Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധി നാളുകളില്‍ കര്‍മനിരതരായിരിക്കുക

നമ്മളെല്ലാം വലിയ പ്രതിസന്ധി നാളുകളിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ആയതിനാല്‍ നമ്മുടെ മുന്നിലുള്ള പ്രതിസന്ധികളില്‍ നിന്ന് പുതിയ മേച്ചില്‍പുറങ്ങള്‍ തേടേണ്ട സമയമാണിത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വരുമാന സ്രോതസായിരുന്നു ഗള്‍ഫ്.ആ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അനവധി പേര്‍ ജോലി നഷ്ടപ്പെട്ട് നാടണഞ്ഞിട്ടുണ്ട്. നാട്ടിലുള്ള ആളുകള്‍ അങ്ങോട്ട് തിരിച്ചു പോവാന്‍ കഴിയുമോ എന്ന ആശങ്കയിലുമാണുള്ളത്. ഇനിയവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളമാണെങ്കില്‍ വെട്ടിക്കുറക്കുന്നുമുണ്ട്. ഇങ്ങനെ പല അര്‍ഥത്തിലുള്ള പ്രതിസന്ധികള്‍ ഗള്‍ഫ് രാജ്യത്തിലുള്ള നമ്മുടെ സുഹൃത്തുക്കള്‍ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും സമാന സ്വഭാവത്തിലുള്ള പ്രതിസന്ധികളാണുള്ളത്. നമ്മുടെ വരുമാനങ്ങള്‍ നിലച്ചുപോവുന്ന സാഹചര്യം തീര്‍ച്ചയായും നമ്മളെല്ലാവരും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ അനിവാര്യമാണ്. ഒരു വാതിലടഞ്ഞാല്‍ മറ്റൊരു വാതില്‍ തുറക്കുമെന്ന പ്രതീക്ഷയോട് കൂടിയുള്ള അധ്വാന പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാവേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സമ്പാദിക്കുകയെന്നത് ഇസ്‌ലാമില്‍ പുണ്യമുള്ള കാര്യമാണ്. സാധാരണ ഗതിയില്‍ മതങ്ങള്‍ ഭൗതികാര്‍ഥത്തില്‍ സമ്പാദിക്കുന്നതും മറ്റും തെറ്റായി കാണാറുണ്ട്. എന്നാല്‍, ഇസ്ലാം അങ്ങനെയല്ല. സമ്പാദിക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

ഇസ്ലാമിലെ ഏറ്റവും വലിയ ഇബാദത്ത് നമസ്‌കാരമാണെന്ന് നമുക്കറിയാമല്ലോ. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ജുമുഅ നമസ്‌കാരവും.ആ ജുമുഅ നമസ്‌കാരത്തെക്കുറിച്ച് അല്ലാഹു വിന്റെ ഖുര്‍ആന്‍ പറഞ്ഞ് അതിന്റെ തൊട്ടുടനെ പറയുന്നത് നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ പള്ളിയില്‍ ഇരിക്കേണ്ടതില്ല എന്നാണ്. നമസ്‌കാരത്തിന് നിങ്ങള്‍ വേഗം പള്ളിയില്‍ വരണം. നമസ്‌കാരത്തിന് ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ കച്ചവടം ചെയ്യാന്‍ പാടില്ല. കടയുടെ ഷട്ടര്‍ താഴ്ത്തണം, ഓഫീസടക്കണം, എത്രയും പെട്ടെന്ന് നമസ്‌കാരത്തിന് വേണ്ടി പള്ളിയിലെത്തണം. എന്നിട്ട് നിങ്ങള്‍ അല്ലാഹു വിന്റെ ദിക്‌റില്‍ പങ്കാളിയാവുക. എന്നാലതു കഴിഞ്ഞാലോ, ആ നമസ്‌കാരം നിങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ ഭൂമിയില്‍ സഞ്ചരിക്കുക. ഈ ഭൂമിയില്‍ അല്ലാഹു സംവിധാനിച്ചിട്ടുള്ള വിഭവങ്ങളില്‍ നിന്ന് ആവശ്യാനുസരണം നിങ്ങള്‍ സമ്പാദിക്കുകയും ശേഖരിക്കുകയും ചെയ്യുക അത് നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമാണ്. സമ്പാദിക്കാന്‍ വേണ്ടി കല്‍പിക്കുന്ന മതമാണ് ഇസ്ലാം.

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

‘അശ്‌റഫുല്‍ മുബശ്ശിരീന്‍’ ; ചരിത്രത്തില്‍സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളുണ്ട്. ആ പത്ത് സ്വഹാബികളെ കുറിച്ചും നാം പഠിച്ചു കഴിഞ്ഞാല്‍ അവരൊക്കെയും അത്യാവശ്യം സമ്പാദ്യമുള്ളവരാണെന്ന് നമുക്ക് ബോധ്യപ്പെടും. മാത്രമല്ല, അവരില്‍ ആദ്യത്തെ നാലുപേര്‍, അല്ലെങ്കില്‍ പ്രധാനപ്പെട്ട നാലുപേര്‍ അന്ന് ജീവിച്ചിരുന്ന ഏറ്റവും വലിയ കോടീശ്വരന്മാരാണ്. മഹാനായ അബൂബക്കര്‍ സിദ്ധീഖ് റ്ര), ഉഥ്മാനുബ്‌നു അഫ്ഫാന്‍ (റ), അബ്ദുറഹ്മാനുബ്‌നു ഔഫ് (റ), അബൂത്വല്‍ഹതുല്‍ അന്‍സാരി (റ). ഇവരോളം സമ്പത്തുള്ള ഒരാളും ആ നാട്ടിലന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ആ സമ്പത്തവരുടെ കൈവശമുണ്ടായിരിക്കെ ഈ ദുനിയാവില്‍ വെച്ച് കൊണ്ട് സ്വര്‍ഗത്തിലേക്ക് അല്ലാഹുവിന്റെ റസൂല്‍ അവര്‍ക്ക് പെര്‍മിഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ സമ്പാദിക്കുന്നത് ഇസ്ലാമില്‍ ഒരു മോശപ്പെട്ട കാര്യമല്ല. എത്ര വേണമെങ്കിലും സമ്പാദിക്കാം. പക്ഷേ, അത് ഹലാലായ മാര്‍ഗത്തിലൂടെ ആവണമെന്ന് മാത്രം.നിഷിദ്ധമായ മാര്‍ഗത്തിലൂടെ ആവാന്‍ പാടില്ല. അതുകൊണ്ട് സമ്പാദ്യത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ അന്വേഷിക്കേണ്ട നാളുകളിലൂടെയാണ് നമ്മള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്.

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത് നിങ്ങള്‍ നിരന്തരമായി കര്‍മനിരതരായി കൊണ്ടിരിക്കാനാണ്. നിങ്ങള്‍ ഒരിക്കലും അലസന്‍മാരായി മാറരുത്. നിങ്ങളെ മടി ഒരു കാരണവശാലും പിടികൂടാന്‍ പാടില്ല. നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കര്‍മങ്ങളും അല്ലാഹു കണ്ട് കൊണ്ടിരിക്കുന്നുണ്ട്. അവന്റെ റസൂല്‍ കാണുന്നുണ്ട്, വിശ്വാസികളും കാണുന്നുണ്ട്. അദൃശ്യകാര്യങ്ങളും ദൃശ്യകാര്യങ്ങളുമെല്ലാം കാണുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവി ലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. ഒരു വഴിയടയുമ്പോള്‍ മറ്റൊരു വഴിയെ കുറിച്ചുള്ള അന്വേഷണത്തില്‍ നമ്മള്‍ മുഴുകുക. മഹാനായ ഉമറുബ്‌നുല്‍ ഖത്താബ് (റ) സൂറത്തുല്‍ ജുമുഅയിലെ നമസ്‌കാരത്തില്‍ വ്യാപൃതനാവുന്നതിനെ കുറിച്ചുള്ള ആയത്ത് മുന്നില്‍ വെച്ച് കൊണ്ട് പറയുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ വിഭവങ്ങളന്വേഷിക്കുന്ന കാര്യത്തില്‍ നിങ്ങളാരും മടിയന്മാരായി വീട്ടിലിരിക്കാന്‍ പാടില്ല. ഒരു ജോലി നഷ്ടപ്പെടുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന് അമാന്തിച്ച് വീട്ടിലിരിക്കേണ്ട. ജോലിയന്വേഷിച്ച് പുറത്തു പോകണം. ഒരാളും വെറുതെ വീട്ടിലിരിക്കരുത്. പ്രത്യേകിച്ച്, നിങ്ങളുടെ ജീവിത വിഭവങ്ങളന്വേഷിക്കുന്ന കാര്യത്തില്‍. നിങ്ങളിങ്ങനെ പറയണം: അല്ലാഹുവേ, എനിക്ക് രിസ്ഖ് നല്‍കണമേ, സമ്പാദ്യങ്ങള്‍ നല്‍കണമേയെന്ന് അവനോട് തേടണം. അവര്‍ മനസ്സിലാക്കണം ആകാശത്തു നിന്ന് ഒരിക്കലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മഴ വര്‍ഷിക്കുകയില്ല. അതിന് വേണ്ടി നിങ്ങള്‍ കാത്തിരിക്കുകയുമരുത്. നിങ്ങള്‍ അധ്വാനിക്കണം , പരിശ്രമിക്കണം.അതോടൊപ്പം നിരന്തരം അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.പ്രവൃത്തിയും പ്രാര്‍ഥനയും നിങ്ങളൊരുമിച്ച് കൊണ്ട് പോയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഒരു വഴിതുറന്ന് തരും. ഇതുപറഞ്ഞുകൊണ്ട് ഉമറുബ്‌നുല്‍ ഖത്താബ് (റ) സൂറത്തുല്‍ ജുമുഅ യിലെ ആയത്ത് പാരായണം ചെയ്തുവെന്ന് നമുക്ക് ചരിത്രത്തില്‍ കാണാനാകും. അതു കൊണ്ട് നമ്മള്‍ അധ്വാനിക്കുന്നവരാകണം. ജീവിതത്തില്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുക.

Also read: മാറ്റുവിന്‍ ചട്ടങ്ങളെ …..

നബി(സ)യുടെ അടുക്കല്‍ കൂടി ഒരാള്‍ നടന്നു പോകുന്നത് കണ്ടു. നല്ല കരുത്തും ഉന്മേഷവുമുള്ള ഒരാളായിട്ടാണ് അവര്‍ക്കെല്ലാം കാണാന്‍ സാധിച്ചത്. അപ്പോള്‍ സ്വഹാബികള്‍ പ്രവാചകനോട് പറഞ്ഞു: അല്ലാഹു വിന്റെ റസൂലേ, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യാന്‍ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അപ്പോള്‍ നബി പറഞ്ഞു: തന്റെ വീട്ടിലുള്ള കൊച്ചു മക്കള്‍ക്ക് വേണ്ടി അവര്‍ക്കന്നം കൊടുക്കാന്‍ വേണ്ടി വല്ലവനും കഷ്ടപ്പെട്ടാലത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവനാണ്. അവന്റെ വീട്ടിലുള്ള വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് വേണ്ടി ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനാണ്. ഇങ്ങനെ സ്വന്തം വീട്ടിലുള്ള മക്കള്‍ക്ക് വേണ്ടി ,കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്തവനാണ്. റസൂല്‍ (സ) യുടെ അനുയായികളായ നമ്മളെ സംബന്ധിച്ചിടത്തോളം നമ്മളൊരിക്കലും മടിയന്‍മാരായി മാറാന്‍ പാടില്ല. അലസന്മാരായി മാറാന്‍ പാടില്ല. നിരന്തരമായി അധ്വാനിച്ച് കൊണ്ടിരിക്കുക. ഒരു വഴിയടയുമ്പോള്‍ മറ്റൊരു വഴിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തുക. ലോകവും ഭൂമിയും വിശാലമാണ്. ആ ഭൂമിയില്‍ നമുക്ക് വേണ്ട രിസ്ഖ് അല്ലാഹു ഒന്നല്ലെങ്കില്‍ മറ്റൊന്നെന്ന നിലക്ക് തയാറാക്കി വെച്ചിട്ടുണ്ടെന്ന ഉത്തമബോധ്യത്തോട് കൂടി നാം കര്‍മനിരതരാവുക. അതിന് നാഥന്‍ തുണക്കട്ടെ.

തയാറാക്കിയത്: കെ.സി.സലീം കരിങ്ങനാട്‌

Related Articles