Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവേ, നീ എത്രയോ പരിശുദ്ധനാണ്

പലപ്പൊഴും നമ്മൾ കേൾക്കാറുള്ള ഒരു കഥയുണ്ട്.  ഒരാൾക്ക് ശക്തമായ പനിയും ജലദോഷവും പിടിപെട്ടു. അയാൾ അടുത്തുള്ള പ്രമുഖനായ ഒരു ഡോക്ടറെ കാണാൻ പോയി. ഡോക്ടർ വിശദമായി പരിശോധിച്ച ശേഷം പറഞ്ഞു: ഉള്ളിൽ പനി കിടക്കുന്നുണ്ട്. അതാണ് വിട്ടുമാറാത്ത പനിയും ചൂടും മറ്റുമുള്ളത്. ഞാൻ മൂന്ന് ദിവസത്തേക്ക് മരുന്ന് തരാം. സ്വാഭാവികമായും മൂന്ന് ദിവസം കൊണ്ട് പനി മാറും. മൂന്ന് ദിവസം കഴിഞ്ഞ് എന്നെ വന്ന് കാണണം. ഡോക്ടർ ഒരു കടലാസിൽ സമയം നിശ്ചയിച്ച് കഴിക്കാൻ വേണ്ടി ഗുളികൾ എഴുതി കൊടുത്തു.  അയാൾ വലിയ കാര്യത്തിൽ ഡോക്ടറുടെ കയ്യിൽ നിന്ന് കടലാസ് വാങ്ങി തിരികെ പോയി. പക്ഷെ, മൂന്ന് ദിവസമായിട്ടും പനി ഒട്ടും കുറഞ്ഞിട്ടില്ല. ഡോകടർ പറഞ്ഞ ദിവസം അയാൾ കാണാൻ ചെന്നു. അയാൾ ചോദിച്ചു: നിങ്ങൾ എന്ത് മരുന്നാണ് എഴുതി തന്നത് ? ഒരു കുറവുമില്ല, മൂന്ന് ദിവസമായി ഞാൻ ഈ കടലാസും കൊണ്ട് ഞാൻ നടക്കുന്നു.
ഡോകടർ ചോദിച്ചു: നിങ്ങൾ എങ്ങനെയാണ് ഗുളിക കഴിച്ചത് ?  അയാൾ മറുപടി പറഞ്ഞു: ഗുളിക കഴിച്ചിട്ടില്ല, എന്നാൽ അതേ സമയം ഇവിടെ നിന്ന് ഇറങ്ങിയത് മുതൽ ഞാൻ ആ ഗുളികകളുടെ പേര് നിരന്തരം ഉരുവിട്ട് കൊണ്ടിരിക്കുകയായിരുന്നു.  ഡോകടർ: ഇത് കഴിക്കണ്ടേ !. എങ്കിലല്ലേ അസുഖം മാറൂ.  അയാൾ: ഇത് ഇങ്ങനെ ചൊല്ലികൊണ്ട് നടന്നാൽ ഫലം കിട്ടുമെന്നാണ് ഞാൻ കരുതിയത് !.

ഇവിടെ യഥാർഥത്തിൽ രോഗി ആ വ്യക്തിയല്ല. മറിച്ച് മുസ്‌ലിം ഉമ്മത്താണ്. മുസ്‌ലിം ഉമ്മത്തിലെ നല്ലൊരു ശതമാനം ആളുകളും അല്ലാഹു നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് പറഞ്ഞു തന്ന ദിക്റിനെ സംബന്ധിച്ച് കഥയിലെ രോഗിയുടെ വീക്ഷണമാണ് വെച്ചുപുലർത്തുന്നത്. ജനങ്ങളെ അമ്പരപ്പിക്കുന്ന ദിക്ർ മജ്ലിസുകളും വേദികളും മുസ്‌ലിം ഉമ്മത്തിലെ ആളുകൾ സംഘടിപ്പിക്കും. പക്ഷെ, പലപ്പോഴും അവർ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതവുമായി ബന്ധമില്ലാത്തതായിരിക്കും. വിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന സന്ദർഭത്തിൽ ഒരിക്കൽ റസൂൽ (സ്വ) പറഞ്ഞു : “ഒരു കാലം വരും. അന്ന് ആ സമൂഹത്തിൽ മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ടാകും. പക്ഷെ, അത് അവരുടെ തൊണ്ടക്കുഴിയുടെ താഴേക്ക് ഇറങ്ങുകയില്ല”. ഇപ്രകാരമാണ് ദിക്റുകൾ ചൊല്ലികിണ്ടിരിക്കുന്ന ആൾക്കാരും. അത് അവരുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കുകയില്ല. لا إله إلا الله എന്ന വാചകത്തെ കുറിച്ച് പറയുമ്പോൾ റസൂൽ (സ്വ) പറഞ്ഞത് : “നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിച്ചാൽ അറബികളും അനറബികളും മുഴുവൻ നിങ്ങളുടെ കൂടെ വരും”.  എന്നാൽ ഇക്കാലത്ത് വലിയ വേദികൾ കെട്ടിപ്പൊക്കി ശബ്ദങ്ങൾ മുഴക്കി لا إله إلا الله യെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഒരാളുപോലും പുതിയതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നില്ല. നമ്മൾ لا إله إلا الله എന്ന് പ്രഖ്യാപിച്ചാൽ അത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരണം. അങ്ങനെ കൊണ്ടുവന്നാൽ അറബികളും അനറബികളും നമ്മുടെ കൂടെ വരും എന്നാണ് പ്രവാചകൻ പറഞ്ഞതിന്റെ അർത്ഥം. മുസ്‌ലിം ഉമ്മത്ത് ചരിത്രത്തിൽ വലിയ വിജയങ്ങൾ നേടിയത് ഈ ദിക്റുകൾ ചൊല്ലി നടന്നിട്ടല്ല. എന്നാൽ അത് ജീവിതത്തിൽ പകർത്തിയപ്പോഴാണ്.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് അല്ലാഹു പറഞ്ഞ രണ്ടാമത്തെ ദിക്റാണ് സുബ്ഹാനല്ലാഹ്. വിശുദ്ധ ഖുർആനിലെ ഏഴ് സൂറത്തുകൾ ഈ തസ്ബീഹ് കൊണ്ടാണ് ആരംഭിക്കുന്നത്. റസൂൽ (സ്വ) പറഞ്ഞു : “ഒരു മനുഷ്യൻ സുബ്ഹാനല്ലാഹ് എന്ന വാചകം തന്റെ ജീവിതത്തിൽ നടപ്പിലാക്കിയാൽ അവന്റെ പാപങ്ങൾ അല്ലാഹു മായ്ച്ചു കളയും”.
അത്രത്തോളം ശക്തിയുള്ള വാചകമാണത്.

എന്താണ് സുബ്ഹാനല്ലാഹ് എന്ന ദിക്ർ ?

ഈ പ്രപഞ്ചത്തിൽ ഒരു നിമിഷം പോലും നിലക്കാത്ത ശബ്ദമാണ് അല്ലാഹു അക്ബർ. ഈ പ്രപഞ്ചത്തിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ മുഴുവൻ വസ്തുക്കളും നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്ന വാചകമാണ് സുബ്ഹാനല്ലാഹ്. അല്ലാഹു പറയുന്നു :
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا
(ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്).

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം റാസി പറയുന്നത് ഇപ്രകാരമാണ് : “നിർജീവമായ ഒരു വസ്‌തുവിനെ ആരെങ്കിലും ചലിപ്പിച്ചാൽ അതിന് ശബ്ദമുണ്ടാകും. അതാണ് അതിന്റെ തസ്ബീഹ് എന്ന് മഹാരഥന്മാർ പറയുന്നു”. سبح എന്നാൽ ദൂരത്തായി, ഒരു ബന്ധവുമില്ല എന്നിങ്ങനെയാണ് അർത്ഥം. സുബ്ഹാനല്ലാഹ് എന്നാൽ അതിന് ശേഷം വരുന്ന കാര്യവുമായി അല്ലാഹുവിന് ഒരു ബന്ധവുമില്ല എന്നാണ് അർത്ഥം.

രണ്ട് ഉദാഹരണങ്ങൾ
1. مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ

(അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു). അല്ലാഹു പരിശുദ്ധനാകുന്നു എന്ന് പറഞ്ഞാൽ തുടർന്ന് പറയുന്ന വിഷയവുമായി അല്ലാഹുവിന് യാതൊരു ബന്ധവുമില്ല എന്നാണ്.  കാലാകാലങ്ങളായി മനുഷ്യർ അല്ലാഹുവിനെ സംബന്ധിച്ച് പുലർത്തിക്കൊണ്ടിരിക്കുന്ന തെറ്റായ ഒരു കാര്യവും അല്ലാഹുവുമായി ഒരുതരത്തിലും ബന്ധമില്ലെന്നാണ് സുബ്ഹാനല്ലാഹ് എന്ന് പറയുന്നതിലൂടെ ഒരു മനുഷ്യൻ പ്രഖ്യാപിക്കുന്നത്.

2. وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبٗاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ
(ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു.
എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്). ഇബ്നു അബ്ബാസ് (റ) പറയുന്നു : ഒരു മനുഷ്യൻ അല്ലാഹുവിനോട് ചേരാൻ പാടില്ലാത്ത ദുർഗുണങ്ങളിൽ നിന്നും അല്ലാഹുവിന് ചേരാൻ പാടില്ലാത്ത എല്ലാ വിശേഷണങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനാകുന്നു എന്ന് സമ്മതിക്കുന്നതിനെയാണ് സുബ്ഹാനല്ലാഹ് എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിൽ സുബ്ഹാനല്ലാഹ് എന്ന പദം വന്നിട്ടുള്ള ആയത്തുകൾ പരിശോധിച്ചാൽ ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിൽ അഞ്ച് കാര്യങ്ങൾ അംഗീകരിക്കുകയും അത് മനസിലാക്കി തന്റെ ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്താൽ അയാൾ സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞതിന്റെ ഫലമുണ്ടാകും.

1. അല്ലാഹുവിനെ പോലെ ഒന്നില്ല എന്ന് സമ്മതിക്കണം. ഒരു ഉപമയും ഇല്ലാത്തതും മറ്റൊന്നുമായി താരതമ്യം ചെയ്യാൻ പറ്റാത്തതും അല്ലാഹുവിന് ഒരു ഉദാഹരണവുമില്ല എന്നും അംഗീകരിക്കാലാണ് ഒന്നാമത്തെ കാര്യം.

വിശുദ്ധ ഖുർആനിലെ ചില ആയത്തുകൾ : – فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ (ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും.)

هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ

(അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.)

2. എല്ലാത്തിനും കഴിവുള്ളവൻ അല്ലാഹു മാത്രമേ ഉള്ളൂ എന്ന് അംഗീകരിക്കലാണ് രണ്ടാമത്തെ കാര്യം. മക്കയിൽ നിന്ന് 1239 കിലോമീറ്റർ ദൂരമുള്ള ബൈത്തുൽ മഖ്ദസിലേക്കും അവിടെ നിന്ന് ആകാശ ലോകത്തേക്കും ഒറ്റരാത്രികൊണ്ട് പ്രവാചകൻ (സ്വ) നടത്തിയ യാത്രയെ കുറിച്ച് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട് ഇസ്റാഅ്‌ – മിഅ്‌റാജ് എന്നാണ് അത് അറിയപ്പെടുന്നത്. അക്കാലത്ത് മക്കയിൽ നിന്ന് ബൈത്തുൽ മഖ്ദസിലേക്കുള്ള യാത്രാ സമയം ഒരു മാസമായിരുന്നു. ഒറ്റ രാത്രികൊണ്ട് അത്രയും ദൂരം പോയി വരുന്നത് അന്നത്തെ കാലത്തും ഇന്നും ആളുകൾക്ക് ചിന്തിക്കാനും ഉൾക്കൊള്ളാനും കഴിയാത്ത ഒന്നാണ്. ആ യാത്രയെ കുറിച്ച് പറയുന്നിടത്ത് അല്ലാഹു സുബ്ഹാനല്ലാഹ് എന്ന വചനത്തോട് ചേർത്താണ് പറയുന്നത്. അല്ലാഹു പറയുന്നു :

سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ
(തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്)

ഇത് അല്ലാഹുവിന് കഴിയാത്തതാണോ എന്നൊരു ചോദ്യം അതിലുണ്ട്. എന്നാൽ അത്തരം ചോദ്യങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനാണ്. അങ്ങനെ കഴിയില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത്തരം ആരോപണങ്ങളിൽ നിന്ന് അല്ലാഹു പരിശുദ്ധനാകുന്നു എന്നുകൂടി അതിൽ അടങ്ങിയിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ മറ്റ് ചില ആയത്തുകൾ :- أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ
(‎അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്ന്). ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ

(അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ‎ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും ‎പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ‎ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും ‎അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ‎ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ‎ഇന്നലെകളിലുണ്ടായതും ‎നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. ‎അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ ‎അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ‎ആധിപത്യം ആകാശഭൂമികളെയാകെ ‎ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം ‎അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും ‎മഹാനുമാണ്)

3. അല്ലാഹുവിന്റെ അറിവ് പോലെ ഒരറിവ് പ്രപഞ്ചത്തിൽ മറ്റാർക്കും ഇല്ല എന്ന് അംഗീകരിക്കലാണ് മൂന്നാമത്തെ കാര്യം.  അല്ലാഹു പറയുന്നു :  وَهُوَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَفِي ٱلۡأَرۡضِ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ

(അവന്‍ തന്നെയാണ് ആകാശ ഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവുമെല്ലാം അവനറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം).

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടും ലോകത്തിന്റെ ശ്വാസകോശമെന്നും അറിയപ്പെടുന്ന ആമസോൺ കാടുകളിലെ ഏറ്റവും വലിയ മരത്തിന്റെ ഏറ്റവും മുകളിലെ കൊമ്പിൽ നിന്ന് അല്ലാഹുവിന്റെ അറിവില്ലാതെ ഒരിലപോലും അറ്റ് വീഴുന്നില്ല. അല്ലാഹു പറയുന്നു :  وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ

(അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല). يَعۡلَمُ خَآئِنَةَ ٱلۡأَعۡيُنِ وَمَا تُخۡفِي ٱلصُّدُورُ
(കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകള്‍ മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു).

മലക്കുകൾ അല്ലാഹുവിനോട് പറഞ്ഞത് : قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ (അവര്‍ പറഞ്ഞു: “കുറ്റമറ്റവന്‍ നീ മാത്രം. നീ ‎പഠിപ്പിച്ചുതന്നതല്ലാതൊന്നും ഞങ്ങള്‍ക്കറിയില്ല. എല്ലാം ‎അറിയുന്നവനും യുക്തിമാനും നീ മാത്രം.”)

4. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ( خالق) പരിപാലകനും (رب) ഉടമസ്ഥനും (مالك) അല്ലാഹുവാണ് എന്ന് അംഗീകരിക്കലാണ് നാലാമത്തെ കാര്യം. സ്രഷ്ടാവ് ( خالق) അല്ലാഹു പറയുന്നു :
سُبۡحَٰنَ ٱلَّذِي خَلَقَ ٱلۡأَزۡوَٰجَ كُلَّهَا مِمَّا تُنۢبِتُ ٱلۡأَرۡضُ وَمِنۡ أَنفُسِهِمۡ وَمِمَّا لَا يَعۡلَمُونَ (ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധൻ) പരിപാലകൻ (رب) അല്ലാഹു പറയുന്നു :
سُبۡحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ (ആകാശഭൂമികളുടെ സംരക്ഷകനും സിംഹാസനത്തിനുടമയുമായ അല്ലാഹു അവര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനത്രെ).

അല്ലാഹു സ്രഷ്ടാവ് മാത്രമല്ല പരിപാലകനും കൂടിയാണ്. റബ്ബ് എന്നാൽ ആവശ്യത്തെ കണ്ടറിഞ്ഞ് പരിപാലിക്കുന്നവൻ എന്നാണ് അർത്ഥം. ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും നമ്മൾ അറിയാത്ത വിവിധ ആവശ്യങ്ങളുണ്ട്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും നമ്മൾ അറിയാത്ത ധാരാളം ആവശ്യങ്ങളുണ്ട്. അവയൊക്കെയും കണ്ടറിഞ്ഞ് പരിപാലിക്കുന്നവനാണ് അല്ലാഹു.  നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും വളർച്ച നിലക്കാതെ അത് വളർന്നുകൊണ്ടേയിരിക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്‌ഥ ?

രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം.

a) ഒരു ചെറിയ കുട്ടിക്ക് പല്ല് മുളക്കേണ്ട സമയത്ത് പല്ല് മുളച്ചില്ല. മാതാപിതാക്കൾ ഡോക്ടറിനെ കാണിക്കാൻ കൊണ്ടുപോയി. പരിശോധിച്ച ശേഷം ഡോക്ടർ കാത്സ്യത്തിനുള്ള മരുന്ന് കൊടുത്തു. മരുന്ന് കുറച്ചു കാലം കഴിച്ചുകൊണ്ടിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കുട്ടിക്ക് പല്ല് മുളച്ചു തുടങ്ങി. പിന്നീട് പല്ലിന്റെ വളർച്ച നിർത്താൻ നമ്മൾ മരുന്ന് കൊടുക്കാറില്ലല്ലോ. അതിന്റെ വളർച്ച ക്രമാധീതമായി വളർന്നു കൊണ്ടേയിരുന്നാൽ എന്തായിരിക്കും അവസ്ഥ ?
ഒരു നിശ്ചിത ഘട്ടമെത്തിയപ്പോൾ പല്ലിന്റെ വളർച്ച നിർത്തിയത് അല്ലാഹുവാണ്.

b) നമ്മുടെ തലമുടിയുടെ അതേ ഘടന തന്നെയാണ് നമ്മുടെ കൺപീലിക്കുമുള്ളത്. തലമുടി വളരുമ്പോൾ നമ്മൾ അത് വെട്ടി ചെറുതാക്കുന്നു. എന്നാൽ തലമുടി വളരുന്നത് പോലെ നമ്മുടെ കൺപീലി വളർന്നാൽ എന്താകും നമ്മുടെ അവസ്‌ഥ ?
അപ്പോൾ കൺപീലിയുടെ വളർച്ചയും ഒരു നിശ്ചിത ഘട്ടത്തിൽ വെച്ച് നിർത്തിയത് അല്ലാഹുവാണ്. അതിനാലാണ് നമ്മൾ അറിയാത്ത ആവശ്യങ്ങളെപോലും കണ്ടറിഞ്ഞ് പരിപാലിക്കുന്നവനാണ് അല്ലാഹു എന്ന് പറയുന്നത്. ഉടമസ്ഥൻ (مالك) അല്ലാഹു പറയുന്നു :
سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ (ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ.) تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ (ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്). ആകാശങ്ങളെയും ഭൂമിയെയും ഗ്രഹങ്ങളേയും സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും തുടങ്ങി പ്രപഞ്ചത്തിന്റെ മുഴിവനും സ്രഷ്ടാവ് ആരാണോ അവൻ തന്നെയാണ് അതിന്റെ ഉടമസ്ഥനും.

5. നമ്മുടെ ജീവിതത്തിൽ നാം എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം അല്ലാഹുവിനാണ് എന്ന് അംഗീകരിക്കലാണ് അഞ്ചാമത്തെ കാര്യം.
ദൗർഭാഗ്യവശാൽ മുസ്‌ലിം ഉമ്മത്തിലെ ബഹുഭൂരിപക്ഷം ആളുകളും സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞിട്ട് മറന്നുപോകുന്ന ഒരു കാര്യമാണിത്.
അല്ലാഹു പറയുന്നു :وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ (അവര്‍ അല്ലാഹുവിന് പുറമെ, തങ്ങള്‍ക്ക് ദോഷമോ ഗുണമോ വരുത്താത്ത വസ്തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്. അവരവകാശപ്പെടുന്നു: “ഇവയൊക്കെ അല്ലാഹുവിന്റെ അടുത്ത് ഞങ്ങളുടെ ശിപാര്‍ശകരാണ്.” ചോദിക്കുക: ആകാശഭൂമികളിലുള്ളതായി അല്ലാഹുവിനറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനും പരമോന്നതനുമാണ് അല്ലാഹു).

നമ്മുടെ ജീവിതത്തിൽ നാം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അല്ലാത്തവന് വിട്ടുകൊടുത്തിട്ട് സുബ്ഹാനല്ലാഹ് എന്ന് പറയാൻ നമുക്ക് അവകാശമില്ല.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും ഉടമസ്ഥനും അല്ലാഹുവാണ് എന്ന് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തിട്ട് ഖബറിൽ ഉള്ളവരുടെയും ദറഗകളിൽ ഉള്ളവരുടെയും മുന്നിൽ ചെന്ന് നിന്ന് പ്രാർത്ഥിക്കുകയും അവരോട് ശിപാർശ തേടുകയുമാണ് മുസ്‌ലിം ഉമ്മത്തിലെ ഭൂരിഭാഗം ആളുകളും ചെയ്യുന്നത്.  ഒരു ശിപാർശകനെ വെച്ചിട്ടെ നമ്മുടെ പ്രാർഥനകൾ അല്ലാഹുവിന്റെയടുത്ത് എത്തുകയുളൂ എങ്കിൽ അത്രയും ദുർബലനാണോ അല്ലാഹു ?.  ഒരാളുടെ പ്രാർത്ഥന കേട്ടിട്ട് മനം മാറിപ്പോകാനും അയാളുടെ വൻ പാപത്തെ പൊറുത്തുകൊടുക്കാനും മാത്രം ദുർബലനാണോ അല്ലാഹു ?.

ജീവിതത്തിൽ എന്താണ് ഹലാൽ, എന്താണ് ഹറാം കണ്ണ് കൊണ്ട് എന്ത് കാണണം എന്ത് കാണരുത് ചെവികൊണ്ട് എന്ത് കേൾക്കണം എന്ത് കേൾക്കരുത് തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള അവകാശം അല്ലാഹു അല്ലാത്തവർക്ക് വിട്ടുകൊടുത്തിട്ട് നമുക്ക് സുബ്ഹാനല്ലാഹ് എന്ന് പറയാൻ അവകാശമില്ല.

അല്ലാഹു പറയുന്നു :  ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ (അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ‎അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മറിയമിന്റെ മകന്‍ ‎മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് ‎വഴിപ്പെടാനല്ലാതെ കല്പിലക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ ‎പങ്കുചേർക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍).

ഈ ആയത്ത് കേട്ടപ്പോൾ വേദക്കാരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച അദിയ്യ്‌ ഇബ്നു ഹാതിം എന്ന സ്വഹാബി പ്രവാചകനോട് ചോദിച്ചു : പ്രവാചകരെ, വേദക്കാർ പുരോഹിതന്മാരെ പൂജിക്കുകയോ അവർക്ക് വഴിപാട് ആർപ്പിക്കുകയോ ചെയ്യുന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് അവർ പുരോഹിതന്മാരെയും പണ്ഡിതന്മാരേയും റബ്ബുകളാക്കി എന്ന് പറയാൻ കഴിയുക ?
പ്രവാചകൻ തിരിച്ചു ചോദിച്ചു : ജീവിതത്തിൽ ഏതൊക്കെയാണ് ഹറാമായ കാര്യങ്ങൾ, ഏതൊക്കെയാണ് ഹലാലായ കാര്യങ്ങൾ തുടങ്ങിയവ തീരുമാനിക്കാനുള്ള അവകാശം അവർക്ക് വിട്ട് കൊടുത്തിരുന്നോ ?  അദിയ്യ്‌ ബ്നു ഹാതിം (റ) അതേ, തീർച്ചയായിട്ടും എന്ന് മറുപടി പറഞ്ഞു.  അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു : അതാണ് അവരെ റബ്ബുകളാക്കി എന്ന് പറഞ്ഞത്. ഒരാൾ ഈ അഞ്ച് കാര്യങ്ങൾ അംഗീകരിച്ചിട്ട് സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞാൽ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും അല്ലാഹുവിന്റെ തീരുമാനങ്ങൾ അംഗീകരിച്ചു എന്നാണ് അതിന്റെ അർത്ഥം.  അല്ലാഹു പറയുന്നു :  وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ
(എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് ‎വഴിപ്പെടാനല്ലാതെ കല്പിലക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ ‎പങ്കുചേർക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍).

ജീവിതത്തിൽ അല്ലാഹുവിന്റെതല്ലാത്ത ഒരു അടയാളങ്ങളും നിയമങ്ങളും കല്പനകളും പിൻപറ്റില്ല എന്ന പ്രഖ്യാപനമാണ് സുബ്ഹാനല്ലാഹ്.  എല്ലാ ദിവസവും അഞ്ച് നേരം നിസ്കാരിക്കാൻ വേണ്ടി കൈ കെട്ടിയിട്ട് അതാണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്
അല്ലാഹു പറയുന്നു :  قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ
لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِين (പറയുക: “നിശ്ചയമായും എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.) (“അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.”) ഈ പ്രഖ്യാപനമാണ് അഥവാ ഈ സുബ്ഹാനല്ലായാണ് അല്ലാഹുവിനോട് നമ്മൾ ഏറ്റവും കൂടുതൽ അടുക്കുന്ന റുകൂഇലും സുജൂദിലും ഒരു ദിവസം 153 പ്രാവശ്യം നിർബന്ധമായും നാം ചൊല്ലിക്കൊണ്ടിരിക്കുന്നത്. ആ ബോധ്യത്തോടെ വേണം നമ്മൾ നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.

തയ്യാറാക്കിയത്: മുഷ്താഖ് ഫസൽ

Related Articles