അൽ ആസിമിബ്നു വാഇൽ , ജാഹിലിയ്യ കാലത്ത് ഖുറൈശികളിൽ ചോദ്യം ചെയ്യപ്പെടാത്ത ഒരാൾ. അറിയപ്പെടുന്ന ഭരണാധികരികളിൽ ഒരാൾ.ഹിജാർ യുദ്ധത്തിൽ ബനൂ സഹം ഗോത്രത്തിന്റെ സൈന്യാധിപൻ.വിഗ്രഹാരാധകൻ ആയിരുന്ന അദ്ദേഹം റസൂൽ (സ)യുടെ കൊടിയ ശത്രുക്കളിൽ ഒരാളായിരുന്നു. പ്രവാചകനെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ കുറിച്ച് വിശുദ്ധ ഖുർആൻ ആറ് തവണയിലധികം പരാമർശിച്ചിട്ടുണ്ട്.
റസൂൽ (സ) യുടെ മൂത്ത മകൻ കാസിം മരണപെട്ടു ഒരു മാസത്തിനു ശേഷം രണ്ടാമത്തെ മകനായ അബ്ദുള്ളയും അല്ലാഹുവിലേക്ക് യാത്രയായി. അവശേഷിച്ചിരുന്നത് നാല് പെണ്‍മക്കള്‍ ആയിരുന്നു.ഏകദേശം ഒരു വർഷത്തിന് ശേഷം പ്രിയ പത്നി ഖദീജയും മരണപെട്ടു. അതോടുകൂടി ആൺമക്കൾ ഉണ്ടാവുക എന്ന പ്രത്യാശയും നിലച്ചു. ഉറ്റവരുടെ വേർപാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന വേള.
ആസിമിബ്നു വാഇൽ റസൂലിന്റെ അടുത്തേക്ക് വന്നിട്ട്, ഖുറൈശികളുടെ മുന്നിൽ വെച്ചു കൊണ്ടു തന്നെ പ്രവാചകനെ ‘അൽ അബ്തർ’ അഥവാ ‘കുറ്റിയറ്റു പോയവൻ’ എന്നു വിളിച്ചാക്ഷേപിച്ചു. അറബികൾക്കിടയിൽ ഒരു പതിവ് ഉണ്ടായിരുന്നു. ആൺമക്കൾ ജനിക്കാതിരിക്കുകയോ, ജനിച്ചിട്ട് മരണപ്പെടുകയോ ചെയ്താൽ, അവർ അതിനെ കണ്ടിരുന്നത് അപമാനം ആയിട്ടായിരുന്നു. അങ്ങനെയുള്ളവരെ അബ്തർ എന്നായിരുന്നു അറബികൾ വിളിച്ചിരുന്നത്. ആസിമിബ്നു വാഇൽ റസൂൽ (സ) കാണുമ്പോഴൊക്കെ വേരറ്റുപോയവൻ എന്നു വിളിച്ചു കളിയാക്കി കൊണ്ടിരുന്നു. ഈ സന്ദർഭത്തിലാണ് വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമായ അൽ കൗസർ അവതരിച്ചത്. മൂന്നു വചനങ്ങൾ ഉൾകൊള്ളുന്ന ഈ സൂറത്തിലൂടെ ഒരു വലിയ സന്ദേശമാണ് അല്ലാഹു മനുഷ്യർക്ക് നല്കുന്നത്. മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ സംബന്ധിച്ചു വളരെ കനപ്പെട്ട നിലപാടാണ് പറയുന്നത്.
ജാഹിലിയ്യാ കാലത്തെ സമ്പന്ധിച്ചിടത്തോളം ഒരു ഭരണം നിലച്ചു പോവുക എന്നാൽ അതിന്റെ ഭരണാധികാരിക്ക് തന്റെ കാലശേഷം ഭരണം ഏറ്റെടുക്കാൻ ആൺമക്കൾ ഇല്ലാതെ വരിക എന്നാണ്. പിതാവിന്റെ പാരമ്പര്യം അതോടെ അവസാനിച്ചു എന്ന് അവർ വിശ്വസിച്ചു. അവർക്ക് പെണ്‍മക്കളിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുർആൻ പറയുന്നു:
وَإِذَا بُشِّرَ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ} [النحل : 58] അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു.
Also read: മനുഷ്യനും യന്ത്രവും തമ്മിലുള്ള സംഘട്ടനമാണ് റോബോട്ടിന്റെ സാമ്പത്തിക തന്ത്രം
പെണ്‍മക്കള്‍ ഉണ്ടായിരുന്നതല്ല,മറിച്ചു ആൺമക്കൾ ഇല്ലാതിരുന്നതാണ് അവരുടെ പ്രശ്നം. പെണ്‍മക്കൾക്ക് തങ്ങളുടെ പാരമ്പര്യം നിലനിർത്താൻ കഴിയില്ല എന്ന് അവർ വിശ്വസിച്ചിരുന്നു. ആൺമക്കൾ ഇല്ലാത്തതിനാൽ റസൂലിനെ വധിക്കുന്നത് കൊണ്ട് ഇസ്ലാം എന്ന പ്രസ്ഥാനം ഇല്ലാതാക്കാൻ സാധിക്കും എന്ന് അവർ ധരിച്ചു. രണ്ട് ആൺമക്കൾ മരിച്ചു. അബൂത്വാലിബും ഖദീജ (റ) യും മരണപെട്ടു. ഇനി ആകെയുള്ളത് റസൂൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തെ സംബന്ധിച്ച് തീരുമാനം എടുക്കാൻ വേണ്ടി ഖുറൈശികൾ ദാറുന്നദ് വയിൽ പാർലിമെന്റ് വിളിച്ചു കൂട്ടി.
അതിൽ ഒരാൾ പറഞ്ഞു: അദ്ദേഹത്തെ നമുക്ക് തടവറയിലിടാം. മറ്റൊരാൾ അതിനെ എതിർത്തു: അത് ശരിയല്ല. അദ്ദേഹം തടവിലായ വിവരം പുറത്തറിഞ്ഞാൽ അദ്ദേഹത്തിന്റെ അനുകൂലികൾ ഒരുമിച്ചു ചേർന്ന് നിങ്ങളോട് യുദ്ധം ചെയ്യുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്യും. അവരുടെ പ്രസ്ഥാനത്തിന് വളരാൻ അത് വളമാകുകയും ചെയ്യും.
മറ്റൊരു അഭിപ്രായം: നമുക്ക് അദ്ദേഹത്തെ നാടുകടത്താം. മറ്റൊരു നാട്ടിൽ പോയി ജീവിക്കട്ടെ. അതിനും വന്നു എതിരഭിപ്രായം: അങ്ങനെ അയാളെ നാട് കടത്തിയാൽ ആ നാട്ടിൽ ചെന്ന് അദ്ദേഹം അദ്ദേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും പ്രസ്ഥാനത്തെ വളർത്തുകയും ചെയ്യും.അതും ഭാവിയിൽ നമുക്ക് തന്നെ തിരിച്ചടിയാകും. അവസാനം അബു ജഹൽ എഴുന്നേറ്റ് നിന്ന് പറഞ്ഞു: നമുക്ക് ഒരു ഗോത്രത്തിൽ നിന്നും ഓരോ യുവാവിനെ തെരഞ്ഞെടുക്കാം. അവർക്ക് മൂർച്ചയുള്ള വാളുകൾ നൽകാം.അങ്ങനെ അവർ പോയി അദ്ദേഹത്തെ കൊന്നു കളയട്ടെ. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിന്റെ കുടുംബം ആരെയും പഴിചാരില്ല. അതിനെതിരെ നമുക്ക് ഒരുമിച്ചു നീൽക്കുകയും ചെയ്യാം.
ഒരു സന്ദേശത്തെ ഇല്ലായ്‌മ ചെയ്യാൻ അതിന്റെ അനുയായികളെ കൊന്നുകളഞ്ഞാൽ മതി എന്നവർ കരുതി. അതുകൊണ്ടുതന്നെയാണ് റസൂൽ (സ) മരിച്ചെന്ന തെറ്റായ വാർത്ത കേട്ടപ്പോൾ അവർ സന്തോഷിച്ചത്. റസൂൽ മരണപ്പെട്ടപ്പോഴും ആഹ്ലാദിച്ചത്.
ഉഹദ് യുദ്ധവേളയിൽ അല്ലാഹു മുസ്ലിങ്ങളെ പരീക്ഷിച്ച സന്ദർഭം. ആദ്യം അവർക്ക് വിജയം നൽകുകയും പിന്നീട് അവരെ പരീക്ഷിക്കുകയും ചെയ്തു. ശത്രുക്കൾ അബു സുഫ് യാന്റെ നേതൃത്വത്തിൽ യുദ്ധ ഭൂമിയിലൂടെ നടക്കുന്നു. ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്നറിയുവാനാണ് ഈ സഞ്ചാരം. ഇടക്ക് അബു സുഫ്ൻ യാൻ വിളിച്ചു ചോദിച്ചു:
أبو سفيان فقال : أفي القوم محمد ؟ ، فقال ـ صلى الله عليه وسلم ـ : لا تجيبوه ، قال : أفي القومابن أبي قُحافةَ ؟ ، فقال : لا تجيبوه ، قال : أفي القوم ابن الخطاب ؟ ، فقال : إن هؤلاء قُتِلوا ، فلو كانوا أحياء لأجابوا ، فلم يملك عمر نفسه فقال : كذبتَ يا عدوَّ الله ، أبْقَى الله لك ما يُحزنك ، قال أبو سفيان : أُعْلُ هُبَل (صنمهم الذي يعبدونه ) ؟ ، فقال النبيُّ – صلى الله عليه وسلم : الله أعلى وأجَلُّ ، قال أبو سفيان : لنا العُزَّى ، ولا عُزّى لكم ، فقال النبيُّ – صلى الله عليه وسلم : الله مولانا ولا مولَى لكم ،
നിങ്ങളുടെ അടുക്കൽ മുഹമ്മദ് ഉണ്ടോ? എന്ന് മൂന്നു തവണ ചോദിച്ചു. റസൂൽ (സ) ഇതു കേട്ടു. അവിടുന്ന് സ്വഹാബാക്കളോട് മൗനം പാലിക്കാൻ കല്പിച്ചു. വീണ്ടും അബു സുഫ് യാൻ ചോദിച്ചു: നിങ്ങളുടെ ഇടയിൽ അബു ഖുഹാഫയുടെ മകൻ (അബൂബക്കർ(റ) ഉണ്ടോ? സ്വഹാബാക്കൾ മിണ്ടിയില്ല. വീണ്ടും അബു സുഫ് യാൻ ചോദിച്ചു:
നിങ്ങൾക്കിടയിൽ ഉമർ ബിൻ ഖത്വാബ് ഉണ്ടോ? അപ്പോഴും സ്വഹാബാക്കൾ ഒന്നും പറഞ്ഞില്ല. അതിനു ശേഷം അബു സുഫ് യാൻ തന്റെ അനുയായികൾക്ക് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു:
ഈ പറയപ്പെട്ട മൂന്നു പേരും കൊല്ലപ്പെട്ടു കഴിഞ്ഞു. അവർ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ മറുപടി നല്കിയേനെ. ഇതു കേട്ട ഉമർ (റ) വിന് ദേഷ്യം വന്നു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലാഹിവിന്റെ ശത്രുവെ നീ കള്ളം പറഞ്ഞിരിക്കുന്നു.നീ മരിച്ചെന്ന് കരുതിയവരൊന്നും മരിച്ചിട്ടില്ല.അവർ ജീവനോടെ തന്നെയുണ്ട്. ഞങ്ങളിൽ മരിച്ചവരെ കുറിച്ചു നീ ചിന്തിക്കേണ്ട. അവർ സ്വർഗത്തിലും നിങ്ങളിൽ മരിച്ചവർ നരകത്തിലുമാണ്.ഇത് കേട്ട അബസുഫ് യാൻ പറഞ്ഞു: ഞങ്ങൾക്ക് ഉസ്സ ഉണ്ട്.നിങ്ങൾക്ക് ഉസ്സ ഇല്ലലോ. അപ്പോൾ റസൂൽ (സ) മറുപടി പറഞ്ഞു: ഞങ്ങൾക്ക് സംരക്ഷകനായി അല്ലാഹു ഉണ്ട്. നിങ്ങൾക്ക് സംരക്ഷകനായി ആരും തന്നെയില്ല.
Also read: ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്‍റെ കഥ
ഏതാനും ചില വ്യക്തികളാൽ താങ്ങി നിർത്തപ്പെട്ടിരിക്കുന്നതാണ് ഈ പ്രസ്ഥാനം എന്നു അവർ ധരിച്ചിരുന്നു.അതു കൊണ്ടാണ് അവർ പേരെടുത്ത് ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചത്. കാര്യം അങ്ങനെയല്ല എന്നു അവർ തിരിച്ചറിഞ്ഞില്ല. ഇതിനെ താങ്ങി നിർത്തുന്നത് മുഹമ്മദോ അബൂബക്കറോ ഉമറോ അല്ല. മറിച്ചു ഇതിനെ സംരക്ഷിച്ചു നിർത്തുന്നത് സാക്ഷാൽ അല്ലാഹു തന്നെയാണ് എന്ന് റസൂൽ (സ) വ്യക്തമാക്കിയത്. റസൂൽ (സ) വേരറ്റുപോയവൻ എന്നു കളിയാക്കിയ ആസിമിബ്നു വാഇൽ, പ്രവാചകനെ കൊല്ലാൻ വേണ്ടി ശ്രമിച്ച അബു ജഹൽ,പ്രവാചകന്റെ മരണം സ്വപ്നം കണ്ടു നടന്നിരുന്ന അബു സുഫ് യാൻ, ഇവരെ പോലുള്ളവർ മനസ്സിലാക്കേണ്ടുന്ന യാഥാർത്ഥ്യം വളരെ വ്യക്തമായി അല്ലാഹു പരിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ അധ്യായമായ അൽ കൗസറിലൂടെ അറിയിച്ചു തരുന്നു. إِنَّا أَعْطَيْنَاكَ الْكَوْثَرَ തീര്‍ച്ചയായും നിനക്ക് നാം ധാരാളം (അനുയായികളെ) നല്‍കിയിരിക്കുന്നു.
ഈ സന്ദേശം ദിനം പ്രതി വളർന്നു കൊണ്ടേയിരിക്കും. വളർന്നു പന്തലിച്ചു പ്രശോഭിതമായിക്കൊണ്ടിരിക്കും. ഇതിന്റെ ആളുകൾ മരിക്കുന്നതോടു കൂടി ഈ സന്ദേശം വളരുകയാണ് ചെയ്യുക. അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ ചില ആളുകളാൽ പരിമിതമല്ല ഈ സന്ദേശം.
രണ്ടു അടിസ്ഥാനങ്ങളിൽ ഈ ഉമ്മത്ത്, ഈ ദർശനം നിലകൊള്ളുന്നു. فَصَلِّ لِرَبِّكَ وَانْحَرْ ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
ഒന്ന് ഇതിന്റെ നാഥനുള്ള ആരാധനാ കർമങ്ങൾ ആണ്. രണ്ട് ഈ സന്ദേശത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ത്യാഗത്തിനെ സൂചിപ്പിക്കുന്ന ബലിയാണ്.
അല്ലാഹുവിനുള്ള ആരാധനകൾ നിലനിൽക്കുന്ന കാലത്തോളം ഈ സന്ദേശത്തെ നിലനിർത്താൻ വേണ്ടി ത്യാഗം ചെയ്യുന്ന കാലത്തോളം ഈ ഉമ്മത്ത് നിലനിൽക്കുമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. അക്രമികൾക്ക് പരിചിതമായ ദര്‍ശനമല്ല ഇസ്‌ലാം. ഈ ദർശനത്തിന് ഒരു സവിശേഷത ഉണ്ട്. വേരറ്റുപോയ മനുഷ്യന് ഭൂമിയിൽ ധാരാളം അനുയായികളെ ഉണ്ടാക്കി കൊടുത്ത ദര്ശനമാണിത്. അക്രമികൾ ഇസ്ലാമിന്റെ വേരറുത്ത് മാറ്റാൻ നോക്കുമ്പോഴൊക്കെയും അത് പടർന്നു പന്തലിച്ചു നിൽക്കുമെന്നാണ് ഈ ചെറിയ സൂറത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്.
റസൂലിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ ഹളർമൗത്തിലെ സ്ത്രീകൾ കയ്യിൽ മൈലാഞ്ചി അണിഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു എന്നു ചരിത്രം രേഖപ്പെടുത്തുന്നു. റസൂലിന്റെ കാലത്ത് ഇസ്ലാം എത്തേണ്ടിയിരുന്ന ദേശങ്ങളിൽ അവിടുന്നിന്റെ മരണത്തിനു ശേഷം ഇസ്ലാം എത്തുകയും അങ്ങനെ അത് പടർന്നു പന്തലിച്ചു എന്നും ചരിത്രം സാക്ഷിയാണ്. ഇവിടെയാണ് രക്തസാക്ഷികൾ ജനിക്കുന്നത്. ഏതാനും ചില വ്യക്തികളാണ് ഈ ദർശനത്തെ മുന്നോട്ട് നയിക്കുന്നതെന്നും അവരെ നശിപ്പിച്ചൽ ഈ ദർശനത്തെ ലോകത്തു നിന്ന് തുടച്ചു നീക്കാം എന്നും കരുതി കലാപ മാർഗം സ്വീകരിക്കുന്നവർ, ഓരോ രക്തസാക്ഷിയും അനുഭവിക്കുന്നത് മരണമല്ല മറിച്ചു ജനനമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
1949 ഫെബ്രുവരി12 ന് ഇമാം ഹസനുൽ ബന്നയുടെ വിരിമാറിലേക്ക് വെടിയുണ്ടകൾ തുളച്ചു കയറ്റി അദ്ദേഹത്തെ കൊന്നു കളഞ്ഞപ്പോൾ പടിഞ്ഞാറിലെ ഇസ്ലാമിന്റെ ശത്രുക്കൾ ആഹ്ലാദ തിമിർപ്പിൽ നൃത്തമാടി. അവർ ധരിച്ചത് ഹസനുൽ ബന്നയെ തങ്ങൾ കൊന്നു കളഞ്ഞു എന്നാണ്. ആണായി പിറന്ന ഒരാളെയും അദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്യാൻ സമ്മതിച്ചില്ല. ആൺ തരികൾ പാരമ്പര്യം കൊണ്ടു നടക്കും എന്ന് ഭയന്നതിനാൽ. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ദർശനത്തെയും കുഴിച്ചുമൂടി എന്നവർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം 70 വർഷം കഴിഞ്ഞു. ഈ ഒരു കാലയാളവ്കൊണ്ട് 70 രാഷ്ട്രങ്ങളിൽ അദ്ദേഹം കത്തിച്ചു വെച്ച വെളിച്ചം പ്രകാശം പരത്തി കൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ ശത്രുക്കളെ, നിങ്ങളാൽ കൊല്ലപ്പെടുന്ന ഓരോ രക്തസാക്ഷിക്കും പിറകെ ആയിരങ്ങൾ ജനിച്ചു വീഴുമെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു.
ഈ ദർശനം തെളിയിച്ച വെളിച്ചം തല്ലികെടുത്തുവാൻ അക്രമികൾ വിചാരിക്കുന്ന പക്ഷം അവർക്കതിന് സാധിക്കുകയില്ല എന്നു വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു.
كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ [المجادلة : 21
തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
ഇത് ഏതാനും ചില വ്യക്തികളാൽ നിലനിൽക്കുന്ന പ്രത്യശാസ്ത്രമല്ല. ഇതിന് കാവൽ നിൽക്കുന്നത് അല്ലാഹുവാണ്. അവന്റെ കാവലിലാണ് നാം നിലകൊള്ളുന്നത്. ഇതിനോട് ശത്രുത കാണിക്കുന്നവരോട് അക്രമം കാണിക്കുന്നവരോട് അല്ലാഹുവും അക്രമം കാണിക്കുമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. റസൂൽ (സ) കുറ്റിയറ്റവൻ എന്നു വിശേഷിപ്പിച്ച ജാഹിലിയ്യ ഭരണാധികാരി ആസിമിബ്നു വാഇൽ കുറ്റിയറ്റുപോയിട്ടുണ്ടെങ്കിൽ, റസൂലിനെ കൊല്ലാൻ തീരുമാനിച്ച അബു ജഹൽ ബദറിന്റെ രണാങ്കണത്തിൽ ചത്തു വീണിട്ടുണ്ടെങ്കിൽ, ഇസ്ലാമിനോട് ശത്രുത കാണിക്കുന്ന ആളുകളുടെയും പര്യവസാനം ഇങ്ങനെ തന്നെ എന്ന് വിശുദ്ധ ഖുർആൻ പറയുന്നു. إِنَّ شَانِئَكَ هُوَ الْأَبْتَرُ തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)
ഇന്നത്തെ സാഹചര്യത്തിൽ മുസ്ലിം ഉമ്മത്ത് ഏത് നിലപാട് സ്വീകരിക്കണം എന്നു ഈ മൂന്ന് വചനങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കുന്നു.
തയ്യാറാക്കിയത്: ഹാഫിസ് ബഷീർ