Jumu'a Khutba

നല്ല സുഹൃത്തുക്കള്‍ ഉണ്ടാവട്ടെ

പരിശുദ്ധ ഖുര്‍ആന്‍ മാനുഷിക ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ സമൂഹത്തില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിക്കാതെ ജീവിക്കുക സാധ്യമല്ല. സമൂഹത്തില്‍ വിവിധതരത്തിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. അതിലൊന്നാണ് സൗഹൃദം. ഒരാള്‍ തന്റെ സഹോദരന്റെ ദീനില്‍ ജീവിക്കുന്നവന്‍ ആയിരിക്കും എന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. ഒരാളെ കുറിച്ച് മനസ്സിലാക്കാന്‍ അയാളുടെ സുഹൃത്തിനെ നോക്കിയാല്‍ മതി എന്നതാണ് ഈ ഹദീസിന്റെ ആശയം. ഒരാളുടെ വ്യക്തിത്വത്തില്‍ അയാളുടെ സുഹൃത്തിന് വലിയ പങ്കുണ്ട്. പ്രവാചകന്‍ (സ) പറയുന്നുണ്ട്’ നിങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരാള്‍ എന്റെ സുഹൃത്ത് ആവുക എന്നത് ഭൂഷണമല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അള്ളാഹു ആണ്. ഇബ്രാഹിം നബിയെ അള്ളാഹു കൂട്ടുകാരന്‍ ആക്കിയത് പോലെ’. ‘ഖലീല്’ എന്ന പദത്തിന് ഭാഷാപരമായി വേര്‍പിരിയാനാവാത്ത തരത്തിലുള്ള ബന്ധം എന്ന അര്‍ത്ഥമാണുള്ളത്.

ഒരുപക്ഷേ ഈ ലോകത്ത് ഏത് കാര്യവും ഏറ്റവും അടുത്ത് നിന്ന് കൊണ്ട് പരസ്പരം തുറന്നു പറയുകയും സഹകരിക്കുകയും ചെയ്യുന്നത് സൗഹൃദത്തില്‍ മാത്രമാവും. മാതാപിതാക്കളോടൊപ്പമുള്ളതിനേക്കാള്‍ സഹോദരനോട് ഒപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ ഒരു മനുഷ്യന്‍ ആസ്വദിക്കുന്ന സമയം സൗഹൃദമെന്ന ബന്ധത്തില്‍ കിട്ടുന്ന സമയമാണ്. ഇഴചേര്‍ന്ന് കൊണ്ടുള്ള ബന്ധത്തിനാണ് ‘ ഖലീല്’ എന്ന് പറയുക. ഇതിന് രസകരമായ ഒരു വിശദീകരണം ഉണ്ട് , ‘വിനാഗിരി’ ക്ക് ‘ഖല്ല്’എന്നാണ് അറബി ഭാഷയില്‍ പറയുന്നത്. അച്ചാറില്‍ വിനാഗിരി ചേര്‍ന്നാല്‍ അതിനെ പിന്നീട് വേര്‍തിരിക്കുക സാധ്യമല്ല. അത്രയും ചേര്‍ന്ന് നില്‍ക്കും. അങ്ങനെ അതിന്റെ രുചിയും അത് വ്യത്യാസപ്പെടും. മനുഷ്യ സൗഹൃദങ്ങളില്‍ ഇതുപോലെയുള്ള ബന്ധങ്ങളാണ് ഉണ്ടാവേണ്ടത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അല്ലാഹുവാണെന്ന് പ്രവാചകന്‍ പറഞ്ഞതിനുശേഷം അദ്ദേഹം തുടരുന്ന് പറയുന്നുണ്ട് ‘നിങ്ങളില്‍ നിന്ന് ഒരാളെ സുഹൃത്തായി സ്വീകരിക്കുന്നത് എനിക്ക് ഭൂഷണമല്ല . കാരണം ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ ആണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരുപോലെയാണ്. അതുകൊണ്ട് ഞാന്‍ ഒരാളുടെ മാത്രം സുഹൃത്താണെന്നും മറ്റുള്ളവര്‍ എന്റെ സുഹൃത്തല്ല എന്ന് പറയുന്നത് ശരിയല്ല. പക്ഷെ അങ്ങനെ ഒരാളെ ഞാന്‍ സ്വീകരിക്കുമായിരുന്നെങ്കില്‍ ഈ ഉമ്മത്തില്‍ ഞാന്‍ തിരഞ്ഞെടുക്കുക അബൂബക്കര്‍ സിദ്ദീഖ്(റ) ആയിരുന്നു. അബൂബക്കര്‍ (റ) പ്രവാചകന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഖദീജ(റ ) മരണപ്പെട്ടതിനുശേഷവും റസൂലിന്റെ മരണം വരെ താങ്ങായി നിന്നത് അബൂബക്കര്‍ സിദ്ദീഖ്(റ ) ആയിരുന്നു. അബൂബക്കര്‍ സിദ്ദീഖ്(റ ) ജീവിതത്തെപ്പറ്റി ഉമര്‍(റ) പറയുന്നുണ്ട്. ‘ഹിജ്‌റയുടെ രാത്രിയില്‍ റസൂല്‍ (സ) അനുഭവിച്ച സകല പ്രയാസങ്ങളെയും സ്വയം ഏറ്റെടുത്തുകൊണ്ട് റസൂലിന്റെ കൂടെ ഒന്നായികൊണ്ട് അബൂബക്കര്‍ സിദ്ദിഖ്(റ) ചെയ്ത ത്യാഗം പോലെ ഉമറിന്റെ ജീവിതത്തിലെ ഒരു ത്യാഗവും സമമാവുകയില്ല. പ്രവചകന്റെ അത്രയും വലിയ കൂട്ടുകാരനാണ് അബൂബക്കര്‍ (റ).അബൂബക്കര്‍(റ) മുന്നില്‍ വന്നുകൊണ്ട് ഒരാള്‍ പറയുന്നുണ്ട് ‘മുഹമ്മദ് അല്‍അമീന്‍ ആണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹം കള്ളം പറയാന്‍ തുടങ്ങിയിരിക്കുന്നു’.’മിഅ്‌റാജ് ‘രാവിന്റെ പിറ്റേ ദിവസമാണ് ഇത് നടക്കുന്നത്. അബൂബക്കര്‍ തിരിച്ചു ചോദിച്ച ചോദ്യം ‘നബി(സ) പറഞ്ഞതാണോ ‘എന്നാണ്. അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍ ‘എങ്കില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു ‘എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അബൂബക്കര്‍ (റ)ന് ‘സിദ്ദിഖ് ‘എന്ന പേര് റസൂല്‍(സ) നല്‍കുന്നത്. ലോകത്ത് തുല്യതയില്ലാത്ത മാതൃകയായി കൊണ്ടാണ് ഈ സൗഹൃദ ചരിത്രം നമ്മോട് സംസാരിക്കുന്നത്. സഹാബാക്കളുടെ ഇടയിലും ഇത്തരത്തിലുള്ള സൗഹൃദങ്ങള്‍ ഒരുപാട് കാണാന്‍ സാധിക്കും. ഉമര്‍ (റ)വും അബൂബക്കര്‍ (റ)വും തമ്മിലുള്ള സൗഹൃദം അതിന് ഒരു ഉദാഹരണം മാത്രമാണ്. സാധാരണ രണ്ടുപേരും കണ്ടുമുട്ടുമ്പോള്‍ അബൂബക്കര്‍(റ) സലാം പറയും. സലാം വീട്ടുകയാണ് ഉമര്‍ (റ) ചെയ്യാറുള്ളത്. ഒരുദിവസം അബൂബക്കര്‍(റ) ഉമറിനെ കണ്ടപ്പോള്‍ സലാം പറഞ്ഞില്ല. ഉമര്‍ (റ)ന് സങ്കടമായി. ഉമര്‍(റ) പ്രവാചകന്റെ അടുക്കല്‍ ചെന്ന് സംഭവം വിശദീകരിച്ചു. റസൂല്‍ (സ )അബൂബക്കറി(റ)നെ വിളിച്ചു ചോദിക്കുന്നുണ്ട് . ‘എന്താണ് ഉമറിനെ കണ്ടപ്പോള്‍ താങ്കള്‍ സലാം പറയാതിരുന്നത്’ . അപ്പോള്‍ അബൂബക്കര്‍(റ) തിരിച്ചു പറയുന്നുണ്ട്.’റസൂലേ, താങ്കള്‍ പറഞ്ഞിട്ടില്ലേ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് സലാം പറഞ്ഞു തുടങ്ങുന്ന ആള്‍ക്കാണെന്ന്. അതിനുശേഷം മാത്രമേ മടക്കിയ ആള്‍ക്ക് ഉണ്ടാവുകയുള്ളൂ എന്നും. എല്ലാദിവസവും അല്ലാഹുവിന്റെ കയ്യില്‍ നിന്ന് ഞാനാണ് കൂടുതല്‍ പ്രതിഫലം നേടുന്നത്. അത് ഇന്ന് ഉമ്മറിന് കിട്ടട്ടെ എന്ന് ഞാന്‍ വിചാരിച്ചു പോയതാണ് റസൂലേ’. സൗഹൃദത്തിന് ആഴമാണ് ഈ ചരിത്രം പഠിപ്പിക്കുന്നത്.

അല്ലാഹുവിന്റെ അടുക്കല്‍ നിന്നും കിട്ടുന്ന പ്രതിഫലത്തില്‍ നിന്നും പരസ്പരം പങ്കിട്ട് എടുക്കുന്ന സൗഹൃദം. ഹിജ്‌റ വേളയെ വായിച്ചു തുടങ്ങിയാല്‍ സൗഹൃദത്തിന്റ ഒരുപാട് ചരിത്രങ്ങള്‍ നീണ്ടുകിടക്കുന്നതായി കാണുവാന്‍ സാധിക്കും. നമ്മുടെ സൗഹൃദങ്ങള്‍ സഹാബാക്കള്‍ കാഴ്ചവച്ച, പ്രവാചകന്‍ കാട്ടിത്തന്ന രീതിയിലാണോ മുന്നോട്ട് പോകുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. സൗഹൃദത്തില്‍ കലര്‍പ്പ് ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന അതിന്റെ ഫലവും കാലര്‍പ്പുള്ളതാവും. ഇമാം ശാഫി(റ)ന്റെ കവിതയില്‍ പറയുന്നുണ്ട് ഒരാളുടെ സ്‌നേഹം, സൗഹൃദം അത് തെളിമയുള്ളതല്ലെങ്കില്‍ ആ സ്‌നേഹം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അത് പുറമേ ഉള്ള സ്‌നേഹം മാത്രമായിരിക്കും. മറ്റൊന്ന് അവരുടെ സൗഹൃദം ആഴത്തിലുള്ളതാണ് പക്ഷേ തെളിമ നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെയാണെങ്കിലും അത് ഒരു താല്‍ക്കാലികമായ സൗഹൃദം മാത്രമാണ്. ഒരു കൂട്ടുകാരനെ വഞ്ചിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇതിലൂടെ. പിന്നീടുള്ള അവരുടെ കണ്ടുമുട്ടലുകള്‍ അടുപ്പം നഷ്ടപ്പെടുന്നതും ദൂരങ്ങളിലേക്ക് മാറുന്നതും ആവും . പിന്നീട്, സുഹൃത്ത് എന്ന നിലയ്ക്ക് പല രഹസ്യങ്ങളും അവര്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. അതൊക്കെ തക്കം കിട്ടുമ്പോള്‍ ചികഞ്ഞെടുത്ത് സമൂഹത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അങ്ങനെ സുഹൃത്ത് കാരണമായി തന്നെ നാണം കെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും’.ഈ ദുനിയാവില്‍ സത്യസന്ധനായ, കരാറുകള്‍ പരസ്പരം പാലിക്കുന്ന, വിശ്വസ്തനായ ഒരു സുഹൃത്ത് ഇല്ലെങ്കില്‍ പിന്നെ ദുനിയാവിനോട് സലാം പറയുന്നതാണ് നല്ലത് ‘ എന്നാണ് ഇമാം ശാഫി(റ) അദ്ദേഹത്തിന്റെ കവിതയിലൂടെ പറഞ്ഞത്. ഈ കവിതയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത് മോശമായ കൂട്ടുകെട്ടിലൂടെ പടുത്തുയര്‍ത്തിയ സൗഹൃദം ഏത് നിമിഷത്തില്‍ വേണമെങ്കിലും പൊട്ടി പോകാം എന്നുള്ളതാണ്. അവര്‍ പരസ്പരം ചതിക്കപ്പെടാം, പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടാം, ഇത് ഏതു സമയത്തു വേണമെങ്കിലും സംഭവിക്കാം. ഇത്തരത്തിലുള്ള ആളുകളെ പറ്റി അല്ലാഹു പറയുന്നുണ്ട്  الزّخرف:67) ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ)

സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ. തഖ്‌വയുടെ അടിസ്ഥാനത്തില്‍ സൗഹൃദങ്ങള്‍ വെച്ച് പുലര്‍ത്താത്ത കൂട്ടുകാര്‍ അവര്‍ പരലോകത്ത് അങ്ങോട്ടുമിങ്ങോട്ടും ശത്രുക്കളും ആയിരിക്കുമെന്നും അതുപോലെതന്നെ തഖ്‌വയുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ സൗഹൃദം നാളെ അല്ലാഹുവിന്റെ അടുക്കല്‍ തുടരുകതന്നെ ചെയ്യുമെന്നും അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. ആ കൂട്ടുകെട്ട് അവര്‍ക്ക് സ്വര്‍ഗം ലഭിക്കാന്‍ കാരണമാകുന്നു എന്നും റസൂല്‍( സ) പറഞ്ഞിട്ടുണ്ട്. എല്ലാവരെയും വിചാരണ ചെയ്യുമ്പോള്‍ അതിശക്തമായ ചൂടില്‍നിന്ന് അവിടെ തണല്‍ ലഭിക്കുന്ന 7 വിഭാഗങ്ങളില്‍ ഒരു വിഭാഗം പരസ്പരം സ്‌നേഹിക്കുന്ന, നല്ല കാര്യങ്ങളില്‍ ഒന്നിച്ച് നില്‍ക്കുന്ന, മനുഷ്യര്‍ക്കാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. നരകത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചതിനു ശേഷം ഓരോ കൂട്ടുകാരായി തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഒരു കൂട്ടര്‍ മറ്റുള്ളവരെ ചൂണ്ടി പറയും. അല്ലാഹുവേ ദുനിയാവില്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഇവനാണ് എന്നെ വഴി പിഴപ്പിച്ചത് . അതുകൊണ്ട് എനിക്ക് കിട്ടുന്ന ശിക്ഷയുടെ ഇരട്ടി അവനു കൊടുക്കണം. അപ്പോള്‍ അല്ലാഹു അവരോട് പറയും രണ്ടാള്‍ക്കും ഇരട്ടി ശിക്ഷ വിധിക്കുന്നു . നിസ്‌കാരത്തെ പറ്റി വിശദമായി പറയാത്ത ഖുര്‍ആന്‍, നോമ്പിനെ പറ്റി വിശദമായി പറയാത്ത ഖുര്‍ആന്‍ , സക്കാത്തിനെ കുറിച്ച് വിശദമായി പറയാത്ത ഖുര്‍ആന്‍, ആരാധനാ കാര്യങ്ങളുടെ അടിസ്ഥാനം മാത്രം പറഞ്ഞ ഖുര്‍ആന്‍ സൗഹൃദത്തെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, വ്യക്തിത്വത്തെക്കുറിച്ച്, അവന്റെ ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങളെക്കുറിച്ച്, സാമൂഹിക ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് വളരെ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സൗഹൃദത്തെ സംബന്ധിച്ചു പറഞ്ഞത്. ഒരു ആയത്തില്‍ ഇങ്ങനെ കാണാം  يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!. എന്നിട്ട് അക്കൂട്ടര്‍ അവരുടെ നേതാക്കളെ ചൂണ്ടിക്കാട്ടി പറയും ഇവരായിരുന്നു ഞങ്ങളുടെ നേതാക്കള്‍. ഇവര്‍ പറഞ്ഞതുപോലെയാണ് നാഥാ ഞങ്ങള്‍ ജീവിച്ചത്. അത് കൊണ്ട് നീ അവരെ ശിക്ഷിക്കേണ്ടതുണ്ട്. അങ്ങനെ അല്ലാഹു എല്ലാവരെയും ഇരട്ടി ശിക്ഷ നല്‍കുന്ന നരകത്തിലേക്ക് പ്രവേശിപ്പിക്കുന്നു. അവരുടെ നേതാവ് ഇബിലീസ് ആണ് എന്നതാണ് വസ്തുത. അങ്ങനെ അവര്‍ തന്നെ വഴിപിഴപ്പിച്ച, തന്റെ മനസ്സിലേക്ക് ദുഷ്പ്രവൃത്തികള്‍ കയറ്റിവിട്ട, തന്നെ കൊണ്ട് പലതും ചെയ്യിപ്പിച്ച, തന്നെ നന്ദികെട്ടവന്‍ ആക്കി മാറ്റിയ, മ്ലേച്ചത തന്നെ കൊണ്ട് സമൂഹത്തില്‍ ചെയ്യിപ്പിച്ച, അങ്ങനെ ഒരുപാട് തെറ്റുകള്‍ ചെയ്യാന്‍ പ്രേരണ നല്‍കിയ ഇബിലീസിനെയും ശപിക്കാന്‍ തുടങ്ങും. എന്നാല്‍ ഇബിലീസ് പറയുന്ന വര്‍ത്തമാനം താങ്കളെ എനിക്ക് അറിയുക പോലുമില്ല എന്നതാവും തുടര്‍ന്ന് പറയും, ‘തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനെ പേടിച്ച് ജീവിക്കുന്നവനാണ്’. ജീവിതത്തിലെ എല്ലാപ്രവര്‍ത്തനങ്ങളെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നുണ്ട് അക്രമിയായ മനുഷ്യന്‍ വന്ന് വിരല്‍ കടിക്കുന്ന ഒരു ദിവസത്തെ പറ്റി,അപ്പോള്‍ അദ്ദേഹം പറയും അല്ലാഹുവിന്റെ റസൂലിന്റെ സൗഹൃദം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ട് പോയേനെ . ഈ പിശാചും , എന്റെ കൂട്ടുകാരും , പൈശാചിക പ്രവര്‍ത്തനങ്ങളില്‍ എന്റെ കൂടെ നിന്നത് കാരണമായാണ് ഞാന്‍ വഴി പിഴച്ചത് എന്ന് . ഈ ആയത്ത് ഇറങ്ങാന്‍ ഒരു പശ്ചാത്തലമുണ്ട്. ഉകൈതുബ്‌നു അബീ മുതൈക്കും ഉബയ്യുബിനു ഖലഫും സുഹൃത്തുക്കളായിരുന്നു. ഉബയ്യുബിനു ഖലഫ് നാട്ടിലെ വലിയ പ്രമാണി. പ്രവാചകനെ ശക്തമായി എതിര്‍ത്ത വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരുനാള്‍ ഉബയ്യുബിനു ഖലഫ് ഒരു യാത്രയ്ക്ക് പോയി തിരിച്ചുവരുമ്പോള്‍ അദ്ദേഹം കേട്ട വാര്‍ത്ത സങ്കടപ്പെടുത്തുന്നതായിരുന്നു. താങ്കളുടെ സുഹൃത്ത് ഉകൈതുബ്‌നു അബീ മുതൈക്ക് മുഹമ്മദിന്റെ കൂടെ വര്‍ത്താനം പറയുന്നുണ്ട് . അദ്ദേഹം ഇസ്ലാം സ്വീകരിച്ചു എന്നതാണ് കേട്ടുകേള്‍വി എന്ന് കൂടി വാര്‍ത്ത നല്‍കിയവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അങ്ങനെ സുഹൃത്തിനെ വിളിച്ച് അദ്ദേഹം പറയുന്നുണ്ട് നമ്മള്‍ തമ്മില്‍ ഇനി കാണുകയില്ല, നീയുമായിട്ടുള്ള സൗഹൃദം എനിക്ക് ഇനി ഇല്ല. അതുകൊണ്ട് നീ ആ മുഹമ്മദിന്റെ കൂടെ ഇരുന്നുകൊള്ളൂ.ഞാനുമായി സൗഹൃദം തുടരണം എങ്കില്‍ അദ്ദേഹത്തിന്റെ അടുക്കല്‍ നിന്നുള്ള സൗഹൃദം ഉപേക്ഷിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും ചെയ്യുക.

അങ്ങനെ ഉകൈതുബ്‌നു അബീ മുതൈക്ക് ചെയ്തു എന്നാണ് ചരിത്രം. ആ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് ഇറങ്ങുന്നത്. ദുനിയാവില്‍ അദ്ദേഹം വിജയിച്ചാലും നാളെ പരലോകത്ത് അദ്ദേഹം പറയാന്‍ പോകുന്ന വര്‍ത്തമാനം ‘ റസൂലിനെ കൂട്ടുകാരനായി ഞാന്‍ സ്വീകരിചിരുന്നെങ്കില്‍ ഞാന്‍ വിജയിക്കുമായിരുന്നല്ലോ എന്നാവും. പരലോകത്ത് നമുക്ക് ഉപകാരപ്പെടുന്നത് നല്ല പ്രവര്‍ത്തനങ്ങളും, നല്ല സുഹൃദ് ബന്ധങ്ങളും ആയിരിക്കും. മ്ലേച്ഛതയിലുള്ള ബന്ധങ്ങള്‍ നരകത്തിലേക്കായിരിക്കും നമ്മെക്കൊണ്ടു തള്ളുക. റസൂല്‍ ഒരു ഹദീസിലൂടെ പറഞ്ഞുവയ്ക്കുന്നുന്‍ണ്ടല്ലോ’ മോശം കൂട്ടുകാരന്റെ ഉപമ ഉലയില്‍ ഉതുന്നവനെ പോലെയാണ്. നല്ല കൂട്ടുകാരന്റെ ഉപമ കസ്തൂരിവാഹകനെ പോലെയും. കസ്തൂരി വഹിക്കുന്നവനോടൊപ്പം നടന്നാല്‍ അതിന്റെ സുഗന്ധം നിന്നിലും ഉണ്ടാവും. ഉലയില്‍ ഉതുന്നവന്‍ തീ കൊണ്ട് ശരീരത്തെ നശിപ്പിച്ചു കളയുന്നതാണ്. ഒരു സുഹൃത്തിനെ കണ്ടാല്‍ പരലോക ചിന്ത ഹൃദയത്തില്‍ ഉടലെടുക്കണം. അതുപോലെ നമ്മെ കണ്ടാലും മറ്റൊരാള്‍ക്ക് നന്മ ചെയ്യാന്‍ തോന്നണം. തിന്മയില്‍ സഹകരിക്കുന്നതിനപ്പുറം നന്മയില്‍ സഹകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സൗഹൃദം ഉണ്ടാക്കിയെടുക്കുക. അല്ലാത്തപക്ഷം ഇഹലോകത്തും പരലോകത്തും നഷ്ടം മാത്രമാണ് ഉണ്ടാക്കുക.

Facebook Comments
Related Articles
Show More
Close
Close