് അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചു പോയാല്‍ മനുഷ്യന്റെ ജീവിതവും ദുഷിച്ചു’.അദ്ദേഹം തുടരുന്നു ‘അതാണ് ഹൃദയം’. മനസ്സാണ് രാജാവ്. രാജാവിനെ ഓര്‍ഡറുകള്‍ അനുസരിക്കുന്ന പ്രജകളാണ് ശരീരത്തിലെ ബാക്കി അവയവങ്ങല്‍ എല്ലാം . മനസ്സ് കല്‍പ്പിക്കും കണ്ണ് പ്രവര്‍ത്തിക്കും, മനസ്സ് കല്‍പ്പിക്കും കാത് പ്രവര്‍ത്തിക്കും, മനസ്സ് കല്പിക്കും കൈകാലുകള്‍ പ്രവര്‍ത്തിക്കും .ഇങ്ങനെ മനസ്സാകുന്ന രാജാവിന്റെ ചുറ്റും അനുസരണയോടെ നില്‍ക്കുന്ന പ്രജകള്‍ ആണ് ശരീരത്തിലെ അംഗങ്ങളെല്ലാം. മനസ്സ് മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.

മാറിമറിയുന്നത് എന്നതിനാണ് അറബിഭാഷയില്‍ ഖല്‍ബ് എന്ന് പറയുന്നത്. രാവിലത്തെ മാനസികാവസ്ഥയാകില്ല ഉച്ചക്ക്, ഉച്ചക്കത്തെ മാനസ്സികാഅവസ്ഥയാകില്ല വൈകുന്നേരം. ഇങ്ങനെ നിരന്തരം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. അല്ലാഹുവിനെ കയ്യില്‍ ആണ് ഖല്‍ബുകളുടെ ആധിപത്യം. വലിയ നാല് തിരിച്ചറിവുകള്‍ നമുക്ക് ഉണ്ടാവണം . ഒന്ന്, സ്വന്തത്തെ കുറിച്ചുള്ള തിരിച്ചറിവ്. രണ്ട് , അല്ലാഹുവിനെ സംബന്ധിച്ചുള്ള തിരിച്ചറിവ്. മൂന്ന്, നമ്മള്‍ ജീവിക്കുന്ന ഈ ദുനിയാവിന്റെ യാഥാര്‍ഥ്യത്തെ സംബന്ധിച്ചുള്ള തിരിച്ചറിവ്. നാല്, വരാനിരിക്കുന്ന അനശ്വരമായ ആഖിറത്തിനെ സംബന്ധിച്ചുള്ള തിരിച്ചറിവ്. ഈ നാല് തിരിച്ചറിവുകള്‍ കൊണ്ട് ജീവിതത്തെ പടുത്തുയര്‍ത്തുക. മനസ്സിനെ ഇത്തരം തിരിച്ചറിവുകള്‍ കൊണ്ടും ഉള്‍ക്കാഴ്ചകള്‍ കൊണ്ടും നിറയ്ക്കുക . ആഖിറത്തിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുക എന്നത് നിസ്സാരമായ ഒരു വിഷയമല്ല. പക്ഷെ അങ്ങനെ തിരിച്ചറിയുമ്പോഴാണ് ഭൂമിയിലെ നമ്മുടെ റോള്‍ ചെയ്തുതീര്‍ക്കാന്‍ നമുക്ക് കഴിയുക. പ്രവാചകന്‍മാര്‍ തങ്ങളുടെ സമുദായത്തെ പടച്ചെടുത്തതും ഇത്തരത്തിലുള്ള തിരിച്ചറിവിലേക്കാണ്.

നമ്മള്‍ കേട്ടിട്ടുള്ള ചരിത്രമാണ് മുആദ് ബിനു ജബല്‍ (റ ) വിന്റെ ചരിത്രം . എങ്ങനെയാണ് നിങ്ങള്‍ നേരം വെളുപ്പിച്ചത് എന്ന് പ്രവാചകന്‍ അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഞാനൊരു യഥാര്‍ത്ഥ മുഅമിനായി നേരം വിളിപ്പിച്ചു എന്നായിരുന്നു. പ്രവാചകന്‍ അതിന്റെ വിശദീകരണം ആവശ്യപ്പെട്ടു.അദ്ദേഹത്തിന്റെ മറുപടി ഓരോ കാലടിയിലും ഞാനെന്റെ മരണത്തെ മുന്നില്‍ കാണുനുണ്ട്, അടുത്ത നിമിഷം ഞാന്‍ മരിച്ചു പോകും എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.സ്വര്‍ഗനരകങ്ങള്‍ എന്റെ കണ്ണാലെ ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ് അല്ലാഹുവിന്റെ റസൂലേ.. എന്ന് അദ്ദേഹം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചുമരില്‍ തട്ടി പ്രവാചകന്‍ പറയുന്നുണ്ട് ‘മുആദേ താങ്കള്‍ ജ്ഞാനി ആയിരിക്കുന്നു എന്ന്. താങ്കള്‍ ജീവിതത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ വിദ്യാഭ്യാസം നേടിയിരിക്കുന്നു എന്ന്. ഇങ്ങനെ തന്നെ നമ്മുടെ മനസ്സിനെ നമുക്ക് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം എന്നതാണ് ഒന്നാമത്തെ വിഷയം. ഒരു പണ്ഡിതന്‍ പറയുന്നുണ്ട് ഒരു വലിയ കോട്ട പോലെയാണ് നമ്മുടെ മനസ്സ്. ആ കോട്ടയില്‍ ഒരുപാട് കവാടങ്ങളുണ്ട് ആ കവാടങ്ങളില്‍ ‘ദിക്റുള്ളാ ‘എന്ന കാവല്‍ക്കാരനെ നിര്‍ത്താന്‍ നമുക്ക് സാധിക്കണം എന്നതാണ് രണ്ടാമത്തെ വിഷയം. സാധിച്ചില്ലെങ്കില്‍ വലിയ അപകടത്തില്‍ ആയിരിക്കും നമ്മുടെ സഞ്ചാരം. പക്ഷെ കാവല്‍ക്കാര്‍ ഇല്ലാത്ത കോട്ടകള്‍ ആയിത്തീര്‍ന്നിരിക്കുന്നു പലപ്പോഴും നമ്മുടെ മനസ്സുകള്‍. ആ കോട്ടയിലേക്ക് പ്രവേശിക്കാന്‍ വേണ്ടി, അവിടെ വിള്ളല്‍ ഉണ്ടാക്കുവാന്‍, അതിന്റെ ഉള്ളില്‍ ഉള്ള ആളുകളെ കൈകാര്യം ചെയ്യാന്‍ പുറത്ത് ഇബ്ലീസ് എന്ന ശത്രു അലഞ്ഞുതിരിയുന്നു എന്ന മുന്നറിയിപ്പ് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട് . അതുകൊണ്ട് ‘ദിക്റുള്ളാ ‘ എന്നത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനില്‍ക്കണം.അങ്ങനെ വിജയത്തിലേക്ക് അടുക്കുവാനാണ് ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് പറയുന്നത് .ഇതിന്റെ ഭാഗമായാണ് നമ്മള്‍ ചെയ്യുന്ന എല്ലാ അഭിവാദ്യങ്ങളും ആരാധന അനുഷ്ഠാനങ്ങളും . ഇരുപത്തിനാല് മണിക്കൂര്‍ ഉള്ള ഒരു ദിവസത്തെ വളരെ കൃത്യമായി അഞ്ചു ഭാഗങ്ങളായി വിഭജിച്ച് അല്ലാഹു ഏര്‍പ്പെടുത്തിതന്ന മഹത്തായ സംവിധാനമാണ് നമസ്‌കാരം . ആ നമസ്‌കാരം ശരിയായ ഭക്തിയിലും സൂക്ഷ്മതയിലും നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവിധ മ്ലേച്ചതകളില്‍നിന്നും അത് നിങ്ങളെ തടയുയും എന്നാണ് ഖുര്‍ആന്റെ സന്ദേശം. നമസ്‌കാരം മാത്രമല്ല നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അത്തരത്തിലാണ്. ഭക്ഷണവും മറ്റും ഉപയോഗിച്ചുകൊണ്ട്, ഉണ്ട് എന്തിനാണ് നോമ്പ് എടുക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം സൂക്ഷ്മത ഉള്ളവര്‍ ആവാന്‍ കഴിയുമെന്നതാണ്. ഒരാള്‍ക്ക് കല്യാണം കഴിക്കാന്‍കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ റസൂല്‍ ആ വ്യക്തിക്ക് നല്‍കുന്ന ഉപദേശം താങ്കള്‍ നോമ്പ് എടുത്തു കൊള്ളൂ എന്നുള്ളതാണ്. അങ്ങനെ വിവാഹിതരാകാത്ത മനുഷ്യന്‍ വേണ്ടാത്ത വഴികളിലേക്ക് പോകാതിരിക്കാനുള്ള ഒരു വേലിയായി റസൂല്‍ (സ ) നോമ്പിനെ പരിചയപ്പെടുത്തി. ഹജ്ജിന്റെ സ്ഥാനവും ഭിന്നമല്ല. സകാത്തിനെ സ്ഥാനവും ഭിന്നമല്ല. എല്ലാ ആരാധന അനുഷ്ഠാനങ്ങളും അങ്ങനെയാണ്.അങ്ങനെ ദൈവസ്മരണ എന്ന കാവല്‍ക്കാരനെ ഹൃദയത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ നാം തയ്യാറാവണം.

ഇതുമായി ബന്ധപ്പെട്ട മൂന്നാമതായി പറയാനുള്ളത് മനസാകുന്ന കോട്ടയിലേക്ക് പ്രവേശന ദ്വാരം ഉണ്ടാക്കി കൊടുക്കുന്ന ചില ദുസ്വഭാവങ്ങളും ദുര്‍ഗുണങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ട് എന്നതാണ്. അവയെല്ലാം നാം ജീവിതത്തില്‍ നിന്ന് ഇന്ന് തുടച്ചുനീക്കണം എന്നും ഇല്ലെങ്കില്‍ വലിയ അപകടത്തിലേക്ക് ആയിരിക്കും നമ്മുടെ സഞ്ചാരം എന്നും ഉലമാക്കള്‍ രേഖപ്പെടുത്തുന്നു.ആ അടിസ്ഥാനപരമായ തിന്മകളിലൊന്ന് പ്രധാനപ്പെട്ട ഒന്ന് അസൂയ ആണ്. അസൂയ തീ ആണെന്ന ബോധ്യമാണ് റസൂല്‍ നമ്മളിലേക്ക് പകര്‍ന്നത്.
എങ്ങനെയാണോ വിറകിനെ തീ തിന്ന് തീര്‍ക്കുന്നത് അത് പോലെ ജീവിതത്തിലെ മുഴുവന്‍ നന്മകളെയും അത് തിന്നു തീര്‍ക്കുമെന്നും അതിനാല്‍ അതിനെ കരുതിയിരിക്കണമെന്നും അതില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹുവിനോട് നിരന്തരം ചോദിച്ചു കൊണ്ടിരിക്കണം എന്നും പരിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ വലിയ അപകടം എന്നത് ആര്‍ത്തിയാണ്. ജീവിതത്തിന്റെ സുഖ സൗകര്യങ്ങള്‍ക്കും ജീവിതത്തിന്റെ സുഖങ്ങള്‍ക്കും ധനസമ്പാദനത്തിനുമുള്ള മനുഷ്യന്റെ അതിരുകടന്ന ആര്‍ത്തി.റസൂലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് താഴ്വരകള്‍ കിട്ടിയാലും മനുഷ്യന്‍ രണ്ടു കിട്ടിയല്ലോ എന്ന് പറഞ്ഞിട്ട് സമാധാനം അടങ്ങുകയല്ല മറിച്ച് മൂന്നാമത്തേതും ആഗ്രഹിക്കും . എത്ര കിട്ടിയാലും മതിയാകില്ല എന്ന രീതിയില്‍ ദുനിയാവിനെ വാരിക്കൂട്ടാന്‍ വേണ്ടി മനുഷ്യന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ആര്‍ത്തിയെ ജീവിതത്തില്‍ നിന്നു തുടച്ചു മാറ്റണം എന്ന് ഉലമാക്കള്‍ അഭിപ്രായപ്പെടുന്നു. മൂന്നാമത്തെത് അനാവശ്യമായ കോപമാണ്. റസൂലിന്റെ അടുക്കല്‍ ഉപദേശം തേടി വരാറുള്ള ആളുകള്‍ക്ക് പലപ്പോഴും റസൂല്‍ കൊടുത്ത ഉപദേശം നിങ്ങള്‍ കോപത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്. പലപ്പോഴും ആ ഒരൊറ്റ ഉപദേശം മാത്രം കൊടുത്തുകൊണ്ട് റസൂല്‍ തന്റെ സഹാബത്തിനെ തിരിച്ചയയ്ക്കും. ഒരാളിലേക്ക് കോപം വന്നു കേറുമ്പോള്‍ കുട്ടികള്‍ പന്ത് തട്ടി കളിക്കുന്നതുപോലെ ശൈത്താന്‍ അയാളെ തട്ടി കളിക്കും എന്നാണ.് അതിനാല്‍ ഗൗരവമുള്ള ഒരു അറിയിപ്പായി നമ്മള്‍ ഇതിനെ മനസ്സിലാക്കണം. നാലാമത്തെ മ്ലേച്ഛത എന്നുള്ളത് അതിരുകടന്ന ശരീര മോഹങ്ങളാണ്. ഖുര്‍ആന്‍ വളരെ കൃത്യമായി പറഞ്ഞു വെച്ചിരിക്കുന്നു, വിഹിതമായ ഇടങ്ങളില്‍ അല്ലാതെ അതിനപ്പുറത്തേക്ക് പോയാല്‍ അവര്‍ അതിരുകടന്ന വരാണ്, അവര്‍ സത്യത്തെ നിഷേധിച്ചവരാണ,് അവര്‍ ധികാരികളാണ് എന്ന് . അഞ്ചാമത്തേത് ആഡംബര ഭ്രമം ആണ്. ആഡംബരഭ്രമത്തെ ഉലമാക്കള്‍ വിശദീകരിച്ചത് കുടിക്കുമ്പോള്‍ വീണ്ടും വീണ്ടും കുടിക്കാന്‍ ആഗ്രഹിക്കുന്ന കള്ള് പോലെയാണ്. ഭൗതിക സൗകര്യങ്ങളെല്ലാം അല്ലാഹു അനുവദിച്ച കാര്യങ്ങളാണ് പരിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്.

قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزْقِ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَٰمَةِ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍ يَعْلَمُونَ
الأعراف32

അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.

ഇതില്‍ ആരാണ് അല്ലാഹു അനുവദിച്ച സൗകര്യങ്ങളെ വിലക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. സത്യവിശ്വാസികള്‍ക്ക് ഉപയോഗിക്കാന്‍ തന്നെ അല്ലാഹു നല്‍കിയതാണെന്നും നാളെ പരലോകത്ത് അവരുടേത് മാത്രമാണെന്നും ആഡംബരങ്ങളെ സംബന്ധിച്ചും മറ്റും അല്ലാഹു പറയുന്നുണ്ട്. പക്ഷേ അവിടെയെല്ലാം എല്ലാം പരിധി വേണം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അത് ഇല്ലെങ്കില്‍ നിങ്ങളുടെ കൂടപ്പിറപ്പായി എത്തുന്നത് പിശാച് ആയിരിക്കും എന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ആറാമത്തെ കാര്യം എന്നുള്ളത് അമിതാഹാരം പാടില്ല എന്നുള്ളതാണ്. അമിത ആഹാരം കഴിക്കുന്നവര്‍ക്ക് അല്ലാഹുവിന് ഇഷ്ടം ലഭിക്കുകയില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നത് പരിശുദ്ധ ഖുര്‍ആന്‍ ആണ്. അതിനു നിയന്ത്രണം വേണമെന്നും ഇല്ലെങ്കില്‍ അത് നിങ്ങളെ അലസതയിലേക്ക് നയിക്കുമെന്നും ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ. അങ്ങനെ പരിശുദ്ധ ഖുര്‍ആന്‍ അനുസരിച്ചുള്ള ജീവിതക്രമം കെട്ടിപ്പടുക്കാന്‍ ഒരു തടസ്സമായി ഭക്ഷണഭ്രമം മാറിയേക്കാം എന്നും ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ടാണ് ഉലമാക്കള്‍ക്ക് അടിസ്ഥാന പാപമായി അതിനെ എണ്ണുന്നത്. ഏഴാമത്തെ കാര്യം അനാവശ്യമായ ദൃതിയും വെപ്രാളവും ആണ്. ഇതിനെയൊക്കെ മുന്നില്‍ വെച്ചുകൊണ്ട് ജീവിതത്തെ കെട്ടിപ്പടുക്കാനും മാറ്റത്തിരുത്തലുകള്‍ കൊണ്ടുവരാനും നമുക്ക് സാധിക്കണം. വെപ്രാളത്തോട് കൂടി ഒരാള്‍ നിസ്‌കരിച്ചാല്‍ അത് നമസ്‌കാരം ആകില്ല എന്ന് പഠിപ്പിച്ചത് പ്രവാചകനാണ്. അനാവശ്യമായ വെപ്രാളത്തോടെ കൂടി ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും പൂര്‍ണ്ണതയില്‍ എത്തുകയില്ല എന്ന് നാം മനസ്സിലാക്കണം. അതുകൊണ്ടാണ് അതൊരു പൈശാചിക സ്വഭാവമായി പ്രവാചകന്‍ വിശദീകരിച്ചത.് അതോടൊപ്പം സാവധാനം ചെയ്യുക എന്നുള്ളത് അല്ലാഹുവിന്റെ ഒരു ഗുണമായും റസൂല്‍ പറയുന്നുണ്ട.് ഇത്തരത്തിലുള്ള എല്ലാ ദുര്‍ഗുണങ്ങളും അതിജീവിച്ചുകൊണ്ട് ജീവിക്കാന്‍ സാധിക്കണം എന്ന് പഠിപ്പിക്കുന്നത് അല്ലാഹുവിന്റെ ദൂതനാണ്. അതുകൊണ്ട് ഇബാദത്തുകള്‍ ഹൃദയ പങ്കാളിത്തത്തോടുകൂടി ആകുമ്പോള്‍ ശരിയായ ഇബാദത്ത് ആകുന്നതിനപ്പുറം പിശാചിനെ മനസ്സില്‍ നിന്ന് മാറ്റി നിര്‍ത്താനും സാധിക്കും. പരിശുദ്ധ ഖുര്‍ആന്‍ പത്തൊമ്പതാമത്തെ അധ്യായം സൂറത്ത് മറിയമിലെ അമ്പത്തിയൊമ്പതാമത് വചനത്തില്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ فَسَوْفَ يَلْقَوْنَ غَيًّا
അവര്‍ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.

നമസ്‌കാരം പാഴാക്കുക എന്നുള്ളത് ഒരാളുടെ ശീലം ആയി മാറിയാല്‍ പിന്നെ സംഭവിക്കുക എല്ലാത്തിനോടുമുള്ള ഭ്രമമാണ്. മനസ്സാണ് സംസ്‌കരണത്തിന്റെ കേന്ദ്രം എന്ന് നാം മനസ്സിലാക്കണം ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ ഉലമാക്കള്‍ നമ്മുടെ മുന്നിലേക്ക് വെക്കുമ്പോള്‍ അപ്പോള്‍ നമ്മള്‍ നിരന്തരമായി ആത്മപരിശോധന നടത്തേണ്ടതുണ്ട്.

Facebook Comments
Related Articles

Check Also

Close
Close
Close