Current Date

Search
Close this search box.
Search
Close this search box.

അനവസരത്തിൽ ഫത്‌വ ഇറക്കി അക്രമികളെ സഹായിക്കുന്നവർ

عَنْ جَابِرٍ قَالَ : خَرَجْنَا فِي سَفَرٍ، فَأَصَابَ رَجُلًا مِنَّا حَجَرٌ، فَشَجَّهُ فِي رَأْسِهِ، ثُمَّ احْتَلَمَ، فَسَأَلَ أَصْحَابَهُ فَقَالَ : هَلْ تَجِدُونَ لِي رُخْصَةً فِي التَّيَمُّمِ ؟ فَقَالُوا : مَا نَجِدُ لَكَ رُخْصَةً وَأَنْتَ تَقْدِرُ عَلَى الْمَاءِ. فَاغْتَسَلَ فَمَاتَ، فَلَمَّا قَدِمْنَا عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُخْبِرَ بِذَلِكَ، فَقَالَ : ” قَتَلُوهُ قَتَلَهُمُ اللَّهُ، أَلَا سَأَلُوا إِذْ لَمْ يَعْلَمُوا ؟ فَإِنَّمَا شِفَاءُ الْعِيِّ السُّؤَالُ، أَنْ يَتَيَمَّمَ وَيَعْصِرَ – أَوْ : يَعْصِبَ. شَكَّ مُوسَى – عَلَى جُرْحِهِ خِرْقَةً، ثُمَّ يَمْسَحَ عَلَيْهَا، وَيَغْسِلَ سَائِرَ جَسَدِهِ “.

ജാബിർ ഇബ്നു അബ്ദില്ല റസൂൽ (സ) യുടെ കാലത്തു ഉണ്ടായ ഒരു സംഭവം വിവരിക്കുന്നുണ്ട്. സ്വഹാബാക്കളിൽ ചിലർ ഒരു യാത്ര പോയി. യാത്രക്കിടയിൽ ഒരു സ്വഹാബിക്ക് തലക്ക് മുറിവേൽക്കുകയും ആ മുറിവിൽ നിന്ന് രക്തം ഒലിച്ചു കൊണ്ടിരുന്നു. രാത്രി ഉറക്കത്തിൽ അദ്ദേഹത്തിന് സ്ഖലനം സംഭവിക്കുകയും ചെയ്തു. രവിലെയായപ്പോൾ അദ്ദേഹം മറ്റു സ്വഹാബക്കളോട് ചോദിച്ചു: എനിക്ക് തയമ്മും ചെയ്യാൻ ഇളവ് ഉണ്ടാകുമോ?
അവർ പറഞ്ഞു: ഇവിടെ വെള്ളമുണ്ടല്ലോ. വെള്ളമുണ്ടായിരിക്കെ തയമ്മും സാധ്യമല്ലലോ. അതിനാൽ താങ്കൾക്ക് ഇളവ് ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ നിവർത്തിയില്ലാതെ ആ മനുഷ്യൻ കുളിക്കുകയും രക്തം വാർന്ന് മരിക്കുകയും ചെയ്തു.അവർ തിരിച്ചു റസൂലിന്റെ അടുക്കൽ വന്നു. എന്നിട്ട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇതു കേട്ട റസൂലിന്റെ മുഖം കോപത്താൽ ചുവന്നു. അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ കൊന്നു. അല്ലാഹു അവരേയും കൊല്ലട്ടെ. അവർക്ക് അറിയില്ലായിരുന്നു എങ്കിൽ മറ്റുള്ളവരോട് ചോദിക്കാമായിരുന്നു. മുറിവുള്ള സ്ഥലത്തു തുണി ചുറ്റി ശേഷം അവിടെ തടവിയാൽ മതിയായിരുന്നു അദ്ദേഹത്തിന് ശുദ്ധി കൈവരുവാൻ.നിങ്ങളോ തെറ്റായ വിവരം നൽകി ആ മനുഷ്യനെ കൊന്നു കളഞ്ഞു.

റസൂലിന്റെ കാലത്തെ അപൂർവമായ ഒരു സംഭവം ആണിത്. വളരെ അപൂർവമായേ റസൂൽ (സ) തന്റെ സഹപ്രവർത്തകരോട് കോപിക്കാറുള്ളൂ. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നതിനെയാണ് അവിടുന്ന് ശക്തമായ ഭാഷയിൽ കൈകാര്യം ചെയ്യുന്നത്. സ്വഹാബാക്കൾ വിശുദ്ധ ഖുർആനെ പിൻപറ്റിയാണ് ഫത്‌വ നൽകിയത്. വിശുദ്ധ ഖുർആനിൽ തയ്യമുമിനെ പറ്റി പരാമർശിക്കുന്ന സ്ഥലത്തു ഇങ്ങനെ കാണാം. فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക.

Also read: ഒരു കന്യാസ്ത്രീ ഖുര്‍ആന്‍ വായിച്ചപ്പോള്‍

അവർക്ക് ആവശ്യമായ വെള്ളം അവരുടെ തന്നെ പക്കൽ ഉണ്ടായിരുന്നു. എന്നാൽ റസൂൽ (സ) അവരെ ആക്ഷേപിച്ചു. അല്ലാഹു അവരെ നശിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്തു. വലിയ പാഠമുള്ള ഒരു ചെറിയ ഹദീസ് ആണിത്. മുസ്ലിം ഉമ്മത്തിന് എത്ര ഉറപ്പുള്ള വിഷയങ്ങളിൽ പോലും അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷിക്കണം എന്നാണ് ഇതു പഠിപ്പിക്കുന്നത്. സാഹചര്യങ്ങളെ മനസ്സിലാക്കി, അതിനെ കൂടി പരിഗണിച്ചാണ് അഭിപ്രായങ്ങൾ പറയേണ്ടത്. സംഭവ ലോകത്താണ് മുസ്ലിം ഉമ്മത്ത് ജീവിക്കേണ്ടത്. അഭിപ്രായങ്ങൾ പറയുമ്പോൾ പ്രമാണങ്ങൾ മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ച് സംഭവ ലോകത്തെ കുറിച്ചും പഠിക്കേണ്ടതുണ്ട്. പ്രമാണം മാത്രമായാൽ പിഴച്ചു പോകാൻ സാധ്യതയുണ്ട്. ദീനി വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നവരെ കർമശാസ്ത്ര ഭാഷയിൽ മുഫ്തി എന്നാണ് വിളിക്കുക. അത്തരം ആളുകളെ കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം (റ) രചിച്ച ഗ്രന്ഥം ആണ് اعلام الموقعين عن رب العالمين (ഫത്‌വ പറയുന്നവർ ഭൂമിയിൽ ദൈവത്തിന്റെ കൈയൊപ്പ് ചർത്തുന്നവരാണ്).

ഇമാം ശ്വാതിബി പറഞ്ഞു: സമൂഹത്തിൽ പ്രവാചകന്റെ സ്ഥാനമാണ് മുഫ്തിക്ക്.
العلماء ورثة الأنبياء ഉലമാക്കാൾ പ്രവാചകന്മാരുടെ അനന്തരാവകാശികൾ ആണ് എന്ന ഹദീസ് ആണ് അദ്ദേഹത്തെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിച്ചത്. മുൻഗാമികൾ പെട്ടന്ന് അഭിപ്രായം പറയുന്നവരായിരുന്നില്ല. അവരുടെ മുന്നിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ അവർ അഭിപ്രായം പറയുന്നതിൽ അവധാനത സ്വീകരിച്ചിരുന്നു. തന്നെക്കാൾ മുന്നേ മറ്റാരെങ്കിലും അതിൽ ഫത്‌വ പുറപ്പെടുവിച്ചാൽ ഞാൻ അതിൽ നിന്നും രക്ഷപെട്ടല്ലോ എന്നായിരുന്നു അവർ ചിന്തിച്ചത്.

كنا عند مالك بن انس فجاءه رجل فقال له يا أبا عبد الله جئتك من مسيرة ستة أشهر، حملني اهل بلدي مسألة عن أسألك عنها. فقال سل. فسأله، فقال :لا احسن. فبهت الرجل وكأنه قد جاء الي من يعلم كل شيء فقال وأي شيء اقول لأهل بلادي إذا رجعت إليهم. تقول لهم قال مالك بن انس لا احسن
അബ്ദു റഹ്‌മാനുബ്നു മഹദി(റ) പറയുന്നു: ഞങ്ങൾ ഇമാം മാലിക് ബ്നു അനസ് (റ) അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ കടന്നു വന്നു. എന്നിട്ട് ഇമാമിനോട് പറഞ്ഞു: ഞാൻ 6 മാസമായി താങ്കളിലേക്കുള്ള യാത്ര തുടങ്ങിയിട്ട്.എന്റെ ഗോത്രം ഒരു വിഷയത്തിൽ താങ്കളുടെ ഫത്‌വ എന്താണെന്ന് അറിയുവാൻ വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്. ഇതു കേട്ട ഇമാം അദ്ദേഹത്തോട് വിഷയം അവതരിപ്പിക്കാൻ പറഞ്ഞു. ആ മനുഷ്യൻ വിഷയം അവതരിപ്പിച്ചു. ഇമാം അവർകൾ പറഞ്ഞു: താങ്കളുടെ വിഷയം ഞാൻ മനസ്സിലാക്കി. പക്ഷേ എനിക്ക് അതിന്റെ വിധി അറിയില്ല. ഇത് കേട്ടപ്പോൾ ആ മനുഷ്യൻ ഞെട്ടിപ്പോയി. മാസങ്ങളോളം യാത്ര ചെയ്ത് ഇങ്ങോട്ട് വന്നത് ഇദ്ദേഹത്തിന്റെ അടുക്കൽ എല്ലാത്തിനും ഉള്ള മറുപടി ഉണ്ടാവും എന്നു കരുതിയാണ്. എന്നാൽ ഇദ്ദേഹം പറയുന്നു അറിയില്ല എന്ന്. ആ മനുഷ്യൻ ചോദിച്ചു: ഞാൻ എന്റെ സമുദായത്തോട് ഈ വിഷയത്തിൽ എന്തു മറുപടി പറയും.ഇമാം ഒരു കൂസലുമില്ലാതെ പറഞ്ഞു: താങ്കൾ അവരോട് പോയി പറയുക മാലിക്കിന് ഈ വിഷയത്തിന്റെ വിധി അറിയില്ല എന്ന് .അത് തന്നെയാണ് താങ്കൾ പറയേണ്ടത്.

Also read: ടെക്‌നോളജിയുടെ മതം

സ്വഹാബാക്കൾ എല്ലാവരും ഫത്‌വ പറയുന്നതിനെ സൂക്ഷിച്ചിരുന്നു. ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവം. ഇറാഖിൽ നിന്ന് ഒരു സംഘം മദീനയിൽ വന്നു. അവരുടെ ലക്ഷ്യം അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ കാണുക എന്നതാണ്. അദ്ദേഹമാകട്ടെ ഭൗതിക വിരക്തി ഉള്ള വ്യക്തിത്വം ആണ്. ആരാധനാപരമായ കാര്യങ്ങളിൽ കണിശത പുലർത്തുന്നയാളും. അവർക്ക് അറിയേണ്ടിയിരുന്ന വിഷയവും ആരാധനാപരമാണ്. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പോയി കാണുക. രണ്ടു പേരും സമപ്രയാക്കാരായിരുന്നു. അറിവിൽ രണ്ടു പേരും ഏകദേശം ഒരേപോലെയായിരുന്നു. ചില വിഷയങ്ങളിൽ ഇബ്നു അബ്ബാസിനെക്കാൾ ഇബ്നു ഉമർ മികച്ചു നിൽക്കും. മറ്റു ചിലതിൽ ഇബ്‌നു ഉമറിനെക്കാൾ ഇബ്നു അബ്ബാസ് മികച്ചു നിൽക്കും. ഇബ്നു ഉമറിന്റെ മറുപടി ആ മനുഷ്യന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഇടപാടുകൾ നടത്തുന്ന മനുഷ്യൻ ആണ്.താങ്കൾ ആരാധനാപരമായ കാര്യങ്ങളിൽ മികച്ചു നിൽക്കുന്നവനും. അതു കൊണ്ട് തങ്കളാണ് ഈ വിഷയത്തിൽ മറുപടി പറയേണ്ടത്. പക്ഷേ അബ്ദുല്ലാഹിബ്നു ഉമർ (റ) മറുപടി പറയാൻ കൂട്ടാക്കിയില്ല എന്നു ചരിത്രം രേഖപ്പെടുത്തുന്നു. വളരെ എളുപ്പമുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും അവർ അതിൽ ധൃതി കാണിച്ചിരുന്നില്ല. സലഫുകൾ അങ്ങനെയാണ് ജീവിച്ചിരുന്നത്.

ഇമാം മാലിക് (റ) അടുക്കൽ ഒരാൾ വന്നു മസ്അല ചോദിച്ചു.എന്നാൽ മാലിക് (റ) വിൻെറ  മറുപടി എനിക്ക് അറിയില്ല എന്നായിരുന്നു. അപ്പോൾ അടുത്തു നിന്ന ഒരു മനുഷ്യൻ പറഞ്ഞു: അത് വളരെ എളുപ്പമുള്ള മസ്അല ആണല്ലോ. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ അറിവിൽ ഒന്നും എളുപ്പമായത് ഇല്ല.

വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.
إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا} [المزمل :5] തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്‌. അവർ മനസ്സിലാക്കിയത് ഫത്‌വ പറയാൻ കാണിക്കുന്ന ധൈര്യം നരകത്തിൽ പ്രവേശിക്കുവാൻ കാണിക്കുന്ന ധൈര്യയമായിട്ടാണ്. الجرءة الي الفتيا هي الجرءة على النار.
ഫത്‌വ പറയാൻ കാണിക്കുന്ന ധൈര്യം അത് എളുപ്പത്തിൽ നരകത്തിലേക്കാണ് വഴിനടത്തുക.

Also read: കലയും ജ്യാമിതീയ കലാ രൂപങ്ങളും

ഒരു സ്വഹാബി പറയുന്നു: ഉമർ (റ) ഫത്‌വ നൽകുന്നത് നിങ്ങൾ നൽകുന്നത് പോലെ ആയിരുന്നില്ല. അദ്ദേഹത്തിന്റെ അടുക്കൽ ഒരു മസ്അല വന്നാൽ അദ്ദേഹം എല്ലാവരെയും വിളിച്ചു കൂട്ടും എന്നിട്ട് അവരോട് അഭിപ്രായങ്ങൾ ചോദിക്കും.അതിന്റെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം ഫത്‌വ നൽകിയിരുന്നത്. ഫത്‌വ പറയാനുള്ള ഉപാധി അറിവുണ്ടായിരിക്കൽ മാത്രമല്ല. ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം.അതു മാത്രമല്ല, പ്രമാണങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും അവയുടെ സാഹചര്യങ്ങളെ സംബന്ധിച്ചും മികച്ച ധാരണയുണ്ടായിരിക്കണം.

ഇബ്നു ഹസം(റ) 4 ഇമാമുകളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി ഫത്‌വ നൽകിയിട്ടുള്ള മനുഷ്യൻ ആണ്. അദ്ദേഹത്തിന്റെ ഫത്‌വകൾക്ക് പ്രാമാണിക പിൻബലമുണ്ട്. എന്നാൽ അവയൊക്കെയും മനസ്സിലാക്കുന്ന വിഷയത്തിൽ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചു.ഉദാഹരണമായി. റസൂലിന്റെ ഒരു ഹദീസ്. “കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കരുത്.”‌ എന്നാൽ ഈ ഹദീസിനെ അദ്ദേഹം മനസ്സിലാക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അപ്പുറത്തു നിന്ന് മൂത്രമൊഴിക്കുകയും അത് ഒഴുകി വെള്ളത്തിൽ ചേർന്നാൽ അത് കുഴപ്പമില്ല. അതേപോലെ ഒരു പാത്രത്തിൽ മൂത്രമൊഴിക്കുകയും എന്നിട്ട് അത് കൊണ്ട് വന്ന് ആ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഒഴിച്ചാലും വെള്ളം ശുദ്ധിയാണെന്ന് വരെ അദ്ദേഹം പറയുന്നു.

മറ്റൊരു ഹദീസ്. عَنْ عَائِشَةَ أَنَّهَا قَالَتْ : يَا رَسُولَ اللَّهِ، إِنَّ الْبِكْرَ تَسْتَحِي. قَالَ : ” رِضَاهَا صَمْتُهَا “.
റസൂൽ(സ) അരുൾ ചെയ്തു: കന്യകയെ വിവാഹം ചെയ്യേണ്ടത് അവളുടെ അനുവാദത്തോടെയാണ്. അവളുടെ അനുവാദം മൗനമാണ്. ഈ ഹദീസിനെ ഇബ്നു ഹസം (റ) വിവരിക്കുന്നു. കന്യക വായ് തുറന്ന് എനിക്ക് ഇന്നയാളെ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ ദീനിൽ അത് സാധുവാകുകയില്ല.കാരണം മൗനമാണ് അവളുടെ സമ്മതം. സംസാരം ഹദീസിന് എതിരാണ്. ഫത്‌വ നൽകാൻ മുഫ്തിക്ക് വേണ്ടത് അറിവ് മാത്രമല്ല, അതിലുപരിയായി വിവേകമാണ് വേണ്ടത്. ഉമ്മത്തിലെ ഉലമാക്കൾ നടത്തുന്ന ഫത്‌വകൾ വിവേകത്തോടെ ആയിരിക്കണം. ഫത്‌വകൾ ഒരിക്കലും ഉമ്മത്തിനെ കൊല്ലുന്നതാകരുത്.
നേരത്തെ വിവരിച്ച റസൂലിന്റെ കാലത്തുണ്ടായ ഒരു സംഭവം അതിനെ തുടർന്നുണ്ടായ ഫത്‌വകളും തുടർന്നുണ്ടായ കൊലയും റസൂലിന്റെ കോപവും. ഇതിനെയാണ് കൊല്ലുന്ന ഫത്‌വകൾ എന്നു പറയുന്നത്. ഇന്ന് നമ്മുടെ കാലത്ത് ഇത്തരത്തിൽ സമുദായത്തെ പിളർക്കുന്ന ഫത്‌വകൾ പല മുഫ്തികളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു. ഇൻഡ്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് സമര മുഖത്താണ്. മുസ്ലിലിംകളും അമുസ്ലിംകളും.കുട്ടികളും വൃദ്ധന്മാരും. പുരുഷന്മാരും സ്ത്രീകളും. എന്നിങ്ങനെ ഒന്നിച്ചൊന്നായി പോരാടികൊണ്ടിരിക്കുമ്പോൾ ഒരു വിഭാഗം ഫത്‌വയുമായി രംഗത്തു വരുന്നു. സ്ത്രീകൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കരുത്. സ്ത്രീകൾക്ക് ജിഹാദ് ചെയ്യാൻ അനുവാദമില്ല. എന്നൊക്കെയുള്ള ഫത്‌വകൾ നാം കണ്ടു കൊണ്ടിരിക്കുന്നു.

Also read: മരുഭൂമി വിഴുങ്ങുന്ന ശിൻഖീത്തിലെ ലൈബ്രറികൾ

ഫത്‌വ പറയുവാൻ പരിഗണിക്കേണ്ട ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിൽ ആദ്യത്തെ ഉപാധി
ادراك الواقع സംഭവ ലോകത്തെ അറിയുക എന്നതാണത്. അതായത്. ജീവിച്ചു കൊണ്ടിരിക്കുന്ന കാലത്തെ മനസ്സിലാക്കി സാഹചര്യം മനസ്സിലാക്കി വേണം ഫത്‌വ പുറപ്പെടുവിക്കാൻ. അല്ലാത്തതെല്ലാ ഫത്‌വകളും സമുദായത്തെ കൊല്ലുന്നതാകും. ഈ ഉമ്മത്ത് നടത്തുന്ന സമര പോരാട്ടങ്ങൾക്ക് നിബന്ധനകളും മറ്റും വെക്കേണ്ടത് 14 നൂറ്റാണ്ട് മുൻപ് ഉള്ള കാര്യങ്ങൾ വെച്ചു കൊണ്ടല്ല. മറിച്ച് സമരത്തിന്റെ രൂപവും ശൈലിയും മുന്നിൽ കണ്ടു കൊണ്ടാണ് അതിന്റെ ശർത്തുകളും മറ്റും രൂപികരിക്കേണ്ടത്.

ഒരു സഊദി പണ്ഡിതൻ തന്റെ കാലത്ത് നടത്തിയ ഒരു ഫത്‌വ ശ്രദ്ധേയമാണ്. പലസ്തീൻ മക്കൾ തങ്ങളുടെ സ്വന്തം നാടിനു വേണ്ടി പോരാടികൊണ്ടിരിക്കുമ്പോൾ. അധിനിവേശ ശക്തികൾ അവർക്ക് മേൽ അധികാരം പിടിച്ചടക്കുന്ന സന്ദർഭത്തിൽ, ലോക മുസ്ലിങ്ങൾ എല്ലാം പലസ്തീൻ ജനതക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, അദ്ദേഹം ഫത്‌വ നൽകി: പലസ്തീൻ ജനത തങ്ങളുടെ നാട് ഉപേക്ഷിച്ചു കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് ഹിജ്‌റ പോകണം എന്ന്. വിശുദ്ധ ഖുർആനിലെ ആയത്താണ്‌ അദ്ദേഹം തെളിവായി സ്വീകരിച്ചത്.

إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا} [النساء : 97] അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം

പീഡിതരായ ജന വിഭാഗം ഹിജ്‌റ പോകണം എന്ന വചനം. വിശുദ്ധ ഖുർആനിലെ വചനങ്ങൾക്ക് അതിന്റെതായ പരിസരങ്ങൾ ഉണ്ട്. ഇസ്ലാമിലെ പ്രമാണങ്ങൾക്ക് സാഹചര്യങ്ങൾ ഉണ്ട്. ആ പരിസരങ്ങളെയും സാഹചര്യങ്ങളെയും പരിഗണിക്കാതെ വിശുദ്ധ ഖുർആനിൽ നിന്ന് ആയത്തുകൾ അടർത്തി മാറ്റിയുള്ള ഫത്‌വകൾ ഉമ്മത്തിനെ തന്നെയാണ് നശിപ്പിക്കുന്നത്. റസൂൽ (സ) തന്റെ അനുയായികൾക്ക് നൽകിയ ഫത്‌വകൾ പരിശോധിക്കുമ്പോൾ മനസ്സിലാകും. അവ അനുയായികളെയും ഇസ്ലാമിനെയും എത്രത്തോളം ശക്തിപെടുത്തിയിരുന്നു എന്നും ശത്രുക്കളെ എത്രത്തോളം ഭയപെടുത്തിയിരുന്നു എന്നും.

Also read: അഫ്സൽ ഗുരു തൂക്കിലേറ്റപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

نهى رسول الله صلى الله عليه وسلم عن بَيْعِ السِّلَاحِ فِي الْفِتْنَةِ കലാപ വേളയിൽ ആയുധങ്ങൾ വിൽക്കാൻ പാടില്ല എന്ന് റസൂൽ (സ) പഠിപ്പിക്കുന്നു. ശത്രുക്കളെ ശക്തിപ്പെടുത്തുന്ന ഒരു കർമ്മ ശാസ്ത്രവും പാടില്ല എന്നാണ് റസൂൽ(സ) പഠിപ്പിക്കുന്നത്. നിലവിലുള്ള സാഹചര്യത്തെ കുറിച്ച് ബോധവാന്മാരല്ലാത്ത ചില ആളുകൾ ഉണ്ട്. വിശുദ്ധ ഖുർആൻ ചരിത്രത്തിലൂടെ വളരെ മനോഹരമായ രീതിയിൽ അവരെ കുറിച്ചു പരാമർശിക്കുന്നു. റസൂൽ (സ) യും അനുയായികളും മക്കയിൽ ശത്രുക്കളുടെ പീഡനങ്ങൾക്ക് വിധേയരായി കൊണ്ടിരുന്ന വേളയിൽ അവർക്ക് ആശ്വാസമായി അള്ളാഹു ആയത്തുകൾ അവതരിപ്പിച്ചു. സൂറത്തുൽ കഹ്ഫിൽ , അസഹാബുൽ കഹ്ഫിന്റെ സംഭവം. ഇസ്ലാമിന്റെ പേരിൽ അവർ അനുഭവച്ച പീഡനങ്ങളിൽ നിന്ന് എങ്ങനെയാണ് അള്ളാഹു അവരെ രക്ഷപെടുത്തിയതെന്ന് ഖുർആനിൽ വിവരിക്കുന്നു. മക്കയിൽ വിശ്വാസികൾക്ക് പിടിച്ചു നിൽക്കുവാൻ പ്രാപ്തമാക്കിയ ചരിത്രമായിരുന്നു അത്. ചരിത്രം കേട്ടു കഴിഞ്ഞ വേളയിൽ അതിൽ നിന്ന് ഗുണപാഠം ഉൾകൊള്ളുന്നതിന് പകരം ചില ആളുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. അവരുടെ ചർച്ച ആ ഗുഹവാസികളുടെ എണ്ണത്തെ കുറിച്ചായിരുന്നു.

سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ

അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്‌, നാലാമത്തെത് അവരുടെ നായയാണ് എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത് അവരുടെ നായയാണ് എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. അസ്ഹാബുൽ കഹ്ഫിന്റെ എണ്ണം വിശ്വാസികൾക്ക് പ്രാധാന്യം ഉള്ളതായിരുന്നുവെങ്കിൽ വിശുദ്ധ ഖുർആൻ അത് വ്യക്തമാക്കുമായിരുന്നു. വളരെ സുദീർഘമായ ചരിത്രം വിവരിച്ചത് അതിൽ നിന്ന് ഗുണപാഠം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കാൻ ആയിരുന്നു. എന്നാൽ ചിലയാളുകൾ വേണ്ടാത്ത കാര്യങ്ങളാണ് ചർച്ച ചെയ്തത്.

فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا} [الكهف : 22] അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌. നിങ്ങൾ അവരുടെ എണ്ണത്തിന്റെ പിറകെ പോകേണ്ടതില്ല എന്നു അള്ളാഹു അവരോട് പറഞ്ഞതായി വ്യക്തമാക്കുന്നു മർമ്മത്തിൽ നിന്ന് മാറി നിൽക്കുന്ന അഭിപ്രായങ്ങൾ വിശുദ്ധ ഖുർആന്റെ അനുയായികൾക്ക് യോജിച്ചതല്ല. ഫത്‌വ പറയാൻ ഉള്ള അറിവല്ല നമ്മുടെ പണ്ഡിതന്മാർക്ക് വേണ്ടത്. മറിച്ച് സാഹചര്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ചുള്ള ഫത്‌വകൾ പറയാനുള്ള വിവേകമാണ് വേണ്ടത്. ഫത്‌വ പറഞ്ഞുകൊണ്ട് സമര മുഖത്തേക്ക് ഇറങ്ങിയ മുജാഹിദുകളുടെയും പണ്ഡിതന്മാരുടെയും ചരിത്രമാണ് മുസ്ലിം സമുദായത്തിന്റേത്. സമരത്തിനിറങ്ങിയവരെ ഫത്‌വ പറഞ്ഞു തിരിച്ചു വീട്ടിലേക്ക് അയക്കുന്ന മാതൃകയല്ല പൂർവ്വ സൂരികൾ കാണിച്ചു തന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഇൻഡ്യൻ മുസ്‌ലിംകൾ മറ്റൊരു നാട്ടിലേക്ക് ഹിജ്‌റ പോകണം എന്നുള്ള ഫത്‌വയും പ്രതീക്ഷിക്കാം. അറിവല്ല പ്രധാനം വിവേകമാണ്.വിവേകത്തിന് അനുസരിച്ചാണ് ഫത്‌വകൾ നൽകേണ്ടത്. പ്രമാണങ്ങൾക്കൊപ്പം സാഹചര്യത്തെയും കൂടി പരിഗണിക്കുന്ന പണ്ഡിതന്മാരാണ് ഇന്നത്തെ കാലത്ത് മുസ്ലിം സമുദായത്തിന് ആവശ്യം.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles