Current Date

Search
Close this search box.
Search
Close this search box.

ചരിത്രം വെളിച്ചമാണ്

പരിശുദ്ധ ഖുർആൻ ഒരു ചരിത്ര,ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷെ ഇത് രണ്ടും അതിലടങ്ങിയിട്ടുണ്ട്. പ്രവാചകന്മാർ അഭിമുഖീകരിച്ച ജനതകളുടെ ചരിത്ര വിവരണങ്ങൾ ഹിദായത്തിന്റെ വഴിയിൽ നമുക്ക് വെളിച്ചമാണ്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചരിത്രം അഹങ്കാരമല്ല;പൊങ്ങച്ചമല്ല, മറ്റുള്ളവരുടെ മേൽ അധിനിവേശം നടത്താനുള്ള ന്യായീകരണവുമല്ല.മറിച്ച്,അവരുടെ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള വെളിച്ചമാണ്. ചരിത്രവിവരണങ്ങൾക്ക് ഖുർആൻ ഉപയോഗിച്ച ഒരു വാക്ക് عبرة (ഗുണപാഠം) എന്നാണ്. അടിസ്ഥാനപരമായി അതിനർത്ഥം കടന്നുപോവുക എന്നാണ്. ഇന്നലെകളിൽ ജനിച്ച് ജീവിച്ച് മരിച്ച് മണ്ണടിഞ്ഞ് പോയ ജനസമൂഹങ്ങളുടെ അനുഭവങ്ങളിലൂടെ നിങ്ങൾ കടന്ന് പോവുക. ആ വഴിയിൽ നിങ്ങൾക്ക് ഗുണപാഠങ്ങളുടെ വെളിച്ചം ലഭിക്കും. അവർക്ക് സംഭവിച്ച അബദ്ധങ്ങൾ പറ്റാതെ ജീവിതത്തിൽ മുന്നോട്ട് പോകാൻ സാധിക്കും.

إِنَّ فِي ذَٰلِكَ لَعِبْرَةً  (ഇതില്‍ മഹത്തായ പാഠമുണ്ട്) മറ്റൊരു വാക്ക് آيَةً എന്നാണ്. സൂറത്ത് അൻകബൂത്തിൽ പ്രവാചകൻമാരുടെ കഥകൾ കൂട്ടത്തോടെ അവതരിപ്പിച്ചതിനു ശേഷം ഓരോ ചരിത്രത്തിനു പിന്നിലും അല്ലാഹുവിന്റെ പരാമർശം കാണാം. ഉദാഹരണമായി,നൂഹ് നബിയുടെ ചരിത്രവിശദീകരണത്തിന് ശേഷം അല്ലാഹു പറയുന്നു: وَجَعَلْنَاهَا آيَةً لِّلْعَالَمِينَ (അതിനെ ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കിവെക്കുകയും ചെയ്തു ). ഇബ്രാഹിം നബിയുടെ ചരിത്രം പറഞ്ഞതിന് ശേഷവും إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ (വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ) ലൂത്ത് നബിയുടെ ജനതയെ അഭിമുഖീകരിച്ച ദൈവിക ശിക്ഷയെ സംബന്ധിച്ചെല്ലാം പരാമർശിച്ച ശേഷം ആ ചരിത്രത്തെ സമാപിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ (അങ്ങനെ ആ നാടിനെ നാമൊരു തെളിഞ്ഞ ദൃഷ്ടാന്തമായി ശേഷിപ്പിച്ചു. ബുദ്ധിയുപയോഗിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി)

അത് കൊണ്ട് തന്നെ ചരിത്രമെന്ന് പറയുന്നത് آيَةً ഉം عبرة മാണ് . ഗുണപാഠങ്ങളുടെ വെളിച്ചമാണ്. ഈ ചരിത്രങ്ങൾ പിന്നീട് നമ്മുടെ ജീവിതത്തിലും ആവർത്തിക്കുന്നത് നമ്മൾ കാണുന്നു. ശുഐബ് നബിയുടെ ചരിത്രം അതിനുദാഹരണമാണ്. അദ്ദേഹത്തിന്റെ ജനത ധിക്കാരപൂർവം എടുത്ത ഒരു നിലപാടിനെ സംബന്ധിച്ചും,ആ നിലപാടിന് നൽകപ്പെട്ട മറുപടിയെ സംബന്ധിച്ചും അല്ലാഹു സൂചിപ്പിച്ചിരിക്കുന്നത് നമ്മുടെ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. ആ ജനത പറഞ്ഞു: قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِن قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَاۚ
(അദ്ദേഹത്തിന്റെ ജനത്തിലെ ഗര്‍വിഷ്ഠരായ പ്രമാണികള്‍ പറഞ്ഞു: ‘ഹേ ശുഐബ്, നിന്നെയും നിന്നോടുകൂടെ വിശ്വാസികളായവരെയും നിശ്ചയമായും ഞങ്ങള്‍ നാട്ടില്‍നിന്ന് ആട്ടിയോടിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരുകതന്നെ വേണം ) وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَاسِرُونَ (സത്യനിഷേധികളായ നായകന്മാര്‍ പരസ്പരം പറഞ്ഞു: ‘ശുഐബിന്റെ ശിഷ്യത്വം സ്വീകരിക്കുന്നപക്ഷം നമ്മള്‍ നഷ്ടപ്പെട്ടവരായതുതന്നെ)
നിങ്ങൾ ഉപേക്ഷിച്ചിട്ടു പോയ ആ പഴയ മതത്തിലേക്ക് , സംസ്കാരത്തിലേക്ക് തിരിച്ചു വന്നിരിക്കൽ നിർബന്ധമാണ്.അതല്ലെങ്കിൽ  ഷുഹൈബേ..നിന്നെയും നിന്റെ കൂട്ടരെയും ഞങ്ങളുടെ ദേശത്ത് നിന്ന് പുറത്താക്കും എന്ന് ഭീഷണിയുടെ സ്വരത്തിൽ അവർ പറയുന്നത് കാണാം.

ഇതൊക്കെ ഇന്നലെകളിൽ ആയിരത്താണ്ടുകൾക്കപ്പുറം സംഭവിച്ച് തീർന്നുപോയ കഥകൾ അല്ലെന്നും നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലും സമൂഹത്തിലും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണെന്നും ,ഈ അനുഭവങ്ങളുടെ മുന്നിൽ ഒരു സമൂഹം ആ പ്രതിസന്ധിയെ മുറിച്ചുകടക്കാൻ ചരിത്രത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. ആ ഭീഷണിയുടെ ഇന്നത്തെ സ്വരം ഒരുപക്ഷേ ‘ഘർ വാപസി’ എന്നെല്ലാമാകാം. ശിർക്കിന്റെയും കുഫ്റിന്റെയും ജാഹിലിയ്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അതിക്രമങ്ങളുടേതുമായ ഒരു സംസ്കാരത്തിലേക്ക്, ഒരു മതത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമമായിരിക്കാം.കുഫ്റിലേക്ക് തിരിച്ച് കൊണ്ടു പോകലാണത്.  أَوْ لَتَعُودُنَّ فِي مِلَّتِنَاۚ ഇതാണ് ആത്യന്തികമായ ടാർജറ്റ് എന്ന് മനസ്സിലാക്കണം. അതിനുവേണ്ടിയുള്ള ആസൂത്രണങ്ങളും തന്ത്രങ്ങളും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് പൗരത്വം തെളിയിക്കണം എന്ന് പറഞ്ഞുകൊണ്ട് അവർ മുന്നോട്ടുവരുന്നു.

ശുഹൈബിന്റെ ജനതയുടെ നിലപാടിന് നൽകപ്പെട്ടിട്ടുള്ള മറുപടിയിൽ 3 സംഗതികൾ കാണാം. വർത്തമാനകാലത്ത് ഇത് നമുക്ക് വെളിച്ചമാകണം.

1. ഇസ്തിഖാമത്.
2. തവക്കുൽ
3. ദുഅ

قَدِ افْتَرَيْنَا عَلَى اللَّهِ كَذِبًا إِنْ عُدْنَا فِي مِلَّتِكُم بَعْدَ إِذْ نَجَّانَا اللَّهُ مِنْهَاۚ وَمَا يَكُونُ لَنَا أَن نَّعُودَ فِيهَا إِلَّا أَن يَشَاءَ اللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًاۚ ( ഇനി അതിലേക്ക് മടങ്ങുകയാണെങ്കില്‍ ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരായിത്തീരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇനി ഒരു നിലക്കും അതിലേക്കു മടങ്ങുക സാധ്യമേയല്ല–ഞങ്ങളുടെ റബ്ബായ അല്ലാഹു അങ്ങനെ ഉദ്ദേശിച്ചാലല്ലാതെ.റബ്ബിന്റെ ജ്ഞാനം സകലമാന സംഗതികളെയും ഉള്‍ക്കൊണ്ടിരിക്കുന്നു ) ഇതൊരു ജനത ചരിത്രത്തിൽ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച സന്ദർഭത്തിൽ കാണിച്ച നട്ടെല്ലിന്റെ മറുപടിയാണ്.ആദർശ ധീരതയുടെ മറുപടിയാണ്. ഇത് നമ്മുടെ ജനതയ്ക്ക് ഹൃദയത്തിൽ നിന്ന് പറയുവാൻ കഴിയണം. ഒരു വ്യക്തി പ്രവാചകനെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഈ ദീനിനെക്കുറിച്ച് മറ്റൊരാളോട് സംശയം ചോദിക്കേണ്ടി വരാത്ത വിധത്തിലുള്ള സമഗ്രമായ ഒരു വാക്ക് പറഞ്ഞു തരണം . റസൂൽ പറഞ്ഞു :قُلْ: آمَنْت بِاَللَّهِ ثُمَّ اسْتَقِمْ (ഞാൻ അള്ളാഹുവിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്.അതിൽ അടിയുറച്ച് നിൽക്കുകയും ചെയ്യുന്നു.) അല്ലാഹു പറയുന്നു: إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا (ഞങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതില്‍ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുക )

2. അവരുടെ രണ്ടാമത്തെ സാരം തവക്കുലാണ്. നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം അതിന്റെ ഭാഗധേയങ്ങളെ ,പ്രത്യാഘാതങ്ങളെ അല്ലാഹുവിലേക്ക് സമർപ്പിക്കുകയാണ്. عَلَى اللَّهِ تَوَكَّلْنَاۚ (അവനിലാകുന്നു ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്. )

3. മൂന്നാമത്തെ സമീപനം ആത്മാർത്ഥമായ പ്രാർത്ഥനയാണ്. رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ  (നാഥാ, ഞങ്ങള്‍ക്കും ഞങ്ങളുടെ സമുദായത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ! തീരുമാനമെടുക്കുന്നവരില്‍ അത്യുല്‍കൃഷ്ടനല്ലോ, നീ!’ ) ഇതായിരുന്നു പ്രവാചകപക്ഷത്തിന്റെ പ്രതികരണം.

ശേഷം അവരുടെ ധിക്കാരത്തോടുള്ള അല്ലാഹുവിന്റെ മറുപടി ഖുർആൻ വിവരിക്കുന്നു.
فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ  (കിടിലംകൊള്ളിക്കുന്ന ഒരു വിപത്ത് ബാധിച്ച അവര്‍ സ്വഭവനങ്ങളില്‍ ചേതനയറ്റു വീണടിഞ്ഞുപോയി.) ഒരു പ്രകമ്പനം അവരെ പിടികൂടുകയാണ്. ശുഐബിനെ തള്ളിപ്പറഞ്ഞ സമൂഹം ആ പ്രദേശത്ത് താമസിച്ചിട്ടില്ലാത്ത വിധത്തിൽ തുടച്ച് നീക്കപ്പെട്ടു.  الَّذِينَ كَذَّبُوا شُعَيْبًا كَأَن لَّمْ يَغْنَوْا (ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ നേരത്തേ ആ ഭവനങ്ങളില്‍ വസിക്കുകയേ ഉണ്ടായിട്ടില്ലാത്തവിധം തുടച്ചുനീക്കപ്പെട്ടു.) നിന്നെയും നിന്നോടുകൂടെ വിശ്വാസികളായവരെയും ഞങ്ങള്‍ നാട്ടില്‍നിന്ന് ആട്ടിയോടിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞവർ അല്ലാഹുവിന്റെ ചെറിയൊരു ശിക്ഷയോടുകൂടി നിലംപരിശാകുകയാണ്. ശുഐബിന്റെ ശിഷ്യത്വം സ്വീകരിക്കുന്നപക്ഷം നമ്മള്‍ നഷ്ടപ്പെട്ടവരായതുതന്നെ എന്ന് പറഞ്ഞവർക്ക് അല്ലാഹുവിന്റെ മറുപടി ഇങ്ങനെ: الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ (ശുഐബിനെ തള്ളിപ്പറഞ്ഞവര്‍തന്നെയാകുന്നു, ഒടുവില്‍ നഷ്ടപ്പെട്ടവരായിത്തീര്‍ന്നത് ) സത്യവിശ്വാസികൾക്ക് ഉൽബോധനവും ഉപദേശവുമായിക്കൊണ്ട് അല്ലാഹു ചരിത്ര വിവരണങ്ങൾ നൽകുകയും അത് അവർക്ക് വെളിച്ചമാക്കുകയും ചെയ്യുന്നു. وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ (പ്രവാചകാ, നാം ദൈവദൂതന്മാരുടെ ഈ കഥകളൊക്കെയും കേള്‍പ്പിക്കുന്നത് നിന്റെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണ്ടിയാകുന്നു. ഇതിലൂടെ നിനക്കു സത്യജ്ഞാനം ലഭിച്ചു. സത്യവിശ്വാസികള്‍ക്ക് സദുപദേശവും ഉദ്‌ബോധനവും ലഭിക്കാന്‍ ഭാഗ്യമുണ്ടായി.)

തയ്യാറാക്കിയത് : റിജുവാൻ എൻ പി

Related Articles