Jumu'a Khutba

നിക്കോളാസ് വുജിസിസ്: ആത്മ വിശ്വാസം നൽകുന്ന ജീവിത പാഠം

നിക്കോളാസ് വുജിസിസ്.. ലോകത്തിലെ അറിയപ്പെട്ട മോട്ടിവേഷണൽ സ്‌പീക്കർ. പ്രചോദിത പ്രഭാഷകൻ.ഓസ്ട്രേലിയയിലാണ് ജനനം. തന്റെ ജനനസമയത്ത് ഉണ്ടായ സംഭവ വികാസങ്ങൾ പിൽക്കാലത്ത് നിക്ക് ഓർത്തെടുക്കുന്നുണ്ട്. ഇരു കൈകളും ഇരു കാലുകളും ഇല്ലാത്ത അവസ്ഥയിലാണ് നിക്കോളാസ് ജനിക്കുന്നത്. അദ്ദേഹം പറയുന്നു: എന്നെ കണ്ടതും എന്റെ അച്ഛൻ ഛർദിച്ചു. തലകറങ്ങി നിലത്തു വീണു. നഴ്‌സ് അദ്ദേഹത്തെ റൂമിന് വെളിയിൽ കൊണ്ടുപോയി. അത്രക്ക് ദയനീയമായിരുന്നു എന്റെ അവസ്ഥ. ഏകദേശം 4 മാസത്തോളം എന്റെ മാതാവ് എന്നെ പരിചരിച്ചിരുന്നില്ല. അവർക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു എന്റെ ജനനം. കുറച്ച് കഴിഞ്ഞ് അവർക്ക് മനസ്സിലായി ഞാൻ ദുർബലനാണെന്നും ഞങ്ങൾ കൂടി ദുർബലരായൽ ഈ മകൻ നശിച്ചു പോകും എന്ന്. അതു കൊണ്ട് അവർ എന്നെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. 8 വയസ്സു വരെ എനിക്ക് കൂട്ടുകാരായി ആരും തന്നെ ഉണ്ടായിരുന്നില്ല.9 വയസായപ്പോൾ എന്നെയും കൂട്ടി മാതാപിതാക്കൾ ഡോക്ടറുടെ അടുത്ത് ചെന്നു ,കൈകാലുകൾ വെച്ചു പിടിപ്പിക്കാൻ. പക്ഷെ ഡോക്ടർ പറഞ്ഞു: ഇവന് ഭാരം തീരെ കുറവാണ്. ഈ പ്രായത്തിൽ കൈകാലുകൾ വെച്ചു പിടിപ്പിച്ചാൽ തീരെ ശെരിയാവുകയില്ല.
അതും കേട്ടപ്പോൾ എന്റെ ആത്മവിശ്വാസം തകർന്നു. ആത്മഹത്യ മാത്രമായിരുന്നു എന്റെ മുന്നിലുള്ള ഏക പോംവഴി. ആത്‍മഹത്യയിലേക്കുള്ള ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയപ്പോൾ എന്റെ പിതാവ് ഒരു മനുഷ്യന്റെ ഫോട്ടോയുമായി എന്റെ മുന്നിൽ വന്നു. 70 വയസ്സുവരെ കൈകാലുകൾ ഇല്ലാതെ ജീവിച്ച മനുഷ്യനായിരുന്നു അത്. പിതാവ് പറഞ്ഞു: നിന്റെ മുന്നിൽ രണ്ടു വഴികളാണ് ഉള്ളത്. ഒന്ന് എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസമായി നിനക്ക് ജീവിക്കാം. അല്ലെങ്കിൽ ഒരു പോരാളിയെ പോലെ മറ്റുള്ളവരുടെ മുന്നിൽ ജീവിക്കാം. പിതാവാണ് തന്നെ ജീവിപ്പിച്ചത് എന്ന് നിക്ക് പറയുന്നു. അന്ന് മുതൽ എന്റെ ജീവിതം ഒരു പോരാളിയുടേതായിരുന്നു. എന്റെ ഒൻപതാമത്തെ വയസിലാണ് ഞാൻ സ്കൂളിന്റെ പടി ചവിട്ടുന്നത്. മറ്റുള്ളവരെല്ലാം എന്നെ പരിഹസിക്കും. ഞാൻ ഇരുന്ന് ചിന്തിക്കും. കളിയിൽ അവരെന്നെ ഒറ്റക്കാക്കുമ്പോൾ ഞാൻ എന്റേതായ ചില പരിശീലനങ്ങളിൽ ഏർപ്പെടും. എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. നാം എന്തു സമ്പാദിക്കുന്നുവോ അതാണ് നമ്മുടെ ജീവിതം. അങ്ങനെ ഞാൻ പഠനം തുടർന്നു. ഡിഗ്രി, പിജി, ഡോക്ടറേറ്റും പൂർത്തീകരിച്ചു. ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ വികലാംഗ പരിചരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറി.ലോകത്തിലെ 22 യൂണിവേഴ്‌സിറ്റി കളിലായി ഞാൻ ഇപ്പോഴും പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. വിവാഹ പ്രായമായപ്പോൾ ഞാൻ ചിന്തിച്ചു. വിവാഹം കഴിക്കാൻ എനിക്ക് സാധിക്കുമോ? എന്റെ ഭാര്യയെ ഒന്ന് ചേർത്തുപിടിക്കാൻ എനിക്ക് കൈകളില്ലലോ.ആ സന്ദർഭത്തിൽ എന്റെ മനസ്സിലേക്ക് ഓടിവന്നത് അവളുടെ ശരീരത്തെ ചേർത്തുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ ഹൃദയത്തെ ചേർത്തുപിടിക്കാൻ ദൈവം എന്നെ സഹായിച്ചേക്കും. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കുന്നത്. ഇങ്ങനെ തന്റെ ജീവിതത്തെ സംബന്ധിച്ച് ആദ്ദേഹം വാചാലനാവുന്നത് നമുക്ക് കാണാൻ കഴിയും. നിക്കോളാസിന്റെ ജീവിതം വലിയൊരു പാഠ പുസ്തകം ആണ്.

മനുഷ്യൻ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത് താൻ ഇടപെടുന്ന എല്ലാ മേഖലയിലും വിജയിക്കണമെന്നാണ്. വിദ്യാഭ്യാസാം , കച്ചവടം കുടുംബം ഇങ്ങനെയുള്ള എല്ല മേഖലയിലും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. വിജയത്തിന് അതിന്റെതായ പല ഘടകങ്ങൾ ഉണ്ട്.അതിനെ കുറിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്.എന്നാൽ എല്ലാ പഠനങ്ങളും ഒന്നിച്ചു നിൽക്കുന്ന ഒരു ഘടകം ഉണ്ട് . അത് സെല്ഫ് റെസ്പെക്ട് ആണ്.ആത്മ വിശ്വാസം ഉണ്ടായിരിക്കണം. മനുഷ്യൻ ആദ്യമായി പരിഗണിക്കേണ്ടതും ആദരവ് നല്കേണ്ടതും വിശ്വസിക്കേണ്ടതും സ്വന്തത്തെ തന്നെയാണ്. സ്വന്തത്തെ തിരിച്ചറിയാത്തവൻ ,അല്ലാഹു നൽകിയ കഴിവുകളെ തിരിച്ചറിയാത്തവൻ, ഒരിക്കലും ഒരു മേഖലയിലും വിജയിക്കാൻ കഴിയുകയില്ല. എപ്പോഴും പരാജിതനായി തലകുനിച്ചു സമൂഹത്തിൽ ജീവിക്കേണ്ടി വരും. അല്ലാഹു മനുഷ്യന് നൽകിയ ഏറ്റവും വലിയ അനുഗ്രഹം മനുഷ്യനിൽ അവൻ നിക്ഷേപിച്ച കഴിവുകൾ തിരിച്ചറിയാനുള്ള തന്റേടം നൽകി എന്നതാണ്. വിശുദ്ധ ഖുർആൻ പരിശോധിക്കുമ്പോൾ, പല സ്ഥലങ്ങളിലായി മനുഷ്യർക്ക് നൽകിയ കഴിവുകളെ കുറിച്ച് പരാമർശിക്കുന്നതായി കാണാം. എല്ലാവർക്കും പടച്ചവൻ കഴിവുകൾ നൽകിയിട്ടുണ്ട്. അപ്പോൾ കഴിവ് ഉണ്ട് എന്നതല്ല വിഷയം . അല്ലാഹു നൽകിയ കഴിവുകളെ തിരിച്ചറിയുന്നതാണ് വിഷയം.ഒരു മനുഷ്യന് തന്റെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ അവന് രണ്ടാലൊരു വീഴ്ചകൾ സംഭവിച്ചിട്ടുണ്ടാകും. ഒന്ന് തനിക്ക് നൽകപ്പെട്ട കഴിവുകൾ അവൻ അവഗണിച്ചു. രണ്ടാമത്തേത് തന്റെ കഴിവിന്ന് വിപരീതമായ മേഖല അവൻ സ്വീകരിക്കുന്നു. രണ്ടും പരാജയത്തിലേക്കാണ് നയിക്കുക. നമ്മളെല്ലാം സത്യവിശ്വാസികൾ ആണ് . സത്യവിശ്വാസി എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുക മാത്രമല്ല. മറിച്ച് അല്ലാഹു തനിക്ക് നൽകിയ ഉണ്മയിൽ വിശ്വസിക്കുക എന്നതും കൂടിയാണ്. അല്ലാഹു നമ്മെ ഈ ഭൂമിയിലേക്ക് അയച്ചതിന്റെ പിന്നിൽ ഒരു ലക്ഷ്യമുണ്ട്.ആ ലക്ഷ്യം നേടിയെടുക്കാൻ ആവശ്യത്തിനുള്ള കഴിവും അവൻ നമുക്ക് നൽകിയിട്ടുണ്ട്‌ എന്നു കൂടി വിശ്വസിക്കുക. അങ്ങനെ വിശ്വസിച്ചാൽ പിന്നീട് അവന്റെ ന്യൂനതയിലേക്ക് അവൻ നോക്കുകയില്ല. അവന്റെ പോരായ്മകൾ അവൻ കണ്ടില്ലെന്ന് നടിക്കും.മാത്രമല്ല അവന്റെ മുഴുവൻ ശ്രദ്ധയും തന്റേതായ ഗുണങ്ങളിലേക്കായിരിക്കും. റസൂലിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്.

വളരെ കാലം പ്രബോധനം ചെയ്തിട്ടും കുറച്ചു പേരല്ലാതെ ഇസ്ലാമിലേക്ക് കടന്നു വന്നില്ല. അപ്പോൾ അദ്ദേഹം സ്വയം പ്രതീക്ഷയർപ്പിച്ചു കൊണ്ട് നടത്തിയ ഒരു പ്രഖ്യാപനമുണ്ട്. “ഞാൻ ആദം മക്കളുടെ നേതാവാണ്”. എല്ലാവരും തള്ളിപറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. ആ സമയത്താണ് റസൂൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത്. “ഞാൻ അല്ലാഹുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്, നിങ്ങളെന്നെ മാറ്റി നിർത്തിയാലും.ഇന്ന് എന്നെ വിശ്വസിച്ചവർ കുറവായിരിക്കാം.എന്നാൽ ഖിയാമത് നാളിൽ മറ്റെല്ലാ പ്രവചകന്മാരെക്കാളും കൂടുതൽ അനുയായികൾ ഉണ്ടാകുന്നത് എനിക്കായിരിക്കും”. എന്ന് ആത്മ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന റസൂലിനെ ചരിത്രത്തിൽ കാണാൻ സാധിക്കും. സമൂഹം അദ്ദേഹത്തിനെതിരെ ചെയ്തുകൂട്ടിയത് അവിടുന്നിനെ വിഷമിപ്പിച്ചില്ല. വിഷണ്ണനായി പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചില്ല. ത്വാഇഫിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ രണ്ടു മലക്കുകൾ വന്ന് അവിടുന്നിനോട് ചോദിച്ചു. ആ കാണുന്ന മലകൾ കൊണ്ട് ആ സമൂഹത്തെ നശിപ്പികട്ടെ എന്ന്. എന്നാൽ പ്രവാചകന്റെ പ്രതീക്ഷയോടെയുള്ള മറുപടി: ഇല്ല ഞാൻ അത് അനുവദിക്കുകയില്ല. അവരെല്ലാം എന്റെ അനുയായികൾ ആകാനുള്ളവരാണ് എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു :
اللهم اغفر لقومي،انهم لا يعلمون പടച്ചവനെ നീ എന്റെ ജനതക്ക് പൊറുത്തുകൊടുക്കേണമേ.തീർച്ചയായും അവർ അറിവില്ലാത്തവരാകുന്നു. ഇതായിരുന്നു നബി (സ) ആത്മ വിശ്വാസം. സ്വന്തം കഴിവുകളെ ആദരിച്ചിരുന്നു. ഇതേ ആത്മ വിശ്വാസം തന്റെ സഹബാക്കൾക്ക് പകർന്നു കൊടുക്കാൻ മത്സരിച്ചിരുന്നു. عَنِ ابْنِ عُمَرَ ، أَنَّ ابْنَةً لِعُمَرَ كَانَتْ يُقَالُ لَهَا : عَاصِيَةُ، فَسَمَّاهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَمِيلَةَ ഇബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ്. ഉമർ (റ)വിന് عاصية അഥവാ തെറ്റുകാരി എന്നുപേരുള്ള ഒരു മകൾ ഉണ്ടായിരുന്നു. റസൂൽ (സ) അവരെ അടുത്തു വിളിച്ചിട്ട് പറഞ്ഞു: بل انت جميلة
നി മുതൽ നീ ജമീലയാണ്. ഇത്തരത്തിൽ വളരെ മനോഹരമായ രീതിയിലാണ് റസൂൽ മറ്റുള്ളവരുടെ മനസ്സിൽ സ്വയം ആദരിക്കുവാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നത്.

അബൂബക്കർ(റ) പറയുന്നു: رايت رسول الله صلى الله عليه وسلم على المنبر والحسن بن علي الى جنبه وهو يقبل على الناس مرة وعليه مرة . റസൂൽ (സ) മിൻബറിൽ ഖുതുബ പറയുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ഹസൻ ഇബ്നു അലി (റ) ഉണ്ട്.റസൂൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുറച്ചു നേരം ജനങ്ങളെ പരിഗണിക്കും. അതിന്റ് ശേഷം തന്റെ പേരകുട്ടിയെ നോക്കും. കുറച്ചു കഴിഞ്ഞപ്പോൾ റസൂൽ (സ) ഈ മകന്റെ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു: ان ابني هذا سيد ولعل الله يصلح به بين فئتين عظيمتين من المسلمين കുഞ്ഞായ പേരാമകന്റെ മനസ്സിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറികൊണ്ട് അവിടുന്ന് പറഞ്ഞു. ഈ മകൻ മുസ്ലിംകളുടെ നേതാവാകും. അങ്ങനെ മുസ്ലികൾക്കിടയിൽ ഉണ്ടായേക്കാവുന്ന വലിയ പ്രശ്‌നത്തിന് പരിഹാരം കാണിച്ചു കൊടുത്തു കൊണ്ട് അവരെ യോജിപ്പിച്ചു നിർത്തുന്നത് ഇവനായിരിക്കും. എന്നു റസൂൽ (സ) പറഞ്ഞു വെക്കുന്നുണ്ട്. ഇതായിരുന്നു റസൂലിന്റെ മാതൃക.

ഇതു പോലെ തന്നെ അവിടുന്നിന്റെ അനുയായികളും പിന്തുടർന്നു. തങ്ങളുടെ പോരായ്മകളെല്ലാം മാറ്റി വെച്ചു കൊണ്ട് ഉയർന്നു നിൽക്കാനാണ് അവർ ശ്രമിച്ചത്. റസൂലിന്റെ വഹയ് എഴുത്തുകാരനായ സൈദ് ബ്നു സാബിത്(റ) വിന്റെ ചരിത്രം നമുക്ക് ഒരു പാഠമാണ്. വെറും 13 വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹം റസൂലിന്റെ അടുത്തു വന്നു. ആവശ്യം ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ ആയിരുന്നു. റസൂൽ(സ) അദ്ദേഹത്തെ മടക്കി അയച്ചു. ഉഹ്ദിന്റെ വേളയിലും വന്നു. റസൂൽ (സ) തിരിച്ചയച്ചു. പിന്നെ ഖന്ദക്കിന്റെ വേളയിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഉഹ്ദിൽ നിന്ന് തിരിച്ചയച്ചപ്പോള് അദ്ദേഹം തന്റെ ഉമ്മയുടെ അടുക്കൽ വന്നു സ്വകാര്യമായി പറഞ്ഞു: എനിക്ക് ജീവിക്കേണ്ടത് റസൂലിന്റെ കൂടെയാണ്.അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ ഉമ്മ ഗോത്രത്തിലെ പ്രമാണികളുമായി റസൂലിന്റെ അടുക്കൽ ശിപാർശക്കായി ചെന്നു. എന്നിട്ട് പറഞ്ഞു: هذا ابننا زيد بن ثابت، يحفظ سبع عشرة سورة من كتاب الله ويتلوها صحيحة كما انزلت على قلبك. ഇത് എന്റെ മകൻ സൈദ് ബ്നു സാബിത്. പരിശുദ്ധ ഖുർആനിൽ നിന്ന് 17 സൂറത്തുകൾ മനഃപാഠമാക്കിയിട്ടുണ്ട്. താങ്കൾക്ക് അവതീർണമായത് പോലെ അവൻ ഓതി കേൾപ്പിക്കും. മാത്രമല്ല. ഈ നാട്ടിൽ വളരെ അപൂർവം ആളുകൾക്ക് മാത്രം അറിയാവുന്ന എഴുത്തും വായനയും അവൻ കൈവശപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ട് അങ്ങ് ഇവനെ സ്വീകരിക്കണം. അന്ന് മുതലാണ് സൈദ് ബ്നു സാബിത് (റ) റസൂലിന്റെ വഹയ് എഴുത്തുകാരനായി തീർന്നത്.

പരിമിതികൾ പറഞ്ഞു ദുഃഖിക്കരുത്. ന്യൂനതകൾ എണ്ണി എണ്ണി മനസ്സിനെ ദുഃഖിപ്പിക്കുന്നതിന് പകരം ഉയർന്നു നിൽക്കുവാൻ സാധിക്കണം എന്നാണ് റസൂലിന്റെ അധ്യാപനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഉമർ ബിൻ അബ്ദുൽ അസീസ് (റ) മായി ബന്ധപ്പെട്ട ഒരു ചരിത്രമുണ്ട്. അദ്ദേഹം ഖലീഫയായി അവരോധിക്കപ്പെട്ടു. വിവിധ നാടുകളിൽ നിന്ന് അദ്ദേഹത്തിന് ആശംസയർപ്പിക്കുവാനായി ആളുകൾ വന്നു കൊണ്ടിരുന്നു. അങ്ങനെ യമനിൽ നിന്ന് ഒരു സംഘം വന്നു. ആ സംഘത്തെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുവാനായി മുന്നോട്ട് വന്നത് ഒരു 10 വയസ്സുകാരനായിരുന്നു. ഇതു കണ്ട ഖലീഫ അവനോട് പറഞ്ഞു : يا غلام ، تأخر فليتقدم اكبر منك سنا
ഏയ് മകനെ നീ പിറകോട്ട് മാറി നില്ക്കു. നിന്നെക്കാൾ മുതിർന്നവർ സംസാരിക്കട്ടെ. ഇതിനു മറുപടിയായി ആ കുട്ടി വളരെ ആത്മ വിശ്വാസത്തോടെ പറഞ്ഞു. നാവും ഹൃദയവും ശരീരത്തിലെ ചെറിയ അവയവങ്ങളാണ്, എന്നാൽ അവകൊണ്ട് കൂടുതൽ ചിന്തിക്കാനും വളരെ നന്നായി വാചലതയോടെ സംസാരിക്കുവാനും അറിയുമെങ്കിൽ അവർക്കാണ് ഈ പണി കിട്ടുക. ഇനി വയസ്സാണ് താങ്കളുടെ പ്രശ്നമെങ്കിൽ, ഈ ഖലീഫയുടെ കസേരയിൽ തങ്കളേക്കാൾ പ്രായം ചെന്നവർ സമുദായത്തിലുണ്ട്. ഇതു കേട്ട് ഖലീഫ ആ കുട്ടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

വിശ്വാസി എന്നാൽ സ്വയം വിശ്വസിക്കുന്നവൻ എന്നാണ്. എന്നാൽ , ദുഃഖകരമെന്നുപറയട്ടെ നമ്മളിൽ പലരും സ്വന്തത്തെക്കാൾ വിശ്വസിക്കുന്നത് മറ്റുള്ളവരെയാണ്. മറ്റുള്ളവരുടെ നേട്ടങ്ങളിൽ കയ്യടിക്കുന്നു. അവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നു. എന്നാൽ സ്വന്തത്തിനു വേണ്ടി കയ്യടിക്കുന്നില്ല. ചില തെറ്റിദ്ധാരണകൾ നമ്മെ പിടികൂടിയിരുന്നു. ഇതിനു വേണ്ടി നമ്മൾ ന്യായീകരിക്കാറുണ്ട്. ഇസ്ലാമിക ശരീഅത്തിലെ ചില പദ പ്രയോഗങ്ങൾ ഇതിനായി നമ്മൾ കൊണ്ടു നടക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഖദ്ർ എന്ന പ്രയോഗം. ന്യായീകരണത്തിന്നായി മനുഷ്യർ ഉപയോഗിക്കുന്ന ഒന്ന്. എന്തു കൊണ്ട് പരാജയപ്പെട്ടു? എന്തു കൊണ്ട് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ചോദ്യങ്ങൾക്ക് മറുപടിയായി എപ്പോഴും നാം പറയുക അത് അല്ലാഹിവിന്റെ വിധിയാണ് എന്നാണ്. ഓരോ മനുഷ്യന്റെയും ഖദ്ർ അവനവൻ തന്നെ നിർണയിക്കുന്ന, സമ്പാദിക്കുന്ന ഖദ്ർ ആണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നു.
{وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ} [الشورى : 30] നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. നമ്മുടെ പരാജയത്തിന് ഖദ്റിനെ കൂട്ടുപിടിക്കേണ്ടതില്ല.ഒരു മനുഷ്യനും പരാജയപെടണമെന്ന് അല്ലാഹുവിന് ആഗ്രഹമില്ല. മറിച്ച് ഇസ്സത്തോടെ ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നത്.
ولقد كرمنا بني آدم.. തീർച്ചയായും നാം ആദമിന്റെ മക്കളെ ആദരിച്ചിരിക്കുന്നു. നമ്മുടെ പരാജയങ്ങൾക്ക് ഖദ്റിനെ ന്യായമാക്കി മാറ്റരുത്.

മറ്റൊന്ന് വിനായമാണ്. വിനായത്തിന് നാം നൽകിയ അർത്ഥം അപമാനം എന്നാണ്. വിധേയത്തമാണ് വിനയം. മൗനം പാലിച്ചു കൊണ്ട് എല്ലാത്തിനെയും അംഗീകരിക്കലാണ് വിനയം. മറ്റുള്ളവരുടെ മുന്നിൽ തല കുനിച്ചു നിൽക്കുന്നതിനെയാണ് നാം വിനയം എന്നു പറയുന്നത്. ഇതല്ല വിനയം എന്നു നാം തിരിച്ചറിയണം.
وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍ ۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ ۩} [الحج :18] അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. നാം ഉയർന്നവനായി ജീവിക്കണം എന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ പതിതനായി ജീവിക്കാന് ആണ് നാം ആഗ്രഹിക്കുന്നതെങ്കിൽ അല്ലാഹു നമ്മെ അത് പോലെ ആക്കുന്നതാണ് എന്നു വിശുദ്ധ ഖുർആൻ പറയുന്നു. {وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ [الأعراف : 176] നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്‌.

മനുഷ്യന് ഉയർച്ചക്കവശ്യമായ എല്ലാം അല്ലാഹു അവനു നൽകിയിട്ടുണ്ട്. എന്നാൽ അതോന്നും മനസ്സിലാക്കാതെ എപ്പോഴും താഴ്ന്നവനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവനെ അള്ളാഹു ഉയർത്തുകയില്ല എന്നു ഖുർആൻ പഠിപ്പിക്കുന്നു.
എല്ലാവരുടെയും ആശീർവാദത്തോടെ വളരുമെന്ന് വിശ്വസിക്കരുത്.അത് ഒരിക്കലും സാധ്യമല്ല. റസൂൽ (സ) വളർന്നു വന്നത് മറ്റുള്ളവരുടെ പിന്തുണയോടുകൂടിയോ പ്രോത്സാഹനത്തോടുകൂടിയോ അല്ല എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എല്ലാവരെയും തൃപ്തി പെടുത്താനും സാധ്യമല്ല. ഇമാം ശാഫിഈ (റ) ലേക്ക് ചേർക്കപ്പെടുന്ന ഒരു കവിത.
ضَحِكْتُ فقالوا ألا تحتشم –
بَكَيْتُ فقالوا ألا تبتسم
ഞാൻ ചിരിച്ചപ്പോൾ അവർ എന്നോട് ചോദിച്ചു നാണമില്ലേ നിനക്കു ചിരിക്കാൻ
ഞാൻ കരഞ്ഞപ്പോൾ അവർ ചോദിച്ചു നീ എന്താണ് ചിരിക്കാത്തത്.
بسمتُ فقالوا يُرائي بها
عبستُ فقالوا بدا ما كتم!

ഞാൻ പ്രസന്നവദനനായി പുറത്തിറങ്ങിയപ്പോൾ അവർ പറഞ്ഞു ആളുകളെ കാണിക്കാൻ വേണ്ടിയാണെന്ന്.
ഞാൻ മുഖം ചുളിച്ചപ്പോൾ അവർ പറഞ്ഞു അവന്റെ ഉള്ളിലുള്ളത് പുറത്തു വന്നിരിക്കുന്നു.
صَمَتُّ فقالوا كليل اللسان
نطقتُ فقالوا كثير الكَلِم!
അങ്ങനെ ഞാൻ മൗനം പാലിച്ചപ്പോൾ അവർ പറഞ്ഞു അവന്റെ നാവിന് കനമാണ്. തീരെ സംസാരിക്കുകയില്ല.
അത് കേട്ടപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി അപ്പോൾ അവർ പറഞ്ഞു ഇവൻ വായാടി ആണെന്ന്
حَلِمتُ فقالوا صنيع الجبان
ولو كان مقتدراً لانتقم!
ഞാൻ വിവേകത്തോടെ പെരുമാറിയപ്പോൾ അവർ പറഞ്ഞു ഇവാൻ ഒരു ഭീരു തന്നെ.
കഴിവുള്ളവനായിരുന്നെങ്കിൽ അവൻ പ്രതികാരം ചെയ്തേനെ
يقولون شَذَّ إذا قلتُ لا
وإمَّعةً حين وافقتهم!

സദസ്സിലെ അഭിപ്രായത്തോട് യോജിക്കാത്തത് പറഞ്ഞപ്പോൾ അവർ പറഞ്ഞു ഭൂരിപക്ഷഭിപ്രായത്തെ നീ അവഗണിച്ചിരിക്കുന്നു. അവരോട് യോജിച്ചാൽ അവർ പറയും ഞാൻ കൂടെകൂടി ആണെന്ന്.
فأيقنت أني مهما أردت
رضا الناس لابد من أن أُذم!

ഇതെല്ലാം കേട്ടപ്പോൾ എനിക്ക് മനസ്സിലായി ജനങ്ങളെ തൃപ്‌തി പെടുത്താൻ എനിക്ക് സാധ്യമല്ല.ഞാൻ അപമാനിതനാവുന്നതാണ് അവർക്ക് ഇഷ്ടം. എന്ന് ഇമാം ശാഫിഈ (റ) പറയുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അല്ല.മറിച്ച് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാൻ ആർജവത്തോടെ ജീവിക്കാൻ ആണ് വിശുദ്ധ ഖുർആൻ കൽപ്പിക്കുന്നത്. അല്ലാഹു പല രൂപത്തിലാണ് സൃഷ്ടിപ്പ് നടത്തിയിട്ടുള്ളത്. {وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ} [النور : 45] എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്‌. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആണ്. അല്ലാഹു ഇരു കാലുകൾ നൽകിയതിന് ശേഷം നന്ദി പ്രകടനമായി ഇഴഞ്ഞു പോകുന്നവരുടെ കൂട്ടത്തിൽ ആകാതിരിക്കുക. ഒരു അവയവവും ഇല്ലാതെ ലോകത്തിന്റെ മുന്നിൽ ആളുകളുടെ നേതാവായി ഉയർന്നു നിൽക്കുന്ന ആളുകൾ ഉള്ളപ്പോൾ എല്ല അവയവങ്ങളും നൽകപ്പെട്ട നാം ഒന്നുമല്ലാത്ത അവസ്ഥയിൽ പെട്ടുപോകാരുത് എന്നത് നാം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് : ഹാഫിസ് ബഷീർ

Facebook Comments
Related Articles

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Close
Close