Current Date

Search
Close this search box.
Search
Close this search box.

കൊറോണ: വിശ്വാസിയുടെ നിലപാട് ?

1918 ലെ ഒന്നാം ലോക  യുദ്ധത്തിന് ശേഷം ലോകം ഒന്നാകെ അതിന്റെ കെടുതികൾ അനുഭവിച്ചു.1914 മുതൽ 1918 വരെ നീണ്ടുനിന്ന യുദ്ധത്തിൽ സമാനതകളില്ലാത്ത നഷ്ടങ്ങൾക്കാണ് ലോക ജനത സാക്ഷിയായത്.ഏകദേശം 30 ഓളം രാജ്യങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കെയാണ് യൂറോപ്യൻ ജനതയെ മറ്റൊരു വിപത്ത് പിടികൂടിയത്. സ്‌പാനിഷ്‌ ഫ്ലൂ എന്നു പേരായ ഒരു മാരക രോഗം. ഏകദേശം 5 കോടിയോളം ആളുകൾ അതിന് ഇരയാകുകയും ചെയ്തു. ഒന്നാം ലോക യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ ഇരട്ടിയാണ് ഈ പകർച്ച വ്യാധി മൂലം കൊല്ലപ്പെട്ടത്. സാധാരണ പകർച്ച വ്യാധികൾ വൃദ്ധരെയും കുട്ടികളെയും ദുർബലേരെയുമാണ് പിടികൂടുന്നതെങ്കിൽ സ്പാനിഷ് ഫ്ലൂ പിടികൂടിയത് ചുറുചുറുക്കുള്ള ആരോഗ്യമുള്ള ചെറുപ്പക്കാരെയായിരുന്നു എന്നു ചരിത്രം പഠിപ്പിക്കുന്നു. ഒരു മുന്നറിയിപ്പും കൂടാതെ ആയിരുന്നു രോഗം വന്നത്. ലോക രാഷ്ട്രങ്ങൾ എല്ലാം അതിന്റെ മുന്നിൽ തല കുനിച്ചു നിന്നു. രോഗത്തിന്റെ ഭീകരതയെ കുറിച്ച് ഭരണ കൂടങ്ങൾ അധികമൊന്നും പുറത്തു വിട്ടില്ല. ആളുകളെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി. അവർ നിരാശരാകാതിരിക്കുന്നതിന് വേണ്ടി. ഒന്നാം ലോക യുദ്ധത്തിന്റെ നാശ നഷ്ടങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജനതയാണ്. അവർക്ക് ഇതും കൂടി താങ്ങാൻ കഴിയില്ല എന്ന കൊണ്ട്. ‘മെഡിക്കൽ ഹോളോ കോസ്റ്റ് ‘എന്നാണ് കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ വൻകരയെ പിടിച്ചു കുലുക്കിയ ഈ രോഗത്തിന് നൽകപ്പെട്ട വിശേഷണം. ഇപ്പൊൾ വർത്തമാന ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന രോഗവും കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ മുഴുവൻ ബാധിച്ച സ്പാനിഷ് ഫ്ലൂ വും തമ്മിൽ സമാനതകൾ ഉണ്ട്. അത് ജനങ്ങളിൽ ഉണ്ടാക്കിയ ഭീതി, കാഴ്ചപാടുകൾ എല്ലാം ഇന്നും നിലനിൽക്കുന്നു. അന്ന് ലോകത്തിലെ ആരോഗ്യ മേഖല ഭരിച്ചിരുന്ന ശാസ്ത്രജ്ഞമാർ പറഞ്ഞ മുദ്രാവാക്യം NO VACCINATION, NO TREATMENT എന്നാണ്.ഒരു നൂറ്റാണ്ട് പിന്നിട്ട് ഈ വർത്തമാന കാലത്തിലും അവർ പറയുന്നതും അതേ മുദ്രാവാക്യം തന്നെ. ഏതാനും ചില പ്രതിരോധ നടപടികൾ സ്വീകരിച്ചു എന്നതൊഴിച്ചാൽ. ഇവിടെയാണ് മനുഷ്യന്റെ ദൗർബല്യം തിരിച്ചറിയേണ്ടത്. 1918 ലെ സ്പാനിഷ് ഫ്ലൂ ബാധിച്ചു അമേരിക്കയിൽ മാത്രം 5 ലക്ഷം ആളുകൾ മരിച്ചു വീണ സന്ദർഭത്തിൽ ന്യൂയോർക് സിറ്റി മന്ത്രാലയം ഒരു നിയമം പാസ്സാക്കി. ആരെങ്കിലും വായും മുഖവും മറച്ചു വെക്കാതെ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ അവനെ ജയിലിലടക്കും എന്നതായിരുന്നു നിയമം.അത്രത്തോളം ഭീകരമായിരുന്നു കാര്യങ്ങൾ. അറബിയിൽ ഒരു ചൊല്ലുണ്ട്.
ما أشبه الليلة بالبارحة ഇന്നലെയും ഇന്നും എത്ര സാദൃശ്യമുള്ളതാണ്.

Also read: കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

ലോകം ഇന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു. ഭൂമിയിൽ ജീവിതത്തിനുള്ള സാധ്യത പോലെ ചന്ദ്രനിലും അവർ ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. എന്നിട്ടും ഒരു രോഗം വന്നപ്പോൾ ലോകം ഒന്നാകെ അതിന്റെ പിന്നാലെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുന്നു എന്നു മനസ്സിലാക്കാം. മനുഷ്യൻ തന്റെ ബുദ്ധിയിൽ വിശ്വസിക്കുന്നു. ശാസ്ത്രത്തെ അവൻ ദൈവമായി കാണുന്നു. എന്നിട്ടും ഒരു രോഗം വന്നപ്പോൾ അതിന്റെ വെല്ലുവിളി സ്വീകരിക്കാനാവാതെ വിഷമിച്ചു നിൽക്കുന്ന ശാസ്ത്രത്തെയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ദൗർബല്യമാണ് ഇവിടെ വ്യക്തമാകുന്നത്. ഒരു മനുഷ്യന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം എന്നത് അവന്റെ ആരോഗ്യമാണ്. സാധാരണ പറയാറുണ്ട്; രോഗിക്ക് മാത്രം കാണാവുന്ന മറ്റുള്ളവന്റെ തലയിൽ ചൂടിയ കിരീടമാണ് ആരോഗ്യം.

ഒരു മനുഷ്യനെ തകർത്തുകളയുന്നത് രോഗം പിടിപെടുമ്പോഴാണ്. ദാരിദ്യം അവനെ തകർക്കുകയില്ല. മറ്റു ഭൗതിക നഷ്ടങ്ങൾ ഒന്നും തന്നെ അവനെ വിഷമിപ്പിക്കുകയില്ല. എന്നാൽ രോഗം ബാധിച്ചാൽ അവൻ നിരാശനാകുന്നു. ചെറിയ രോഗങ്ങൾ ബാധിച്ചാൽ പോലും മനുഷ്യന്റെ നിസ്സഹായതയെ പുറത്തു കാണാം. മൂത്രം പുറത്തേക്കു പോകുന്നില്ലായെങ്കിൽ അവൻ തളർന്നു പോകും. ഉറക്കം നഷ്ടപ്പെട്ടാൽ അവന് മാനസിക സംഘർഷം ഉണ്ടാകുന്നു. തലയിൽ രക്തം കട്ടപിടിച്ചാൽ പക്ഷാഘാതം ഉണ്ടാകുന്നു. മനുഷ്യനേ ക്കുറിച് ഒരു വാക്ക് ചരിത്രം പഠിപ്പിക്കുന്നു: എല്ലാ ശക്തിയോടൊപ്പവും ദുർബലതയുമുണ്ട്. ഇതാണ് മനുഷ്യൻ. മനുഷ്യന്റെ ജീവിതത്തെ കുറിച്ചു പരിശുദ്ധ ഖുർആൻ പറയുന്നു:
وَلَوْ نَشَاءُ لَمَسَخْنَاهُمْ عَلَىٰ مَكَانَتِهِمْ فَمَا اسْتَطَاعُوا مُضِيًّا وَلَا يَرْجِعُونَ} [يس :67]

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ അവര്‍ക്ക് നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോള്‍ അവര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ സാധിക്കുകയില്ല. അവര്‍ക്ക് തിരിച്ചുപോവാനുമാവില്ല.

ശാസ്ത്രത്തെയും ശരീരത്തെയും ദൈവമായി കാണരുത്. ഒരു രോഗം മതി എല്ലാം താറുമാറാകാൻ. കുറച്ചു നാളുകൾക്ക് മുൻപ് വരെ ജനങ്ങൾ ഇംഗ്ളീഷ് ഭാഷ പഠിക്കാൻ താല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ താൽപ്പര്യം കാണിക്കുന്നത് ചൈനീസ് ഭാഷ പഠിക്കാനാണ്. കാരണം ലോകത്ത്‌ ഏറ്റവും പ്രതാപമുള്ള സംസ്കാരം ചൈന ആയതുകൊണ്ട്. എന്നാൽ അല്ലാഹു അവരെ പിടികൂടി. ചലിക്കാൻ കഴിയാത്ത അവസ്‌ഥ.

മനുഷ്യൻ ദുർബലനാണെന്നു ഖുർആൻ പറയുന്നു: خلق الإنسان ضعيفا ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ദുർബലനായ മനുഷ്യൻ ചിലപ്പോഴൊക്കെ ഞാൻ ശക്തനാണെന്ന് കരുതുന്നു. അങ്ങനെ അഹങ്കരിച്ചു നടക്കുന്ന വേളയിൽ അവനു രോഗം വരുന്നു. അവൻ നിരാശനാകുന്നു. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ രോഗം എന്നത് ഒരു മാർഗമാണ്. അല്ലാഹുവിലേക്ക് തിരിഞ്ഞു നടക്കാനുള്ള മാർഗം. പശ്ചാത്താപത്തിലേക്കുള്ള മാർഗം. മനുഷ്യന് അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കാനുള്ള മാർഗം.

അബു ജഅഫറുൽ മൻസൂർ ഖലീഫ ആയിരുന്ന സമയം. എല്ലാവിധ രാജ പ്രൗഢിയോടെ അദ്ദേഹം സദസ്സിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മൂക്കിൽ ഒരു ഈച്ച വന്നിരുന്നു. ദേഷ്യത്തോടെ ഖലീഫ ഈച്ചയെ പായിച്ചെങ്കിലും കുറച്ചു കഴിഞ്ഞതിനു ശേഷം വീണ്ടും അത് മൂക്കിൽ തന്നെ വന്നിരുന്നു. കുറെ നേരം അത് ഇങ്ങനെ കളിച്ചു കൊണ്ടിരുന്നു. ആ സമയം ജഅഫർ ബിൻ മുഹമ്മദ് വന്നു. അദ്ദേഹത്തോട് ഖലീഫ ചോദിച്ചു: എന്തിനാണ് അല്ലാഹു ഈ ഈച്ചയെ സൃഷ്ടിച്ചത്?.ഉടൻ തന്നെ ജഅഫർ ബിൻ മുഹമ്മദ് മറുപടി പറഞ്ഞു: താങ്കളെ പോലുള്ള അക്രമികളായ ആളുകളുടെ നിസ്സഹായത ആളുകളുടെ മുന്നിൽ വെളിപ്പെടുത്തുന്നതിനു വേണ്ടി.

കൊറോണയാകട്ടെ സ്പാനിഷ് ഫ്ലൂ ആകട്ടെ എല്ലാം ചെന്നു നിൽക്കുന്നത് പക്ഷി മൃഗാധികളിൽ ആണെന്ന് കാണാം. എല്ലാത്തിനും മീതെ ഉയർന്നു നിൽക്കുന്ന മനുഷ്യൻ താഴെയുള്ള മൃഗങ്ങളിൽ നിന്നുള്ള രോഗങ്ങൾക്ക് അടിപെട്ടു പോകുന്നു. മനുഷ്യന്റെ സൃഷ്ടിപ്പിനെ കുറിച്ചു ഖുർആൻ പറയുന്നു. അവനെ കളി മണ്ണിൽ നിന്നാണ് പടച്ചത് എന്ന്. ഇത് സൂചിപ്പിക്കുന്നത് മനുഷ്യന്റെ നിലനില്പിനെയാണ്. അവൻ മണ്ണിൽ നിന്നാണ്. അവനൊരിക്കലും ആകാശത്തോളം ഉയരുവാൻ സാധിക്കുകയില്ല. അല്ലാഹുവിനെ വെല്ലുവിളിക്കാനും അവന് കഴിയില്ല. ഖുർആൻ പറയുന്നു:
هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ} [النجم : 32]
നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.

മിത് റഫ് ഇബ്നു അബ്ദില്ല ഒരിക്കൽ മുഹല്ലബിബിന് അബി സുഫയെ കാണുന്നു. അദ്ദേഹം തന്റെ വസ്ത്രം വലിച്ചിഴച്ചാണ് നടക്കുന്നത്. ഇതു കണ്ടപ്പോൾ മിത് റഫ് ചോദിച്ചു: ഇത് അല്ലാഹുവിനും അവന്റെ റസൂലിനും ഇഷ്ടമില്ലാത്ത കാര്യമാണല്ലോ. പിന്നെ എന്തിനാണ് താങ്കൾ ഇങ്ങനെ നടക്കുന്നത്? മുഹല്ലബ്‌ ചോദിച്ചു: (അഹങ്കാരത്തോടെ) നിനക്ക് ഞാൻ ആരാണെന്ന് അറിയില്ലേ.മിത് റഫ് പറഞ്ഞു: താങ്കൾ ആരാണെന്ന് എനിക്കറിയാം. പ്രാരംഭത്തിൽ ദുർഗന്ധം വമിക്കുന്ന ശുക്ലമായിരുന്നു താങ്കൾ.മരിച്ചാൽ വൃത്തികെട്ട ശവമായി തീരും. ഇവ രണ്ടിനുമിടയിൽ താങ്കളുടെ ശരീരത്തിൽ ഉള്ളത് മലവും മൂത്രവുമാണ്. പിന്നെ എന്തിനാണ് താങ്കൾ അഹങ്കരിക്കുന്നത്.

Also read: ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

ആത്മ പൂജകനാണ് മനുഷ്യൻ. എന്റെ നേട്ടം, എന്റെ സുരക്ഷ, എന്നിങ്ങനെ അവൻ ജീവിക്കുന്നത് സ്വന്തത്തിനു വേണ്ടി മാത്രമാണ്. അതു കൊണ്ടു തന്നെ എന്തെങ്കിലും വിപത്ത് തന്റെ നേർക്ക് വരുന്നുണ്ടെന്നറിഞ്ഞാൽ അവൻ ഭയന്നു വിറക്കും. വിശുദ്ധ ഖുർആൻ മനുഷ്യന്റെ ഇത്തരം സ്വഭാവത്തെ വിശദീകരിക്കുന്നു:
إِنَّ الْإِنسَانَ خُلِقَ هَلُوعًا (19) إِذَا مَسَّهُ الشَّرُّ جَزُوعًا (20) وَإِذَا مَسَّهُ الْخَيْرُ مَنُوعًا (21)} [المعارج : 19-21]
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌
അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും
നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

മാസങ്ങൾക്കു മുൻപ് ഭീകര പ്രളയം ബാധിച്ചപ്പോൾ അവൻ ദൈവത്തിലേക്ക് തിരിഞ്ഞു. തന്റെ ബുദ്ധിമുട്ടുകൾ എണ്ണി പറഞ്ഞു. അവന്റെ ദാസനായി മാറി. എന്നാൽ പ്രളയം കഴിഞ്ഞു.പിന്നീട് അവന്റെ ശ്രദ്ധ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന സമ്പത്ത് മുക്കികളയുന്നതിലായിരുന്നു. ഇതാണ് മനുഷ്യന്റെ സ്വഭാവം. പ്രതിസന്ധി വരുമ്പോൾ അവൻ സ്വന്തത്തെ മാത്രം കാണുന്നു. ഇത്തരം സന്ദർഭങ്ങളിൽ രക്ഷ നേടാൻ ഒരു വഴി മാത്രമേ ഉള്ളു. ഖുർആൻ പറയുന്നു:
إِلَّا الْمُصَلِّينَ (22) الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ (23)} [المعارج : 22-23
നമസ്കരിക്കുന്നവരൊഴികെ
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍

അല്ലാഹുവിനോടുള്ള ബന്ധം ദൃഢമാക്കുക. വിപത്ത് ബാധിക്കുന്ന സന്ദർഭത്തിൽ അവന്റെ കാലിടറുകയില്ല.
قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ} [التوبة : 51]
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.

രണ്ടു തരം ആളുകൾ തമ്മിലുള്ള വ്യത്യാസം ആണിത്. വിശ്വാസിയും അവിശ്വാസിയും. ചിലർക്ക് മരണത്തെ ഭയമില്ല. മറ്റു ചിലർ മരണത്തെ കുറിച്ചു കേൾക്കുമ്പോൾ തന്നെ ഭയന്നു വിറക്കുന്നു. മരണം വരുമ്പോൾ അപ്രതീക്ഷിതമായ ഒന്നു വരുന്നത് പോലെ അനുഭവപ്പെടും അവന്. വേദനയാൽ പുളയുന്നുണ്ടാവും. എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ എപ്പോഴും പ്രതീക്ഷിക്കുന്നത് മരണത്തെയാണ്. അല്ലാഹുവിന്റെ തീരുമാനങ്ങൾ അല്ലാതെ ഒന്നും നടക്കില്ല എന്നും.അവനു ഭയമുണ്ടാകില്ല. അല്ലാഹുവുമായുള്ള ബന്ധം നന്നാക്കേണ്ടുന്ന സന്ദർഭമാണിത്. തങ്ങളുടെ പോരായ്മകൾ ഏറ്റു പറഞ്ഞു കൊണ്ട് അവനോട് പ്രാർത്ഥിക്കേണ്ട സമയമാണിത്. എല്ലാ വിധ വിപത്തുകളും തുടച്ചു നീക്കുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രം.

 

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ

Related Articles