Jumu'a Khutba

അല്ലാഹു തന്നെയാണ് ഏറ്റവും വലിയവന്‍

വിശുദ്ധ ഖുര്‍ആനില്‍ ذكر എന്ന പദം രണ്ട് അര്‍ത്ഥത്തില്‍പ്രയോഗിച്ചിട്ടുണ്ട്. 1. മറവി എന്നതിന്റെ വിപരീതമായി ഓര്‍ക്കണം, സ്മരിക്കണം എന്ന അര്‍ഥത്തില്‍. 2. പറയുക, നാവ്‌കൊണ്ട് ഉച്ചരിക്കുക എന്നീ അര്‍ത്ഥങ്ങളില്‍.  ഈ രണ്ട് അര്‍ത്ഥങ്ങളും പരസ്പരം ബന്ധിതമായ ഒന്നാണ്. അല്ലാഹുവിനെ കുറിച്ച് ഓര്‍മയുണ്ടാകണം, ആ ഓര്‍മയില്‍ നിരന്തരം അവനെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടാകണം. അല്ലാഹുവിനെ ഓര്‍ക്കാന്‍ വേണ്ടി ചില സംവിധാനങ്ങള്‍ അവന്‍ ഏര്‍പ്പെടുത്തിട്ടുണ്ട്, അതിലൊന്ന് നമ്മുടെ ആരാധനാ കര്‍മങ്ങളാണ്. നമ്മുടെ ആരാധനാ കര്‍മങ്ങളുടെ ഉദ്ദേശങ്ങളില്‍ ഒന്ന് അല്ലാഹുവിനെ കുറിച്ചുള്ള നിരന്തരമായ സ്മരണ നമ്മളില്‍ ഉണ്ടാകുന്നതിനാണ്.
അല്ലാഹു പറയുന്നു : إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ
(‘തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക’)
ഹജ്ജിനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തിലും ദിക്‌റിനെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്.
അല്ലാഹു പറയുന്നു : وَٱذۡكُرُواْ ٱللَّهَ فِيٓ أَيَّامٖ مَّعۡدُودَٰتٖۚ
(‘നിര്‍ണിതനാളുകളില്‍ നിങ്ങള്‍ ദൈവസ്മരണയില്‍ മുഴുകുക’).  എന്നാല്‍ ഈ ആരാധാനാ കര്‍മങ്ങളൊക്കെയും സമയബന്ധിതമായ ഓര്‍മ്മപ്പെടുത്തലാണ്. ഒന്നുകില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു നിശ്ചിതമായ ദിവസങ്ങളിലോ സമഹങ്ങളിലോ, അല്ലെങ്കില്‍ ഒരു ദിവസത്തില്‍ നിശ്ചയിക്കപ്പെട്ട സമയങ്ങളിലോ ആണത്.  പക്ഷെ, ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാകേണ്ടത് ഈ നിശ്ചയിക്കപ്പെട്ട സമായങ്ങളിലോ മാസങ്ങളിലോ മാത്രമല്ല.  ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ സാധാരണഗതിയില്‍ മൂന്ന് അവസ്ഥകളാണ് ഉണ്ടാവുക:
1. നില്‍ക്കുന്ന അവസ്ഥ
2. ഇരിക്കുന്ന അവസ്ഥ
3. കിടക്കുന്ന അവസ്ഥ
അല്ലാഹുവിനെ കുറിച്ച് ഓര്‍മയുണ്ടാകണം എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ ഈ മൂന്ന് അവസ്ഥകളെ കുറിച്ചും പറയുന്നുണ്ട്. അല്ലാഹു പറയുന്നു : ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
(‘നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ‘ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ’) . അതായത് ജീവിതത്തിന്റെ ഒരവസ്ഥയില്‍ നിന്ന് പോലും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മകള്‍ വിശ്വാസിക്ക് നഷ്ടപ്പെടരുത് എന്ന ഓര്‍മപ്പെടുത്തലാണ് അത്. നമ്മുടെ സ്വകാര്യ ഇടങ്ങളില്‍ പോലും അല്ലാഹുവിനെ മറന്നുപോകരുത് എന്നതുകൊണ്ട് കൂടിയാണ് ശൗചാലയത്തില്‍ പ്രവേശിക്കുമ്പോള്‍ പോലും പ്രാര്‍ഥന ചൊല്ലണമെന്ന് റസൂല്‍ (സ്വ) പഠിപ്പിച്ചത്.  ഒരിക്കല്‍ ഒരു മനുഷ്യന്‍ റസൂല്‍ (സ്വ) യുടെ അടുത്ത് വന്നിട്ട് ഇപ്രകാരം ചോദിച്ചു : أي أعمال أحب إلى الله يا رسول الله ؟
( പ്രവാചകരേ, മനുഷ്യ ജീവിതത്തില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം ഏതാണ് ഏതാണ് ? )  അദ്ദേഹം മറുപടി നല്‍കി : أن تموت ولسانك رطب من ذكر الله
(‘നീ മരിക്കുന്ന വേളയില്‍ പോലും നിന്റെ നാവില്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുണ്ടാകുന്നതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം’)  നാമെന്താണോ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് അത് നമ്മുടെ മനസ്സില്‍ പതിയുകയും ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. അങ്ങനെ നമ്മള്‍മറന്നുപോകാതെ ഓര്‍ത്തു കൊണ്ടിരിക്കണമെന്ന് പഠിപ്പിക്കുന്ന നാല് ദിക്‌റുകളുണ്ട്.
أحب الكلام إلى أربع لا يضرك بأيهن بدأت، سبحان الله و الحمد لله و لا إله إلا الله والله أكبر (അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നാല് ദിക്‌റുകള്‍. സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍. ഇതില്‍ ഇത്‌കൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല).  ഇതില്‍ ഒരെണ്ണം പോലും മറന്ന് പോകരുത് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഹദീസ്.

ഇതില്‍ അല്ലാഹു അക്ബറിനെ സംബന്ധിച്ച ചില കാര്യങ്ങള്‍ പരിശോധിക്കാം.

വലിയ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ളട്ടുള്ള രണ്ട് ചെറിയ പദങ്ങളാണ് അല്ലാഹു അക്ബര്‍
ആദ്യമായി ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ അന്താളിപ്പില്‍ നബി (സ്വ) വീട്ടിലെത്തി മൂടിപ്പുതച്ചു കിടക്കുമ്പോള്‍ ആദ്യം അവതരിപ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ ഒന്ന് അല്ലാഹു അക്ബറിനെ കുറിച്ചാണ്.
يَٰٓأَيُّهَا ٱلۡمُدَّثِّرُ
قُمۡ فَأَنذِرۡ
وَرَبَّكَ فَكَبِّرۡ
(‘പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.  നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക’). അല്ലാഹു അക്ബര്‍ എന്ന പദത്തെ സംബന്ധിച്ച് നബി (സ്വ) പറഞ്ഞ ഒരു വാക്ക് كلمة الفترة (ഈ പ്രപഞ്ചത്തിന്റെ ഒരു താളം) എന്നാണ്. നബി (സ്വ)യുടെ മുന്നില്‍ വെച്ച് ഒരു മനുഷ്യന്‍ അല്ലാഹു അക്ബര്‍ എന്ന് ഉരുവിട്ടപ്പോള്‍ നബി (സ്വ) ആ മനുഷ്യനോട് പറഞ്ഞു : لقد قلت كلمة الفترة (നീ പറഞ്ഞത് പ്രപഞ്ചത്തിന്റെ ഒരു താളമാണ്).

പല കാര്യത്തിലും നമുക്ക് ഉറപ്പ് നല്‍കുന്ന ശാസ്ത്രം പറയുന്നത് ഈ ഭൂമിയില്‍ സെക്കന്റിന്റെ കോടിയില്‍ ഒരു അംശത്തില്‍ പോലും മുടങ്ങാതെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വാചകമാണ് അല്ലാഹു അക്ബര്‍.  ഭൂമധ്യരേഖയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഇന്തോനേഷ്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സൈബില്‍ എന്ന് പേരുള്ള ഒരു പ്രദേശത്ത് സുബ്ഹിക്ക് അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്കുന്നു. കിഴക്കേ ഇന്തോനേഷ്യയില്‍ നിന്ന് പടിഞ്ഞാറെ ഇന്തോനേഷ്യലേക്കും അവിടെ നിന്ന് മലേഷ്യയിലേക്കും അവിടെ നിന്ന് ബര്‍മയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തുടര്‍ന്ന് പാക്കിസ്ഥാനിലേക്കും തുടങ്ങി അറ്റ്‌ലാന്റിക്കിന്റെ തീരത്തുള്ള ഒരു പള്ളിയില്‍ സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ നേരത്തെ പറഞ്ഞ ആദ്യത്തെ പള്ളിയില്‍ ളുഹറിന്റെ ബാങ്ക് കൊടുക്കും. ഇത് ഭൂമിയുടെ ഒരു വശം മാത്രമാണ്. എന്നാല്‍ നേരെ മറുപുറത്തും മറ്റൊരു രീതിയില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ഒരു പള്ളിയില്‍ സുബഹി ബാങ്ക് കൊടുക്കുമ്പോള്‍ ആഫ്രിക്കയില്‍ ഒരു പള്ളിയില്‍ ഇഷാ ബാങ്ക് കൊടുക്കും. അതായത് ഈ പ്രപഞ്ചം മുഴുവനും അല്ലാഹു അക്ബര്‍ എന്ന വാചകം ഒരിക്കലും മുടങ്ങാതെ ഉരുവിട്ടുകൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിശ്വാസിയുടെ ജീവിതത്തെ അല്ലാഹു ഈ വാക്കിനോട് ചേര്‍ത്താണ് വെച്ചിട്ടുള്ളത്. നമ്മള്‍ ഓരോരുത്തരും ജനിച്ച് വീഴുമ്പോള്‍ നമ്മുടെ ചെവികളില്‍ ആദ്യമായി കേള്‍ക്കണമെന്ന് അല്ലാഹു തീരുമാനിച്ച വചനം അല്ലാഹു അക്ബര്‍ എന്നതാണ്. പിന്നീട് നമ്മുടെ ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഈ വചനം കടന്ന് വരുന്നുണ്ട്.

– ബലിയറുക്കുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയണം.
– യുദ്ധങ്ങളില്‍ വിജയിക്കുമ്പോള്‍, പ്രതിസന്ധികളുണ്ടാകുമ്പോള്‍ .
തുടങ്ങി പല കാര്യങ്ങളിലും അല്ലാഹു അക്ബര്‍ കടന്ന് വരുന്നുണ്ട്. വിശ്വാസിയുടെ ജീവിതത്തില്‍ ഒരു ദിവസം ചുരുങ്ങിയത് 94 പ്രാവശ്യമെങ്കിലും ഈ വചനം ആവര്‍ത്തിക്കുന്നുണ്ട്. നമ്മള്‍ നിസ്‌കാരത്തിന് വേണ്ടി ബാങ്ക് കൊടുക്കുമ്പോള്‍, നിസ്‌കാരത്തിന് വേണ്ടി ഇഖാമത്ത് കൊടുക്കുമ്പോള്‍, കൈ കെട്ടുമ്പോള്‍, ഓരോ റകഅത്തിലും ഈ വചനം ആവര്‍ത്തിക്കുന്നുണ്ട്.  എന്താണ് അല്ലാഹു അക്ബര്‍ എന്ന വാചകം?. ഇതിലെ ഒന്നാമത്തെ വാക്ക് അല്ലാഹു എന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ 2360 പ്രാവശ്യം ആവര്‍ത്തിച്ച പദമാണ് അല്ലാഹു എന്നത്.  അല്ലാഹു എന്ന പദത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. 1. സ്ത്രീലിംഗമോ പുല്ലിംഗമോ ആയ പദമല്ല. 2. ബഹുവാചനമില്ലാത്ത പദമാണ്.  3. മറ്റേതെങ്കിലും പദത്തില്‍ നിന്ന് രൂപപ്പെട്ട പദമല്ല.

അക്ബര്‍ എന്നാല്‍ ഏറ്റവും വലിയവന്‍ എന്നാണ് അര്‍ത്ഥം. അല്ലാഹു അക്ബര്‍ എന്നാല്‍ അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍. യഥാര്‍ഥത്തില്‍ അതൊരു പൂര്‍ണവാചകമല്ല.
അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് പറയുമ്പോള്‍ ഏതിനേക്കാള്‍ വലുത് എന്നൊരു ചോദ്യം സ്വാഭാവികമായും അവിടെ രൂപെടുന്നുണ്ട്. ഒരു സംഗതി വലുതാണോ അല്ലേ എന്ന് മറ്റൊന്നുമായി താരതമ്യം ചെയ്താണ് അഥവാ മറ്റൊന്നുമായി അപേക്ഷിച്ചാണ് അത് വലുതാണോ ചെറുതാണോ എന്ന് തീരുമാനിക്കുന്നത്.
അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞാല്‍ ഏതോ ഒന്നിനേക്കാള്‍ വലുത് എന്നാണ് അര്‍ഥമാക്കുന്നത് ?  ഇതിന് രണ്ട് തരത്തിലുള്ള ഉത്തരങ്ങളുണ്ട്

1. മനുഷ്യന്‍ ആര്‍ജിച്ച മുഴുവന്‍
الله أكبر مما عرفت വിജ്ഞാനങ്ങളുടെയും അറിവിന്റെയും അപ്പുറമുള്ളനാണ് അല്ലാഹു. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി. വലുപ്പത്തില്‍ അഞ്ചാം സ്ഥാനമാണ് ഭൂമിക്കുള്ളത്. നൂറ് ഭൂമികള്‍ ചേര്‍ത്ത് വെച്ചാലാണ് ഒരു സൂര്യന്റെ വലിപ്പമാവുക. സൂര്യനേക്കാള്‍ ലക്ഷകണക്കിന് വലുപ്പമുള്ള ഗ്രഹങ്ങള്‍ വേറെ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. സൂര്യനും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്നുകൊണ്ടുള്ള നക്ഷത്രങ്ങളുടെ ഒരു കൂട്ടത്തെയാണ് ഗാലക്സി എന്ന് പറയുന്നത്. ഓരോ ഗലക്‌സികള്‍ക്കും സൂര്യനെക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുണ്ട്. അതില്‍ ഏറ്റവും ചെറിയ ഗാലക്‌സിയില്‍ 100 ബില്യന്‍ അഥവാ 10000 കോടി നക്ഷത്രങ്ങളുണ്ടെന്നാണ് കണക്ക്. ചിലതില്‍ 400 ബില്യന്‍ അഥവാ 40000 കോടി നക്ഷത്രങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു.  മനുഷ്യന്‍ ഇതുവരെ ആര്‍ജിച്ച അറിവ് വെച്ച് 500 ബില്യന്‍ അഥവാ 50000 കോടി ഗാലക്സികളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ 50000 കോടി ഗാലക്‌സികളില്‍ ഓരോന്നിലും ചുരുങ്ങിയത് 10000 കോടി നക്ഷത്രങ്ങളുണ്ട്. അതാണീ പ്രപഞ്ചത്തിന്റെ വലിപ്പം. അത്രയും വിശാലമാണ് നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചം. എന്നാല്‍ അത് ഇനിയും വികസിച്ചുകൊണ്ടിരിക്കുകയുമാണ്. അല്ലാഹു പറയുന്നു : وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ
(‘ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്’).
ദൂരം അളക്കാന്‍ നമ്മള്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. പ്രകാശ വര്‍ഷം എന്ന കണക്കിലാണ് ശാസ്ത്രം നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നത്. അതായത് പ്രകാശം ഒരു സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും. അത് ഒരു വര്‍ഷം കൊണ്ട് എത്ര ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുമോ അതിനെയാണ് ഒരു പ്രകാശ വര്‍ഷം എന്ന് പറയുന്നത്. 10000 കോടി നക്ഷത്രങ്ങളുള്ള ഏറ്റവും ചെറിയ ഗാലക്‌സിയായ മില്‍കിവെയില്‍ നിന്ന് തൊട്ടടുത്തുള്ള ദൂരം 23 ലക്ഷം പ്രകാശ വര്‍ഷമാണ്. ഓരോ ഗാലക്സിക്കും അകത്തുള്ള നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം ഇപ്രകാരം ലക്ഷകണക്കിന് പ്രകാശവര്‍ഷമാണ്. അപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ വലിപ്പം എത്രയാണ്.
അല്ലാഹു പറയുന്നു : وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

(‘അല്ലാഹുവെ പരിഗണിക്കേണ്ട വിധം ഇക്കൂട്ടര്‍ പരിഗണിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഭൂമി മുഴുവന്‍ അവന്റെ കൈപ്പിടിയിലൊതുങ്ങും. ആകാശങ്ങള്‍ അവന്റെ വലംകയ്യില്‍ ചുരുട്ടിക്കൂട്ടിയതായിത്തീരും. അവനെത്ര പരിശുദ്ധന്‍! ഇവരാരോപിക്കുന്ന പങ്കാളികള്‍ക്കെല്ലാം അതീതനും അത്യുന്നതനുമാണവന്‍’).

2. വ്യക്തി താല്പര്യങ്ങളെക്കാള്‍ വലുതാണ് അല്ലാഹു എന്നതാണ് അല്ലാഹു അക്ബര്‍ എന്നതിന്റെ രണ്ടാമത്തെ അര്‍ത്ഥം.  ഈ ദുനിയാവും അതിലെ മുഴുവന്‍ വിഭവങ്ങളെക്കാളും സൗകര്യങ്ങളെക്കാളും അല്ലാഹുവാണ് വലിയവന്‍. ഒരു മനുഷ്യന്റെ സമ്പതിനെക്കാള്‍, സ്ഥാനമാനങ്ങളെക്കാള്‍, അധികാരത്തെക്കാള്‍ കഴിവിനെക്കാള്‍ തുടങ്ങി എല്ലാതിനെക്കാളും വലുത് അല്ലാഹുവാകുന്നു എന്ന പ്രഖ്യാപനമാണത്. ഈ പ്രഖ്യാപനമാണ് ഒരു ദിവസം 94 പ്രാവശ്യം നാം നമ്മുടെ ജീവിതത്തില്‍ നടത്തുന്നത്. എന്നാല്‍ ഈ വാചകത്തോട് ജീവിതത്തില്‍ എന്നെങ്കിലും നാം നീതിപുലര്‍ത്തിയിട്ടുണ്ടോ ?. ഒരാള്‍ തന്റെ കച്ചവടത്തില്‍ കൃത്രിമം കാണിച്ച് ഒരു സാധനത്തിന്റെ യാഥാര്‍ത്ഥ വിലയേക്കാള്‍ സ്വന്തമാക്കി, എന്നാല്‍ അയാള്‍ നിസ്‌കരിക്കുന്നവനാണ്. പക്ഷെ അയാള്‍ അനര്‍ഹമായി സ്വന്തമാക്കിയ ആ തുകയാണ് അയാള്‍ക്ക് അല്ലാഹുവിനെക്കാള്‍ വലുത്.  ഔറത്തുകള്‍ കൃത്യമായി മറച്ച് നിസ്‌കരിക്കുന്ന ഒരു പെണ്‍കുട്ടി പുറത്തേക്കിറങ്ങുമ്പോള്‍ അവളോട് മറക്കാന്‍ ആവശ്യപ്പെട്ട അവളുടെ സൗന്ദര്യം വെളിവാക്കുകയാണെങ്കില്‍ അവള്‍ക്ക് അല്ലാഹുവിനെക്കാള്‍ വലുത് അവളുടെ സൗന്ദര്യമാണ് എന്നാണ് അര്‍ത്ഥം.

അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് നാം പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ ജീവിതം അല്ലാഹു പറഞ്ഞത് പ്രകാരമാകണം, നമ്മുടെ സാമ്പാദ്യം അല്ലാഹു പറഞ്ഞതിന് അനുസരിച്ചാകണം, നമ്മുടെ ശീലങ്ങള്‍ അല്ലാഹുവിന്റെ താല്‍പര്യത്തിന് അനുസരിച്ചാകണം. ജീവിതം മുഴുവനും അല്ലാഹുവിന്റെ ഇഷ്ടത്തിന് അനുസരിച്ചാകണം. അല്ലാഹു അക്ബര്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് നമ്മള്‍ കളവ് പറയരുത്.
يا رسول الله أيكون المؤمن بخيلا قال: نعم، قالوا أيكون المؤمن جبانا، قال: نعم، قالوا أيكون المؤمن كذابا قال: لا؟
(പ്രവചകന്‍ (സ്വ) യുടെ അടുത്ത് ഒരു മനുഷ്യന്‍ വന്നിട്ട് ചോദിച്ചു : പ്രവാചകരെ, ഒരു വിശ്വാസി പിശുക്കനാകുമോ ? പ്രവാചകന്‍ മറുപടി നല്‍കി : അതേ, ആകാം. അദ്ദേഹം വീണ്ടും ചോദിച്ചു : ഒരു വിശ്വാസി ഭീരുവാകുമോ ? പ്രവാചകന്‍ മറുപടി നല്‍കി : അതേ, ആകാം. അദ്ദേഹം വീണ്ടും ചോദിച്ചു : ഒരു വിശ്വാസി കളവ് പറയുന്നവന്‍ ആകുമോ ? പ്രവാചകന്‍ മറുപടി നല്‍കി : ഇല്ല).  ഈമാനുണ്ടായിരിക്കെ ഒരു മനുഷ്യന്‍ പിശുക്കനോ ഭീരുവോ ആകാം. അത് അയാളുടെ പ്രകൃതവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ അയാള്‍ കളവ് പറയില്ല.

അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ.

(തയ്യാറാക്കിയത് : മുഷ്താഖ് ഫസല്‍)

Facebook Comments
Related Articles
Close
Close