Current Date

Search
Close this search box.
Search
Close this search box.

സമ്മതവും വിസമ്മതവുമാണ് സുജൂദ്

فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله مصرعي
وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع
وقد خيروني الكفرَ، والموت دونه *** وقد هملت عيناي من غير مجزع
കുരിശിൽ തറക്കപ്പെട്ട് കിടക്കുന്ന ഹുബൈബ് ബ്നു അദിയ്യിനെ മുശ് രിക്കുകൾ അവരുടെ കുന്തമുനകൾ കൊണ്ടും മൂർച്ചയുള്ള വാളുകൾ കൊണ്ടും ശരീരമാസകലം മുറിപ്പെടുത്തുന്ന വേളയിൽ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ചൊല്ലിയ ഈരടികളാണിവ. ഇസ്‌ലാമിക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട മൂന്ന് വരി കവിതകൾ.
ഇസ്ലാമിക ചരിത്രത്തിൽ കുരിശിലേറി ശഹാദത്ത് വരിച്ച ആദ്യത്തെ സ്വഹാബിയാണ് ഹുബൈബ് ബ്നു അദിയ്യ് . ബദ്റിൽ ഹാരിസ് ബ്നു ആമിറിനെ വധിക്കുകയും അതേ തുടർന്ന് ഹുബൈബിനെ ചതിച്ച് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന ഏതാനും ചിലരിൽ നിന്ന് ബനൂ ഹാരിസ് കാശ് കൊടുത്ത് വാങ്ങുകയും സ്വന്തം ഗോത്രത്തിലേക്ക് അദ്ദേഹത്തെ ബന്ധനസ്ഥനാക്കി പിടിച്ച് കൊണ്ട് വരികയും ചെയ്യുന്നു. കൂടെ സൈദ്ബ്നു ദസ്ന എന്ന് പേരായ മറ്റൊരു സ്വഹാബി ഉണ്ടായിരുന്നു. സൈദിനെ അവർ ആദ്യമേ കൊന്നുകളഞ്ഞു .ശേഷം ഈ വാർത്ത ഹുബൈബിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ ഈമാനിനെ അതുവഴി വില പേശുകയും ചെയ്തു.

Also read: വിട്ടുവീഴ്ച നിറഞ്ഞതാവട്ടെ ഈ ഹ്രസ്വജീവിതം

‘താങ്കൾ മുഹമ്മദിനെ നിഷേധിച്ചാൽ വിട്ടയക്കാം. ഹുബൈബ് ഈ കാര്യം വിസമ്മതിച്ചു. ‘ അതേതുടർന്ന് അദ്ദേഹത്തെ തൻഈം എന്ന സ്ഥലത്തേക്ക് കുരിശിൽ തറക്കുന്നതിന് വേണ്ടി കൊണ്ടുവരികയാണ്. തന്നെ കൊല്ലുന്നതിനു വേണ്ടി അണി നിരന്ന അക്രമികളോട് അദ്ദേഹം പറഞ്ഞു : എനിക്ക് 2 റകഅത്ത് നമസ്കരിക്കണം. അവർ അനുവാദം നൽകുകയും ചെയ്തു.
വളരെ പെട്ടെന്ന് നമസ്കാരം നിർവഹിച്ചതിനു ശേഷം അവരോട് പറഞ്ഞു
لولا أن تظنوا أني أطلت الصلاة جزعا من الموت لاستكثرت
ഈ നമസ്കാരം സുദീർഘമായി നിർവഹിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ ഞാൻ ഈ നമസ്കാരം ദീർഘിപ്പിച്ചാൽ നിങ്ങൾ കരുതും അത് മരണത്തോടുള്ള ഭയമാണെന്ന്. അതു കൊണ്ടാണ് ഞാൻ വേഗത്തിൽ അവസാനിപ്പിച്ചത്. പിന്നിട് അദ്ദേഹത്തെ മുശ് രിക്കുകൾ കുരിശിലേറ്റി കൊന്ന് കളഞ്ഞു. അറേബ്യൻ ചരിത്രത്തിൽ ഇതാദ്യമായിരുന്നു. തന്റെ ശരീരത്തിൽ നിന്ന് ചോരത്തുള്ളികൾ ഉതിർന്നു വീഴുമ്പോഴാണ് ഈ കവിത അദ്ദേഹം ചൊല്ലിയത്.
فلست أبالي حين أقتل مسلماً *** على أيّ جنبٍ, كان في الله مصرعي
ഞാനിവിടെ മുസ്ലിമായി കൊണ്ടാണ് മരിക്കുന്നത്. എൻറെ ശരീരത്തിലെ ഓരോ അവയവവും മുറിവേൽക്കുന്നത് അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിലായിരിക്കുന്ന കാലത്തോളം എനിക്കത് പ്രശ്നമല്ല.

Also read: അമ്പതിലും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതെന്തുകൊണ്ട്?

وذلك في ذات الإله وإن يشأ *** يبارك على أوصالِ شلو ممزّع
നിങ്ങൾ പിച്ചിയെറിഞ്ഞു കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളെയും അല്ലാഹു അനുഗ്രഹിക്കുന്നു.
وقد خيروني الكفرَ، والموت دونه *** وقد هملت عيناي من غير مجزع
അവർ എന്നോട് രണ്ടിലൊന്ന് ( മരണം, കുഫ്ർ ) തിരഞ്ഞെടുക്കുവാൻ നിർദ്ദേശിച്ചു. സന്തോഷം കൊണ്ട് രക്തസാക്ഷിത്വം തെരെഞ്ഞെടുത്തു. ഹുബൈബിന്റെ ചരിത്രം പ്രസിദ്ധമാണ്. ഈ ചരിത്രത്തിൽ നിന്നുള്ള ഗുണപാഠം അത്രത്തോളം പ്രസിദ്ധമോ പ്രചാരം സിദ്ധിച്ചതോ അല്ല. കുരിശിൽ കിടന്ന് പിടയുന്ന ഹുബൈബിന്റെ അടുത്തേക്ക് ചില പ്രമാണിമാർ വന്ന് പറഞ്ഞു:
أن يكون محمد مكانك، وأنت سليم معافىً فى أهلك
താങ്കൾ മുഹമ്മദിനെ ഒറ്റിത്തരികയാണെങ്കിൽ, നിങ്ങൾ സന്തോഷത്തോടുകൂടി വിശ്രമിക്കും. മുഹമ്മദിനെ ഈ സ്ഥാനത്ത് കൊണ്ടുവന്ന് കുരിശിൽ തറക്കും.
ഹുബൈബ് പറഞ്ഞു :
والله ما أحب أني في أهلي وولدي، معي عافية الدنيا ونعيمها،  ويصاب رسول الله بشوكة
ഞാൻ എന്റെ വീട്ടിൽ സന്തോഷത്തോടുകൂടി വിശ്രമിക്കെ റസൂലിന്റെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും ഞാൻ അനുവദിക്കുകയില്ല.

Also read: പളുങ്കുപാത്രങ്ങളാണ് ; കനിവ് കാണിക്കൂ

മുശ് രിക്കുകളുടെ മോഹന വാഗ്ദാനങ്ങൾക്ക് കീഴ്പ്പെടാതെ തല ഉയർത്തിപ്പിടിച്ച് രക്ത സാക്ഷിത്വം വഹിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആരാധനയാണ്.
ആ ആരാധന അദ്ദേഹത്തെ പഠിപ്പിക്കുന്നത് അല്ലാഹുവിനു മുന്നിൽ മാത്രം തലകുനിക്കുകയും അവൻ അല്ലാത്തവരുടെ മുന്നിൽ തലകുനിക്കാതിരിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതിന് സുജൂദ് എന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.
സുജൂദ് സ്വതന്ത്രമായ ഒരാരാധനയാണ്.
سجود الشكر
അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചു സുജൂദ് ചെയ്യുന്നത്.
سجود التلاوة
പാരായണത്തിൽ ഏർപ്പെട്ടുകൊണ്ട് സുജൂദ് ചെയ്യുന്നത്.

സുജൂദിന് രണ്ടാമത്തെ ഒരു മുഖം ഉണ്ട്. എല്ലാ ആരാധനകളുടെയും ഒരു ഭാഗം കൂടിയാണ് സുജൂദ്. സുജൂദിന്റെ മഹത്വം അറിയണമെങ്കിൽ മനുഷ്യന്റെ അവയവങ്ങളിലേക്ക് നോക്കണം. അവന്റെ അവയവങ്ങളിൽ ഏറ്റവും മഹത്തായ അവയവം മുഖമാണ്. അതുകൊണ്ട് തന്നെ മുഖത്ത് അടിക്കരുത് എന്ന് റസൂൽ (സ) പഠിപ്പിച്ചു.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا قَاتَلَ أَحَدُكُمْ أَخَاهُ فَلْيَجْتَنِبْ الْوَجْهَ

ശത്രുക്കളോടുള്ള യുദ്ധത്തിൽ ഏർപ്പെടുമ്പോഴും നിങ്ങൾ മുഖത്ത് അടിക്കരുത്. അത്രയേറെ പവിത്രമായ മുഖമാണ് അല്ലാഹുവിൻറെ മുമ്പിൽ മണ്ണിനോട് ചേർത്ത് വെച്ചുകൊണ്ട് സുജൂദ് നിർവഹിക്കുന്നത്. ഇത് തന്നെയാണ് സുജൂദിന്റെ മഹത്വം. റസൂൽ സുജൂദ് ചെയ്യുന്ന വേളയിൽ നിലത്ത് എന്താണെന്ന് പോലും പരിഗണിക്കാറുണ്ടായിരുന്നില്ല എന്ന് ആഇശ (റ) പറയുന്നു. ഒരിക്കൽ റസൂൽ (സ) മണ്ണ് സൂക്ഷിച്ച് കൊണ്ട് മാറി സുജൂദ് ചെയ്യുന്ന സുഹൈബിനെ കണ്ട് പറഞ്ഞു:

رأى النبى صهيبا يسجد كأنه يتقى التراب قال النبى (ص):
ترب وجهك يا صهيب.
ആ മുഖത്ത് മണ്ണ് പറ്റിക്കോട്ടെ. മണ്ണിൽ നിന്ന് മാറി സുജൂദ് ചെയ്യേണ്ടതില്ല. സുജൂദിന് ഒരു സവിശേഷതയുണ്ട്. നാം നിർവഹിക്കുന്ന സുജൂദുകൾ ഒരേസമയം സമ്മതവും വിസമ്മതവും ആണ് .അല്ലാഹുവിനെ വിധേയപ്പെടുന്നത് സമ്മതമാണെങ്കിൽ .അല്ലാഹു അല്ലാത്തവർക്ക് വിധേയപ്പെടുകയില്ല എന്നത് വിസമ്മതവുമാണ് . അതുകൊണ്ട് തന്നെയാണ് ഹുബൈബ് (റ) തന്റെ ജീവിതത്തിലെ അവസാനനിമിഷത്തിൽ മുശ് രികുകളുടെ മുമ്പിൽ വച്ച് നമസ്കരിക്കണം എന്ന് ശഠിച്ചത്.അല്ലാഹുവിനു മാത്രമേ വഴിപ്പെടുകയുള്ളൂ എന്ന സമ്മതവും നിങ്ങളുടെ മോഹനവാഗ്ദാനങ്ങൾക്ക് മുമ്പിൽ കീഴ്പ്പെടുകയില്ല എന്ന വിസമ്മതവും പ്രഖ്യാപിക്കുകയാണ്.

Also read: പുകപടലമൊഴിയാതെ ഇദ്‌ലിബ്

മുശ് രിക്കുകൾക്ക് നമസ്കാരം കാണുമ്പോൾ ആത്മ നിയന്ത്രണം നഷ്ടപ്പെടാറുണ്ടായിരുന്നു.
റസൂൽ കഅബയുടെ മുമ്പിൽ നമസ്കരിച്ചു കൊണ്ടിരിക്കുന്ന വേളയിൽ അബൂജഹലും സംഘവും അത് കാണുന്നു. അബൂജഹലിനിത് സഹിക്കുവാൻ കഴിയാതെ കൂടെയുള്ളവരൊട് ചോദിച്ചു:
: أيكم يقوم إلى سلا جزور بني فلان فيأخذه فيضعه في كتفي محمد إذا سجد മുഹമ്മദ് സുജൂദ് ചെയ്യുന്ന വേളയിൽ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല അദ്ദേഹത്തിന്റെ മുതുകിൽ ചാർത്തുക ആരാണ് ?
ശേഷം പ്രവാചകൻ സുജൂദ് ചെയ്ത വേളയിൽ ആ കുടൽമാല അദ്ദേഹത്തിന്റെ മുതുകിൽ കൊണ്ടു വന്ന് കമിഴ്ത്തി വെച്ചു. പ്രവാചകന് തല ഉയർത്താൻ സാധിച്ചിരുന്നില്ല.ഇത് കണ്ടു നിന്ന ഒരു വ്യക്തി ആഇശ(റ)യെ അറിയിക്കുകയും; പിന്നീട് ജുവൈരിയയും ആഇശയും കടന്ന് വന്ന് അതെടുത്ത് മാറ്റുകയുമാണ് ചെയ്തത് എന്ന് ഇമാം മുസ്ലിം (റ) രേഖപ്പെടുത്തുന്നു.
ഇതേ തുടർന്ന് വിശുദ്ധ ഖുർആനിന്റെ വചനം ഇറങ്ങുന്നു.
أَرَأَيْتَ الَّذِي يَنْهَىٰ ﴿٩﴾ عَبْدًا إِذَا صَلَّىٰ
(നീ കണ്ടുവോ, നമസ്‌കരിക്കുന്ന ദൈവദാസനെ തടയുന്ന മനുഷ്യനെ )
ശത്രുക്കൾ സുജൂദിനെ ആശങ്കയോടുകൂടി ഭയന്ന് കാണുന്നുവെങ്കിൽ ഈ വചനങ്ങൾ അവസാനിക്കുന്നത്
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب
(ഒരിക്കലുമല്ല. അവന്ന് വഴങ്ങിപ്പോകരുത്. നീ സാഷ്ടാംഗം പ്രണമിക്കുകയും (നാഥന്റെ) സാമീപ്യം നേടുകയും ചെയ്യുക ) ഈ വചനത്തിന് വിശദീകരണമായി റസൂൽ പഠിപ്പിക്കുന്നു :
أقربُ مَا يَكونُ العبْدُ مِن ربِّهِ وَهَو ساجدٌ،
(ഒരു മനുഷ്യൻ അവന്റെ രക്ഷിതാവിനോട് ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്ന സമയം സുജൂദ് ചെയ്യുന്ന സമയമാണ്.) അബൂജഹലുമാരുടെ ഈ കാലത്ത് സുജൂദിന് വലിയ പ്രസക്തിയുണ്ടെന്ന് വിശുദ്ധ ഖുർആനിന്റെ വചനങ്ങൾ നിരന്തരമായി പഠിപ്പിക്കുന്നു. ശത്രുക്കൾ റസൂലിനെ പരിഹസിക്കുകയും, നമസ്കാരത്തിൽ നിന്നും ആരാധനകളിൽ നിന്നും തടയുന്ന വേളയിൽ അവർക്ക് മുന്നിൽ വെക്കേണ്ട ആയുധം നമസ്കാരവും സുജൂദും ആണെന്ന് ഖുർആൻ പറയുന്നു.

Also read: ജംഅും കസ്‌റും അനുവദനീയമാകുന്നത്?

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴿٩٧﴾ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ
( ഈ ജനം നിന്നെക്കുറിച്ച് പറയുന്ന വര്‍ത്തമാനങ്ങളില്‍ നിനക്ക് മനഃക്ലേശമുള്ളതായി നാം അറിയുന്നുണ്ട്. (അതിനു പരിഹാരം ഇതാകുന്നു:) നിന്റെ റബ്ബിന്റെ സ്തുതി കീര്‍ത്തനം ചെയ്യുക. അവന്റെ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിക്കുക.)
സുജൂദ് ചെയ്യുന്ന മനുഷ്യനെ നിന്ദ്യനായി കാണുവാനാണ് നമുക്ക് കഴിയുന്നുവെങ്കിൽ യഥാർത്ഥത്തിൽ സുജൂദ് ചെയ്യുന്ന മനുഷ്യൻ താഴ്ന്ന് കിടക്കുകയല്ല ; മറിച്ച് ഉയരുകയാണ് ചെയ്യുന്നത്. സൗബാൻ (റ) നോട് റസൂൽ (സ) പറയുന്നു:

عليك بكثرة السجود لله فإنك لا تسجد لله سجدة إلا رفعك الله بها درجة
താങ്കൾ നിരന്തരമായി സുജൂദ് ചെയ്തു കൊണ്ടിരിക്കുക. ഓരോ സുജൂദ് ചെയ്യുമ്പോഴും അല്ലാഹുവിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഒരൊറ്റ സുജൂദിന്റെ അടിസ്ഥാനത്തിൽ അല്ലാഹു മനുഷ്യരെ രണ്ടായി തിരിക്കുന്നു.
a) അല്ലാഹുവിന് സുജൂദ് ചെയ്യുന്നവരും
b)അല്ലാഹുവിന് സുജൂദ് ചെയ്യാത്തവരും
സുജൂദ് ചെയ്യുക എന്നത് മാലാഖമാരുടെ സ്വഭാവവും സുജൂദ് ചെയ്യാതിരിക്കുക എന്നത് ഇബിലീസിന്റെ സ്വഭാവുമാണെന്ന് വിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 9 ഓളം സൂറത്തുകളിൽ ആദമിന് സുജൂദ് ചെയ്യാൻ വിസമ്മതിച്ച ഇബിലീസിന്റെ ചരിത്രം വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു. പിശാചിനെ കുറിച്ച് പ്രവാചകൻ പറയുന്നു:

إذا قرأ ابن آدم السجدة فسجد، اعتزل الشيطان يبكي يقولُ يا ويلَه أُمرَ ابنُ آدمَ بالسُّجودِ فسجدَ فلَه الجنَّةُ وأمرتُ بالسُّجودِ فأبيتُ فليَ النَّارُ.
(ഓരോ മനുഷ്യനും സുജൂദ് ചെയ്യുന്ന വേളയിൽ പിശാച് പൊട്ടിക്കരഞ്ഞുകൊണ്ട് മാറി നിൽക്കും. എന്നിട്ട് പറയും : ആദമിന്റെ മക്കളൊട് സുജൂദ് ചെയ്യുവാൻ കൽപ്പിക്കപ്പെട്ട വേളയിൽ അവർ സുജൂദ് ചെയ്യുകയും സ്വർഗ്ഗം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഞാൻ അഹങ്കാരത്തോടു കൂടി വിസമ്മതിക്കുകയും എനിക്ക് നരകം വിധിക്കപ്പെടുകയും ചെയ്തു. )

റസൂലിന്റെ സുജൂദിനെ വിലക്കിയ അബൂജഹലുമാരുടെയും , സുജൂദ് കണ്ടു പൊട്ടിക്കരയുന്ന പിശാചുക്കളുടെയും കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ ഒരു വിശ്വാസിക്ക് നിർവഹിക്കാൻ കഴിയുന്ന ആരാധനകളിൽ ഒന്നാണ് സുജൂദ്.

Also read: എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം

അല്ലാഹുവിന്റെ റസൂൽ ഇത്തരം സാഹചര്യങ്ങളെ കുറിച്ച് ഒരു സൂചന നൽകുന്നു.
لا تقوم الساعة حتى تكون السجدة الواحدة خير من الدنيا وما فيها
ഒരൊറ്റ സുജൂദ്: ദുനിയാവിൽ ഉള്ള എല്ലാ നന്മകളേക്കാളും ഉയർന്നു നിൽക്കുന്ന കാലഘട്ടം വരാനിരിക്കുന്നു എന്ന് റസൂൽ (സ) പഠിപ്പിക്കുന്നു. വിശുദ്ധ ഖുർആൻ ആണയിട്ടു പറയുന്ന ഒരു യാഥാർത്ഥ്യമാണ് ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു എന്നത്.
أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِۖ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُۗ وَمَن يُهِنِ اللَّهُ فَمَا لَهُ مِن مُّكْرِمٍۚ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ

(ആകാശങ്ങളിലുള്ളവര്‍,ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജന്തുജാലങ്ങള്‍, ധാരാളം മനുഷ്യര്‍,ദൈവശിക്ഷക്കര്‍ഹരായ വേറെയും വളരെയാളുകള്‍, ഇവരൊക്കെ അല്ലാഹുവിന്റെ മുന്നില്‍ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്നിങ്ങള്‍ കാണുന്നില്ലയോ? ആരെ അല്ലാഹു നിന്ദിതനും അപമാനിതനുമാക്കുന്നുവോ, അവന്നു പിന്നെ മഹത്ത്വമേകുന്നവരാരുമില്ല.അല്ലാഹു അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നു)

മുസ്ലിംകളേ ആട്ടിയോടിക്കുവാനും നാട് കടത്തുവാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുക്കൾ നോക്കേണ്ടത് ഈ സമുദായത്തിൻറെ എണ്ണത്തിലേക്കല്ല; മറിച്ച് അവരുടെ നെറ്റിത്തടത്തിലേക്കാണ്. ഖുർആൻ ഈ സമുദായത്തെ വിശേഷിപ്പിച്ചിട്ടുള്ളത്
تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًاۖ
(തങ്ങള്‍ക്കിടയില്‍ ദയാലുക്കളുമാകുന്നു.അവരെ കുനിയുന്നതിലും സാഷ്ടാംഗം പ്രണമിക്കുന്നതിലും അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടുന്നതിലും ഏര്‍പ്പെട്ടവരായി കാണാം. )
سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِۚ
(അവരുടെ മുഖങ്ങളില്‍ സുജൂദിന്റെ അടയാളങ്ങളുണ്ട്. അതുവഴി അവരെ തിരിച്ചറിയുന്നു.)
അല്ലാഹുവിനു മുമ്പിൽ മാത്രം സുജൂദ് ചെയ്യുകയും ശത്രുക്കളുടെ മുമ്പിൽ മുട്ടുമടക്കുകയില്ല എന്ന പ്രഖ്യാപനവുമാണ് ഈ കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ചെയ്തുകൊണ്ടിരിക്കേണ്ടത്.നമസ്കാരത്തിലെ സുജൂദുകൾ കേവലം രൂപം മാത്രമല്ല മറിച്ച്, അത് സമ്മതവും വിസമ്മതവും ആ വേണ്ടതുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട , പവിത്രമായ മുഖം നിലത്തോട് ചേർത്ത് വെക്കുന്നത് ഭൂമിയിൽ ഏറ്റവും അഭിമാനിയായ വിശ്വാസിയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്. അതല്ലാതെ നിന്ദ്യനായവിശ്വാസിയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയല്ല. അതുകൊണ്ടുതന്നെയാണ് ഹുബൈബ് (റ) ഈ സുജൂദ് കൊണ്ട് കുരിശിൽ പോലും തലയുയർത്തി ശഹാദത്ത് വരിച്ചിട്ടുള്ളത്.

Also read: സാമൂഹികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

നമ്മളെ നാളെ പള്ളികളിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കും ,സുജൂദിൽ നിന്ന് മാറ്റിക്കൊണ്ടേയിരിക്കും. അതുകൊണ്ട് പള്ളികളെ കുറിച്ചുള്ള വിധിയിൽ പ്രതീക്ഷ കളയരുത്. കാരണം പള്ളിയെ കുറിച്ചുള്ള വിധി ഈ നാട്ടിലെ ഭൂമിയെക്കുറിച്ചുള്ള വിധിയുടെ ഒരു മുഖവുര മാത്രമാണ്. പള്ളിയിൽ നിന്ന് അകറ്റിക്കളഞ്ഞാൽ ഈ നാട്ടിൽ നിന്ന് അകറ്റിക്കളയാം എന്ന് കരുതുന്ന ഇസ്ലാമിൻറെ ശത്രുക്കൾ തിരിച്ചറിയേണ്ടത് ഈ ഉമ്മത്തിന് ഭൂമിയിൽ ഒരു തുണ്ട്കഷ്ണം ഉണ്ടെങ്കിൽ ആ തുണ്ട് മാത്രം മതി സുജൂദ് ചെയ്യുവാൻ എന്നുള്ളതാണ്.
وجعلت لي الأرض مسجدا وطهورا (ഭൂമിയിൽ നിൽക്കുവാനുള്ള ഒരിടം ഈ ഉമ്മത്തിന് ഉണ്ടെങ്കിൽ അവിടെ കിടന്ന് സുജൂദ് ചെയ്യുവാനുള്ള തന്റെടം ഈ ഉമ്മത്തിന്റെ കയ്യിൽ ബാക്കിയുണ്ട് ) എന്ന് റസൂൽ (സ) പഠിപ്പിക്കുന്നു. ശത്രുക്കൾ ഏതിനെയാണോ ഭയപ്പെടുന്നത് ആ ആയുധത്തെ മുന്നിൽ വെച്ചുകൊണ്ട് അവരെ ഭയപ്പെടുത്താൻ കഴിയണം. നാം ഇസ്സത്താണ് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ഈ ഉമ്മത്തിന്റെ നെറ്റിത്തടങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ പ്രതിഷ്ഠിക്കുന്നപക്ഷം ഇഹ-പര ജീവിതത്തിൽ ഇസ്സത്ത് കരസ്ഥമാക്കാം.

തയ്യാറാക്കിയത് : റിജുവാൻ

Related Articles