Jumu'a Khutba

പ്രതിസന്ധികളിലൂടെയുള്ള ജീവിതം

ഇന്ത്യൻ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായ ബാബരി ധ്വംസനത്തിന്റെ
ഇരുപത്തേഴ് വർഷങ്ങൾക്കിപ്പുറമുള്ള ഒരു വേളയിൽ ആണ് കഴിഞ്ഞുകൂടുന്നത്. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും എന്നാൽ സുപ്രിം കോടതി മുസ്‌ലിം സമുദായത്തിന് തൃപ്തികരമല്ലാത്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. ഈ സന്ദർഭത്തിലാണ് ഖുർആനിന്റെ അധ്യാപനങ്ങളിലേക്ക് നാം മനസ്സിലാക്കേണ്ടത്.

അല്ലാഹു പറയുന്നു : وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ. “അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.” പ്രവാചകന്റെ ജനനത്തിന് മുമ്പ്, ജനങ്ങൾക്കായി ഈ ലോകത്ത് പടുത്തുയർത്തപ്പെട്ട ആദ്യ പുണ്യഗേഹമായ വിശുദ്ധ കഅ്ബ പൊളിക്കാനായി മക്കാ നിവാസികൾ അതുവരെ കണ്ടിട്ടില്ലാത്ത സുസജ്ജമായ ആനപ്പടയോടുകൂടി യമൻ ഗവർണറായിരുന്ന അബ്റഹത്തിന്റെ കീഴിലുള്ള സൈന്യം വന്ന സന്ദർഭവും അവരുടെ പരിണിത ഫലവും ഖുർആൻ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ •أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ • وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ • تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ • فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ •

“ആനക്കാരെക്കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ, അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.” ഏതൊരു രാജ്യത്തെയും ഉന്നത നീതിപീഠത്തിനും മുകളിൽ അല്ലാഹുവിൻറെ കോടതിയുണ്ട് എന്ന ഉറച്ച വിശ്വസം കൊണ്ട് നടക്കുന്നവരാണ് നാം . ബാബരി വിഷയത്തിൽ മസ്ജിദിന് പകരമായി അഞ്ചേക്കർ ഭൂമി അനുവദിച്ചപ്പോൾ അതിൽ കുറവ് വരുത്തി എന്നത് കൊണ്ടല്ല, മറിച്ച് അവശേഷിക്കുന്ന മുസ്‌ലിം പള്ളികൾ തകർക്കാതിരിക്കാൻ വേണ്ടിയും, സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടിയുമാണ് വീണ്ടും റിവ്യൂ പെറ്റീഷനുമായി മുസ്ലിം പേഴ്സണൽ ലോ ബോർഡ് കോടതിയെ സമീപിക്കുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തെ വളരെ കൃത്യമായ മുൻവിധിയോടെ കൂടി രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നിഗൂഢ ശ്രമങ്ങളുടെ ഭാഗമായിട്ട് മാത്രമാണ് ഇത്തരം ഹീന കൃത്യങ്ങളെ കാണാനാവുന്നത് .

അല്ലാഹു ഖുർആനിലൂടെ ഉണർത്തുന്നു : وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۖ فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ “അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട്‌ പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക്‌ ( ആ ദൂതന്‍മാര്‍ക്ക്‌ ) അവരുടെ രക്ഷിതാവ്‌ സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.”

പ്രവാചകൻ തിരു നബിയുടെ തിരിച്ചുവരവിനെ പറ്റി വളരെ വ്യക്തമായി പ്രതിപാദിക്കുന്ന അധ്യായമാണ് സൂറത്ത് യൂസുഫ് . ഹിജ്റക്ക് തൊട്ടുമുമ്പ് അവതരിപ്പിക്കപ്പെട്ട ഈ സൂറത്തിൽ ആരെയാണോ ആ നാട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത് അവരെ തന്നെ പിന്നീട് ഈ നാടിന് അനിവാര്യമാക്കി തീർക്കും എന്ന് അറിയിച്ചു കൊണ്ട് അള്ളാഹു പ്രവാചകന് സ്വാന്തനത്തിന്റെയും, ആശ്വാസത്തിന്റെയും വാക്കുകൾ പകർന്നുകൊടുക്കുന്നു . ഇവിടെ താങ്കളെ നാട്ടുകാരാണ് പുറത്താക്കാൻ ശ്രമിക്കുന്നതെങ്കിൽ യൂസഫ് നബിയെ അദ്ദേഹത്തിൻറെ സ്വന്തം സഹോദരങ്ങൾ തന്നെയാണ് പുറത്താക്കിയതെന്ന് അല്ലാഹു പറയുന്നു. പിന്നീട് ഇതിന്റെ തനിയാവർത്തനമാണ് പ്രവാചക ജീവിതത്തിലും സംഭവിച്ചത് . ചരിത്രത്തിൽ യൂസഫ് നബി പറഞ്ഞ അതേ വാക്കുകളാണ് മക്കാ വിജയനാളിൽ പ്രവാചകൻ മക്കാനിവാസികളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞത് : لا تثريب عليكم اليوم ….اذهبوا فأنتم الطلقاء..
“നിങ്ങളോട് യാതൊരുവിധ പ്രതികാരവും എനിക്കില്ല. നിങ്ങൾ മുഴുവനും  സ്വതന്ത്രരാണ് ”
തൗഹീദിന് വിരുദ്ധമായ ആശയങ്ങളെ പ്രചരിപ്പിക്കുന്നവരെ മാത്രമല്ല, മറിച്ച്
തൗഹീദിന്റെ ആശയങ്ങൾ പകർന്ന്കൊടുക്കുമ്പോൾ എണ്ണമറ്റ മർദിത സമൂഹത്തെയും കൂടി അവർ അഭിമുഖീകരിക്കേണ്ടിവന്നു.

ഒരിക്കലും ഇസ്ലാമിന്റെയും തൗഹീദിന്റെയും മാർഗങ്ങൾ എളുപ്പമാകണമെന്നില്ല. അല്ലാഹുവിൽ നിന്നുള്ള ആദർശം കൊണ്ട് നടക്കുമ്പോൾ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടിവരും. ഇതെല്ലാം ദീനിന്റെ ഭാഗമായി മനസ്സിലാക്കിക്കൊണ്ട് ആത്മാഭിമാനത്തോടുകൂടി തന്നെ ഓരോ വിശ്വാസിയും പൊരുതി ജീവിക്കേണ്ടതുണ്ട് .ഈ ഒരു അവസ്ഥയിൽ നിന്ന് ഓടിയൊളിക്കുക ഒരു വിശ്വസിക്കും സാധ്യമാവില്ല. കാരണം വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന പ്രവാചകന്മാർ തൗഹീദ് പ്രചരിപ്പിച്ചതിന്റെ പേരിൽ അഗ്നികുണ്ഡത്തിൽ അകപ്പെട്ടവരും മാരകമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടവരും ഗുഹയ്ക്കുള്ളിൽ കഴിയേണ്ടിവന്നവരുമുണ്ട്. ഇതെല്ലാം മുസ്ലീങ്ങളുടെ സ്വത്വപ്രതിസന്ധി എന്നതിനുപരി ഒരു ആദർശ സമൂഹമെന്ന നിലക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടുമ്പോൾ ഇസ്‌ലാമിന്റെ ഒരുപാട് മാതൃകകൾ നമുക്ക് മുന്നിലുണ്ട്.

പ്രവാചകനെ (സ) യുടെ സ്വഭാവത്തെക്കുറിച്ച് നല്ലതല്ലാത്ത ഒരഭിപ്രായം പോലും ഇല്ലാതിരുന്ന ശത്രുക്കൾ തങ്ങളുടെ സ്വത്ത് സൂക്ഷിക്കാൻ വിശ്വസിച്ചേൽപ്പിച്ചിരുന്നതും അതേ പ്രവാചകനെ തന്നെയാണ്. എന്നാൽ പ്രവാചകൻ കൊണ്ടുവന്ന പുത്തൻ ആദർശത്തെയാണ് അവർ നിരാകരിച്ചത്. ബനൂ ഇസ്രാഈലുകളുടെ ചരിത്രം വളരെ വിശാലമായി വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്നതായി നമുക്ക് കാണാൻ കഴിയും. പാരമ്പര്യ വിശ്വാസികളായി ജീവിച്ചിരുന്നവർ പിന്നീട് ഒരുപാട് പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിൽ വഴിമുട്ടിപ്പോയതായി ആ ചരിത്രം നമ്മോട് പറയുന്നു. ജീവിതത്തിൽ പ്രതിസന്ധി-പരീക്ഷണ ഘട്ടങ്ങൾ വരുമ്പോൾ ഒരു വിശ്വാസിസമൂഹം സ്വീകരിക്കേണ്ട നിലപാടുകളെ പറ്റി ഖുർആൻ പറയുന്നു ,  أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ • “ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങള്‍ പരീക്ഷണത്തിന്‌ വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? ” وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ “അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ “എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം.

അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” മക്കയിൽ വെച്ച് പ്രവാചകൻ (സ) യുടെ രഹസ്യ പ്രബോധനത്തിന്റെ നാളുകളിൽ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാർ ഉസ്മാൻ ബിൻ ത്വൽഹയുടെ കുടുംബമായിരുന്നു. ഒരിക്കൽ ഉസ്മാൻ ബിൻ ത്വൽഹയും കൂട്ടരും കഅ്ബ തുറന്ന് അകത്തേക്ക് പ്രവേശിച്ചിച്ചു. അപ്പോൾ കഅ്ബയുടെ ഉൾഭാഗം കാണാൻ അതീവ തൽപരനായിരുന്ന പ്രവാചകൻ (സ) അവരുടെ പിന്നാലെ പോയി . പക്ഷേ ഉസ്മാന്റെ ആളുകൾ പ്രവാചകനെ അവിടെനിന്ന് പുറത്താക്കി . അന്നേരം നബി(സ) അവരോട് പറഞ്ഞു : ” അല്ലയോ ഉസ്മാൻ ബിൻ ത്വൽഹ , ഈ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ആരായിരിക്കണമെന്ന് ഞാൻ തീരുമാനിക്കുന്ന ഒരു ദിനം സംജാതമാകും”എന്ന്. പിന്നീട് മക്കാവിജയ നാളിൽ പ്രവാചകൻ (സ) മദീനയിലേക്കു തിരിച്ചുവന്ന സന്ദർഭത്തിൽ , ഉസ്മാനെ അന്വേഷിക്കുകയും അമാന്തമേതുമില്ലാതെ ഉസ്മാൻ ബിൻ ത്വൽഹ പ്രവാചകന്റെ സന്നിദ്ധിയിലേക്ക് കടന്നുവരുന്നുമുണ്ട് . എന്നിട്ട് പ്രവാചകൻ (സ) കഅബയുടെ താക്കോൽ ഉസ്മാന് തന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് പറഞ്ഞു : ഇത് താങ്കൾ തന്നെ കൈവശം വെച്ചുകൊള്ളുക. സമകാലിക സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചരിത്രങ്ങൾ ചേർത്ത് പിടിക്കുമ്പോൾ മുന്നിൽ വരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള ആർജവം അതിൽ നിന്ന് തന്നെ ലഭിക്കും.

തയ്യാറാക്കിയത് – തൻസീർ ഷെരീഫ്

Facebook Comments

നഹാസ് മാള

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്. ഇസ്‌ലാമിക പണ്ഡിതന്‍, സംഘാടകന്‍, അധ്യാപകന്‍, പ്രഭാഷകന്‍, ഹാഫിള്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് , എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയായ നഹാസ്, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് ട്രാന്‍സ്‌ലേഷന്‍ ആന്റ് ഫോറിന്‍ ലാംഗ്വേജസില്‍ പി.ജി ഡിപ്ലോമയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് . 2015 മുതല്‍ 2016 വരെ എസ്.ഐ.ഒ കേരള സംസ്ഥാന അധ്യക്ഷനായിരുന്നു. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. 2017 ഏപ്രില്‍ 7-9 ന് സുഡാനിലെ ഖാര്‍ത്തൂം ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കയില്‍ നടന്ന വേള്‍ഡ് മുസ്‌ലിം യൂത്ത് സമ്മറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker