Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിന്റെ സവിശേഷതകൾ

ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ (18) إِنَّهُمْ لَنْ يُغْنُوا عَنْكَ مِنَ اللَّهِ شَيْئًا وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَاللَّهُ وَلِيُّ الْمُتَّقِينَ (19) هَذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِقَوْمٍ يُوقِنُونَ (الجاثية : 20)
“അതിനുശേഷം ഇപ്പോൾ പ്രവാചകാ, ദീനീവിഷയത്തിൽ നാം നിന്നെ ഒരു രാജപാതയി (ശരീഅത്തി) ലാക്കിയി രിക്കുന്നു. നീ അതുതന്നെ പിന്തുടരണം. അറിവില്ലാത്തവരുടെ അഭിലാഷങ്ങൾക്ക് വഴങ്ങിക്കൂടാ. അല്ലാഹുവിനെ തിരിൽ നിനക്ക് ഒരു ഗുണവും ചെയ്യാൻ അവരാലാവില്ല. ധിക്കാരികൾ പരസ്പരം കൂട്ടുകാരാകുന്നു ഭക്തജ നങ്ങളുടെ കൂട്ടുകാരനോ, അല്ലാഹുവത്രെ. ഇത് സകല ജനത്തിനുമുള്ള ഉൾക്കാഴ്ചയുടെ കിരണങ്ങളാകുന്നു. ദൃഢവിശ്വാസമുള്ളവർക്ക് സന്മാർഗവും കാരുണ്യവും”(അൽ ജാഥിയ: 18-20)

1. എന്താണ് ശരീഅത്ത്?
മനുഷ്യ ജീവിതത്തെ മൂന്ന് അടിത്തറകളിൽ കെട്ടിപടുക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
 ഇതിൽ ഒന്നാമത്തെ അടിത്തറ വിശ്വാസ കാര്യങ്ങളാണ്. ഇതിനെയാണ് നമ്മൾ ഇൗമാൻ കാര്യങ്ങൾ അല്ലങ്കിൽ അഖീദ എന്നു പറയുന്നത്.
 രണ്ടാമത്തെ അടിത്തറ ധാർമിക മൂല്യങ്ങൾ (അഖ്ലാഖ്) ആണ്. സത്യം, കാരുണ്യം, നീതി, വൃത്തി, ലജ്ജ, മിതത്വം തുടങ്ങിയ ഗുണങ്ങളാണിവ.
 മൂന്നാമത്തെ അടിത്തറ നിയമങ്ങളാണ്. നേരത്തെ പറഞ്ഞ അഖീദയും ധാർമിക ഗുണങ്ങളും പ്രായോഗികമായി പ്രതിഫലിപ്പിക്കുന്ന കർമപരമായ നിയമങ്ങൾ (അഹ്കാം) ആണിത്. ശരീഅത്തും ഫിഖ്ഹും ആണ് അഹ്കാമിനെ (നിയമങ്ങളെ) പ്രതിനിധീകരിക്കുന്നത്.

രണ്ടു തരം ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ് വിശ്വാസി.
 ഒന്ന്. അല്ലാഹുവോടുള്ള ബന്ധമാണ്.
 രണ്ടാമത്തേത്, മറ്റു മനുഷ്യരോടുള്ള ബന്ധമാണ്.
 പരലോക വിചാരണയിൽ ഇൗ രണ്ടു ബന്ധങ്ങളെ കുറിച്ചാണ് ചോദിക്കുക.
നിങ്ങളെങ്ങനെ നരകത്തിലെത്തി എന്ന ചോദ്യത്തിന് നരകവാസികളുടെ മറുപടി ഖുർആൻ ഉദ്ധരിക്കുന്നത് കാണുക.
مَا سَلَكَكُمۡ فِی سَقَرَ , قَالُوا۟ لَمۡ نَكُ مِنَ ٱلۡمُصَلِّینَ ,وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِینَ
“”നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്? അവർ പറയും: ഞങ്ങൾ നമസ്കരിക്കുന്നവരായിരുന്നില്ല ,ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമായിരുന്നില്ല.” [Surah Al-Muddaththir 42-44]
 ഇതിൽ നമസ്കാരം അല്ലാഹുവോടുള്ള ബന്ധത്തിന്റെ പ്രതീകമാണ്. അഗതിയോടുള്ള ബാധ്യത മനുഷ്യരോടുള്ള ബന്ധത്തിന്റെ സൂചകവും.
 ഇൗരണ്ടു ബന്ധങ്ങളെയും അഥവാ, മനുഷ്യനും അല്ലാഹുവും, മനുഷ്യനും മനുഷ്യനും തമ്മിലുളള ബന്ധങ്ങളെ ചിട്ടപ്പെടുത്തി അതുവഴി ഇഹപര വിജയം പ്രദാനം ചെയ്യാൻ അല്ലാഹു നൽകിയ നിയമങ്ങൾക്കാണ് ശരീഅത്ത് എന്ന് പറയുന്നത്.
 ശരീഅത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സമഗ്രതയാണ്. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത മേഖലകളുണ്ട്. ആരാധനപരമായ/കുടുംബപരമായ/സാമ്പത്തികമായ/സാമൂഹികമായ/സാംസ്കാരികമായ എന്നിങ്ങനെ വ്യത്യസ്ത മണ്ഡലങ്ങൾ..
 ഒരു മനുഷ്യന്റെ സംസാരം, പ്രവർത്തനങ്ങൾ, മനോവിചാരങ്ങൾ (ഇതാണല്ലോ മനുഷ്യനിൽ നീന്നുണ്ടാവു ന്ന കാര്യങ്ങൾ) എന്നിവ ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും ശരീഅത്തിന് തൽസംബന്ധമായി ശരീഅത്തിന്റെ വിധികളുണ്ട്. ഒരുവന്റെ വികാരവിചാരങ്ങൾ പോലും റബ്ബിന്റെ നിയമങ്ങൾക്കു വിധേയമാകുമ്പോഴാണല്ലോ അവൻ വിശ്വാസിയാവുക.

” لا يؤمنُ أحدُكم حتَّى يكونَ هواه تبعًا لما جئتُ به ” ഞാൻ കൊണ്ടുവന്നതിനെ പിൻപറ്റുക എന്നത് സ്വന്തം

 

താൽപര്യമായിത്തീരുംവരെ നിങ്ങളിൽ ആരും വിശ്വാസിയാവുകയില്ല.
അഞ്ചു തരം വിധികളെ കുറിച്ച് ശരീഅത്ത് പറയുന്നു.
1. അനുഷ്ഠിക്കൽ നിർബന്ധമായ കാര്യം – (വാജിബ്)
2. പ്രവർത്തിക്കൽ ഉത്തമമായ കാര്യം : സുന്നത്ത് / മുസ്തഹബ്ബ്
3. അനുവദനീയമായ കാര്യം : ഹലാൽ
4. ഒഴിവാക്കൽ ഉത്തമമായ കാര്യം – കറാഹത്ത്
5. അനിവാര്യമായും ഒഴിവാക്കേണ്ടത്. ഹറാം

 ഇൗ അഞ്ചു വിധികളിൽ ഏതെങ്കിലുമൊരു വിധി വന്നിട്ടില്ലാത്ത ഒരു കാര്യവും (പ്രാഥമികമായ ആവശ്യങ്ങൾ നിർവഹിക്കുന്നത് മുതൽ അന്താരാഷ്ട്രീയകാര്യങ്ങളിൽ വരെ) മനുഷ്യ ജീവിതത്തിലില്ല.
 നിങ്ങൾ ഏതെങ്കിലുമൊരു കർമശാസ്ത്ര (ഫിഖ്ഹിന്റെ) ഗ്രന്ഥത്തിലെ വിഷയങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു നോക്കൂ. മനുഷ്യ ജീവിതത്തിലെ കർമങ്ങളുമായി ബന്ധപ്പെട്ട ഒരുഭാഗവും അതിൽ വിട്ടുപോയിട്ടുണ്ടാവില്ല.
 വൃത്തിയും ശുദ്ധിയും (ത്വഹാറത്ത്) മുതൽ തുടങ്ങി ആരാധനാ കർമങ്ങൾ (ഇബാദാത്), സാമ്പത്തിക ഇടപാടുകൾ (മുആമലാത്ത്), നീതിന്യായവുമായി ബന്ധപ്പെട്ട സിവിൽ ക്രിമിനൽ നിയമങ്ങൾ (ജിനായാത്ത്), സാമൂഹിക രാഷ്ട്രീയനിയമങ്ങൾ (സിയാസ ശറഇയ്യ), മരണാനന്തരം നിർവഹിക്കേണ്ട അനന്തരാവകാശനിയമങ്ങൾ വരെ പ്രതിപാദിച്ചിട്ടുണ്ടാവും.
 സമഗ്രതയെന്ന ആശയത്തിന്റെ മറ്റൊരു തലം മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും അതുൾകൊള്ളുന്നു എന്നതുകൂടിയാണ്.
 ഗർഭസ്ഥശിശുവിന്റെ വിധികൾ മുതൽ മനുഷ്യായുസ്സിന്റെ ഒടുക്കം ഖബറിൽ വെക്കുന്നതെങ്ങിനെയെന്നുവരെ പറഞ്ഞിട്ടുണ്ടാവും.

2. ശരീഅത്തിന്റെ ലക്ഷ്യം
 ശരീഅത്തിന്റെ രണ്ടാമത്തെ പ്രത്യേകത ശരീഅത്ത് നിയമങ്ങൾ മുഴുവൻ മനുഷ്യന്റെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടിയുള്ളതാണ്.
 ഒരുവൻ ശരീഅത്തിനെ പിന്തുടരുന്നതു കൊണ്ട് റബ്ബിന് പ്രത്യേകിച്ച് ഒന്നും ലഭിക്കാനില്ല. ധിക്കാരിയായി ജീവിച്ചാലും റബ്ബിന് ഒരു കുറവും വരാനില്ല.
يا عبادي، لو أنَّ أوَّلَكم وآخِرَكم وإنسَكم وجِنَّكم كانوا على أتقَى قَلبِ رَجُلٍ واحدٍ منكم ما زاد ذلك في مُلكي شيئًا، يا عبادي، لو أنَّ أوَّلَكم وآخِرَكم وإنسَكم وجِنَّكم كانوا على أفجَرِ قلبِ رجلٍ واحدٍ منكم ما نقَصَ ذلك مِن مُلكي شيئًا….
الراوي : أبو ذر الغفاري ്യു المحدث : ابن تيمية ്യു المصدر : مجموع الفتاوى : صحيح
അതിനാൽ തന്നെ, ശരീഅത്തിന്റെ ആത്യന്തികമായ ലക്ഷ്യം മനുഷ്യന്റെ ഇഹപര വിജയമാകുന്നു.
ചിലരെങ്കിലും തെറ്റിധരിച്ചതു പോലെ പാരത്രികവിജയം മാത്രമല്ല ശരീഅത്ത് ലക്ഷ്യമാക്കുന്നത്. മനുഷ്യന്റെ ഇഹലോക ക്ഷേമവും അല്ലാഹുവിന്റെ നിയമങ്ങളുടെ ഉദ്ദേശ്യമാണ്.അല്ലാഹു പറയുന്നു..
وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰۤ ءَامَنُوا۟ وَٱتَّقَوۡا۟ لَفَتَحۡنَا عَلَیۡهِم بَرَكَـٰتࣲ مِّنَ ٱلسَّمَاۤءِ وَٱلۡأَرۡضِ [Surah Al-A”raf 96]
 അന്നാട്ടുകാർ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കിൽ നാമവർക്ക് വിണ്ണിൽനിന്നും മണ്ണിൽനിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുക്കുമായിരുന്നു.
 ദൈവിക സന്ദേശം സ്വീകരിക്കുക വഴി ലഭ്യമാവുന്ന ജീവിതത്തെ കുറിച്ച് നൂഹ് (അ) പറയുന്നത് ഇഹലോക സമൃദ്ധിയെ കുറിച്ചു കൂടിയാണ്.

فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا ۝ یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا ۝ وَیُمۡدِدۡكُم بِأَمۡوَ ٰ⁠لࣲ وَبَنِینَ وَیَجۡعَل لَّكُمۡ جَنَّـٰتࣲ وَیَجۡعَل لَّكُمۡ أَنۡهَـٰرࣰا ۝ [Surah Nuh 10 – 12]
ഞാൻ ആവശ്യപ്പെട്ടു: നിങ്ങൾ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവൻ ഏറെ പൊറുക്കുന്നവനാണ്. അവൻ നിങ്ങൾക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും.
 ഇസല്മിക ശരീഅത്തിലെ നിയമങ്ങളെ ഒന്ന് വിശദമായി പരിശോധിച്ചാൽ മനുഷ്യവംശത്തിന്റെ നന്മയും ക്ഷേമവും എത്രത്തോളം പരിഗണിച്ചുവെന്ന് കാണാൻ കഴിയും.
അതിനാലാണ് ഇമാം ഇബ്നുൽ ഖയ്യിം (റ) പറഞ്ഞത്:
”فإن الشريعة مبناها وأساسها على الحكم ومصالح العباد في المعاش والمعاد وهي عدل كلها ورحمة كلها ومصالح كلها وحكمة كلها.”
തികഞ്ഞ യുക്തിദീക്ഷയിലും, അടിമകളുടെ ഇഹപര ക്ഷേമത്തിലുമാണ് ശരീഅത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അത് മുഴുവൻ നീതിയാണ്, മുഴുവൻ കാരുണ്യമാണ്, മുഴുവൻ ജനങ്ങളുടെ നന്മകളാണ്, മുഴുവൻ യുക്തിയാണ്.””
ഇസ്ലാമിക ശരീഅത്തിൽ നിയമാവിഷ്ക്കാരത്തിന്റെ മുഖ്യപരിഗണനകൾ മൂന്നെണ്ണമാണ് .
1. പ്രസ്തുത നിയമം നടപ്പിലാക്കുക വഴി മനുഷ്യർക്ക് ഒരു നന്മ/പ്രയോജനം ഉണ്ടാവുക. (جلب المصلحة)
2. മനുഷ്യ സമൂഹത്തിന് ഹാനികരമാവുന്ന ഒരു തിന്മ/ഉപദ്രവത്തെ തടയുക. (درء المفسدة)
3. പ്രയാസങ്ങളെ നീക്കം ചെയ്ത് ജീവിതം സുഗമമാക്കുക. (رفع الحرج)
അല്ലാഹു പറയുന്നു. یُرِیدُ ٱللَّهُ بِكُمُ ٱلۡیُسۡرَ وَلَا یُرِیدُ بِكُمُ ٱلۡعُسۡرَ
നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. [Surah Al-Baqarah 185]

മനുഷ്യജീവിതത്തിന് സുപ്രധാനമായ ചില അടിത്തറകൾ ഉണ്ട്.
1. ആദർശ വിശ്വാസം (دين)
2. ശരീരം/ജീവൻ (نفس)
3. ബുദ്ധി (عقل )
4. സമ്പത്ത് (مال )
5. വംശം/കുടുംബം ( نسل)
6. അഭിമാനം (عرض )
ശരീഅത്തിന്റെ ഏതൊരു വിധി പരിശോധിച്ചു നോക്കിയാലും മനുഷ്യ ജീവിതത്തിന്റെ ഇൗ ആറ് അടിത്തറകളുടെ സംരക്ഷണമാണ് അവയുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കാൻ കഴിയും.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം:
1. ദീൻ (ആദർശം) നമസ്കാരം നിർബന്ധമാക്കി, അല്ലാഹുവിനോടുള്ള ബന്ധം ശക്തിപ്പെടുത്താൻ. (جلب المصلحة), ശിർക്ക് നിരോധിച്ചു. ( درء المفسدة)
2. ശരീരം/ ജീവൻ: നല്ല ഭക്ഷണപദാർഥങ്ങൾ അനുവദിച്ചു. (جلب المصلحة)
 മോശമായതും വൃത്തികെട്ടതുമായ ഭക്ഷ്യ പദാർഥങ്ങൾ നിരോധിച്ചു. അന്യായമായി ഒരു ജീവനും ഹനിക്കരുതെന്ന് പഠിപ്പിച്ചു ( درء المفسدة)
3. ബുദ്ധി
 ബുദ്ധിയും ചിന്തയും ഉണർത്താൻ വിജ്ഞാന സമ്പാദനം പ്രോൽസാഹിപ്പിച്ചു. (جلب المصلحة)
 ബുദ്ധി നശിക്കാതിരിക്കാൻ ലഹരി പദാർഥങ്ങൾ വിരോധിച്ചു. ( درء المفسدة)
4. സമ്പത്ത് സംരഷിക്കാൻ കച്ചവടം, കൃഷി, തൊഴിൽ, അധ്വാനം തുടങ്ങിയവ പ്രോൽസാഹിപ്പിച്ചു. (جلب المصلحة) പലിശ, മോഷണം, ചതി തുടങ്ങിയവ വിരോധിച്ചു. (درء المفسدة)
5. വംശവും കുടുംബവും സംരഷിക്കാൻ വിവാഹ ജീവിതവും സന്താനോൽപാദനവും പ്രോൽസാഹിപ്പിച്ചു. (جلب المصلحة) കുടുംബം നശിക്കാതിരിക്കാൻ വ്യഭിചാരവും മതിയായ ന്യായമില്ലാത്ത ബന്ധവിച്ഛേദനവും വിലക്കി. ( درء المفسدة)
6. അഭിമാനം സംരക്ഷിക്കാൻ വ്യക്തിത്വത്തെ മാനിക്കാനും മനുഷ്യനെ ആദരിക്കാനും പഠിപ്പിച്ചു. ഉയർന്ന പെരുമാറ്റ മര്യാദകൾ ശീലിപ്പിച്ചു. (جلب المصلحة), അസൂയ, പരദൂഷണം, ദുരാരോപണങ്ങൾ ഇവ വിരോധിച്ചു. (درء المفسدة)

3. ഇസ്ലാമിക ശരീഅത്തിന്റെ മൂന്നാമത്തെ പ്രത്യേകത. ഏതു സാഹചര്യത്തിലും പ്രായോഗികവും മനുഷ്യ സാധ്യവുമായ കാര്യങ്ങളെ മാത്രമേ ശരീഅത് കൽപ്പിക്കുകയുള്ളൂ.
അല്ലാഹു പറയുന്നു:
لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽപെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല
 ഇനി ഏതെങ്കിലും വിഷമതകൾ/പ്രയാസങ്ങൾ (مشقة) കാരണത്താൽ ഒരു വിധി നടപ്പിൽവരുത്താൻ സാധ്യമാവാതെ വന്നാൽ ഇളവുകൾ നൽകും.
 (യാത്ര, രോഗം, ശാരീരികവും, ബുദ്ധിപരവുമായ ന്യൂനതകൾ, നിർബന്ധിതാവസ്ഥകൾ തുടങ്ങിയ സന്ദർഭങ്ങളിലെ ഇളവുകൾ ഉദാഹരിക്കാം. (തയമ്മും, ജംഉം ഖസ്റും ……)

സന്തുലിതത്വമാണ് ശരീഅത്തിന്റെ മറ്റൊരു പ്രത്യേകത.

 (ആത്മീയതയും ഭൗതികതയും തമ്മിൽ, ശരീരവും മനസ്സും തമ്മിൽ, സിദ്ധാന്തവും പ്രായോഗികതയും തമ്മിൽ, ഇഹലോകവും പരലോകവും തമ്മിൽ, സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും തമ്മിൽ, വ്യക്തിയും സമൂഹവും തമ്മിൽ, സ്ഥിരതയും മാറ്റവും തമ്മിൽ.. ഇങ്ങനെ ജീവിതത്തിലെ വ്യത്യസ്ത ദ്വന്ദങ്ങളിലെല്ലാം തന്നെ ആവശ്യമുള്ള അളവിൽ പ്രാധാന്യം നൽകി ശരീഅത് പരിരക്ഷിക്കുന്നു.
 ഏറ്റവും സമഗ്രമെന്ന് നബി തിരുമേനി(സ)പഠിപ്പിച്ച പ്രാർഥന; (ഉദാഹരണങ്ങൾ നിരവധി പറയാം)
 ഇസ്ലാമിക ശരീഅത് മനുഷ്യ ജീവിതത്തിന്റെ ക്ഷേമവും സുരക്ഷയും എങ്ങനെ പരിഗണിക്കുന്നുവെന്നറിയാൻ ലളിതമായ ഉദാഹരണമാണ് ഹലാൽ ഹറാം
 ശരീഅത്തിലെ വളരെ പ്രധാനപെട്ട രണ്ട് വിധികളാണ് ഹലാലും ഹറാമും (അനുവദനീയമായതും നിഷിദ്ധമായതും)

ഹലാൽ
എപ്പോഴാണ് ഒരു കാര്യം ഇസ്ലാമിൽ അനുവദനീയമാവുക?
 ഒരു കാര്യം അത് അനുവദനീയമാകാനുള്ള പ്രഥമ ഉപാധി അത് “”ത്വയ്യിബ്” ആവുകയെന്നതാണ്.
അല്ലാഹു പറയുന്നു. یَسۡـَٔلُونَكَ مَاذَاۤ أُحِلَّ لَهُمۡۖ قُلۡ أُحِلَّ لَكُمُ ٱلطَّیِّبَـٰتُ
 തങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവർ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. ധടൗൃമവ അഹങമ”ശറമവ 4പ
 “ഏതു കാര്യത്തിലെയും ഏറ്റവും മികച്ചത് ധالأفضل من كل شيئപ ഇതാണ് ത്വയ്യിബ്. ത്വയ്യിബ് എന്ന പദം ചേർത്ത് ഖുർആൻ പഠിപ്പിക്കുന്ന കാര്യങ്ങൾ നിരവധിയാണ്. ഇവയൊക്കെയും ത്വയ്യിബ്. ഹലാൽ ആയിരിക്കണം.
 ശുദ്ധവായു ريح طيب:, ശുദ്ധ മണ്ണ് صعيد طيب:, നല്ല ഫല ദായക”വൃക്ഷം: شجرة طيية, നല്ല നാട് البلد الطيب : നല്ല ഭൂമി أرض طيب:,നല്ല സ്ത്രീ പുരുഷന്മാർ: الطيبون والطيبات, നല്ല ഭക്ഷണംرزق طيب , നല്ല സംസാരംالكلم الطيب :, നല്ല പെരുമാറ്റം تحية طيبة :,നല്ല സമ്പാദ്യംطيبات ماكسبتم :, സന്താനങ്ങൾ : ذرية طيبة, നല്ല ഭവനം مساكن طيبة : , നല്ല ജീവിതം : حياة طيبة
ഇസ്ലാമിക വീക്ഷണത്തിൽ നാലു പ്രധാന ഗുണങ്ങൾ ചേരുന്നവയാണ് ഹലാലായ വസ്തു.
1. വൃത്തിയുള്ളതാവുക
2. ആരോഗ്യദായകമാവുക
3. ആസ്വാദ്യകരമാവുക.
4. ഗുണകരമാവുക/നന്മയുള്ളതാവുക .
 ഇൗ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ നല്ലതാവുക എന്നല്ല, മറിച്ച് മനുഷ്യരാശിക്ക് ഗുണകരമാവുകയെന്നതാണ്.
 എല്ലാ മനുഷ്യരോടും ഖുർആന്റെ കൽപ്പനയാണിത്.
ആഹാരം:
یَـٰۤأَیُّهَا ٱلنَّاسُ كُلُوا۟ مِمَّا فِی ٱلۡأَرۡضِ حَلَـٰلࣰا طَیِّبࣰا وَلَا تَتَّبِعُوا۟ خُطُوَ ٰ⁠تِ ٱلشَّیۡطَـٰنِۚ إِنَّهُۥ لَكُمۡ عَدُوࣱّ مُّبِینٌ [Surah Al-Baqarah 168]
മനുഷ്യരേ, ഭൂമിയിലെ വിഭവങ്ങളിൽ അനുവദനീയവും ‎ഉത്തമവുമായത് തിന്നുകൊള്ളുക. പിശാചിന്റെ ‎കാൽപ്പാടുകളെ പിൻപറ്റരുത്. അവൻ നിങ്ങളുടെ ‎പ്രത്യക്ഷ ശത്രുവാണ്. ‎

ഹറാം
നിർബന്ധമായും ഒഴിവാക്കേണ്ടുന്ന കാര്യമാണ് ഹറാം. ഒരു കാര്യം ഹറാമാവുമ്പോൾ ഇസ്ലാമിക ശരീഅത്ത് പരിഗണിച്ച കാര്യങ്ങൾ:
1. ഒരു കാര്യം നിഷിദ്ധദ്ധമാവാനുള്ള മാനദണ്ഡം അത് മനുഷ്യരാശിക്ക് വിനാശകരമാവുന്നു എന്നതാണ്.
قُلۡ إِنَّمَا حَرَّمَ رَبِّیَ ٱلۡفَوَ ٰ⁠حِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡیَ بِغَیۡرِ ٱلۡحَقِّ وَأَن تُشۡرِكُوا۟ بِٱللَّهِ مَا لَمۡ یُنَزِّلۡ بِهِۦ سُلۡطَـٰنࣰا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعۡلَمُونَ [Surah Al-A’raf 33]
പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധർമ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്.
2. അനുവദനീയമായവയുടെ ഒരുപാടു വാതിലുകൾ തുറന്നുവെച്ചതിനു ശേഷമാണ് ശരീഅത്ത് ഒരു കാര്യം നിഷിദ്ധമാക്കുക.
 കച്ചവടം, കൃഷി, തൊഴിൽ തുടങ്ങി ഒരുപാട് സമ്പാദനരീതികൾ അനുവദിച്ചതിനുശേഷമാണ് കൊടിയ ചൂഷണമായ പലിശ ഇസ്ലാം വിലക്കുന്നത്.
3. ഒരു കാര്യം നിഷിദ്ധമാക്കുമ്പോൾ അതിലേക്കെത്തിപ്പെടാനുള്ള സാഹചര്യവും കൂടി ഇല്ലാതാക്കുന്നു.
 വ്യഭിചാരം ഹറാമാക്കുന്നതിനു മുമ്പായി വസ്ത്രധാരണത്തിലെ മര്യാദകൾ, അന്യസ്ത്രീയും പുരുഷനും തനിച്ചാവാതിരിക്കാനുള്ള ജാഗ്രത, സംസാരത്തിലെ സൂക്ഷ്മത, നോട്ടത്തിലെ മര്യാദകൾ ഇവയൊക്കെ പഠിപ്പിക്കുന്നു.
4. നിഷിദ്ധമായതിനെ അനുവദനീയമാക്കാനുള്ള കൗശലങ്ങളെ (ഹീലത്തുകൾ) വിലക്കുക.
5. നല്ല ഉദ്ദേശ്യങ്ങൾ നിഷിദ്ധമായത് ചെയ്യാനുള്ള ഉപാധിയല്ല എന്നുപഠിപ്പിച്ചു.
6. പരസ്പര തൃപ്തിയുണ്ടെന്നത് ഹറാം ചെയ്യാനുള്ള ന്യായമല്ല എന്നുണർത്തി

Related Articles